"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, മാർച്ച് 26, വ്യാഴാഴ്‌ച

നില്പ്‌സമരം കരാര്‍ വ്യവസ്ഥ ആര് നടപ്പാക്കും? - കെ ടി റെജികുമാര്‍


ആദിവാസികള്‍ ആദിവാസി ഗോത്രസഭയുടെ നേതൃത്വത്തില്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ 5 മാസത്തോളം നടത്തിവന്ന നില്പുസമരം സര്‍ക്കാരുമായി പലവട്ടം നടന്ന ചര്‍ച്ചയുടെ ഫലമായും മേധാ പട്കറിന്റെ ഇടപെടലിന്റെ അടിസ്ഥാനത്തിലും ഒത്തുതീര്‍പ്പിലെത്തി. പുറത്തുവന്ന വാര്‍ത്തയുടെ പ്രധാന ഊന്നല്‍ മേധയുടെ ഇടപെടലിന്റേയും ചര്‍ച്ചയുടേയും ഫലമാണ് സമരം ഒത്തുതീര്‍പ്പായ തെന്നാണ്. ഇത് ഒരു യാഥാര്‍ത്ഥ്യമാണ്. കാരണം ആദിവാസികളുടെ സ്വയം പ്രതിനിധാനത്തെ അത്രകണ്ട് വകവെച്ചുകൊടുക്കാന്‍ തയാറാകാത്ത ഒരു സാമൂഹ്യ വ്യവഹാര മണ്ഡലം കേരളത്തില്‍ ശക്തമാണ്. സി കെ ജാനുവിന്റെ നേതൃത്വത്തില്‍ ആദിവാസികള്‍ നടത്തുന്ന ശക്തമായ സമരത്തെ പിന്‍തുണക്കുന്നതിനെ മുഖ്യധാരാ രാഷ്ട്രീയ പ്രസ്ഥാനങ്ങളും സാമുദായിക പ്രസ്ഥാനങ്ങളും എതിരായിരുന്നു. ഈ എതിര്‍പ്പ് പ്രധാനമായും സമരത്തിന്റെ സ്വയം പ്രതിനിധാനത്തിനെതിരെയുള്ള ശക്തമായ നിരോധമാണ് പ്രകടിപ്പിച്ചത്. കേരളത്തിന്റെ പൊതു സാമൂഹ്യമണ്ഡലം അല്ലെങ്കില്‍ മുഖ്യാധാരാ പരിസരം പ്രാഥമികമായും രൂപപ്പെടുന്ന ഘട്ടം മുതല്‍ തന്നെ ദലിത്, മത്സ്യത്തൊഴിലാളി, ആദിവാസി വിഭാഗങ്ങളെ പൂര്‍ണമായും ഒഴിവാക്കിക്കൊണ്ടു തന്നെയാണ് രൂപപ്പെട്ടു വന്നത്. അതിനാല്‍ ഈ വിഭാഗങ്ങളുടെ സാമൂഹിക സാമ്പത്തിക രാഷ്ട്രീയ വികാസം സംഘടിത, മത - സാമുദായിക രാഷ്ട്രീയ വിഭാഗങ്ങള്‍ തടഞ്ഞുവെച്ചിരിക്കുകയാണ്. ഈ വിഭാഗങ്ങള്‍ക്കെതിരേ, അവരുടെ അവകാശങ്ങള്‍ നഗ്നമായി ലംഘിക്കുന്നതിനോ ജനാധിപത്യ അവകാശങ്ങളെ ധ്വംസിക്കുന്നതിനോ ഭരണഘടന നല്‍കുന്ന സവിശേഷ അധികാരങ്ങള്‍ ഉപയോഗിച്ചുകൊണ്ട് ജനാധിപത്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് കഴിയുന്ന ഒരു ഇടമായോ കേരളം മാറിയപ്പോഴാണ് ആദിവാസികള്‍ അവരുടെ സ്വയം പ്രതിനിധാനത്തെ അവതരിപ്പിച്ചു തുടങ്ങിയത്.

1975 ലെ ആദിവാസികളുടെ അന്യാധീനപ്പെട്ട ഭൂമി തിരിച്ചു നല്‍കുന്നതിനുള്ള നിയമം നിര്‍മ്മിച്ചെങ്കിലും ഒരിക്കലും നടപ്പാക്കുന്നതിന് തയാറായില്ല. അങ്ങനെയാണ് ഡോ. നല്ലതമ്പിതേര 1975 ലെ നിയമം നടപ്പാക്കിക്കിട്ടണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഹൈക്കോടതിയെ സമീപിക്കുന്നത്. അന്ന് കേരള ഗവണ്‍മെന്റ് ഹൈക്കോടതിയില്‍ നല്‍കിയ വിശദീകരണങ്ങള്‍ വിചിത്രമാണ്. നിയമം നടപ്പാക്കിയാല്‍ വലിയ പ്രക്ഷോഭങ്ങള്‍ നേരിടേണ്ടിവരുമെന്നായിരുന്നു വിചിത്രമായ വാദഗതികള്‍. 1975 ലെ നിയമത്തിന്റെ തലക്കെട്ടില്‍ പറയുന്ന 'അന്യാധീനപ്പെട്ട' (alienation) ഇവിടെ കര്‍തൃത്വമില്ലാതെ, അജ്ഞാത കാരണങ്ങളാല്‍ സംഭവിച്ചില്ലെന്നു മനസിലാകുന്നത് ഇവിടെയാണ്.

കേരളത്തിലെ ക്രൈസ്തവ സഭ സംഘടിതമായും കൃത്യമായ പ്ലാനും പദ്ധതിയോടും കൂടി നടത്തിയ സംഘടിത കയ്യേറ്റമായിരുന്നു 'കുടിയേറ്റ'മെന്ന പേരില്‍ നടത്തിയത്. ആദിവാസികള്‍ കൃഷി ചെയ്ത് ജീവസന്ധാരണം നടത്തിവന്ന ഭൂമിയാണ് ബലമായും, അതല്ലെങ്കില്‍ കബളിപ്പിച്ചും തട്ടിയെടുത്തത്. മുട്ടത്തു വര്‍ക്കിയുടെ കഥകളില്‍ വര്‍ണിക്കുന്ന കാലാവസ്ഥയോടും വന്യമൃഗങ്ങളോട് പൊരുതുന്നതും, മണ്ണില്‍ പടവെട്ടിയും കനകം വിളയിക്കുന്ന പണിയല്ല യഥാര്‍ത്ഥത്തില്‍ നടന്നത്. ആദിവാസികളെ അവരുടെ സ്വന്തം മണ്ണില്‍ നിന്ന് തുരത്തുന്നതും അവരെ അടിമകളാക്കി പണിയെടുപ്പിച്ചും കനകം വിളയിക്കുന്ന പണിയാണ് അവര്‍ നടത്തിയതും ഇപ്പോഴും നടത്തിക്കൊണ്ടിരിക്കുന്നതും.

1999 ല്‍ നായനാര്‍ ഗവണ്‍മെന്റാണ് 1975 ലെ നിയമത്തെ അട്ടിമറിച്ചുകൊണ്ട് കക്ഷിരാഷ്ട്രീയ ഭേദമന്യേ, കെ ആര്‍ ഗൗരി ഒഴികെയുള്ള മുഴുവന്‍ എംഎല്‍എ മാരുടേയും ഐക്യദാര്‍ഢ്യത്തോടെ 1987 വരെയുള്ള ആദിവാസി ഭൂമിയില്‍ നടന്ന കയ്യേറ്റങ്ങള്‍ക്ക് നിയമ സാധുത നല്‍കിയത്. എന്നു മാത്രമല്ല ഈ നിയമം ഭരണഘടനയുടെ 9 ആം ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തിക്കൊണ്ട് നിയമപരമായ വ്യവഹാരങ്ങള്‍ക്ക് സംരക്ഷണം നല്‍കി. ആദിവാസി ഭൂമി നിയമപരമായി അന്യാധീന പ്പെടുത്തി എടുക്കുന്നതിന് ഗവണ്‍മെന്റ് നടത്തിയ നിരവധി സമരങ്ങള്‍ തെളിയിക്കുന്നത്, ആദിവാസി - ദലിത് - മത്സ്യത്തൊഴിലാളി വിരുദ്ധ ഫാസിസ്റ്റ് സാമൂഹ്യ അടിത്തറയുടെ രാഷ്ട്രീയത്തെയാണ്.

കേരളത്തില്‍ രൂപപ്പെട്ടു വന്നിട്ടുള്ള ആദിവാസി - ദലിത് - മത്സ്യത്തൊഴിലാളി വിരുദ്ധ സാമൂഹ്യ വ്യവഹാരമണ്ഡലം ശക്തമാണ്. അതുകൊണ്ടാണ് ആദിവാസികളുടെ സമരം 5 മാസം പിന്നിടുമ്പോള്‍ ചര്‍ച്ചക്ക് വിളിക്കുന്നത്. മറ്റേതൊരു സാമൂഹ്യ വിഭാഗങ്ങള്‍ക്കും സമാനമായ അവഗണനയുടെ അനുഭവപാഠങ്ങള്‍ ഉണ്ടാവില്ല. 2001 ല്‍ നടന്ന കുടില്‍കെട്ടി സമരത്തിന്റെ ഒത്തുതീര്‍പ്പു വ്യവസ്ഥ പ്രകാരം ഗവണ്‍മെന്റും ആദിവാസികളും ഉണ്ടാക്കിയ കരാര്‍ വ്യവസ്ഥകള്‍ നടപ്പാക്കണമെന്നതായിരുന്നു നില്പുസമരത്തിന്റെ പ്രധാന ആവശ്യങ്ങളില്‍ പ്രധാനം. വാക്കുപാലിക്കുക എന്നത് ജനാധിപത്യ മര്യാദയാണെന്ന മുദ്രാവാക്യമാണ് നില്പുസമരം ഉയര്‍ത്തിയത്.

കേരളം ഭരിക്കുന്നത് യഥാര്‍ത്ഥത്തില്‍ പ്രബല സമുദായങ്ങളാണ്. അവരുടെ താത്പര്യങ്ങളാണ് രാഷ്ട്രീയം. സി കെ ജാനുവിന് പകരം നില്പുസമരം നടത്തുന്നത് ഏതെങ്കിലും ഒരു സവര്‍ണ ബിഷപ്പാണെങ്കില്‍ സമരം രണ്ടു ദിവസം പിന്നിടില്ല. അതിനു മുമ്പ് ഒത്തുതീര്‍പ്പുണ്ടാകും. ആദിവാസികള്‍ ഒരു രാഷ്ട്രീയ സമ്മര്‍ദ്ദ ശക്തികള്‍ അല്ലെന്നുള്ളതാണ് അവരുടെ രാഷ്ട്രീയ പ്രശ്‌നങ്ങള്‍ പരിഹൃതമാകാതെ നീങ്ങുന്നതിനു കാരണം.

നില്പുസമരം മുന്നോട്ടു വെച്ച പ്രധാന ആവശ്യങ്ങള്‍ വനാവകാശ നിയമം നടപ്പാക്കുക, PESA, ആദിവാസികളുടെ ഊരുകളെ സ്വയം ഭരണ പഞ്ചായത്തുകളായി അംഗീകരിക്കുന്നതിനും സാമൂഹ്യ വനാവകാശ നിയമം നടപ്പാക്കിക്കിട്ടുക എന്നിവയായിരുന്നു. മുത്തങ്ങയില്‍ പൊലീസ് പീഢനങ്ങള്‍ക്കു വിധേയരായ 447 കുടുംബങ്ങള്‍ക്കും ഒരു ഏക്കര്‍ വീതം ഭൂമി നല്‍കുന്നതിനും 2.5 ലക്ഷം രൂപ വീതം നല്‍കുന്നതിനും പൊലീസ് പീഢനങ്ങള്‍ക്കു വിധേയരായ 44 കുട്ടികള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിനും, മുത്തങ്ങയുമായി ബന്ധപ്പെട്ടു കോടതിയില്‍ നിലനില്‍ക്കുന്ന നിരവധി കേസുകള്‍ പിന്‍വലിക്കുന്നതിനും വ്യവസ്ഥ പ്രകാരം തീരുമാനിച്ചിട്ടുണ്ട്. കേന്ദ്ര സര്‍ക്കാരും സുപ്രീം കോടതിയും അംഗീകാരം നല്‍കിയ 7693 ഹെക്ടര്‍ വനഭൂമി ആദിവാസികള്‍ക്ക് പതിച്ചു നല്‍കുന്നതിനും പുതിയ വ്യവസ്ഥ പ്രകാരം കഴിയും.

ആദിവാസി ഫണ്ട് വിനിയോഗിച്ച് അവര്‍ക്ക് വിതരണം ചെയ്യുവാന്‍ വാങ്ങിയ ആറളം ഫാം ഇന്നും ആദിവാസികള്‍ക്ക് നല്‍കാതെ സ്വകാര്യ വ്യക്തികള്‍ക്ക് നിസാര പാട്ടത്തിന് പൈനാപ്പിള്‍ കൃഷിക്ക് നല്‍കിയിരിക്കുന്നത് വിചിത്രമാണ്. പൂക്കോട് ആദിവാസികള്‍ക്ക് വിതരണം ചെയ്യാന്‍ നിശ്ചയിച്ചിരുന്ന ഭൂമി വെറ്റ്‌നറി കോളേജിന് നല്‍കിയതും പരിശോധിച്ചാല്‍ കാണാന്‍ കഴിയുന്ന വസ്തുത സര്‍ക്കാരിന് ആദിവാസികള്‍ക്ക് ഭൂമി നല്‍കരുതെന്ന ഹിഡന്‍ അജണ്ട ഉണ്ടെന്ന സത്യമാണ്.

2001 ലെ കരാര്‍ വ്യവസ്ഥകള്‍ നടത്തിക്കിട്ടുന്നതിന് നില്പുസമരം നടത്തേണ്ടിവന്നു. ഇനി 2014 ലെ കരാര്‍ നടപ്പാക്കി കിട്ടുന്നതിന് അടുത്ത സമരം നടത്തേണ്ടി വന്നേക്കാം. കാരണം ആദിവാസി പ്രശ്‌നത്തില്‍ 1975 ലെ നിയമത്തിന്റെ ഗതികേട് നാം കണ്ടതാണ്.

കടപ്പാട്: സഖാവ് മാസിക 2015 ജനുവരി ലക്കം.