"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, ഏപ്രിൽ 2, വ്യാഴാഴ്‌ച

ഹരിജനോദ്ധാരണം - കെ ആര്‍ ഭാസ്‌കരന്‍


കെആര്‍ ഭാസ്‌കരന്‍
അധഃകൃതര്‍ക്ക് മഹാത്മാഗാന്ധിയാല്‍ സമ്മാനിക്കപ്പെട്ട ഓമനപ്പേരാണല്ലോ 'ഹരിജനങ്ങള്‍' എന്നത്. സാമുദായികമായും, രാഷ്ട്രീയമായും, സാമ്പത്തിക മായും, അസമത്വങ്ങള്‍ അനുഭവിക്കുന്ന ഇന്ത്യയിലെ ഹൈന്ദവ സമുദായത്തില്‍ ഉള്‍പ്പെട്ട ഒരു വമ്പിച്ച സമുദായമാണ് അധഃകൃതര്‍. ഇവരുടെ ഉന്നമനക്കാര്യം അര നൂറ്റാണ്ടോളമായി ഭാരതത്തിലെ രാഷ്ട്രീയ പ്രവര്‍ത്തകന്മാരുടെയും സമുദായ ചിന്തകന്മാരുടെയും ശ്രദ്ധയില്‍ പെട്ടു തുടങ്ങിയിട്ട്. ഹിന്ദു സോപാനത്തി ന്റെ ഏറ്റവും താഴ്ന്ന പടിയിലുള്ള ഈ വര്‍ഗക്കാരുടെ ജനസംഖ്യ ഏകദേശം 7 കോടിയില ധികം ഉണ്ടെന്നാണ് കണക്കാക്കപ്പെട്ടിരിക്കുന്നത്. ഇവരില്‍ പലേ അവാന്തര വിഭാഗങ്ങളും ഉണ്ടെങ്കിലും, ഇവരെല്ലാം സാമുദായികമായ അവശതകള്‍ ഏല്‍ക്കുന്നതിനു തുല്യ ദുഃഖിതരാണെന്നുള്ളതിനു സംശയമില്ല. ഹിന്ദു സമുദായത്തിലെ ഉയര്‍ന്ന പടിയില്‍ നില്‍ക്കുന്നവരായ ജാതിഹിന്ദുക്കള്‍ ഇവരെ അന്യ നാട്ടുകാരെ പോലെ ഗണിച്ചു വരുന്നുണ്ടെന്നു മാത്രമല്ല, അവരെ 'തൊട്ടുകൂടാത്തവരും തീണ്ടിക്കൂടാത്ത വരും' ആയി അകറ്റി നിര്‍ത്തുക കൂടി ചെയ്തു വരുന്നു. ജനസംഖ്യയുടെ കൂടുതല്‍ കൊണ്ട് തങ്ങള്‍ക്ക് വല്ല മേന്മയും ഉണ്ടാവാന്‍ ഇടയുണ്ടെന്നു കാണുന്ന സന്ദര്‍ഭങ്ങളില്‍ ഇവരേയും ഹിന്ദു മത വലയത്തില്‍ പെടുത്തി തങ്ങളുടെ മതാനുയായികളുടെ 'തൂക്കം' കാണിക്കുവാന്‍ മാത്രം ഇവരേയും ഹിന്ദുക്കളായി എണ്ണിവരാറുണ്ട്. അത്തരം സന്ദര്‍ഭങ്ങളിലല്ലാതെ അധഃകൃതര്‍ ഹിന്ദുക്കളാണെന്ന് തങ്ങള്‍ക്കു തന്നെയോ മറ്റ് ഹിന്ദുക്കള്‍ക്കോ ഒരു ധാരണയും ഉണ്ടായിക്കാണുന്നില്ല. ഹിന്ദുമതത്തിലെ ശിവന്‍, സുബ്രഹ്മണ്യന്‍, ഗണപതി മുതലായ ദേവന്മാരെപ്പറ്റി അധഃകൃതര്‍ക്ക് വല്ല അറിവും ഉണ്ടോ എന്ന കാര്യം തന്നെ സംശയമാണ്. അവര്‍ക്ക് ്അവരുടെ കുല കൈവങ്ങളായ ചാത്തന്‍, ചാമുണ്ണി, വേട്ടക്കൊരുമകന്‍, വീരഭദ്രന്‍ തുടങ്ങിയ ദേവന്മാരെയാണ് അറിവും പരിചയവും ഉള്ളത്. മദ്യം മാംസം മുതലായവകാളാണ് അവര്‍ അവരുടെ ദേവന്മാര്‍ക്ക് നിവേദിച്ചു പോരുന്നതും.

ഹൈന്ദവ മതത്തിന്റെ ക്രൂരമായ മര്‍ദ്ദനങ്ങള്‍ ഏറ്റു ജീവിതാശകള്‍ നശിച്ച് വെറും മൃഗീയമായ ഒരു നിലയിലാണ് ഇന്ത്യയിലെ അധഃകൃതര്‍ ജീവിതം നയിച്ചു പോരുന്നത്. അവര്‍ക്ക് പണമില്ല; വിദ്യയില്ല; പൊതു സ്ഥലങ്ങലില്‍ പ്രവേശിപ്പാന്‍ പാടില്ല; സാധാരണ മനുഷ്യരെ പോലെ ശുചിയായി വസ്ത്രധാരണം ചെയ്തു നടന്നുകൂടാ തുടങ്ങിയ നിരവധി അവശതകള്‍ക്കു അടിമകളാണവര്‍. അവര്‍ക്ക് നല്ല പേര്‍ തന്നെ വിളിക്കുവാന്‍ അവരുടെ 'മേലാള'രായ ജാതിഹിന്ദുക്കള്‍ സമ്മതിക്കയില്ല. വിദ്യ അഭ്യസിക്കുന്ന ശൂദ്രന്റെ നാക്കറുക്കണമെന്നും ചെവിയില്‍ ഈയം ഉരുക്കി ഒഴിക്കണമെന്നും ശഠിച്ചിരുന്ന ഹിന്ദുമത ശാസനകള്‍ പ്രചാരത്തി ലിരുന്ന കാലത്തെ അധഃകൃതരുടെ സ്ഥിതി എത്ര ശോചനീയമായിരുന്നു വെന്ന് ഊഹിക്കാവുന്നതാണല്ലോ. ബ്രാഹ്മണന് വഴിമാറിക്കൊടുക്കാത്ത കുറ്റത്തിന് പണ്ട് അധഃകൃതരെ ഹിംസിക്കുന്നതിനു കൂടി ചില നിയമമുണ്ടായിരുന്നു എന്നു മി. പി എം അനന്തന്‍ എംഎഎല്‍ടിയുടെ ഒരു പ്രസംഗത്തില്‍ തെളിവുകളോടു കൂടി പ്രതിപാദിച്ചിരുന്നത് ഓര്‍ക്കുമ്പോള്‍, ഹാ! ഇന്നത്തെ അവരുടെ സ്ഥിതി എത്രമാത്രം ഭേദപ്പെട്ടിരിക്കുന്നു എന്നു പറവാനുണ്ടോ?

കാലചക്ര തിരിച്ചിലില്‍ പെട്ട് അര നൂറ്റാണ്ടോളമായി അധഃകൃതര്‍ അല്ലെങ്കില്‍ ഹരിജനങ്ങള്‍ ഉണര്‍ന്നു വശായിട്ടുണ്ട്. അവര്‍ ഹിന്ദുമത ചങ്ങലയില്‍ ബന്ധപ്പെട്ടു കിടക്കുന്നതല്ലാതെ മറ്റ് ഹിന്ദുക്കളുമായി യാതൊരു സമ്പര്‍ക്കവുമില്ലാത്ത ഒരു സമുദായക്കാരാണെന്ന് അവര്‍ക്കു തന്നെ ബോധ്യമായി. അവരുടെ അവശതകളും അസ്വാതന്ത്ര്യങ്ങളും നിരവധിയാണെന്ന് അവരില്‍ വിദ്യാഭ്യാസ വെളിച്ചം തലയില്‍ കയറിയ ചിലര്‍ക്കു തോന്നിത്തുടങ്ങി. ലോകം വലിയ പരിവര്‍ത്തനങ്ങളോടു കൂടി തിരിഞ്ഞുകൊണ്ടി രിക്കുന്നതിനിടയില്‍ അവരിലും ചില പരിവര്‍ത്തന ങ്ങള്‍ക്കുള്ള ലക്ഷണങ്ങള്‍ കാണുവാന്‍ സംഗതിയായിത്തുടങ്ങി. അവര്‍ക്ക് വിദ്യാഭ്യാസവും മറ്റു സുഖ സൗകര്യാദികളും സ്വാതന്ത്ര്യവും വേണമെന്ന് അവരില്‍ കാര്യവിവരമുള്ളവര്‍ പറവാനാരംഭിച്ചു. മറ്റ് മനുഷ്യരെ പോലെ തങ്ങളും മനുഷ്യരാണെന്നും മനുഷ്യന്റെ പ്രാഥമികാവശ്യങ്ങള്‍ തങ്ങള്‍ക്കും ലഭിക്കണമെന്നും അവര്‍ വാദിക്കാനാരംഭിച്ചു. അതിന്റെ ഫലമായി അവരില്‍ ചില ഇളക്കങ്ങളും ഒച്ചപ്പാടുകളും ഉണ്ടായിത്തുടങ്ങി. പൊതു സ്ഥലങ്ങളില്‍ തങ്ങള്‍ക്കു സൈ്വര്യമായി സഞ്ചരിക്കുവാന്‍ സ്വാതന്ത്ര്യാവ കാശങ്ങള്‍ ലഭിക്കണമെന്നും, മറ്റു മനുഷ്യര്‍ക്ക് തങ്ങള്‍ അന്യായമായി കീഴൊതുങ്ങി നടക്കുന്നതല്ലെന്നും അവര്‍ ശഠിച്ചു തുടങ്ങിയതിന്റെ ഫലമായി ജാതിഹിന്ദുക്കളും അധഃകൃതരും തമ്മില്‍ ചില്ലറ ബഹളങ്ങളും മറ്റും ഉണ്ടാവാ നിടയായി. തങ്ങള്‍ക്ക് മനുഷ്യന്റെ പ്രാഥമിക സ്വാതന്ത്ര്യങ്ങള്‍ അനുവദിച്ചു കിട്ടാത്ത പക്ഷം തങ്ങള്‍ അന്യമതങ്ങളെ ശരണം പ്രാപിക്കുന്നതാണെന്നു പറകയും, ചില ദിക്കുകളിലെല്ലാം അവര്‍ കൂട്ടംകൂട്ടമായി ക്രിസ്തുമതത്തിലേക്കും മുഹമ്മദു മതത്തിലേക്കും മതപരിവര്‍ത്തനം ചെയ്യപ്പെടുകയും ചെയ്തു തുടങ്ങി. ഇത്ര എളുപ്പത്തില്‍ സ്വാതന്ത്ര്യം കരസ്ഥമാക്കാമെങ്കില്‍, മതപരിവര്‍ത്തനമാണ് ഏറ്റവും നല്ല മാര്‍ഗമെന്ന് അവരില്‍ തലയുള്ളവര്‍ പറഞ്ഞിരുന്നതനുസരിച്ച് വമ്പിച്ച ജനക്കൂട്ടങ്ങള്‍ ഇതര മതങ്ങളിലേക്കു പോയി സ്വതന്ത്രരായി നടന്നു തുടങ്ങി. 

ഇതിന്റെ ഫലമായി ജാതിഹിന്ദുക്കളുടെ കണ്ണു തുറന്നു. അവര്‍ ജനസംഖ്യ കുറയുന്നതും, തങ്ങളുടെ സ്വാധീന ശക്തി ക്ഷയിക്കുന്നതും കണ്ട് പരിതപിച്ചു തുടങ്ങി. അധഃകൃതരുടെ ഇതരമതങ്ങളിലേക്കു പോകുന്നതി നെ തടയുന്നതിനുള്ള വഴികള്‍ ആരായുവാനും തദ്വാരാ അധഃകൃത പ്രമേയം ഇന്ത്യയിലെ രാഷ്ട്രീയ പ്രവര്‍ത്തകന്മാരു ടേയും സാമൂഹ്യ പരിഷ്‌കാരികളുടേയും ചിന്തക്ക് വിഷയീഭവിക്കുവാനും ഇടയായി.

'അടുത്തുകൂടായ്ക, തൊട്ടുകൂടായ്ക' എന്ന അയിത്താചാരത്തിന്റെ ഫലമായി അധഃകൃതര്‍ അനുഭവിച്ചു പോന്നിരുന്നതും, പോരുന്നതുമായ ദുരിതങ്ങള്‍ക്ക് കയ്യും കണക്കുമില്ല. അവര്‍ എത്രതന്നെ ധനവാന്മാരും വിദ്യാസമ്പന്നരും ശുചിയുള്ളവരും ആയിരുന്നാലും അധഃകൃത വംശത്തില്‍ ജനിച്ചവനായാല്‍ 'അയിത്ത' ജാതിക്കാരനാണത്രെ!

'നരനു നരനശുദ്ധവസ്തുപോലും
ധരയില്‍ നടപ്പതു തീണ്ടലാണുപോലും,
നരകമിവിടമാണു, ഹന്ത! കഷ്ടം!
ഹര! ഹര!! ഇങ്ങിനെ വല്ല നാടുമുണ്ടോ?'

ഇങ്ങിനെയാണ് കേരളത്തിലെ മഹാ കവി പാടിയിട്ടുള്ളത്. സ്വാമി വിവേകാനന്ദന്‍ കേരളത്തിലെ ജാതിക്കോമരങ്ങള്‍ കാട്ടിക്കൂട്ടുന്ന പേക്കൂത്ത് കണ്ടിട്ട് കേരളത്തിന് സമ്മാനിച്ച പേര്‍ 'ഭ്രാന്താലയം' എന്നാണെന്ന് അറിയുമ്പോള്‍ നമ്മുടെ നാളുകളില്‍ ജാതിയുടെ രൗദ്രത എത്രത്തോളമുണ്ടെന്ന് ഊഹിക്കാവുന്നതാണല്ലോ.

സാമുദായികമായ ഈ ദുസ്ഥിതി രാഷ്ട്രീയ കാര്യത്തിലും വിദ്യാഭ്യാസ കാര്യത്തിലും അധഃകൃതരുടെ പുരോഗമനത്തെ തടയുന്നുണ്ടെന്ന് പറയേണ്ടതില്ല. ഇപ്രകാരം പ്രതികൂലമായ സാഹചര്യങ്ങളെ എതിര്‍ത്തു കൊണ്ട് ലോകരംഗത്തേക്ക് ചാടിവീഴാന്‍ ഭാഗ്യം സിദ്ധിക്കുന്ന ചുരുക്കം ചില അധഃകൃത നേതാക്കന്മാരുടെ പരിശ്രമം ഹേതുവായിട്ടാണ് ഗവണ്‍മെണ്ടുകളും പൊതുജന പ്രവര്‍ത്തകന്മാരും ഇപ്പോള്‍ ഹരിജനോദ്ധാ രണം ഒരു പ്രധാന വിഷയമായി സ്വീകരിച്ച് പ്രവൃത്തി പദ്ധതികള്‍ രൂപീകരിച്ചു വരുന്നത്.

അധഃകൃതപ്രശനം ഇപ്പോള്‍ ഇന്ത്യയിലെ രാഷ്ട്രീയ മണ്ഡലങ്ങളില്‍ ഒരു പ്രധാന വിഷയമായി ത്തീര്‍ന്നിട്ടുണ്ട്. ഭരണപരിഷ്‌കാര കാര്യത്തില്‍ ഗൗരവമേറിയ ആലോചനകള്‍ ഇന്ത്യയിലും, ഇംഗ്ലണ്ടിലുമുള്ള അധികാരസ്ഥാനങ്ങളില്‍ വെച്ച് നടന്നുകൊണ്ടിരിക്കുന്ന ഇക്കാലത്ത് അധഃകൃതപ്രമേയം ഇന്ത്യയിലെ ഒരു പ്രധാന ആലോചനാ വിഷയമായി ത്തീര്‍ന്നതില്‍ അത്ഭുതപ്പെടാനില്ലല്ലോ. പൊതുജനങ്ങള്‍ക്കു വേണ്ടി പൊതുജനങ്ങളാല്‍ ഭരിക്കപ്പെടുന്ന ആ മംഗലമായ ഭരണ രീതിയില്‍ പൊതുജനങ്ങളില്‍ പെട്ട എല്ലാ കൂട്ടരും ഭാഗഭാക്കായിത്തീരേണ്ടത് എത്രയും ആവശ്യവും ഉചിതമായിരിക്കുന്നതുമാണ്! ഏതെങ്കിലും ഒരു ജനവിഭാഗത്തെ പുറംതള്ളി വിട്ടുകൊണ്ടുള്ള ഒരു ഭരണ വ്യവസ്ഥ രൂപീകരിക്കുന്നതും ഇന്നത്തെ പരിഷ്‌കൃത രീതിക്ക് ഒട്ടും യോജിച്ചതുമല്ലല്ലോ.

ഹരിജനങ്ങളുടെ ഉന്നമനത്തിന് പ്രതിബന്ധമായി നില്ക്കുന്നത് ജാതിവ്യത്യാസവും വിദ്യാവിഹീനതയും പണത്തിന്റെ അഭാവവുമാ ണെന്ന് നമുക്ക് മൊത്തത്തില്‍ പറയാം. ജാതിവ്യത്യാസവും തജ്ജന്യമായ അയിത്തവും അവരുടെ സര്‍വവിധ അഭ്യുദയ ങ്ങള്‍ക്കും തടസമായിട്ടാണ് നില്ക്കുന്നത്. ഒരധഃകൃതന്‍ എത്ര സമര്‍ത്ഥനും ബുദ്ധിചാതുര്യമുള്ളവനും ആയാലും അവന്‍ അര്‍ഹിക്കുന്ന ഒരു നിലയില്‍ എത്തുവാന്‍ അവന്റെ ജാതി ഒരു പ്രതിബന്ധമായിത്തീരുന്നു. ഡോക്ടര്‍ അംബേഡ്കറെ പോലെയുള്ള ഒരു നേതാവിന് പബ്ലിക് റോഡില്‍ നടക്കാനും പൊതു കിണറ്റില്‍ നിന്ന് വെള്ളം എടുക്കുവാനും താന്‍ വിശ്വസിച്ചുവരുന്ന ഒരു ഹിന്ദു ദേവാലയത്തില്‍ പ്രവേശിക്കാനും പാടില്ലെന്നു വരുന്ന ഒരു സ്ഥിതി എത്രമാത്രം മര്‍മ്മഭേദകമായിരിക്കും? അവന്റെ ഉത്ഗതിക്ക് അതെത്ര മാത്രം തടസമായിരിക്കും എന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ. അതുകൊണ്ട് നിരര്‍ത്ഥകമായ ജാതിവ്യവസ്ഥകള്‍ തീരെ നശിപ്പിക്കാനും എല്ലാ ഹിന്ദു ദേവാലയങ്ങളിലും അവര്‍ക്ക് പ്രവേശനം അനുവദിപ്പിക്കു വാനുമാണ് അവരോട് ആത്മാര്‍ത്ഥമായ സ്‌നേഹമുള്ളവര്‍ ശ്രമിക്കേണ്ടത്. ക്ഷേത്ര പ്രവേശനം കൊണ്ട് അധഃകൃതര്‍ക്ക് മോക്ഷമൊന്നും ലഭിക്കുന്നതല്ല; എങ്കിലും അവര്‍ക്ക് ക്ഷേത്ര പ്രവേശനം ലഭിച്ചാല്‍ ജാതിയുടെ നിരര്‍ത്ഥകതയും രൗദ്രതയും വളരെ വേഗത്തില്‍ നശിച്ചുപോകാന്‍ എളുപ്പമുണ്ട്. അതുകൊണ്ടാണ് അധഃകൃതരുടെ ക്ഷേത്ര പ്രവേശന സംരംഭത്തില്‍ എല്ലാവരും പ്രത്യേകം ഔല്‍സുക്യം പ്രദര്‍ശിപ്പിക്കണമെന്ന് ഞാന്‍ പറയുന്നത്.

രണ്ടാമതായി, വിദ്യാഭ്യാസത്തില്‍ പിന്നണിയില്‍ നില്ക്കുന്ന ഒരു സമുദായത്തിനും ആധുനിക ലോകത്തില്‍ ഒരു അഭിവൃദ്ധിയും ഉണ്ടാകുന്നതല്ല. അതുകൊണ്ട് അധഃകൃതര്‍ക്ക് വിദ്യാഭ്യാസം ഉണ്ടാക്കി ക്കൊടുക്കുന്ന കാര്യത്തില്‍ ഗവണ്‍മെണ്ടുകളും പൊതുജന സേവകന്മാരും പ്രത്യേകം മനസിരുത്തേണ്ടതാണ്. അധഃകൃതര്‍ക്ക് പ്രത്യേകം സ്‌കൂളുകള്‍ ഉണ്ടാക്കി പണം വെറുതെ നശിപ്പിക്കുവാന്‍ ഗവണ്‍മെണ്ടുകള്‍ തുനിയുന്നത് ബുദ്ധിപൂര്‍വമായിരിക്കയില്ല. പൊതുജനങ്ങള്‍ എല്ലാവരും പഠിക്കുന്ന സ്‌കൂളുകളില്‍ ത്തന്നെ വേണം ഹരിജനബാലന്മാരും പഠിക്കുവാന്‍. എന്നാലേ അവര്‍ മറ്റു സമൂദായ ബാലന്മാരുമായി ഇടപഴകുവാനും, അവരുടെ ആചാരങ്ങളും മറ്റും കണ്ടു പഠിക്കുവാനും ഇവര്‍ക്കു സാധിക്കയുള്ളൂ. എല്ലാജാതി കുട്ടികളുമൊരുമിച്ചു പഠിക്കുന്നതു കൊണ്ട് ഇരുകൂട്ടര്‍ക്കും പലേ നന്മകള്‍ ഉണ്ടാകുവാന്‍ വഴിയുണ്ട്. ഹരിജനങ്ങളും മറ്റു വര്‍ഗക്കാരും തമ്മില്‍ ഒത്തൊരുമിച്ചു പഠിച്ചുകൊ ണ്ടിരുന്നാല്‍ കാലക്രമേണ ഹിന്ദു സോപാനത്തിന്റെ മുകള്‍ത്തട്ടിലെ ജനവിഭാഗങ്ങള്‍ക്കു ക്രമേണ അധഃകൃതരോടുള്ള അവജ്ഞ നീങ്ങുന്നതിനും പുറമേ അവരോടു പ്രത്യേകം ഒരു സ്‌നേഹം തോന്നുന്നതിനും കാരണമാകുന്നതാണ്.

മൂന്നാമതായി, എന്നാല്‍ പ്രധാനമായി ഹരിജനങ്ങള്‍ക്ക് സാമ്പത്തികമായ ഉയര്‍ച്ച ഉണ്ടാകേണ്ടതിനാണ് യഥാര്‍ത്ഥ ഹരിജന സേവകര്‍ ഉറ്റു ശ്രമിക്കേണ്ടത്. അധ്വാനശീലരായ ഹരിജനങ്ങള്‍ക്ക് തങ്ങളുടെ പ്രയത്‌ന ത്തിന് തക്ക പ്രതിഫം ഒരിക്കലും കിട്ടിപ്പോരുന്നില്ല. അവര്‍ രാവിലെ മുതല്‍ സന്ധ്യയാകുന്നതു വരെ എല്ലുമുറിയെ പണിയെടുത്താല്‍ അവരുടെ നിത്യവൃത്തിക്ക് വേണ്ടതായ കൂലികിട്ടുന്നില്ല. അതുകൊണ്ടവര്‍ എങ്ങിനെ അവരുടെ ജീവിതം നയിക്കും? ഭക്ഷണം, ഉടുക്കാന്‍ തുണി, വിദ്യാഭ്യാസ ചെലവ് തുടങ്ങിയ ഇനങ്ങള്‍ ഒരു വിധത്തില്‍ ഭംഗിയായി നിര്‍വഹി ക്കുന്നതിന് അവര്‍ക്ക് സാധിക്കാതെ അവര്‍ എത്രമാത്രമാണ് ബുദ്ധിമുട്ടു ന്നതെന്ന് ആരാണ് ശ്രദ്ധിക്കുന്നത്? അവര്‍ക്ക് സംഘടനയില്ല. രണ്ടിടങ്ങഴി നെല്ലിനു വേണ്ടി ജോലിയെടുത്തില്ലെങ്കില്‍ ഒവനെ പിരിച്ചു വിട്ട് വേറെ ഒരുത്തനെ അതിലും കുറഞ്ഞ കൂലിക്കു ജോലിയെടുപ്പിക്കാന്‍ കേരളത്തിലെ മുതലാളിമാര്‍ ശക്തരാണ്. ഹരിജനങ്ങള്‍ക്കു സംഘടനയും തൊഴിലാളി സംഘങ്ങളും ഇല്ലാത്തതുകൊണ്ടാണ് ഇങ്ങനെയുള്ള ദുരവസ്ഥകള്‍ക്ക് അവര്‍ അടിമപ്പെടേണ്ടി വരുന്നത്. വിദ്യാഭ്യാസം പ്രചരിപ്പിക്കുന്നതോടു കൂടി അവരുടെ ഇടയില്‍ തൊഴിലാളി സംഘങ്ങളും പരസ്പര സഹായ സംഘങ്ങളും സ്ഥാപിച്ച് അവരെ മിതവ്യയ ശീലക്കരാക്കാന്‍ അത്യുത്സാഹം ചെയ്യണം. അവര്‍ ചെയ്യുന്ന ജോലികള്‍ക്കു മിതമായ കൂലി കൊടുപ്പാന്‍ എല്ലാ ഹരിജന സേവകന്മാരും ശ്രമിക്കയും, മറ്റുള്ളവരെ പ്രേരിപ്പിക്കുകയും ചെയ്യണം. ഇങ്ങനെ സാമ്പത്തികമായും സാമുദായിക മായും വിദ്യാഭ്യാസപരമായും രാഷ്ട്രീയമായും ഉത്കര്‍ഷങ്ങള്‍ സിദ്ധിച്ചാലേ ഹരിജനോദ്ധാരണം സഫലമായിത്തീരു കയുള്ളൂ. അതിന് നമ്മുടെ പൊതു പ്രവര്‍ത്തകന്മാരും ഗവണ്‍മെണ്ടുകളും ഉള്ളഴിഞ്ഞ് പ്രവര്‍ത്തിക്കുമെന്നു തന്നെ നമുക്ക് ആശ്വസിക്കാം.

*************

1979 ല്‍ കേരളഭാനു ബുക്ഡിപ്പോ, പുതുക്കാട് പ്രസിദ്ധീകരിച്ച കെ ആര്‍ ഭാസ്‌കരന്റെ സാഹിത്യാരാമം ന്നെ കൃതിയില്‍ നിന്നുമാണ് ഈ ലേഖനം ഉദ്ധരിച്ചിട്ടുള്ളത്.