"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, ഏപ്രിൽ 8, ബുധനാഴ്‌ച

1938 ല്‍ ശ്രീനാരായണ സ്വാമി ഡോ. അംബേഡ്കര്‍ക്ക് അയച്ച കത്ത്


കെ എന്‍ കുട്ടന്‍
അഖില തിരുവിതാംകൂര്‍ പുലയര്‍ - ചേരമര്‍ ഐക്യ മഹാസംഘത്തിന്റെ തലവനായിരുന്ന ശ്രീനാരായണ സ്വാമി അയച്ച ഈ കത്ത് ഡോ. അംബേഡ്കര്‍ തന്റെ കൃതിയില്‍ ഉദ്ധരിച്ചു ചേര്‍ത്തിട്ടുള്ളതാണ്. 1993 ല്‍ കെ എന്‍ കുട്ടന്‍ പ്രസിദ്ധീകരിച്ച 'ഡോ. അംബേഡ്കറും മാഹാത്മജിയും' എന്ന പുസ്തകത്തില്‍ ഈ കത്ത് കൊടുത്തിട്ടുണ്ട്. പ്രസാധകര്‍: അംബികാ പബ്ലിക്കേഷന്‍, തിരുവനന്തപുരം.

ക്യാമ്പ്, മയ്യനാട്
കൊല്ലം, 24 -11 1938

ഡോ അംബേഡ്കര്‍
ബോംബെ.

ബഹുമാനപ്പെട്ട സര്‍,

അങ്ങയുടെ വിലയേറിയ ഉപദേശം തേടുന്നതിനുവേണ്ടി, താഴെ പറയുന്ന വസ്തുതകളിലേക്ക് അങ്ങയുടെ ശ്രദ്ധ ക്ഷണിക്കുന്നതിന് എനിക്ക് അകൃത്രിമമായ സന്തോഷമുണ്ട്. തിരുവിതാംകൂര്‍ സംസ്ഥാനത്തെ ഹരിജനങ്ങള്‍ അനുഭവിച്ചു കൊണ്ടിരിക്കുന്ന എല്ലാ പരാധീനതകളും വ്യക്തമായി അങ്ങയോട് സൂചിപ്പിക്കേണ്ടത് എന്റെ പരമോന്നത ധര്‍മമാണെന്ന് ഞാന്‍ കരുതുന്നു.

1. മഹാരാജാവ് തിരുമനസുകൊണ്ട് പുറപ്പെടുവിച്ച ക്ഷേത്രപ്രവേശന വിളംബരം യഥാര്‍ഥത്തില്‍ ഹരിജനങ്ങള്‍ക്ക് ഒരു അനുഗ്രഹമാണ്. എന്നാല്‍ ഹരിജനങ്ങള്‍ ക്ഷേത്രപ്രവേശനം ഒഴിച്ചുള്ള മറ്റെല്ലാ അവശതകളും അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. ഗവണ്‍മെന്റ് ഹരിജനങ്ങളുടെ അഭ്യുന്നതിക്കായി യാതൊരു നടപടിയും എടുക്കുന്നില്ല.

2. 15 ലക്ഷം ഹരിജനങ്ങളില്‍ കുറേ ബിരുദധാരികളും അര ഡസന്‍ ബിരുദം നേടിയില്ലാത്തവരും 50 സ്‌കൂള്‍ ഫൈനല്‍കാരും 200 ല്‍ അധികം നാട്ടുഭാഷയില്‍ സര്‍ട്ടിഫിക്കറ്റ് നേടിയവരും ഉണ്ട്. ഗവണ്‍മെന്റ് ഒരു പബ്ലിക് സര്‍വീസ് കമ്മീഷനെ നിയമിച്ചിട്ടുണ്ടെങ്കിലും ഹരിജനങ്ങള്‍ക്ക് ലഭിക്കുന്ന നിയമനങ്ങള്‍ വളരെ പരിമിതമാണ്. എല്ലാ നിയമനങ്ങളും സവര്‍ണര്‍ക്കാണ് നല്‍കുന്നത്. ഒരു ഹരിജനെ നിയമിക്കുക യാണെങ്കില്‍ അത് ഒരാഴ്ചത്തേക്കോ രണ്ടാഴ്ചത്തേക്കോ ആയിരിക്കും. പബ്ലിക് സര്‍വീസിലേക്ക് തെരഞ്ഞെടുക്കുന്നതിനുള്ള ചട്ടങ്ങള്‍ പ്രകാരം, അപേക്ഷകന് ഒരു വര്‍ഷത്തിനു ശേഷമേ വീണ്ടും അപേക്ഷിക്കാന്‍ അനുവാദമുള്ളൂ. എന്നാല്‍ ഒരു സവര്‍ണനെ ഒരു വര്‍ഷത്തേക്കോ അതില്‍ കൂടുതല്‍ കാലത്തേക്കോ നിയമിക്കും. നിയമനങ്ങളുടെ ലിസ്റ്റ് അസംബ്ലിക്ക് മുമ്പോകെ ഹാജരാക്കപ്പെടുമ്പോള്‍, നല്‍കപ്പെട്ട നിയമനങ്ങളുടെ എണ്ണം സാമുദായിക പ്രാതിനിധ്യമനുസരിച്ച് തുല്യമായിരിക്കും; എന്നാല്‍ എല്ലാ ഹരിജനങ്ങള്‍ക്കും നല്‍കിയിട്ടുള്ള നിയമനത്തിന്റെ കാലാവധിക്കു തുല്യമായിരിക്കും ഒരു സവര്‍ണന് നല്‍കിയ ഉദ്യോഗ കാലാവധി. ഇത്തരത്തിലുള്ള വഞ്ചന ഉദ്യോഗസ്ഥന്മാരുമായി ബന്ധപ്പെട്ടതാണ്. അങ്ങനെ പബ്ലിക് സര്‍വീസ് സവര്‍ണരുടെ പൊതുസ്വത്താണ്. അത് മുഖേന ഒരു ഹരിജനും പ്രയോജനമുണ്ടാകുന്നില്ല.

3. ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പ് മഹാരാജാവ് തിരുമനസില്‍ നിന്നും ഓരോ ഹരിജനും താമസിക്കുന്നതിലേക്കായി മൂന്നേക്കര്‍ ഭൂമി നല്‍കണമെന്ന് ഒരു വിളംബരം പുറപ്പെടുവിച്ചിരുന്നു. എന്നാല്‍ സവര്‍ണ രായ ഉദ്യോഗസ്ഥന്മാര്‍ ഈ വിളംബരം നടപ്പാക്കാന്‍ എല്ലായ്‌പ്പോഴും തത്പരരായിരുന്നില്ല. പട്ടണങ്ങള്‍ക്കടുത്ത് വളരെ വിസ്തൃതമായ ഭൂമി മേച്ചില്‍സ്ഥലമായി നല്‍കുന്നതിന് ഗവണ്‍മെന്റിന് താത്പര്യ മുണ്ടെങ്കിലും ഒരു തുണ്ടുഭൂമി പോലും ഹരിജനങ്ങള്‍ക്ക് നല്‍കുന്നില്ല. സവര്‍ണരുടെ പുരയിടങ്ങളിലാണ് ഹരിജനങ്ങള്‍ ഇപ്പോഴും താമസിക്കുന്നത്; അവര്‍ വളരെയേറെ ബുദ്ധിമുട്ടുകള്‍ക്ക് വിധേയരുമാണ്. 'റിസര്‍വ്' ആയി കിടക്കുന്ന ഭൂമി വളരെ വിസ്തൃതമാണെങ്കിലും ഭൂമിക്കുവേണ്ടിയുള്ള ഹരിജനങ്ങളുടെ അപേക്ഷകള്‍ പ്രാധാന്യത്തോടെ കണക്കാക്കുകയോ ശ്രദ്ധിക്കുകയോ ചെയ്യാറില്ല. ഭൂമിയുടെ സിംഹഭാഗവും സവര്‍ണര്‍ക്ക് പ്രയോജനപ്പെടുന്നു.

4. അസംബ്ലി തെരഞ്ഞെടുപ്പിലേക്കു വേണ്ടി വര്‍ഷം തോറും ഓരോ ഹരിജന്‍ സമുദായത്തില്‍ നിന്നും ഒരാളെ വീതം ഗവണ്‍മെന്റ് നാമനിര്‍ദേശം ചെയ്യുന്നു. അവരെ തെരഞ്ഞടുക്കുന്നത് ഹരിജനങ്ങളുടെ യാതനകള്‍ അസംബ്ലി മുമ്പാകെ അവതരിപ്പി ക്കുന്നതിനു വേണ്ടിയാണെ ങ്കിലും, അവര്‍ സര്‍ക്കാര്‍ സംവിധാനമായി കാണപ്പെടുന്നു; അതായത്, സവര്‍ണ ഉദ്യോഗസ്ഥന്മാരുടെ കളിപ്പാട്ടങ്ങള്‍! ഇവര്‍ മുഖേന സവര്‍ണ ഉദ്യോഗസ്ഥന്മാര്‍ക്ക് പ്രയോജനമുണ്ടാകുന്നു. അങ്ങനെ, ഹരിജനങ്ങളുടെ സങ്കട നിവര്‍ത്തി ഒരു വിധത്തിലും ഉണ്ടാകുന്നതേയില്ല.

5. തിരുവിതാംകൂറിലെ ഹരിജനങ്ങളെല്ലാം പാടങ്ങളിലോ പറമ്പുകളിലോ പണിയെടുക്കുന്നവരാണ്. സവര്‍ണരുടെ കൂലിവേലക്കാരാണ് അവര്‍; സവര്‍ണര്‍ ഇവരോട് മൃഗങ്ങളോടെന്ന പോലെ പെരുമാറുന്നു - അവരുടെ രക്ഷക്കാരും തന്നെയില്ല. സംസ്ഥാനത്തിന്റെ മിക്കവാറും എല്ലാ ഭാഗങ്ങളിലും എല്ലാ ഹരിജനങ്ങള്‍ക്കും കൂലിയായി കിട്ടുന്നത് രണ്ടു ചക്രം (ഒരണ) മാത്രമാണ്. ക്ഷേത്രപ്രവേശനത്തിനു ശേഷവും അവര്‍ക്ക് നേരിടേണ്ടിവരുന്ന സാമൂഹ്യ പരാധീനതകള്‍ മുമ്പത്തേതു പോലെയാണ്. തിരുവിതാംകൂര്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഫാക്ടറി കളിലെ തൊഴിലാളികളും സംസ്ഥാന ഉദ്യോഗസ്ഥന്മാരും സവര്‍ണരാണ്; അവരാകട്ടെ ഇപ്പോള്‍ ഉത്തരവാദിത്വ ഭരണത്തിനു വേണ്ടി പ്രക്ഷോഭം കൂട്ടുന്നു. ഇപ്പോള്‍ ഹരിജനങ്ങള്‍ സര്‍ക്കാര്‍ സര്‍വീസിലും ഫാക്ടറി കളിലും ജോലി ആവശ്യപ്പെടുന്നു. എന്നാല്‍ തിരുവിതാംകൂറിലെ പ്രക്ഷോഭം സവര്‍ണ പ്രക്ഷോഭമാണ്; അവര്‍ പ്രസ്തുത പ്രക്ഷോഭ ത്തിലൂടെ പബ്ലിക് സര്‍വീസുകളിലും ഫാക്ടറികളിലും നിന്ന് ഹരിജനങ്ങളെ ഒഴിവാക്കുന്നതിനുള്ള ഒരുക്കങ്ങള്‍ ചെയ്തിരിക്കുകയാണ്. അവര്‍ കൂടുതല്‍ വേതനത്തിനും കൂടുതല്‍ വിശേഷാവകാശങ്ങള്‍ക്കും വേണ്ടി വാദിക്കുന്നു. തിരുവിതാംകൂറിലെ ജനങ്ങള്‍, ഫാക്ടറി തൊഴിലാളികളുടെ പ്രക്ഷോഭം കൊണ്ട് ഭ്രാന്തു പിടിക്കുമ്പോള്‍, ഹരിജന്‍ തൊഴിലാളികളോട് തികഞ്ഞ അവഗണനയാണ് അവര്‍ കാട്ടുന്നത്. ഹരിജന്‍ തൊഴിലാളികളുടെ വേതന നിരക്ക് വളരെ താണതാണെങ്കിലും, ഫാക്ടറി തൊഴിലാളിയുടെ നിരക്ക് ആദ്യത്തേതിനേക്കാള്‍ മൂന്നിരട്ടിയാണ്. 

6. പട്ടിണിയും ഉചിതമായ ജീവിതമാര്‍ഗത്തിന്റെ അഭാവവും മൂലം, ഹരിജനങ്ങളുടെ കുട്ടികളുടെ തലക്ക് ചൂടുപിടിക്കുകയും തത്ഫലമായി അവര്‍ സ്‌കൂളുകളില്‍ പരാജയപ്പെടാന ിടയാകുകയും ചെയ്യുന്നു. വിളംബരത്തിനുമുമ്പ്, ഹൈസ്‌കൂളിലെ സൗജന്യത്തിന്റെ കാലയളവ് 6 വര്‍ഷമായിരുന്നു. ഇപ്പോള്‍ അത് 3 വര്‍ഷമായി കുറവ് ചെയ്തിരി ക്കുന്നു. ഫലമോ, ധാരാളം വിദ്യാര്‍ത്ഥികള്‍ തങ്ങളുടെ പരാജയത്തിനു ശേഷം പഠനം നിര്‍ത്തുന്നു.

7. അധഃസ്ഥിത വര്‍ഗങ്ങള്‍ക്കു വേണ്ടി ഒരു വകുപ്പ് രൂപീകരിച്ചിട്ടുണ്ട്. അതിന്റെ തലവന്‍ മി. സി ഒ ദാമോദരനാണ്. (പിന്നോക്ക സമുദായ ങ്ങളുടെ സംരക്ഷകന്‍) ഓരോ വര്‍ഷവും ഒരു വലിയ സംഖ്യ ചെലവഴിക്കുന്നതിലേക്കായി അനുവദിക്ക പ്പെട്ടിട്ടു ണ്ടെങ്കിലും, വര്‍ഷാവസാനം പ്രസ്തുത സംഖ്യയുടെ മൂന്നില്‍ രണ്ടുഭാഗം അദ്ദേഹത്തിന്റെ കൂര്‍മബുദ്ധി മൂലം ലാപ്‌സായി പോകുന്നു. തുക ചെലവഴിക്കുന്നതിന് വഴിയില്ലെന്നു കാണിച്ച് അദ്ദേഹം ആണ്ടുതോറും ഗവണ്‍മെന്റിന് റിപ്പോര്‍ട്ടു സമര്‍പ്പിക്കുന്നു. അധഃസ്ഥിത വര്‍ഗത്തിനു വേണ്ടി അനുവദിക്കപ്പെടുന്ന സംഖ്യയുടെ 95 ശതമാനവും ഉദ്യോഗസ്ഥ രുടെ ശമ്പളത്തിലേക്കായി ചെലവഴിക്കുന്നു. ഉദ്യോഗസ്ഥ ന്മാരാകട്ടെ സവര്‍ണരും; 5 ശതമാനമാണ് അധഃസ്ഥിത വര്‍ഗങ്ങള്‍ക്ക് പ്രയോജന പ്പെടുന്നത്. ഇപ്പോള്‍ ഗവണ്‍മെന്റ് സംസ്ഥാനത്തിന്റെ 3 ഭാഗങ്ങളില്‍ കോളനികള്‍ സ്ഥാപിക്കാന്‍ പോകുകയാണ്. ഉദ്യോഗസ്ഥന്മാര്‍ സവര്‍ണ രാണ്. ഈ പദ്ധതി, എന്റെ അഭിപ്രായത്തില്‍, ഗവണ്‍മെന്റ്, അതിന് വേണ്ടത്ര ശ്രദ്ധ ചെലുത്തിയില്ലെങ്കില്‍, വിജയിക്കാന്‍ പോകുന്നില്ല. കൊച്ചി ഗവണ്‍മെന്റ് ഹരിജനോദ്ധാര ണത്തിനായി ഒരു രൂപ ചെലവഴിക്കു മ്പോള്‍ തിരുവിതാംകൂര്‍ ഗവണ്‍മെന്റ് ഒരണയാണ് അതിലേക്ക് ചെലവഴിക്കുന്ന തെന്നോര്‍ക്കുമ്പോള്‍ എനിക്ക് ദുഃഖമുണ്ട്.

8. തിരുവിതാംകൂറിലെ പ്രജകളില്‍ ഭൂരിപക്ഷവും ഇപ്പോള്‍ ഉത്തര വാദിത്വ ഭരണത്തിനുവേണ്ടി 'തിരുവിതാംകൂര്‍ സ്‌റ്റേറ്റ് കോണ്‍ഗ്രസി'ന്റെ കീഴില്‍ ശക്തിയായി പ്രക്ഷോഭം കൂട്ടിക്കൊണ്ടിരി ക്കുകയാണ്. ഈ ജനപ്രീതിയുള്ള സംഘടനാ നേതാക്കള്‍ സംസ്ഥാനത്തെ 4 പ്രമുഖ സമുദായങ്ങളില്‍ പെട്ടവരാണ്.; അതായത് - നായര്‍, മുഹമ്മദീയര്‍, ക്രിസ്ത്യന്‍, ഈഴവ സമുദായങ്ങള്‍. സ്റ്റേന്റ് കോണ്‍ഗ്രസ് പ്രസിഡന്റ് മി. താണുപിള്ള ഒരു പ്രസ്താവന ഇറക്കുകയും അതില്‍ അധഃസ്തിത വര്‍ഗങ്ങള്‍ക്ക് പ്രത്യേക ആനുകൂല്യങ്ങള്‍ നല്‍കുന്നതാണെന്ന് ഊന്നിപ്പറയു കയും ചെയ്തിരുന്നു. അധഃസ്ഥിത വര്‍ഗങ്ങളുടെ എല്ലാ നേതാക്കന്മാരും സ്റ്റേറ്റ് കോണ്‍ഗ്രസിന്റെ മനോഭാവം അറിയുന്നതി ലേക്കായി കാത്തിരിക്കു കയാണ്. ഈ നേതാക്കന്മാരുടെ വാഗ്ദാനത്തില്‍ യാഥാര്‍ഥ്യമില്ലെന്ന് ഇപ്പോള്‍ ഞങ്ങള്‍ക്ക് മനസിലായി.

9. ഹരിജനങ്ങളുടെ പ്രശ്‌നം നേതാക്കന്മാര്‍ അവഗണിച്ചിരിക്കുകയാണെന്ന് ഇപ്പോള്‍ എനിക്കുറപ്പുണ്ട്. സ്റ്റേറ്റ് കോണ്‍ഗ്രസ് ദേശീയത എന്ന തത്വത്തിന്റെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തന മാരംഭിച്ചുവെങ്കിലും ഇപ്പോള്‍ അത് വര്‍ഗീയതയുടെ സ്ഥാപനമായി ത്തീര്‍ന്നിരിക്കുകയാണ്. നേതാക്കന്മാരെ ഇപ്പോള്‍ നയിക്കുന്ന ശക്തി വര്‍ഗീയ വികാരമാണ്. എല്ലാ പൊതു പ്രസംഗത്തിലും പ്രസ്താവനയിലും ലേഖനത്തിലും ഈ 4 പ്രമുഖ സമുദായങ്ങളെ മാത്രമേ പരാമര്‍ശിക്കാറുള്ളൂ. അപ്പോഴൊന്നും ഞങ്ങളെ കുറിച്ച് ചിന്തിക്കാറേ ഇല്ല - ഞാന്‍ ഭയപ്പെടുന്നു, തിരുവിതാംകൂറിലെ രാഷ്ട്രീയ പ്രക്ഷോഭ ത്തിന്റെ നേതാക്കന്മാരുടെ സ്ഥിതി ഇതാണെങ്കില്‍, ഉത്തരവാദിത്വ ഭരണം നേടിക്കഴിയുമ്പോള്‍, അധഃസ്ഥിത വര്‍ഗങ്ങളുടെ സ്ഥിതി കൂടുതല്‍ പരിതാപകര മായിരിക്കും. എന്തുകൊണ്ടെന്നാല്‍, ഗവണ്‍മെന്റിന്റെ മുഴുവന്‍ അധികാരവും അപ്പോള്‍ മുകളില്‍ പരാമര്‍ശിച്ച സമുദായങ്ങളുടെ മുഷ്ടിബന്ധത്തി ലായിരിക്കുന്നതും, അധഃസ്ഥിത വര്‍ഗങ്ങളുടെ അവകാശങ്ങളും വിശേഷാവകാശങ്ങളും മുന്‍പറഞ്ഞവര്‍ ആര്‍ത്തിയോടെ വിഴുങ്ങുകയും ചെയ്യും. സ്‌റ്റേറ്റ് കോണ്‍ഗ്രസിന്റെ പ്രവര്‍ത്തക കമ്മിറ്റി യോഗങ്ങളില്‍ മൂന്നില്‍ രണ്ട് ഭാഗം സമയവും ആലപ്പുഴ കയര്‍ ഫാക്ടറിയിലെ പണിമുടക്കിനെ കുറിച്ച് ചര്‍ച്ച ചെയ്യാനാണ് നീക്കിവെച്ചത്; എന്നാല്‍, പ്രസ്തുത യോഗത്തില്‍ ഹിരജന്‍ തൊഴിലാളികള്‍ അനുഭവിക്കുന്ന അനേക തരത്തിലുള്ള ബുദ്ധിമുട്ടുകളെ പറ്റി യാതൊന്നും തന്നെ പരാമര്‍ശിച്ചില്ല. ഫാക്ടറി തൊഴിലാളികള്‍ സവര്‍ണരും, ഉത്തരവാദിത്വ ഭരണത്തിനു വേണ്ടിയുള്ള പ്രക്ഷോഭം ഒരുതരം ഹരിജന വിരുദ്ധ പ്രസ്ഥാനവുമാണ്. സ്‌റ്റേറ്റ് കോണ്‍ഗ്രസിലെ ഓരോ നേതാവിന്റെയും ഉദ്ദശം സവര്‍ണരുടെ സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുക എന്നതാണ്. ലാഭേഛാ മനോഭാവമുള്ള ചില പ്രമുഖ സമുദായങ്ങളുടെ നേതാക്കന്മാര്‍, അവരുടെ പുരോഗതിക്കു വേണ്ടി അധഃസ്ഥിത വര്‍ഗങ്ങളെ ബലികഴിക്കാന്‍ പോവുകയാണ്. 

10. സംസ്ഥാനത്തെ അധഃസ്ഥിത വര്‍ഗങ്ങളുടെ അവസ്ഥകള്‍ ഇതെല്ലാമാണ്. സംസ്ഥാനത്തെ തങ്ങളുടെ അവകാശങ്ങള്‍ സ്ഥാപിച്ചടുക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ എന്തെല്ലാമാണ്? ഈ സന്ദര്‍ഭത്തില്‍ സൗമനസ്യ പൂര്‍വം അങ്ങ് ഉപദേശം നല്‍കണമെന്ന് ഞാന്‍ വിനയ പൂര്‍വം അപേക്ഷിക്കുന്നു. മറുപടിക്കുവേണ്ടി ഞാന്‍ കാത്തിരിക്കുകയാണ്.

ബുദ്ധിമുട്ടിച്ചതിന് ക്ഷമിക്കുമല്ലോ.

താങ്കളുടെ വിശ്വസ്ഥനായ 
ശ്രീനാരായണ സ്വാമി.