"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, ഏപ്രിൽ 4, ശനിയാഴ്‌ച

ശ്രേഷ്ഠനായ അശോക ചക്രവര്‍ത്തി - ലക്ഷ്മി നരസു


പി ലക്ഷ്മി നരസു 

ബി സി 269 ല്‍, ചന്ദ്രഗുപ്തനാല്‍ സ്ഥാപിതമായ മൗര്യ സാമ്രാജ്യത്തിന്റെ ഭരണാധികാരം അദ്ദേഹത്തിന്റെ പേരമകനും ഇന്ത്യ കണ്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും വിഖ്യാത ചക്രവര്‍ത്തിമാരില്‍ ഒരാളുമായ അശോകവര്‍ധന്‍ ഏറ്റെടുത്തു. അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളുടെ രേഖകള്‍ ശിലകളിലും ശിലാസ്തൂപങ്ങളിലും ധാരാളമായി മുദ്രണം ചെയ്യപ്പെട്ടിട്ടുണ്ട്. കടല്‍ മുതല്‍ കടല്‍ വരെ ഉത്തരേന്ത്യ മുഴുവനും, തെക്ക് പുലിക്കട്ട് വരെയും, അദ്ദേഹത്തിന്റെ ഭരണം വ്യാപിച്ചിരുന്നു. ബി സി 261 ല്‍ കലിംഗരാജ്യത്തിനെതിരെ അദ്ദേഹം യുദ്ധം പ്രഖ്യാപിച്ചു. ആ യുദ്ധത്തില്‍ 'ഒന്നര ലക്ഷമാളുകളെ തടവുകാരായി പിടിച്ചുകൊണ്ടു പോകുകയും ഒരു ലക്ഷമാളുകള്‍ കൊല്ലപ്പെട്ടതായും അതില്‍ പലമടങ്ങ് ആളുകള്‍ നശിപ്പിക്കപ്പെട്ട'തായും ഒരു രേഖയില്‍ കാണുന്നു. ഒരു ശാസനമനുസരിച്ച് 'മുമ്പ് കീഴടക്കപ്പെടാതിരുന്ന ഒരു രാജ്യം പിടിച്ചെടുക്കുമ്പോഴുള്ള ഹത്യകളുടെയും മരണങ്ങളുടെയും ആളുകളെ പിടിച്ചുകൊണ്ടു പോയതിന്റെയും പേരില്‍ മഹോന്നതനായ രാജാവ് ആത്മാര്‍ഥമായും പശ്ചാത്തപിക്കുന്നു.' കലിംഗ രാജ്യത്തിന്റെ കീഴടക്കലിലൂടെയുണ്ടായ രക്തച്ചൊരിച്ചിലാണ് അശോക ചക്രവര്‍ത്തിയെ ബുദ്ധമതാനുയായി ആക്കിത്തീര്‍ത്തതെന്ന കാര്യം നിസ്തര്‍ക്കമാണ്. അദ്ദേഹത്തിന്റെ ശാസനങ്ങള്‍ ശുദ്ധമായും ബുദ്ധ ദര്‍ശനങ്ങളുടെ അടിസ്ഥാനത്തിലുള്ളതാണ്. ജാതിയുടെ ധാരണകളുമായി ബന്ധപ്പെടുന്ന ചുമതലകളുടെ ആശയങ്ങളൊന്നും തന്നെ അതിലില്ല. ആ ശിക്ഷണങ്ങളിലെ സന്ദേശങ്ങളെല്ലാം ശുദ്ധമായും മാനുഷികവും കണിശമായും പ്രായോഗിക വുമാണ്. അദ്ദേഹത്തിന്റെ ശാസനങ്ങള്‍ ഒരു പ്രകൃത്യാതീത ശക്തിയുടെ സാന്നിധ്യം നിരാകരിക്കുകയും ആനന്ദത്തിനായി മനുഷ്യരുടെ സ്വന്തം ചെയ്തികള്‍ക്ക് ഊന്നല്‍ നല്‍കുകയും ചെയ്യുന്നു. മനുഷ്യനും മൃഗങ്ങളു മുള്‍പ്പെടെയുള്ള സകല ജീവികളുടെയും ആനന്ദമാണ് അവിടെ ലക്ഷ്യമാക്കിയിട്ടുള്ളത്. അശോകന്റെ സദാചാര സമ്പ്രദായത്തിന്റെ അടിസ്ഥാനമെന്ന നിലയില്‍ ബുദ്ധന്റെ ആധികാരികതയെ ഒരു ശാസനം ഊന്നിപ്പറയുന്നു.

അശോകന്റെ ധാര്‍മിക തത്വങ്ങളില്‍ പ്രാമുഖ്യമുള്ള രണ്ട് നന്മകളാണുള്ളത്. എയല്ലാ ജീവനോടും, മാതാപിതാക്കള്‍, മുതിര്‍ന്നവര്‍ എന്നിവരോടുമുള്ള ആദരവാണവ. ബ്രാഹ്മണിക സമ്പ്രദായത്തില്‍ യാഗങ്ങള്‍ക്കായി മൃഗങ്ങളെ കുരുതി കഴിക്കുന്നതിന് പ്രമുഖമായ പങ്കാണുള്ളത്. മനുഷ്യര്‍, കുതിരകള്‍, കാളകള്‍, മുട്ടനാടുകള്‍, പെണ്ണാടുകള്‍ എന്നിവയെ ബലികഴിച്ചിരുന്നതായി ശതപഥബ്രാഹ്മണത്തില്‍ പ്രസ്താവിച്ചിട്ടുണ്ട്. കന്നുകാലികളുടെ കശാപ്പ് ഒരു അവിഭാജ്യ ഘടകമായിട്ടുള്ള നിരവധി യാഗങ്ങളെ കുറിച്ച് അശ്വലായന ഗൃഹല സൂത്രത്തില്‍ പ്രതിപാദിച്ചിട്ടുണ്ട്. മൃഗങ്ങളെ ഇങ്ങനെ കശാപ്പു ചെയ്യുന്നതിനെ ബുദ്ധന്‍ ശക്തിയുക്തം എതിര്‍ത്തു. അക്കാരണത്താല്‍, രക്തപങ്കിലമായ എല്ലാ യാഗങ്ങളേയും അര്‍ഥശൂന്യമായി മൃഗങ്ങളെ കൊല്ലുന്നതിനേയും അശോകന്‍ നിരോധിച്ചു. ഇത് ബുദ്ധന്റെ ശാസനകളുടെ ചവിട്ടുപടിയായിരുന്നു. ഏത് സാഹചര്യത്തിലാണെങ്കിലും കൊല്ലപ്പെടുന്നതില്‍ നിന്നും മൃഗങ്ങള്‍ സംരക്ഷിക്കപ്പെട്ടു. എന്തിന്റെ പേരിലായാലും ഒരു വര്‍ഷത്തിലെ 50 ദിവസങ്ങളില്‍ അവയെ കൊല്ലുന്നത് വിലക്കപ്പെട്ടു. ഭക്ഷണത്തിനായി മൃഗങ്ങളെ കൊല്ലുന്നതില്‍ നിരവധി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി.

തന്റെ ആദ്യത്തെ ശിലാശാസനത്തില്‍ അശോകന്‍ വിളംബരം ചെയ്തു;

'ചില ഇടങ്ങളില്‍ അവധിദിന സദ്യകള്‍ കുറ്റമറ്റതായി കാണുന്നുണ്ടെങ്കിലും ഇവിടെ (തലസ്ഥാനത്ത്) യാഗങ്ങള്‍ക്ക് വേണ്ടി മൃഗങ്ങളെ കൊല്ലുന്നതും അവധി ദിന സദ്യകള്‍ നടത്തുന്നതും തികച്ചും കുറ്റകരമായി മഹോന്നത നായ രാജാവ് കാണുന്നു. മുന്‍കാലങ്ങളില്‍ നിത്യേന ആയിരക്കണക്കിന് ജീവികളെ മഹോന്നതനായ രാജാവിന്റെ അടുക്കളയില്‍ കറികള്‍ക്കായി കശാപ്പ് ചെയ്തിരുന്നു. ഈ ശാസനമെഴുതുമ്പോള്‍ ആകെ 3 ജീവികളെ യാണ് (നിത്യേന) കൊല്ലുന്നത്: രണ്ട് മയിലും ഒരു മാനും. ഈ 3 ജീവികളെ പോലും ഇനി മേലില്‍ കശാപ്പ് ചെയ്യാന്‍ പാടുള്ളതല്ല'


ചക്രവര്‍ത്തി അശോകന്‍ 
ചടങ്ങുകളുമായി ബന്ധപ്പെട്ട പ്രാധാന്യമാണ് ബ്രാഹ്മണിക സമ്പ്രദായത്തിന്റെ മറ്റൊരു പ്രത്യേകത. ചടങ്ങുകളേയും ആചാരങ്ങളേയും മനുഷ്യരുടെ ക്ഷേമത്തിന് ഒഴിവാക്കാ നാവാത്തവയായി ബ്രാഹ്മണര്‍ ഗണിച്ചിരുന്നു. പുരോഗതിക്ക് തടസമെന്ന നിലയിലും കഷ്ടപ്പാടുകളില്‍ നിന്നുമുള്ള മോചന ത്തിന് പ്രാപ്തിയുള്ളവയല്ലെന്ന നിലയിലും പവിത്രീകരണ ചടങ്ങുകളിലും ആചാരങ്ങളി ലുമുള്ള വിശ്വാസത്തെ ബുദ്ധന്‍ നിരാകരിച്ചു. അക്കാരണ ത്താല്‍ തന്റെ 9 ആമത്തെ ശിലാശാസനത്തില്‍ യഥാര്‍ഥ ചടങ്ങിന്റെ സ്വഭാവം അശോകന്‍ പ്രഖ്യാപിച്ചു; 'മഹോന്നതനായ രാജാവ് ഇപ്രകാരം പറയുന്നു: രോഗാവസ്ഥ, പുത്രീ - പുത്രന്മാരുടെ വിവാഹം, കുട്ടികളുടെ ജനനം, യാത്ര പുറപ്പെടല്‍ എന്നീ അവസരങ്ങളില്‍ ആളുകള്‍ ചടങ്ങുകള്‍ അനുഷ്ഠിക്കുന്നു. സമാനമായ മറ്റവസരങ്ങളിലും ആളുകള്‍ ശുഭകരമായ ചടങ്ങുകള്‍ അനുഷ്ഠിക്കേണ്ടതാണ്. എന്തായാലും, ആ മട്ടിലുള്ള ചടങ്ങ് 'ധര്‍മത്തിന്റെ ചടങ്ങ്' - വളരെ പ്രയോജന പ്രദമാണ്. അതില്‍ അടിമകളോടുള്ള ശരിയായ സമീപനം, ഗുരുക്കന്മാരോടുള്ള ആദരവ്, ജീവനുള്ള ജന്തുക്കള്‍ക്കു നേരെയുള്ള ദയവ്, (പാപത്തില്‍ നിന്നും മുക്തരായിട്ടുള്ള) ശ്രമണരോടുള്ള ബ്രാഹ്മണരുടെ ഉദാരത എന്നിവ ഉള്‍പ്പെടുന്നു. ഇവയെയും സമാനമായ മറ്റ് കാര്യങ്ങളെയുമാണ് ആചാരപരമായ ധര്‍മം എന്ന് വിളിക്കുന്നത്. അക്കാരണത്താല്‍ ഒരു പിതാവും മകനും സഹോദരനും യജമാനനും സുഹൃത്തും സഖാവും, ഒരു അയല്‍ക്കാരന്‍ പോലും, പറയേണ്ടതെന്തെന്നാല്‍, 'ശ്രേഷ്ഠമായ ഇത് ആഗ്രഹം സഫലീകരിക്കപ്പെടുന്നത് വരെ ചെയ്യേണ്ട അനുഷ്ഠാനമാണ്', മാത്രമല്ല, ഇങ്ങനെയും പറഞ്ഞിരിക്കുന്നു: 'ദാനം ചെയ്യുന്നത് ശ്രേഷ്ഠമായൊരു കര്‍മമാണ്. എന്നാല്‍, ധര്‍മത്തിന്റെ ദാനമെന്നോ ധര്‍മത്തിന്റെ ആനുകൂല്യമെന്നോ ഉള്ള നിലവിലുള്ള ആനുകൂല്യ ത്തിന്റെതായ പാരിതോഷികം അല്ലെങ്കില്‍ ദാനം വ്യര്‍ഥമാണ്. അക്കാരണത്താല്‍, ഇന്നയിന്ന വേളകളില്‍, സ്വര്‍ഗം (ആനന്ദം) നേടാന്‍ 
ഒരു സുഹൃത്തോ കാമുകനോ ബന്ധുവോ സഖാവോ ഉപദേശിക്കുന്നതും വ്യര്‍ഥമാണ്' മാത്രമല്ല, സ്വര്‍ഗം നേടാന്‍ (സധര്‍മത്തേക്കാള്‍) മൂല്യവത്തായ മറ്റെന്താണുള്ളത്? '

അശോകന്‍ തന്റെ രാജ്യത്തിന് നല്‍കിയതിനേക്കാള്‍ ശ്രേഷ്ഠമായ സേവനം ഒരു ഭരണാധികാരിയും നല്‍കിയിട്ടില്ല.

'തീര്‍ഥാടകര്‍ സന്ദര്‍ശകരായെത്തിയിരുന്ന വിശുദ്ധ ഇടങ്ങളിലും ശിലകളിലും തൂണുകളിലും വളരെ ശ്രദ്ധാപൂര്‍വം ആലേഖനം ചെയ്തിട്ടുള്ള രാജശാസനങ്ങള്‍ എഴുതാനും വായിക്കാനുമുള്ള അറിവ് ജനങ്ങള്‍ക്കിടയില്‍ വ്യാപകമായിരുന്നു എന്നതിന് തെളിവാണ്. അതുപോലെ തന്നെ ഈ ലിഖിതങ്ങള്‍ പണ്ഡിതന്മാര്‍ക്ക് മാത്രം വേണ്ടിയുള്ളതായിരുന്നില്ലെന്നുള്ളതും, പ്രാദേശികമായ ആവശ്യങ്ങള്‍ക്ക് അനുയുക്തമായി ഏതൊരാള്‍ക്കും മനസിലാക്കാവുന്ന തരത്തിലുള്ളതായി രുന്നുവെന്നതും എടുത്തു പറയേണ്ട സംഗതികളാണ്. അതുപോലെ, ഇപ്പോള്‍ ബര്‍മയില്‍ ചെയ്തുവരുന്നതുപോലെ, അനേകം ഗ്രാമങ്ങളില്‍ ബുദ്ധമത സന്യാസിമാരില്‍ നിന്നും ആണ്‍കുട്ടികളും പെണ്‍കുട്ടികളും ശിക്ഷണം സ്വീകരിച്ചിരുന്നിരിക്കാനും സാധ്യതയുണ്ട്. അതുപോലെതന്നെ, ഒന്നിലധികം ഇടങ്ങളില്‍ പരാമര്‍ശിച്ചിട്ടുള്ളതിനാല്‍ സ്ത്രീകളുടെയും കന്യാസ്ത്രീ കളുടെയും ക്ഷേമത്തില്‍ അശോകന് പ്രത്യേകമായ താല്പര്യമുണ്ടായിരുന്ന തായി കരുതാവുന്നതാണ്. ബ്രിട്ടീഷ് ഇന്ത്യയില്‍ ഇപ്പോള്‍ ഉള്ളതിനേക്കാള്‍ വളരെ ഉയര്‍ന്ന തോതിലുള്ളതായിരുന്നു അശോകന്റെ കാലത്ത് ബുദ്ധമതക്കാര്‍ക്കിടയിലെ സാക്ഷരതയെന്ന് ഞാന്‍ കരുതുന്നു. അവസാനത്തെ കണക്കുകളനുസരിച്ച് നിരവധി വന്‍ നഗരങ്ങളും പ്രാചീന തലസ്ഥാനങ്ങളുമുള്ള ആഗ്രാ - ഔധ് പ്രവിശ്യ കളിലെ സാക്ഷരതാ നിരക്ക് 1000 ല്‍ 57 പുരുഷന്മാരും 2 സ്തീകളും മാത്രമാണ്. ബുദ്ധമതക്കാര്‍ക്ക് പ്രാമുഖ്യമുള്ള ബര്‍മയില്‍ ഈ രിരക്ക് യഥാക്രമം 378 - 45 എന്നിങ്ങനെയാണ്. മൊത്തത്തില്‍ നോക്കുമ്പോള്‍ ബുദ്ധമതം പ്രബലമായിരുന്ന കാലത്ത് ഇന്ത്യയില്‍ അനേകം ബുദ്ധമത വിഹാരങ്ങളും ബുദ്ധമത സന്യാസി മഠങ്ങളുമുണ്ടായിരുന്നുവെന്നും അവ അപ്രത്യക്ഷമായത് രാജ്യത്തിന് വന്‍ നഷ്ടമാണെന്നും ഞാന്‍ കരുതുന്നു - വി സ്മിത്ത്.'

പ്രായോഗിക ധിഷണയെന്ന് അരിസ്‌റ്റോട്ടില്‍ വിളിച്ച ഉന്നതമായ ചിന്തയിലും ലളിത കലയിലും മതത്തിലും കണ്ടെത്താവുന്ന, ഉന്നതമായ പ്രവര്‍ത്തനത്തിന്റേതായ, മനുഷ്യകുലത്തിന്റെ സംഘാടനത്തിനും സഹവര്‍ത്തിത്വത്തിനും വിദ്യാഭ്യാസത്തിനുമുള്ള മാര്‍ഗരേഖയായ ഒരു രാഷ്ട്ര തന്ത്രജ്ഞന്റെ മികവും കഴിവും അശോകനില്‍ നിറഞ്ഞു നിന്നിരുന്നു. ദൈവമില്ലാതെ ജനങ്ങളെ നേര്‍വഴിക്ക് നയിക്കുന്ന ഒരു ഭരണകൂടമുള്ള ഒരു രാജ്യത്തെ സൃഷ്ടിക്കുകയായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം.

കടപ്പാട്: ചിന്ത പബ്ലിഷേഴ്‌സ് തിരുവനന്തപുരം പ്രസിദ്ധീകരിച്ച ലക്ഷ്മി നരസുവിന്റെ 'എന്താണ് ജാതി' എന്ന പുസ്തകത്തില്‍ നിന്നും. പരിഭാഷ എ എന്‍ സത്യദാസ്. ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്നും.