"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, മാർച്ച് 14, ശനിയാഴ്‌ച

പോള്‍ ചിറക്കരോടിനെ അനുസ്മരിക്കുമ്പോള്‍ - കെ കെ അച്യുതന്‍


പോള്‍ ചിറക്കരോട് 
പുസ്തകം: കറുത്തവിപ്ലവം
ഡോ. പോള്‍ ചിറക്കരോട്
പ്രസാധകന്‍: കെ കെ അച്യുതന്‍
വിതരണം: ദൂപ്തി ബുക്‌സ് നെയ്യാര്‍ ഡാം
വില 50 രൂപ.

ലോകവ്യാപകമായിത്തന്നെ ഇന്ത്യയിലെ ലിതരുടെ സര്‍ഗവൈഭവത്തെ സംബന്ധിച്ച് പഠനം നടത്തിയിട്ടുള്ളവര്‍ നിരവധിയാണ്. ഫ്‌ളോറിഡോ സര്‍വകലാശാല പ്രൊഫസറും ലോകപ്രശസ്ത മനഃശാസ്ത്ര പണ്ഡിതനുമായ സിഡ്‌നി എം ജെറാള്‍ഡാണ് അതില്‍ പ്രധാനി. അദ്ദേഹത്തിന്റെ പഠനത്തില്‍ ദലിതരുടെ സര്‍ഗശക്തി അവരുടെ ഉപബോധ മനസ്സിന്റെ അടിത്തട്ടിലേക്ക് പോയിരിക്കുന്നു എന്നാണ് കണ്ടെത്തിയിട്ടുള്ളത്. എന്നാല്‍ ഡോ. പോള്‍ ചിറക്കരോടിനെ അടുത്തറിഞ്ഞിട്ടുള്ളവര്‍ തീര്‍ച്ചയായും ഒരു കാര്യം സമ്മതിച്ചേ മതിയാകൂ, അതെന്തെന്നാല്‍ ദലിതരെ സംബന്ധിച്ച സിഡ്‌നി എം ജെറാള്‍ഡിന്റെ കണ്ടെത്തല്‍ തീര്‍ത്തും തെറ്റാണെന്ന് സ്ഥാപിക്കുവാന്‍ ഏറ്റവും യോഗ്യനായിരുന്നു ഡോ. പോള്‍ ചിറക്കരോട്. (ഡോ. അംബേഡ്കര്‍, അയ്യന്‍കാളി കൂടാതെ ആ നിലയിലുള്ള മറ്റനേകം പേരേയും ഇവിടെ സ്മരിക്കാവുന്നതാണ്) വാഗ്മി, സാഹിത്യകാരന്‍, ചിന്തകന്‍, പത്രപ്രവര്‍ത്തകന്‍ സര്‍വോപരി ദലിത് വിമോചന പ്രവര്‍ത്തകന്‍ തുടങ്ങിയ മേഖലകളില്‍ തനതായ ശൈലിയില്‍ വ്യക്തിമുദ്ര പതിപ്പിച്ച അദ്ദേഹം ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിയായിരുന്നപ്പോള്‍ തന്നെ എഴുത്ത് (സാഹിത്യം) തുടങ്ങിയിരുന്നു)

വിഖ്യാതങ്ങളായ 67 ല്‍ അധികം ഗ്രന്ഥങ്ങള്‍ (നോവല്‍, ജീവചരിത്രം, പഠനം, നിരൂപണം, ഉപന്യാസം) ഇംഗ്ലീഷിലും മലയാളത്തിലുമായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2400 ല്‍ അധികം കഥകളും. അദ്ദേഹത്തിന്റെ രചനകള്‍ ഏറെ പഠന വിധേയമാക്കേണ്ട താണെങ്കിലും പക്ഷപാത കലുഷിതവും സങ്കുചിതത്വവും കൊണ്ട് മലീമസമാക്കപ്പെട്ട ഇന്ത്യന്‍ മനസാക്ഷിയെക്കുറിച്ച് എന്താണ് പറയേണ്ടത്. സാഹിത്യ മേഖലകളില്‍ അതികായന്മാരെന്നു വിശേഷിപ്പിക്കപ്പെട്ടിട്ടുള്ള പ്രൊഫ. ജോസഫ് മുണ്ടശ്ശേരി, ഇ എം ശങ്കരന്‍ നമ്പൂതിരിപ്പാട്, മലയാറ്റൂര്‍ രാമകൃഷ്ണന്‍, മൈക്കിള്‍ തരകന്‍, സുകുമാര്‍ അഴീക്കോട് തുടങ്ങിയവരെ തന്റെ താര്‍ക്കിക സന്നദ്ധതയും ബുദ്ധികൂര്‍മ്മതയും കൊണ്ട് നേരിട്ടും ആധുനിക കവിത്രയങ്ങളില്‍ പെട്ട വള്ളത്തോള്‍ നാരായണമേനോന്‍, ഉള്ളൂര്‍ എസ് പരമേശ്വരയ്യര്‍ എന്നിവരുടെ കൃതികളില്‍ ഭൂരിഭാഗവും അതീശ സംസ്‌കൃതിയുടെ കാപട്യവും പക്ഷപാത ജഢിലവും ശൃംഗാര സാഹിത്യത്തിന്റെ കൂത്തരങ്ങുകളും മാത്രമാണെന്നും മാനവ സംസ്‌കാരത്തിന് ഇവരുടെ രചനകളില്‍ നിന്നും പരിമിതമായവ മാത്രമേ ലഭിക്കാനുള്ളൂ എന്നും സോദാഹരണ സഹിതം നിരൂപണം നടത്തിയും അദ്ദേഹം സ്ഥാപിച്ചിട്ടുള്ളത് മലയാളികളെങ്കിലും ധാരാളമായി കേള്‍ക്കുകയുണ്ടായിട്ടുണ്ട്. അതുകൊണ്ടുതന്നെ അധികാരവും രാഷ്ട്ര സമ്പത്തും മറ്റെല്ലാമെല്ലാം കൈമുതലാക്കിയിട്ടുള്ള വരേണ്യവര്‍ഗ സാഹിത്യ ലോകത്തുനിന്നും അദ്ദേഹം നിഷ്‌കരുണം പുറംതള്ളപ്പെടുക യാണുണ്ടായത്. ഏറ്റവുമധികം മാനിക്കപ്പെടേണ്ടയാള്‍ അപമാനിക്കപ്പെട്ട സത്യം വേദനാജനകമല്ലേ? നീത്‌ഷേയുടെ വാക്കുകള്‍ക്കിവിടെ നന്ദി പ്രകാശിപ്പിക്കാം.

പേരുകൊണ്ടു സുറിയാനി ക്രിസ്ത്യാനിയാണെന്നു ധരിച്ചുവശായ പ്രസിദ്ധീകരണക്കാര്‍ ആദ്യമൊക്കെ അദ്ദേഹത്തെ പ്രോത്സാഹിപ്പിച്ചു. ഒരു ദലിത് ക്രൈസ്തവനാണെന്ന് എങ്ങനെയോ മനസ്സിലാക്കാന്‍ സാധിച്ച പ്രസിദ്ധീകരണക്കാരും പ്രസാധകരും കൗശലപൂര്‍വം അദ്ദേഹത്തെ ബഹിഷ്‌കരിക്കുകയും അവസാനം തമസ്‌കരിക്കുകയും ചെയ്തു. 2008 ആഗസ്റ്റ് 4 ആം തിയതി അദ്ദേഹം ദിവംഗതനായതിനു ശേഷം ഇന്നോളം രാജ്യത്തെ പത്ര, ദൃശ്യ, ശ്രവണ, ഭരണ സാഹിത്യ മേഖലകളില്‍ നിന്നും ആത്മാര്‍ത്ഥമായ ഒരു അനുസ്മരണ പോലും ഉണ്ടായതായി അറിയുവാന്‍ കഴിഞ്ഞിട്ടില്ല. ഏതാനും ദലിത് പ്രവര്‍ത്തകരും സംഘടനകളും ഇപ്പോഴും അദ്ദേഹത്തെ അനുസ്മരിക്കുന്നത് അത്രയും ആശ്വാസം. സാഹിത്യലോകം കയ്യടക്കിവെച്ചിരിക്കുന്ന ജാതിവെറിയന്മാരായ പ്രസാധകരുടെ ഈദൃശ വിമുഖതയാല്‍ അദ്ദേഹത്തിന്റെ കൈത്തഴക്കമാര്‍ന്നതും ചിന്തോദ്ദീപകവു മായ ഒട്ടേറെ രചനകള്‍ ദൗര്‍ഭാഗ്യം കൊണ്ടോ ശാപദോഷം കൊണ്ടെന്ന പോലെയോ നമുക്ക് നഷ്ടപ്പെട്ടതിനെയോര്‍ത്ത് വിലപിക്കുകയല്ലാതെ എന്തു ചെയ്യാന്‍. ഇപ്പോഴും ചെറുതും വലുതുമായ ഒട്ടേറെ സര്‍ഗപ്രതിഭകള്‍ ദലിത് സമൂഹത്തില്‍ ധാരാളമായി ചിന്നിച്ചിതറി കിടക്കുന്നുണ്ട്. അത്തരം പ്രതിഭകളെ കണ്ടെത്തി കഴിവിന്റെ പരമാവധി പ്രോത്സാഹിപ്പിക്കുവാന്‍ ദലിത് സമൂഹം ഇനിയെങ്കിലും സദാ ജാഗരൂകരാകണമെന്ന് തികഞ്ഞ ആത്മാര്‍ത്ഥതയോടെ വിനയപുരസരം അപേക്ഷിക്കുകയാണ്.

'മദ് വചനങ്ങള്‍ക്കു മാര്‍ദ്ദവമില്ലെങ്കില്‍ ഉദ്ദേശശുദ്ധിയാല്‍ മപ്പു നല്‍കിന്‍' എന്ന കുമാരനാശാന്‍ കവിത ഇവിടെ അന്വര്‍ത്ഥമാണ്.

ഡോ. പോള്‍ ചിറക്കരോടിനെ ജന്മനാട് വിസ്മരിച്ചെങ്കിലും ജീവിതാന്ത്യ കാലയളവില്‍ ഫിലാഡെല്‍ഫിയ സര്‍വകലാശാല (അമേരിക്ക) ഡോക്ടറേറ്റു നല്‍കി അദ്ദേഹത്തെ ആദരിക്കുകയുണ്ടായി. അന്തര്‍ദേശീയ പ്രസിദ്ധീകരണക്കാരായ വിക്കിപീടിയ, പെന്‍ഗ്വിന്‍ എന്നിവ അദ്ദേഹത്തെക്കുറിച്ച് ലേഖനങ്ങളും ആത്മകഥയും മരണശേഷം പ്രസിദ്ധീകരിച്ചിട്ടുണ്ട്. വിദേശ രാജ്യങ്ങളില്‍ നിന്നും അംഗീകാരം നേടാന്‍ കഴിഞ്ഞ ഈ മഹാമനുഷ്യന്‍ അലയാതലഞ്ഞും കഷ്ടപ്പെട്ടും നേടിയതൊക്കെയും കീഴാള ജനതയുടെ ഉയിര്‍ത്തെഴുന്നേല്‍പ്പിനു മാത്രം വിനിയോഗിക്കുകയാണ് ചെയ്തിട്ടുള്ളത്. സംഭവ ബഹുലമായ ജീവിതയാത്രയില്‍ സ്വശരീരം മറവു ചെയ്യാന്‍ ആറടി മണ്ണുപോലും സ്വന്തമായി കരുതാതിരുന്ന (മണ്ണിലാറടി സ്ഥലം ജഡം മൂടുവാനില്ലീ - മണ്ണിലാര്‍ക്കവകാശ മെത്ര ദുര്‍വിധിയോര്‍ത്താല്‍: 'ഇന്ധനപ്പുര' - കല്ലറ സുകുമാരന്‍) ഈ മഹാമനസ്‌കന്‍ ഇരുണ്ട ഭൂഖണ്ഡത്തിലെ ലംബറില്‍ പ്രദേശത്തെ അജ്ഞതയിലാണ്ട നരഭോജികളായ ജനതയുടെ ഉയിര്‍ത്തെഴു ന്നേല്‍പ്പിനു വേണ്ടി ജീവത്യാഗം ചെയ്ത മഹാമന്‌സ്‌കനായ ആല്‍ബര്‍ട്ട് ഷൈ്വറ്റ്‌സറെപ്പോലെയോ കുഷ്ഠരോഗികള്‍ക്കു വേണ്ടികുഷ്ഠരോഗിയായി ജീവിതം ഹോമിച്ച ഫാദര്‍ ഡാമിയനെ പോലെയോ ആയിരുന്നില്ലേ? അക്കാരണങ്ങള്‍ കൊണ്ടുതന്നെ ത്യാഗനിര്‍ഭരവും പ്രൗഡോജ്വലവുമായ ഒരു ജീവചരിത്രത്തിന് അദ്ദേഹം തികച്ചും യോഗ്യനാണെന്ന കാര്യത്തില്‍ സംശയമേ വേണ്ട. ഭാവിയില്‍ അതുണ്ടാവുമെന്നു പ്രത്യാശിക്കുന്നു.

ഡോ പോള്‍ ചിറക്കരോടിന്റെ 9 ആമത്തെ നോവലായ പുലയത്തറയിലെ നിരീക്ഷണം ഇപ്പോള്‍ ഭാരത വ്യാപകമായി അലകളുയര്‍ത്തുകയാണ്. (ദലിതര്‍ രാജ്യമെമ്പാടും തനതു നേതൃത്വത്തിലും അല്ലാതെയും നടത്തുന്ന ഭൂസമരമാണ് പ്രതിപാദ്യം) ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളില്‍ ആചാര്യ അയ്യന്‍കാളിയുടെ നേതൃത്വത്തില്‍ ലോകചരിത്രത്തിലാദ്യമായി നടത്തിയ കര്‍ഷകത്തൊഴിലാളി സമര ചരിത്രം, പുന്നപ്ര വയലാര്‍ സമര ചരിത്രം, 1959 ലെ വിമോചന സമര ചരിത്രം എന്നിവ കളങ്ക ലേശമില്ലാതെ ആംഗലേയ ഭാഷയില്‍ ഗ്രന്ഥരൂപത്തിലാക്കി ലോകത്തിലെ ഏറ്റവും വലിയ പുസ്തക ശേഖരങ്ങളിലൊന്നായ ബ്രിട്ടീഷ് മ്യൂസിയം ലൈബ്രറിക്കു സമര്‍പ്പിക്കാന്‍ ഡോ. പോള്‍ ചിറക്കരോടിനു മാത്രമേ കഴിഞ്ഞുള്ളൂ എന്ന യാഥാര്‍ത്ഥ്യം എത്ര പേര്‍ക്കറിയാം. ഇന്ത്യന്‍ പ്രസിഡന്റായിരുന്ന ഡോ. രാജേന്ദ്ര പ്രസാദിന് 1955 ല്‍ ദലിത ക്രൈസ്തവരുടെ സംവരണപ്രശ്‌നം സംബന്ധിച്ച് നേരിട്ട് മെമ്മോറാണ്ടം സമര്‍പ്പിച്ച നിവേദക സംഘത്തില്‍ 19 വയസ്സുകാരനായ പോള്‍ ചിറക്കരോട് ഉണ്ടായിരുന്നു. ഹരേകൃഷ്ണ കോനാര്‍ ( അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറി) വി കെ കൃഷ്ണമേനോന്‍ (ഇടതുപക്ഷ പൊതു സ്ഥാനാര്‍ത്ഥി, തിരുവനന്തപുരം) എന്നിവരുടെ പ്രൗഡോജ്വലമായ ഇംഗ്ലീഷ് പ്രഭാഷണങ്ങള്‍ തത്സമയം മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയത്, ലോകപ്രശസ്തമായ മാരാമണ്‍ കണ്‍വെന്‍ഷന്റെ ശതാബ്ധി സമ്മേളനത്തില്‍ പ്രസംഗിച്ചത്, പ്രത്യക്ഷ രക്ഷാ ദൈവസഭയുടെ സ്ഥാപകന്‍ പൊയ്കയില്‍ ശ്രീ കുമാര ഗുരുദേവന്റെ രണ്ട് ജന്മവാര്‍ഷിക സമ്മേളനങ്ങളില്‍ പ്രസംഗിച്ചതുള്‍പ്പെടെ അദ്ദേഹത്തെ ക്ഷണിക്കപ്പെട്ടിട്ടുള്ള പണ്ഡിത സദസുകള്‍ നിരവധിയാണ്.

അയ്യന്‍കാളിയുടേയും സമകാലികരായ സമുദായോദ്ധാരകരുടേയും കാലഘട്ടത്തിന്റെ ഉത്തരാന്ത്യത്തില്‍ കമ്മ്യൂണിസ്റ്റ് യജമാനന്മാര്‍ ചൊല്ലിക്കേള്‍പ്പിച്ച 'നിങ്ങളു കൊയ്യും വയലെല്ലാം നിങ്ങടേതാകും പൈങ്കിളിയേ' എന്ന ആഹ്വാനത്തിനു പിന്നാലെ നിഷ്‌കളങ്കരായ കീഴാള ജനത സ്വസമുദായ ആചാര്യന്മാര്‍ രക്തവും ജീവനും നല്‍കി വളര്‍ത്തിയ സമുദായ ശക്തി അപ്പാടെ വലിച്ചെറിഞ്ഞ് ഇടതു പക്ഷത്തിനു പിന്നാലെ പാഞ്ഞടുത്തവര്‍ക്ക് വാഗ്ദാനങ്ങളിലൊന്നും നേടാന്‍ കഴിയാതെ ഭഗ്നാശരായി അലയുന്ന അവസ്ഥയില്‍ വീണ്ടും ഈ ജനതയെ ജാതിക്കും മതത്തിനും രാഷ്ട്രീയത്തിനും അതീതമായി ഒരൊറ്റ ജനതയായി വിമോചന പാതയിലൂടെ മുന്നേറുവാന്‍ ഉത്തേജനം നല്‍കിയത് അനശ്വരനായ കല്ലറ സുകുമാരനും പോള്‍ ചിറക്കരോടും ചേര്‍ന്നാണെന്ന് ഏവരും സമ്മതിക്കും. സംശയമില്ല, കല്ലറ സുകുമാരനെ ആ രംഗത്ത് ഏറെ പ്രാപ്തനാക്കിയത് പോള്‍ ചിറക്കരോടാണെന്ന് കല്ലറ സുകുമാരന്‍ തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്. (കല്ലറ സുകുമാരന്‍ രചിച്ചിട്ടുള്ള 'ഹരിജന്‍ പ്രശ്‌നങ്ങളില്‍ ഒരു അഭിവീക്ഷണം' എന്ന ഗ്രന്ഥം അദ്ദേഹം പോള്‍ ചിറക്കരോടിന് ഗുരുദക്ഷിണയായി സമര്‍പ്പിച്ചിരിക്കുന്നതു കാണുക.) കൂടാതെ 'ഇന്ധനപ്പുര' (കവിത) 'ജാതി ഒരഭിശാപം' എന്നീ കൃതികള്‍ക്ക് അവതാരിക എഴുതിയതും അദ്ദേഹമാണ്. മാത്രമല്ല മൈസൂര്‍ യൂണിവേഴ്‌സിറ്റിയുടെ കറസ്‌പോണ്ടന്‍സ് കോഴ്‌സിലൂടെ കല്ലറ സമകുമാരന് എം എ ഡിഗ്രി സമ്പാദിച്ചു കൊടുത്തതും 1980 ല്‍ ബാംഗ്ലൂരില്‍ എക്യുമിനിക്കല്‍ ക്രിസ്ത്യന്‍ സെന്റര്‍ സംഘടിപ്പിച്ച കോണ്‍ഫറന്‍സില്‍ 'ദേശീയ പ്രശ്‌നങ്ങളും പരിഹാര മാര്‍ഗങ്ങളും' എന്ന പ്രബന്ധം അവതരിപ്പിക്കുവാന്‍ അവസരമൊരുക്കി ക്കൊടുത്തതും ഡോ പോള്‍ ചിറക്കരോടാണെന്നുള്ളത് അധികമാരും അറിഞ്ഞിരിക്കുവാനിടയില്ല.

പ്രശസ്ത നീഗ്രോ ചിന്തകനായ ടോണി തോമസ് രചിച്ച 'കറുത്ത വിപ്ലവവും സോഷ്യലിസവും' എന്ന ദാര്‍ശനിക ഗ്രന്ഥത്തിന്റെ ചുവടുപിടിച്ച് പോള്‍ ചിറക്കരോട് എഴുതിയ 'കറുത്ത വിപ്ലവം' എന്ന ഈ രാഷ്ട്രമീമാംസാ ഗ്രന്ഥത്തില്‍ ഒരു നേരിയ അനുസ്മരണം മാത്രമാണ് രേഖപ്പെടുത്തുന്നത്. അദ്ദേഹത്തെ സംബന്ധിക്കുന്ന ഒട്ടനവധി വിശേഷണങ്ങള്‍ വിസ്താര ഭയത്താല്‍ വിടുകയാണ്. ക്ഷമിക്കുക. ആര്‍ജിത വിജ്ഞാനത്തിന്റെ സമസ്ത മേഖലകളിലും ഘനമാര്‍ന്ന ഉപസ്ഥിതി നേടിക്കൊണ്ട് അക്ഷരങ്ങളേയും അനശ്വരതയേയും പൂക്കളേയും പുലരിയേയും ആത്മാവില്‍ സ്പര്‍ശിച്ച മലയാളത്തിന്റെ ബഹുമുഖ പ്രതിഭയായ ഈ ധീരപുത്രന്‍ സമസ്‌കന്തരില്ലാതെ ഏകാന്ത പഥികനായി ചരിത്രത്തിനു മുന്നാലെ ബഹുകാതം സഞ്ചരിച്ചതിന്റെ തെളിവിലേക്കായി അദ്ദേഹത്തിന്റെ കൈത്തഴക്കമാര്‍ന്ന രചനാ വൈഭവത്തിലൂടെ പിറവിയെടുത്ത പ്രകൃഷ്ഠ കൃതി 'അംബേഡ്കര്‍ ബൗദ്ധിക വിക്ഷോഭത്തിന്റെ അഗ്നിജ്വാല' യുടെ അവസാന ഖണ്ഡിക ഇവിടെ രേഖപ്പെടുത്തുന്നത് ഉചിതമായിരിക്കുമെന്നു കരുതുന്നതിനാല്‍ ചുവടേ ചേര്‍ക്കുന്നു.

'ചിരപരിണാമിയായ കാലത്തിന്റെ പ്രവാഹത്തില്‍ വ്യക്തിബന്ധങ്ങളും സ്വകാര്യഗന്ധങ്ങളും വിദ്വേഷങ്ങളും പക്ഷപാതങ്ങളും നമ്മുടെ അഭിവീക്ഷണത്തെ ഒരല്പവും സങ്കുചിതമാക്കി മലിനപ്പെടുത്താത്ത അതിവിദൂര ഭാവിയില്‍ ഒട്ടേറെ തലമുറകള്‍ വിടരുകയും കൊഴിയുകയും ചെയ്തുകഴിഞ്ഞ് നമുക്കിപ്പോള്‍ ആ രൂപസങ്കല്പം മാത്രമായിരിക്കുന്ന ആ അജ്ഞാത ഭാവിയിലെ ചരിത്രകാരന്മാര്‍ പിന്തിരിഞ്ഞ് ഇന്ത്യയിലെ മഹാരഥന്മാരുടെ പേരുകള്‍ നിരത്തിവെക്കുമ്പോള്‍ അതില്‍ മൂന്നു പേരുകള്‍ സ്ഥാനം പിടിക്കുമെന്നു പ്രവചിക്കാന്‍ ഈ ഗ്രന്ഥകാരന്‍ ധൈര്യപ്പെടുന്നു. ശ്രീബുദ്ധന്‍, അശോകന്ഡ, അംബേഡ്കര്‍ അതെ, ആ നിരയില്‍ തേജോമയമായ ഒരു നാമധേയമായിരിക്കും അംബേഡ്കറുടേത് സംശയം വേണ്ട്..'

മേല്‍ വിരിച്ച ഖണ്ഡികയിലെ വസ്തുതകള്‍ ആപാദചൂഡം വിശകലനം ചെയ്താല്‍ അദ്ദേഹത്തിന്റെ ദീര്‍ഘദര്‍ശനം എത്രയോ അകലങ്ങളിലേക്കു പായുന്നു എന്നു മനസ്സിലാക്കാന്‍ സാധിക്കും. വരേണ്യവര്‍ഗ സംസ്‌കൃതി യുടെ നേതിനേതി ശാസനകളാല്‍ ജീവിതത്തിന്റെ നാനാതുറകളില്‍ നിന്നും പിന്‍തള്ളപ്പെട്ടുപോയ കീഴാളരെ വൈജ്ഞാനിക ലോകത്തിന്റെ മറുതീരത്തേക്ക് നയിച്ച ഡോ. പോള്‍ ചിറക്കരോടിന്റെ ഒരിക്കലും മരിക്കാത്ത പാവനസ്മരണക്കു മുമ്പില്‍ പ്രണമിക്കുന്നു.

- കെകെ അച്യുതന്‍
(അവതാരിക)