"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, ഏപ്രിൽ 11, ശനിയാഴ്‌ച

ശലഭ ഹിംസയുടെ ഭരണ വര്‍ഗ ഭാഷ്യങ്ങള്‍ - സച്ചിദാനന്ദന്‍


ദലിത് മനഃസാക്ഷിയെ ഭരണകൂടം അടിച്ചിരുത്തു ന്നതിന്റെ മറ്റൊരു ഉദാഹരണമാണ് ജയന്‍ ചെറിയാന്‍ സംവിധാനം ചെയ്ത പപ്പിലിയോ ബുദ്ധ എന്ന ചലച്ചിത്രത്തിന്റെ നിരോധനം. ഈ ചലച്ചിത്രം ഇന്ത്യന്‍ ഫിലിം സെന്‍സര്‍ ബോഡിനെ പ്രകോപിപ്പി ച്ചിരിക്കുന്നു. ഇനിയെങ്കിലും ഈ ചിത്രത്തിന് പ്രദര്‍ശനാനുമതി നല്‍കേണ്ടതുണ്ട്. കേരളത്തില്‍ നടക്കുന്ന അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ ഈ സിനിമയുടെ പ്രദര്‍ശനം വിലക്കിയിരിക്കുകയാണ്. പല അന്താരാഷ്ട്രമേളകളിലും മത്സരിക്കാനുള്ള ചലച്ചിത്രത്തിന്റെ അവസരമാണ് അനുമതി നിഷേധിക്കുന്നതിലൂടെ സെന്‍സര്‍ ബോഡ് ഇല്ലാതാക്കിയത്. അനുമതി വൈകുന്നതിന്റെ ഔദ്യോഗിക കാരണമായി അധികാരികള്‍ പറഞ്ഞത് ഈ സിനിമയില്‍ അസഭ്യമായ ഭാഷ ഉപയോഗിക്കുന്നു വെന്നാണ്. പ്രത്യേകിച്ചും ഗാന്ധിയെ 'ദുരുപയോഗം' ചെയ്യുന്നുവെന്ന്. അനുമതി നിഷേധത്തിന്റെ അനൗദ്യോഗിക കാരണം ഈ സിനിമ ദലിത് മൂല്യങ്ങളെ ഉയര്‍ത്തിപ്പിടിക്കുന്നുവെന്നാണ്. ഈ സിനിമ നിലനില്‍ക്കുന്ന എല്ലാ സംഘടിത രാഷ്ട്രീയ പാര്‍ട്ടികളുടേയും പല നിലപാടുകളെയും ചോദ്യം ചെയ്യുന്നുണ്ട്.

അമേരിക്കന്‍ മലയാളിയും സംവിധായകനുമായ ജയന്‍ കെ.ചെറിയാന്‍ കലയിലും ജീവിതത്തിലും വ്യവസ്ഥാപിതമായ മൂല്യ സങ്കല്പങ്ങളെ വിട്ടുവീഴ്ചയില്ലാത്തവിധം ചോദ്യം ചെയ്ത ആളാണ്. ആദ്യത്തെ ലഘുചിത്രമായ 'ഷെയ്പ് ഓഫ് ദ ഷെയ്പ് ലെസ്സ്' (2010) അത്തരത്തിലൊ ന്നാണ്. പല ജീവിതം നയിക്കുന്ന ഇതരലിംഗ വേഷപ്രേമമുള്ള ഒരാളുടെ ജീവിതം പച്ചയായി ആവിഷ്‌കരിച്ചുകൊണ്ട് ചലച്ചിത്ര രംഗത്ത് ജയന്‍ വലിയ കോളിളക്കം തന്നെ സൃഷ്ടിച്ചു.ഈ ഡോക്യുമെന്ററി കാന്‍സ്, ആതന്‍സ് ഫെസ്റ്റുവെല്ലു കളിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. സാന്‍ഫ്രാ ന്‍സിസ്‌കൊ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവെല്ലില്‍ സില്‍വര്‍ മെഡല്‍ കരസ്ഥമാക്കുകയുണ്ടായി.

വംശീയവും ജാതീയവും സാമ്രാജ്യത്വസംബന്ധിയുമായ പ്രമേയങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് മുമ്പ് നിരവധി ചിത്രങ്ങള്‍ അദ്ദേഹം സംവിധാനം ചെയ്തിരുന്നു. അമേരിക്കന്‍ രാഷ്ട്രീയത്തിലെ ബുഷ് കാലഘട്ടത്തെ വിമര്‍ശിക്കുന്ന Thandava, the dance of the disillusionment (2006) കൃസ്ത്യന്‍ സുവിശേഷകനും സിക്കുകാരനായ കാര്‍ ഡ്രൈവറും തമ്മിലുള്ള ബന്ധം ആവിഷ്‌കരിക്കുന്ന Tree of life (2007) ഒരു ഇറാനിയന്‍ കാര്‍ട്ടൂണിസ്റ്റിന്റെ കണ്ണുകളിലൂടെ പൊതു സ്വകാര്യം എന്നീ ചിന്തകള്‍ പ്രശ്‌ന വല്‍ക്കരിക്കുന്ന Capturing the sign of God (2008) സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ഒരു യുദ്ധത്തിന്റെ ഇരയായ, പക്ഷാഘാതം സംഭവിച്ച വെള്ളക്കാര ന്റേയും അയാളുടെ കറുത്ത വര്‍ഗ്ഗക്കാരിയായ കൂട്ടുകാരിയുടെയും കഥ പറയുന്ന Love in the time of Clousure എന്നിവ ഉദാഹരണങ്ങളാണ്. ഒരു കവി എന്ന നിലയിലാണ് ജയന്‍ സ്വന്തം കര്‍മ്മപഥം തിരഞ്ഞെടുക്കുന്നത്.സ്വന്തം നിലപാടുകള്‍ രാഷ്ട്രീയമായി പ്രഖ്യാപിക്കുന്ന നാല് കാവ്യ സമാഹരണങ്ങള്‍ അദ്ദേഹത്തിന്റെതാ യിട്ടുണ്ട്. ഒരു ഘട്ടത്തില്‍ നക്‌സല്‍ പ്രസ്ഥാനത്തില്‍ അണിചേരുകയും ജയന്‍ ജയിലിലടക്കപ്പെടുക യുമുണ്ടായി. ഇപ്പോള്‍ ഒരു രാഷ്ട്രീയ പ്രസ്ഥാനത്തോടും ആഭിമുഖ്യം വെച്ചു പുലര്‍ത്തുന്നില്ലെങ്കിലും പ്രതിഷേധിക്കുന്നവന്റെ ശബ്ദം അദ്ദേഹത്തില്‍ മുഴങ്ങുന്നുവെന്നാണ് രാഷ്ട്രീയമായും കലാപരമായും പ്രത്യാഘാത ങ്ങളുണ്ടാക്കുന്ന ഈ ചിത്രം വെളിപ്പെടുത്തുന്നത്.

പപ്പിലിയോ ബുദ്ധ എന്ന സിനിമയ്ക്കുള്ള പ്രധാന പ്രേരണയാവുന്നത് ദലിത് ഹ്യൂമണ്‍ റൈറ്റ്‌സ് മൂവ്‌മെന്റി (DHRM) നെ 'ഭീകര വാദ സംഘടന'യായി കെട്ടിച്ചമച്ച് കൊണ്ട് വന്ന മാധ്യമ റിപ്പോര്‍ട്ടുകളാണ്. പക്ഷേ യഥാര്‍ത്ഥത്തില്‍ കേരളത്തിലെ പാര്‍ശ്വവല്‍കൃ തര്‍ക്കിടയിലെ മനുഷ്യാവകാശങ്ങള്‍ക്കു വേണ്ടിയുള്ള സമരങ്ങളെ പിന്തുണയ്ക്കുകയും വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്തു വന്ന ശാന്ത സ്വഭാവമുള്ള സംഘടനയാണത്.

ആഫ്രിക്കന്‍- അമേരിക്കക്കാരുടെ അവകാശ സമരങ്ങളെക്കുറിച്ചുള്ള ആദിവാസി ദലിത് വിഭാഗങ്ങളുടെ മുന്നേറ്റ പ്രസ്ഥാനങ്ങളെക്കുറിച്ചും ആഴത്തിലുള്ള ധാരണ നേടിയ ആളാണ് ജയന്‍ ചെറിയാന്‍. അമേരിക്ക യിലും ഇന്ത്യയിലും സ്റ്റേറ്റ് എങ്ങനെയാണ് കുത്സിത മാര്‍ഗങ്ങളിലൂടെ മുതലാളിത്ത വ്യവസ്ഥിതിയില്‍ ദലിതന്റേയും ആദിവാസി കളുടെയും ഭൂമിയും സ്വത്തും കൈയ്യടക്കുന്നതെന്ന് അദ്ദേഹം സൂക്ഷ്മമായി നിരീക്ഷിച്ചിട്ടുണ്ട്.

ദലിതനേയോ ആദിവാസിയേയോ ഒരര്‍ത്ഥത്തിലും പിന്തുണയ്ക്കാത്ത വികസനത്തിന്റെ പേരില്‍ സ്വന്തം ഭൂമിയില്‍ നിന്നും അവന്‍ ആട്ടിയിറക്കപ്പെടുമ്പോള്‍ ഇരുരാജ്യങ്ങളിലും ഇവര്‍ക്ക് തൊഴിലവസര ങ്ങളോ പുനരധിവാസ സാധ്യതകളോ ഇല്ലാതാവുകയാണു ണ്ടായത്. മുഖ്യാധാരാ രാഷ്ട്രീയത്തിന്റെ കാഴ്ചപ്പാടുകളില്‍ മാറി നിന്ന് ചെങ്ങറയിലേയും മുത്തങ്ങയിലേയും ഭൂസമരങ്ങളെക്കുറിച്ച് അദ്ദേഹം പഠിച്ചിട്ടുണ്ട്. സംവിധായകന്റെ തന്നെ ഭാഷയില്‍ ഈ ചലച്ചിത്രത്തിന് കറുത്ത വര്‍ഗക്കാരുടെ നേതാക്കളായ John African of move, MacamX, WEB Du Boil എന്നിവരെ കൂടാതെ അംബേദ്ക്കറുടെ ചിന്തകളും പ്രത്യേകിച്ചും ആത്മീയമായ പ്രചോദനം നല്‍കുന്ന ബുദ്ധമതത്തിന്റെ ചിന്തകളും ചലചിത്രത്തിലേക്ക് നയിച്ചിട്ടുണ്ട്.


ഈ ചലച്ചിത്രം എടുക്കുന്നതിന് മുന്‍പ് ചെറിയാന്‍ മാസങ്ങളോളം കേരളത്തിലെ ആദിവാസികളുടേയും ദലിതുകളുടേയും ഇടയില്‍ താമസിച്ച് അവരുടെ ഭാഷ, രാഷ്ട്രീയത്തിലെ പുതിയ പ്രവണതകള്‍ എന്നിവയെ സംബന്ധിച്ച് ധാരണ നേടിയിരുന്നു. അദ്ദേഹത്തിന്റെ തന്നെ അധ്യാപകരായ ഗിറ്റ്‌ലിന്‍, ഗുസ്താവോ, ആന്‍ഡ്രിയ വെയ്‌സ് (UN Fever Fame) എന്നിവരും വെര്‍ണര്‍ ഹെര്‍സോഗിനെ പോലുള്ള നിര്‍മ്മാതാക്കളും അദ്ദേഹത്തെ സ്വാധീനിച്ചു.

പപ്പിലിയോ ബുദ്ധ സാങ്കല്പികമായി പുനഃ സൃഷ്ടിക്കുന്നതിന് ഒരു പതിറ്റാണ്ട് മുന്‍പ് കേരളത്തില്‍ നടന്ന, എന്നാല്‍ പൊതു മനസ്സില്‍ നിന്ന് മായാന്‍ തുടങ്ങുന്ന ഭൂസമര ങ്ങളുടെ തീവ്രമായ അനുഭവങ്ങളുണ്ട്. കേരളത്തില്‍ ഒരു ഇടതു പ്രസ്ഥാനം സാധ്യമായത് ശ്രീനാരായണഗുരു, അയ്യങ്കാളി തുടങ്ങി സമൂഹത്തിന്റെ അടിത്തട്ടില്‍ നിന്നും ഉയര്‍ന്നു വന്ന നേതാക്കളുടേയും ആദിവാസി വിഭാഗം സംഭാവനചെയ്ത നേതാക്കളു ടേയും നവോത്ഥാന പ്രസ്ഥാനങ്ങളില്‍ നിന്നും ഊര്‍ജ്ജമുള്‍ക്കൊണ്ടു തന്നെയാണ്. എങ്കിലും നമ്മുടെ മുഖ്യധാരാ ഇടതുപക്ഷം ദലിതുകളുടേയോ ആദിവാസി കളുടേയോ അവകാശങ്ങള്‍ക്ക് അര്‍ഹിക്കുന്ന പരിഗണനയോ നല്‍കുക, ഈ വിഭാഗങ്ങളുടെ ഭൂമിക്കും അന്തസ്സിനും വേണ്ടിയുള്ള സമരങ്ങളോട് ഒരിക്കല്‍ പോലും അനുഭാവപൂര്‍ണമായ നിലപാട് സ്വീകരിക്കുകയോ ഉണ്ടായില്ല. മാത്രമല്ല ഇടതു പ്രസ്ഥാനങ്ങള്‍ നടപ്പിലാക്കിയ ഭൂപരിഷ്‌ക്കരണം ഭൂരഹിത ദളിത് കര്‍ഷകന് ഒരു തരത്തിലും ഗുണം ചെയ്തില്ല. 

സ്ത്രീകളുടേയും ദളിതുകളുടെ ആദിവാസികളുടേയും ഇടയില്‍ രൂപപ്പെടുന്ന പുതുസ്വാതന്ത്ര്യബോധത്തെ കേരളത്തിലെ ഇടത്-വലത് പ്രസ്ഥാനങ്ങള്‍ ഭയപ്പെടുന്നുവെന്ന് മാത്രമല്ല ഒരേ വേദി പങ്കിട്ട് ഇത്തരം ശ്രമങ്ങള്‍ക്ക് വര്‍ഗ്ഗപരമായി യാതൊരു ബന്ധവുമില്ലെന്ന പോലെ 'സ്വത്വരാഷ്ട്രീയവാദം' എന്ന് പറഞ്ഞ് തള്ളിക്കളയാന്‍ ശ്രമിക്കുന്നു.

കേരള സമൂഹത്തിലെ ദലിത് വിരുദ്ധ വികാരത്തിന്റേയും ജാതിബോധത്തിന്റേയും ഉദാഹരണമായി രണ്ട് സംഭവങ്ങള്‍ ചിത്രത്തില്‍ ആവിഷ്‌ക്കരിക്കുന്നുണ്ട്. ഒന്ന് ഈ ലേഖനത്തില്‍ ആദ്യം പറഞ്ഞ ദലിത് ഹ്യൂമണ്‍ റൈറ്റ്‌സ് മൂവ്‌മെന്റ് (DHRM) എന്ന സംഘടനയെക്കുറിച്ചാണ്. ഒരു സ്വയം സഹായ സംഘം എന്ന നിലയില്‍ ദലിത് സമൂഹത്തിന്റെ സത്ത ഉയര്‍ത്തുന്നതിനും അണുകുടുംബ സംവിധാനത്തില്‍ നിന്നും വ്യത്യസ്തമായി പുതുകുടുംബ മാതൃകകള്‍, ഭക്ഷണം പാകം ചെയ്യുന്നതിലും കഴിക്കുന്നതിലുമുള്ള പുതുമാതൃകകള്‍, വേഷത്തില്‍ പുതിയ രൂപം എന്നിവ ലക്ഷ്യം വെച്ചുള്ളതായിരുന്നു. അതുകൊണ്ടു തന്നെ പോലീസിന്റേയും ശിവസേനയുടേയും ഇടയില്‍ അവര്‍ 'തീവ്ര' സ്വഭാവമുള്ളവരായി. അവരുടെ മേല്‍ കൊലക്കുറ്റം വരെ ആരോപിക്കപ്പെട്ടു.

അടുത്തായി വടക്കന്‍ കേരളത്തില്‍ പയ്യന്നൂര്‍ എന്ന സ്ഥലത്തുള്ള ചിത്രലേഖ എന്ന ദലിത് സ്ത്രീയുടെ അനുഭവമാണ്. CITU എന്ന സംഘടനയുടെ വിലക്കുകള്‍ /ശാസനകള്‍ മറി കടന്ന് അവര്‍ ഓട്ടോറിക്ഷ ഓടിച്ചു. 

അതുവരെ പുരുഷന്‍ കൈയ്യടക്കിയ തൊഴില്‍ മേഖലയാണ് അത്. ഫലമോ അവളെ ഭ്രാന്തിയെന്നും മദ്യപാനിയെന്നും മുദ്രകുത്തുകയും ദേഹോപദ്രവ മേല്‍പ്പിക്കുകയും ഒടുവില്‍ അവളുടെ ഓട്ടോറിക്ഷ കത്തിക്കുകയും ചെയ്തു. ഈ സംഭവത്തോടെ സ്ത്രീപക്ഷ ആക്ടിവിസ്റ്റുകളും ദലിത് സംഘടനകളും അവളുടെ അവകാശത്തിനു വേണ്ടി മുന്നോട്ടു വന്നു. 


ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിനും വ്യാഖ്യാന സ്വാതന്ത്ര്യത്തിനുമായി മാര്‍ക്കേസിന്റെ മരാന്റോ, വിജയന്റെ ഖസാക്ക് എന്നിവയെ പ്പോലെ പാപ്പിലിയോ ബുദ്ധ എന്ന സിനിമയിലെ സംഭവങ്ങളെല്ലാം നടക്കുന്നത് ഒരു സാങ്കല്പിക സ്ഥലത്താണ് അത് ചലച്ചിത്രത്തിലെ സംഭവ ങ്ങള്‍ക്ക് ഒരു കഥയുടെ പ്രഭാവലയം തീര്‍ക്കുന്നു. ദൃശ്യങ്ങളിലെ വെളിച്ചത്തിന്റെ ക്രമീകരണം സിനിമയുടെ ആഖ്യാനത്തെ സവിശേഷമാക്കുന്നു. പ്രമേയത്തിലെ കഥാപാത്രങ്ങളുടെ ജീവിതവുമായി ബന്ധപ്പെട്ട് ബോധപൂര്‍വ്വം ദൃശ്യങ്ങളില്‍ നിന്നും കടുംവര്‍ണങ്ങള്‍ ഒഴിവാക്കി നിര്‍ത്തുന്നു. പശ്ചാത്തലം വരണ്ട നിറമുള്ളതാണ്. കുന്നുകളും വിളഞ്ഞപാടങ്ങളും രഹസ്യങ്ങള്‍ ഉള്‍ക്കൊള്ളുന്നതും ചലചിത്രം വിനിമയം ചെയ്യാന്‍ ശ്രമിക്കുന്ന പ്രതിഷേധത്തിന്റെ ആത്മീയത നിഴലിക്കുന്നതുമാണ്. പക്ഷേ ഇതൊന്നും തന്നെ ചിത്രത്തിന്റെ ദൃശ്യപരമായ ചാരുത ഒട്ടും തന്നെ കുറയ്ക്കുന്നില്ല, പ്രത്യേകിച്ചും വെളിച്ചത്തിന്റെയും നിഴലിന്റെയും മിശ്രണവും വര്‍ണ വസ്ത്രം ധരിച്ചെത്തുന്ന ജനങ്ങളും. 

ഈ ചലചിത്രത്തില്‍ പല കഥാസന്ദര്‍ഭങ്ങളെ ബന്ധിപ്പിക്കുന്ന ഒരു കണ്ണിയാണ് ശങ്കരന്‍ എന്ന ദളിത് യുവാവ്. അയാള്‍ വെള്ളക്കാരനായ ശലഭ ഗവേഷകന്റെ സഹായി മാത്രമല്ല. വെള്ളക്കാരനുമായുള്ള നൈമിഷികമായുള്ള ശാരീരിക ബന്ധത്തിലും ശങ്കരന്‍ പങ്കാളിയാകുന്നുണ്ട്. ഒടുവില്‍ 'തീവ്രവാദി' എന്ന് ശങ്കരന്‍ മുദ്രയടിക്കപ്പെടുന്നു. ക്രൂരമായ പോലീസ് പീഢനമേല്‍ക്കേണ്ടിവരുന്നു. ജവഹര്‍ലാല്‍ നെഹ്രു യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഉയര്‍ന്ന ബിരുദം നേടിയ ശങ്കരന്‍ സ്വന്തം അനുഭവങ്ങള്‍ വര്‍ത്തമാനകാല ദലിത് അവസ്ഥ തിരിച്ചറിയുന്നതിന് കാരണമാകുന്നു. 

കല്ലേന്‍ പൊക്കുടന്‍ അവതരിപ്പിക്കുന്ന കരിയന്‍ ആണ് സിനിമയിലെ മറ്റൊരു ശക്തമായ കഥാപാത്രം. ഒരു കമ്മ്യൂണിസ്റ്റ് എന്ന നിലയില്‍ ജീവിതം ആരംഭിച്ച ആളാണ് കരിയന്‍. ദലിത് സമരങ്ങളോടും പരിസ്ഥിതി പ്രവര്‍ത്തനങ്ങളോടും ഉള്ള പാര്‍ട്ടി (ഇരട്ടത്താപ്പ്) നിലപാട് അറിഞ്ഞ് അതില്‍ നിന്നും മോചിതനായ വ്യക്തിയാണ് കരിയന്‍. ധീരവും ശക്തയുമായ മറ്റൊരു പ്രധാന കഥാപാത്രമാണ് മഞ്ജുശ്രീ. അദ്ധ്വാനിച്ച് സമാഹരിച്ച പണം കൊണ്ട് ദലിത് കുട്ടികളെ പഠിപ്പിക്കുന്നു. അവളുടെ ഇത്തരം പ്രവര്‍ത്തനങ്ങളെ തടയുന്നവരെ അവള്‍ തന്നെ പ്രതിരോധി ക്കുന്നുണ്ട്. തീര്‍ത്തും പുരുഷന്റെ ആധിപത്യം നിലനില്‍ക്കുന്ന ഓട്ടോ ഡ്രൈവര്‍ എന്ന തൊഴില്‍ ചെയ്യുന്നതു കൊണ്ട് തന്നെ മഞ്ജുശ്രീ യൂണിയന്‍കാരുടെ കോപത്തിന് ഇരയാവുകയും ബലാത്സംഗം ചെയ്യപ്പെടുകയും ചെയ്യുന്നു. ഇടതുഭരണകാലത്തെ ചങ്ങറ സമരവും മുന്‍പുള്ള മുത്തങ്ങ സമരവും ഈ ചിത്രത്തില്‍ ആവിഷ്‌കരിക്ക പ്പെടുന്നുണ്ട്. ഈ രണ്ടു സമരങ്ങളെയും കുലീന ഇടതുപക്ഷക്കാരടക്കമുള്ള രാഷ്ട്രീയ സംഘടനകള്‍ എതിര്‍ത്തതാണ്. കണ്ടല്‍ക്കാടുകള്‍ പുനരുജ്ജീവിപ്പി ക്കാനുള്ള ശ്രമവും ചിത്രത്തിന്റെ പ്രമേയ പരിസരമായി എത്തുന്നു. ചുരുക്കത്തില്‍ അഭിനേതാക്കള്‍ അവരുടെ ജീവിതം തന്നെയാണ് ക്യാമറക്കു മുന്നില്‍ പറിച്ചു നടുന്നത് എന്നു പറയാം. 1970 ല്‍ ബേബി നിര്‍മ്മിച്ച് പീപ്പിള്‍സ് കള്‍ച്ചറല്‍ ഫോറം വിതരണച്ചുമതല വഹിച്ച നാടുഗദ്ദിക എന്ന നാടകത്തില്‍ ആദിവാസികള്‍ അവരുടെ പ്രശ്‌നങ്ങളും സമരങ്ങളും അവരുടെ തന്നെ ജീവിത പരിസരത്തുനിന്ന് അവതരിപ്പിച്ചതു പോലെ മഞ്ജുശ്രീ എന്ന ശക്തമായ കേന്ദ്ര കഥാപാത്രമാണ് ചലചിത്രത്തെ മുന്നോട്ട് കൊണ്ടുപോകുന്നത്.

കൂട്ടമാനഭംഗത്തിന് ഇരയായ ശേഷവും അവള്‍ കീഴടങ്ങാന്‍ തയ്യാറായില്ല. അവള്‍ മറ്റ് ദലിത്പ്രവര്‍ത്തകരോടൊപ്പം ചേരുന്നതും അംബേദ്ക്കര്‍ ആശയങ്ങള്‍ സ്വാംശീകരിച്ച് തലമുണ്ഡനം ചെയ്യുന്നതും ഭൂസമരങ്ങളുടെ നേതൃനിരയില്‍ നില്‍ക്കുന്നതും സിനിമയിലെ തന്നെ ശക്തമായ മുഹൂര്‍ത്ത ങ്ങളാണ്.പുരുഷന്റെ ആധിപത്യത്തിനെതിരെയും ഭരണകൂടത്തിന്റെ നെറികേടുകള്‍ക്ക് എതിരേയും ദലിതുകളും സ്ത്രീകളും ശബ്ദിക്കുമ്പോള്‍ അതിനെതിരെ ഈ ശക്തികള്‍ എങ്ങനെ തന്ത്രപരമായി ഒന്നിക്കുന്നുവെന്ന് ഈ ചിത്രം വെളിപ്പെടുത്തുന്നു. 

ഇന്ത്യന്‍ ഭരണ ഘടനയുടെ നിര്‍മ്മിതിക്ക് മുഖ്യപങ്കവഹിച്ച ആളാണ് ഡോ.ബി.ആര്‍.അംബേദ്കര്‍. ഇന്ത്യന്‍ ഭരണഘടനയില്‍ അചഞ്ചലമായ വിശ്വാസം അര്‍പ്പിക്കുന്നവരാണ് ഈ സിനിമയിലെ പ്രധാന കഥാപാത്രങ്ങ ളെല്ലാം. പാവപ്പെട്ടവന്റെയും പീഡിതന്റെയും ജാതി/വര്‍ഗ/ലിംഗ വിവേചനത്തില്‍ നിന്നുള്ള മോചന ശ്രമങ്ങളില്‍ നിന്നും മാറി മാറി വരുന്ന ഭരണകൂടങ്ങള്‍ എങ്ങനെയാണ് ഭരണഘടനാ തത്വങ്ങള്‍ ലംഘിക്കുന്നതെന്നും ഭരണഘടനാ വിശ്വാസം തകര്‍ക്കുന്നതെന്നും വെളിപ്പെടുത്താന്‍ സിനിമശ്രമിക്കുന്നുണ്ട്. ചിത്രത്തിലെ ഗാന്ധി വിമര്‍ശനം വെറുതെ വന്നതോ അധികരിച്ചതോ ആയ ഒന്നല്ല,. മറിച്ച് ഈ സന്ദര്‍ഭത്തില്‍ ചിത്രത്തിന്റെ പൂര്‍ണതയുടെ ഭാഗമാണ്. അത് ചിത്രം ഉയര്‍ത്തുന്ന സാമൂഹ്യ വിമര്‍ശനത്തിന്റെ സമഗ്രതയെ സംബന്ധിച്ച് ഒഴിച്ചുകൂടാനാവാത്ത ഒന്നുമാണ്. 

ആശയപരവും സാമൂഹികവുമായ സംഘര്‍ഷങ്ങളെ ആവിഷ്‌കരിക്കുന്ന തിനുവേണ്ടി ഗാന്ധി, അംബേദ്കര്‍, അയ്യന്‍കാളി തുടങ്ങിയവരെ ശ്രദ്ധാപൂര്‍വ്വം പ്രതീകവല്‍ക്കരിക്കുന്നു. രൂപങ്ങള്‍, രൂപകങ്ങള്‍, പ്രതീകങ്ങള്‍ എന്നിവ ഉപയോഗിച്ചുള്ള സംഘര്‍ഷം യാഥാര്‍ത്ഥ രാഷ്ട്രീയ സംഘര്‍ഷത്തെക്കാള്‍ ഒട്ടും ലഘുവല്ല എന്ന് വെളിപ്പെടുത്തുന്നു. പ്രണയം നിഴലിക്കുന്ന രണ്ട് അസാധാരണ രംഗങ്ങളുണ്ട്. സിനിമയില്‍ ശങ്കരനും മഞ്ജുശ്രീയും തമ്മിലുള്ള പ്രണയ നിമിഷങ്ങള്‍ വിശ്വാസം, മോഹം, നൈര്‍മല്യം എന്നിവയോടു കൂടിയതു മാത്രമല്ല, മറിച്ച് ഒരു സ്ത്രീയെന്ന നിലയില്‍ പുരുഷനോട് അവന്റെ ഉള്ളിലെ ശക്തിയെക്കുറിച്ച് അറിയുവാനും അതുവഴി അവന്റെ സ്വാര്‍ത്ഥ ജീവിതം മാറ്റി മറിക്കാനുള്ള നിമിഷങ്ങോളുടു കൂടിയതുമാണ്. അയാള്‍ വിദേശത്തു പോയി പണം സമ്പാദിക്കണം എന്ന ലക്ഷ്യത്തോടെ കഴിയുന്ന ആളാണ്. ഈ ചിത്രം വിസ്മൃതിയില്‍ നിന്നും പാര്‍ശ്വവല്‍ക്കരണത്തില്‍ നിന്നും ചില ജീവിതങ്ങളെയും ചരിത്ര നിമിഷങ്ങളെയും തിരിച്ചുപിടിക്കുന്നു. ഒരു നവസമൂഹത്തിന്റെ നിര്‍മ്മിതിയും വേറിട്ട രാഷ്ട്രബോധത്തിന്റെ സൃഷ്ടിക്കും വേണ്ടിയുള്ള കരുത്തുറ്റ ശ്രമമാണ്. ഒപ്പം ഭാവിയുടെ നൂതനമായ ഒരു സൗന്ദര്യ സങ്കല്പവും സൃഷ്ടിക്കപ്പെടുന്നുണ്ട്.

കടപ്പാട്; മാറ്ററും സച്ചിദാനന്ദന്റെ ചിത്രവും ഇന്റര്‍നെറ്റില്‍ നിന്നും, മറ്റു ചിത്രങ്ങള്‍ 'പാപ്പിലിയോ ബുദ്ധ'യുടെ പ്രവര്‍ത്തകരില്‍ നിന്നും.