"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, ഏപ്രിൽ 25, ശനിയാഴ്‌ച

നരൂത്തി: ദലിത് മാതാവ് ഗ്രാമാധ്യക്ഷയായി മാറിയ ചരിത്രം!


രാജസ്ഥാനിലെ പഹാരു വില്ലേജില്‍ കരിങ്കല്ലുടക്കുന്ന തൊഴില്‍ ചെയ്തിരുന്ന നരൂത്തി എന്ന ദലിത് മാതാവ് ഇപ്പോള്‍ അവിടത്തെ ഹര്‍മാദ ഗ്രാമ പഞ്ചായത്തിന്റെ അധ്യക്ഷയാണ് - ഓഫീസര്‍! ചെറുത്തു നില്പിന്റേയും തിരിച്ചടികളുടേയും നാളുകള്‍ ഇന്ന് പഴങ്കഥയാണ് ഈ ഓഫീസര്‍ക്ക്; എന്നാലും ചെരുപ്പ് ധരിക്കാത്ത, വിലകുറഞ്ഞൊരു സാരിയും ചുറ്റി, വെറും നിലത്തിരുന്നു കമ്പ്യൂട്ടര്‍ നന്നായി കൈകാര്യം ചെയ്യുന്ന ഈ ഓഫീസര്‍, 'എനിക്ക് പൊറുക്കാനാകും, പക്ഷെ മറക്കാനാവില്ല!' എന്ന നെല്‍സന്‍ മണ്ഡേലയുടെ വാക്കുകള്‍ അനുസ്മരിപ്പിക്കുന്നു.

രാജസ്ഥാനിലെ കിഷംഗഡ് ജില്ലയില്‍ തന്റെ ഗ്രാമത്തിലെ, വളരെ പാവപ്പെട്ട ഒരു ദലിത് വീട്ടിലാണ് നരൂത്തി ജനിച്ചത്. റോഡു പണിക്കാരന്‍ കോണ്‍ട്രാക്ടറുടെ കീഴില്‍ കരിങ്കല്ലുടക്കുന്ന തൊഴിലില്‍ ഏര്‍പ്പെട്ടു. എന്നാല്‍ മുതലാളിയാവട്ടെ ഇവര്‍ക്കോ കൂടെ ജോലിചെയ്യുന്ന മറ്റുള്ളവര്‍ക്കോ കൂലിമുഴുവന്‍ കൊടുക്കാരുണ്ടായിരുന്നില്ല, എന്നു മാത്രമല്ല ചില ദിവസങ്ങളില്‍ അന്തിയോളം പണിയെടുപ്പിച്ചാലും കൂലിയായി യാതൊന്നും തന്നെ കൊടുക്കാറുണ്ടായിരുന്നുമില്ല. പണിയെടുത്തു തളര്‍ന്ന നരൂത്തിക്ക് മുതലാളിയുടെ ഈ നടപടി മുറിവിന്മേല്‍ മുളകരച്ചു തേച്ചതുപോലെയാണ് അനുഭവപ്പെട്ടത്. ഈ കൊടിയ അനീതിക്കെതിരേ അവര്‍ പ്രതിഷേധമുയര്‍ത്തി. തന്റെ കൂടെ പണിയെടുക്കുന്നവരേയും ചേര്‍ത്ത് അധികാരികള്‍ക്കെതിരേ സമരം ചെയ്തു. ഒടുവില്‍ ഒരു NGO സഹായത്തിനെത്തി. അവരുടെ നേതൃത്വത്തില്‍ കോടതിയില്‍ കേസ് ഫയല്‍ ചെയ്തു.

30 വര്‍ഷങ്ങള്‍ക്ക് മുമ്പായിരുന്നു ഈ സംഭവം. നരൂത്തി തന്റെ പോരാട്ടം അവിടെ നിര്‍ത്തിയില്ല. പാര്‍ശ്വവത്കൃതരും അടിച്ചമര്‍ത്തപ്പെട്ടവരുമായ എല്ലാവരുടേയും പ്രശ്‌നങ്ങളില്‍ ഇടപെട്ടുകൊണ്ട് അവര്‍ തന്റെ സമരപാതയില്‍ മുന്നേറി. ഇതിനായി നരൂത്തി പുറത്തെടുത്ത സഹനശക്തിയും സമരവീര്യവും ഗ്രമീണ സ്ത്രീകളെക്കുറിച്ചുള്ള പൊതു ധാരണ തിരുത്താന്‍ കാരണമായി. അതാണ് കല്ലുടക്കുന്ന സാധാരണ പെണ്ണാളില്‍ നിന്ന് കമ്പ്യൂട്ടര്‍ വിദഗ്ധയായ ഒഫീസറിലേക്ക് ഉയര്‍ത്തിയ ഏറ്റവും പ്രധാനപ്പെട്ട ഘടകം.

1980 കളില്‍ ബങ്കര്‍ റോയ് സ്ഥാപിച്ച തിലോണയിലുള്ള ഒരു പള്ളിക്കൂടത്തില്‍ നരൂത്തി പഠിക്കാന്‍ ചേര്‍ന്നു. മറ്റ് പെണ്‍കുട്ടികളില്‍ നിന്ന് വ്യത്യസ്ഥമായി നരൂത്തി പ്രകടിപ്പിച്ച അസാധാരണ ധീരതയും കാര്യങ്ങള്‍ മനസിലാക്കു ന്നതിലെ വേഗതയും അവരെ നേതൃനിരയില്‍ എത്തിച്ചു. അവിടെനിന്ന് രൂപപ്പെടുത്തിയ തന്റേടമാണ് വര്‍ഷങ്ങള്‍ക്കു ശേഷം റോഡുകോണ്‍ട്രാക്ടര്‍ കാണിച്ച അനീതിയെ ഒറ്റുക്കു നേരിടാനുള്ള കരുത്തായത്. പള്ളിക്കൂടത്തില്‍ നിന്നു പുറത്തുവന്നിട്ടും ഗ്രാമങ്ങളിലൂടെയും ചേരികളിലൂടേയും നിരന്തരം സഞ്ചരിച്ച് സ്ത്രീകളെ അവരുടെ അവകാശങ്ങളെക്കുറിച്ച് ബോധവതി കളാക്കിയും ധൈര്യം പകര്‍ന്നുകൊടുത്തും അവരുടെ കൂടെ ജീവിച്ചു. അതിനിടെ നരൂത്തി വയോജന വിദ്യാഭ്യാസ ക്ലാസില്‍ ചേര്‍ന്ന് പഠിച്ച്, ഒപ്പം കമ്പ്യൂട്ടര്‍ പരിജ്ഞാനവും നേടി. താന്‍ ആര്‍ജിച്ച അറിവ് മറ്റുള്ളവരിലേക്ക് പകര്‍ന്ന നരൂത്തി ഗ്രാമത്തിലുള്ള എല്ലാ സ്ത്രീകളേയും അക്ഷരജ്ഞാനമുള്ള വരാക്കിത്തീര്‍ത്തു. നരൂത്തിയുടെ ഊവക പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധിക്ക പ്പെടാതിരുന്നില്ല, പില്ക്കാലത്ത് അവര്‍ക്ക് അമേരിക്കയിലും ചൈനയിലും സന്ദര്‍ശിക്കാനുള്ള അവസരവും കൈവന്നു.

എന്നിരുനനാലും തന്റെ ആളുകളുടെ ഇടയില്‍ കഴിഞ്ഞുകൂടുന്നതാണ് തനിക്ക് ഏറ്റവും കൂടുതല്‍ സംതൃപ്തി തരുന്നത് എന്ന് നരൂത്തി എപ്പോഴും ഓര്‍മ്മിക്കുന്നു. പഞ്ചായത്ത് അധികാരിയാകുന്നതിന് മുന്‍പ് അവര്‍ക്ക് ഹെര്‍മാഡയിലെ വാര്‍ഡ്‌മെമ്പര്‍ ആകാന്‍ കഴിഞ്ഞത് അവര്‍ ജനങ്ങളില്‍ ചൊരിഞ്ഞ ആത്മാര്‍ത്ഥതക്ക് ജനങ്ങള്‍ തിരിച്ചുകൊടുത്ത വിശ്വാസംകൊണ്ടു മാത്രമാണ്.

പഞ്ചായത്ത് അധികാരിയായി മാറിയിട്ടും നരൂത്തി പോരാട്ടം തുടര്‍ന്നു. മദ്യലോബിക്കും ഭൂമാഫിയക്കും എതിരെ എവര്‍ കര്‍ശന നിലപാടുകളെടുത്തു. മഹാത്മാഗാന്ധി നാഷനല്‍ റൂറല്‍ എംപ്ലോയ്‌മെന്റ് ഗ്യാരന്റി സ്‌കീം പ്രോജക്ടിന്റെ നടത്തിപ്പുകാരന്‍ അഴിമതി നടത്തുന്നത് ശ്രദ്ധയില്‍ പെട്ടപ്പോള്‍ അയാള്‍ക്കെതിരേ നടപടിയെടുത്തു. 'മുകളില്‍' നിന്നുള്ള സമ്മര്‍ദ്ദത്തിനൊന്നും നരൂത്തി തെല്ലും വഴങ്ങിയില്ല; അഴിമതിക്കാരനെ ജയിലിലടക്കുന്നതുവരെ പോരാട്ടം തുടര്‍ന്നു. അനീതിയും അവമതിയും - എന്നീ രണ്ടു കാര്യങ്ങള്‍ ഒരിക്കലും താന്‍ വെച്ചുപൊറുപ്പിക്കില്ലെന്ന് നരൂത്തി ആവര്‍ത്തിച്ചു.

വാട്ടര്‍ ടാങ്കുകളും ഹാന്‍ഡ് പൈപ്പുകളും കക്കൂസുകളും ദാരിദ്ര്യ രേഖക്ക് താഴെയുള്ളവര്‍ക്ക് വീടുകളും സ്ഥാപിച്ചുകൊടുത്ത നരൂത്തിയുടെ പിന്നീല്‍ ഗ്രാമീണര്‍ ഒറ്റക്കെട്ടാണ്. തന്നെ തിരക്കിയെത്തുന്ന വരോടായി, തയാറാക്കി വെച്ചിട്ടുള്ള ലിസ്റ്റെടുത്തു കാണിച്ചുകൊണ്ട് നരൂത്തി പറയും; തന്റെ കാലാവധി തീരുന്നതിനു മുമ്പ് ഒരുപാട് പ്രോജക്ടുകള്‍ ചെയ്തു തീര്‍ക്കാനു ണ്ടെന്ന്... അതെ വിശ്രമം ഇന്നും ഈ മാതാവിന് അന്യമാണ്!

Courtesy; Matter & Photo 'The hindu'