"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, ഏപ്രിൽ 25, ശനിയാഴ്‌ച

പൂമാതൈ പൊന്നമ്മ: വയലുംകരനാടന്‍ പെണ്‍പോരാളി - പ്രൊഫ. കടത്തനാട്ട് നാരായണന്‍


മേലേ വയനാടിന്റെ ഓരം ചേര്‍ന്നുള്ള നാടാണ് കടലുംകരനാട്. ഒരു രാത്രിയില്‍ 7 തട്ടുള്ള പൊന്‍മാളികയിലിരുന്ന് നാടുവാഴി സംഗീതമധുരമായ ഒരു പാട്ട് കേള്‍ക്കുന്നു. ഇത്രയും മധുരമായി പാടുന്നതാരാണ്? ഇങ്ങിനെ പാടാന്‍ കഴിയുന്നവരിവിടെ ഉണ്ടോ? അദ്ദേഹം അത്ഭുതം കൂറി. നാടുവാഴി തന്റെ കാര്യസ്ഥനായ ചിണ്ടനെ വിളിച്ച്, പാതിരാക്ക് പാടുന്നതാരാ ണെന്നന്വേഷിപ്പിച്ചു. പുഞ്ച നടക്കലെ മാടത്തിലുള്ള പൂലുവപ്പെണ്ണ് പൂമാതൈ ആണ് പാടുന്നതെന്ന് ചിണ്ടന്‍ നാടുവാഴിയെ അറിയിച്ചു. കടലുംകര കോവിലകത്തുനിന്ന് അര വിളിപ്പാടകലെ, ആറ്റുകരയില്‍ പൂക്കൈതകളുടെ നടുവില്‍ ഒരു പുല്ലുപാടമുണ്ട്. അവിടെയാണവള്‍ ആണും തൂണുമില്ലാതെ കഴിയുന്നത്. അത്താഴത്തിനു ശേഷം അവന്‍ നാഗത്താന്‍ പാട്ടും, പൂതത്താന്‍ പാട്ടും പാടുകയാണ്. അവളുടെ പാട്ടിന്റെ ഭംഗിക്ക് ഇണങ്ങുന്നതാണോ ശരീരത്തിന്റെ സൗന്ദര്യം? നാടുവാഴിക്കതറിയണം. ചിണ്ടന്റെ വിവരണത്തില്‍ നിന്നും പൂമാതൈ അതിസുന്ദരിയാണെന്ന് നാടുവാഴിക്ക് മനസിലായി. മാത്രമല്ല അവള്‍ തന്റെ കോവിലകത്തെ അടിമപ്പണിക്കാരിയാണെന്നും അറിഞ്ഞു. പുഞ്ചക്കൊയ്‌തേതിനും കന്നിക്കൊയ്ത്തിനും അവള്‍ വരാറുണ്ട്; പാട്ടു പാടുകയും ചെയ്യാറുണ്ട്. പിറ്റേന്നു കാലത്തുതന്നെ പൂമാതൈ അടക്കമുള്ള അടിമപ്പണിക്കാരോട് പുഞ്ചക്കൊയ്ത്തിനു വരാന്‍ നാടുവാഴി കല്പിച്ചു. മാത്രമല്ല, കൊയ്ത്ത സമയത്ത് അവള്‍ പാടണമെന്നും അദ്ദേഹത്തിന് നിര്‍ബന്ധമുണ്ടായിരുന്നു. ചിണ്ടന്‍ കോഴികൂകുമ്പോള്‍ പുറപ്പെട്ടു പോയി പൂലുവക്കുടി മൂപ്പന്‍ ഏലനോടും, ഇരുപത്തിയൊന്ന് കുടിക്കാരോടും പൂമാതൈയോടും പുഞ്ചക്കൊയ്ത്തിനു വരണമെന്ന നാടുവാഴിയുടെ കല്പന അറിയിച്ചു. കാലത്തുതന്നെ കുടിക്കാരെല്ലാം കുളികഴിഞ്ഞ്, അരിവാളുമെടുത്ത് പണിക്കു വന്നു. കുടിമൂപ്പനായ ഏലനാണ് മുന്നില്‍. പിന്നെ എടമൂപ്പന്‍. അതിന്റെ പിന്നില്‍ 21 കുടിക്കാര്‍. പുഞ്ചപ്പാടത്ത് എത്തിയ ഉടനെ അവര്‍ കണ്ടത്തില്‍ ഇറങ്ങി നിന്ന്, നെല്‍ക്കതിര്‍ തൊട്ട് ആചാരം ചെയ്തു. കൊയ്‌ത്തോടു കൂടി പൂമാതൈ 'ചോലപ്പനങ്കിളി കൂവുമ്പോലെ' പാട്ടുപാടാനും തുടങ്ങി. പുഞ്ചക്കതിരിന് വന്ന തത്ത പോലും പാട്ടു കേട്ട് കൊമ്പത്ത് ഉറങ്ങിപ്പോയി. കടലുംകര കോവിലകത്തെ തമ്പുരാട്ടിമാര്‍ മുഴുവന്‍ കുളിപ്പുരയിലെത്തി പാട്ട് ശ്രദ്ധിച്ചു. നാടുവാഴിയാകട്ടെ പൂമാതൈയില്‍ അനുരക്തനാകുകയും ചെയ്തു. അദ്ദേഹത്തിന്റെ പ്രേമ വായ്പ് ചിണ്ടനാണ് അവളെ അറിയിച്ചത്. കത്തുന്ന തീയ്ക്ക് വെള്ളം ചേരാത്തതു പോലെ, ഇരുട്ടിന് കതിരോന്‍ ചേരാത്തതു പോലെ പൂലുവപ്പെണ്ണായ തനിക്ക് തമ്പുരാനും കോവിലകവും ചേരില്ലെന്ന് അവള്‍ ഉറപ്പിച്ചു പറഞ്ഞു. തിരിച്ചു വന്ന ചിണ്ടന്‍ വിവരം തമ്പുരാനെ അറിയിച്ചു.

ഒരു ദിവസം പൂമാതൈ പൂക്കൈതക്കാട്ടില്‍ നിന്ന് ഓല മുറിക്കുന്നത് തമ്പുരാന്‍ കാണാനിടയായി. മാളികയില്‍ നിന്നും പതുങ്ങിപ്പതുങ്ങി തമ്പുരാനവിടെ യെത്തി. ശൃംഗാര വാക്കുകള്‍ പറയാന്‍ തുടങ്ങി. അവള്‍ വഴങ്ങാതെ യായപ്പോള്‍ താനിതിന് പകരം ചോദിക്കുമെന്ന് തമ്പുരാന്‍ ഭീഷണി മുഴക്കി. വീട്ടില്‍ തിരിച്ചെത്തിയ പൂമാതൈ ദൈവങ്ങളെ വിളിച്ച് വാവിട്ടു കരഞ്ഞു. തമ്പുരാന്‍ പകരം വീട്ടുക തന്നെ ചെയ്തു. അക്കൊല്ലം പുഞ്ച ക്കൊയ്ത്ത് പൂമാതൈ ഇല്ലാതെ നടന്നു. ഉപജീവനത്തിന് അവള്‍ വിഷമിച്ചു. ഉടുതുണിക്ക് മറുതുണി ഉണ്ടാക്കാനവള്‍ക്ക് ആയില്ല. ഉരിയരി പോലും അവള്‍ക്കാരും കടമായി പോലും കൊടുത്തില്ല. ആയിടക്കാണ് കിഴക്കന്‍ മലയിലെ കാലിക്കാര്‍ പുല്ലും വെള്ളവുമന്വേഷിച്ച് കടലുംകര വരുന്നത്. പരിചയപ്പെട്ടതിനു ശേഷം അവര്‍ പൂമാതൈയോട് തമാശകള്‍ പറയാറുണ്ടായിരുന്നു. ഇങ്ങിനെ കാലിക്കാര്‍ ഇവിടെ കഴിയുന്ന സമയത്താണ് തീയെരി മലര്‍ക്കാവില്‍ ഉത്സവം നടക്കുന്നത്. ഉത്സവത്തിന്റെ ഭാഗമായി മേലരിക്ക് (അഗ്നികുണ്ഠം) തീകൊളുത്തിയപ്പോള്‍ തമ്പുരാന്‍ ഒരു ആജ്ഞ പുറപ്പെടുവിച്ചു. അശുദ്ധം തട്ടാത്ത ആണോ പെണ്ണോ ഉണ്ടെങ്കില്‍ തീയില്‍ ചാടി അത് തെളിയിക്കണം. പൂമാതൈ മേലരിയില്‍ ചാടിയെങ്കിലും അവള്‍ക്കൊരു പോറലും പറ്റിയില്ല. അവള്‍ ചാരിത്രശുദ്ധി യുള്ളവള്‍ തന്നെ. പക്ഷെ തമ്പുരാന്‍ അവള്‍ക്ക് പതിവ് പ്രതിഫലം കൊടുത്തില്ല. എല്ലാവരും അരി വാങ്ങി ചോറു വെച്ചപ്പോള്‍, അവള്‍ മാത്രം പട്ടിണി കിടന്നു.

മഴക്കാലമായപ്പോള്‍ കാലിക്കാരൊക്കെ നാട്ടിലേക്ക് തിരിച്ചു പോയി, അപ്പോഴാണ് തമ്പുരാനൊരു സംശയം. അവരും പൂമാതൈയും തമ്മില്‍ വല്ല അവിഹിത ബന്ധവും ഉണ്ടായിരുന്നുവോ? ഉണ്ടാവാനിടയില്ല. തീയില്‍ ചാടി ചാരിത്ര്യ ശുദ്ധി തെളിയിച്ച അവളെക്കുറിച്ചുണ്ടോ ആരെങ്കിലും അപവാദം പറയുന്നു! ഉണ്ട്. ഒരാളുണ്ട്. തമ്പുരാന്‍ പറഞ്ഞു. അത് മറ്റാരുമല്ല കൈതക്കുടി ആയിത്തിര പൂലുവത്തി. അവള്‍ക്ക് പൊന്നു കൊടുത്ത് പൂമാതൈക്കെതിരായി അപവാദം പറയിക്കുകയാണ് തമ്പുരാന്‍ ചെയ്തത്. പ്രലോഭനങ്ങളില്‍ മയങ്ങി ആയിത്തിര വഴങ്ങുകയായിരുന്നു. അങ്ങനെ അവള്‍ അപവാദം പ്രചരിപ്പിക്കാന്‍ തുടങ്ങി. കടലുംകര നാട്ടിലിത് അങ്ങാടിപ്പാട്ടായിത്തീര്‍ന്നു. പൂമാതൈയും കാലിക്കാരും തമ്മില്‍ അവിഹിത ബന്ധമുണ്ടായിരുന്നു.

പൂമാതൈയെ കഴുതപ്പുറത്തു കയറ്റി മാടപ്പറമ്പിലെത്തിച്ചു. അവിടെ തമ്പുരാനും പതിനായിരങ്ങളുമുണ്ട്. പൂമാതൈ തെറ്റു ചെയ്യുന്നത് താന്‍ കണ്ണുകൊണ്ട് കണ്ടതാണെന്ന് ആയിത്തിര ആണയിട്ട് പറഞ്ഞു. പൂമാതൈയുടെ തലയും മുലയും കരിക്കാന്‍ തമ്പുരാന്‍ ഉടനെ കല്പിച്ചു. ഈ കല്പന താമസം വിനാ നടപ്പിലാക്കപ്പെട്ടു. തലകൊത്തിയ പാമ്പു പിടക്കുന്നതു പോലെ അവള്‍ മണ്ണില്‍ കിടന്ന് പിടക്കുകയാണ്. കണ്ടുനിന്നവരുടെ കണ്ണു നിറഞ്ഞു. ആയിത്തിരയോട് അവള്‍ ഉറക്കെ വിളിച്ചു പറഞ്ഞു 'ഞാന്‍ മരിച്ചാല്‍ എന്റെ പ്രേതം നിന്നോട് പകരം ചോദിക്കും' ഞെട്ടിവിറച്ച ആയിത്തിര, തമ്പുരാന്‍ ആവശ്യപ്പെട്ട തനുസരിച്ചാണ് താന്‍ കളവ് പറഞ്ഞതെന്ന് ആള്‍ക്കൂട്ടത്തെ അറിയിച്ചു. ആളുകളുടെ ഭാവം മാറി. ആര്‍ത്തു വിളിച്ച് അവര്‍ അലമുറയിടാന്‍ തുടങ്ങി. പൂലുവ മൂപ്പന്‍ വന്ന് പൂമാതൈയെ വാരിയെടുത്തു. തമ്പുരാന്റെ നേരെ നോക്കി അവരെല്ലാം കണ്ണുരുട്ടി. തമ്പുരാന്റെ തറവാട് കുളംകോരട്ടെയെന്നും അയാളുടെ കുടുംബവും വെന്തുമരിക്കട്ടെ എന്നും പൂമാതൈ ശപിച്ചു. പിന്നീട് ഉള്ള ശക്തി സംഭരിച്ച് അവള്‍ ഓടിപ്പോയി അടുത്തുള്ള ചതുരക്കിണറ്റില്‍ ചാടി മരിക്കുന്നു. ആര്‍ക്കുമവളെ രക്ഷിക്കാനായില്ല.

ലജ്ജിച്ച് തലതാഴ്ത്തി കോവിലകത്ത് എത്തിയ തമ്പുരാന്‍ കാണുന്നത് കടലുംകര കോവിലകം കത്തിച്ചാമ്പലാകുന്നതായിരുന്നു. ചതുരക്കിണറ്റിന്റെ അടിയില്‍ നിന്നും ഒരു അശരീരി ഉയര്‍ന്നു. ഈ അശരീരിയുടെ അടിസ്ഥാന ത്തില്‍ പൂമാതൈ പൊന്നമ്മ ദൈവമാക്കപ്പെട്ടു.

കാലഘട്ടത്തിന്റെ കണ്ണാടി എന്ന് വിശേഷിപ്പിക്കാവുന്ന നിലയില്‍, എഴുതപ്പെട്ട കാലത്തിന്റെ സവിശേഷതകളെല്ലാം ഈ രണ്ടു കഥകളിലും പ്രതിഫലിക്കുന്നു. (*മറ്റൊരു കഥകൂടി പുസ്തകത്തിലുണ്ട്) നാടുവാഴിയുടെ അപഥസഞ്ചാര പ്രവണതയേയും, ആര്‍ഭാട ജീവിതാസക്തിയേയും കവി കണക്കിന് കളിയാക്കു ന്നുണ്ട്. കാവ്യഗുണം ഒട്ടും ചോര്‍ന്നു പോകാത്ത വിധത്തില്‍, വളരെ ഔചിത്യത്തോടെയാണ് ഇതെല്ലാം പാട്ടില്‍ ഉള്‍ക്കൊള്ളി ച്ചിരിക്കുന്നത്. ലൈംഗികമായ അരാജക വാസനയേയും അഴിഞ്ഞാട്ടത്തേയും കവി തീരെ സഹിക്കുന്നില്ലെന്നതിന് എത്രയെങ്കിലും ഉദാഹരണങ്ങളുണ്ട്.

'കടലുകര നാടുവാണ നാടുവായിച്ച
കാലുഴിയാനേഴോളം പെണ്ണിനവെച്ചു'

കെട്ടിലമ്മയാകട്ടെ,

'കടലുംകര കുട്ടിത്തെയ് കെട്ടിലമ്മ
കഥപറയാനെട്ടോളം പട്ടറവെച്ചു'

നാടുവാഴിക്ക് പൂമാതൈയോട് തോന്നുന്ന മോഹവും പഴയകാലത്തെ മേലാളരുടെ അഴിഞ്ഞാട്ടത്തിന്റെ ഭാഗം തന്നെയാണ്. കാണാന്‍ കൊള്ളാവുന്ന ഏത് പെണ്ണും നാടുവാഴിക്ക് അവകാശപ്പെട്ടതാണെന്ന ഉപരിവര്‍ഗത്തിന്റെ അലിഖിത നിയമത്തെയാണ് പൂമാതൈ പൊന്നമ്മ തനിക്കാവും വിധം ചോദ്യം ചെയ്യുന്നത്. പകല്‍ സമയത്ത് അരികില്‍ വന്നാല്‍ അശുദ്ധമാവുന്ന അടിയാളപ്പെണ്ണുങ്ങള്‍, അന്തിക്ക് കൂട്ടിനെത്തുന്നതില്‍ മേലാളര്‍ക്ക് വിരോധമില്ല! നാടുവാഴിയുടെ പ്രലോഭനങ്ങളെല്ലാം തട്ടിത്തെറിപ്പിച്ച പൂമാതൈ, കാര്യസ്ഥനായ ചിണ്ടനോട് പറയുന്നതിങ്ങനെയാണ്:

'മാടത്താണേ പുഞ്ചക്കണ്ടത്താണേ
ഞാനതിനൊരുങ്വല്ലേ തമ്പുരാനേ'

കൊല്ലുമെന്ന് പറഞ്ഞിട്ടുകൂടി അവള്‍ തരിമ്പും കുലുങ്ങിയില്ല. ഇങ്ങനെ അധഃസ്ഥിത വിഭാഗത്തില്‍ പെടുന്ന പൂലുവപ്പെണ്ണായ പൂമാതൈയിലൂടെ ഉപരിവര്‍ഗ അഹങ്കാരത്തിന്റെ പത്തി ചവിട്ടിത്താഴ്ത്തുകയാണ് കവി ചെയ്യുന്നത്. മേലാളരുടെ അനീതിക്കെതിരായി അടിയാള വര്‍ഗം സംഘടിത മായി ഉണരാതിരുന്ന കാലത്ത്, അജ്ഞാതനായ കവി തന്റെ പാട്ടിലൂടെ അവര്‍ക്ക് ആവേശം നല്കുകയാണ്. പതിഞ്ഞ സ്വരത്തിലുള്ള പ്രതിഷേധമേ അന്ന് സാധിക്കുമായിരുന്നുള്ളൂ. നാടുവാഴിയായ തമ്പുരാന്‍ ഒരു അനാഥയായ അടിമപ്പെണ്‍ കിടാവിനെതിരായി ചതിപ്രയോഗിക്കുന്നതും ഒടുവില്‍ പരാജയപ്പെടുന്നതുമായ ചിത്രം, യഥാര്‍ത്ഥത്തില്‍ കവിയുടെ സാമൂഹ്യ വിമര്‍ശനപരമായ അവബോധത്തിന്റെ ഉത്പന്നമാണെന്നതില്‍ സംശയമില്ല.

-----------------------

*1998 ല്‍ കേരള സാംസ്‌കാരിക വകുപ്പ് പ്രസിദ്ധീകരിച്ച, 'കുഞ്ഞൂഞ്ഞാലു, പൂമാതൈ പൊന്നമ്മ: രണ്ട് നാടന്‍പാട്ട് കാവ്യങ്ങള്‍' എന്ന ഗ്രന്ഥത്തില്‍ പ്രൊഫ. കടത്തനാട്ട് നാരായണന്റെ 'പൂമാതൈ പൊന്നമ്മ' എന്ന പഠനഭാഗമാണ് ഇത്. ഈ പാട്ടുകളുടെ സമാഹരണം നിര്‍വഹിച്ചത് ടി എച്ച് കുഞ്ഞിരാമന്‍ നമ്പ്യാരാണ്. ചിത്രം ഇന്റര്‍നെറ്റില്‍ നിന്നും