"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, ഏപ്രിൽ 21, ചൊവ്വാഴ്ച

പുലയരുടെ ആചാരങ്ങള്‍; അരങ്ങാറ്റും പഴുക്ക എറിയലും - ഒര്‍ണ കൃഷ്ണന്‍കുട്ടി


ചുത്തോറും ചാത്തേറും. 

അയിത്തവുമായി ബന്ധപ്പെട്ട ഏര്‍പ്പാടാണ് പുലയരുടെ ഇടയില്‍ നിലനിന്നിരുന്നു. ശുദ്ധവും അശുദ്ധവുമാണ് ചാത്തവും അയിത്തവുമായി മാറിയത്. അയിത്ത ജാതിക്കാരായി സവര്‍ണ്ണ ജാതിക്കാര്‍ കരുതിപോന്നിരു ന്നത് പുലയരെയും പറയനെയു മാണല്ലോ. പുലയര്‍ 'ചുത്ത (ശുദ്ര എന്നതായിരിക്കും) ജാതിക്കാരെ ചുത്തോര്‍ എന്നാണ് അഭിസംബോധന ചെയ്തിരുന്നത്. പുലയ സ്ത്രീകള്‍ മുള്‍കൈതോല കൊണ്ട് നെയ്ത് ഉണങ്ങിയ പായകളുമായി സവര്‍ണരുടെ വീടുകള്‍ക്ക് തീണ്ടാപ്പാടകലെ മാറിനിന്ന് 'തമ്പായി ചുത്തോരെ, കുത്തങ്ങ ചൂത്തോറെ, ഈ പായ എടുത്ത്ങ്ങു ചുത്തോറെ' (അവിടത്തിങ്കലേ) എന്ന് നീട്ടി വിളിച്ച് അവിടെ വച്ചിട്ട് മാറി നില്‍ക്കും. അവിടത്തിങ്കലേ എന്നത് പുലയര്‍ സവര്‍ണ തമ്പുരാട്ടിമാരെ ബഹുമാന പുരസ്സരം വിളിക്കുന്നതാണ്. ഇങ്ങനെ നീട്ടി വിളിച്ചു കഴിഞ്ഞാല്‍ വീട്ടമ്മമാര്‍ നെല്ലോ, അരിയോ കൊടുത്തു വാങ്ങുന്ന പായ വല്ല പൊട്ടക്കുളത്തിലോ കൂവലിലോ (കൂവല്‍ കുണ്ടുകിണര്‍) ഇട്ട് മുക്കിയെടുത്തു ശുദ്ധം വരുത്തും. ഇത് പുലയര്‍ തൊട്ട് അശുദ്ധമാക്കിയത് മാറ്റികിട്ടാന്‍ വേണ്ടിയാണ്. പിന്നീട് മുറ്റത്തെ കിണറിലെ ശുദ്ധമായ വെള്ളത്തില്‍ മുക്കിയെടുത്ത് ഉപയോഗിക്കുന്നു. ചാത്തോറ് എന്നു പറഞ്ഞുവരുന്നത് ചത്തവര്‍ക്കുള്ള ചോറിനാണ്. പിതൃക്കള്‍ക്കുള്ള ചാത്തം അതായത് ശ്രാദ്ധം ഊട്ട് (ബലിചോറാണ് ചാത്തോറ്). 

അരങ്ങാറ്റ് എന്ന ചടങ്ങ് 

ഉത്തര കേരളത്തില്‍ പുലയ സമുദായത്തിലെ ഒരു ചടങ്ങാണ് 'അരങ്ങാറ്റ്' എന്ന പേരില്‍ അറിയപ്പെടുന്നത്. 16 ആം വയസ്സില്‍ കൗമാര പ്രായത്തിലേക്ക് പ്രവേശിക്കുന്ന പുലയബാലന്മാരെ അദ്ധ്വാനിപ്പിക്കുന്നതിന് പ്രാപ്തരാക്കി തീര്‍ക്കുന്നതിന് വേണ്ടിയുള്ള താണിത്. സമുദായത്തിലെ തലമൂത്ത ഗുരുക്കന്മാരായ പുലയരാണ് ഈ ചടങ്ങിന്റെ കര്‍മ്മി. ഇതിന് പ്രത്യേകം തയ്യാറാക്കിയ പന്തല്‍ മുറ്റത്തിടും. ഈ പന്തലില്‍ കോലം കെട്ടിയ പുലയബാലനെ കുളിപ്പിച്ച് പുതുവസ്ത്രം ധരിപ്പിച്ച് കൊണ്ടിരിത്തും. തലപ്പാളിയും തിരുമുടിയും മറ്റ് ചമയങ്ങളുമെല്ലാം അണിയിച്ച് ഇതെല്ലാം ചെയ്യുന്നത് ഗുരിക്കളാണ്. അതിന് ശേഷം പന്തലില്‍വച്ച് ഗുരിക്കള്‍ക്ക് ദക്ഷിണയായി ഒരു പണക്കിഴി കൊടുക്കണം. ചടങ്ങ് കഴിയുംവരെ ബാലനായ പുലയചെറുക്കന്‍ പുറത്ത് യാതൊരുവിധ പണികളിലും ഏര്‍പ്പെടാന്‍ പാടില്ല. ഏഴുദിവസത്തെ ചടങ്ങുകള്‍ക്ക് ശേഷമേ പുറത്ത് പോകാനോ പണിയെടുക്കാനോ പാടുള്ളൂ. അരങ്ങാറ്റ് ചടങ്ങ് കഴിഞ്ഞാല്‍ 'അരപുലയന്‍' എന്നാണ് ചൊല്ല്. ഈ പ്രത്യേക നാളുകളില്‍ പാടാന്‍ അരങ്ങാറ്റ് പാട്ടുകളുമുണ്ട്. (ആചാരാനുഷ്ഠാനകോശം, പ്രൊഫ.പി.സി.കര്‍ത്ത, പേജ് 328) ഒരു പുലയന്റെ ജീവിതത്തിലെ സുപ്രധാന സംസ്‌ക്കാരകര്‍മ്മമാണ് അരങ്ങാറ്റ്).

പഴുക്ക എറിയല്‍

ദക്ഷിണ കേരളത്തില്‍ നിലനിന്ന പുലപ്പേടിയെന്ന ആചാരത്തിന് സമാനമായി ഉത്തരകേരളത്തില്‍ നിലനിന്ന ഒരു ആചാരമാണ് പഴുക്ക എറിയല്‍. മേല്‍ജാതി സ്ത്രീകളുടെ ശരീരത്തില്‍ പ്രത്യേകിച്ച്, കാല്‍മുട്ടിന് താഴെ പുലയര്‍ പഴുക്കയെറിഞ്ഞാല്‍ ഏറുകൊള്ളുന്ന സവര്‍ണ്ണ സ്ത്രീകള്‍ സമുദായത്തില്‍ നിന്നും ഭ്രഷ്ടാകും. ഈ ചടങ്ങിനെ കുറിച്ച് വടക്കന്‍ പാട്ടുകളില്‍ ഒട്ടേറെ ഉദാഹരണങ്ങള്‍ ഉണ്ട്. അഞ്ചാരികോട്ടയിലെ കുഞ്ഞികണ്ണന്‍ തെണ്ടയ്ക്ക് പോയ അവസരത്തില്‍ അയാളുടെ ഭാര്യ ചിരുതേയിയെ രണ്ടു പുലയന്മാര്‍ ഭാര്യമാതാവിന്റെ സഹായത്തോടെ കെണിയില്‍പ്പെടുത്തി പഴുക്ക എറിഞ്ഞ് ജാതി ഭ്രഷ്ട് നടത്തിയ സംഭവമുണ്ടായിട്ടുണ്ട്.

'ഏട്ടനനുജര് രണ്ടുപേര്
പഴുക്കങ്ങ് എറിയുന്നു രണ്ടുപേരും 
ഒന്നാം പഴുക്കതല കടന്നു
രണ്ടാം പഴുക്ക മുയപ്പുകടന്നു
മൂന്നാം പഴുക്ക മുട്ടിനു വീണു'

അതോടെ അവര്‍ക്ക് ഭ്രഷ്ട് വന്നു. പിന്നീട് കണ്ണൂര്‍ അറയ്ക്കലെ ബീവി തങ്ങളുടെ ഭാര്യയായി പോകേണ്ടി വന്നു എന്നാണ് കഥ. 

പുലയന്‍ പട്ടുവാങ്ങിയപ്പോലെ 

അജ്ഞത നിമിത്തം നഷ്ടം സംഭവിക്കുക ഇങ്ങനെയൊരവസ്ഥ പുലയര്‍ക്ക് സംഭവിച്ചിട്ടുണ്ട്. നമ്മുടെ നാട്ടില്‍ അതൊരു ഹാസ്യരൂപേണ ഇന്നും പ്രചാരത്തിലുണ്ട്. 'പുലയന്‍ പട്ടുവാങ്ങിയപ്പോലെ' എന്നാണ് ഈ അമളിത്തരത്തിനു പറയുന്ന പേര്. ഒരിക്കല്‍ ഒരു പുലയന്‍ ഒരു പട്ടുവാങ്ങാന്‍ അങ്ങാടിയില്‍ പോയി. പട്ടിന്റെ വില നിശ്ചയമില്ലാതിരുന്ന പുലയന്‍ ഓരോ തരം പട്ടുകളും കച്ചവടക്കാരനെ കൊണ്ട് എടുത്ത് ഇടീച്ചു. തരങ്ങളെ കുറിച്ചോ, വിലയെ കുറിച്ചോ അജ്ഞതയുള്ള പുലയന്‍ പട്ടു വാങ്ങിയ കഥയാണ് ശൈലിക്കടിസ്ഥാനം ശുദ്ധഗതിക്കാരാനായ പുലയനെ പറ്റിക്കാമെന്ന് കടയുടമ നിശ്ചയിച്ചു. പട്ടിന്റെ വില കൂട്ടി പറഞ്ഞു. കൂടിയ വില കൊടുത്താല്‍ മേന്മയുള്ള പട്ട് കിട്ടുമെന്ന് വിചാരിച്ച് അയാള്‍ കടക്കാരന്‍ പറഞ്ഞതിലും കൂടുതല്‍ പണം കൊടുത്ത് പട്ട് വാങ്ങി. എന്നിട്ട് 'കോല്‍ അറുപതു പറഞ്ഞു, ഏന്‍ എഴുപതു പറഞ്ഞു, തൊണ്ണൂറിന് പട്ടും വാങ്ങി (കോല്‍ യജമാനന്‍ പ്രകൃതത്തില്‍ കടയുടമ) പട്ടിന് അറുപത് രൂപയാണ് വിലയെന്നു പറഞ്ഞു. പുലയന്‍ അതിന് എഴുപത് പറഞ്ഞു. ആ വില കുറഞ്ഞു പോയോ എന്ന് ശങ്കിച്ച് പുലയന്‍ ഒടുവില്‍ തൊണ്ണൂറ് രൂപ കൊടുത്ത് പട്ട് വാങ്ങി. ഇത്തരം ഒട്ടേറെ അബദ്ധങ്ങള്‍ പുലയര്‍ക്ക് പറ്റിയിട്ടുണ്ട്. പറയനും പുലയനും സദ്യക്ക് പോയ കഥയും ഇതുപോലെയാണ്. പറയന്‍ എപ്പോഴും വക്രബുദ്ധിക്കാരനാണ്. പുലയന്‍ നിഷ്‌കളങ്കനും. പക്ഷെ അവര്‍ പരസ്പര ബന്ധങ്ങളും സ്‌നേഹവും വച്ചു പുലര്‍ത്തുന്നവരുമാണ്.

*ലേഖകന്‍ തയാറാക്കുന്ന പുസ്തകത്തില്‍ നിന്ന് 
*ആദ്യ ഭാഗം