"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, ഏപ്രിൽ 26, ഞായറാഴ്‌ച

ഡോ: വി.കെ.രാധാമണി - നേട്ടങ്ങളുടെ നെറുകയില്‍ ഒരു ദളിത് വനിത


നഷ്ടപ്രതാപ കാലഘട്ടത്തിനുശേഷം, നൂറ്റാണ്ടുകളായി അടിമകളായി വില്ക്കപ്പെടാനും, മൃഗങ്ങളേക്കാള്‍ കഷ്ടമായി ജീവിക്കാനും വിധിക്കപ്പെട്ടതുകൊണ്ട് സാമൂഹിക - സാമ്പത്തിക - സാംസ്‌ക്കാരിക - അധികാരമേഖലകളില്‍ നിന്നും പിന്തള്ളപ്പെട്ടുപോയ ഇന്ത്യയിലെ വലിയൊരു ജനവിഭാഗത്തിന്റെ പ്രതിനിധികളെങ്കിലും, മഹാനായ ഡോക്ടര്‍ ബി.ആര്‍. അംബേദ്കര്‍ ഇന്ത്യന്‍ ഭരണ ഘടനയില്‍ തുന്നിച്ചേര്‍ത്ത സംവരണ പരിരക്ഷകളുടെ പിന്‍ബലത്തില്‍ വിദ്യാഭ്യാസം നേടാനും, പ്രതിസന്ധി ഘട്ടങ്ങളേയും അതിജീവിക്കാനുള്ള മനക്കരുത്ത് ആര്‍ജ്ജിക്കാനും, പൊതുജനങ്ങളുടെ സ്‌നേഹാദരങ്ങള്‍ നേടിയെടുക്കാനും കഴിഞ്ഞതിലൂടെ ദേശീയതലത്തില്‍ വ്യത്യസ്തരാകുകുയാണ് കോട്ടയം ജില്ലയിലെ കല്ലറ ഗ്രാമത്തിലെ വരീപ്പള്ളില്‍ വീട്ടില്‍ ഡോക്ടര്‍ വി.കെ. രാധാമണിയും വി.വി. ഭാസ്‌ക്കരന്‍ സാറും.

23-ാം വയസ്സില്‍ 1979-ല്‍ കോട്ടയം മെഡിക്കല്‍ കോളേജില്‍ നിന്നും എം.ബി.ബി.എസ്. പാസായ ഡോക്ടര്‍ വി.കെ. രാധാമണി ഓരോ വര്‍ഷം കോട്ടയം മെഡിക്കല്‍ സെന്റര്‍ ആശുപത്രിയിലും, മൂവാറ്റുപുഴ നെടുഞ്ചാലില്‍ ആശുപത്രിയിലും സേവനം അനുഷ്ഠിച്ചു. 1984ല്‍ സ്വന്തം ഉടമസ്ഥതയില്‍ കല്ലറയില്‍ ബിന്ദു നഴ്‌സിംഗ് ഹോം ആരംഭിച്ചു. വളരെ പ്രശസ്തമായി പ്രവര്‍ത്തിച്ചു വരുന്ന ഈ സ്ഥാപന ത്തിന്റെ സില്‍വര്‍ ജൂബിലി ആഘോഷം 2009-ല്‍ പൊതുജനങ്ങളുടേയും അഭ്യുദയകാംക്ഷി കളുടേയും സഹകരണ ത്തോടെ നടക്കുകയുണ്ടായി.

ഡോക്ടര്‍ വി.കെ. രാധാമണി മെഡിക്കല്‍ ഡിഗ്രിയെടുത്ത് ഇപ്പോള്‍ 34 വര്‍ഷമാകുന്നു. ഇതിനിടയില്‍ വിവിധ മെഡിക്കല്‍ കോളേജുകളിലും വന്‍കിട ആശുപത്രികളിലും വിവിധ പരിശീലന കോഴ്‌സുകളും ഡിഗ്രി കോഴ്‌സുകളും വിജയകരമായി പൂര്‍ത്തീകരിച്ചിട്ടുണ്ട്. കോട്ടയം മെഡിക്കല്‍ കോളേജില്‍ ജനറല്‍ മെഡിസിനിലം, കാരിത്താസ് ആശുപത്രിയില്‍ കാര്‍ഡിയോജിയിലും ലഭിച്ച സീനിയര്‍ ഹൗസ് സര്‍ജന്‍സി കോഴ്‌സുകള്‍ ആദ്യകാലത്ത് ആശുപത്രി നടത്തിപ്പില്‍ ഏറെ ഗുണകര മായിട്ടുണ്ട്.

2000-ത്തില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍നിന്നും ഗൈനക്കോളജി, പീഡിയാട്രിക്‌സ്, കമ്മ്യൂണിറ്റി മെഡിസിന്‍ എന്നീ വിഷയങ്ങളില്‍ P.G.D.M.C.H (IGNOU) പി.ജി. ഡിപ്ലോമയും, 2006-ല്‍ കൊച്ചി അമൃത മെഡിക്കല്‍ കോളേജില്‍ (AIMS) നിന്നും ജിറിയാട്രിക്‌സില്‍ P.G.D.A.M.പിജി. ഡിപ്ലോമയും, 2008-ല്‍ എം.ജി. യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ബിഹേവിയറല്‍ സയന്‍സില്‍ M.Phil ഡിഗ്രിയും, 2009 ഡല്‍ഹി I.M.A.C.G.P. യില്‍ നിന്ന് ഫാമിലി മെഡിസിന്‍ വിഭാഗത്തില്‍ F.C.G.P. ഡിഗ്രിയും ഡോക്ടര്‍ രാധാമണിയും കരസ്ഥമാക്കിയിട്ടുണ്ട്. ഇപ്പോള്‍ അണ്ണാമല യൂണിവേഴ്‌സിറ്റിയുടെ ഡയബറ്റിക് ഉപരിപഠന കോഴ്‌സിന്റെ പരീക്ഷയ്ക്ക് തയ്യാറെടുത്തു കൊണ്ടിരിക്കുന്നു.

H.I.V / AIDS, RNTCP (ക്ഷയരോഗം) I.D.A. (ഡയബറ്റിക്, പ്രാണായാമം, വൃദ്ധജനപരിചരണം, പാലിയേറ്റീവ് കെയര്‍ തുടങ്ങിയ വിഷയങ്ങളില്‍ വിവിധ പഠന കോഴ്‌സുകളില്‍ ഡോക്ടര്‍ രാധാമണി പങ്കെടുത്തിട്ടുണ്ട്. ഇതോടൊപ്പം കോട്ടയം മെഡിക്കല്‍ കോളേജിലെ അദ്ധ്യാപകരും സഹപാഠികളുമായ വകുപ്പു മേധാവികളായ ഡോക്ടര്‍മാരുടെ മേല്‍നോട്ടത്തില്‍ നടത്തപ്പെടുന്നതും, ആധുനിക രോഗ - രോഗചികിത്സാ സംബന്ധവുമായ അനവധി കോഴ്‌സുകളിലും പഠന ക്ലാസ്സുകളിലും സാന്ദര്‍ഭികമായും പ്രത്യേക ക്ഷണിതാവായും പങ്കെടുക്കാന്‍ ഡോക്ടര്‍ രാധാമണിക്ക് കഴിഞ്ഞിട്ടുണ്ട്.

ഡോക്ടര്‍ രാധാമണി വഹിച്ചുകൊണ്ടിരിക്കുന്ന ഔദ്യോഗിക സ്ഥാനങ്ങളും, സംഘടനാബന്ധവും

1. ഫിസിഷ്യന്‍ കൗണ്‍സില്‍ - സംസ്ഥാനതലം
2. ക്ഷയരോഗനിവാരണ സമിതി അംഗം - ജില്ലാതലം
3. പ്രമേഹരോഗനിവാരണസമിതി അംഗം - ജില്ലാതലം
4. I.M.A ആയുഷ്‌ക്കാല അംഗം
5. Q.P.M.P.A ആയുഷ്‌ക്കാലഅംഗം
6. I.M.A സംസ്ഥാന വര്‍ക്കിംഗ് കമ്മറ്റി അംഗം
7. Q.P.M.P.A. ജില്ലാ എക്‌സിക്യൂട്ടീവ് കമ്മറ്റി അംഗം
8. I.M.A വൈക്കം ബ്രാഞ്ച് പ്രസിഡന്റ്
9. I.M.A വൈക്കം ബ്രാഞ്ച് രക്ഷാധികാരികളില്‍ ഒരാള്‍
10. I.M.A വുമണ്‍വിംഗ് സംസ്ഥാനകമ്മിറ്റി അംഗം
11. ഭാരതീയ ദളിത് സാഹിത്യഅക്കാദമി ദേശീയ എക്‌സിക്യൂട്ടീവ് കമ്മറ്റി അംഗം
12. സാംബവ മഹാസഭ മെഡിക്കല്‍ യൂണിറ്റ് സംസ്ഥാന ഡയറക്ടര്‍
13. സാംബവ വനിതാസമാജം രക്ഷാധികാരി (മുന്‍ സംസ്ഥാനപ്രസിഡന്റ്)
ഡോക്ടര്‍ രാധാമണി നേതൃത്വം നല്‍കുന്ന പ്രധാന പ്രവര്‍ത്തനങ്ങള്‍
1. 30 വര്‍ഷമായി ആശുപത്രി നടത്തിപ്പ്
2. മെഡിക്കല്‍ ക്യാമ്പുകള്‍
3. ആരോഗ്യ ബോധവല്‍ക്കരണ പഠനക്ലാസ്സുകള്‍
4. കൗമാരപ്രായക്കാര്‍ക്ക് മെഡിക്കല്‍ കൗണ്‍സലിംഗ്
5. സ്ത്രീകള്‍ക്ക് പ്രത്യേക പഠനക്ലാസ്സുകള്‍
6. കല്ലറ (വൈക്കം) ഗ്രാമപഞ്ചായത്ത് തല ആരോഗ്യ പ്രവര്‍ത്തനങ്ങള്‍
7. സാംബവ മഹാസഭ സംസ്ഥാന മെഡിക്കല്‍യൂണിറ്റിന്റെ പ്രവര്‍ത്തനവും, മെഡിക്കല്‍ ക്യാമ്പുകളും, ആരോഗ്യശാസ്ത്ര പ്രദര്‍ശങ്ങളും

ഡോക്ടര്‍ വി.കെ. രാധാമണിയുടെ മെഡിക്കല്‍ ഗവേഷണ പ്രവര്‍ത്തനങ്ങള്‍
1. കല്ലറ (വൈക്കം) ഗ്രാമപഞ്ചായത്തിലും സമീപപ്രദേശങ്ങളിലുമുള്ള കുടിലുകളില്‍ കാണുന്ന ശ്വാസകോശ രോഗങ്ങളും നിവാരണ മാര്‍ഗ്ഗങ്ങളും
2. ഗ്രാമപ്രദേശങ്ങളിലെ എലിപ്പനിയുടെ വ്യാപനവും പ്രതിരോധമാര്‍ഗ്ഗങ്ങളും നിവാരണമാര്‍ഗ്ഗങ്ങളും
3. ചിക്കന്‍ഗുനിയ രോഗത്തിന്റെ വ്യാപനവും പ്രതിരോധമാര്‍ഗ്ഗങ്ങളും
4. ജീവിതശൈലിരോഗങ്ങളുടെ നിയന്ത്രണങ്ങളും പരിഹാരമാര്‍ഗ്ഗങ്ങളും.
ഈ വിഷയങ്ങളെക്കുറിച്ച് ആധികാരികമായി പഠനം നടത്തിയ ഗവേഷണറിപ്പോര്‍ട്ട് പ്രത്യേകമായി തയ്യാറാക്കിയിട്ടുണ്ട്.

ഡോക്ടര്‍ വി.കെ. രാധാമണിക്ക് ലഭിച്ചിട്ടുള്ള അവാര്‍ഡുകളും അംഗീകാരങ്ങളും 

1. മികച്ച സാമൂഹ്യ സേവനത്തിനുള്ള ഭാരതീയ ദളിത് സാഹിത്യ അക്കാദമിയുടെ ഡോക്ടര്‍ അംബേദ്കര്‍ ഫെല്ലോഷിപ്പ് അവാര്‍ഡ് - 2008
2. ഇന്‍ഡ്യയിലെ മികച്ച് ആരോഗ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ഭാരതീയ ദളിത് സാഹിത്യഅക്കാദമിയുടെ ദേശീയ പുരസ്‌ക്കാരം - 2010
3. ഇന്‍ഡ്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ കേരളത്തിലെ ഏറ്റവും മികച്ച് ഫാമിലി ഡോക്ടര്‍ അവാര്‍ഡ് - 2011

പട്ടിക വിഭാഗങ്ങളില്‍ സ്വന്തമായി ആശുപത്രി നടത്തുന്നവര്‍ അധികം പേരില്ല. ഗവ. സര്‍വ്വീസില്‍ കയറാതെ മുഴുവന്‍ സമയവും ആശുപത്രി ഇതേ രീതിയില്‍ ഒറ്റയ്ക്ക് നടത്തുന്നത് ഡോക്ടര്‍ വി.കെ. രാധാമണിയല്ലാതെ മറ്റൊരു വനിതയും ഇന്‍ഡ്യയില്‍ ഇല്ല.

ദേശീയതലത്തില്‍ ശ്രദ്ധിക്കപ്പെടുന്ന ഡോക്ടര്‍ വി.കെ. രാധാമണിയുടെ ആരോഗ്യ പ്രവര്‍ത്തന മേഖലകളില്‍ എല്ലാവിധത്തിലുള്ള പ്രോത്സാഹനങ്ങളും മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളും നല്‍കുന്ന ഭര്‍ത്താവ് വി.വി. ഭാസ്‌ക്കരന്‍ സാര്‍ പ്രത്യേക അഭിനന്ദനമര്‍ഹിക്കുന്നു. 1975-ല്‍ ജില്ലയിലെ ഒന്നാം റാങ്കോടെ അദ്ധ്യാപന നിയമനം ലഭിച്ച വി.വി. ഭാസ്‌ക്കരന്‍ 22 വര്‍ഷത്തെ സേവനത്തിനുശേഷം പെന്‍ഷന്‍ പറ്റാന്‍ 5 വര്‍ഷം ബാക്കി നില്‍ക്കെയാണ് ഇദ്ദേഹം സര്‍വ്വീസില്‍ നിന്ന് പിരിഞ്ഞത്. പ്രതികൂലമായി നിരവധി സാഹചര്യങ്ങളെ അതിജീവിച്ചാണ് വി.വി. ഭാസ്‌ക്കരന്‍ മാഷ് ജീവിത പടവുകള്‍ ചവിട്ടി കയറിയത്.

വായനയെ മറക്കുന്ന മലയാളികളില്‍ വ്യത്യസ്തനാണ് വി.വി. ഭാസ്‌ക്കരന്‍ സാര്‍. വീട്ടിലെ ഒരു മുറി പൂര്‍ണ്ണമായും പുസ്തകങ്ങള്‍ക്കായി മാറ്റിവച്ചാണ് ഇദ്ദേഹം വായനയുടെ ലോകത്ത് കഴിയുന്നത്. അയ്യായിരത്തോളം പുസ്തകങ്ങള്‍ ഇദ്ദേഹത്തിന്റെ ലൈബ്രറിയിലുണ്ട്. ചെറുപ്പം മുതലേ വായന ശീലമാക്കിയ ഇദ്ദേഹം തിരക്കിനിടയിലും ദിവസേന മൂന്നു മണിക്കൂറില്‍ കുറയാതെ വായനയ്ക്കായി സമയം കണ്ടെത്തുന്നു.

ഭാരതീയ ദളിത് സാഹിത്യ അക്കാദമിയുടെ മികച്ച സാമൂഹ്യ പ്രവര്‍ത്തന ത്തിനുള്ള ഡോ.അംബേദ്കര്‍ പുരസ്‌ക്കാരവും കോട്ടയം ദര്‍ശന അക്കാദമി യുടെ അന്താരാഷ്ട്ര പുസ്തക മേളയോടനുബന്ധി ച്ചുള്ള മികച്ച ഹോം ലൈബ്രറിക്കുള്ള പ്രത്യേക അവാര്‍ഡും ഇദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്. കടന്നുവന്ന വഴികള്‍ സാമൂഹിക പ്രതിബന്ധതയോടെ ഓര്‍ക്കുന്ന വ്യക്തിയാണ് വി.വി. ഭാസ്‌ക്കരന്‍സാര്‍. അതുകൊണ്ടുതന്നെ ജനിച്ച സമുദായത്തോട് പ്രത്യേക മമതയും കടപ്പാടും കാത്തുസൂക്ഷിക്കുന്നു ഇദ്ദേഹം. സാംബവ മഹാസഭയുടെ പ്രവര്‍ത്തനങ്ങളില്‍ 13-ാം വയസ്സുമുതല്‍ സജീവമായി പങ്കെടുക്കുന്നു. 53 വര്‍ഷത്തെ സമുദായ പ്രവര്‍ത്തനത്തിനിടയില്‍ ശാഖാതലം മുതല്‍ സംസ്ഥാനതലം വരെ വിവിധ ഔദ്യോഗിക സ്ഥാനങ്ങള്‍ വഹിച്ചിട്ടുള്ള ഇദ്ദേഹം ഇപ്പോള്‍ സാംബവമഹാസഭയുടെ സംസ്ഥാന രജിസ്ട്രാര്‍ ആയി പ്രവര്‍ത്തിക്കുന്നു.