"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, ഏപ്രിൽ 28, ചൊവ്വാഴ്ച

പെണ്‍പോരാളികള്‍ കുറേക്കൂടി.... - ഒര്‍ണ കൃഷ്ണന്‍കുട്ടി


കാര്‍ത്ത്യായനി (നഗരസഭയുടെ ആദരം ഏറ്റുവാങ്ങിയ മുത്തശ്ശി)

കൊച്ചി നഗരസഭയില്‍ ഇന്ന് (2013) ജീവിച്ചിരിക്കുന്ന ഏറ്റവും പ്രായമുള്ള പുലയി. പനമ്പിള്ളി നഗര്‍ വാക്കാട്ട് വീട്ടില്‍ കൊച്ചോലിന്റെ ഭാര്യ. ഇന്നത്തെ പനമ്പിള്ളിനഗര്‍ കാര്‍ത്ത്യാനിയുടെ ചെറുപ്പകാലത്ത് പച്ചവിരിച്ച നെല്‍പ്പാടങ്ങളായിരുന്നു. ആ പാടങ്ങളിലെ കൃഷിപ്പണി ക്കാരായിരുന്നു ഈ മുത്തശ്ശിയും അവരുടെ തലമുറയിപ്പെട്ട വരും. പണ്ട് പുലയസ്ത്രീകളുടെ മുഖ്യതൊഴിലായിരുന്നു പാടത്തെ പുല്ലരിഞ്ഞ് ചന്തകളില്‍ കൊണ്ടുപോയി വില്‍പ്പന നടത്തിയുള്ള ഉപജീവനം. പുല്ലറിഞ്ഞും മീന്‍പിടിച്ചും കറ്റകൊയ്തും അന്ന് നടന്ന പാടങ്ങളും പറമ്പുകളും ഇന്ന് മണിസൗധങ്ങളും വ്യാപാര സമുച്ചയങ്ങളുമാണ്. നേവല്‍ ബേസ് സ്ഥിതിചെയ്യുന്ന പ്രദേശമാകെ പുല്ലുംകാടും നിറഞ്ഞതായിരുന്നു. അവിടെ നിന്നായിരുന്നു പുല്ലറുത്ത് കൊണ്ടുപോയി വില്‍പ്പന നടത്തിയി രുന്നത്. ചെറുപ്പത്തില്‍ കൂലി കൂടുതലിനു വേണ്ടി സമരം ചെയ്ത കഥയും ഈ മുത്തശ്ശിയുടെ ഓര്‍മ്മയില്‍ മങ്ങാതെ ഇന്നും നില്‍ക്കുന്നു. ഇപ്പോള്‍ കൊച്ചിയിലെ ഈ മുതിര്‍ന്ന അമ്മയെ നഗരസഭ ആദരിക്കുകയുണ്ടായി. പനമ്പിള്ളി നഗറിലെ പാസ്‌പോര്‍ട്ട് ആഫീസിന് സമീപം താമസിക്കുന്ന ഈ അമ്മയുടെ ആരോഗ്യത്തിനോ ഓര്‍മ്മക്കോ യാതൊരു കുറവും സംഭവിച്ചിട്ടില്ല. പണ്ടത്തെ താളും തവരയും പൊടിച്ചിമത്സ്യങ്ങളും അവരുടെ ആരോഗ്യത്തെ സംരക്ഷിച്ചുപോരുന്നു. കുന്നത്തുനാട് താലൂക്കിലെ അശമന്നൂര്‍ പഞ്ചായത്തി ലെ ഏറ്റവും പ്രായമുള്ള പുലയനായ നേറോതിയെയും പൗരസമൂഹവും പഞ്ചായത്തും ചേര്‍ന്ന് ആദരിക്കുകയുണ്ടായി.

കെ.കെ.ദാക്ഷായണി

തിരുകൊച്ചി പുലയര്‍മഹാസഭയുടെ സ്ഥാപക നേതാക്കളില്‍പ്പെട്ട കെ.സി.കൃഷ്ണാതി ആശാന്റെ മകള്‍. കെ.കെ.മാധവന്‍ മാസ്റ്ററുടെ സഹോദരി. പുലയ സ്ത്രീകളില്‍ ആദ്യമായി കോളേജ് ബിരുദം നേടിയത് കെ.കെ.ദാക്ഷായണിയാണ്. അവരെ കൊച്ചി നിയമസഭയിലേക്ക് നോമിനേറ്റ് ചെയ്തിരുന്നു. മലബാറില്‍ നിയമസഭയില്‍ നിന്നും മദ്രാസ് സംസ്ഥാനത്തെ പ്രതിനിധീകരിച്ച് അംഗമായി ഇന്ത്യന്‍ ഭരണഘടന കമ്മിറ്റിയില്‍ അംഗമായിരുന്നു. ഇംഗ്ലീഷ് ഭാഷയില്‍ അഗാധമായ പാണ്ഡിത്യമായിരുന്നു. ആദ്യത്തെ ലോകസഭ അംഗവും അവരായിരുന്നു. തിരുവിതാംകൂറിലെ ആദ്യത്തെ പുലയരിലെ ബി.എകാരന്‍ തിരുവല്ല ഓതറയിലുള്ള കെ.എം.തേവനാണ്. അതിനു ശേഷം ബിരുദം നേടിയത് ചരിത്രകാരനായ ചെന്താരശ്ശേരിയുടെ പിതാവിന്റെ അനുജന്‍ നാരായണനാണ്. തേവനോടൊപ്പം, കുറുമ്പന്‍ ദൈവത്താന്റെ മകന്‍ ദിവാകരനും, ബി.എ പരീക്ഷ എഴുതിയിരുന്നു. ദിവാകരന്‍ ഫലം വന്നപ്പോഴേക്കും വസൂരി പിടിപ്പെട്ട് മരിച്ചു. ഫലം പുറത്തുവന്നപ്പോള്‍ ദിവാകരന്‍ നല്ല മാര്‍ക്ക് വാങ്ങി ജയിച്ചിരുന്നു.

അമ്മ നല്ലമ്മ ശാരദ

മുന്‍ചീഫ് ജസ്റ്റീസും, മനുഷ്യാവകാശ കമ്മീഷന്‍ അദ്ധ്യക്ഷനുമായ കെ.ജി ബാലകൃഷ്ണന്റെ അമ്മ കീഴൂര്‍ കൊച്ചുപറമ്പില്‍ മൈലന്റെയും കുഞ്ഞിപ്പെണ്ണിന്റെയും മകള്‍. സംസ്ഥാന സാമൂഹ്യസേവന വകുപ്പിന്റെ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍, കേന്ദ്ര സാമൂഹ്യനീതി വകുപ്പ് ഏര്‍പ്പെടുത്തിയിട്ടുള്ള 'വയോ ശ്രേഷ്ഠസമ്മാന്‍' അവാര്‍ഡിന് 2008 09 ല്‍ അര്‍ഹത നേടി. ഈ അംഗീകാരം ലഭിക്കുന്ന ഏക മലയാളിയും പുലയിയും ശാരദ എന്ന മുത്തശ്ശിയാണ്. അമ്മയുടെ ചിന്തയും പ്രവര്‍ത്തിയും സമുദായ നേതാവ് അയ്യങ്കാളിയിലാണ്. നല്ലൊരു ചിത്രകാരിയും കൂടിയായിരുന്നു ഈ അമ്മ. 2013 ഒക്‌ടോബര്‍ 10 ന് 91 ാം വയസ്സില്‍ അന്തരിച്ചു.

* ഒര്‍ണ കൃഷ്ണന്‍കുട്ടി തയാറാക്കുന്ന പുസ്തകത്തില്‍ നിന്നും