"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, മാർച്ച് 9, തിങ്കളാഴ്‌ച

വധഭീഷണിയെ അതിജീവിക്കുന്ന ഞാന്‍ - ദലിത്ബന്ധു എന്‍ കെ ജോസ്


ദിവസവും രണ്ടു തെറിയെങ്കിലും ഫോണിലൂടെ കേട്ടില്ലായെങ്കില്‍ ഉറങ്ങാന്‍ കഴിയാത്ത നിലയിലായി ഞാനിന്ന്. കഴിഞ്ഞ അഞ്ചുദിവസം തുടര്‍ച്ചയായി അത് ലഭിച്ചു. ആറാം ദിവസം ലഭിച്ചില്ല. അന്ന് ഉറങ്ങിയുമില്ല. ഘര്‍വാപ്പസിയെപ്പറ്റി ഒരു ചെറിയ കുറിപ്പ് 'കേരളശബ്ദം' വാരികയില്‍ പ്രസിദ്ധീകരിച്ചതിന്റെ ഫലമാണത്. പണ്ട് ശിശുവായിരുന്നപ്പോള്‍ അമ്മയുടെ മൂളിപ്പാട്ടോ കഥയോ കേട്ടില്ലായെങ്കില്‍ വാശിപിടിച്ച് കരയുമായിരുന്നു എന്ന് പിന്നീട് അമ്മ പറഞ്ഞു കേട്ടിട്ടുണ്ട്. ആറും അറുപതും ഒരുപോലെ എന്ന് പണ്ട് പറഞ്ഞിരുന്നതിന് പകരം നാട് പുരോഗമിച്ചപ്പോള്‍ മൂന്നും തൊണ്ണൂറും ഇന്ന് ഒരുപോലെയാണ്.

പണ്ട് ബംഗ്ലൂരില്‍ കാറ്റകെറ്റിക്കല്‍ (വേദപഠനകേന്ദ്രം) സെന്ററിനോടനു ബന്ധിച്ചുള്ള ദേവാലയത്തിന്റെ രണ്ടു വശങ്ങളിലുമുള്ള ജനലുകളില്‍ നടരാജവിഗ്രഹത്തിന്റെ ഛായയിലുള്ള ഗ്രില്‍ വെച്ചുപിടിപ്പിച്ചതിനെ ന്യായീകരിച്ചുകൊണ്ട് (അന്ന് നിര്‍ദ്ദേശവല്‍ക്കരണം കത്തോലിക്കാ സഭയില്‍ നടക്കുകയായിരുന്നു) ഞാന്‍ എഴുതിയ ലേഖനം 'സത്യദീപം' എന്ന കത്തോലിക്കാ വാരിക പ്രസിദ്ധീകരിച്ചതിനെതിരായി 250 ല്‍ ഏറെ പ്രതിഷേധക്കുറിപ്പുകള്‍ ആ പത്രത്തിലേക്ക് വന്നു. അതില്‍ 50ഓളം അവര്‍ പ്രസിദ്ധീകരിച്ചു. ഞാന്‍ 'ആരാധന' എന്ന ഗ്രന്ഥത്തില്‍ അത് ചേര്‍ത്തിട്ടുണ്ട്.

40 കൊല്ലം മുമ്പ് 'വേലുത്തമ്പി ദളവാ' എന്ന ഗ്രന്ധം ഞാന്‍ പ്രസിദ്ധീകരിച്ചപ്പോള്‍ (അന്ന് എനിക്ക് ഫോണ്‍ സൗകര്യമില്ലായിരുന്നു) കാര്‍ഡിലൂടെയാണ് പ്രതിഷേധങ്ങള്‍ വന്നത്. ഒതില്‍ ഒരു കാര്‍ഡില്‍ എന്റെ ജീവിതാന്ത്യത്തിന് 48 മണിക്കൂറാണ് കുറിച്ചിരുന്നത്. അത് കഴിഞ്ഞ് പിന്നീട് 40 വര്‍ഷം കഴിഞ്ഞിട്ടും ഞാന്‍ ജീവിക്കുന്നു.

പത്‌നി:ഏലിയാമ്മ തങ്കമ്മ
1990 ല്‍ ടിപ്പു സുല്‍ത്താന്റെ ചരമത്തിന്റെ 200ആം വാര്‍ഷികം സമുചിതമായി ആഘോഷിക്കണമെന്ന് 'മാതൃഭൂമി' ദിനപത്രത്തിലൂടെ ഞാന്‍ എഴുതിയപ്പോള്‍ പലരും എന്നെ പരിഹസിക്കുക മാത്രമല്ല, ബ്രിട്ടീഷ് ചാരന്‍ എന്ന് ആ പത്രത്തിലൂടെ ചിലരെല്ലാം മുദ്ര അടിച്ചു. 'പഴശ്ശിരാജ - കേരളമിര്‍ജാഫര്‍' എന്ന ഗ്രന്ഥത്തില്‍ ഞാന്‍ അതെല്ലാം എടുത്ത് ഉദ്ധരിച്ചിട്ടുണ്ട്. 1998 ല്‍ വാസ്‌കോ ഡി ഗാമായുടെ കേരള സന്ദര്‍ശനത്തിന്റെ 500ആം വാര്‍ഷികം ആഘോഷിക്കണമെന്ന നിര്‍ദ്ദേശം ഉന്നയിച്ചപ്പോള്‍ ലഭിച്ചതും ആ പ്രതികരണം തന്നെയായിരുന്നു. വര്‍ഷങ്ങള്‍ക്കു മുമ്പ് ശബരിമല അയ്യപ്പ ക്ഷേത്രത്തെപ്പറ്റി ഒരു ചെറിയ കുറിപ്പ് 'കേരളശബ്ദം' വാരികയിലൂടെ പ്രസിദ്ധീകരിച്ചപ്പോള്‍ അനേകം ഫോണ്‍കോള്‍ തെറികള്‍ എനിക്ക് ലഭിച്ചു. എന്റെ ചെറുപ്പകാലത്ത് എന്റെ നാട്ടിലെ അയ്യപ്പന്മാര്‍ അയ്യപ്പ ദര്‍ശനം കഴിഞ്ഞ് മാല ഊരുന്നത് അര്‍ത്തുങ്കല്‍ പള്ളിയില്‍ പോയി വെളുത്തച്ചനെകൂടി ദര്‍ശിച്ചതിനു ശേഷമാണ് എന്ന് ഞാന്‍ എഴുതിയതാണ് അതിന്റെ കാരണം.

എന്റെ പല പുസ്തകങ്ങള്‍ക്കും അവതാരിക എഴുതിയ നിത്യചൈതന്യ യതി, ഡോ എം എം തോമസ്, പ്രൊഫ പി എസ് വേലായുധന്‍, കേശവന്‍ വൈദ്യര്‍, എം കെ കുമാരന്‍ തുടങ്ങിയ പലരും ഞാന്‍ ഉന്നയിച്ച ആശയങ്ങളെ നിശിതമായി വിമര്‍ശിച്ചിട്ടുണ്ട്. അതെല്ലാം ചേര്‍ത്താണ് ഞാന്‍ അവ പ്രസിദ്ധീകരിച്ചത്.

ഉദ്ദേശം 50 കൊല്ലം മുമ്പ് ഞാന്‍ എഴുതിയ 'ആദിമകേരളം ക്രൈസ്തവര്‍' എന്ന ഗ്രന്ഥത്തില്‍ കേരളത്തിലെ ആദ്യത്തെ ക്രൈസ്തവര്‍ ബ്രാഹ്മണര്‍ മതം മാറിയതല്ല, അന്നത്തെ ഇവിടുത്തെ തദ്ദേശീയ ജനതയായിരുന്നു എന്ന് പറഞ്ഞതിന് അന്നത്തെ കത്തോലിക്കാ ചരിത്രകാരനായ എം ഒ ജോസഫ് നെടുംകുന്നം, ഷെ. വ: വി സി ജോര്‍ജ്, ഫാ. തോമസ് മണക്കാട്ട് തുടങ്ങിയവര്‍ എന്നെ ഭത്സിക്കുകയും എനിക്കെതിരായി പുസ്തകങ്ങള്‍ തന്നെ എഴുതി പ്രസിദ്ധീകരിക്കുകയും ചെയ്തു. എ ഡി 252 മുതലെങ്കിലും കേരളത്തില്‍ ക്രൈസ്തവരുണ്ടായിരുന്നു എന്നതിന് തെളിവുണ്ട് എന്നും, അതിനും മൂന്നു നൂറ്റാണ്ടുകള്‍ക്ക് ശേഷമാണ് ബ്രാഹ്മണര്‍ ഇവിടെ എത്തിയത് എന്നുമാണ് ഞാന്‍ അന്ന് എഴുതിയത്. ഇന്നത്തെ ക്രൈസ്തവ ചരിത്രകാരന്മാര്‍ ഒരു പരിധിവരെയെങ്കിലും അത് അംഗീകരിച്ചതില്‍ എനിക്ക് സന്തോഷമുണ്ട്.

ചേര്‍ത്തലക്ക് അടുത്ത് ചെങ്ങണ്ടയില്‍ ചേര്‍ന്ന യോഗത്തില്‍ തിരുവിതാംകൂറില്‍ ഇനി സാധുജനങ്ങള്‍ ആരും ക്രിസ്തുമതത്തില്‍ ചേരരുത് എന്ന് മഹാനായ അയ്യന്‍കാളി വിലക്കിയില്ലായിരുന്നു എങ്കില്‍ കേരളത്തിലെ ദലിത് ക്രൈസ്തവരുടെ എണ്ണം ഇന്നത്തേതിന്റെ അനേക മടങ്ങാകുമായിരുന്നു. ഘര്‍വാപ്പസിക്കാരുടെ ജോലിയും അതനുസരിച്ച് വര്‍ദ്ധിക്കുമായിരുന്നു. കേരളത്തില്‍ കാലാകാലങ്ങലില്‍ വന്നു പ്രവര്‍ത്തനം നടത്തിയ ക്രിസ്ത്യന്‍ മിഷനറിമാരേക്കാള്‍ കൂടുതല്‍ ഫലപ്രദമായി ക്രിസ്തുമത പ്രചരണം നടത്തിയത് ഇവിടത്തെ അന്നത്തെ ബ്രാഹ്മണിസ്റ്റുകളാണ്. സാധുജനങ്ങളോടുള്ള അവരുടെ ക്രൂരതയാണ് പലരേയും ക്രിസ്തുമതത്തിലേക്ക് ഓടിച്ചത്. സദാനന്ദസ്വാമി എന്നൊരു സന്യാസിവര്യന്‍ അയ്യന്‍കാളിയുടെ ചെറുപ്പകാലത്ത് തിരുവനന്തപുരത്ത് വന്ന് സാധുജനങ്ങളോടുള്ള ബ്രാഹ്മണിസ്റ്റുകളുടെ മനോഭാവത്തിന് മാറ്റം വരുത്തണമെന്ന് അഭ്യര്‍ത്ഥിച്ചപ്പോള്‍ അദ്ദേഹത്തെ നാട്ടില്‍ നിന്നും ആട്ടിയോടിക്കുകയാണ് അന്നത്തെ തിരുവനന്തപുരം ബ്രാഹ്മണിസ്റ്റുകള്‍ ചെയ്തത്. തിരുവിതാംകൂര്‍ താമസിയാതെ ക്രിസ്ത്യന്‍ ഭൂരിപക്ഷമുള്ള ഒരു രാജ്യമായി മാറും എന്നാണ് അന്ന് അദ്ദേഹം പ്രവചിച്ചത്. അദ്ദഹത്തിന് എതിരേ 101 ചോദ്യങ്ങളാണ് തന്റെ പത്രത്തിലൂടെ സ്വദേശാഭിമാനി രാമകൃഷ്ണപിള്ള അന്ന് ഉന്നയിച്ചത്.

ഗാന്ധിയുടെ ജനനത്തിന്റെ 125 ആം വാര്‍ഷികം 1994 ല്‍ നാടൊട്ടാകെ ആഘോഷിച്ചതിനോട് അനുബന്ധിച്ചു ഞാന്‍ നടത്തിയ പ്രസംഗ പരമ്പരകളില്‍ പല സ്ഥലങ്ങളില്‍ നിന്നും ഓടി രക്ഷപ്പെടേണ്ടി വന്നിട്ടുണ്ട്. ദലിതര്‍ക്ക് സംവരണം നല്‍കുന്ന വിഷയത്തില്‍ ഗാന്ധി സ്വീകരിച്ച പ്രതിലോമ പരമായ നിലപാടിനെ വിമര്‍ശിച്ചു എന്നതാണ് അതിന്റെ കാരണം. ഈ തെറികൊണ്ടോന്നും എന്റെ അഭിപ്രായം മാറാന്‍ പോകുന്നില്ല. നിങ്ങള്‍ എന്നെ തെറി വിളിച്ചു ഫോണ്‍ ചെയ്താല്‍ നിങ്ങളുടെ ഫോണ്‍ചാര്‍ജ് നഷ്ടമാകും. അതോര്‍ത്തെങ്കിലും തെറിവിളി അവസാനിപ്പിക്കൂ എന്നു മാത്രമേ തെറി വിളിക്കുന്ന ആ സുഹൃത്തുക്ക ളോട് എനിക്ക് പറയാനുള്ളൂ.

ഫോണ്‍ 9961055655