"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, ഏപ്രിൽ 12, ഞായറാഴ്‌ച

സിന്ധൂ നദീതടങ്ങളില്‍ പുതിയൊരു ജീവിതരീതിയുടെ കുളമ്പടികള്‍ - എം ആര്‍ രാഘവ വാര്യര്‍


എംആര്‍ രാഘവവാര്യര്‍
പുസ്തകം: ചരിത്രത്തിലെ ഇന്ത്യ
എം ആര്‍ രാഘവ വാരിയര്‍
പ്രസാധനം: മാതൃഭൂമി ബുക്സ് 
വില: 150 രൂപ 

ഹാരപ്പന്‍ പരിഷ്‌കൃതിയുടെ അന്ത്യഘട്ടത്തെ കുറിക്കുന്ന ചില ഭൗതികാവശിഷ്ടങ്ങള്‍ പലയിടത്തു നിന്നും കിട്ടിയിട്ടുണ്ട്. അരക്ഷിതാ വസ്ഥയും അത്യാചാരങ്ങളും നടന്നതിന്റെ ആ തെളിവുകളില്‍ പുറത്തുനിന്നുള്ള ജനവര്‍ഗങ്ങളുടെ ലക്ഷണങ്ങള്‍ പ്രകടവുമാണ്. ഒരിടത്ത് ആഭരണങ്ങളുടെ ഒരു ഭാണ്ഡം, വേറൊരിടത്ത് ഒരു തലയോട്ടിന്‍ കൂട്ടം. ഹാരപ്പന്‍ പരിഷ്‌കൃതിക്ക് പരിചയമില്ലാത്ത തരം മഴു, കഠാരം, കത്തി മുതലായവയും ഉണ്ട്. നടുഞരമ്പുള്ള ആയുധ മാതൃക പുറത്തുനിന്നു ള്ളവരുടെ വരവാണ് സൂചിപ്പിക്കുന്നത്. ശ്മശാനങ്ങളിലെ അവശിഷ്ട ങ്ങളിലുമുണ്ട് പുറംകൂട്ടായ്മകളുടെ ലക്ഷണമുള്ള ശാരീരിക അവശിഷ്ടങ്ങളും മറ്റും. ഹാരപ്പയുടെ അവസാന ഘട്ടത്തില്‍ പുതുതരം പാത്ര പരിഷ്‌കൃതിയുടെ ലക്ഷണവുമുണ്ട്. ബലൂചിസ്ഥാനിലെ ചില ഹാരപ്പന്‍ സ്ഥാനങ്ങളിലും ഈതേ പാത്ര പരിഷ്‌കൃതിയുടെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. പഞ്ചാബ് ഹരിയാന പ്രദേശങ്ങളില്‍ പില്‍ക്കാല ഹാരപ്പന്‍ പാത്ര ശകലങ്ങളും ഒപ്പം ചാര നിറത്തിലുള്ള പാത്രങ്ങളുടേയും ചായം പൂശിയ ചാരനിറ പാത്രങ്ങളുടേയും ശകലങ്ങളും ഒരേ സാംസ്‌കാരിക വിതാനത്തില്‍ തന്നെ കാണപ്പെട്ടു. ഇപ്പറഞ്ഞ ചാരനിറ പാത്രങ്ങളും ചായംപൂശിയ ചാരനിറ പാത്രങ്ങളും വൈദിക ജനസമൂഹങ്ങളുടേതാ ണെന്നാണ് പൊതുവേ പറയാറുള്ളത്. ആ പാത്രങ്ങളുടെ കാലം ക്രി മു 1200 നോടടുത്താണെ ന്നാണ് ശാസ്ത്രീയ പരീക്ഷണങ്ങള്‍ കാണിക്കുന്നത്. പുറത്തുനിന്നു വന്നവര്‍ വമ്പിച്ച കൂട്ടങ്ങളായി വന്നതിനോ കൂട്ടക്കൊലകള്‍ നടത്തിയതിനോ തെളിവില്ല. ഹാരപ്പന്‍ പരിഷ്‌കൃതിയുടെ ക്ഷീണ ദശയിലായിരിക്കണം പടിഞ്ഞാറു നിന്നുള്ള ജനപ്രയാണങ്ങള്‍ ഉണ്ടായത്.

ഈ ജനപ്രയാണങ്ങളുടെ ഉത്ഭവ സ്ഥാനത്തെക്കുറിച്ച് പല അഭിപ്രായ ങ്ങളുമുണ്ട്. ചിലര്‍ കരുതുന്നത് മധ്യേഷ്യന്‍ പ്രദേശങ്ങളില്‍ നിന്നാണവര്‍ വന്നത് എന്നാണ്. മറ്റ് ചിലര്‍ അഭിപ്രായപ്പെടുന്നത് തെക്കന്‍ റഷ്യയിലെ സ്റ്റപ്പി പ്രദേശങ്ങളില്‍ നിന്നാണെന്നും. വന്ന വഴിയോ? അതിനെക്കുറിച്ചു മില്ല അഭിപ്രായൈക്യം. പല പല വഴികളില്‍ക്കൂടി പല കാലങ്ങളില്‍ പല കൂട്ടങ്ങളായിട്ടാണ് ഈ ജനപ്രയാണം ഉണ്ടായത് എന്ന് കരുതുന്നതാണ് യുക്തിസഹം. പോളണ്ട് മുതല്‍ മധധേഷ്യന്‍ പ്രദേശങ്ങള്‍ വരെ വ്യാപിച്ചു കിടക്കുന്ന സ്റ്റെപ്പി പ്രദേശങ്ങളില്‍ ആടുമാടുകളെ മേച്ചും അല്പസ്വല്പം ധാന്യം വിളയിച്ചും കഴിഞ്ഞുകൂടിയ അവര്‍ കുതിരകളെ മെരുക്കി ചാടുകളില്‍ കെട്ടി സവാരിചെയ്തു. അവര്‍ പടിഞ്ഞാറോട്ടും തെക്കോട്ടും കിഴക്കോട്ടും നീങ്ങി നീങ്ങിപ്പരന്നു. പുല്‍മൈതാനങ്ങളുടെ ദൗര്‍ലഭ്യവും ജനസംഖ്യാ വര്‍ധനവും ഇങ്ങനെയുള്ള നീക്കങ്ങള്‍ക്ക് പ്രേരണയായിട്ടു ണ്ടാകാം. അവര്‍ ചെന്നേടം ചെന്നേടം അതതിടത്തെ ജനങ്ങളുമായി കൂടിക്കലര്‍ന്നു കഴിഞ്ഞുകൂടി പുതിയ മൂപ്പന്മാരായി. ഇങ്ങനെ പെരുകിപ്പരന്നവരാണ് യൂറോപ്പിലും അനത്തോളിയോ പ്രദേശങ്ങളിലും ബാള്‍ട്ടിക്കിലും മറ്റും മറ്റും പില്ക്കാലത്ത് ഉടലാര്‍ന്ന ജനവര്‍ഗങ്ങളുടെ മുതുമുത്തച്ഛന്മാര്‍. അവര്‍ തങ്ങളോടൊപ്പം കുംടുംബക്രമവും പ്രകൃതി ശക്തികളുടെ ആരാധനയുമെല്ലാം ചെന്നേടങ്ങളിലൊക്കെ എത്തിച്ചു. അക്കൂട്ടത്തിലൊരു സംഘം വടക്കു കിഴക്കന്‍ സിറിയയില്‍ ക്രി മു 14 ആം നൂറ്റാണ്ടോടെ പ്രത്യക്ഷപ്പെടുകയുണ്ടായി. ഇന്തോ ഇറാനിയന്‍ പേരുകളുള്ള രാജാക്കന്മാര്‍ അവരുടെ കൂട്ടത്തില്‍ ഉണ്ടായിരുന്നു. അവരുടെ ചില ദേവതകള്‍ക്ക് ഇന്ദര, മിതിര, നാസതിയ, ഉറുവ്‌ന എന്നൊക്കെയാണ് പേരുകള്‍. ഇവക്ക് ക്രമത്തില്‍ ഋഗ്വേദത്തിലെ ദേവതകളായ ഇന്ദ്രന്‍, മിത്രന്‍, നാസതിയന്‍, വരുണന്‍ എന്നീ പേരുകളുമായുള്ള അത്യന്തസാമ്യം ശ്രദ്ധിക്കുക. മധ്യ പൗരസ്ത്യ ദേശങ്ങളിലെ ഈ ജനവര്‍ഗങ്ങള്‍ പുതിയ മേച്ചില്‍ സ്ഥലങ്ങളന്വേഷിച്ച് കിഴക്കോട്ട് കടന്ന കൂട്ടത്തില്‍ സിന്ധു നദിയും അതിന്റെ പോഷക നദികളും ഒഴുകുന്ന പ്രദേശത്തെത്തി. അന്നേക്ക്, അവിടെ നിലനിന്നിരുന്ന സംസ്‌കാരത്തിന്റെ ക്ഷീണ ദശ മൂര്‍ധന്യത്തിലെത്തി കഴിഞ്ഞിരുന്നു. പ്രാചീന ഇറാന്‍ കാരും പ്രാചീന ജനപ്രയാണങ്ങള്‍ വഴി സൈന്ധവ ദേശത്തെത്തിയവരും ഒന്നിച്ചൊരിടത്ത് പണ്ടെന്നോ കഴിഞ്ഞു കൂടിയതിന്റെ ലക്ഷണം ഇരു കൂട്ടരുടേയും ഭാഷകളിലും സാമൂഹ്യ ക്രമങ്ങളിലും ദേവതാ സങ്കല്പങ്ങളിലും ഒക്കെയുണ്ട്.

ഇത് പുറത്തു നിന്നു വന്നവരുടെ കഥ. ഇവിടെത്തന്നെ ഉണ്ടായിരുന്ന വരോ? ഹരപ്പന്‍ പരിഷ്‌കൃതിയുടെ വ്യാപന പ്രദേശങ്ങള്‍ക്ക് പുറത്ത് തദ്ദേശീയ പരിഷ്‌കൃതികള്‍ നിലനിന്നു. അത്തരം പുറം പ്രദേശങ്ങളില്‍ ചിലയിടങ്ങളിലെങ്കിലും ഹരപ്പന്‍ സ്വാധീനം കാണുന്നുണ്ട്. കത്തിയവാറി ന്റെ വടക്കു കിഴക്കു ബനാസ് നദിയുടെ കരയില്‍ നിലനിന്ന ഒരു പരിഷ്‌കൃതിയില്‍ പഴയ കല്ലലകുകള്‍ അപ്രത്യക്ഷമായി ചെമ്പുപകരണ ങ്ങള്‍ പ്രത്യക്ഷപ്പെടുന്നു. പാത്രനിര്‍മ്മാണത്തിലും അവര്‍ക്ക് തനത് രീതിയുണ്ടായിരുന്നു. നദവത്തോളി, നെവാസ, നാസിക്, ജോര്‍വെ തുടങ്ങിയ സ്ഥലങ്ങളിലെ പുരാതത്വ അന്വേഷണങ്ങളില്‍ നിന്നറിയുന്നത് അവിടങ്ങളിലെ ഹരപ്പാനന്തര കാലത്തെ ജനതകള്‍ ഗോതമ്പും നെല്ലും കൃഷിചെയ്തും ആടുമാടുകളെ മേച്ചും ഉപജീവനം കഴിച്ചു എന്നാണ്. ഈ പ്രദേശത്തു നിന്ന് ക്രി മു 13 ആം നൂറ്റാണ്ടിന്റെ അടരില്‍ ഒരു നൂല്‍ക്കഷണം പ്രത്യക്ഷപ്പെട്ടു. അത് പരുത്തിയും പരുക്കന്‍ പട്ടും ചേര്‍ന്നതായിരുന്നു. നെയ്ത്തു വിദ്യയുടെ അറിവിലേക്കാണ് ഇത് വിരല്‍ ചൂണ്ടുന്നത്.

നാസിക്കിലും ജോര്‍വെയിലുമൊക്കെ ഹരപ്പന്‍ സ്വാധീനം കാണുന്നതായി പുരാ തത്വജ്ഞന്മാര്‍ സാക്ഷ്യപ്പെടുത്തുന്നു. അതോടൊപ്പം കിഴക്കേ ഇന്ത്യയില്‍ ഒരു താമ്ര പരിഷ്‌കൃതിയുടെ ലക്ഷണങ്ങളാണ് കിട്ടുന്നത്. അത് ഹരപ്പന്‍ സ്വാധീനത്തെ കുറിക്കുന്നവെന്ന് പറയുന്നവരുണ്ടെങ്കിലും മുണ്ഡാ വര്‍ഗക്കാരുടെ പൂര്‍വിക ജനതയുമായി അതിനെ ബന്ധിപ്പിക്കാനാണ് യുക്തികാണുന്നതെന്ന് മറ്റൊരു കൂട്ടര്‍ ഉറപ്പിക്കുന്നു. അതിന്റെ ഉടമസ്ഥന്മാ രാരായാലും ആ പരിഷ്‌കൃതി ചായം പൂശിയ ചാരനിറ പാത്രങ്ങളുമായി കഴിഞ്ഞുകൂടിയ ഒരു പരിഷ്‌കൃതിക്ക് വഴിമാറി ക്കൊടുത്തു.

ചുരുക്കിപ്പറഞ്ഞാല്‍, ഹരപ്പന്‍ പരിഷ്കൃതിയുടെ പതനത്തിന് ശേഷം സിന്ധൂ നദീതട പ്രദേശത്തു പടിഞ്ഞാറു നിന്നെത്തിയ പുതിയൊരു കൂട്ടര്‍ പെരുകിപ്പരന്നു. പടിഞ്ഞാറു നിന്നുള്ള ജനപ്രയാണം ഒന്നിനു പുറകേ ഒന്നായി അനേകം തരംഗങ്ങളാ യിട്ടായിരുന്നു. അവരാണ് ഋഗ്വേദ പരിഷ്‌കൃതിയുടെ ഉടമകള്‍ അവര്‍ സിന്ധുതട പ്രദേശത്ത് ഹരപ്പന്‍ പരിഷ്‌കൃതിയില്‍ നിന്നു വ്യത്യസ്തമായ ഒരു സംസ്‌കാരത്തിന് വിത്തു പാകി. സിന്ധു തടത്തിന് പുറത്ത് പഴയ ജനവര്‍ഗങ്ങള്‍ അവരവരുടെ പ്രാദേശികങ്ങളായ തനതു പരിഷ്‌കൃതികളുമായി കഴിഞ്ഞുകൂടി; ഋഗ്വേദ പരിഷ്‌കൃതിയുടെ ഉടമകള്‍ പിന്നെപ്പിന്നെ കിഴക്കോട്ടും തെക്കോട്ടും പരക്കുന്നതു വരെ. (പേജ് 34,35,36)


ക്രിസ്തുവിന് മുമ്പ് രണ്ടാം സഹസ്രാബ്ധത്തിന്റെ മധ്യത്തില്‍ അതായത് ക്രി മു 1500 ന് അടുപ്പിച്ച് ആര്യന്മാര്‍ സിന്ധൂ നദീതട പ്രദേശത്ത് എത്തി. അഫ്ഘാനിസ്ഥാന്റെ കിഴക്കന്‍ പ്രദേശങ്ങളിലും സിന്ധു നദിയും അതിന്റെ പോഷക നദികളും ഒഴുകുന്ന തടങ്ങളിലും ഇന്നത്തെ ഉത്തര്‍ പ്രദേശിന്റെ പടിഞ്ഞാറന്‍ പരന്ത്യങ്ങളിലും അവര്‍ വ്യാപിച്ചു എന്നാണ് തെളിവുകള്‍ നല്‍കുന്ന സൂചന. അഫ്ഘാനിസ്ഥാനിലെ കുഭ, സിന്ധു വിന്റെ പോഷക നദികള്‍, സിന്ധു എന്നീ നദികളും സരസ്വതിയും വേദമന്ത്രങ്ങളില്‍ വീണ്ടും പ്രസ്താവിക്കപ്പെടുന്നുണ്ട്. അവയില്‍ സരസ്വതി രാജസ്ഥാനിലെ മരുമണലില്‍ വറ്റിവരണ്ടു പോയി. ഇന്നവിടെയുള്ളത് 'ഘഗ്ഗര്‍' ആറാണ്. (പേജ് 38)

വേഗതകൂടിയ കുതിരകളും ഹരപ്പന്‍ ചക്രങ്ങളെ അപേക്ഷിച്ച് കനം കുറഞ്ഞ ആരക്കാല്‍ ചക്രങ്ങള്‍ ഘടിപ്പിച്ച തേരുകളുമുള്ള ആര്യന്മാര്‍ ശീഘ്രഗതികൊണ്ടും പോര്‍വിരുതു കൊണ്ടുമാണ് പുതുതായി ചെന്നെത്തിയ പ്രദേശങ്ങളില്‍ വിജയശ്രീലാളിതരായത്. കൂടുതല്‍ കാര്യക്ഷമതയുള്ള ആയുധങ്ങളുമുണ്ടായിരുന്നു. ആദ്യമാദ്യം ഇരുമ്പായുധങ്ങളോ ഇരുമ്പിന്റെ അറിവോ ഉണ്ടായിരുന്നില്ല. ഉള്ളതുകൊണ്ടുള്ള ഒരു ഒടുങ്ങാത്ത പോര്‍ എന്തിനായിരുന്നു? കാലിക്കവര്‍ച്ചക്കായിരുന്നു പോരുകളുടെ മുഖ്യ ലക്ഷ്യം. കാലിക്കവര്‍ച്ച് ആര്യന്മാരുടെ ജീവിത ശൈലിയിലും ജീവികാ സമ്പാദനോപാധി യുമായിരുന്നു. (പേജ് 40)

ഋഗ്വേദ സൂത്രങ്ങളില്‍ പഴക്കമേറിയവയില്‍ നിന്ന് അറിയാന്‍ കഴിയുന്നത് വേദകാലാരംഭത്തില്‍ കാലിമേക്കലായിരുന്നു ആര്യന്മാരുടെ മുഖ്യ ജീവിതവൃത്തി എന്നാണ്. പോരുകളധികവും കാലികളെ പിടിച്ചടക്കാനും രക്ഷിക്കാനും വേണ്ടിയാ യിരുന്നു. സമ്പത്തായി കരുതിയിരുന്നതും കാലികളെത്തന്നെ. ഗോക്കളുള്ളവന്‍ എന്ന അര്‍ത്ഥത്തിലുള്ള ഗോമത് എന്ന പദമാണ് ധനികന്‍ എന്ന ആശയം കുറിക്കാന്‍ പ്രയോഗിച്ചിരിക്കുന്നത്. ഗവിഷ്ടി, ഗവേഷണം, ഗവ്യത്, ഗോഷ്ഠാ എന്നിങ്ങനെ പ്രവൃത്തികളുമായി ബന്ധമുള്ള അനേകം പദങ്ങള്‍ 'ഗോ' ശബ്ദത്തില്‍ നിന്ന് നിഷ്പാദിപ്പിച്ച വയാണ്. ഗോത്രങ്ങള്‍ തമ്മിലുള്ള കലഹത്തെ കുറിക്കാന്‍ കാലിക്കവര്‍ച്ച ക്കുള്ള പദമാണ് ഉപയോഗിച്ചത്. വേദകാലത്ത് പ്രത്യേകം പ്രത്യേകം കൂട്ടായ്മകള്‍ക്ക് ഗോത്രങ്ങള്‍ എന്നായിരുന്നു പേര്. ഗോത്രം എന്ന പദത്തിന് ഗോക്കളെ, അതായത് കാലികളെ ത്രാണനം ചെയ്യുന്നത്, രക്ഷിക്കുന്നത് എന്നാണല്ലോ അര്‍ത്ഥം. അതും കാലിസമ്പത്തുമായി ബന്ധപ്പെട്ട ശബ്ദം തന്നെ. ഗോക്കളെ പാലിക്കുന്നവന്‍ എന്നര്‍ത്ഥമുള്ള ഗോപന്‍ എന്നും ഗോക്കളുടെ നാഥന്‍ എന്നര്‍ത്ഥമുള്ള ഗോപതി എന്നുമുള്ള പദങ്ങളാണ് രാജാവ് എന്ന അര്‍ഥത്തില്‍ ഉപയോഗിച്ചിരുന്നത്. തങ്ങള്‍ക്ക് ഏറ്റവും വിലപ്പെട്ടതാ ണല്ലോ ദേവന്മാര്‍ക്ക് സമര്‍പ്പിക്കുന്നത്. വൈദിക യജ്ഞാനുഷ്ഠാനങ്ങളില്‍ ദേവന്മാര്‍ക്ക് സമര്‍പ്പിക്കുന്നത് തികച്ചും കാലികളെ ആയിരുന്നു. കാലികളുടെ വര്‍ധിച്ച പ്രാധാന്യം കാരണം വേദകാല ജനങ്ങളുടെ മുഖ്യതൊഴില്‍ കാലിമേക്കലും കാലിക്കവര്‍ച്ചയും കാലി സംരക്ഷണവുമായി. കാലികളുടെ മാംസമായിരുന്നു മുഖ്യ ആഹാരം. കൂടാതെ പാല്‍, തൈര്‍, വെണ്ണകളും. (പേജ് 41)

Courtesy:ചരിത്രത്തിലെ ഇന്ത്യ