"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, ഏപ്രിൽ 20, തിങ്കളാഴ്‌ച

നാടകാന്തം... മാള അരവിന്ദന്‍ - ഏകലവ്യന്‍ ബോധി


മാള അരവിന്ദന്‍
ജാതിശ്രേണിയമായി ബന്ധപ്പെട്ട വികസിച്ചതാണ് കേരളത്തിലെ അനുഷ്ഠാന കലകള്‍. ഗോത്ര ജീവിതത്തില്‍ കലയും അനുഷ്ഠാനവും രണ്ടായിരുന്നില്ല. അനുഷ്ഠാന മായാണ് മനുഷ്യന്റെ സാമൂഹ്യ ചലനങ്ങളും അധികാര ഘടനയും രൂപപ്പെട്ടത്. ജാതിവ്യവസ്ഥ രൂപപ്പെട്ടതിനു ശേഷം (കലയും) അനുഷ്ഠാന ങ്ങള്‍ ജാതീയമായാണ് വികസിച്ചത്.

സാഹിത്യ കൃതി ഒരു ചിഹ്ന വ്യവസ്ഥയാണ്. കലയും അനുഷ്ഠാനവും നിര്‍മിക്കുന്നത് ഇതു തന്നെയാണ്. അതിനെ വ്യാഖ്യാനിക്കുകയല്ലാതെ അനശ്വരമാക്കി സഥാപിക്കാനാവില്ല. ചരിത്രം, കാലം ഇവയിലൂടെയുള്ള വ്യാഖ്യാന ങ്ങളിലൂടെയാണ് കലകളും കൃതികളും അതിജീവിക്കുക. ഈയൊരു വസ്തുതയെ മനസിലാക്കാതെ കലാ - സാഹിത്യത്തെ സമീപിച്ചാല്‍ കലാ - സാഹിത്യകാരന്മാരേയും വിലയിരുത്താനാവില്ല.

കലാ - സാഹിത്യ സാംസ്‌കാരിക രംഗത്ത് നിലനില്ക്കുന്ന വരേണ്യ ധാരണകളേയും ചരിത്രത്തേയും അനുഷ്ഠാനങ്ങളേയും ഖണ്ഡന വിമര്‍ശനത്തിനു വിധേയമാക്കേണ്ടതാണ്. അല്ലാത്തവയും സവര്‍ണ വിഭാഗങ്ങള്‍ അവരുടെ അധീശത്വ സംസ്‌കാരമുപയോഗിച്ച് പാര്‍ശ്വ വല്കൃതരുടെ അഥവാ ബഹിഷ്‌കൃതരുടെ ചരിത്രത്തേയും സംസ്‌കാരത്തേയും പോലെ തമസ്‌കരിച്ചു കൊണ്ടേയിരിക്കും.

കൈരളിയുടെ സംസ്‌കാരമെന്നത് ഈ നാട്ടിലെ ആദിമ ജനതയുടെ തനത് സാംസ്‌കാരിക ഭൂമികയില്‍ നിന്ന് രൂപപ്പെട്ടതും ആധുനികമായ കാലത്തിനു ക്രമമായി മൗലികമായ നൈതികാവബോധ ത്തിലധിഷ്ഠി തമായി പുനനിര്‍മിക്ക പ്പെട്ടതുമാണ് എന്ന യാഥാര്‍ഥ്യത്തെ അട്ടിമറിച്ചു കൊണ്ട്, വരേണ്യ - ഹൈന്ദവികമായ - മതാത്മീയതയാണ് സാംസ്‌കാരിക മായി വിനിമയം ചെയ്യുന്നത്. ഇത് വളരെ വ്യക്തമായി മനസിലാകുന്ന തും ഉദാഹരിക്കാന്‍ കഴിയുന്നതുമായ ഒരു മേഖല സിനിമയാണ്.

അനുഷ്ഠാനങ്ങളും സാഹിത്യ കൃതികളും ചരിത്രവും തത്വശാസ്ത്രവും മത - രാഷ്ട്രീയവുമെല്ലാം ഇഴ ചേര്‍ത്ത് ഉത്പാദിപ്പിക്കുന്ന ഒരു മിശ്രിതമാണ് സിനിമ. സമ്പത്തും സാമൂഹികമായ അംഗീകാരവും അധികാരവും എല്ലാം ലഭ്യമാകുന്ന ഒരു മേഖല എന്ന നിലയില്‍ സിനിമയുടെ ഭൂമിക വരേണ്യരുടെതു തന്നെയാണ്. അതുകൊണ്ടുതന്നെ സിനിമയില്‍ ഉത്പാദിപ്പിക്കപ്പെടുന്ന സമൂഹം, പ്രദേശം, ജനങ്ങള്‍, അധികാരം, സംസ്‌കാരം ഇവയെല്ലാം ഇന്ത്യയിലെ ബ്രാഹ്മണികാധീശ കാഴ്ചപ്പാടുകളുടെ അടിത്തറയില്‍ നിന്നുകൊണ്ടുള്ളതാണ്.

ഈ വിധമായ ഒരു ഘടനയിലും ക്രമത്തിലും പ്രവര്‍ത്തിക്കുന്ന സിനിമാ മേഖലയില്‍, തങ്ങളുടെ ഇടം കണ്ടെത്തുകയും നിലനില്ക്കുകയും ചെയ്യുക എന്നത് ദലിത കലാകാരന്മാരെ സംബന്ധിച്ചിടത്തോളം വളരെ ക്ലേശകരമായ കാര്യമാണ്. ആദ്യകാലത്ത് സിനിമയില്‍ അഭിനയിച്ച റോസിയുടെ ചരിത്രം തന്നെ അതാണ് സൂചിപ്പിക്കുന്നത്. അതുകൊണ്ട് തന്നെ പിന്നീട് ദലിതരുടെ സിനിമ പ്രവേശനം വളരെ നീണ്ടു പോയി. അഥവാ അങ്ങനെയുള്ളവര്‍ അദലിതരായി പ്രഛന്നരായിട്ടാണ് നിന്നിട്ടുള്ളത്. വര്‍ത്തമാന കാലത്തു പോലും നായികാ നായകന്മാര്‍ തങ്ങളുടെ ജാതിയുടെ അധീശത്വം പ്രടിപ്പിക്കാന്‍ ജാതിപ്പേരുകള്‍ ഉപയോഗിക്കുമ്പോള്‍ ദലിതര്‍ക്ക് തന്റെ സ്വത്വം വെളിപ്പെടുത്താനാകയില്ല. അങ്ങനെ ചെയ്താല്‍ ദലിതര്‍ ജാതിവാദികളാകും. ജാതിയെ എതിര്‍ത്ത തിലകനെ ജാതിവാദിയാക്കിയതും വിലകുറച്ചു കണ്ടതിനും നാം ദൃക്‌സാക്ഷികളാണ്. ജാതിയും വിവേചനവും സൃഷ്ടിച്ചവര്‍ തന്നെ അതിന് വിധേയമാക്കപ്പെട്ടവരുടെ മേല്‍ ആ കുറ്റം അടിച്ചേല്പിക്കുന്ന നവ ഫാസിസ്റ്റ് സംസ്‌കാരം നമ്മള്‍ അനുഭവിക്കുകയാണ്. ആധുനികതയുടെ ഭൂതകാലത്ത് ഒരു ജനസമൂഹവും ജാതിവ്യവസ്ഥിതിയേയും അസ്പൃശ്യത യേയും അംഗീകരിക്കില്ലെന്ന തിരിച്ചറിവില്‍ നവഹിന്ദുത്വം ബാഹ്യമായി ജാതിരഹിതരും മനുഷ്യസ്‌നേഹികളുമായി മാറുകയും ഇരകള്‍ കുറ്റവാളികളാകുകയും ചെയ്യുന്നു. എന്നാല്‍ ജീവിത ശൈലിയിലും ചിന്തയിലും ജാതി വിവേചനത്തിന്റെ മതാത്മീയ അധികാരത്തില്‍ ആന്തരികമായ ആത്മരതി അനുഭവിക്കുകയാണ് സവര്‍ണ - സനാതനികള്‍. മലയാള സിനിമയും അതിന്റെ ഉയര്‍ന്ന ഉദാഹരണം തന്നെയാണ്. ഇത്തരമൊരു തുടക്കത്തിലാണ് തികഞ്ഞ കലാകാരനായിരുന്ന മാള അരവിന്ദന്‍ പ്രഛന്നതകളില്ലാതെ, തന്റെ ഐഡന്റിറ്റിയെ നിലനിര്‍ത്തി ക്കൊണ്ട് ഒരു നടനെന്ന നിലയില്‍ ഒരു കസേരയിട്ട് ഇരുന്നത്. ഒരു മഹാ നടന്റെ എല്ലാ കഴിവുകളും പ്രകടിതമായ മാള അരവിന്ദന്‍ ഒരു മഹാ നടന്‍ എന്ന് വിശേഷിപ്പിക്കാന്‍ തക്കവണ്ണം ഒരു സാഹചര്യ വും ലഭിച്ചില്ല. എന്നാല്‍ തന്നെയും മലയാള സിനിമയുടെ ഹിറ്റ് മേക്കറാകാന്‍ കഴിഞ്ഞ കലാകാരനായിരുന്നു എന്നത് ചരിത്ര വസ്തുതയാണ്. 

മലയാളത്തിന്റെ മാണിക്യം, മാളയുടെ മാണിക്യം എന്ന വിശേഷിക്ക പ്പെടേണ്ട ഈ കലാകാരനെ അംഗീകരിക്കാനും ആദരിക്കാനും മരണശേഷ വും സാംസ്‌കാരിക - കലാലോകത്തിന്, സിനിമാ ലോകത്തിനും കഴിഞ്ഞില്ല എന്നത് ഖേദകരമായ കാര്യമാണ്.

മാള എന്ന മാള അരവിന്ദന്‍ ഒരു ദലിതനായിരുന്നു എന്നത് ഒളിച്ചു വെക്കപ്പെടാത്ത നേരായിരുന്നു. സിനിമയിലെ മറ്റ് ദലിതര്‍, കലാഭവന്‍ മണി ഉള്‍പെടെ തങ്ങളുടെ ദലിതാസ്തിത്വം കപട സോഷ്യലിസ്റ്റ് മുഖംമൂടിയിട്ട് മൂടുമ്പോഴും തന്റെ മാതൃകാ സംസ്‌കാരത്തേയും പാരമ്പര്യത്തേയും ഒളിുച്ചുവെക്കാന്‍ മിനക്കെട്ടതായാണ് അദ്ദേഹം നിലകൊണ്ടത്. മാത്രമല്ല ദൈലതികമായ നൈതികാവബോധത്തെ സ്വാംശീകരിച്ചുകൊണ്ട് ആത്മാഭിമാനത്തിലേക്ക് കോട്ടം തട്ടാതെ, തന്റെ വ്യക്തിത്വത്തെ തിളക്കമറ്റതാക്കി തീര്‍ക്കുവാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. ജീവിതത്തിന്റെയും കലാപ്രവര്‍ത്തനത്തിന്റെയും വെയില്‍ ചായുന്ന നേരത്ത് തന്നെ തേടിയെത്തിയ ദലിത് ചിന്തകരോടും സാമൂഹ്യ പ്രവര്‍ത്തകരോടും അദ്ദേഹം വളരെ സൗമ്യമായിചോദിച്ചു 'എന്തേ നിങ്ങള്‍ ഇത്രയും വൈകി ?' 

കാല്‍ നൂറ്റാണ്ടിനപ്പുറത്തോളം സിനിമയില്‍ തിളങ്ങി നില്ക്കാന്‍ കഴിഞ്ഞ അപൂര്‍വം നടന്മാരില്‍ ഒരാളാണ് മാള അരവിന്ദന്‍. വെറും കോമേഡി യനും സഹകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഒരു സഹനടനുമെന്നാണ് അദ്ദേഹത്തെ വിലയിരുത്തിയത്? സിനിമാ ലോകം കലാകാരന്മാരെ വിസമരിക്കാം. സമൂഹം അങ്ങനെയല്ല. ചാര്‍ലി ചാപ്ലിന്‍ ഇന്നും വളരെ ഗൃഹാതുരതയോടെ ഓര്‍മിക്കപ്പെടുന്ന കലാകാരനാണ്. അദ്ദേഹം അംഗീകരിക്കപ്പെടുകയും ആദരിക്കപ്പെടുകയും ചെയ്യുന്നുണ്ട് ഇന്നും.

എന്തുകൊണ്ടാണ് നാട്യത്തിലും സംഗീതത്തിലും സംഗീതോപകരണ വായനയിലും കഴിവുള്ള ഒരുകലാകാരന്‍ സിനിമയില്‍ പാര്‍ശ്വവത്കരി ക്കപ്പെട്ടു പോയത് എന്ന് നാം തിരിച്ചറിയേണ്ടതുണ്ട്. 

ദലിത കഥാപാത്രങ്ങളും കലാകാരന്മാരും മലയാള സിനിമയില്‍ അര്‍ഹമായ ഇടം നേടാതെ പോയത് എന്തുകൊണ്ടാണ് എന്നതിനെ കുറിച്ച് 'സിനിമയും നീതിബോധവും' എന്ന എന്റെ ലേഖനത്തില്‍ വിശദമാക്കിയിരുന്നു. സവര്‍ണരുടെ ജീവിതം പറയുമ്പോള്‍ അവരുടെ ഇരകളായ ദലിതുകളെ അവതരിപ്പിച്ചാല്‍ ആ കഥക്ക് കാമ്പുണ്ടാകുകയില്ല. പ്രേക്ഷകര്‍ക്കിടയില്‍ സാമൂഹികമായ ഉച്ചനീചത്വത്തെക്കുറിച്ചോ നീതിബോധത്തെ ക്കുറിച്ചോ സംശയം ജനിപ്പിക്കാതിരി പ്പിക്കണമെങ്കില്‍ ജീവിതത്തില്‍ മാത്രമല്ല സിനിമയിലും ദലിതര്‍ ബഹിഷ്‌കൃതരാകണം.


ഏകലവ്യന്‍ ബോധി
വിഗതകുമാരനിലൂടെ ദലിത് സ്ത്രീ സാന്നിധ്യവും നീലക്കുയിലിലൂടെ ദലിത് സ്ത്രീകഥാപാത്ര സാന്നിധ്യവും ഉണ്ടായതിനു ശേഷം സിനിമയില്‍ അത്തരം കഥാ പാത്രങ്ങള്‍ക്കും കലാകാരന്മാര്‍ക്കും വരേണ്യതയുടെ സാംസ്‌കാരികതയും ചലനങ്ങളും നീതികളുമാണ് ഉണ്ടായിട്ടുള്ളത്. ദലിത കഥാപ്ത്ര ങ്ങളെ സൃഷ്ടിച്ചാല്‍ തന്നെ സവര്‍ണതയുടെ സകല നൃശംസ്യതകളും കഥാപാത്രത്തിലേക്ക് ആവേശിച്ച് വെക്കും. ദലിത കലാകാരന്മാരുടെ കഥാപാത്രങ്ങളെ സമൂഹത്തിന്റെ അപരിഷ്‌കൃതരായും അവതരിപ്പിക്കും. വീടുപണിക്കാര്‍, മീന്‍കാരന്‍, വേലക്കാരന്‍, പുറംപണിക്കാര്‍, തോട്ടികള്‍ ഇങ്ങനെയൊക്കെ യുള്ള കഥാപാത്രങ്ങളെ അനിയന്ത്രിതമായ കോമാളിത്ത ത്തിലും നിലവാര മില്ലാത്ത ഐഡന്റിറ്റിയിലേക്കും മാറ്റിത്തീര്‍ക്കും. അസ്തിത്വമില്ലാത്ത കഥാപാത്രങ്ങളാണേറെയും.

ഈ ദുരുപയോഗത്തിന് മാള അരവിന്ദനും വിധേയമാക്കപ്പെട്ടിട്ടുണ്ട്. മാളയുടെ ആദ്യകാല സിനിമകളില്‍ അനിയന്ത്രിതവും ശ്ലഥശബ്ദവുമുള്ള കഥാപാത്രങ്ങളായിരുന്നുവല്ലോ. ആരെന്നോ എന്തെന്നോ ഒന്നും വ്യക്തത യില്ലാത്ത കഥാപത്രങ്ങള്‍. അഭിനയത്തേക്കാളേറെ കോമാളിത്തവും ചിരിപ്പിക്കുന്നതിനനു യോജ്യമായ വികൃതമാക്കപ്പെട്ട ശബ്ദവും ചേര്‍ന്നു പ്രേക്ഷകരില്‍ ചിരിപടര്‍ത്തിയിരുന്നു.

മറ്റൊരാളുടെ വേദനയും വീഴ്ചചയുമാണ് ചിരിക്ക് ഹേതുവാകുന്നത്. ഇവിടെ ബഹിഷ്‌കൃതരുടെ കോമാളിത്തവും അപരിഷ്‌കൃതത്വവുമാണ് ചിരി ഉത്പാദിപ്പിക്കുന്നത് എന്ന് വിശകലനം ചെയ്യപ്പെട്ടിട്ടുണ്ട്. 

സംഗീതത്തിലും അഭിനയത്തിലും തികഞ്ഞ വപരിണിതപ്രജ്ഞനായ 'നാടകാന്തം കവിത്വം' എന്ന് വിശേഷിക്കപ്പെടുന്നിടത്തോളം എത്തപ്പെട്ട ഒരു വ്യക്തിത്വമായിരുന്ന മാള അരവിന്ദന്‍ എന്ന നടന്‍. അദ്ദേഹം ഒരു In born' (ജന്മനാലേ) കലാകാരനായിരുന്നു. തന്റെ സിനിമാ പ്രവേശന കാലത്ത് തിളങ്ങി നിന്ന ഹാസ്യതാരങ്ങള്‍ക്കിടയില്‍ തന്റേതായ ഒരു പേഴ്‌സണാലിറ്റി കഥാ പാത്രങ്ങള്‍ നല്‍കുന്നതിന്റെ ഭാഗമായിട്ടാണ് ശബ്ദത്തിലുണ്ടാക്കിയ വ്യതിയാനം. അത് പ്രേക്ഷകരെ ചിരിപ്പിക്കുമ്പോഴും കഥാപാത്രത്തിന്റെ കണ്ണുകളില്‍ ഒരു ദൈന്യത നിഴല്‍ പോലെ കാണാം. അത് കഥാപാത്രത്തിന്റെയും കലാകാരന്റെയും അന്തരാളത്തില്‍ തിളച്ചു മറിയുന്ന വേപഥു പൂണ്ട നീലിമ കൂടി കലരുമ്പോഴാണ്, മാളയുടെ ചിരി പ്രേക്ഷകനില്‍ ഹര്‍ഷാരവമായിട്ട് നിറയുന്നത്.

മാള അവതരിപ്പിച്ചിട്ടുള്ള കഥാപാത്രങ്ങളില്‍ 75% ഉം ഗ്രാമ്യതയുടെ പച്ചപ്പില്‍ നിന്നും നടന്നു വരുന്നവരാണ്. പരിഷ്‌കൃതരുടെ കൃത്രിമ ചലനങ്ങള്‍ക്കിടയില്‍ ഗ്രാമ്യമായ ചിഹ്നങ്ങളെ പ്രകടിപ്പിക്കുന്ന ചലനങ്ങളാണ് മാളയുടെ കഥാപാത്രങ്ങള്‍ നടത്തുന്നത്. അദ്ദേഹത്തിന്റെ ദലിത സ്വത്വബോധം കൂടി ഇതിന് കാരണമാകുന്നുണ്ട്. കലാ - സാംസ്‌കാരിക രംഗത്തും സമൂഹത്തിലെന്ന പോലെ വിപരീതങ്ങളും വ്യതിരിക്തതകളുമുണ്ട്. സംസ്‌കൃതം X പ്രകൃതം, അപമാരം X പാമരം, ക്ലാസിക് X ഫോക് തുടങ്ങിയ ഗണ കല്പനകളെല്ലാം ഇത് വ്യക്തമാക്കുന്നു.

ലളിതകലാ അക്കാദമിയും ഫോകലോര്‍ അക്കാദമിയും നമ്മുടെ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നു. ഇന്നും ഫോക് ലോറിന്റെ പേരില്‍ നേട്ടങ്ങള്‍ കൊയ്യുന്നത് വരേണ്യരാണെങ്കിലും ഫോക്, പാര്‍ശ്വവത്കൃത സമൂഹത്തിന്റെ സാംസ്‌കാരിക കലാ പാരമ്പര്യത്തെയാണ് ചരിത്രപരമായി അടയാളപ്പെടുത്തുന്നത്. മാളയുള്‍പ്പെടെയുള്ളവര്‍ അവതരിപ്പിച്ച നാടന്‍ കഥാപാത്രങ്ങളില്‍ ഫോക് പശ്ചാത്തലം ഉണ്ടാകുന്നത് അത് ദലിത സമൂഹത്തിന്റെ സാംസ്‌കാരികതയെ തന്നെയാണ് പ്രതിനിധീകരിക്കുന്നത് എന്നതുകൊണ്ടാണ്.

80 കളില്‍ നായകന്മാര്‍ തന്നെ ഹാസ്യവും പ്രതിനായകത്വവും ഏറ്റെടുക്കുമ്പോള്‍ മാള അരവിന്ദനെ പോലെയുള്ളവര്‍ക്ക് അഭിനയ പ്രാധാന്യമുള്ള ചെറിയ കഥാപാത്രങ്ങളെയാണ് ലഭിക്കുന്നത്. അനാഥത്വമുള്ള എല്ലാ കഥാപാത്രങ്ങളിലും, ദൈലതികമായ സ്വത്വത്തെ ഉള്‍ച്ചേര്‍ത്ത കഥാപാത്രസൃഷ്ടി നടത്തുവാന്‍ മാളക്ക് കഴിഞ്ഞിട്ടുണ്ട്. വരേണ്യസ്ഥലിയില്‍, കഥാപാത്രത്തില്‍ ദലിതകമായ മൂല്യബോധത്തെക്കൂടി ചേര്‍ത്തുവെക്കുവാന്‍ ഫോക് എന്ന അംശത്തെ പ്രകടിപ്പിക്കുവാന്‍ കഴിയുക എന്നത് വളരെ ക്ലേശകരമായ കാര്യമാണ്. അതുകൊണ്ടാണ് മാള തികഞ്ഞ കലാകാരനാണെന്ന് നാം തിരിച്ചറിയുന്നത്. സവര്‍ണ - ബ്രാഹ്മണികത കൊണ്ട് നിര്‍മിക്കപ്പെട്ട പെരുന്തച്ചനില്‍ ദൈലതികമായ ദ്വിത്വത്തേയും ഭാവനാത്മകതയേയും ഉള്‍ച്ചേര്‍ക്കാന്‍ മഹാനടനായ തിലകന് കഴിഞ്ഞു. അതുപോലെയാണ് മാളയുടേയും ചില കഥാപാത്ര ങ്ങള്‍. അത് ആത്മീയാവിഷ്‌കാരവും ചരിത്രപരവുമാണ്. അതിജീവന ത്തിന്റെ ഭൗതികവും ആത്മീയവും ചരിത്രപരവുമാണിത് - മാള അടയാളപ്പെടുന്നത് ഈ വിധമാണ്.

അനുഷ്ഠാനങ്ങളാല്‍ ജീവിതത്തിലേറെയും ഇതുതന്നെയാണ്, ഒരു വ്യക്തിയുടെ നടനശേഷിയെ ആവിഷ്‌കാരത്തിന് പ്രചോദനമാകുന്നത്. തന്റെ തനത് സംസ്‌കാരത്തില്‍ അന്തര്‍ലീനമായിരുന്ന അനുഷ്ഠാനത്തിന്റെ ഭാവപ്രപഞ്ചത്തെ ഉണര്‍ത്തിയെടുത്ത്, തന്നിലെ നടനുമായി, സംഗീതവു മായി താദാത്മ്യം ചെയ്താണ് മാള അരവിന്ദന്‍ എന്ന നടന്‍ ഉദയം ചെയ്യുന്നത്.

മീശമാധവന്‍ എന്ന സിനിമയിലെ മുള്ളാണി പപ്പന്‍ എന്ന കഥാപാത്രം തികച്ചും ദൈലതികമായ ഒരാളാണ്. അദ്ദേഹത്തിന്റെ കുലവും ജാതിയും ഒന്നും വ്യക്തമാക്കപ്പെട്ടിട്ടില്ല. കള്ളനായ നായകന്‍ നായരായിരിക്കുമ്പോഴും മുള്ളാണി പപ്പനെന്ന 'ആശാന്‍ കള്ളന്‍' അടയാളപ്പെടാനൊന്നു മില്ലാത്തവ നാണ്. തിരസ്‌കൃതര്‍ ചരിത്രത്തില്‍ അടയാളപ്പെടുകയില്ലല്ലോ. നാട്ടുകാര്‍ ക്കിടയില്‍ പോലും ദലിതകഥാപാത്രത്തെ സൃഷ്ടിക്കാത്തവര്‍ മാളയുടെ കഥാപാത്രത്തെ ദലിതമാക്കിയത് എന്തെന്ന് ചോദിക്കാം. മറിച്ച് പാത്രസൃഷ്ടിയുടെ സ്വഭാവം കൊണ്ടും മാളയുടെ ഭാവനാത്മകമായ അഭിനയം കൊണ്ടുമാണ് ആ കഥാപാത്രം തികച്ചും ദലിതമായത്.

വരേണ്യ കഥാകൃത്തുക്കള്‍, അവരുടെ കാഴ്ചപ്പാടിലൂടെ കഥാപാത്രങ്ങളെ സൃഷ്ടിക്കുമ്പോഴും മാളയുടെ കഥാപാത്രങ്ങള്‍ ആ നിര്‍മിതിക്കകത്തും സമ്യക്കായ സ്വത്വബോധത്തെ കഥാപാത്രത്തിലേക്ക് സന്നിവേശിപ്പിച്ച വ്യക്തിത്വമുള്ളതാക്കി തീര്‍ത്തിരുന്നു എന്നതാണ് അദ്ദേഹത്തെ മറ്റുള്ള വരില്‍ നിന്നും വ്യത്യസ്തനാക്കുന്നത്.

മാള ഒരു മഹാനടനായിരുന്നു എന്ന് വശേഷിപ്പിക്കുമ്പോഴും അദ്ദേഹത്തിന് നായകപ്രാധാന്യമുള്ള ഗൗരവമുള്ള ഒരു കഥാപാത്രത്തെ ലഭിച്ചില്ല എന്നതാണ് ദുഃഖകരമായ വ്‌സ്തുത. സിനിമാ നിര്‍മാതാക്കള്‍ക്ക് മാളയെ നായകനായി കാണാവുന്ന കഥാപാത്രങ്ങളെ നിര്‍മിക്കുന്നതിനു താത്പര്യ മുണ്ടാവണമെന്നില്ല. ജാതി - വരേണ്യ വാദികളായ കച്ചവടക്കാരാണല്ലോ സിനിമാ നിര്‍മാതാക്കള്‍.

പിന്നോക്കക്കാരനായ തിലകന്‍ അവതരിപ്പിച്ച മികച്ച കഥാപാത്രമായ പെരുന്തച്ചന്‍, ദലിതകമായ ഒന്നായിരുന്നു. ആ കഥാപാത്രത്തെ വെല്ലാന്‍ പറ്റിയ ഒന്നും ഒരുപക്ഷെ, ഇപ്പോഴും ഉണ്ടായിട്ടില്ലെന്നിരിക്കെ, ഇന്ത്യന്‍ സിനിമയുടെ വിധി കര്‍ത്താക്കള്‍ അതിനെ തമസ്‌കരിക്കുകയാണ് ചെയ്തത്. കലാഭവന്‍ മണിയടെ ദലിത സ്വത്വം, അയാളുടെ സവര്‍ണ മനോഭാവത്തിനും ചലനങ്ങള്‍ക്കും അരോചകമായതുകൊണ്ടാണ് അയാള്‍ പീഢിപ്പിക്കപ്പെടുന്നതും അപമാനിതനാകുന്നതും. അയാള്‍ ധരിച്ചിരിക്കുന്ന സോഷ്യലിസത്തിന്റെ മുഖംമൂടി കൂടി വ്യക്തിത്വ നിര്‍മിതിയെ കൂടി ബാധിക്കുന്നുണ്ട്. തന്റെ ഇടത്തെ അടയാളപ്പെടുത്താതെ ഏതോ യുട്ടോപ്യന്‍ സങ്കല്പത്തിലാണ് താനെന്നാണ് മണി വിചാരിക്കുന്നത്. ഇയാള്‍ മോഹന്‍ ലാലിനേയും മമ്മൂട്ടിയേയും കണ്ടുപഠിക്കേണ്ടതുണ്ട്. സവര്‍ണരായ നടിമാര്‍ മണിയുടെ കൂടെ അഭിനയിക്കാതിരുന്നത് അവരുടെ വിവരമില്ലായ്മയല്ലെന്നും അതൊരു സാമൂഹിക ബോധമാണെന്നും ജാതിയെയും അസ്പൃശ്യതയേയും നിര്‍മിച്ചത് ആ ബോധമാണെന്നും തിരിച്ചറിയാന്‍ മണിക്കാവുന്നില്ലെങ്കില്‍ കൂടെ നില്ക്കുന്നവര്‍ക്കെങ്കിലും പറഞ്ഞുകൊടുക്കാമായിരുന്നു. പക്ഷെ അവരുരം ആ ബോധത്തില്‍ തന്നെയുള്ളവരല്ലേ. മോഹന്‍ ലാല്‍ തന്റെ താരപരിവേഷത്തിനു തന്റെ ജാതിയും സമുദായവും നന്നായി ഉപയോഗപ്പെടുത്തിയ ആളാണ്. മോഹന്‍ ലാലി നൊരിക്കലെങ്കിലും ഒരു ദലിത കഥാപാത്രത്തെ അവതരിപ്പിക്കാനാവില്ല.

എന്നാല്‍ മമ്മൂട്ടിക്കതാവും. പ്രഛന്നതയുടെ ഏത് അറ്റം വരെയും പോകാന്‍ കഴിയുന്ന അഭിനയ - വേഷപ്പകര്‍ച്ചക്ക് അഗ്രഗണ്യനാണ് തികഞ്ഞ ബ്രാഹ്മണിസ്റ്റായ മ്മൂട്ടി. അതുകൊണ്ടാണ് അയാള്‍ക്ക് പൊന്തന്‍മാടയും, ബഷീറും, മന്നാടിയാരുമാകാന്‍ കഴിയുന്നത്. ഹൈന്ദവികമായ എല്ലാ ഭാവിതികളേയും സ്വാംശീകരിച്ചുകൊണ്ട് സവര്‍ണവത്കരിക്കപ്പെട്ട ശുദ്ധ മുസ്ലീമായിത്തന്നെ നില്ക്കാനും സോഷ്യലിസത്തിന്റെ കപട മുഖംമൂടിയണിയാനും അദ്ദേഹത്തിന് കഴിയുന്നു. എന്നാല്‍ നവ ഹിന്ദുത്വം മമ്മൂട്ടിയെ പോലെയുള്ളവരേയും 'ഭീകര മുസ്ലീം' വംശീയതയില്‍ പെടുത്തുവാന്‍ മടികാണിക്കില്ല. മോഹന്‍ലാല്‍ ജാതിവാദിയും ഹിന്ദുത്വവാദിയുമായത് കൊണ്ടുതന്നെ യാതൊരു വിധ മുഖംമൂടിയും അണിയുന്നില്ല. ഇവരുടെ സിനിമകളുടെ വിജയത്തിനാധാരമായ പ്രേക്ഷകരില്‍ 33% ദലിതരാണ് എന്ന വ്‌സതുത ഓര്‍ത്തിരിക്കേണ്ടതുമാണ്. ഇത്തരം വൈരുധ്യങ്ങളുടെ ഇടയിലൂടെയാണ് തന്റെ സ്വത്വത്തേയും നൈതികബോധത്തേയും ഉപേക്ഷിക്കാതെ ഉള്ളിലേറ്റിക്കൊണ്ട് തന്റെ നടന പാരമ്പര്യവും ജീവിതവും മാള അരവിന്ദന്‍ മുന്നോട്ട് നയിച്ചുകൊണ്ട് പോയത്.

സമൂഹത്തിലും അതിന്റെ ഉപരിതലത്തിലും ( കലാ - സാംസ്‌കാരിക മേഖലയിലും) നിലനില്ക്കുന്ന വിവേചനത്തെ തിരിച്ചറിയാതെ പോകുന്നത് ദലിത സമൂഹം തന്നെയാണ്. സ്വന്തം മുഖം കണ്ണാടിയില്‍ നോക്കാത്ത വരായി വര്‍ത്തമാന കാലത്ത് ദലിതര്‍ അഭ്യസ്ത വിദ്യരേയും അക്ഷര വൈരികളേയും ഒരേപോലെ അന്ധമാക്കുന്ന കപട സമത്വവാദങ്ങളില്‍ കുടുങ്ങിക്കിടക്കുകയാണ്. സ്വന്തം അസ്തിത്വത്തെ, തന്റെ മുഖക്കണ്ണാടി യിലൂടെ കാണിച്ചുതന്ന്, സമൂഹത്തില്‍ അഭിമാനത്തോടെ നിന്ന മാള അരവിന്ദനെ, കലാകാരനെ (കലാകാരന്‍ ഒരു പോരാളി കൂടിയാണ്) അംഗീകരിക്കാനും ആദരിക്കാനും ദലിത സമൂഹത്തിന്റെ സാംസ്‌കാരിക മുന്നണി പ്രവര്‍ത്തകര്‍ക്കു പോലും കഴിഞ്ഞില്ല എന്നത് വേദനാ ജനകമാണ്. തന്നെ സമീപിച്ച ദലിത പ്രവര്‍ത്തകരോടും സാംസ്‌കാരിക നായകരോടും അദ്ദേഹം ചോദിച്ച ചോദ്യത്തില്‍ തളംകെട്ടി കിടക്കുന്നത് ആര്‍ദ്രതയിലൂടെ ഘനീഭവിച്ച വേദന തന്നെയാണ് 'എന്തേ, നിങ്ങള്‍ ഇത്രയും വൈകി?' എന്നതില്‍ നിനിതമായിരിക്കുന്നത്.

പൊതു സമൂഹമെന്നു മേനിനടിക്കുന്ന ജാതിവാദികളുടെ കൂട്ടം മാള അരവിന്ദനെ അംഗീകരിക്കുകയോ ആദരിക്കാതിരിക്കുകയോ ചെയ്യാതിരി ക്കുന്നത് 'മാള' ഒരു ദലിതനായതുകൊണ്ട് മാത്രമാണ്. പരസ്പരം പുകഴ്തിയും പുറം ചൊറിഞ്ഞും സോപ്പിട്ടും ആദരവും കപട സ്‌നേഹവും പ്രകടിപ്പിക്കുന്ന സവര്‍ണ കലാകാരന്മാരും സാംസ്‌കാരിക നേതൃത്വങ്ങളും മാളയെ എന്നല്ല ഒരു ദലിതനേയും അംഗീകരിക്കാനും ആദരിക്കാനും ഒരു നല്ല വാക്കു പറയാനും തുനിയുകയില്ല. മാള അരവിന്ദനെ പോലെ മഹാ നടന്മാരായിട്ടുള്ളവരെ അംഗീകരിക്കുകയും ആദരിക്കുകയും വേണം. മാളയിലെ മാണിക്യം 'മാള അരവിന്ദനാണെന്ന്' സാംസ്‌കാരിക കേരളത്തോട് ഉറക്കെ പ്രഖ്യാപിക്കാനുള്ള ആര്‍ജവത്തം കാണിക്കേണ്ടതുണ്ട്. 'എന്തേ നിങ്ങള്‍ ഇത്രയും വൈകി' എന്ന ചോദ്യമാണ് അവശേഷിക്കുന്നത്.

അനുബന്ധം:

ദലിത് സൗന്ദര്യശാസ്ത്രം - പ്രദീപന്‍ പാമ്പിരിക്കുന്ന്
സിനിമയും നീതിബോധവും - ഏകലവ്യന്‍ ബോധി
കറുത്ത ഉടലുകളുടെ കാഴ്ച - ഏകലവ്യന്‍ ബോധി

ചിത്രം ഇന്റര്‍നെറ്റില്‍ നിന്നും.