"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, ഏപ്രിൽ 23, വ്യാഴാഴ്‌ച

'യമഗാഥ' : നിയമാനുസൃത രാഷ്ട്രീയ ഹത്യക്കെതിരെ ഒരു നാടകം - ഡോ. വി ജി ഗോപാലകൃഷ്ണന്‍


ദൂധ്‌നാഥ് സിങ്‌
ചൂഷണത്തിലധിഷ്ഠിതമായ ഭാരതീയ സാമൂഹ്യ വ്യവസ്ഥയുടെ പൊള്ളത്തരങ്ങള്‍ തുറന്നു കാണിക്കുന്ന ഒട്ടേറെ ഹിന്ദി നാടകങ്ങള്‍ രചിക്കപ്പെട്ടിട്ടുണ്ട്. ആധുനിക ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ ജീര്‍ണതകള്‍ അവതരിപ്പിക്കുന്ന നാടകമാണ് ദീധ്‌നാഥ് സിങിന്റെ 'യമഗാഥ'. അധികാരവും സമ്പത്തും പങ്കിടാനും നിലനിര്‍ത്തനും രാഷ്ട്രീയവും മതവും കൈകോര്‍ത്തു ചെയ്യുന്ന ദുഷ്‌ചെയ്തികളിലേക്ക് വെളിച്ചം വീശി ഭരണാധികാരി വര്‍ഗത്തിന്റെ ജീര്‍ണിച്ച മുഖംമൂടി പിച്ചിച്ചീന്തുകയാണ് നാടകകൃത്ത് ഈ നാടകത്തില്‍. പുരൂരവസ്, വസിഷ്ഠന്‍, ഇന്ദ്രന്‍, നാരദന്‍, ചിത്രസേനന്‍, ഉര്‍വശി, ഇള തുടങ്ങിയ കഥാപാത്രങ്ങളേയും നാടക പശ്ചാത്തലത്തേയും അടിസ്ഥാന മാക്കി ഇതിനെ പ1രാണിക നാടകമെന്നും വേണമെങ്കില്‍ വിളിക്കാം. എന്നാല്‍ മാറ്റത്തിനു നേരേ മുഖം തിരിച്ചു നില്ക്കുകയും മാറ്റത്തിനായി മുറവിളി കൂട്ടുന്നവരെ നിയമത്തിന്റെ ചട്ടക്കൂടു പയോഗിച്ച് ഹിംസിക്കു കയും ചെയ്യുന്ന ഭരണാധികാരികളുടെ ക്രൂരതകളെ നിശിതമായ ഭാഷയില്‍ അവതരിപ്പിക്കുന്ന യമഗാഥ അര്‍ഥതലത്തില്‍ ഒരു മിത്തായി തീരുന്നു.

രാഷ്ട്രീയ പരിവര്‍ത്തനം രാഷ്ട്രീയ പുരോഗതിക്ക് എന്ന പഴയ മുദ്രാവാക്യത്തിനു പ്രസക്തി നഷ്ടപ്പെട്ടിരിക്കുന്നു. രാഷ്ട്രീയം അധികാരം നേടാനും അധികാരം ധന സമ്പാദനത്തിനും ഉള്ള ഒരു മാര്‍ഗമാണിന്ന്. ലക്ഷ്യ സാധ്യത്തിന് ഏത് അടവുകള്‍ പയറ്റാനും രാഷ്ട്രീയക്കാര്‍ക്കു മടിയില്ലാതായിരിക്കുന്നു. അതുകൊണ്ടുതന്നെ രാഷ്ട്രീയത്തില്‍ മതം, ജാതി, വംശം, ഭാഷ പ്രദേശം എന്നിവക്ക് അമിത പ്രാധാന്യം കൈവന്നിരിക്കുന്നു. സ്വാര്‍ഥതാത്പര്യങ്ങള്‍ക്കിടയില്‍ ദേശീയ താത്പര്യങ്ങള്‍ ബലികഴിക്ക പ്പെടുന്നു. വാക്കുകൊണ്ട് സോഷ്യലിസ്റ്റുകളും മതേതര, ഏകത്വ വാദികളുമായ ഭരണാധികാരി വര്‍ഗം പ്രവൃത്തികൊണ്ട് മുതലാളിത്ത, വര്‍ഗീയ, വിഘടനവാദികളാകുന്നു. ചൂഷണവും ധൂര്‍ത്തും അഴിമതിയും അനീതിയും അക്രമവും അധികാരത്തിന്റെ മുഖമുദ്രയായി രിക്കുന്നു. ഇതിനെ ചോദ്യം ചെയ്യുകയോ എതിര്‍ക്കുകയോ ചെയ്യുന്നവരെ രാജ്യദ്രോഹികളെന്ന് മുദ്രകുത്തി 'നിയമാനുസൃതം' വധിക്കുന്നു. പ്രതിരോധത്തിന്റെയും എതിര്‍പ്പിന്റെയും സ്വരം അധികാരികള്‍ക്ക് അസഹ്യമാണ് നിരന്തരം ചൂഷണത്തിനിര യായി ജീവിതം കരുപ്പിടിപ്പി ക്കാന്‍ കഴിയാത്ത ജനവിഭാഗമാണ് ഭരണവര്‍ഗത്തിന്റെ ഭരണഘടനാ പരവും നിയമാനുസൃതവുമായ ആക്രമണത്തിന് ഇരയാകുന്നത്. ഈ ഭയാനക യാഥാര്‍ഥ്യങ്ങളാണ് ഋഗ്വേദത്തെ അടിസ്ഥാനമാക്കി രചിക്കപ്പെട്ട യമഗാഥയില്‍ ചുരുളഴിയുന്നത്. യമഗാഥ എന്ന നാമധേയത്തെക്കുറിച്ച് നാടകകൃത്തു തന്നെ പറയുന്നു. 'ഈ 'യമ' മന്ത്രം എന്താണ്? വ്യാഖ്യാന ങ്ങള്‍ പലതാകാം. എന്നാല്‍ ഇത് ദേവതകളാലും ആര്യഗണങ്ങളാലും തങ്ങളുടെ പ്രതിപക്ഷത്തെ (അനാര്യന്മാരേയും യാഗങ്ങളെ എതിര്‍ക്കുന്ന പുരൂരവസ്സിനേയും) നിയമാനുസൃതം (?) വധിക്കാനുള്ള ഒരു യഥാര്‍ഥ മന്ത്രാത്മക ചിത്രീകരണമല്ലേ? നമ്മുടെ ഈ വര്‍ഗ സമൂഹത്തിലും ഭരണവര്‍ഗം തങ്ങളുടെ നിയമവ്യവസ്ഥകളും കോടതികളും ഉണ്ടാക്കി തങ്ങളുടെ ശത്രുക്കളെ ഇന്നും നിയമപരമായി (?) കൊല്ലുകയല്ലേ ചെയ്യുന്നത്? ഈ സൂചകാര്‍ഥത്തിലാണ് ഞാന്‍ നാടകത്തിന് യമഗാഥ എന്ന് പേര് നല്‍കിയിരിക്കുന്നത്.'

പ്രശ്‌നങ്ങളെ വ്യക്തിഗതമെന്നും സാമൂഹികമെന്നും വേര്‍തിരിക്കുന്നത് ശരിയല്ല. സമൂഹത്തിലെ മിക്ക പ്രശ്‌നങ്ങളും ചൂഷണാധിഷ്ഠിതമായ രാഷ്ട്രീയത്തിന്റെ സൃഷ്ടികളാണ്. അതുകൊണ്ടുതന്നെ വസിഷ്ഠന്‍ പ്രശ്‌നങ്ങളെ വ്യക്ത്യധിഷ്ഠിതമായി കാണാതെ സാമൂഹികമായാണ് വിലയിരുത്തുന്നത്. വ്യക്തിഗത പ്രശ്‌നങ്ങള്‍ക്കു പിന്നിലെ സാമൂഹിക പശ്ചാത്തലത്തിനു പരിഹാരമുണ്ടായാലേ വ്യക്തിഗതപ്രശ്‌നങ്ങള്‍ക്കു പരിഹാരം സാധ്യമാകൂ എന്ന് വസിഷ്ഠനിലൂടെ നാടകകൃത്ത് സ്ഥാപിക്കുന്നു.

ചൂഷകരും ചൂഷിതരും തമ്മിലെ വര്‍ഗസമരമാണ് യമഗാഥയില്‍ ചിത്രീകരിച്ചിരിക്കുന്നത്. സമൂഹത്തിലെ അധഃസ്ഥിത വര്‍ഗത്തെ ചൂഷണം ചെയ്ത് സുഖഭോഗങ്ങളില്‍ മുങ്ങിക്കഴിയുന്ന അധികാരിവര്‍ഗത്തിന്റെ പ്രതിനിധികളാണ് ഇന്ദ്രന്‍, ദേവന്മാര്‍, ഗന്ധര്‍വന്മാര്‍, ബ്രാഹ്മണ പുരോഹിതര്‍, മനുപുത്രര്‍ തുടങ്ങിയവര്‍. ചൂഷണവും പൂഡനവും സഹിച്ച് ജീവച്ഛവങ്ങളായ ജനതയുടെ മോചനത്തിനായി പൊരുതുന്ന പുരൂരവസ്സ്, വസിഷ്ഠന്‍, ഇള എന്നിവര്‍ ചൂഷിതവര്‍ഗത്തിന്റെ പ്രതിനിധികളാണ്.

ചതിയും വഞ്ചനയും അധികാരത്തിന്റെ സഹയാത്രികരാണ്. അധികാരം നിലനിര്‍ത്താന്‍ ഏത് കുടിലതന്ത്രവും പ്രയോഗിക്കാനും മടിയില്ലാതാ യിരിക്കുന്നു. എതിരാളികളെ പ്രലോഭനങ്ങളില്‍ കുടുക്കാന്‍ ശ്രമിക്കുന്നു. പ്രലോഭനങ്ങള്‍ക്കു വശംവദരാകാത്തവരെ ചതിയിലകപ്പെടുത്തി കൊല്ലുന്നു. യാഗങ്ങളുടെ പേരില്‍ സാധാരണക്കാരന്റെ അധ്വാനഫലം കൊള്ളയടിക്കുന്ന ബ്രാഹ്മണ പുരോഹിതര്‍ക്കു നേരെയുള്ള, പ്രതിഷ്ഠാന ദേശത്തിലെ ജനകീയ രാജാവ് പുരൂരവസ്സിന്റെ കടുത്ത നിലപാടുകള്‍ ദേവരാജാവ് ഇന്ദ്രന്റെ ഉറക്കം കെടുത്തുന്നു. അപ്‌സരസുകളെ കാഴ്ചവെച്ചും മറ്റും പുരൂരവസ്സിനെ വശത്താക്കാന്‍ ഇന്ദ്രന്‍ ശ്രമിക്കുന്നു. അപ്‌സരസുകളുടെ സൗന്ദര്യത്തില്‍ മയങ്ങിവീഴാത്ത പുരൂരവസ്സിനെ സോമരസത്തില്‍ കാളകൂടവിഷം കലക്കി കൊല്ലാനും ശ്രമിക്കുന്നു. എന്നാല്‍ ഇതിലെല്ലാം പരാജയപ്പെടുന്ന ഇന്ദ്രന്‍ സംഭവങ്ങളിലെ വസ്തുത കളെ വളച്ചൊടിച്ച് ശാശ്വത സത്യങ്ങളെന്നു തോന്നുന്ന വസ്തുതകള്‍ക്കു രൂപം കൊടുക്കുന്നു. 'പുരൂരവസ് ഇന്ദ്രനെ വധിക്കാന്‍ ശ്രമിച്ചു' തുടങ്ങിയ വിളംബരങ്ങള്‍ ഇതിനുദാഹര ണമാണ്. പുരൂരവസ്സി നുമേല്‍ ഉന്നയിക്കുന്ന ആരോപണങ്ങള്‍ പലതാണ് - പുരൂരവസ്സ് യാഗവിധ്വംസകനാണ്, കൊള്ളക്കാരനാണ്, കൊലയാളിയാണ്, വീര്യോന്മത്തനാണ്, ഭ്രാന്തനാണ് എന്നിങ്ങനെ. ഈവിധ ആരോപണങ്ങളില്‍ അല്പംപോലും പരിഭ്രാന്തനാ കാതെ തന്റെ ശത്രുവായ ഇന്ദ്രനോട് യുദ്ധം ചെയ്യാന്‍ സന്നദ്ധനാകുന്ന പുരൂരവസ്സിനെ ചതിയിലൂടെ ബന്ധനസ്ഥനാക്കുന്ന ഇന്ദ്രന്‍ 'നിയമം' പ്രയോഗിച്ച് വധിക്കുന്നു. ഈ ക്രൂരമായ കൊലപാതകത്തെ 'ന്യായത്തിന്റേയും ധര്‍മത്തിന്റേയും രക്ഷക്കായി നിയമപ്രകാരം' നടത്തുന്ന പുരുഷമേധമായി പ്രഖ്യാപിക്കുന്നു. സത്യത്തില്‍ പുരൂരവസ്സിന്റെ അപരാധമെന്തായിരുന്നു? ബ്രാഹ്മണത്വത്തിന്റെ ശത്രുവായി എന്നത്. എന്നുവെച്ചാല്‍ നിയമം നടപ്പിലാക്കുന്ന ഭരണാധികാരികളുടെ ശത്രുവായി എന്നര്‍ത്ഥം. നീതി, ന്യായം, നിയമം, ധര്‍മം എന്നിവയെ പിടിച്ച് ആണയിടുകയും ആക്രമണങ്ങള്‍ക്കെതിരേ പ്രതിരോധത്തിന്റെ മാര്‍ഗം സ്വീകരിക്കുന്ന മര്‍ദ്ദിത ജനവിഭാഗത്തെ ഉന്മൂലനം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്യുന്ന മുതലാളിത്ത ഭരണ വ്യവസ്ഥിതിയെയാണ് നാടക രചയിതാവ് ഇവിടെ നഗ്നമായി ചിത്രീകരിച്ചിരിക്കുന്നത്.

മതവും രാഷ്ട്രീയവും ഭാരത ചരിത്രത്തില്‍ ഏറെ ഇഴുകിച്ചേര്‍ന്നിരിക്കുന്നു. യമഗാഥ നാടകത്തിലൂടെ ദുധ്‌നാഥ് സിങ് അധികാരിവര്‍ഗവും മതവും തമ്മിലുള്ള അവിഹിത ബന്ധം തുറന്നുകാണിച്ചിരിക്കുന്നു. അധികാരം കൈയാളാനായി ജനിച്ചവരാണ് തങ്ങളെന്ന് സമൂഹത്തിലെ സവര്‍ണ, കുലീന വര്‍ഗം വിശ്വസിക്കുന്നു. മറ്റുള്ളവരെല്ലാം ഭരിക്കപ്പെടേണ്ട വരാണത്രേ! അതുകൊണ്ടുതന്നെ പുരൂരവസ്സിനെ പോലെയോ വസിഷ്ഠനെ പോലെയോ ഏതെങ്കിലും ഒരു അനാര്യനോ അവര്‍ണനോ അധികാര ത്തിന്റെ ഏഴയലത്ത് എത്തുന്നതു പോലും അവര്‍ക്ക് സഹിക്കാനാ വുന്നില്ല. ബ്രാഹ്മണര്‍ക്കു മാത്രമേ സംരക്ഷകരാകാന്‍ കഴിയൂ എന്ന ഗര്‍വ് അവരിലുണ്ട്. 'ബ്രാഹ്മണത്വത്തിന്റെ സുരക്ഷയെന്നാല്‍ ന്യായത്തിന്റേയും ധര്‍മത്തിന്റേയും സുരക്ഷയാണ്... പ്രജകളുടെ സുരക്ഷയാണ്, രക്തത്തി ന്റെ പവിത്രതയുടെ സുരക്ഷയാണ്... ഭൂമിയുടെ, ആകാശത്തിന്റെ, പര്‍വതത്തിന്റെ, പാതാളത്തിന്റെ സുരക്ഷയാണ്...' എന്നാണ് അവര്‍ ഉദ്‌ഘോഷിക്കുന്നത്. ഇപ്രകാരം നിതാന്ത സത്യങ്ങളെന്നു തോന്നാവുന്ന വിളംബരങ്ങള്‍ നിരന്തരം പുറപ്പെടുവിച്ച് സവര്‍ണവര്‍ഗം സമൂഹത്തില്‍ തങ്ങളുടെ അധീശത്വം സ്ഥാപിച്ച് അവര്‍ണരെ ചൂഷണം ചെയ്യാനുള്ള അവകാശം ഉറപ്പിക്കുകയാണ് ചെയ്യുന്നത്. അവര്‍ അവര്‍ണരെ അസുര വൃത്തി ക്കാരായി കാണുകയും അവരെ പുരുഷമൃഗം എന്നു വിളിച്ച് പുരുഷമേധത്തെ ന്യായീകരിക്കുകയും ചെയ്യുന്നു. ഭാരതീയ സമൂഹത്തില്‍ നിലനില്ക്കുന്ന സവര്‍ണ ഫാസിസ്റ്റ് ഭീകരതയുടെ വികൃതമുഖം നാടകകൃത്ത് അനാവരണം ചെയ്യുകയാണിവിടെ.

ജനാധിപത്യരാഷ്ട്രമായ ഇന്ത്യയില്‍ ഏത് കാര്യം നടക്കുന്നതും നടത്തുന്നതും ജനങ്ങളുടെ പേരിലാണ്. ജനവിരുദ്ധ പ്രവര്‍ത്തനങ്ങല്‍ക്കു പോലും ജനപ്രിയ വ്യാഖ്യാനങ്ങള്‍ നല്കുന്നു. യാഗങ്ങളുടെ പേരില്‍ ജനങ്ങളുടെ ഗോസമ്പത്തും നെയ്യും ഗോതമ്പും സ്വര്‍ണവും കൈവശപ്പെടു ത്തുന്ന ബ്രാഹ്മണര്‍ തന്നെയാണ്, ജനങ്ങള്‍ക്കു വേണ്ടി ബ്രാഹ്മണ്യത്തെ രക്ഷിക്കുവാന്‍ ജനനായകന്‍ പുരൂരവസ്സിനെ വധിക്കുന്നത്! ജനങ്ങളെ സംഘടിപ്പിക്കുന്നവരെ പരസ്യമായി കൊല്ലാന്‍ പോലും അവര്‍ മടിക്കുന്നില്ല. വര്‍ത്തമാന കാല ഭാരതത്തിലെ ഇത്തരം നിരവധി സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ 'യമഗാഥ'യുടെ പ്രസക്തിയേറുകയാണ്.


ഡോ.ഗോപാലകൃഷ്ണന്‍ 
സമൂഹത്തിലെ അധ്വാനിക്കുന്ന ജനവിഭാഗത്തിന്റെ ഊര്‍ജവും പ്രകാശവും ചോര്‍ത്തിയെടുത്ത് അവരെ നിരക്ഷരതയുടേയും അജ്ഞാനത്തിന്റേയും ദാരിദ്ര്യത്തി ന്റേയും അന്ധകാരത്തിലേക്ക് തള്ളിയിട്ട് ചൂഷകര്‍ ആനന്ദനൃത്തം ചവിട്ടുക യാണെന്ന് ഈ നാടകം ഉദ്‌ഘോഷിക്കുന്നു. പ്രതിഷ്ഠാന ദേശത്തിലെ ജനങ്ങളുടെ അഗ്നി മോഷ്ടിച്ച ഇന്ദ്രന് അതിനും ന്യായീകരണമുണ്ട് - ജനങ്ങള്‍ ഇരുട്ടുമായി താദാത്മ്യം പ്രാപിച്ചിരി ക്കുന്നു. അവര്‍ക്കിന് അഗ്നിയുടെ ആവശ്യമില്ല. ഇതുകൊണ്ടുമാത്രം അവര്‍ തൃപ്തരാകുന്നില്ല. പീഡനത്താല്‍ ആത്മാവ് നഷ്ടപ്പെട്ട ജനതയുടെ നിരായുധമാക്കപ്പെട്ട ഒരു ലോകം സൃഷ്ടിക്കാന്‍ അധീശത്വവര്‍ഗം ശ്രമിക്കുന്നു. ജനങ്ങളുടെ അടിമത്വവും യജമാനഭക്തിയും പിന്നെ, ക്ഷേമ ഐശ്വര്യങ്ങള്‍ നേടാന്‍ മരണോത്സവങ്ങളും ആ ലോകത്തുണ്ടാകുമെന്ന് അവര്‍ അഭിപ്രയപ്പെടുന്നു. സ്വയം ആയുധവത്കരിക്കുകയും മറ്റുള്ളവരെ നിരായുധരാക്കി ചൊല്‍പ്പടിക്ക് നിര്‍ത്തുകയും ചെയ്യാനുള്ള മുതലാളിത്ത രാഷ്ട്രങ്ങളുടെ ശ്രമങ്ങളെ നാടകകൃത്ത് തിരിച്ചറിഞ്ഞിരിക്കുന്നു.

'നൂറ്റാണ്ടുകളായി എനിക്കവരെ അറിയാം. വിശന്നു പൊരിഞ്ഞാല്‍ പോലും തങ്ങളുടെ അന്തരാത്മാവിനെ സംരക്ഷിക്കുന്നവരാണ് ഇവര്‍. ഇവര്‍ വളരെ കടുപ്പമേറിയവരാണ്. എത്ര തവണ പരാജയമടഞ്ഞാലും വീണ്ടും ഉയിര്‍ത്തെഴുന്നേല്‍ക്കുന്നവര്‍' മര്‍ദ്ദിത ജനവിഭാഗത്തിന്റെ ശക്തിയെ കുറിച്ച് മര്‍ദ്ദക വര്‍ഗത്തിനുള്ള ഈ അറിവ് അവര്‍ക്ക് വിനയായി തീരുന്നു. പ്രതിപക്ഷത്തെ ശാരീരികമായി തളര്‍ത്തുക മാത്രമല്ല, മാനസികമായി തകര്‍ത്ത് അവരുടെ അന്തരാത്മാവിനെ ഞെരിച്ചു കളയുകകൂടി ചെയ്യുന്നു. ഏതെല്ലാം മര്‍ദ്ദന മുറകള്‍ ഉപയോഗിച്ചാലും അധീശത്വ വര്‍ഗത്തിന്റെ അതിക്രമങ്ങള്‍ ജനങ്ങളുടെ ഓര്‍മകളില്‍ അവശേഷിക്കും. ഈ ഓര്‍മകളില്‍ നിന്നാണ് പലപ്പോഴും വസിഷ്ഠനെ പോലെയുള്ള വിപ്ലവകാരികള്‍ ജന്മം കൊള്ളുന്നത്. അതുകൊണ്ടാണ് ജനങ്ങലുടെ ഓര്‍മശക്തിയെ നശിപ്പിക്കണമെന്ന് നാരദന്‍ ഇന്ദ്രനോട് ആവശ്യപ്പെടുന്നത്. എങ്കിലും ചിലപ്പോഴെല്ലാം ഒരു വസിഷ്ഠനോ പുരൂരവസ്സോ ജന്മം കൊള്ളുകയും ജനങ്ങളുടെ ആന്തരിക ശക്തി പ്രയോജനപ്പെടുത്തി ഒരു ജനകീയ ഭരണം സ്ഥാപിക്കുകയും ചെയ്യും. ഇങ്ങനെ ചൂഷണത്തിലും കൊള്ളയിലും കൊലയിലും അധിഷ്ഠിതമായ ആര്യ പാരമ്പര്യ ഭരണത്തിനു പകരം നിലവില്‍ വരുന്ന ജനകീയ ഭരണം വെല്ലുവിളിയാകുമ്പോള്‍ അതിനെ അട്ടിമറിക്കാനുള്ള ഗൂഢതന്ത്രങ്ങളും മെനയുന്നു. വിമോചന സമരവും 356 ആം വകുപ്പുമെല്ലാം നമുക്ക് മുന്നിലുള്ള വസ്തുതകളാണ്. ഈ വസ്തുതകളെ കരുത്തുറ്റ ഭാഷയില്‍ യമഗാഥയില്‍ നാടകകൃത്ത് അവതരിപ്പിക്കുന്നു.

വിപ്ലവകരമായി സ്ഥാപിക്കപ്പെട്ട ജനകീയ സര്‍ക്കാരിനെ സംരക്ഷിച്ച് ജനങ്ങളെ നിത്യ ദുരിതത്തില്‍ നിന്ന് മോചിപ്പിക്കാനുള്ള പ്രയത്‌നങ്ങളേയും അതിനിടെ നേരിടേണ്ടിവന്ന കടുത്ത പ്രതിബന്ധങ്ങളേയും നാടകകൃത്ത് തന്മയത്വത്തോടെ ചിത്രീകരിച്ചിരിക്കുന്നു. വര്‍ഗ സമരത്തില്‍ മിക്കപ്പോഴും മര്‍ദ്ദിത ജനവിഭാഗത്തിന് പരാജയമേറ്റു വാങ്ങേണ്ടി വരുന്നു എന്ന തിരിച്ചറിവ് നാടകകൃത്ത് വെച്ചു പുലര്‍ത്തുന്നുണ്ട്. സാധാരണ ജനത പെട്ടെന്ന് തോല്‍വി സമ്മതിച്ച് പിന്മാറുന്നവരുമല്ല. അവര്‍ നിരന്തരം പോരാടുന്നു. കാരണം അവര്‍ക്ക് മരണഭയമില്ല. അവര്‍ മരണത്തിന്റെ കൂട്ടുകാരാണ്. ദാരിദ്ര്യം നിറഞ്ഞ ജീവിതത്തില്‍ മരണം അവരെ പിന്തുടരുന്നു. പോരാട്ടത്തിനിടയിലും അവര്‍ക്ക് മരണം സംഭവിക്കുന്നു. അതുകൊണ്ടാണ് വസിഷ്ഠന്‍ 'യമമന്ത്രം'വഴി ജനങ്ങളോട് ആഹ്വാനം ചെയ്യുന്നത്.

'മരണത്തിന്റെ കൂട്ടുകാരേ!
യമന്റെ കുടലുകള്‍ കീറി
തിരിച്ചുവരൂ...'

വര്‍ഗ സമരത്തിലൂടെ സോഷ്യലിസത്തിലധിഷ്ഠിതമായ ഒരുസാമൂഹ്യ ക്രമം കെട്ടിപ്പടുക്കുവാന്‍ കഴിയുമെന്ന ഉറച്ച വിശ്വാസം നാടകത്തില്‍ ആദ്യന്തം പ്രകടമാകുന്നുണ്ട്. രക്തത്തിന്റെയും വര്‍ണത്തിന്റെയും പവിത്രതയില്‍ ഊന്നല്‍ നല്കുന്ന മതമൗലിക വാദികളുടെ ഭരണം ഇല്ലായ്മ ചെയ്ത് ആര്യ- ആനാര്യ സംസ്‌കാരങ്ങളെ സമന്വയിപ്പിച്ച് ഒരു പുത്തന്‍ സാമൂഹ്യ വ്യവസ്ഥ കെട്ടിപ്പടുക്കാനുള്ള ശ്രമങ്ങളാണ് വസിഷ്ഠന്‍ നടത്തുന്നത്. ഒരു ചിന്തകനും ഒരു രാഷ്ട്രീയ ദര്‍ശനത്തിന്റെ പ്രണേതാവു മെന്ന നിലക്ക് വസിഷ്ഠന്‍, ഒരു പുതിയ സാമൂഹിക വ്യവസ്ഥിതിക്കായി പ്രയത്‌നിക്കുന്ന പുരോഗമന വാദികള്‍ക്ക് അനുകരിക്കാവുന്ന വ്യക്തിത്വത്തിന് ഉടമയാണ്. ഇപ്രകാരം ഋഗ്വേദത്തിലെ കഥാംശത്തെ അടിസ്ഥാനമാക്കി, പുരോഗമന ആശയക്കാരായ എതിരാളികളെ ഭരണവര്‍ഗം 'നിയമാനുസൃത വധ'ത്താല്‍ ഉന്മൂലനം ചെയ്യാന്‍ നടത്തുന്ന ഗൂഢതന്ത്രങ്ങളെ വെളിവാക്കുകയാണ് യമഗാഥ നാടകം.*പരിഭാഷകന്‍ ഗ്രന്ഥത്തില്‍ കൊടുത്തിരിക്കുന്ന പഠനത്തില്‍ നിന്നും.

പുസ്തകം: യമഗാഥ
(നാടകം)
ഗ്രന്ഥകര്‍ത്താവ് : ദൂധ് നാഥ് സിങ്
പരിഭാഷ: പ്രൊഫ. വി ജി ഗോപാലകൃഷ്ണന്‍
പ്രസാധനം: കേരള സാഹിത്യ അക്കാദമി, തൃശൂര്‍.
വില: 120 രൂപ
e-mail: keralasahityaakkademi@gmail.com
e-mail: akademipublication@mail.com
**ദൂധ്‌നാഥ് സിങിന്റെ ചിത്രം ഇന്റര്‍നെറ്റില്‍ നിന്നും. ഡോ. വി ജി ഗോപാലകൃഷ്ണന്റെ ചിത്രം പുസ്തകത്തില്‍ നിന്നും.