"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, ഏപ്രിൽ 3, വെള്ളിയാഴ്‌ച

മാലിദ്വീപിലെ ബുദ്ധമത കാലഘട്ടം - ഇ കെ സുഗതന്‍


മാലിദ്വീപുകളില്‍ പ്രകൃതിദത്തമായ മലകളോ കുന്നുകളോ ഇല്ല. എന്നാല്‍ പല ദ്വീപുകളിലും ചെറിയ മണല്‍കുന്നുകള്‍ കാണാം. ഈ കുന്നുകള്‍ക്ക് നാലര മീറ്റര്‍ മുതല്‍ അഞ്ചര മീറ്റര്‍ വരെ ഉയരമുണ്ട്. അവക്ക് മുകളില്‍ തെങ്ങുകള്‍ വളര്‍ന്നു നില്‍ക്കുന്നു. ഇത്തരം കുന്നുകളെ മാലിദ്വീപുകളിലെ ജനങ്ങള്‍ ബുദ്ധമത സ്മാരകങ്ങളായിട്ടാണ് പാരമ്പര്യമായി കരുതിപ്പോരുന്നത്. പവിഴപ്പുറ്റുകള്‍ വെട്ടിയെടുത്തു നിര്‍മിച്ച അര്‍ധവൃത്താകൃതി യിലുള്ള അടിത്തട്ടാണ് മണല്‍ മൂടിയ നിലയില്‍ കാണപ്പെടുന്നത്. 1922 ല്‍ പ്രസിദ്ധ പുരാതത്വ ഗവേഷകനായ എച്ച് സി പി ബെല്ലും സംഘവും മാലിദ്വീപുകളിലെത്തി ഇതിന്റെ രഹസ്യമന്വേഷിച്ചു. ബുദ്ധമത കാലഘട്ടത്തിലെ സ്തൂപങ്ങളുള്‍ പ്പെടെയുള്ള പുരാവസ്തുക്കള്‍ ഉണ്ടെന്നു വിശ്വസിക്കപ്പെടുന്ന ദ്വീപുകളിലെല്ലാം ബെല്‍ പര്യടനം നടത്തി. 10 ദ്വീപുകളില്‍ ബുദ്ധസ്തൂപങ്ങളുടെ അവശിഷ്ടങ്ങള്‍ ബെല്‍ കണ്ടെത്തി. കൂടുതലും ദ്വീപസമൂഹത്തിലെ തെക്കേ അറ്റത്തെ ദ്വീപുകളിലായിരുന്നു. ചില വടക്കന്‍ ദ്വീപുകളിലും ഇത്തരം സ്തൂപങ്ങള്‍ നൂറ്റാണ്ടുകള്‍ക്ക് മുമ്പ് നിലനിന്നിരുന്നതിന്റെ സൂചനകള്‍ ലഭിച്ചു.


സിംഹള ഭാഷയില്‍ 'ടബാഗോ' എന്നാണ് ഈ സ്തൂപങ്ങള്‍ അറിയപ്പെടുന്നത്. ദിവേഹി ഭാഷയിലാകട്ടെ വിവിധ പേരുകളു ണ്ട് അവയൊക്കെ പാലി ഭാഷയിലെ നാമങ്ങളാ യിരുന്നു. സീനു അറ്റോളുകളില്‍ സ്തൂപങ്ങള്‍ ഹവിത്ത (Havitta), ഉസ്തുംബ (Ustumba), എന്നീ പേരുകളില്‍ അറിയപ്പെടുന്നു. ലാം അറ്റോളില്‍ ഹത്തേലി (Hatteli), മരുബിനോ (Marubina) എന്നിങ്ങനെയാണ് പേര്. എന്നാല്‍ താ (Taa), അറ്റോളില്‍ വെരു (Veru) എന്നാണ് വിളിക്കുന്നത്.

തെക്കേ അറ്റത്തെ ദ്വീപുകളില്‍ കാണപ്പെടുന്ന ദ്വീപുകളുടെ സമീപത്തായി ബോധിവൃക്ഷം വെച്ചു പിടിപ്പിച്ചതായി കാണാം. സീനു അറ്റോളിലെ ഇത്തരത്തിലുള്ള സ്തൂപത്തിന്റെ അവശിഷ്ടവും ബോധിവൃക്ഷവും ബെല്‍ തന്റെ പഠനവിധേയമാക്കി. ഈ അവശിഷ്ട ങ്ങള്‍ ബ്രിട്ടീഷുകാര്‍ തങ്ങളുടെ ആധിപത്യ കാലത്ത് വിമാനത്താവളത്തിനു വേണ്ടി വെട്ടി നിരപ്പാക്കി യിരുന്നു. ഫമുലുക്കു ദ്വീപില്‍ നൂറ്റാണ്ടുകള്‍ക്ക് മുമ്പ് വന്നിറങ്ങിയ സഞ്ചാരികള്‍ ബുദ്ധമത സംബന്ധിയായി രേഖപ്പെടുത്തിയ പല വിവരങ്ങളും ബെലിന്റെ ശ്രദ്ധയില്‍ പെട്ടു. ഡെച്ചുകാരനായ ഫ്രെഡറിക് ഡി ഹൗട്ട്മാന്‍ തെക്കേ അറ്റോളിലെ മുലുക്ക് ദ്വീപ് സന്ദര്‍ശിച്ച ശേഷം നേരത്തേ ഇങ്ങനെ എഴുതുകയുണ്ടായി.

'ഈ കൊച്ചു ദ്വീപില്‍ തകര്‍ന്നു വീണ ധാരാളം കെട്ടിടങ്ങളുടെ അവശിഷ്ട ങ്ങളുണ്ട്. അവയില്‍ പലതും നശിച്ചു തുടങ്ങിയിരിക്കുന്നു. തകര്‍ന്നു വീണ കെട്ടിടങ്ങളില്‍ പലതും കലാപരമായും മോടിയോടെയും പണികഴിപ്പിച്ചിട്ടുള്ളവയാണ്. 10-12 ശതകങ്ങള്‍ക്കിട യില്‍ പണികഴിപ്പിച്ച തെന്നു തോന്നുന്ന ഇത്തരം കെട്ടിടങ്ങളില്‍ പലതിനും ക്ഷേത്രങ്ങളുടെ രൂപമാണ്. വാസ്തുവിദ്യയുടെ മനോഹാരിത പ്രകടിപ്പിച്ചിരുന്ന ഈ കെട്ടിടങ്ങള്‍ നീലക്കല്ലുകള്‍ കൊണ്ട് നിര്‍മ്മിച്ചവയാണ്. ദൃഡമായ അടിസ്ഥാനവും തൂണുകളും വീതികൂടിയ പടവുകളും വാതിലുകളും ഉണ്ട്. ഈ ദ്വീപുകള്‍ ഇത്തരം കെട്ടിടങ്ങള്‍ക്കു വേണ്ട സാധനസാമഗ്രികള്‍ സംഭരിച്ചത് എവിടെ നിന്നാണ്? കെട്ടിടങ്ങള്‍ പലതും അടുത്തടുത്താണ് സ്ഥിതിചെയ്യുന്നത്. ഓരോ കെട്ടിടത്തിന്റേയും മൂലക്കല്ലുകള്‍ തൊട്ടുരുമി കിടക്കുന്നു.

ക്ഷേത്രത്തിനു ചുറ്റും സമചതുരാകൃതിയില്‍ നിര്‍മ്മിച്ച മതിലുകളുണ്ട്. ക്ഷേത്രാങ്കണത്തിലൂടെ നടന്നാല്‍ അവിടവിടെയായി കരിങ്കല്‍ കൊണ്ടു തീര്‍ത്ത കിണറുകള്‍ കാണാം. അവ വറ്റിവരണ്ടു കിടക്കുന്നു. കിണറുകള്‍ക്കിടയില്‍ വെള്ളം കോരി നിറക്കാന്‍ പാകത്തില്‍ കരിങ്കല്‍ തൊട്ടികള്‍ കെട്ടിയിട്ടുണ്ട്. അവ ഏതാണ്ട് തലതിരിച്ചുവെച്ച പിരമിഡി ന്റെ ആകൃതിയിലാണ്. അതിന്റെ അടിഭാഗം വളരെ വ്യക്തമായി കാണത്തക്കവിധം ആഴം കുറവാണ്. കരിങ്കല്‍ ഭിത്തികളില്‍ കൊത്തു പണികളുണ്ട്. എല്ലാ കെട്ടിടങ്ങളും കിഴക്കുപടിഞ്ഞാറായി പണിതിരി ക്കുന്നു. വാതില്‍ കിഴക്കുവശത്താണ് ഇത് ഏതെങ്കിലും പരിശുദ്ധ സ്ഥലമായിരുന്നെന്ന് എനിക്ക് തോന്നുന്നു. ഇവയെല്ലാം അത്രക്ക് അടുത്തടുത്താണ് സ്ഥിതി ചെയ്യുന്നത്. മറ്റൊരു പ്രത്യേകത ഇത്തരം കെട്ടിടങ്ങളുടെ അവശിഷ്ടങ്ങലില്‍ നിന്ന് ഇവിടെ ജനവാസമുണ്ടായിരു ന്നതായി ഒരു സൂചനയും ലഭിക്കുന്നില്ലെന്നതാണ്'


ഡി ഹൌട്മാന്‍ 
ഡി ഹൗട്ടിന്റെ വിവരണത്തെ അടിസ്ഥാനമാക്കി എച് സി പി ബെലും സംഘവും മുലൂക്ക് ദ്വീപില്‍ പലഭാഗത്തും ഉത്ഖനനം നടത്തുകയുണ്ടായി. അതിന്റെ ഫലമായി കല്ലില്‍ കൊത്തി യെടുത്ത ശ്രീബുദ്ധന്റെ ഒരു വിഗ്രഹം ലഭിച്ചു. കൂടാതെ പരല്‍ രൂപത്തിലുള്ള അനേകം ജപമണികളും കിട്ടി. ജപമണികളുടെ മധ്യഭാഗം തടിച്ചതും അഗ്രങ്ങള്‍ കൂര്‍ത്തു മായിരുന്നു. കൂടാതെ ഒരു സ്തൂപത്തിന്റെ അവശിഷ്ടങ്ങളും ബെല്‍ കണ്ടെടുത്തു. അതിനരികില്‍ ജലസംഭരണത്തിന് ഉപോയഗിക്കുന്ന ഒരു ടാങ്കിന്റെ അവശിഷ്ടവും കണ്ടെത്തി. സൂക്ഷ്മ പരിശോധനയില്‍ ശ്രീലങ്കയുടെ പുരാതന തലസ്ഥാനമായ അനുരാധപുരത്തെ പൊകുന എന്ന സ്ഥലത്ത് കണ്ടെത്തിയ സ്തൂപവുമായി മുലൂക്കിലെ സ്തൂപത്തിന് സാമ്യമുള്ളതായി കണ്ടു. തുടര്‍ന്ന് ബെല്‍ മാലിദ്വൂപുകളിലെ വിവിധ ദ്വീപുകളില്‍ ഉത്ഖനനം നടത്തി. പക്ഷെ ബെലിനു മാലിദ്വീപുകളില്‍ അധികനാള്‍ തങ്ങാന്‍ കഴിഞ്ഞില്ല. അതുകൊണ്ടുതന്നെ കൂടുതല്‍ പഠനങ്ങളും നടന്നില്ല. പക്ഷെ, ഒരു കാര്യം വ്യക്തമായി. ഫ്രെഡറിക് ഡി ഹൗട്ട്മാന്റെ മുലൂക്ക് വിവരണം പാടേ തള്ളിക്കളയാവുന്നതല്ല.

1940 ല്‍ ബുദ്ധ കാലഘട്ടത്തെക്കുറിച്ച് വിശദമായ പഠനം നടത്തുവാന്‍ മാലിദ്വീപുകാര്‍ ശ്രമങ്ങളാരംഭിച്ചു. ഗവണ്‍മെന്റ് ഓഫീസര്‍മാരും സംഘങ്ങളും മാലിയുടെ പടിഞ്ഞാറു ഭാഗത്ത് സ്ഥിതിചെയ്യുന്ന തൊണ്ടു (Toddu) എന്ന ദ്വീപില്‍ ഉത്ഖനനം നടത്തി. 7 സ്തൂപങ്ങളുടെ അവശിഷ്ടങ്ങള്‍ അവര്‍ കണ്ടെത്തി. കൂടാതെ ശ്രീബുദ്ധന്റെ ശിരസ് കൊത്തിയ ഒരു ശിലാഖണ്ഡവും വൃത്താകൃതിയിലുള്ള അനേകം ലോഹനാണയങ്ങളും ഇവര്‍ക്ക് ലഭിച്ചു. നാണയങ്ങളുടെ കൂട്ടത്തില്‍ ദീര്‍ഘ ചതുരാകൃതിയിലുള്ള വെള്ളി നാണയങ്ങളും ഉണ്ടായിരുന്നു. ഇവയെല്ലാം കാണപ്പെട്ടത് ബുദ്ധ സ്തൂപങ്ങളുടെ സമീപപ്രദേശങ്ങളിലാണ്. അരി അറ്റോളിലെ മഹിനാടു (Mahinadu) എന്ന ദ്വീപില്‍ നിന്നും ബുദ്ധകാലത്തെ അനേകം ചരിത്രാവശിഷ്ടങ്ങള്‍ ലഭിച്ചു. പക്ഷെ, ശാസ്ത്രീയ രീതിയിലാ യിരുന്നില്ല ഉത്ഖനനം നടന്നത്. പല പുരാവസ്തുക്കളും നശിപ്പിക്കപ്പെടുകയും ചെയ്തു. ഒരിക്കല്‍ ഉത്ഖനനത്തിലൂടെ ലഭിച്ച ഒരു ബുദ്ധ വിഗ്രഹം രാത്രിയില്‍ അലക്ഷ്യമായി ഒരിടത്തിട്ടു. പിറ്റേ ദിവസം രൂപം മനസിലാകാത്തവിധം ആ ശില അലിഞ്ഞു പോയിരുന്നു. 

മാലിദ്വീപിലെ വിവിധയിടങ്ങളില്‍ കണ്ടെത്തിയ സ്തൂപാവശിഷ്ടങ്ങള്‍ ലോകത്തിലെ മറ്റുഭാഗങ്ങളിലെ സ്തൂപങ്ങളുമായി താരതമ്യപ്പെടുത്തി പഠനം നടത്തിയ ഡോ എസ് പരനവിത്തനയുടെ അഭിപ്രായത്തില്‍ മാലിദ്വീപുകളിലെ ബുദ്ധമത സ്തൂപങ്ങള്‍ക്ക് ശ്രീലങ്കയിലെ ബുദ്ധമത സ്തൂപങ്ങളുമായി ഏറെ സാദൃശ്യമുണ്ട്. രണ്ടു രാജ്യങ്ങളിലും ഭരണങ്ങളുടെ കണ്ണികള്‍ വിളക്കിച്ചേര്‍ക്കുന്നതു പോലെയാണ് സ്തൂപങ്ങള്‍ പണിതത്. മധ്യഭാഗത്ത് സമചതുരാകൃതിയിലുള്ള പള്ള (Pit) ങ്ങള്‍ ഉണ്ട്. പള്ളങ്ങളുടെ നാല് ദിശകളിലേക്കും നാല് ചാലുകള്‍ പണി തീര്‍ത്തിരിക്കു ന്നു. ലോകത്തിന്റെ കേന്ദ്രബിന്ദുവും നാല് ദിക്കുകളുമാണത്രെ ഇവ സൂചിപ്പിക്കുന്നത്. എന്നാല്‍ ശ്രീലങ്കയിലെ സ്തൂപങ്ങളില്‍ 8 ദിശകള്‍ സൂചിപ്പിക്കുന്ന ചാലുകള്‍ ഉണ്ട്. എന്നാല്‍ സ്തൂപങ്ങള്‍ക്ക് പൊതുവേ രണ്ടിടത്തും ഒരേ രൂപമാണ്.

മാലിദ്വീപുകളില്‍ ക്രിസ്ത്വബ്ദത്തിന്റെ ആദ്യ നൂറ്റാണ്ടുകളില്‍ തന്നെ ബുദ്ധമതം പ്രചരിച്ചു തുടങ്ങിയിരുന്നു എന്നതിന് തെളിവുണ്ട്. 9-12 ശതകങ്ങളില്‍ ബുദ്ധമതം ശക്തമായി വേരൂന്നി. ക്രമേണ ബുദ്ധമതം നാശമടഞ്ഞു. 12 ആം ശതകം അടുപ്പിച്ചാണ് ഇസ്ലാം മതം മാലിദ്വീപു കളിലെത്തിയത്. മാലിദ്വീപുകളുടെ തലസ്ഥാന പട്ടണമായ മാലിയില്‍ അടുത്തകാലത്ത് പഴയൊരു കെട്ടിടത്തിന്റെ അടിസ്ഥാനം പൊളിച്ചു മാറ്റിയപ്പോള്‍ ഒരു ബുദ്ധ വിഗ്രഹം ലഭിക്കുകയുണ്ടായി. അടുത്തകാലം വരെ മാലിയിലെ രാജകൊട്ടാരത്തിന് സമീപത്തായി നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഒരു അരയാല്‍ വൃക്ഷം നിന്നിരുന്നു. മാലിദ്വീപ് റിപ്പബ്ലിക്കിന്റെ ആദ്യ പ്രസിഡന്റ് ഇബ്രാഹിം നസീറിന്റെ കാലത്താണ് അത് മുറിച്ചു മാറ്റിയത്. ദ്വീപ സമൂഹങ്ങളില്‍ നിന്ന് ലഭിച്ച ബുദ്ധമത കാലഘട്ടത്തിലെ അനേകം പുരാവസ്തുക്കളുടെ വിപുലമായൊരു ശേഖരം ഇപ്പോള്‍ മാലിയിലുണ്ട്. മാലിയില്‍ നിന്നു ലഭിച്ച ശ്രീബുദ്ധന്റെ ശിരോ വിഗ്രഹവും പഴയ നാണയങ്ങളും ഇതിലുള്‍പ്പെടുന്നു. നാണയങ്ങള്‍ പലതും ദക്ഷിണേഷ്യന്‍ രാജ്യങ്ങളിലേതാണ്.


എച് സി പി ബെല്‍ 
ബുദ്ധമത കാലഘട്ടത്തിലെ ഭരണ സംവിധാനം

ബുദ്ധമത കാലഘട്ടത്തിലെ ഭരണ സംവിധാനം ശ്രീലങ്കയില്‍ നിലനിന്നുപോന്ന ഭരണ സംവിധാന ത്തിന്റെ തനിയാവിഷ്‌ക രണം മാത്രമായിരുന്നു. രാജഭരണമായിരുന്നു നിലവിലുള്ള ഭരണ സമ്പ്രദായം. അധികാരങ്ങളെല്ലാം രാജാവില്‍ കേന്ദ്രീകരിച്ചു. ഭരണ സംവിധാനം സുസംഘടിതമായിരുന്നു. രാഷ്ട്രീയ പ്രതിയോഗികളെ പലപ്പോഴും നാടുകടത്തി. രാജാവ് ദരുമാവന്ത മഹാരാദുന്‍ എന്ന ബിരുദത്തിലാണ് അറിയപ്പെട്ടി രുന്നത്. ദരുമാ എന്ന പദത്തിന് ദിവേഹി ഭാഷയില്‍ 'ധമ്മം' എന്നാണര്‍ത്ഥം. അങ്ങനെ ദരുമാവന്ത മഹാരാദുന്‍ 'ധമ്മനിഷ്ഠനായ മഹാരാജാവ്' എന്ന് വിവര്‍ത്തനം ചെയ്യാം. ബുദ്ധമത സംസ്‌കാര പശ്ചാത്തലമുള്ള ഈ ബിരുദം പിന്നീട് മുസ്ലീം ഭരണാധികാരി കള്‍ പരക്കെ ഉപയോഗിച്ചിരുന്നു. 'താരിഖ്' എന്ന അറബി കൃതിയില്‍ നിന്ന് മേല്‍പറഞ്ഞ ബിരുദം മാലിദ്വീപില്‍ ആദ്യമായി ഇസ്ലാം മതം സ്വീകരിച്ച രാജാവ് സ്വീകരിച്ചിരു ന്നതായി മനസിലാക്കാം. ദരുമാവന്ത റസ്‌ഗെഫാനു എന്നൊരു പള്ളി മാലിയിലുണ്ട്. ബുദ്ധമതകാലത്തെ മറ്റൊരു രാജബിരുദം 'കുലസുന്ദര കത്രിബോവന മഹാറാദുന്‍' എന്നായിരുന്നു. ക്ഷത്രിയ വംശത്തില്‍ പെട്ട മഹാനായ ലോകഭരണാധി കാരി എന്നാണ് ഈ ബിരുദത്തിന്റെ അര്‍ത്ഥം. ഡെച്ചുകാരുടേയും ബ്രിട്ടീഷികാരുടേയും കാലത്തുപോലും ഈ ബിരുദം ഉപയോഗത്തിലുണ്ടായിരുന്നു എന്ന് അക്കാലത്തെ രേഖകളില്‍ നിന്ന് മനസിലാക്കാം.

ബുദ്ധകാലഘട്ടത്തില്‍ തന്നെ മാലിദ്വീപുകളില്‍ ഒരു രാഷ്ട്രീയ കെട്ടുറപ്പു ണ്ടായിരുന്നു. 10 ആം ശതകത്തില്‍ മസൂദ എന്ന അറബി പണ്ഡിതന്റെ വിവരണങ്ങളില്‍ നിന്ന് ഇങ്ങനെ ഊഹിക്കാന്‍ കഴിയും. മറ്റ് നാല് അറബികള്‍ മാലിദ്വീപുകളിലെ രാജ്ഞിമാരെപ്പറ്റി പരാമര്‍ശിച്ചിട്ടുണ്ട്. അവരുടെ ഭരണം എല്ലാ ദ്വീപുകളിലും വ്യാപിച്ചിരുന്നോ എന്ന് വ്യക്തമല്ല. ദിവേഹി ജനത എന്നാണ് തമിഴരെ തോല്‍പ്പിച്ച് അധികാരം നേടിയെടുത്തതെന്ന് മനസിലാക്കാന്‍ സഹായിക്കുന്ന രേഖകളൊന്നും ലഭ്യമല്ല.

ബുദ്ധമതകാലത്ത് മാലിദ്വീപുകള്‍ ഭരണ നിര്‍വഹണ സൗകര്യത്തിനായി 'മഡുലു' എന്ന ജില്ലകളായി വിഭജിച്ചിരുന്നു. ശ്രീലങ്കയിലെ ജില്ലകളുടെ പേരായ 'മണ്ഡലം' എന്ന പേരില്‍ നിന്നാണ് മഡുലുവിന്റെ ഉത്ഭവം. മണ്ഡലം ഒരു പാലിഭാഷാ പദമാണ്. ശ്രീലങ്കയിലെ മണ്ഡലത്തിന്റെ അധിപന്‍ മണ്ഡലികാ ആയിരുന്നു ഇന്നും മാലിദ്വീപിലെ മൂന്ന അതോളുകളുടെ പേരുകളോടൊപ്പം മഡുലു എന്നു കാണാം. ക്രമേണ മഡുലു എന്ന പദം പ്രചാരലുബ്ധമാവുകയും ഓരോ ജില്ലയും അതോളു എന്ന് അറിയപ്പെടുകയും ചെയ്തു. അതിന്റെ അധിപന്‍ അതോളു വെറിയാ എന്നും അറിയപ്പെട്ടു. 14 ആം ശതകത്തില്‍ 12 അറ്റോളുകള്‍ ഉണ്ടായിരുന്നതായി ഇബ്‌നുബത്തൂത്ത രേഖപ്പെടുത്തിയിട്ടുണ്ട്. പിറ്റാര്‍ഡിന്റെ കാലത്ത് (17ആം നൂറ്റാണ്ട്) അത് 13 ആയി ഉയര്‍ന്നു. ഇപ്പോള്‍ 19 അറ്റോളുകളുണ്ട്.

മണ്ഡലങ്ങളെ അനേകം 'രാത്ത' (Rattha) കളായി വിഭജിച്ചിരുന്നു. ഇവ പല പേരുകളില്‍ അറിയപ്പെട്ടു. സംസ്‌കൃതത്തിലെ 'രാഷ്ട്രീയ' എന്ന പദത്തിന് തുല്യമാണിത്. അശോകന്‍ ലിഖിതങ്ങളില്‍ 'റാട്ടിക' എന്ന് കാണാം. സിംഹള ഭാഷയിലെ 'രാത്ത' പിന്നീട് 'രാത' (Rata) ആയി മാറി. ദിവേഹി ഭാഷയില്‍ ഈ പദം 'റ' എന്നു മാത്രമായി ചുരുങ്ങി. ക്രമേണ പൂര്‍വ പദത്തിന്റെ അര്‍ത്ഥം പോലും മാറിപ്പോയി ഇപ്പോള്‍ പൊതുവേ ദിവേഹി ഭാഷയില്‍ 'റ' എന്നതിന് ദ്വീപ് എന്നാണ് അര്‍ത്ഥം.

പ്രാചീന ശ്രീലങ്കയില്‍ മണ്ഡലങ്ങളുടേയും റാത്തുകളുടേയും കീഴെ 'ഗാമ'കളായിരുന്നു. ഗ്രാമം എന്ന സംസ്‌കൃത പദത്തില്‍ നിന്നാണ് ഈ പദത്തിന്റെ ഉത്ഭവം. മാലി ദ്വീപുകളിലെ 5 ദ്വീപുകളുടെ പേരിനൊപ്പം ഗാമു അല്ലെങ്കില്‍ ഗാന്‍ എന്ന ശബ്ദം കാണാം. ഇന്ന് ഈ പേരുകള്‍ സൂചിപ്പിക്കുന്നത് ഗ്രാമങ്ങളെയല്ല, മറിച്ച് ദ്വീപുകളെയാണ്. മാലിദ്വീപില്‍ ദ്വീപ് എന്ന് അര്‍ത്ഥം വരുന്ന 'റാ' എന്ന പദമൊഴികെ ഗ്രാമത്തിന് പ്രത്യേക പദം കാണുന്നില്ല. ഒരു പക്ഷെ ശ്രീലങ്കയില്‍ നിന്നുള്ള കുടിയേറ്റത്തിലൂടെയാകാം ഗാമു ന്നെ പദം മാലി ദ്വീപില്‍ പ്രചരിച്ചത്. ഇവിടത്തെ ഏറ്റവും തെക്കേ അറ്റത്തുള്ള 3 അത്തോളുകളില്‍ 'ഗാന്‍' എന്ന പേരിലുള്ള ദ്വീപുകള്‍ കാണാം. ഗാന്‍ എന്ന പേര് ഒരു പക്ഷെ പഴയ ഗ്രാമ ഭരണത്തെയാകാം സൂചിപ്പിക്കുന്നത്.

ക്ലാറന്‍സ് മെലണിയുടെ അഭിപ്രായത്തില്‍ മാലിദ്വീപുകളിലെ മിക്ക ദ്വീപുകളുടേയും പേരുകള്‍ക്ക് ദിവേഹി ഭാഷയുമായി അര്‍ത്ഥബന്ധമില്ല. തമിഴ് ഭാഷയില്‍ നിന്നോ മറ്റേതെങ്കിലും പ്രാചീന ഭാഷകളില്‍ നിന്നോ സ്വീകരിച്ച ശബ്ദങ്ങളാകാം ഈ പേരുകളുടെ അടിസ്ഥാനം. മെലണി പഠനം നടത്തിയ 900 ത്തോളം വരുന്ന സ്ഥല നാമങ്ങളുടേയും ദ്വീപനാമങ്ങളു ടേയും കൂട്ടത്തില്‍ നാലോ അഞ്ചോ പേരുകള്‍മാത്രമാണ് അറബി ഭാഷയുമായോ ഇസ്ലാം മതവുമായോ ബന്ധമുള്ളത്. ഇസ്ലാം മാലിദ്വീപു കളില്‍ എത്തുന്നതിനു മുമ്പുതന്നെ മാലിദ്വീപില്‍ ഒരു പൊതുസംസ്‌കാരം നിലനിന്നിരുന്നുവെന്നാണ് ഇത് സൂചിപ്പിക്കുന്നത്. അതൊരുപക്ഷെ ബുദ്ധമതകാലത്തോ അതിനു മുമ്പോ ആയിരിക്കണം.

******

കടപ്പാട്: 1994 ല്‍ കേരള ഭാഷാ ഇന്‍സ്റ്റിട്ട്യൂട്ട് പ്രസിദ്ധീകരിച്ച ഇ കെ സുഗതന്‍ എഴുതിയ 'മാലി ദ്വീപുകളുടെ ചരിത്രം' എന്ന പുസ്തകത്തില്‍ നിന്നും. ചിത്രങ്ങള്‍ എല്ലാം ഇന്റര്‍നെറ്റില്‍ നിന്നും എടുത്തിട്ടുള്ളതാണ്.