"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, ഏപ്രിൽ 14, ചൊവ്വാഴ്ച

അംബേഡ്കറെ തോല്‍പ്പിച്ച ജനാധിപത്യം - കെ രാജേന്ദ്രന്‍


ഭരണഘടനയുടെ അവസാന മിനുക്കുപണിയും കഴിഞ്ഞ് പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ നിന്ന് പുറത്തേങ്ങവേ ഭരണഘടനയുടെ മുഖ്യ ശില്പി ബി ആര്‍ അംബേഡ്കറിന് ചുറ്റും അംഗങ്ങള്‍ കൂടി. രാജ്യം ആദ്യത്തെ തെരഞ്ഞെടു പ്പിലേക്ക് നീങ്ങുകയാണ്. അംബേഡ്കര്‍ എവിടെ മത്സരിക്കു മെന്നാണ് അവര്‍ക്ക് അറിയേണ്ടിയിരുന്നത്. 

തെല്ലും സംശയമില്ലാതെയായിരുന്നു അംബേഡ്കറുടെ മറുപടി.

'ബോംബെ സിറ്റി നോര്‍ത്ത്'

ചിലര്‍ തിരുത്താന്‍ ശ്രമിച്ചു. ബോംബെ സിറ്റി നോര്‍ത്തില്‍ ദലിത് വിഭാഗങ്ങള്‍ കുറവാണ്. സമിതിയംഗമായ അല്ലാടി കൃഷ്ണസ്വാമി ഉപദേശിച്ചു വത്രെ. പക്ഷെ, അംബേഡ്കര്‍ വഴങ്ങിയില്ല. അദ്ദേഹം ബോംബെ സിറ്റി നോര്‍ത്ത് ദ്വയാംഗ മണ്ഡലത്തില്‍ പ്രചരണം തുടങ്ങി.

ദീപാവലിയെ വരവേല്‍ക്കുന്നതു പോലെയാണ് ആദ്യ തരഞ്ഞെടുപ്പിനെ വരവേറ്റത്. പ്രധാനമന്ത്രി നെഹ്‌റുവിന് പരിഭ്രാന്തിയും ആശങ്കയും ഉണ്ടായിരുന്നു. എന്നാല്‍, കാര്‍ക്കശ്യക്കാരനായ ആദ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ സുകുമാര്‍ സെന്നിന് തെല്ലും ഉത്കണ്ഠ ഉണ്ടായിരുന്നില്ല. അന്ന് ഇന്ത്യയില്‍ 85% പേര്‍ക്കും എഴുതാനും വായിക്കാനും അറിയില്ലായിരുന്നു. വോട്ടര്‍മാരെ കണ്ടെത്തുക എന്ന ദുഷ്‌കരമായ ദൗത്യമായിരുന്നു ആദ്യ കടമ്പ. അന്ധവിശ്വാസങ്ങളും അനാചാരങ്ങ ളുമെല്ലാം തെരഞ്ഞെടുപ്പ് സര്‍വെയില്‍ പ്രതിഫലിച്ചു. പലയിടങ്ങളിലും വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കാന്‍ സ്ത്രീകള്‍ തയാറായില്ല. 'ഭര്‍ത്താവിന്റെ കൂടെ ഭാര്യ എന്ന് എഴുതിയാല്‍ മതി', 'അച്ഛന്റെ കൂടെ മകള്‍ എന്ന് എഴുതിയാല്‍ മതി' തുടങ്ങിയ ആവശ്യങ്ങള്‍ ഉയര്‍ന്നു. ഇത്തരം ആവശ്യങ്ങള്‍ക്ക് സമുദായ സംഘടനകളുടെ പിന്തുണയും ലഭിച്ചു. പേര് വെളിപ്പെടു ത്താന്‍ ആഗ്രഹമില്ലാത്ത 20 ലക്ഷം വനിതാ വോട്ടര്‍മരെ സുകുമാര്‍ സെന്‍ പട്ടികയില്‍ നിന്ന് നീക്കം ചെയ്തു. സര്‍വെയും സൂക്ഷ്മ പരിശോധനയും കഴിഞ്ഞ് അന്തിമ പട്ടിക പ്രഖ്യാപിച്ചപ്പോള്‍ രാജ്യത്തെ വോട്ടര്‍മാരുടെ എണ്ണം 17. 6 കോടി. ഇവരിടെ 8.5% പേര്‍ക്കും എഴുതാനും വായിക്കാനും അറിയില്ല. ഇവരെ എങ്ങനെ വോട്ട് രേഖപ്പെടുത്താന്‍ പഠിപ്പിക്കും ? 

സുകുമാര്‍ സെന്‍ അതിനും വഴി കണ്ടു. ആകാശവാണിയും സിനിമാ തിയേറ്ററുകളു മായിരുന്നു മുഖ്യ ആശയം. ആകാശവാണിയിലെ പരിപാടികള്‍ക്കിടയിലും സിനിമകളുടെ തുടക്കത്തിലും ഹ്രസ്വ തെരഞ്ഞെടുപ്പ് ബോധവത്കരണ പരിപാടികള്‍ തുടങ്ങി. ഇത്തരം പരിപാടികള്‍ ഏറെ ജനപ്രിയമായി.

യുദ്ധസമാനമായ തയാറെടുപ്പുകളാണ് തെരഞ്ഞെടുപ്പിനായി നടന്നത്. 489 ലോക്‌സഭാ സീറ്റുകളിലേക്കും 3,238 നിയമസഭാ സീറ്റുകളിലേക്കുമായി മത്സരിച്ചത് 17,500 സ്ഥാനാര്‍ത്ഥികള്‍. വോട്ടു രേഖപ്പെടുത്തി പെട്ടികളിലിടു ന്നതിനായി 2,24,000 പോളിങ് ബൂത്തുകള്‍ സജ്ജമാക്കി. 8,200 ടണ്‍ ഉരുക്ക് ഉപയോഗിച്ചാണ് 20 ലക്ഷം ബാലറ്റ് പെട്ടികള്‍ നിര്‍മിച്ചത്. വോട്ടു രേഖപ്പെടുത്തിയവരുടെ വിരലുകളില്‍ അടയാള മിടുന്നതിനായി 3,89,816 ചെറുകുപ്പികളില്‍ മഷി ബൂത്തുകളിലെത്തിച്ചു. ക്രമസമാധാനം ഉറപ്പു വരുത്തുന്നതിനായി 2,24,000 പൊലീസുകാരെ പോളിങ് ബൂത്തുകള്‍ക്ക് സമീപം വിന്യസിപ്പിച്ചു. 

കോണ്‍ഗ്രസിന്റെ വിജയം

14 ദേശീയ പാര്‍ട്ടികള്‍ ഉള്‍പ്പെടെ 54 പാര്‍ട്ടികള്‍ ആദ്യ തെരഞ്ഞെടുപ്പില്‍ മത്സരിച്ചു. ഇന്ത്യന്‍ നാഷല്‍ കോണ്‍ഗ്രസ്, കമ്മ്യൂണിസ്റ്റ് പാര്‍ട്ടി, ജെ പി കൃപലാനിയുടെ കിസാന്‍ മസ്ദൂര്‍ പ്രജാ പാര്‍ട്ടി, ജയപ്രകാശ് നാരായണന്റെ സോഷ്യലിസ്റ്റ് പാര്‍ട്ടി, ശ്യാമപ്രസാദ് മുഖര്‍ജിയുടെ നേതൃത്വത്തിലുള്ള ജനസംഘം, ബി ആര്‍ അംബേഡ്കറുടെ നേതൃത്വത്തി ലുള്ള പട്ടികജാതി സ്റ്റേറ്റ് ഫെഡറേഷന്‍ തുടങ്ങിയവയായിരുന്നു തെരഞ്ഞെടുപ്പ് രംഗത്ത് സജീവമായി ഉണ്ടായിരുന്ന പാര്‍ട്ടികള്‍. പ്രാചാരണ രംഗത്ത് കോണ്‍ഗ്രസ് ഏറെ മുന്നിലായിരുന്നു. വന്‍ വിജയം നേടുന്നതിനായി നെഹ്‌റു തന്റെ ഊര്‍ജം മുഴുവന്‍ പുറത്തെടുത്തു. പ്രചാരണത്തിനായി അദ്ദേഹം 40,000 കി മി യിലേറെ താണ്ടി. 300 ഏളം റാലികളെ അഭിസംബോധന ചെയ്തു. 2 കോടിയോളം വോട്ടര്‍മാരോട് നെഹ്‌റു നേരിട്ട് വോട്ട് അഭ്യര്‍ഥിച്ചു. പ്രചാരണ പരിപാടികള്‍ കഴിഞ്ഞപ്പോള്‍ നെഹ്‌റു ക്ഷീണിതനായിരുന്നു. ചെറിയൊരു നിരാശയും മുഖത്ത് നിഴലിച്ചിരുന്നതായി നെഹ്‌റുവിന്റെ ജീവചരിത്രകാരനായ എസ് ഗോപാല്‍ നിരീക്ഷിച്ചിരുന്നു. വിജയിക്കും, വന്‍ വിജയം നേടും പക്ഷെ, പ്രതീക്ഷിക്കുന്നതു പോലുള്ള വിജയം ഉണ്ടാവില്ലെന്ന് നെഹ്‌റു വിശ്വസ്തരോട് പറഞ്ഞിരുന്നു.

314 ഏകാംഗ മണ്ഡലങ്ങളും 172 ദ്വയാംഗ മണ്ഡലങ്ങളും മൂന്ന് ത്രയാംഗമണ്ഡല ങ്ങളുമടക്കം 479 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടന്നത്. 1951 ഒക്ടോബര്‍ 25 ന് ഹിമാചല്‍ പ്രദേശിലെ ചിനിതഹ്‌സില്‍ ബൂത്തിലായിരുന്നു സ്വതന്ത്ര ഇന്ത്യയിലെ ആദ്യ വോട്ടെടുപ്പ്. ബുദ്ധ സന്യാസികളുടെ വിഹാര കേന്ദ്രമായ ഇവിടത്തെ പോളിങ് മഞ്ഞു വീഴ്ചക്ക് മുമ്പ് പൂര്‍ത്തിയായി. 1951 ഒക്ടോബര്‍ 25 ന് ആരംഭിച്ച പോളിംങ് 1952 ഫെബ്രുവരി 21 വരെ നീണ്ടു. 17.6 കോടി വോട്ടര്‍മാരിലെ 46.6 % വോട്ടര്‍മാര്‍ വോട്ട് രേഖപ്പെടുത്തി. സ്വതന്ത്ര ഇന്ത്യയിലെ പകുതിയോളം വോട്ടര്‍മാര്‍ വോട്ടെടുപ്പില്‍ പങ്കെടുത്തില്ല. എന്നാല്‍ അന്നത്തെ ഭൗതിക സാഹചര്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത് മെച്ചപ്പെട്ട പോളിംങ് ആയിരുന്നു.

പ്രതീക്ഷിച്ചതുപോലെ കോണ്‍ഗ്രസ് വന്‍ വിജയം നേടി. 489 ലോക് സഭാ സീറ്റുകളിലെ 364 സീറ്റുകളിലും (74% സീറ്റുകള്‍) കോണ്‍ഗ്രസ് വിജയിച്ചു. എന്നാല്‍, കോണ്‍ഗ്രസിന് കിട്ടിയതാകട്ടെ 45% വോട്ട്. പ്രതിപക്ഷ പാര്‍ട്ടികളെല്ലാം ധാരണയോടെ മത്സരിച്ചിരു ന്നെങ്കില്‍ കോണ്‍ഗ്രസ് കനത്ത പരാജയം ഏറ്റുവാങ്ങേണ്ടി വരുമായിരുന്നു. അലഹബാദില്‍ നിന്ന് ജവഹര്‍ലാല്‍ നെഹ്‌റു വന്‍ ഭൂരിപക്ഷത്തോടെ വിജയിച്ചു. പക്ഷെ, അലഹബാദിലെ വോട്ടര്‍മാരില്‍ 25% പോലും നെഹ്‌റുവിന് വോട്ട് ചെയ്തില്ല. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് 23 സീറ്റും 4.6% വോട്ടും ലഭിച്ചു. സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ പ്രകടനം നിരാശാ ജനകമായിരുന്നു. 12 സീറ്റും 10.6% വോട്ടും മാത്രമാണ് സോഷ്യലിസ്റ്റ് പാര്‍ട്ടിക്ക് കിട്ടിയത്.

കിസാന്‍ മസ്ദൂര്‍ പ്രജാ പാര്‍ട്ടി 9 സീറ്റും 5.8% വോട്ടും നേടി. ഹിന്ദുത്വ പാര്‍ട്ടികളുടെ പ്രകടനം ദയനീയമായിരുന്നു. ജനസംഘത്തിന് 3 സീറ്റും 3.1% വോട്ടും ഹിന്ദു മഹാസഭക്ക് 4 സീറ്റും 0.9% വോട്ടും രാമരാജ്യ പരിഷത്തിന് 3 സീറ്റും 2.03% വോട്ടും ലഭിച്ചു. ഏറ്റവും വലിയ അട്ടിമറി നടന്നത് മുംബൈ സിറ്റി നോര്‍ത്ത് മണ്ഡലത്തിലാ യിരുന്നു. ഭരണഘടനാ ശില്പിയും ആദ്യ നിയമമന്ത്രിയും ദലിതരുടെ വിമോചകനുമായ ബി ആര്‍ അംബേഡ്കര്‍ ദയനീയമായി പരാജയപ്പെട്ടു. പാല്‍ വില്പനക്കാ രനും രാഷ്ട്രീയത്തില്‍ കാര്യമായ പരിചയമൊന്നും ഇല്ലാത്തയാളുമായ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി കജ്രോല്കറാണ് അംബേഡ്കറെ അട്ടിമറിച്ചത്. 

അന്ന് ബോംബെ നഗരത്തില്‍ മുഴങ്ങിയ മുദ്രാവാക്യം

'കുഥെ തൊ ഖട്‌നാകര്‍ അംബേഡ്കര്‍ അതി കുഥെ ഹാ ലോനിവിക്യ കജ്രോല്കര്‍'

(എവിടെ ഗംഭീര ഭരണഘടനാ നിര്‍മാതാവ് അംബേഡ്കര്‍? എവിടെ ശുംഭന്‍ വെണ്ണക്കാരന്‍ കജ്രോല്കര്‍?)

കോണ്‍ഗ്രസ് സമര്‍ഥമായി പ്രയോഗിച്ച വര്‍ഗീയ കാര്‍ഡാണ് അംബേഡ്ക റെ തോല്പിച്ചത്. കാശ്മീര്‍ പ്രശ്‌നത്തില്‍ അംബേഡ്കര്‍ ഇന്ത്യാ വിരുദ്ധ സമീപനം കൈക്കൊണ്ടു എന്നതായിരുന്നു കോണ്‍ഗ്രസിന്റെ പ്രധാന പ്രചാരണം. ഈ പ്രചാരണം മണ്ഡലത്തിലെ വോട്ടര്‍മാരെ പോലും സ്വാധീനിച്ചു. ദലിതനായ അംബേഡ്കറെ പ്രഥമ രാഷ്ട്രപതിയാക്കണമെന്ന് അഭിപ്രായപ്പെട്ടിരുന്ന മഹാത്മാഗാന്ധി മഹാനായ ദലിത് നേതാവിന്റെ പതനം നേരില്‍ കാണാന്‍ ജീവിച്ചിരിപ്പുണ്ടായിരുന്നില്ല.

എ കെ ഗോപാലന്‍ കണ്ണൂരില്‍ നിന്നും ഫിറോസ് ഗാന്ധി പ്രതാപ്ഘഡില്‍ നിന്നും ശ്യാമപ്രസാദ് മുഖര്‍ജി കല്‍ക്കട്ട സൗത്ത് ഈസ്റ്റില്‍ നിന്നും വിജയലക്ഷ്മി പണ്ഡിറ്റ് ലക്‌നൗവില്‍ നിന്നും വിജയിച്ചു. തലസ്ഥാന നഗരിയായ ന്യൂഡല്‍ഹിയില്‍ വിജയിച്ചത് കിസാന്‍ മസ്ദൂര്‍ പ്രജാ പാര്‍ട്ടി നേതാവും രാജ്യത്തെ ആദ്യ വനിതാ മന്ത്രിയുമായ സുലോചനാ കൃപലാനിയായിരുന്നു. ഹൈദരാബാദില്‍ നിന്ന് വിജയിച്ച കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സ്ഥാനാര്‍ത്ഥി രവിനാരായണ്‍ റെഡ്ഡിക്കാണ് ഏറ്റവും വലിയ ഭൂരിപക്ഷം ലഭിച്ചത്. കോയമ്പത്തൂരില്‍ നിന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി രാമലിംഗ ചെട്ടിയാര്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു.

കോണ്‍ഗ്രസ് വന്‍വിജയം നേടിയെങ്കിലും ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ ബഹുസ്വരത വിളിച്ചോതുന്നതായിരുന്നു ആദ്യ തെരഞ്ഞെടുപ്പ് ഫലം. 74% സീറ്റുകള്‍ വിജയിച്ച കോണ്‍ഗ്രസിന് 45% വോട്ടു മാത്രം കിട്ടാനുള്ള കാരണവും ഇതുതന്നെയാണ്. തെരഞ്ഞെടുപ്പ് ഫലം നല്‍കിയ ആത്മവിശ്വാസത്തോടെ നെഹ്‌റു സര്‍ക്കാര്‍ ഭരണം ആരംഭിച്ചു.

കടപ്പാട്: സമകാലിക മലയാളം വാരിക. 2014 ജനുവരി 24 ലക്കം.