"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, ഏപ്രിൽ 5, ഞായറാഴ്‌ച

ലോകായത ദര്‍ശനം - പ്രൊഫ. കെ എം എബ്രഹാം


കെ ദാമോദരന്‍ 
ലോകായതം എന്ന വാക്കിന് വിവിധ വ്യാഖ്യാനങ്ങള്‍ നല്‍കി കാണുന്നു. ലോകേഷു (ജനങ്ങളില്‍) ആയതം (വ്യാപിച്ചത്) എന്നാകാം ഇതിന്റെ വ്യുത്പത്തി. അതല്ല, പ്രത്യക്ഷ ലോകത്തെ മാത്രം ആധാരമാക്കിയുള്ള തത്വശാസ്ത്രം എന്നാണര്‍ഥമെന്ന് അഭിപ്രായമുണ്ട്. ഈ അര്‍ഥത്തിലാണ് ഡോ. രാധാകൃഷ്ണന്‍ മെറ്റീരിയലിസം - ഭൗതികവാദം - എന്ന് പരിഭാഷപ്പെടുത്തിയത്. ചാര്‍വാക മഹര്‍ഷിയാണ് ഇതിന്റെ ഉപജ്ഞാതാവ് എന്ന പക്ഷമുണ്ട്. അതിനാലാണത്രെ ചാര്‍വാക ദര്‍ശനം എന്നും ഇതിന് പേരുണ്ടായത്. മറ്റാരഭിപ്രായമനു സരിച്ച് ചാര്‍വാകം എന്നാല്‍ ചാരുവായ (സുന്ദരമായ) വാക്ക് എന്നാണര്‍ത്ഥം. പ്രാചീന ഭാരതത്തിലെ ഭൗതികവാദികളായ ചാര്‍വാകന്മാര്‍ സുന്ദരവും യുക്തിയുക്തവുമായ തങ്ങളുടെ വാദങ്ങളിലൂടെ ജനങ്ങളെ സ്വാധീനിച്ചിരുന്നു എന്നു വേണം കരുതാന്‍. ചാര്‍വാകന്മാരുടെ ആചാര്യന്‍ ബൃഹസ്പദിയാണെന്ന് പറയപ്പെടുന്നു. ശ്രീബുദ്ധന്‍ പഠിച്ച ഗ്രന്ഥങ്ങളില്‍ 'ബാര്‍ഹസ്പത്യം' എന്ന ഒന്നുണ്ട്. ബൃഹസ്പതിയുടെ ഭൗതികവാദ സൂത്രങ്ങളാണത്. എന്നാലിമ്മാതിരി ഗ്രന്ഥങ്ങളെല്ലാം നമുക്കിന്ന് നഷ്ടമായിരിക്കയാണ്. നിരീശ്വരവാദിയല്ലാത്ത മാക്‌സ് മുള്ളര്‍ പോലും ഇത് ഇന്ത്യക്ക് സംഭവിച്ച വലിയ ഒരു നഷ്ടമായി കണക്കാക്കുന്നു.

വാക്കിന്റെ അര്‍ഥമെന്തായാലും ലോകായതം പ്രാചീന ഭാരത്തിലം പുരോഹിത വര്‍ഗത്തെയും മതവാദികളെയുമെല്ലാം വല്ലാതെ വിറളി പിടിപ്പിച്ച ഒരു തത്വശാസ്തമാണ്. അതിന്റെ പ്രചുരപ്രചാരം അവരുടെ നിലനില്പിനെത്തന്നെ അപകടപ്പെടുത്തുന്ന നിലയിലെത്തി. സ്ഥാപിത താത്പര്യക്കാര്‍ ഒത്തുകൂടി ആഞ്ഞടിച്ചു. അവര്‍ ചാര്‍വാകനെ രാക്ഷസനായി ചിത്രീകരിച്ചു. (ചാര്‍വാകന്‍ എന്നത് ഒരു രാക്ഷസന്റെ പേരാണു പോലും! പുരോഹിതരേയും വൈദിക മതത്തേയും എതിര്‍ക്കുന്നവരെ രാക്ഷസന്മാരാക്കുന്ന തന്ത്രം നമ്മുടെ പാരമ്പര്യത്തില്‍ പെടുന്നു. നല്ല പട്ടിയെ വേട്ടപ്പട്ടിയാല്‍ തല്ലിക്കൊല്ലാനെളുപ്പമാണല്ലോ) എല്ലാ ലോകായത ഗ്രന്ഥങ്ങളും ചുട്ടു ചാമ്പലാക്കി. അപ്പോള്‍ ഈ ദര്‍ശനത്തെക്കുറിച്ച് നാം എങ്ങനെയാണറിയുക? ഈ അവസരത്തില്‍ ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ വാക്കുകള്‍ ഉദ്ധരിക്കട്ടെ. 'നഷ്ടപ്പെട്ടുപോയ ഗ്രന്ഥങ്ങളുടെ കൂട്ടത്തില്‍ ആദ്യകാല ഉപനിഷത്തുകളെ തുടര്‍ന്നുണ്ടായ ഭൗതികവാദ സംബന്ധിയായ സാഹിത്യം മുഴുവനുമുള്‍പ്പെടും അതിനെതിരായ വിമര്‍ശനങ്ങളില്‍ നിന്നും ഖണ്ഡനോദ്യമങ്ങളില്‍ നിന്നും മാത്രമേ നമുക്കിന്ന് അതിനെപ്പറ്റി പഠിക്കാനാവൂ. എങ്കിലും അനേകം നൂറ്റാണ്ടുകള്‍ ഭൗതികവാദം ഇന്ത്യയില്‍ സ്വീകരിക്കപ്പെട്ടിരുന്നു എന്നും അത് ജനങ്ങളുടെ മേല്‍ വലിയ സ്വാധീനം ചെലുത്തിയിരുന്നു എന്നുള്ളതിന് യാതൊരു സംശയവുമില്ല.. ഇന്ത്യയിലെ ഭൗതികവാദ സാഹിത്യത്തിലേറെയും പല്‍ക്കാലത്ത് പുരോഹിതരും മറ്റ് മാമൂല്‍ മതവിശ്വാസികളും നശിപ്പിച്ചതാവാനാണിടയുള്ളത്' (The Discovery of India - Javaharlal Nehru)

കുറ്റിപ്പുഴ കൃഷ്ണപിള്ള 
പ്രശസ്ത യുക്തിവാദിയായിരുന്ന കുറ്റിപ്പുഴയുടെ അഭിപ്രായത്തില്‍ ലോകായതം മതത്തില്‍ നിന്നും മോചനം നേടാനുള്ള ഒരു മതമാണ്. അദ്ദേഹം എഴുതുന്നു 'മതമാണ് ഇന്ത്യയെ ഭരിക്കുന്നത്. മതത്തിന്റെ രസം കലര്‍ന്നെങ്കിലേ ഏതിനും ഈ നാട്ടില്‍ വളര്‍ച്ച ലഭിക്കൂ. ഈശ്വരനില്ലെന്ന വാദവും ഒരു മതാകൃതി പൂണ്ടാല്‍ ഇവിടെ ആദരണീയമാകും. ഈശ്വരനും ആത്മാവുമില്ലാത്ത ഒരു മതം വേറൊരിടത്തും ഒരു മതമായി ഗണിക്കപ്പെട്ടിട്ടുണ്ടെന്ന് തോന്നുന്നില്ല'.(ചാര്‍വാകമതം - പ്രൊഫ. കുറ്റിപ്പുഴ കൃഷ്ണപിള്ള) ഈ മതം വളര്‍ന്ന സാഹചര്യ ത്തെപ്പറ്റി അദ്ദേഹം എഴുതുന്നു. 'പ്രപഞ്ചം മിഥ്യ, സംസാരം ദുഃഖമയം, ഇഹലോകം നിസാരം, പരലോകം പ്രധാനം, ശരീരം നികൃഷ്ടം, ആത്മാവ് ഉത്കൃഷ്ടം ഇത്യാദി പ്രത്യക്ഷ അനുഭവ വിരുദ്ധങ്ങളായ ആശയങ്ങള്‍ മാന്യ ജനതയില്‍ ഒരു വിഷാദാത്മകത്വവും നൈരാശ്യവുമാണ് ഉളവാക്കിയത്. മൃഗബലി, മന്ത്രോച്ചാരണം, യാഗ - ഹോമങ്ങള്‍ തുടങ്ങിയവയെ സ്വര്‍ഗ കവാടങ്ങളാക്കിക്കാണിച്ച് പുരോഹിതര്‍ ധനാപഹരണം നടത്തിപ്പോന്നി രുന്ന കാലം. ഇങ്ങനെ ദുഷിച്ചുപോയ വൈദികകാലത്തിന്റെ അവസാന ഘട്ടത്തില്‍ ഇരുട്ടില്‍ കൊളുത്തിയ ദീപം പോലെ ചാര്‍വാകമതം ജനങ്ങളുടെ ബുദ്ധിക്ക് വെളിച്ചം കൊടുത്തു 

ഭാരതീയ തത്വശാസ്ത്രമെന്നാല്‍ ആധ്യാത്മികവാദം മാത്രമല്ല ഭൗതികവാദവും കൂടിയാണ്. ചാര്‍വാകദര്‍ശനം വേദങ്ങള്‍ക്ക് അന്യമല്ല. ഭൗതികൈശ്വര്യങ്ങള്‍ക്കു വേണ്ടിയാണ് ഋഷിമാര്‍ പ്രാര്‍ഥിച്ചിരുന്നത്. 'ആത്മാവിനെയോ ഈശ്വരനെയോ പറ്റി എങ്ങും പറയുന്നില്ല ''നൂറ് വര്‍ഷം ജീവിക്കുക (ശതം ജീവശരദോവര്‍ധമാനഃ) എന്നേ ഋഷിമാര്‍ ആശംസിക്കുന്നു ള്ളൂ. യുക്തിയോ ആത്മസാക്ഷാത്കാരമോ നിത്യജീവിതമോ അഭിലഷിക്കയോ ആശംസിക്കുകയോ ചെയ്യുന്നതായി വേദത്തിലെങ്ങും കാണുന്നില്ല ' (ഭാരതീയ ദര്‍ശനങ്ങള്‍ - പേജ് 674)

കൃഷ്ണമിശ്രന്റെ പ്രബോധചന്ദ്രോദയം എന്ന കൃതിയില്‍ ലോകായത ത്തിന്റെ ഉള്ളടക്കം നല്‍കിയിരിക്കുന്നത് കെ ദാമോദരന്‍ തന്റെ ഭാരതീയ ചിന്തയില്‍ ഉദ്ധരിച്ചിരിക്കുന്നു. 'ലോകായതം മാത്രമാണ് ശാസ്ത്രം. പ്രത്യക്ഷം മാത്രമാണ് പ്രമാണം. ഭൂമി, വെള്ളം, അഗ്നി, വായു എന്നിവ മാത്രമാണ് മൂലതത്വങ്ങള്‍. സുഖാനുഭവമാണ് ജീവിതലക്ഷ്യം. ഭൗതിക പദാര്‍ഥത്തിന്റെ സൃഷ്ടിയാണ് മനസ്. പരലോകമില്ല. മരണമാണ് മോക്ഷം' പ്രത്യക്ഷം മാത്രം പ്രമാണമായി സ്വീകരിച്ചിരുന്ന ചാര്‍വാക ന്മാര്‍ക്ക് ശാസ്ത്രീയമായ കാഴ്ചപ്പാടണുണ്ടായിരുന്നത്. അതുകൊണ്ടാണ് അവര്‍ ആത്മാവ്, പുനര്‍ജന്മം സ്വര്‍ഗം നരകം, ഈശ്വരന്‍ തുടങ്ങിയ സങ്കല്പങ്ങളെ തെളിവില്ലാത്തവയും തെളിയിക്കാനാവാത്തവയും ആയി തള്ളിക്കളഞ്ഞു.

പഞ്ചസാരയുടെ മധുരവും പൂവിന്റെ ഭംഗിയും വേപ്പിന്റെ കൈപ്പും പക്ഷിമൃഗാദികളുടെ ജന്മവാസനയും ദൈവസൃഷ്ടമല്ല. അതെല്ലാം അവയുടെ സഹജസ്വഭാവമാണ്. ഭൂമി, ജലം, അഗ്നി, വായു എന്നീ നാല് പദാര്‍ത്ഥങ്ങള്‍ അനുകൂല സാഹചര്യത്തില്‍ പ്രത്യേക രീതിയില്‍ കൂടിച്ചേരുമ്പോള്‍ ജീവന്‍ ആവിര്‍ഭവിക്കുന്നു. ചില പദാര്‍ത്ഥങ്ങള്‍ ഒന്നിച്ചു ചേരുമ്പോള്‍ ലഹരിയുള്ള സ്വയം പതഞ്ഞു പൊന്തുന്ന മദ്യമുണ്ടാകുന്നു. അതുപോലെതന്നെ ചതുര്‍ഭൂതി നിര്‍മിതമായ ശരീരത്തില്‍ ജീവനും ഉത്ഭവിക്കുന്നു. ചേതനയോടുകൂടിയ ശരീരമത്രെ ആത്മാവ്. ആയതിനാല്‍ ശരീര നാശത്തോടെ ആത്മനാശവും സംഭവിക്കുന്നു. പരമാണു സംയോഗമായ പദാര്‍ത്ഥങ്ങള്‍ നിത്യമാകയാല്‍ അവക്ക് സൃഷ്ടാവില്ല. വാദത്തിനുവേണ്ടി ദൈവം ഉണ്ടെന്നു സമ്മതിച്ചാല്‍ത്തന്നെയും ആ ദൈവവും ബുദ്ധനോ മുക്തനോ ആയിരിക്കണം. ബുദ്ധനെങ്കില്‍ സര്‍വജ്ഞനോ സര്‍വശക്തനോ അല്ല. മുക്തനെങ്കില്‍ പരിപൂര്‍ണനാണ്. അങ്ങനെയുള്ളവന്‍ കര്‍മ്മങ്ങളൊന്നും ചെയ്യുകയില്ല.


എസ് രാധാകൃഷ്ണന്‍ 
സത്യം കണ്ടെത്താനുള്ള ശരിയായ മാര്‍ഗം പ്രത്യക്ഷജ്ഞാനം മാത്രമാണെന്ന് ചാര്‍വാകന്മാര്‍ സിദ്ധാന്തിക്കുന്നു ആത്മീയവാദികളായ തത്വജ്ഞാനി കളുടെ അഭിപ്രായത്തില്‍ അതിന് മൂന്ന് മാര്‍ഗങ്ങളുണ്ട്. പ്രത്യക്ഷം, അനുമാനം, ശബ്ദം (ശബ്ദമെന്നാല്‍ വേദപ്രമാണമെന്നര്‍ത്ഥം) അനുമാനം ഒരിക്കലും തെറ്റാത്ത ജ്ഞാനോപാധിയാണ് എന്ന് സമ്മതിക്കാതിരിക്കാന്‍ ചാര്‍വാകന്മാര്‍ക്ക് മതിയായ ന്യായമുണ്ട്. 'ധൂമാത് വഹ്നിഃ' പുകയുള്ളിടത്ത് തീയുണ്ട്. തീയും പുകയും തമ്മിലുള്ള ബന്ധം പ്രത്യക്ഷ ജാഞാനം കൊണ്ട് ഗ്രഹിക്കാം. എന്നാല്‍ തീയുള്ളേടത്തെല്ലാം പുകയുണ്ടെന്നോ പുകയുള്ളടെത്തെല്ലാ തീയുണ്ടെന്നോ അനുമാനിച്ചാല്‍ എല്ലായ്‌പോഴും ശരിയായിക്കൊള്ളണമെന്നില്ല.

അനുമാനം തെറ്റാനുള്ള സാധ്യതയുണ്ട്. എന്നാല്‍ അതിലേറെ സാധ്യതയുണ്ട് ശബ്ദത്തിന്റെ കാര്യത്തില്‍ കാരണം വേദപുസ്തകങ്ങള്‍ അപൗരുഷേയമല്ല. അവ മനുഷ്യനിര്‍മിതങ്ങളാണ്. കപടശാസ്തങ്ങള്‍ പടച്ച് മനുഷ്യരെ പറ്റിക്കുന്ന പുരോഹിത വര്‍ഗത്തെ ചാര്‍വാകര്‍ കണക്കിന് പരിഹസിക്കുന്നുണ്ട്. പരാന്നഭോജികളായ ഭിക്ഷുക്കളും പുരോഹിതരും നിര്‍മിച്ച വേദഭാഗങ്ങള്‍ക്കെങ്ങനെ പ്രമാണമാകാന്‍ കഴിയും? പല വേദമന്ത്രങ്ങളുടേയും പൊരുളറിയുമ്പോള്‍ നമുക്ക് വ്യക്തമാകുന്നത് വേദങ്ങളുടെ കര്‍ത്താക്കള്‍ ഭ്രാന്തന്മാരും ധൂര്‍ത്തന്മാരും രാക്ഷസന്മാരും ആണെന്നാണ്: 'ത്രയോ വേദസ്യ കര്‍താരോ ഭണ്ഡ ധൂര്‍ത നിശാചരാഃ' അശ്വമേധയാഗത്തില്‍ അശ്വത്തിന്റെ ശിശ്‌നം (ലിംഗം) യജ്ഞകര്‍ത്താ വിന്റെ പത്‌നി പിടിച്ചിരിക്കണമെന്ന് വേദത്തില്‍ പറയുന്നു. ഇത് വിധിച്ചവര്‍ ഭ്രാന്തന്മാര്‍ തന്നെ. ജഭരി തുര്‍ഹരി മുതലായ നിരര്‍ഥക ശബ്ദങ്ങള്‍ പ്രയോഗിച്ച് ജനങ്ങളെ കബളിപ്പിച്ച് പണം പിടുങ്ങുന്നവര്‍ ധൂര്‍ത്തന്മാരാണ്. യജ്ഞത്തില്‍ ഹിംസിക്കപ്പെട്ട മൃഗത്തിന്റെ മാംസം യജ്ഞകര്‍ത്താവ് (ഗൃഹനാഥന്‍) ഭക്ഷിക്കണം. ഇത് വിധിച്ചത് രാക്ഷസന്മാര്‍ തന്നെ. ('ഇന്ത്യയുടെ ആത്മാവ്' - കെ ദാമോദരന്‍)

ലോകായതികര്‍ ലോകമെന്ന യാഥാര്‍ഥ്യത്തെ മാത്രമേ അംഗീകരിക്കുന്നു ള്ളൂ. പുരുഷാര്‍ഥങ്ങളില്‍ പരമമെന്ന് ആത്മീയവാദികള്‍ പറയുന്ന മോക്ഷത്തിന് അവര്‍ ഒരു വിലയും കല്പിക്കുന്നില്ല. കാരണം അങ്ങനെയൊന്നില്ല. മറ്റെല്ലാ പുരുഷാര്‍ഥങ്ങളേയും അവര്‍ അംഗീകരിക്കു ന്നു. കാമം മാത്രമാണ് അവര്‍ക്ക് പുരുഷാര്‍ഥം (കാമം ഏവൈകഃ പുരുഷാര്‍ഥഃ) എന്ന പ്രസ്താവം ചാര്‍വാകന്മാരെ പരിഹസിക്കാനായി ശത്രുക്കള്‍ നടത്തിയതാണ്. ധര്‍മത്തെപ്പറ്റി ലോകായതികര്‍ ഒന്നും പറയുന്നില്ല എന്നുള്ള ആരോപണവും ശരിയല്ല. കാരണം ധര്‍മാര്‍ഥ കാമങ്ങളെ ഐഹിക ജീവിതത്തില്‍ നിന്നും വേര്‍തിരിക്കാനാവില്ല. ഇഹലോക ജീവിതം സുഖകരവും സംതൃപ്തവും സമാധാനപൂര്‍ണവും ആക്കുക എന്നതല്ലാതെ മറ്റൊരു ലക്ഷ്യം ലോകായതികന്മാര്‍ക്ക് ഉണ്ടാകുക സാധ്യമല്ല. അപ്പോള്‍ മോക്ഷമൊഴിച്ചുള്ള പുരുഷാര്‍ഥങ്ങളില്‍ അവര്‍ വിശ്വസിച്ചിരുന്നു എന്ന് കരുതുന്നതാണ് യുക്തിസഹം. ലോകായത ഗ്രന്ഥങ്ങളെല്ലാം നശിപ്പിക്കപ്പെട്ടതിനാല്‍ എതിരാളികളുടെ മാത്രം ഉദ്ധരണികളെ ആശ്രയിക്കേണ്ടി വരുന്നതുകൊണ്ട് സ്വാഭാവികമായും ചാര്‍വാകര്‍ തെറ്റിദ്ധരിക്കപ്പെടാനുള്ള സാധ്യത ഏറെയാണ്. ഈ വസ്തുത കണക്കിലെടുത്തു വേണം ലോകായതത്തെ വിലയിരുത്താന്‍. ലോകായത ദര്‍ശനത്തിന്റെ സാധുതയും ലോകായതിക രുടെ സംഭാവനയും കാര്യവിവരമുള്ളവര്‍ അംഗീകരിച്ചിട്ടുള്ളതാണ്. ആധ്യാത്മിക പാരമ്പര്യങ്ങളോട് കൂറു പുലര്‍ത്തിയിരുന്ന പുരോഹിത വര്‍ഗ പ്രതിനിധിയായിരുന്ന ഡോക്ടര്‍ രാധാകൃഷ്ണന്‍ പോലും എഴുതുന്നു: ചാര്‍വാകരുടെ ശബ്ദം എതിര്‍പ്പിന്റെ ശബ്ദമായിരുന്നു. സ്വാതന്ത്ര്യത്തിനു വിലകല്പിച്ചിരുന്ന ദീര്‍ഘമായ ഒരു കാലയളവിലെ അന്ധവിശ്വാസ ങ്ങള്‍ക്കും പക്ഷപാതങ്ങള്‍ക്കും എതിരായുള്ള പ്രക്ഷോഭത്തിന്റെ ശബ്ദമായിരുന്നു അത്. സ്വര്‍ഗം, നരകം, ദൈവം മുതലായ സങ്കല്പങ്ങളാല്‍ തടയപ്പെടാതെ ജീവിതത്തിലെ ന്യായമായ സുഖസൗന്ദര്യങ്ങളെ ആസ്വദിക്കാനുള്ള ഒരു ക്ഷണമായിരുന്നു അത്. ..... ചാര്‍വാകദര്‍ശനം ഇന്ത്യന്‍ തത്വശാസ്ത്രത്തിന്റെ വളര്‍ച്ചക്ക് നല്‍കിയ സംഭാവന യഥാര്‍ഥത്തില്‍ വളരെ മഹത്തരമാണ് ( History of Pholosophy - East and West: Dr. S Radhakrishnan)

*****
കടപ്പാട്: ദീപ ബുക്‌സ്, കുറവിലങ്ങട് 1991 ല്‍ പ്രസിദ്ധീകരിച്ച പ്രൊഫ. കെ എം എബ്രഹാമിന്റെ 'ലോകായതം നമ്മുടെ പൊതൃകം , ദൈവം സത്യമോ മിഥ്യയോ' എന്ന കൃതിയില്‍ നിന്നും. ചിത്രങ്ങള്‍ ഇന്റര്‍ നെറ്റില്‍ നിന്നുമാണ്. പ്രൊഫ. കെ എം എബ്രഹാമിന്റെ ചിത്രം പുസ്തകത്തില്‍ നിന്ന് ലഭ്യമല്ലാത്തതിനാല്‍ ചേര്‍ര്‍ക്കാന്‍ കഴിഞ്ഞിട്ടില്ല.