"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, ഏപ്രിൽ 5, ഞായറാഴ്‌ച

ഏകാകിയുടെ സമരം: തിരുനല്ലൂര്‍ കരുണാകരന്‍


മൂലൂര്‍ 
പുസ്തകം:കവിരാമായണം - സരസകവി മൂലൂര്‍
പ്രസാധനം: സരസകവി മൂലൂര്‍ സ്മാരക കമ്മിറ്റി, ഇലവുന്തിട്ട
വില:45 രൂപ

സരസകവി മൂലൂര്‍ എസ് പത്മനാഭപ്പണിക്കരുടെ 'കവിരാമായണം' ഒരര്‍ത്ഥത്തില്‍ കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍ നിര്‍മിച്ച 'കവി ഭാരത'ത്തിന്റെ പൂരണവും, മറ്റൊരര്‍ഥത്തില്‍ അതിന്റെ പ്രത്യാഖ്യാന വുമാണ്. വെറുമൊരു നേരമ്പോക്കെന്ന നിലക്കാണ് തമ്പുരാന്‍ കവിഭാരതം രചിച്ചത്. കവിരാമായമത്തിന്റെ കര്‍ത്താവ് സ്വന്തം കൃതിക്ക് രൂപം നല്‍കിയത് തികഞ്ഞ കാര്യഗൗരവത്തോടും വ്യക്തമായ ലക്ഷ്യബോധ ത്തോടും കൂടിയാണ്. സവര്‍ണരുടെ കൂട്ടത്തില്‍ പെടാത്ത ഒരു കവിയേയും തമ്പുരാന്‍ കവിഭാരതത്തില്‍ ഉള്‍പ്പെടുത്തി യിരുന്നില്ല. മൂലൂരാകട്ടെ അവര്‍ണരാകയാല്‍ അങ്ങനെ തമ്പുരാന്‍ അവഗണിച്ച കവികള്‍ക്ക് നിഷേധിക്കപ്പെട്ട സ്ഥാനം സ്ഥാപിച്ചെടു ക്കുകയും, അവരെ സവര്‍ണ കവികള്‍ക്കൊപ്പം പ്രതിഷ്ഠിക്കുകയും ചെയ്തു. കവിപദത്തിന് അര്‍ഹതയുള്ള എല്ലാ ഉപരിവര്‍ണ കവികളേയും ആദരപൂര്‍വം അംഗീകരിക്കുവാന്‍ അദ്ദേഹം മറന്നതുമില്ല. വര്‍ണ വ്യവസ്ഥയില്‍ അന്ധമായി വിശ്വസിച്ചുകൊണ്ട് കേരളത്തിന്റെ സാംസ്‌കാരിക ജീവിതത്തില്‍ സര്‍വാധിപത്യം സ്ഥാപിച്ചിരുന്ന കുഞ്ഞിക്കുട്ടന്‍ തമ്പുരാനെ പോലെയുള്ള യാഥാസ്ഥിതിക ബുദ്ധിജീവി കളുടെ ജനാധിപത്യ ചിന്തക്കെതിരായി മൂലൂര്‍ നടത്തിയ സമുജ്വലമായ ആശയസമരമായിരുന്നു അത്. അതില്‍ അദ്ദേഹം പൂര്‍ണ വിജയം നേടുകയും ചെയ്തു.

കവിരാമായമത്തിന്റെ കഥ ചുരുക്കത്തില്‍ ഇങ്ങനെയാണ്: സമകാലിക മലയാള കവികളെ മഹാഭാരതത്തിലെ കഥാപാത്രങ്ങളായി സങ്കല്പിച്ച് കവിഭാരതം എന്നൊരു കൃതി രചിക്കാന്‍ താന്‍ ഉദ്ദേശിക്കുന്നതായി അറിയിച്ചുകൊണ്ടും, അതില്‍ ഉള്‍പ്പെടാനാഗ്രഹിക്കുന്ന കവികള്‍ അര്‍ഹത തെളിയിക്കാന്‍ 'മനോരമയില്‍ വന്നു കളിച്ചിടേണം' എന്ന് നിര്‍ദ്ദേശിച്ചു കൊണ്ടും കുഞ്ഞിക്കുട്ടന്‍ തമ്പുരാനൊരു വിജ്ഞാപനം പുറപ്പെടുവിച്ചു. ഇതുകണ്ട മൂലൂര്‍ തമ്പുരാനോട് ഒരു നിവേദനം നടത്തി. കൊട്ടാരം വൈദ്യന്‍ കേശവന്‍ (വെളുത്തേരില്‍ കേശവന്‍ വൈദ്യന്‍), നാണുയോഗി (നാരായണഗുരു), കൃഷ്ണകവി (പെരുനെല്ലി കൃഷ്ണന്‍ വൈദ്യര്‍) മുതലായ പ്രശസ്ത കവികള്‍ ഈഴവ സമുദായത്തിലുണ്ടെന്നും കവിഭാരതത്തില്‍ അവര്‍ക്കുകൂടി സ്ഥാനം അനുവദിക്കണമെന്നുമായിരുന്നു നിവേദനം.

'ആ ശൗണ്ഡികന്മാരേയും ചെല്ലുംമാതിരി ചേര്‍ത്തിടാതെ വിടുമോ?' എന്ന് ചോദിച്ചുകൊണ്ടുള്ള തമ്പുരാന്റെ മറുപടിയില്‍ മൂലൂര്‍ 'മുമ്പേ കടന്നീവിധം പറഞ്ഞതില്‍' അമര്‍ഷം സൂചിപ്പിച്ചിരുന്നു. (മദ്യമുണ്ടാക്കുക യും വില്കക്കുകയും ചെയ്യുന്നവര്‍ എന്ന അര്‍ഥത്തിലുള്ള 'ശൗണ്ഡികന്മാര്‍' എന്ന പദം ഈഴവരെ കുറിക്കാനാണ് ഇവിടെ ഉപയോഗിക്കുന്നത്) പത്രത്തില്‍ കാണുന്ന സമസ്യ ഒരാഴ്ചകൊണ്ട് വല്ലവിധത്തിലും 'കഷ്ടിച്ചു പിഷ്ടിച്ചു' പൂരിപ്പിച്ചു കവികളാകാന്‍ പുറപ്പെടുന്നവരെ കവിഭാരതത്തില്‍ പ്രവേശിപ്പിക്കുകയില്ലെന്ന ഒരു താക്കീതോടു കൂടിയാണ് തമ്പുരാന്റെ മറുപടി അവസാനിച്ചത്. അദ്ദേഹം പറയുംപോലെ 'കടുമുട കവനം' ചെയ്യുന്നവരെ കവിഭാരതത്തില്‍ ചേര്‍ത്തുകാണാന്‍ തനിക്ക് ലവലേശം നിര്‍ബന്ധമില്ലെന്നും, താന്‍ തേരത്തെ സൂചിപ്പിച്ച കവികള്‍ അത്തരത്തി ലുള്ളവരല്ലെന്നും മൂലൂര്‍ തുടര്‍ന്ന് തമ്പുരാനെ അറിയിച്ചു.

വൈകാതെ കവിഭാരതം പുറത്തുവന്നു. ഈഴവ കവികളില്‍ ഒരാള്‍ക്കു പോലും അതില്‍ പ്രവേശനം നല്‍കപ്പെട്ടിരുന്നില്ല. ജാതി പ്രേരിതമായ ഈ അവഗണന മൂലൂരിനെ അത്യധികം ക്ഷോഭിപ്പിച്ചു. ഈ നിന്ദയോടുള്ള പ്രതിഷേധം കവിഭാരതത്തിനു തുല്യമായ ഒരു കൃതിയിലൂടെ ശക്തമായി പ്രകാശിപ്പിക്കുവാനുള്ള തീരുമാനം അദ്ദേഹം കൈക്കൊണ്ടു. അങ്ങനെ കവിരാമായമത്തിന്റെ രചന 1069 ധനുമാസത്തില്‍ ആരംഭിച്ചു. അടുത്ത കൊല്ലം പുസ്തകം പുറത്തുവരികയും ചെയ്തു. മനോരമ പ്രസ്സില്‍ അച്ചടിച്ച ഒന്നാം പതിപ്പില്‍ 106 കവികളെ ഉള്‍പ്പെടുത്തിയിരുന്നു.

കവിരാമായണത്തില്‍ അന്ന് പ്രസിദ്ധരായ എല്ലാ സവര്‍ണ കവികള്‍ക്കും അര്‍ഹമായ സ്ഥാനം നല്‍കുന്നതില്‍ തത്കര്‍ത്താവ് പ്രത്യേകം ശ്രിദ്ധിച്ചിരുന്നു. തമ്പുരാന് നേരത്തെ നല്‍കിയ നിവേദനത്തില്‍ സൂചിപ്പിച്ചിരുന്ന നാരായണഗുരു, വെളുത്തേരില്‍ കേശവന്‍ വൈദ്യന്‍, പെരുനെല്ലി കൃഷ്ണന്‍ വൈദ്യര്‍ എന്നിവര്‍ക്കൊപ്പം അന്നത്തെ പ്രസിദ്ധരായ മറ്റ് അവര്‍ണ കവികളേയും കൃതിയില്‍ ഉള്‍പ്പെടുത്തി യിരുന്നു എന്ന് എടുത്തു പറയേണ്ടതില്ലല്ലോ. നാരായണഗുരുവിനെ വാല്മീകിയായും കൃഷ്ണന്‍ വൈദ്യനെ ഹനുമാനായും കേശവന്‍ വൈദ്യനെ ബാലിയായും കവിരാമായണത്തില്‍ വര്‍ണിക്കു ന്നുണ്ട്. ചില കാര്യങ്ങളില്‍ മൂലൂര്‍ കവിഭാരതകര്‍ത്താവിനെ തിരുത്തുക പോലും ചെയ്തു. വൃകോദരന്‍ എന്നു വിളിച്ച് കവിഭാരതത്തില്‍ നാലാം സ്ഥാനത്ത് നിര്‍ത്തിയിരുന്ന കേരളവര്‍മ വലിയകോയിത്തമ്പുരാന്‍ കവിരാമായണത്തില്‍ ബ്രഹ്മാവായി ഒന്നാം സ്ഥാനം അലങ്കരിക്കുന്നു.

നടുവത്തച്ഛന്‍ നമ്പൂതിരി, കെ സി കേശവ പിള്ള, അഴകത്ത് പത്മനാഭക്കുറുപ്പ്, അനന്തപുരത്ത് മൂത്തകോയിത്തമ്പുരാന്‍ തുടങ്ങി പല സവര്‍ണ കവികളും കവിരാമായണ കര്‍ത്താവിനെ അഭിനന്ദിച്ചു. കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാനുള്‍പ്പെടെ മറ്റ് ഒട്ടേറെ പേര്‍ ദോഷാരോപണങ്ങളുമായി മുന്നോട്ടു വന്നു. തമ്പുരാന് പല കാര്യത്തിലും വിപ്രതിപത്തി ഉണ്ടായിരുന്നെങ്കിലും കൃഷ്ണന്‍ എന്ന കൊച്ചു കവിയെ രാമായണത്തിലെ മുഖ്യകഥാപാത്രങ്ങളിലൊന്നായ ഹനുമാനാക്കി യതാണ് അദ്ദേഹത്തിന് തീരെ സഹിക്കാനാവാതെ പോയത്. തമ്പുരാനെ സഹായിക്കാന്‍ ഒടുവില്‍ കുഞ്ഞികൃഷ്ണ മേനോന്‍, കെ രാമകൃഷ്ണ പിള്ള, ചിറയിന്‍കീഴ് ഗോവിന്ദപ്പിള്ള, കരയംവെട്ടത്ത് സുകുമാരപിള്ള തുടങ്ങി പല പ്രമുഖരും മുമ്പോട്ടുവന്നു. ഇവരില്‍ നേരിട്ടെതിര്‍ത്തത് തമ്പുരാന്‍ മാത്രമായിരുന്നു. മറ്റുള്ളവരെല്ലാം തൂലികാ നാമത്തില്‍ മറഞ്ഞിരുന്നു. എണ്ണത്തിലേറെയുണ്ടായിരുന്ന എല്ലാ പ്രതിയോഗികളേയും ഒറ്റക്കു നിന്നാണ് മൂലൂര്‍ അചഞ്ചലനായി നേരിട്ടത്. ഈ സമരത്തില്‍ അദ്ദേഹം ആദ്യാവസാനം ഏകനായിരുന്നു. അന്ന് മൂലൂരിന് 26 വയസായിരുന്നു പ്രായം. കേരളത്തിന്റെ സാമൂഹിക പരിവര്‍ത്തനത്തില്‍ വിധിനിര്‍ണായകമായ ഈ സമരമദ്ദേഹം നയിച്ചത് എസ്എന്‍ഡിപി യോഗം ആരംഭിക്കുന്നതിന് 8 വര്‍ഷം മുന്‍പാണ്. അതേസമയം ശ്രീനാരായണന്‍ അരുവിപ്പുറത്തു നടത്തിയ ശിവപ്രതിഷ്ഠയുടെ വിപ്ലവ സ്വഭാവം അത് പ്രഖ്യാപിച്ച ജാതിമത നിരപേക്ഷമായ മനുഷ്യത്വത്തിന്റെ മഹാസന്ദേശവും അദ്ദേഹത്തിന് പ്രചോദനം നല്കിയിരുന്നു.


തിരുനല്ലൂര്‍ കരുണാകരന്‍ 
മൂലൂര്‍ എസ് പത്മനാഭപ്പണിക്കരുടെ സമുജ്വലമായ വ്യക്തിത്വം കവിരാമായണത്തിന്റെ ഒടുവില്‍ കവി തന്നെത്തന്നെ പരിചയപ്പെടുത്തുന്ന പദ്യത്തില്‍ അദ്ദേഹം അറിയാതെതന്നെ പ്രതിഫലിക്കുന്നു:

'പ്രാണപ്രേമമിയന്നവര്‍ക്കപജയം നേരിട്ടിതെന്നാല്‍ തനി-
ക്കൂനം വന്നു ഭവിക്കുമെന്ന കഥയെക്കൂടെ സ്മരി ക്കാതുടന്‍
താനേ ജീവനൊടുങ്ങിലും രിപുവിനെപ്പായിക്കുവാന്‍ ചെല്ലുമീ
ഞാനാണദ്ദേശവക്ത്രനോടു പടയില്‍ തോറ്റോരു പക്ഷീശ്വരന്‍'

ആശാന്റെ ആദ്യത്തെ ഖണ്ഡകാവ്യമായ വീണപൂവ് സി എസ് സുബ്രഹ്മണ്യന്‍ പോറ്റി മിതവാദിയില്‍ നിന്നു പകര്‍ത്തി ഉചിതമായ ഒരു മുഖക്കുറിപ്പോടു കൂടി 'ഭാഷാപോഷിണി'യില്‍ പ്രസിദ്ധപ്പെടുത്തുകയും തുടര്‍ന്ന് അത് കേരളവര്‍മ വലിയോ കോയിത്തമ്പുരാന്‍ നേരിട്ട് പ്രസാധനം ചെയ്ത പദ്യപാഠാവലിയില്‍ സ്ഥാനം പിടിക്കുകയും ചെയ്തു. 3 വര്‍ഷം കഴിഞ്ഞ് എ ആര്‍ രാജരാജവര്‍മ 'നളിനി' യുടെ അവതാരിക യിലൂടെ കുമാരനാശാനേയും മലയാളത്തിലെ പുതിയ കവിതയേയും അഭിനന്ദിച്ച് ആശിര്‍വദിച്ചു. ഈ സന്ദര്‍ഭങ്ങളില്‍ കവിരാമായണ ത്തിന്റെ കര്‍ത്താവിന് അനുഭവപ്പെട്ടിരിക്കാനിടയുള്ള ചാരിതാര്‍ത്ഥ്യ ത്തിന്റെ മഹത്വം നമുക്ക് ഈഹിക്കാവുന്നതേയുള്ളു.

(9.2.2004 ല്‍ എഴുതിയ അവതാരികയില്‍ നിന്ന്)