"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, മാർച്ച് 10, ചൊവ്വാഴ്ച

എഴുതാനുള്ള അവകാശത്തിനുവേണ്ടി പോരാടുക - ആലങ്കോട് ലീലാകൃഷ്ണന്‍


പെരുമാള്‍ മുരുകന്‍ 
സമകാലിക ഭാരതത്തില്‍ പെരുമാള്‍ മുരുകന്‍ നേരിട്ട ദുരിതം ഒരൊറ്റപ്പെട്ട സംഭവമായി കാണാന്‍ കഴിയില്ല. ഇപ്പോള്‍ ഒരൊറ്റപ്പെട്ട സംഭവമായി കാണാന്‍ കഴിയുന്നുണ്ടെങ്കിലും നാളെ ഫാസിസ്റ്റ് ഭാരതം ഏതു രീതിയിലായിരിക്കും എഴുത്തു കാരോടും സ്വതന്ത്ര ആവിഷ്‌കാരങ്ങളോടും പെരുമാറാന്‍ പോകുന്നത് എന്നതിന്റെ കൃത്യമായ സൂചനയാണ് പെരുമാള്‍ മുരുകന്റെ കാര്യത്തില്‍ ഉണ്ടായിരിക്കുന്നത്. പെരുമാള്‍ മുരുകന്റെ പുസ്തകം 2010 ലോ മറ്റൊ വന്നതാണ്. അന്ന് ചില എതിര്‍പ്പുകള്‍ ഉണ്ടായിരുന്നു. അതിന്റെ ഇംഗ്ലീഷ് പരിഭാഷ വന്നിട്ടും വര്‍ഷം ഒന്നു കഴിഞ്ഞിരിക്കുന്നു. അന്നൊന്നും ഇല്ലാതിരുന്ന വിധത്തിലുള്ള എതിര്‍പ്പുകളും പെരുമാള്‍ മുരുകനെതിരെ വന്നിട്ടുണ്ട് എന്നതിന്റെ സവിശേഷമായ രാഷ്ട്രീയം നാം പഠിക്കേണ്ടതുണ്ട്. സ്വാതന്ത്ര്യം എഴുത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ശക്തി. ജനാധിപത്യ സമൂഹത്തില്‍ സ്വതന്ത്രമായി എന്തു പറയാനും ആവിഷ്‌കരിക്കാനുമുള്ള വലിയ സാധ്യതയാണ് സാഹിത്യം, കല ഇവയൊക്കെ നമുക്ക് തന്നിട്ടുള്ളത്. അതിനെതിരേ ഏറ്റവും അസഹിഷ്ണുക്കളായി ലോകത്ത് പെരുമാറിയിട്ടുള്ളത് ഫാസിസ്റ്റ് ശക്തികളാണ്. പെരുമാള്‍ മുരുകന്‍ തന്റെ എഴുത്തിന്റെ നിലപാടില്‍ നിന്ന് പിന്‍മാറാന്‍ പാടുണ്ടോ എന്നീ ചോദ്യങ്ങള്‍ ഉന്നയിക്കുന്നവരുണ്ട്. അധീരതയല്ലേ കാണിച്ചത്. എഴുത്തു നിര്‍ത്തുക ഉള്‍പ്പെടെയുള്ള വൈകാരികമായ സമീപനങ്ങള്‍ ഇതില്‍ എടുക്കേണ്ടതുണ്ടോ? എഴുത്തുകാരന്റെ ധീരതക്കുറവിന്റെ അടയാളമല്ലേ എന്നൊക്കെ ചോദിക്കുന്ന ആളുകളുണ്ട്. സത്യമാണ് ഒരര്‍ത്ഥത്തില്‍.

എഴുത്തുകാരന്‍ അത്രമാത്രം ധീരനല്ല. എഴുത്തുകാരന്‍ വാസ്തവത്തില്‍ വളരെ ദുര്‍ബലന്മാരും വളരെ വികാരപരമായി ചിന്തിക്കുന്നവരുമാണ്. അതുകൊണ്ടാണ് ഈ ഫാസിസത്തിന്റെ മറുപുറം കാണാന്‍ എഴുത്തുകാര്‍ക്ക് സാധിക്കുന്നത്. 

അങ്ങേയറ്റം അലിവോടും ചിലപ്പോള്‍ അധീരതയോടും കൂടിത്തന്നെയാണ് എഴുത്തുകാര്‍ ലോകത്തെ നോക്കിക്കാണുന്നത്. അങ്ങനെയുള്ള ഒരെഴുത്തുകാരനെ ആയുധം ഉപയോഗിച്ചും വധിക്കുമെന്നുള്ള ഭയപ്പെടുത്തല്‍ കൊണ്ടും നിശബ്ദമാക്കാന്‍ സാധിച്ചു എന്നുവരും. അത് ഉണ്ടായിട്ടുണ്ട്. എവിടെയൊക്കെ ലോകത്തില്‍ ഫാസിസം അധികാരത്തില്‍ ഏറിയിട്ടുണ്ടോ അവിടെയൊക്കെ ഈ വിധത്തില്‍ എഴുത്തുകാരെ, സ്വതന്ത്രാവിഷ്‌കാരങ്ങളെ, മനുഷ്യന്‍ സ്വാതന്ത്ര്യത്തോട് ജീവിക്കാന്‍ കഴിയുന്ന ഒരു കിനാവിനെ ഒക്കെ ഞെക്കിക്കൊല്ലാന്‍ ഫാസിസത്തിന് സാധിച്ചിട്ടുണ്ട്. ഫാസിസത്തിന്റെ തകര്‍ച്ചയോട് പതിന്മടങ്ങ് ശക്തിയില്‍ കലാവിഷ്‌കാര സ്വതന്ത്ര്യം ഉയിര്‍ത്തെണീറ്റു വന്നിട്ടുണ്ട്. പെരുമാള്‍ മുരുകന്‍ അധീരനായി എന്നു കരുതി എഴുത്തിന്റെ സ്വതന്ത്രശക്തിയെ തിരിച്ചറിഞ്ഞവര്‍ നിശബ്ദരായി ഇരുന്നുകൂടാ. പെരുമാള്‍ മുരുകന്‍ പിന്‍വലിച്ച പുസ്തകം പക്ഷെ അദ്ദേഹം പിന്‍വലിച്ചാലും പിന്‍വലിയാന്‍ പോകുന്നില്ല എന്ന് ചരിത്രത്തെ, രാഷ്ട്രത്തെ ബോധ്യപ്പെടുത്താനുള്ള ഉത്തരവാദിത്വം മറ്റ് എഴുത്തുകാര്‍ക്കും എഴുത്തിനെ സ്‌നേഹിക്കുന്നവര്‍ക്കും ഉണ്ട്. തീര്‍ച്ചയായും വരും നാളുകള്‍ ഈ സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള പോരാട്ടമാണ്, അക്ഷരത്തെ സ്‌നേഹിക്കുന്നവര്‍ ഏറ്റെടുത്ത് നടത്തേണ്ടത്.

തീര്‍ച്ചയായും ആ പോരാട്ടം ശക്തിപ്പെടുക തന്നെ ചെയ്യും. പെരുമാള്‍ മുരുകന്‍ പിന്‍വലിച്ചാലും പിന്‍വലിയാതെ, സത്യം അതിന്റെ പരിപൂര്‍ണ ശക്തിയോടുകൂടി ഫാസിസത്തിന്റെ എല്ലാ ആധുനിക സജ്ജീകരണങ്ങളേയും നേരിട്ട് അതിജീവിക്കുകതന്നെ ചെയ്യും എന്നാണ് എന്റെ പ്രത്യാശ.

കടപ്പാട്: 'നേരറിവ്' മാസിക 2015 മാര്‍ച്ച് ലക്കം.