"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, ഏപ്രിൽ 21, ചൊവ്വാഴ്ച

ചങ്ങനാശേരി പരമേശ്വരന്‍പിള്ള; സാമൂഹിക നവോത്ഥാന നായകന്‍ - കുന്നുകുഴി എസ് മണി


ചങ്ങനാശേരി
ആദ്യകാല കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ - സാമൂഹ്യ പരിഷ്‌കര്‍ത്താവ് - പ്രജാസാഭാ മെമ്പര്‍ - ഹരിജനോദ്ധാരകന്‍ - അഭിഭാഷകന്‍ - ന്യായാധിപന്‍ - എന്‍എസ്എസ് പ്രസിഡന്റ് എന്നീ നിലകളില്‍ പ്രസിദ്ധിയാര്‍ജിച്ച ജനനായകന്‍.

അതുല്യനായ ഒരു സാമൂഹിക നവോത്ഥാന നായകനായിരുന്നു ബഹുമുഖ പ്രതിഭയായ ചങ്ങനാശേരി പരമേശ്വരന്‍പിള്ള. പക്ഷെ എന്തുകൊണ്ടോ അദ്ദേഹത്തെ കുറിച്ച് ഇന്നത്തെ തലമുറക്ക് വ്യക്തമായ വിവരങ്ങള്‍ ഇല്ല. ചരിത്രം തമസ്‌കരിച്ചതാണോ അതോ മനഃപൂര്‍വം ചങ്ങനാശേരിയെ തിരസ്‌കരിച്ച താണോ? 1942 ല്‍ സി നാരായണ പിള്ള എഴുതിയ 'ചങ്ങനാശ്ശേരി' എന്ന ഗ്രന്ഥവും സമ്പൂര്‍ണവുമായ ജീവചരിത്രത്തിലൂ ടെയാണ് ആ ധന്യാത്മാവിന്റെ സംഭവബഹുലമായ ജീവിതത്തെ ക്കുറിച്ച് അറിയാനാകൂ. പിന്നീട് മറ്റാരെങ്കിലും ചങ്ങനാശേരി പരമേശ്വരന്‍പിള്ള എന്ന നവോത്ഥാന നായകനെ കുറിച്ച് എഴുതിയതായി അറിവില്ല. 'വിക്കിപ്പീഡിയ ഒരു സ്വതന്ത്ര വിജ്ഞാന കോശ'ത്തില്‍ ചങ്ങനാശേരി പരമേശ്വരന്‍പിള്ള യെ കുറിച്ച് ഒരു ലഘു വിവരണം നല്കിയിട്ടുണ്ട്.

നാം കേള്‍ക്കുന്ന, കേട്ടുകൊണ്ടിരിക്കുന്ന ചങ്ങനാശേരി പരമേശ്വരന്‍പിള്ള യില്‍ നിന്നും ഇനിയും പലതും പുറത്തു വരേണ്ടതായിട്ടുണ്ട്. മഹാനായ ഒരു നവോത്ഥാന നായകനെന്നതിലുപരി ആദ്യകാല കോണ്‍ഗ്രസ് പ്രവര്‍ത്തകനും നല്ലൊരു 'ഹരിജ'നോ ദ്ധാരകനും അഭിഭാഷകനും ന്യായാധിപനും എന്‍എസ്എസ് പ്രസിഡന്റു മെല്ലാം ആയിരുന്നു ആ വലിയ മനുഷ്യന്‍. വെറും നായരായി മാത്രം ജനിച്ച് കുടിലതന്ത്രങ്ങള്‍ കാട്ടി ഒടുങ്ങാനല്ലായിരുന്നു അദ്ദേഹം ശ്രമിച്ചിരുന്നത്. മാനുഷിക മൂല്യങ്ങള്‍ക്ക് വിലകല്പിച്ച് മാത്രമേ അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നുള്ളൂ. അതിന് വിലങ്ങുതടിയായി നിലകൊണ്ടിരുന്ന സാമൂഹ്യ അസമത്വ ങ്ങള്‍ക്കെതിരേ ശക്തമായിത്തന്നെ ചങ്ങനാശേരി പൊരുതിക്കൊണ്ടിരുന്നു.

പഴയ തിരുവിതാംകൂര്‍ രാജ്യത്തെ ചങ്ങനാശേരി പ്രവിശ്യയിലെ വാഴപ്പള്ളിയില്‍ പൂത്തോട്ടു വീട്ടില്‍ നാരായണ പിള്ളയുടേയും മണക്കാട്ടു വീട്ടില്‍ നാരായണിഅമ്മ യുടേയും മൂത്ത പുത്രനായിട്ടാണ് പാച്ചു എന്ന പരമേശ്വരന്‍ പിള്ള 1877 മാര്‍ച്ചില്‍ ജനിച്ചത്. വളരെ ചെറുപ്രായ ത്തില്‍ത്തന്നെ ഏറെ ബുദ്ധിമുട്ടുകളും കഷ്ടപ്പാടുകളും സഹിച്ചാണ് വളര്‍ന്നു വന്നത്. ഹൈസ്‌കൂള്‍ പഠനകാലത്താണ് തിരുവനന്തപുരത്ത് ഹജൂര്‍ സമ്പ്രതിയായിരുന്ന പിതാവിന് പൊടുന്നനവെ പ്രമേഹ രോഗം പിടിപെട്ടത്. അന്ന് ഇന്നത്തെ പോലെ പ്രമേഹത്തിന് ഫലപ്രദമായ മരുന്നോ ചികിത്സയോ ഇല്ലായിരുന്നു. ആയുര്‍വേദ മരുന്നുകള്‍ മുറക്ക് കഴിച്ചു വെങ്കിലും 42 ആമത്തെ വയസില്‍ പിതാവ് നാരായണ പിള്ള മരണമടഞ്ഞിരുന്നു. അതോടെ അശരണരായ പാച്ചുവും സഹോദരിയും അമ്മയും പറയത്തക്ക ധനസ്ഥിതിയില്ലാതെ സ്വദേശത്തേക്ക് മടങ്ങിപ്പോയി.

അല്പദിവസം കടന്നപ്പോള്‍ മാതാവ് നാരായണിയമ്മയും രോഗബാധിത യായി കിടപ്പിലായി. കടുത്ത ക്ഷയരോഗമാണ് അവരെ തളര്‍ത്തിയത്. ക്ഷയരോഗത്തിന് ഫലപ്രദമായ മരുന്നൊന്നും അന്ന് കണ്ടെത്തിയിരുന്നില്ല. ആയുര്‍വേദ ചികിത്സമാത്രം ശരണം. ഭര്‍ത്താവ് നാരായണപിള്ള മരിച്ച് 10 ആം മാസം തന്നെ അവരും മരണത്തിന് കീഴടങ്ങി. പാച്ചുവും സഹോദരിയും അനാഥരായി. 15 ആം വയസില്‍ പരമേശ്വരന്‍ പിള്ളക്ക് കുടുംബഭാരം ഏറ്റെടുക്കേണ്ടതായി വന്നു. ഒടുവില്‍, നല്ലവനായ തിരുവനന്തപുരത്തെ കോയിപ്പുറം കൃഷ്ണപിള്ളയുടെ സഹായത്താലും, സഹോദരി യുടെ സ്വര്‍ണാഭരണങ്ങള്‍ പണയപ്പെടുത്തിയും പരമേശ്വരന്‍ പിള്ള വിദ്യാഭ്യാസം തുടര്‍ന്നു. മുണ്ടും കച്ചത്തോര്‍ത്തുമായിരുന്നു അദ്ദേഹത്തിന്റെ അന്നത്തെ വേഷം. ഹൈസ്‌കൂള്‍ പഠനം പൂര്‍ത്തീകരിച്ച് കോളേജിലേക്ക് കടന്നപ്പോഴും കോയിപ്പുറം കൃഷ്ണപിള്ള മാത്രമേ പരമേശ്വരന്‍പിള്ളയെ സഹായിക്കാനു ണ്ടായിരുന്നുള്ളൂ. എന്തോ ഒരു മുജ്ജന്മ ബന്ധം പോലെയായിരുന്നു കൃഷ്ണപിള്ളക്ക് പരമേശ്വരന്‍പിള്ള. സ്‌നേഹിതന്മാരോട് പുസ്തകങ്ങള്‍ കടംവാങ്ങിയും പഴയ പുസ്തകങ്ങള്‍ അന്വേഷിച്ച് പിടിച്ചും പരമേശ്വരന്‍പിള്ള തന്റെ പഠനാവശ്യങ്ങള്‍ നിര്‍വഹിച്ചു. പരമദരിദ്രനായ അദ്ദേഹം സമ്പന്നരുടെ കുട്ടികളെ ട്യൂഷന്‍ പഠിപ്പിച്ചും ജീവിതം മുന്നോട്ടു നയിച്ചു.

ബി എ ജയിച്ച ചങ്ങനാശേരി പരമേശ്വരന്‍പിള്ള അധ്യാപകവൃത്തിയില്‍ ഏര്‍പെട്ടുകൊണ്ട് ബി എല്‍ പരീക്ഷക്ക് പഠിക്കുകയും പ്രശസ്തമായ നിലയില്‍ വക്കീല്‍ പരീക്ഷ ജയിക്കുകയും ചെയ്തു. ഇതോടെ കൊല്ലം ഹൈസ്‌കൂളില്‍ നിന്നും സര്‍ക്കാര്‍ അധ്യാപന ജോലി രാജിവെച്ചു. അതിനുശേഷം വക്കീല്‍വൃത്തിയില്‍ പ്രവേശിക്കാന്‍ തയ്യാറെടുത്തു. ദീര്‍ഘമായ ആലോചനകള്‍ക്കു ശേഷം കൊല്ലത്ത് തന്നെ പരമേശ്വന്‍പിള്ള പ്രാക്ടീസുചെയ്യാന്‍ തീരുമാനമെടുത്തു. അന്ന് കൊല്ലം ബാറിലെ കൃഷ്ണന്‍ പണ്ഡാല, പി രാമന്‍ നമ്പി, ഇല്ലിക്കുളം കേശവപിള്ള, ചെങ്കോട്ട രാമയ്യന്‍, ലാ സുബ്ബയ്യന്‍ തുടങ്ങിയവര്‍ നിയമലോകത്തെ പ്രഗത്ഭമതികളാണ്. ഇവരില്‍ ആദ്യത്തെ 3 പേര്‍ പരമേശ്വരന്‍പിള്ളയുടെ മിത്രങ്ങളും അഭ്യുദയ കാംക്ഷികളുമായിരുന്നു. ഇവരുടെ ഉപദേശവും സ്‌നേഹ വായ്പും കൊണ്ടാണ് പരമേശ്വരന്‍പിള്ള കൊല്ലം തന്നെ പ്രവര്‍ത്തന മേഖലയായി തെരഞ്ഞെടുക്കാന്‍ കാരണമായത്. 1903 ല്‍ ചങ്ങനാശേരി പരമേശ്വരന്‍പിള്ള കൊല്ലം ജില്ലാ കോടതിയില്‍ സന്നതെടുത്ത് വ്യവഹരിക്കാന്‍ തുടങ്ങി. വളരെ നാള്‍ കഴിയുംമുമ്പുതന്നെ കൊല്ലം ബാറിലെ നല്ലൊരു വക്കീലായി പേരെടുത്തു കഴിഞ്ഞു.

1905 ല്‍ തിരുവിതാംകൂറില്‍ നടന്ന പ്രസിദ്ധമായ നായരീഴവ ലഹളയാണ് ചങ്ങനാശേരിയെ പൊതു രംഗത്തേക്ക് ആകൃഷ്ടനാക്കിയത്. ലഹള കരുനാഗപ്പള്ളി, മാവേലിക്കര തുടങ്ങിയ താലൂക്കുകളിലേക്ക് പടര്‍ന്നു പിടിച്ചു. തുടര്‍ന്ന് കൊല്ലം കോടതിയില്‍ ക്രിമിനല്‍ കേസുകളുമായി. കൊല്ലം ബാറിലെ അഭിഭാഷകരായ ഇല്ലിക്കുളം കേശവപിള്ള, കെ ആര്‍ പത്മനാഭപിള്ള, ചങ്ങനാശേരി തുടങ്ങിയവര്‍ ലഹള ശമിപ്പിക്കുന്നതിനും സമുദായ സൗഹാര്‍ദ്ദം പുനഃസ്ഥാപിക്കുന്നതിനുമായി രംഗത്തിറങ്ങി. അന്നൊരു സാഹിത്യകാരനായി അറിയപ്പെട്ടിരുന്ന സി വി കുഞ്ഞുരാമനും ഇവരുടെ സംരംഭങ്ങളോട് സഹകരിച്ചു. അങ്ങനെ രണ്ടു സമുദായങ്ങളി ലേയും നോതാക്കളുടെയും സംഘടിത ശ്രമംകൊണ്ട് ഫലപ്രദമായി നായരീഴവ ലഹളക്ക് ശമനമുണ്ടാക്കി.

1910 ല്‍ ചങ്ങനാശേരിയെ ശ്രീമൂലം പ്രജാസഭാ മെമ്പറായി തെരഞ്ഞെടുക്ക പ്പെട്ടിരുന്നു. ഈ സന്ദര്‍ഭത്തിലാണ് സ്വദേശാഭിമാനി രാമകൃഷ്ണപിള്ള പത്രപ്രവര്‍ത്തനവുമായി രംഗത്തെത്തുന്നത്. നിശിതമായ വിമര്‍ശനം കൊണ്ട് ആരേയും തറപറ്റിക്കുന്ന അദ്ദേഹത്തിന്റെ തൂലികത്തുമ്പ് തിരുവിതാംകൂര്‍ ദിവാന്‍ പി രാജഗോപാലാചാരിയെ വല്ലാതെ അലോസരപ്പെടുത്തി. ഒടുവില്‍ നാടുകടത്തേണ്ടിവന്നു. കെ രാമകൃഷ്ണ പിള്ളയെ പ്രജാസഭയില്‍ മെമ്പറാക്കിയെങ്കിലും നെയ്യാറ്റിന്‍കരയില്‍ സ്ഥിര താമസക്കാരനല്ലാത്തതു കൊണ്ട് പ്രജാസഭാംഗത്വം നഷ്ടമായി. ഈ ഒഴിവിലേക്കാണ് ചങ്ങനാശേരി പ്രജാസഭയിലെത്തിയത്. പ്രജാസഭ ക്കകത്തും പുറത്തും സാമൂഹിക പരിഷ്‌കരണങ്ങള്‍ക്കും പൗര സ്വാതന്ത്ര്യത്തിനും വേണ്ടി ശബ്ദമുയര്‍ത്തിയ ചങ്ങനാശേരി ശ്രദ്ധേയനായി ഉയര്‍ന്നു വന്നു. മാത്രമല്ല ഉത്തരവാദ ഭരണത്തിനായും ശബ്ദമുയര്‍ത്തിയ ചങ്ങനാശേരിക്ക് മഹാത്മാഗാന്ധിയുമായി അടുത്ത് ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുവാന്‍ അവസരം ലഭിച്ചു. പിന്നീട് ചങ്ങനാശേരി ഹരിജന്‍ സേവാസംഘത്തിന്റെ കേന്ദ്ര കമ്മിറ്റി അംഗവും കേരള പ്രദേശ് ശാഖയുടെ അധ്യക്ഷനുമായി പ്രവര്‍ത്തിക്കുക യുണ്ടായി. അദ്ദേഹത്തിന്റെ ശ്രമഫലമായി കേരളത്തില്‍ 82 ഹരിജനോദ്ധാരണ കേന്ദ്രങ്ങള്‍ തുറക്കുകയുണ്ടായി.


കുന്നുകുഴി
നായര്‍ - ഈഴവ ലഹള പോലെ മറ്റൊരു ലഹളയാണ് 1915 ലെ കൊല്ലം - പെരിനാട് ലഹള. ഇത് പിന്നീട് നായര്‍ - പുലയര്‍ ലഹള എന്ന പേരിലും അറിയപ്പെട്ടിരുന്നു. പുലയ സ്ര്തീകള്‍ക്ക് മാറ് മറയ്ക്കുന്നതിന് കല്ലമാല ധരിക്കാനേ അവകാശ മുണ്ടായിരുന്നുള്ളൂ. ഇതിനെതിരേ പ്രവര്‍ത്തിച്ചു കൊണ്ടാണ് സാധുജന പരിപാലന സംഘം നേതാവായ ഗോപാലദാസന്‍ രംഗത്തു വന്നത്. കല്ലമാലകള്‍ ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്തുകൊണ്ട് 1915 ഒക്ടോബര്‍ 24 ന് പെരിനാട് ചെറുമുക്കില്‍ ഒരു യോഗം ഗോപാലദാസന്‍ വിളിച്ചുകൂട്ടിയിരുന്നു. ആ യോഗത്തില്‍ വെച്ചാണ് ലഹള പടര്‍ന്നു പിടിച്ചത്. യോഗം കലക്കാന്‍ നായര്‍ മാടമ്പിമാരെ ഇറക്കിവിട്ടിരുന്നു. ഒടുവില്‍ പുലയക്കുടിലുകള്‍ നായന്മാര്‍ കത്തിച്ചു. യുവതികള്‍ ബലാത്സംഗത്തിനിരയായി. 600 ല്‍ ഏറെ കുടിലുകള്‍ കത്തിച്ചാമ്പലായി. സംഭവം നാടെങ്ങും പരന്നു. തിരുവനന്തപുരത്തുനിന്നും അയ്യന്‍കാളി പാഞ്ഞെത്തി. ഒടുവില്‍ ചങ്ങനാശേരിയുടേയും മറ്റും നേതൃത്വത്തില്‍ കൊല്ലം കണ്‍ട്രോണ്‍മെന്റ് മൈതാനിയില്‍ നായന്മാരുടേയും പുലയരു ടേയും ഒരു സമാധാന സമ്മേളനം നടന്നു. ചങ്ങനാശേരി ആ യോഗത്തില്‍ അധ്യക്ഷനായിരുന്നു. യോഗത്തില്‍ മഹാനായ അയ്യന്‍കാളിയുടെ ആഹ്വാനപ്രകാരം പുലയസ്ത്രീകള്‍ കല്ലമാലകള്‍ മാറില്‍ നിന്ന് അറുത്തെറിയുകയും പകരം മാറുമറയ്ക്കാന്‍ റൗക്കകള്‍ ധരിക്കുകയും ചെയ്തു. ഈ കല്ലമാല സമരത്തിനിപ്പോള്‍ ഒരുനൂറ്റാണ്ടു തികയുകയാണ്.അയിത്തത്തിനെതിരേ ശുചീന്ദ്രത്തും വൈക്കത്തും അവര്‍ണര്‍ക്കുവേണ്ടി നടന്ന സമരങ്ങളില്‍ നേതൃത്വപരമായ പങ്ക് ചങ്ങനാശേരി വഹിക്കുക യുണ്ടായി. ഏറെ കോളിളക്കം സൃഷ്ടിച്ച, വൈക്കം സത്യാഗ്രഹത്തിന്റെ ഭാഗമായി നടന്ന സവര്‍ണ ജാഥയില്‍ മന്നത്ത് പത്മനാഭനോടൊപ്പം ചങ്ങനാശേരിയും പങ്കെടുക്കുകയുണ്ടായി.

അതുപോലെ നായര്‍ സര്‍വീസ് സൊസൈറ്റിയുടെ രണ്ടാമത്തെ പ്രസിഡന്റും സ്ഥാപക പ്രമുഖരില്‍ പ്രധാനിയുമായിരുന്നു ചങ്ങനാശേരി. NSS ന്റെ വളര്‍ച്ചയില്‍ കരയോഗ സ്ഥാപനത്തിലും സ്‌കൂള്‍ സ്ഥാപന കാര്യത്തിലുമെല്ലാം അദ്ദേഹം നേതൃത്വപരമായ പങ്ക് വഹിച്ചിരുന്നു. നായര്‍ റെഗുലേഷന്‍ ആക്ട് തിരുവിതാംകൂര്‍ അസംബ്ലിയില്‍ പാസാക്കി യെടുക്കാന്‍ ചങ്ങനാശേരി വഹിച്ച പങ്ക് വളരെ വലുതായിരുന്നു. കൂടാതെ കേരള കര്‍ഷക സംഘത്തിന്റെ പ്രസിഡന്റായും അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു. അങ്ങിനെ കാര്‍ഷിക നവോത്ഥാന രംഗത്തും സ്തുത്യര്‍ഹമായ പങ്കാണ് അദ്ദേഹത്തിനുള്ളത്. 

1926 ല്‍ തിരുവിതാംകൂറിലെ ഹൈക്കോടതിയില്‍ ന്യായാധിപനായി അദ്ദേഹം നയമിതനായി. 6 വര്‍ഷത്തോളം ഹൈക്കോടതിയില്‍ പ്രവര്‍ത്തിച്ചശേഷം വീണ്ടും പൊതു രംഗത്തേക്കുതന്നെ തിരിച്ചെത്തി. പൊതുരംഗമാണ് തന്റെ കര്‍മമണ്ഡലമെന്ന തിരിച്ചറിവാണ് ചങ്ങനാശേരി യെ അതിലേക്ക് നയിച്ചത്. 4 ആം തവണയും നിയമസഭയി ലേക്ക് അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടു.

1938 ല്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ തിരുവിതാംകൂര്‍ ഘടകമായ ശാഖ തിരുവനന്തപുരത്ത് സഥാപിതമായപ്പോള്‍ അതിന്റെ ആദ്യ പ്രസിഡന്റ് ചങ്ങനാശേരിയായിരുന്നു. നെയ്യാറ്റിന്‍കര ജി രാമചന്ദ്രന്‍ ആദ്യ സെക്രട്ടറിയുമായി. 1938 ല്‍ AICC ക്ക് മുമ്പ് തിരുവനന്തപുരത്ത് പട്ടാഭി സീതാരാമയ്യരുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് തിരുവിതാംകൂര്‍ ഘടകത്തിന്റെ സമ്മേളനം പ്രധാനപ്പെട്ട ഒന്നായിരുന്നു. പിന്നീട് കൊച്ചിയിലും തിരുവിതാംകൂറിലും ഉത്തരവാദ ഭരണം സ്ഥാപിക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. മലബാര്‍, കൊച്ചി, തിരുവിതാംകൂര്‍ എന്നീ 3 സംസ്ഥാനങ്ങളേയും ഒരു സബ് ഫെഡറേഷ നായി സംഘടിപ്പിക്കേണ്ടതാണെന്ന് ആവശ്യപ്പെടുന്ന പ്രമേയം ചങ്ങനാശേരി യുടെ നേതൃത്വത്തില്‍ പാസ്സാക്കി.

1938ഫെബ്രുവരിയില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പ്രസ്ഥാനത്തിന്റെ ഹരിപുര സമ്മാളനം നാട്ടുരാജ്യങ്ങളിലെ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് കമ്മിറ്റികള്‍ നാട്ടുരാജ്യങ്ങളിലെ രാഷ്ട്രീയ മുന്നേറ്റങ്ങളില്‍ സജീവമായി ഇടപെടേണ്ടതില്ലെന്നും തീരുമാനമുണ്ടായി. ഹരിപുര AICC തീരുമാന ത്തിന്റെ പശ്ചാത്തലത്തില്‍ 1938 ഫെബ്രുവരിയില്‍ തിരുവനന്തപുരത്ത് ഇ നാരായണപിള്ളയുടെ വക്കീലാഫീസില്‍ സി വി കുഞ്ഞുരാമന്റെ അധ്യക്ഷതയില്‍ കൂടിയ ഒരു രാഷ്ട്രീയ നേതൃയോഗം തിരുവിതാംകൂര്‍ സ്‌റ്റേറ്റ് കോണ്‍ഗ്രസ് എന്ന പേരില്‍ സ്വതന്ത്ര രാഷ്ട്രീയ കക്ഷി രൂപീകരിക്കാന്‍ തീരുമാനിച്ചു. പട്ടം എ താണുപിള്ളയെ അതിന്റെ പ്രസിഡന്റായും പി എസ് നടരാജപിള്ളയെ സെക്രട്ടറിയായും തെരഞ്ഞെടുത്തുകൊണ്ട് താത്കാലിക സമിതിയും രൂപീകരിച്ചു. തിരുവിതാംകൂറില്‍ ഉത്തരവാദിത്വ ഭരണത്തിനായുള്ള പ്രക്ഷോഭം തുടങ്ങാനുള്ള തീരുമാനത്തോടെ കോണ്‍ഗ്രസ് നിലവില്‍ വന്നു. സ്‌റ്റേറ്റ് കോണ്‍ഗ്രസും കോണ്‍ഗ്രസിന്റെ ശാഖാസമിതിയും തമ്മില്‍ ലയിപ്പിക്കാ നുള്ള ശ്രമങ്ങള്‍ പലതവണ നടന്നുവെങ്കിലും അത് സംഭവിച്ചില്ല. ചങ്ങനാശേരിയും ജി രാമചന്ദ്രനും സ്റ്റേറ്റ് കോണ്‍ഗ്രസില്‍ ചേരാന്‍ തയാറായില്ല. പട്ടം താണുപിള്ള സ്റ്റേറ്റ് കോണ്‍ഗ്രസുമായി മുന്നോട്ടു പോയി.

ഇതിനിടെ ചങ്ങനാശേരിക്ക് രക്തസമ്മര്‍ദ്ദം അധികരിക്കുകയും ബോധരഹിതനാകുകയും ചെയ്തിരുന്നു ഭാര്യയും മക്കളും ആശങ്കാകുലരായി. സംസാരശേഷിയും നഷ്ടമായി. ചികിത്സകള്‍ മുറക്ക് നടന്നുവെങ്കിലും കാര്യമായ പുരോഗതി ആദ്യം കണ്ടില്ല. പിന്നീട് ബോധം വന്നുവെങ്കിലും സംസാരശേഷി നഷ്ടപ്പെട്ടിരുന്നു. ഡോ. എന്‍ കെ കൃഷ്ണപിള്ളയുടെ വിദഗ്ധ ചികിത്സയിലും ഭാര്യയുടെ നിരന്തരമായ പരിചരണവും കൊണ്ട് ഒരു മാസം കഴിഞ്ഞപ്പോള്‍ രോഗത്തിന്റെ കാഠിന്യം മാറിയെങ്കിലും ഓര്‍മശക്തിക്ക് മങ്ങലേറ്റിരുന്നു. കാഴ്ചശക്തി യും തീരെ നശിച്ചു. ഒടുവില്‍, കേരള ചരിത്രത്തിന്റെ ഗതിനിര്‍ണയത്തില്‍ അതിപ്രധാന പങ്കുവഹിച്ച ചങ്ങനാശേരി പരമേശ്വരന്‍പിള്ള 1940 ജൂണ്‍ 30 ന് അന്തരിച്ചു. പക്ഷെ ചരിത്രം വിസ്മരിച്ച ആ പോരാളിയുടെ ജീവിതചരിത്രം നമ്മുടെ തലമുറകള്‍ക്ക് ഇന്ന് അന്യമായിരിക്കുന്നു. മഹാനായ ആ വിപ്ലവകാരിയുടെ സംഭവബഹുലമായ ജീവിത ചരിത്രം പഠിപ്പിക്കപ്പെടേണ്ട ഒന്നാണ്.

കുന്നുകുഴി എസ് മണി . 8893024956