"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, ഏപ്രിൽ 3, വെള്ളിയാഴ്‌ച

തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്ര ഉല്പത്തിക്ക് കാരണക്കാരിയായത് പെരുമാട്ടുകാളി എന്ന പുലയി - ഒര്‍ണ കൃഷ്ണന്‍കുട്ടി.


Courtesy 
ദക്ഷിണേന്ത്യയിലെ പ്രമുഖ ക്ഷേത്രങ്ങളില്‍ ഒന്നായ തിരുവനന്തപുരം ശ്രീ പത്മനാഭ സ്വാമി ക്ഷേത്ര ഉല്പത്തി മുതല്‍ കേരളത്തിലെ പ്രധാന ക്ഷേത്രങ്ങളുടെയെല്ലാം സൃഷ്ടിക്ക് പുറകില്‍ ഒരു പുലയ സ്ത്രീയെ (ചെറുമി) കണ്ടുമുട്ടാന്‍ കഴിയുമെന്ന് ഡോ.ചേലങ്ങാട്ട് അച്യുത മേനോന്‍ അഭിപ്രായപ്പെടുന്നു. (കേരളത്തിലെ കാളിപൂജ - പുറം 29) കേരള സംസ്ഥാന രൂപീകരണ ത്തിന് മുമ്പ് ശ്രീ പത്മനാഭപസ്വാമി ക്ഷേത്രത്തിന് 33200 ഏക്കര്‍ 47.198 സെന്റ് ഭൂമിയായിരുന്നതായി കാണുന്നു. കേരളത്തിന്റെ സാമൂഹ്യ ഘടനയും രൂപാന്തരവും എന്ന കൃതിയില്‍ ഡോ.ഇ.ജെ.തോമസ് സ്ഥാപിക്കുന്നു. തനതായ അമ്പലങ്ങള്‍ സ്ഥാപിച്ച് ഇവിടെ സവര്‍ണ്ണ ദൈവങ്ങളെ പ്രതിഷ്ഠിച്ച് ബ്രാഹ്മണ സമാനമായ ആരാധനാക്രമം പുലയര്‍ നടപ്പിലാക്കി. പുലയര്‍ എന്ന പേര് ചേരമര്‍ എന്നാക്കി മാറ്റുന്നതിനും ശ്രമങ്ങള്‍ നടന്നു. ഇത്തരം സാമൂഹിക അവബോധ ത്തിന്റെയും സംഘടനാ നേതൃത്വ സംഗത്തിന്റെയും ഫലമായി പുലയരുടെ ഇടയില്‍ ഒരു സാമൂഹ്യനവോത്ഥാനം ഉടലെടുത്തു. 

കേരളത്തിലെ എല്ലാ പ്രധാന ക്ഷേത്രങ്ങള്‍ക്കും ചുറ്റും ആയിരക്കണക്കിന് ഹെക്ടര്‍ നെല്‍വയലുകളുള്ളതായി ചരിത്രങ്ങളില്‍ കാണുന്നു. പുലൈ കാവല്‍ രക്ഷാഭോഗം പുലയര്‍ക്കാണ് കൊടുത്തിരുന്നത്. ആദ്യകാലത്ത് പുലങ്ങള്‍ സൂക്ഷിക്കുന്ന ജോലി പുലയര്‍ക്കായിരുന്നു. ക്ഷേത്രങ്ങളുടെ നിര്‍മ്മാണത്തിനുശേഷം ദേവന്‍മാര്‍ക്കായി. (ചരിത്രത്തിന്റെ പശ്ചാത്തല ത്തില്‍ ഇളംകുളം കുഞ്ഞന്‍പിള്ള - പുറം 81) പൊന്നുതമ്പുരാന് പുത്തരിയുണ്ണേണ്ടതിനുള്ള നെല്ല് കൊടുത്തുകൊണ്ടിരുന്നത് പുത്തരികണ്ടം പോലുള്ള വയലുകളില്‍ നിന്നും പുലയര്‍ കൃഷി ചെയ്തുകൊണ്ടിരുന്ന നിലങ്ങളില്‍ നിന്നായിരുന്നു. തിരുവിതാംകൂറിലെ ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലേക്ക് ആവശ്യമുള്ള നെല്ല് നല്‍കി കൊണ്ടിരുന്നത് പെരുമാട്ടു കാളി പുലയിയും അവരുടെ സന്താനപരകളുമായിരുന്നു. കൊല്ല വര്‍ഷാരംഭത്തില്‍ പെരുമാട്ടുകാളിയുടെ കുടുംബത്തില്‍ നിന്നും പൊട്ടിപ്പുറപ്പെട്ട ഒരു ശാഖയാണ് പുലയനാര്‍ കോട്ടയില്‍ വാണിരുന്ന പുലയരാജവംശം. ആ പുലയ രാജാക്കന്മാരുടെ മന്ത്രിമാരായിരുന്നു തിരുവനന്തപുരം പേട്ടയിലുളള ഈഴവ കുടുംബത്തില്‍പ്പെട്ടവര്‍. ആ രാജവംശത്തിന്റെ അധികാരിപരിധി എവിടെവരെ വ്യാപിച്ചിരുന്നെന്നും അവര്‍ എത്രകാലം ഭരണം നടത്തിയിരുന്നുവെന്നും നിശ്ചയമില്ല. (എത്രയെത്ര സ്ഥലങ്ങള്‍ എന്തെന്തു സംഭവങ്ങള്‍ - കാട്ടാക്കട ദിവാകരന്‍) 

എ.ഡി 9 ാം നൂറ്റാണ്ടിന് ശേഷമാണ് ഇവിടെ ഹൈന്ദവ ക്ഷേത്രങ്ങള്‍ രൂപമെടുത്തി രിക്കുന്നത്. അതിനുമുമ്പ് 8 ാം നൂറ്റാണ്ടുവരെ ബുദ്ധമത കാലഘട്ടമായിരുന്നു. കേരളത്തിലെ ശിലാശാസനങ്ങളില്‍ കാണുന്നത് ക്ഷേത്രവസ്തുക്കള്‍ ദാനം ചെയതത് പുലയരായ കണ്ടനും, ചടയനും, ചാത്തനുമെല്ലാമെന്നാണ്. എ.ഡി 784 ല്‍ ആയ് രാജാവായ ജടിലന്‍ (മാരന്‍ ചടയന്‍) പുലയ വംശത്തിന്റെ ആദിമാതാവായ പെരുമാട്ടു കാളി പുലയിയെ സന്ദര്‍ശിക്കുകയും അവരുടെ അനുവാദത്തോടെ അവിടെ മണ്‍കൂനകൊണ്ട് ഒരു ക്ഷേത്രം പണിയുകയുണ്ടായി. ഈ സന്ദര്‍ശനത്തോടെ ഇപ്പോള്‍ സ്ഥിതി ചെയ്യുന്ന ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന്റെ കിഴക്ക് ഭാഗത്ത് തമ്പാനൂര്‍ ബസ്സ്റ്റാന്റും, കെ.എസ്.ആര്‍.ടി ബസ്സ് സ്റ്റാന്റും നഗരസഭ വക മൈതാനവും അടങ്ങുന്ന പുത്തരികണ്ടം മുതല്‍ കിളിപ്പാലം വരെ 75 ഏക്കര്‍ നെല്‍പ്പാടങ്ങള്‍ കരമൊഴിവായി നല്‍കികൊണ്ട് പതിച്ചു നല്‍കുകയും ചെയ്തു. പിന്നീട് ഇന്നു കാണുന്ന പത്മനാഭ സ്വാമിക്ഷേത്രം വേണാട് രാജവംശത്തിന്റേതാക്കി മാറ്റി. തിരുവിതാംകൂര്‍ രാജവംശം സ്ഥാപിച്ചതല്ല പത്മനാഭ സ്വാമിക്ഷേത്രം എന്ന് ശൂരനാട് കുഞ്ഞന്‍പിള്ളയെ പോലുള്ള ചരിത്രകാരന്മാര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. എ.ഡി 530 മുതല്‍ 630 വരെ കേരളം ഭരിച്ച മഹേന്ദ്രവര്‍മ്മര്‍ 1ാംമന്റെ കാലത്ത് ക്ഷേത്രത്തില്‍ നിവേദ്യത്തിന് ഓരോപിടി അരി നല്‍കി വന്ന 12 പുലയ തറവാട്ടു കാര്‍ക്ക് 5 ഏക്കര്‍ നിലം വീതം നല്‍കിയതായി ശ്രീപത്മനാഭ സ്വാമി ക്ഷേത്ര റിക്കാര്‍ഡുകളില്‍ കാണുന്നുണ്ട് . ക്ഷേത്രത്തിന്റെ ഉല്പത്തി യുമായി പറയുന്ന സംഗതികള്‍ ഇനി പരിശോധിക്കാം. അന്നത്തെ പുത്തിരികണ്ടം വയലിന്റെ കരയില്‍ താമസിച്ചുകൊണ്ടിരുന്ന പെരുമാട്ടു കാളി പുലയി വയലിന്റെ കരയിലുള്ള കാട്ടില്‍ കയറി പുല്ല് അരിയാന്‍ ചെന്നപ്പോള്‍ കാടിനുള്ളില്‍ കിടന്ന് ഒരു കുട്ടിയുടെ തോരാത്ത കരച്ചില്‍ കേള്‍ക്കുകയും ഇതുകേട്ട് സങ്കടം തോന്നിയ കാളിപുലയി മടങ്ങി തന്റെ മാടത്തില്‍ വന്ന് കുറെ കഞ്ഞിയുമായി തിരികെ ചെന്നപ്പോള്‍ കണ്ടകാഴ്ച കുട്ടിക്ക് വലിയൊരു സര്‍പ്പം ഫണമുയര്‍ത്തി കാവല്‍ നില്‍ക്കുന്നതാ യിട്ടാണ്. കണ്ണംചിരട്ടയില്‍ കൊണ്ടുപോയ കഞ്ഞി കുട്ടിക്ക് കൊടുത്തതിന് ശേഷം പുലയി തന്റെ മാടത്തിലേക്ക് തിരികെ പോന്നു. ഇന്നും ശ്രീപത്മനാഭന്റെ ആദ്യനിവേദ്യം ഉണക്കലരി കഞ്ഞിയാണ്. കണ്ണന്‍ ചിരട്ടക്ക് പകരം സ്വര്‍ണ്ണ ചിരട്ട. ആചാരം മാറ്റാം ചരിത്രം മാറ്റാന്‍ കഴിയില്ല. 


മഹാദേവ ദേശായി 
ക്ഷേത്രത്തിന്റെ ചുറ്റുമുള്ള കോട്ടമതില്‍ നിര്‍മ്മിക്കു ന്നതിന് വാനം താഴ്ത്തിയ പുലയരായ കര്‍ഷക തൊഴിലാളികള്‍ക്ക് നല്‍കിയ കൂലിമാത്രം പരിശോധിച്ചാല്‍ മതി, കേരളത്തിലെ ആദിമ നിവാസികളായ പുലയന്റെ ഭക്ഷണത്തിന്റെ ചരിത്രം. വാഴത്തടയും ഉപ്പുമാണ് അവര്‍ക്ക് നല്‍കിയ ഭക്ഷണം. വാഴത്തടയും, വാഴമാങ്ങും ഇന്നും ചരിത്രം പേറുന്നവരുടെ വായിലൂറി വരുന്ന സ്വാദുകളാണ്.

ചരിത്രകാരനായ മഹാദേവ ദേശായിയൂടെ വേണാടിന്റെ ചരിത്രത്തില്‍ ഈ ക്ഷേത്രോത്പത്തിക്ക് കാരണം ഒരു പുലയ സ്ത്രീയുടെ സാന്നിദ്ധ്യമാണെന്ന് രേഖപ്പെടുത്തിയിരിക്കുന്നു. ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിനും കൊട്ടാരത്തിനും കോട്ടമതില്‍ തീര്‍ത്ത പണിയില്‍ മതിലിന്റെ വാനം കിളച്ചതിന്റെ കൂലി വാങ്ങിയ വരില്‍ കുറ്റിക്കാട്ട് വീട്ടില്‍ തേവന്‍, മാതേവന്‍ എന്നിവര്‍ക്ക് ഒരു ദിവസം ഇടങ്ങഴി നെല്ലുവീതം മൂന്ന് മാസം കൊടുത്തതും നെല്ലിനോടൊപ്പം വാഴത്തടയും, മാങ്ങയും, ഉപ്പും കൊടുത്തതായി മതിലകം രേഖകളില്‍ കാണുന്നുണ്ട്. എ.ഡി 1756 കൊല്ലവര്‍ഷം 931 ല്‍ ആണ് ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. മതിലിന് 11,000 അടി നീളമുണ്ട്. മാര്‍ത്താണ്ഡവര്‍മ്മയാണ് ഇന്നു കാണുന്ന വിധം ക്ഷേത്രം പണി കഴിപ്പിച്ചത് (വിജ്ഞാന ഭാരതി മാസിക - 2006 സെ.) 

പത്മനാഭ സ്വാമി ക്ഷേത്രവുമായി ബന്ധപ്പെട്ട മറ്റൊരു ഐതീഹ്യമുണ്ട്. ഒരു പൊലയി പാടത്ത് പണിയെടുത്തു കൊണ്ടിരുന്നപ്പോള്‍ പാടത്തിന്റെ കരയിലുള്ള വിജനമായ കാട്ടില്‍ നിന്നും ഒരു കുട്ടിയുടെ കരിച്ചില്‍ കേള്‍ക്കുകയും കരച്ചില്‍ കേട്ട ദിക്ക് ലക്ഷ്യം വച്ച് പുലയി നടന്ന് ചെന്നപ്പോള്‍ വനാന്തരത്തില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ അതിസുന്ദരനായ ഒരു ശിശുവിനെ കാണുകയുണ്ടായി. ആ ശിശുവിനെ ആവരണം ചെയ്യുമാറ് ഒരു ചൈതന്യപ്രഭാകിരണം ചുറ്റിലും വലയം പ്രാപിക്കുക യും ആ കുഞ്ഞിനെ സ്പര്‍ശിക്കാന്‍ കഴിയാത്തവിധം സ്വാധിക്ക് ഭയം തോന്നുകയും ചെയ്തു. എങ്കിലും കുഞ്ഞിന്റെ വാവിട്ടുള്ള കരിച്ചില്‍ കേട്ട് ഹൃദയം അലിഞ്ഞ ആ സ്ത്രീ പെട്ടെന്ന് തന്റെ കുടിലിലേക്ക് മടങ്ങിപോയി വീണ്ടും കുളിച്ച് വൃത്തിയോടുകൂടി തിരികെ വന്ന് കുഞ്ഞിനെ എടുത്ത് മുലയൂട്ടുകയും ചെയ്തു. പെട്ടെന്ന് കുഞ്ഞ് ശാന്തനായി . അതിന് ശേഷം കുഞ്ഞിനെ ഒരു ഇലിപ്പ മരത്തിന്റെ ചുവട്ടിലെ തണലില്‍ കിടത്തി. അല്പ നിമിഷത്തിനകം അഞ്ചുഫണമുള്ള ഒരു വലിയ നാഗം അവിടെ പ്രത്യക്ഷപ്പെടുകയും കുഞ്ഞിനേയും കൊണ്ട് ഇലിപ്പ മരത്തിന്റെ പോടിനുള്ളില്‍ പ്രവേശിക്കുകയും ചെയ്തു. ശാന്തനായി പത്തി വിടര്‍ത്തി നാഗം കുട പിടിച്ച പോലെ കുഞ്ഞിന്റെ തലക്കു മുകളിലായി നില്‍ക്കുവാനും തുടങ്ങി. പുലയ സ്ത്രീയും ഭര്‍ത്താവും ഈ ഇലിപ്പ മരത്തിന് ചുവട്ടില്‍ പോകുകയും ഒരു ചിരട്ടയില്‍ പാലും ചോറും നല്‍കുകയും പതിവാക്കി. അന്ന് നാടുവാഴി ആയിരുന്ന രാജാവ് ദര്‍ശനം നടത്തിയതിന് ശേഷം ഒരു ചെറിയ ക്ഷേത്രം അവിടെ പണിയുകയും ചെയ്തു. അതാണ് ക്ഷേത്രത്തിന്റെ ഉല്പത്തികഥ. വേണാട് രാജാവ് പുലയ സ്ത്രീയെ വിസ്മരിച്ചില്ല. ക്ഷേത്രത്തിനടുത്തുള്ള വിസ്തൃതമായ ഒരുനിലം അവര്‍ക്കായി ദാനം ചെയ്തു. ആ നിലമാണ് പില്‍ക്കാലത്ത് പുത്തരികണ്ടം എന്ന പേരില്‍ പ്രസിദ്ധമായത്. 

മറ്റൊരു കഥ വില്ല്വമംഗലം സ്വാമിയാരുമായി ബന്ധപ്പെട്ടതാണ്. അനന്തന്‍കാട് അന്വേഷിച്ച് വടക്കന്‍ കേരളത്തില്‍ നിന്നും തെക്കന്‍ കേരളത്തിലെത്തിയ സ്വാമിയാര്‍ യാത്രാക്ലേശം സഹിച്ച് തിരുവനന്ത പുരത്ത് എത്തി. വിശ്രമിച്ച വൃക്ഷചുവട്ടിനു എതിര്‍വശത്തായി താമസിക്കുന്ന ഒരു പുലയകുടിലില്‍ നിന്നും ഒരു പുലയ സ്ത്രീ കുട്ടിയെ ശകാരിക്കുന്നത് കേട്ടു. 'നീ ഇനി കരച്ചില്‍ നിറുത്തിയില്ലെങ്കില്‍ നിന്നെ ഞാന്‍ അനന്തന്‍ കാട്ടില്‍ എറിയും' അനന്തന്‍കാട് അനേഷിച്ച് ഇറങ്ങിയ സ്വാമിയാര്‍ക്ക് ഈ വാക്കുകള്‍ കണ്ണീര്‍പീയുഷമായി. സ്വാമിയാര്‍ ആ പുലയ കുടിലിലേക്ക് ചെല്ലുകയും അവിടത്തെ പുലയി സ്വാമിയാര്‍ക്ക് അനന്തന്‍കാട് കാട്ടികൊടുക്കുകയും ചെയ്തു. അപ്പോഴേയ്ക്കും നേരം ഇരുട്ടി തുടങ്ങിയിരുന്നു. അനന്തന്‍ കാട്ടിലെത്തുവാനും ഭഗവാനെ ദര്‍ശിക്കാനും ഉള്ള ഉത്ക്കടമായ വികാരം കാരണം കാട്ടിനുള്ളിലേക്ക് പോകുവാന്‍ കൊളുത്തിയ ഒരു തിരിയും വാങ്ങി പുറപ്പെടാറായപ്പോള്‍ കാല്‍ചിലങ്ക കളുടെ ശബ്ദം കേട്ട സ്വാമിയാര്‍ ആ ദിശിയിലേക്ക് നടക്കുകയും നേരം വെളുക്കാറായപ്പോഴേയ്ക്കും ഒരു വലിയ ഇലിപ്പ മരത്തിന്റെ മുന്നില്‍ എത്തിച്ചേരു കയും മരം മൂടോടെ പിഴുതു വീഴുകയും ചെയ്തു. അവിടെ ഭഗവാനെ ദര്‍ശിച്ച സ്വാമിയാര്‍ പൂജാസാധനങ്ങള്‍ ഒന്നും ഇല്ലാത്തതിനാല്‍കണ്ണിമാങ്ങ പറിച്ച് ചിരട്ടയില്‍ വച്ചു നിവേദിച്ചു എന്നാണ് ഐതീഹ്യം. കണ്ണിമാങ്ങ നിവേദ്യം ശ്രീപത്മനാഭന്റെ നിവേദ്യമാണ്. ചരിത്രവും ഐതീഹ്യവും മാറ്റിമറി ച്ചാലും പുലയരെ ഒഴിവാക്കി കൊണ്ടൊരു ചരിത്രം ശ്രീപത്മനാഭ ക്ഷേത്രത്തിനില്ല.