"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, ഏപ്രിൽ 2, വ്യാഴാഴ്‌ച

അയ്യന്‍കാളി പ്രതിമയും നിത്യഹരിത നായകന്‍ പ്രേം നസീറും - കുന്നുകുഴി എസ് മണി


മലയാള സിനിമയിലെ നിത്യഹരിത നായകനെന്ന് പുകഴ്‌പെറ്റ പ്രേംനസീറും അയ്യന്‍കാളിയുടെ സമുദായക്കാരുമായി വലിയ ആത്മബന്ധം കാത്തു സൂക്ഷിച്ചിരുന്നു. അദ്ദേഹത്തിന്റെ ജന്മനാടായ ചിറയിന്‍കീഴില്‍ ധാരാളം പാവപ്പെട്ട അയ്യന്‍കാളി സമുദായക്കാരുണ്ടായിരുന്നു. ചെറുപ്പകാലം തൊട്ടേ നസീറിന് അവരുമായി ഏറെ അടുപ്പമുണ്ടായിരുന്നുവെന്ന സത്യം മറ്റാര്‍ക്കുമറിയില്ലെങ്കിലും ഈ ലേഖകന് അതറിയാന്‍ കഴിഞ്ഞിട്ടുണ്ട്. 

വള്ളക്കടവില്‍ നിന്നും പ്രസിദ്ധീകരിച്ചിരുന്ന 'കലാപ്രേമി' എന്ന ദിനപത്രവുമായി പ്രേം സനീര്‍ എറെ ബന്ധപ്പെട്ടിരുന്നു. ആ കാലത്ത് കലാപ്രേമി പത്രത്തിലെ ഒരു എഡിറ്റര്‍ ആയിരുന്നു ഞാനും. ഈ പത്രത്തില്‍ പ്രേം നസീറിനെ കുറിച്ച് ഒട്ടേറെ ലേഖനങ്ങളും വാര്‍ത്തകളും ഞാന്‍ എഴുതിയിരുന്നു. ആ പത്രങ്ങളൊക്കെ മദ്രാസിലുള്ള നസീറിന്റെ വീട്ടിലും എത്തിയിരുന്നു. കലാപ്രേമിക്ക് സ്വന്തമായി ഒരു പ്രസ് വാങ്ങി നല്‍കിയതും പ്രേം നസൂര്‍ എന്ന നല്ല മനുഷ്യനായിരുന്നു. പിന്നീട് വരുമ്പോഴൊക്കെ വള്ളക്കടവിലെ കലാപ്രേമി ആഫീസ് ഒന്നോ രണ്ടോ ആവര്‍ത്തി സന്ദര്‍ശിച്ചിരുന്നു. ആ കാലം മുതല്‍ക്കാണ് പ്രേം നസീറുമാ യുള്ള എന്റെ ബന്ധം തടങ്ങുന്നത്. ഈ സന്ദര്‍ഭങ്ങളി ലൊക്കെ അയ്യന്‍കാളിയുടെ സമുദായക്കാരുടെ ജീവിത പ്രരാബ്ധങ്ങളെ സംബന്ധിച്ച് ആദ്ദേഹം പറഞ്ഞിരുന്നു. ചിറയിന്‍ കീഴിലെ ചിലരെ സഹായിച്ചിട്ടുള്ള കാര്യം നസീറില്‍ നിന്ന് അറിഞ്ഞു.

പാവപ്പെട്ടവരെ സഹായിക്കുന്ന കാര്യത്തില്‍ പ്രേം നസീര്‍ മറ്റേത് നടനേക്കാളും മുന്നിലായിരുന്നു. അവിടെ ജാതി - മതഭേദം ഒന്നും ഉണ്ടായിരുന്നില്ല. അതാണ് മറ്റാരേക്കാളും പ്രേം നസീറിനെ വ്യത്യസ്ത നാക്കുന്നത്. ഒടുവില്‍ അയ്യന്‍കാളിയുടെ പ്രതിമാ സ്ഥാപനവുമായി ബന്ധപ്പെടുവാനും മഹാനായ ആ നടന് ഭാഗ്യമുണ്ടായി. 

അമേരിക്കന്‍ പ്രസിഡന്റായിരുന്ന എബ്രഹാം ലങ്കന്റേയും, ഐസന്‍ ഹോവറുടേയും ജോണ്‍ എഫ് കെന്നഡിയുടേയുമൊക്കെ പ്രതിമ നിര്‍മ്മിച്ച് പ്രസിദ്ധനായ എസ്ര ഡേവിഡാണ് മദ്രാസില്‍ വെച്ച് കേരളത്തിലെ സാധുജനങ്ങളുടെ പടത്തലവനായ അയ്യന്‍കാളിയുടേയും പ്രതിമാ നിര്‍മ്മാണം നടത്തിയിരുന്നത്. ക്രൈസ്തവ മതാവലംബി യായ എസ്ര ഡേവിഡ് അയ്യന്‍കാളിയുടെ തന്നെ അടുത്ത ബന്ധുകൂടി യായിരുന്നു എന്നതാണ് മറ്റൊരു പ്രത്യേകത. ഈ വിവരം പിന്നീടാണ് അറിയാന്‍ സാധിച്ചത്. അപ്പോള്‍ രക്തബന്ധമുള്ള ആള്‍ തന്നെയാണ് വെള്ളയമ്പലം സ്വയറിലെ അയ്യന്‍കാളി പ്രതിമ നിര്‍മ്മിച്ചിരിക്കുന്നത്!


എസ്ര ഡേവിഡ്
(നടുക്ക്)
നിര്‍മ്മാണം പൂര്‍ത്തീകരിച്ച അയ്യന്‍കാളി പ്രതിമ 1980 ഒക്ടോബര്‍ 26 ന് മദ്രാസിലെ ആശാന്‍ മെമ്മോറിയല്‍ സ്‌കൂള്‍ അങ്കണത്തില്‍ വെച്ച് മലയാള സിനിമയിലെ നിത്യഹരിത നായകന്‍ പ്രേം നസീറിന്റെ നേതൃത്വത്തില്‍ മലയാളി സമാജം, ആശാന്‍ മെമ്മോറിയല്‍ അസോസി യേഷന്‍, കേരള ആര്‍ട്‌സ് സെന്റര്‍, കേരള ചലച്ചിത്ര പരിഷത്ത് എന്നിവര്‍ ചേര്‍ന്ന് സമുജ്വലമായ ഒരു യാത്രയയപ്പ് സ്വീകരണം നല്‍കി. സ്വീകരണ യോഗത്തില്‍ ജസ്റ്റിസ് പത്മനാഭന്‍ അധ്യക്ഷനായി രുന്നു. യോഗത്തില്‍ സംബന്ധിച്ച് ആശംസകള്‍ നേര്‍ന്നുകൊണ്ട് പ്രേം നസീര്‍ ഇങ്ങനെ പറഞ്ഞു. ' ഭാരതത്തിന്റെ, ലോകത്തിന്റെ തന്നെ ചരിത്രത്തില്‍ അടിമച്ചങ്ങല പൊട്ടിച്ചെറിഞ്ഞ, അജയ്യനായ ധീരനായ യോദ്ധാവാണ് മഹാനായ അയ്യന്‍കാളി. ജീവിതകാലത്ത് അദ്ദേഹത്തെ ചങ്ങലകൊണ്ട് ബന്ധിപ്പിക്കുവാന്‍ പലരും ശ്രമിച്ചു. ആ ചങ്ങലകളെല്ലാം പൊട്ടിക്കു വാനുള്ള കരുത്തും ധീരതയും അദ്ദേഹത്തിനുണ്ടായിരുന്നു. അതിന്റെ പ്രകടമായ തെളിവാണ് ഇന്ന് അദ്ദേഹത്തിന്റെ പ്രതിമയെ ഉയര്‍ത്താന്‍ ശ്രമിച്ചപ്പോള്‍ പല പ്രാവശ്യം ചങ്ങലകള്‍ പൊട്ടിപ്പോയത്. ഒരു ശക്തിക്കും ബന്ധിക്കുവാനാകാത്ത അജയ്യ ശക്തിയായിരുന്നു ശ്രീ അയ്യന്‍കാളി. അവശ സമുദായക്കാരു ടെയെല്ലാം നേതാവാണ് അയ്യന്‍ാകളി യെന്നും ഇന്നു നാം അനുഭവിക്കുന്ന സമത്വത്തിനു കാരണം അയ്യന്‍കാളിയെ പോലുള്ള സേനാനി കളാണെന്നും ഉള്ള വസ്തുത നാം ഒരിക്കലും വിസ്മരിച്ചു കൂടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അയ്യന്‍കാളിയുടെ ജീവിതം ഒരു ഡോക്യുമെന്ററിയായി ചിത്രീകരിക്കണ മെന്ന് ചലച്ചിത്ര പരിഷത്ത് പ്രസിഡന്റു കൂടിയായ പ്രേം നസീര്‍ പറഞ്ഞു. '

കൂടാതെ അയ്യന്‍കാളി ട്രസ്റ്റ് ചെയര്‍മാന്‍ കെ കെ ബാലകൃഷ്ണന്‍, സെക്രട്ടറി കെ പി മാധവന്‍, കെ കുഞ്ഞമ്പു എം പി എന്നിവര്‍ പ്രസംഗിച്ചു. കെ എസ് ആര്‍ ടി സി സൗജന്യമായി വിട്ടു നല്‍കിയ ബസ് ബോഡിയില്‍ പ്രതിമ ഫിറ്റ് ചെയ്ത് അലങ്കരിചിച്ച് സ്വീകരണ സ്ഥലത്തു കൊണ്ടുവന്ന അയ്യന്‍കാളി പ്രതിമയില്‍, മേക്കപ്പ് ചെയ്ത് നിന്നിരുന്ന പ്രേനസീര്‍ പ്രതിമയോളം തന്നെ വലിപ്പത്തിലുള്ള റോസാപ്പൂക്കള്‍ കൊണ്ടു നിര്‍മ്മിച്ച മനോഹരമായ കൂറ്റന്‍ പുഷ്പഹാരം ആദ്യമായി അണിയിച്ചു. തുടര്‍ന്ന് ഹാരാര്‍പ്പണങ്ങളുടെ ബഹളമായിരുന്നു. ഉച്ചക്ക് ഒരു മണിക്കു ശേഷം മദ്രാസില്‍ നിന്നും പതിമ തിരുവനന്തപുരത്തേക്കുള്ള പ്രയാണം ആരംഭിച്ചു. വെള്ളയമ്പല സ്വകയറില്‍ സ്ഥാപിച്ചിരിക്കുന്ന അയ്യന്‍കാളി പ്രതിമയില്‍ ആദ്യമായി കൂറ്റന്‍ ഹാരമണിയിച്ചത് മലയാള സിനിമയിലെ നിത്യഹരിത നായകന്‍ പ്രേം നസീറാണ്! 1980 ഒക്‌ടോബര്‍ 26 നായിരുന്നു ആദ്യത്തെ ഹാരാര്‍പ്പണം നടന്നത്. 

1980 ഒക്ടോബര്‍ 28 ന് കേരളത്തിന്റെ അതിര്‍ത്തിയായ വാളയാറില്‍ വെച്ച് ജനങ്ങള്‍ അയ്യന്‍കാളി പ്രതിമക്ക് ഗംഭീരമായ സ്വീകരണം നല്‍കി. അവിടെ നിന്ന് ആരംഭിച്ച പ്രതിമാ പ്രയാണം അനൗണ്‍സര്‍മാരുടെ ജീപ്പ്, ഗായക ലംഘത്തിന്റെ വാന്‍, പ്രതിമാ വാഹനം, തൊട്ടു പിന്നാലെ അനേകം കാറുകളുടെ അകമ്പടിയോടെ ഘോഷയാത്രയായി യാത്ര തുടര്‍ന്നു.

'പാഞ്ചജന്യം..., അജയ്യനായ അയ്യന്‍കാളി...., അതുല്യ വിപ്ലവകാരി...., അയ്യന്‍കാളി....' എന്നീ ഗാനങ്ങള്‍ - കല്ലട ശശി രചിച്ചത് പ്രതിമയുടെ ജൈത്രയാത്രക്ക് ആവേശം പര്‍ന്നിരുന്നു. 'ഇന്നുമീ കുരുക്ഷേത്ര വര്‍ണസങ്കര ഭൂവില്‍ നിന്നുയിര്‍ക്കൊണ്ട പാഞ്ചജന്യമാണയ്യന്‍കാളി...' ആവേശോജ്വല മായ ഗാനത്തിന്റെ ശ്രവണ മാധുരിയില്‍ പ്രതിമാ വാഹനം ഗമിച്ചു കൊണ്ടിരുന്നു. പാലക്കാട,് തൃശൂര്‍, എറണാകുളം, തൃപ്പൂണിത്തുറ, വൈക്കം, കടുത്തുരുത്തി, കോട്ടയം - വൈക്കം മഹാക്ഷേത്ര നടയിലും അയ്യന്‍കാളി പ്രതിമക്ക് സ്വീകരണം ലഭിച്ചു. കടുത്തുരുത്തിയില്‍ വെച്ച് കനേഡിയന്‍ ഹൈക്കമ്മീഷണര്‍ ജോണ്‍ഹെഡ്വീര്‍ ആദരപൂര്‍വം അയ്യന്‍കാളി പ്രതിമയില്‍ ഹാരാര്‍പ്പണം നടത്തി. 'ആന്‍ എക്‌സലന്റ് സ്റ്റാച്യു' എന്നു പറഞ്ഞ് കെ കെ ബാലകൃഷ്ണന് ഹസ്തദാനം നടത്തി.

ചങ്ങനാശേരി എസ് ബി കോളേജ് ജംങ്ഷനില്‍ ഹാരാര്‍പ്പണം നടത്തുന്നതിനിടയില്‍ ഏതോ വിവരം കെട്ട വികൃതി പിള്ളേര്‍ കല്ലേറ് നടത്തിയത്, തുടര്‍ന്നുണ്ടാകാവുന്ന വന്‍ സംഘര്‍ഷത്തെ നേതാക്കന്മാര്‍ ഇടപെട്ട് ഒഴിവാക്കി. ഇവിടെ വെച്ച് മന്നത്ത് പത്മനാഭന്റെ സഹോദരനും അയ്യന്‍കാളിയുടെ സഹപ്രവര്‍ത്തകനുമായ മന്നത്ത് നാരായണന്‍ പിള്ള പ്രതിമയില്‍ ഹാരാര്‍പ്പണം നടത്തി. തുടര്‍ന്ന് കുട്ടനാടന്‍ പുഞ്ചപ്പാടങ്ങളുടെ നാടായ ആലപ്പുഴയിലെത്തി. ഇരവി പേരൂരില്‍ വെച്ച് പൊയ്കയില്‍ യോഹന്നാന്റെ സഹധര്‍മ്മിണി ജ്ഞാനമ്മ ഹാരാര്‍പ്പണം നടത്തി. കൊട്ടാരക്കരയില്‍ വെച്ച് ചെമ്മീന്‍ സിനിമയിലെ ചെമ്പന്‍ കുഞ്ഞായും വേലുത്തമ്പി ദളവയായും മലയാള സിനിമയില്‍ നിറഞ്ഞുനിന്ന കൊട്ടാരക്കര ശ്രീധരന്‍ നായര്‍ അയ്യന്‍കാളി പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തിയത് ഏവരേയും കോള്‍മയിര്‍ കൊള്ളിച്ചു. തുടര്‍ന്ന് അയ്യന്‍കാളി വീരേതിഹാസം രചിച്ച പെരിനാട്ടി ലെത്തി. കല്ലുമാല സമരത്തിന് വേദിയായ പെരിനാട്ടില്‍ വെച്ച് ആബാലവൃദ്ധം ജനങ്ങളും ആനന്ദനൃത്തം ചെയ്താണ് ആ വീരകേസരി യുടെ പ്രതിമയെ വരവേറ്റത്. തുടര്‍ന്ന് തിരുവനന്തപുരം ജില്ലയില്‍ എത്തിയ പ്രതിമയെ ഉള്ളൂരില്‍ വെച്ച് അന്ന് പ്രതിപക്ഷ നേതാവായിരുന്ന ലീഡര്‍ കെ കരുണാകരന്‍ മഹാനായ അയ്യന്‍കാളിയുടെ പ്രതിമയില്‍ ഹാരാര്‍പ്പണം നടത്തി. പട്ടിക ജാതിക്കാര്‍ക്കായി ഏത് അര്‍ദ്ധരാത്രിയിലും തന്റെ ഔദ്യോഗിക വസതിയുടെ വാതിലുകള്‍ തുറന്നിട്ടിരുന്ന കരുണാകരന്റെ ഹാരാര്‍പ്പണം ശ്രദ്ധേയമായി ഭവിച്ചു.

കേശവദാസപുരത്തുവെച്ച് ഭാര്‍ഗവി തങ്കപ്പനും ഡോ. ബാബു വിജയ്‌നാഥും ഹാരാര്‍പ്പണം നടത്തി. പട്ടത്ത് എത്തുമ്പോള്‍ മാര്‍ ബനഡിക്ട് ഗ്രിഗോറിയോസ് തിരുമേനി ക്രൈസ്തവ സമൂഹത്തിനുവേണ്ടി ഹാരാര്‍പ്പണം നടത്തി. പിന്നീട് കാട്ടാക്കട വഴി പ്രതിമാ ഘോഷയാത്ര പ്രസിദ്ധമായ ഊരൂട്ടമ്പലത്തെത്തുമ്പോള്‍ പഴയ ചരിത്ര സ്മരണകള്‍ക്ക് ജീവന്‍ വെക്കുകയയായി. 1915 ല്‍ പഞ്ചമി എന്ന പെണ്‍കുട്ടിയേയും സഹോദരന്‍ കൊച്ചുകുട്ടിയുമായി അയ്യന്‍കാളി സ്‌കൂള്‍ പ്രവേശനം നടത്തിയത് തൊണ്ണൂറാമാണ്ട് കലാപമായി പടരുകയായിരുന്നു. മഹാനായ അയ്യന്‍കാളിയുടെ തലക്ക് 1000 രൂപ സര്‍ക്കാര്‍ ഇനാം പ്രഖ്യാപിച്ചത് ഈ സംഭവത്തോടെയാണ്. ഇവിടെ അയ്യന്‍കാളി പ്രതിമയെ സമീപിച്ചത് വടക്കന്‍ കളരിയോടും തെക്കന്‍ കളരിയോടു മായിരുന്നു. നെയ്യാറ്റിന്‍ കരയില്‍ നിന്നും അയ്യന്‍കാളിയുടെ ജന്മദേശമായ മുക്കോല - പെരുങ്കാറ്റു വിളയില്‍ സമൂഹ സദ്യയോടെയാണ് മഹാനായ തങ്ങളുടെ പ്രിയനായകനെ എതിരേറ്റത്.

മുക്കോലെ പെരുങ്കാറ്റുവിള ഒരു മഹാജനസമുദ്രമായി മാറിയിരുന്നു. ജാതി-മത ഭേദമില്ലാത്ത മനുഷ്യര്‍ ഒന്നായി ഒരുമിച്ചുകൂടിയ ദിവസം, അയ്യന്റേയും മലയുടേയും സീമന്തപുത്രനായി ജനിച്ച കാളി ലോകം കീഴടക്കുന്ന ജനനേതാവായി പ്രതിമാരൂപത്തില്‍ തിരിച്ചത്തിയിരിക്കുന്നു. ഏറ്റവും തിളക്കമാര്‍ന്ന സ്വീകരണമാണ് അവിടെ ലഭിച്ചത്. അയ്യന്‍കാളി യുടെ സഹോദരങ്ങളില്‍ അന്ന് ജീവിച്ചിരുന്ന ഒരേയൊരു സഹോദരി 90 കഴിഞ്ഞ ശ്രീമതി കുഞ്ഞി നിറകണ്ണുകളോടെ മൂത്ത സഹോദരനായ അയ്യന്‍കാളിയുടെ പ്രതിമയില്‍ ഹാരാര്‍പ്പണം നടത്തി 'എന്റെ അണ്ണാ...' എന്ന് വിളിച്ച് പ്രതിമയില്‍ ചുംബിച്ചത് അവിടെ കൂടിയിരുന്ന ജനസഹസ്രത്തെ കോരിത്തരിപ്പിക്കുകയും കണ്ണീരണിയിക്കുകയും ചെയ്തു. പിന്നീട് അയ്യന്‍കാളി അന്ത്യവിശ്രമം കൊള്ളുന്ന ചിത്രകൂടത്തിനു മുന്നിലെത്തി. രാത്രി 9 മണിക്ക് എത്തിയ പ്രതിമയില്‍ പിറ്റേദിവസം പുലര്‍ച്ചവരെ സ്വീകരണം നീണ്ടുപോയി. തുടര്‍ന്ന് വിവിധ സ്ഥലങ്ങളിലെ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി തിരുവനന്തപുരത്തെത്തി. നഗരത്തിലെ ഗംഭീരമായ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങിക്കൊണ്ട് മ്യൂസിയം ജംങ്ഷനിലെത്തിയപ്പോള്‍ ഹരിജന്‍ വിദ്യാര്‍ത്ഥി ഫെഡറേഷന്‍ സംഘടിപ്പിച്ച പട്ടികജാതി ബാലികമാരുടെ താലപ്പൊലിയുടേയും പുഷ്പവൃഷ്ടിയുടേയും അകമ്പടിയോടെ വെള്ളയമ്പലം സ്വയറിലേക്ക് ആനയിച്ചു. 1980 നവംബര്‍ 6 ന് രാത്രി 10 മണിക്ക് വെള്ളയമ്പലത്ത് പ്രതിമയെത്തി. ഇതൊരു ചരിത്രസംഭവമാണ്. കേരളത്തില്‍ മറ്റൊരു പ്രതിമക്കും ലഭിക്കാത്ത സമുജ്വല സ്വീകരണവും വരവേല്പുമാണ് മഹാനായ ആ ചരിത്രനായകന് നാടും നഗരവും ജനങ്ങളും ഉണര്‍ന്നു നല്‍കിയത്.

മൂന്ന് ദിവസം കൊണ്ട് പ്രതിമ പീഠത്തില്‍ ഉറപ്പിക്കുകയും 1980 നവംബര്‍ 10 ന് വൈകുന്നരേം 6:30 ന് വെള്ളയമ്പലം സ്‌ക്വയറില്‍ ചേര്‍ന്ന വമ്പിച്ച പൊതുസമ്മേളന ത്തില്‍ വെച്ച് ഇന്ത്യന്‍ പ്രധാനമന്ത്രിയും ഇന്ത്യയുടെ പ്രിയദര്‍ശിനി യുമായ ശ്രീമതി ഇന്ദിരാഗാന്ധി ലോകം കണ്ട എന്നത്തേയും സമുന്നത നവോത്ഥാന നായകരില്‍ പ്രമുഖനായ മഹാത്മാ അയ്യന്‍കാളി യുടെ പ്രതിമ അനാഛാദനം ചെയ്തു. ഒരു മഹാജന സമുദ്രമായി മാറിയ വെള്ളയമ്പലവും പരിസരവും. കേരള മുഖ്യമന്ത്രി ഇ കെ നായനാര്‍ സമ്മേളനത്തില്‍ അധ്യക്ഷനായിരുന്നു. ലീഡര്‍ കെ കരുണാകരന്‍, എ കെ ആന്റണി, പി കെ വാസുദേവന്‍ നായര്‍, എം കെ കൃഷ്ണന്‍, മേയര്‍ എം പി പത്മനാഭന്‍, എന്നിവര്‍ ആശംസാപ്രസംഗങ്ങള്‍ നടത്തി. ശില്പി എസ്ര ഡേവിഡിന് ഇന്ദിരാഗാന്ധി യോഗത്തില്‍ വെച്ച് സമ്മാനം നല്‍കി ആദരിച്ചു. പ്രതിമ അനാവരണം ചെയ്തുകൊണ്ട് ഇന്ദിരാഗാന്ധി 'അധഃസ്ഥിതരുടെ ആവേശപ്രസ്ഥാനമായ ശ്രീ അയ്യന്‍കാളി സമൂഹസമത്വ ത്തിന്റെ ഉള്‍പ്രേരണയുടെ സമുജ്വല പ്രതീകമാണ്. സ്വജീവിതം സമൂഹനന്മക്കായി ത്യജിച്ച ഇന്ത്യയുടെ മഹാനായ പുത്രനാണ് അയ്യന്‍കാളി' എന്ന് വന്‍പിച്ച കരഘോഷങ്ങള്‍ക്കിടിയില്‍ പ്രഖ്യാപിച്ചു.