"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, ഏപ്രിൽ 22, ബുധനാഴ്‌ച

മൂന്ന് പെണ്‍പോരാളികള്‍ ; പി സി കുറുമ്പ, കെ സി കാളി, സഖാവ് കുഞ്ഞിപ്പെണ്ണ് - ഒര്‍ണ കൃഷ്ണന്‍കുട്ടിപി.സി.കുറുമ്പ
പി.സി.കുറുമ്പ

ഇരിങ്ങാലക്കുട വയല്‍ വരമ്പ് കരയില്‍ പാറപ്പുറത്ത് ചാത്തന്‍ കുറുമ്പക്കുട്ടി ദമ്പതിമാരുടെ മകള്‍. കുട്ടന്‍കുളം, നടവരമ്പ് സമരങ്ങളിലെ നിറസാന്നിദ്ധ്യം. പുലയര്‍ പാട്ടത്തിന് കൃഷി ചെയ്തുകൊണ്ടിരുന്ന വയല്‍ വരമ്പ്പാടം ഭൂഉടമകളായ നല്ലൂര്‍ മനയ്ക്കാര്‍ മറ്റുള്ളവര്‍ക്ക് പാട്ടത്തിന് കൊടുക്കാന്‍ ശ്രമിക്കുകയും പുലയരെ കൃഷിയിടങ്ങളില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു. ഇതിനെതിരെ തിരുകൊച്ചി പുലയര്‍ മഹാസഭയും കേരള കര്‍ഷക സംഘവും പണിമുടക്കിന് ആഹ്വാനം ചെയ്തു. പുലയര്‍ മഹാസഭയുടെ നേതാവ് പി.കെ.ചാത്തന്‍ മാസ്റ്ററോടൊപ്പം ചേര്‍ന്ന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകരും സഭയുടെ നേതൃത്വത്തിലേക്കും ഉയര്‍ന്നുവന്നു. ഭര്‍ത്താവും ഭാര്യയും ചേര്‍ന്ന് ഇരിങ്ങാലക്കുടയിലും സമീപ പ്രദേശങ്ങളിലും പുലയര്‍ മഹാസഭകെട്ടി പടര്‍ത്തുന്നതില്‍ നിര്‍ണ്ണായ പങ്കാളിത്തം വഹിച്ചു. നടവരമ്പ് പാടത്ത് കൃഷി ചെയ്തുകൊണ്ടിരുന്ന പുലയരെ കൃഷിയില്‍ നിന്നും മാറ്റി നിറുത്തിയ സംഗതി നേരത്തെ സൂചിപ്പിച്ചുവല്ലോ. കൃഷി ഭൂമിയില്‍ നിന്നും പുലയരെ സവര്‍ണര്‍ മാറ്റി നിര്‍ത്തുകയും പാട്ട കൃഷിയ്ക്കായി മറ്റുള്ളവര്‍ക്ക് കൃഷി ഭൂമി നല്‍കുവാന്‍ തീരുമാനിക്കു കയും ചെയ്തു. ഇതിനെ തുടര്‍ന്ന് അരങ്ങേറിയ സമരം കൊണ്ട് ഒട്ടേറെ പുലയര്‍ക്ക് പോലീസിന്റെ ക്രൂരമര്‍ദ്ദനം ഏല്‍ക്കേണ്ടി വന്നു. പി.സി.കുറുമ്പയും ഭര്‍ത്താവും ഈ സമരത്തിന്റെ മുന്നണി പോരാളികളായിരുന്നു. തൊഴിലവസരത്തിനും അനീതികള്‍ക്കും ജാതി പീഡനങ്ങള്‍ക്കും എതിരെ ഇത്ര തീക്ഷ്ണമായ സമരങ്ങള്‍ക്ക് പുലയ സ്ത്രീകള്‍ മുന്നിട്ടിറങ്ങിയ സമരചരിത്രം കേരളത്തിന് ഇന്നും അന്യമാണ്. 

കെ.കൃഷ്ണകുമാരി എഴുതിയിട്ടുള്ള 'സമരപഥങ്ങളിലെ പെണ്‍പെരുമ' പയ്യപ്പിള്ളി ബാലന്‍ എഴുതിയിട്ടുള്ള 'ആലുവ പിന്നെയും ഒഴുകി' എന്നീ കൃതികളില്‍ പോലീസ് നടത്തിയിട്ടുള്ള ഈ നരനായാട്ടിനെ കുറിച്ച് പറയുന്നുണ്ട്. നടവയല്‍ സമരത്തില്‍ പങ്കെടുത്തതിന് പോലീസ് അറസ്റ്റ് ചെയ്യപ്പെട്ട പി.സി.കുറുമ്പയെ ഇരിങ്ങാലക്കുട സബ്ജയിലിലാണ് പാര്‍പ്പിച്ചത്. ഇടപ്പള്ളി പോലീസ് സ്റ്റേഷന്‍ ആക്രമിച്ച് പോലീസുകാരനെ വെട്ടികൊന്ന കേസ്സില്‍ അറസ്റ്റ് ചെയ്യപ്പെട്ട് ജയിലില്‍ അടക്കപ്പെട്ട കര്‍ഷക സംഘം നേതാവ് പി.കെ കുമാരനെയും കുറുമ്പയെയും പാര്‍പ്പിച്ചത് ഒറ്റ ജയിലറയിലാണ് ഇട്ടത്. അത് കൂടാതെ പല പുരുഷ തടവുകാരെയും സ്ത്രീ തടവുകാരോടൊപ്പം സെല്ലുകളില്‍ ഇട്ടിരുന്ന സെല്ലിനകത്ത് അടക്കപ്പെട്ടിരുന്ന പി.സി.കുറുമ്പയുടെ യോനിയില്‍ കര്‍ഷക സംഘം നേതാവ് പി.കെ.കുമാരന്റെ മുഖം കൊണ്ട് ബലമായി പോലീസ് ഉരുമിപ്പിച്ചു. അതിന് വിസമ്മതിച്ച കുമാരനെയും കുറുമ്പയെയും പോലീസ് മൃഗീയമായി മര്‍ദ്ദിക്കുകയുണ്ടായി. ഇടപ്പള്ളി പോലീസ് സ്റ്റേഷന്‍ ആക്രമണ കേസിനെ തുടര്‍ന്ന് പോലീസ് നടത്തിയ നരനായാട്ട് പിന്നീട് വരുന്ന ഭാഗങ്ങളില്‍ തുടര്‍ന്ന് രേഖപ്പെടുത്തുന്നുണ്ട്. പുലയന്റെ കറ തീര്‍ന്ന രക്തം സിരകളില്‍ കൂടിയൊഴുകുന്ന കുറുമ്പയെപ്പോലുള്ള നൂറുകണക്കിന് സമര സഖാക്കളെ ഈ സമുദായം സമൂഹത്തിന് സംഭാവന ചെയ്തിട്ടുണ്ട്. ജയില്‍ മോചിതയായി മൃതപ്രായരായി കഴിഞ്ഞുപോന്ന പി.സി.കുറുമ്പ തികഞ്ഞ വലതുകമ്മ്യൂണിസ്റ്റ് പ്രവര്‍ത്തകയായി കഴിഞ്ഞു പോരുകയായിരുന്നു. പി.സി.കുറുമ്പക്ക് രണ്ട് സഹോദരന്മാരും രണ്ടു സഹോദരിമാരും ഉണ്ടായിരുന്നു. അതില്‍ പി.സി.കുറ (96) ഇന്നും ജീവിച്ചിരിപ്പുണ്ട് (2013) പി.സി.കുറുമ്പകുട്ടി, പി.സി.കുറുമ്പ, ആക്കപ്പിള്ളി ചാമുട്ടി എന്നിവരാണ് മറ്റുള്ളവര്‍. സാമുദായിക രാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍ നിന്നും അവസാനം വിട്ടുനിന്ന പി.സി.കുറുമ്പ ഇരിങ്ങാലക്കുടയിലെ ഒരു കശുവണ്ടി കമ്പനി തൊഴിലാളിയായിട്ടാണ് ജീവിതം പൂര്‍ത്തീകരിച്ചത്. പുല്ലൂരുള്ള അണ്ടികമ്പിനിയില്‍ തൊഴിലാളിയായി അന്ത്യനാളുകളില്‍ കഴിഞ്ഞുകൂടിയ സഖാവിന്റെ 100 ആം ജന്മദിനം ആഘോഷിക്കു ന്നതിനുള്ള പ്രവര്‍ത്തന ങ്ങളുമായി മുന്നോട്ടു പോകുമ്പോഴാണ് പെട്ടെന്ന് സുഖമില്ലാതായി ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും 2013 ഏപ്രില്‍ 3 ന് അന്ത്യശ്വാസം വലിക്കുകയും ചെയ്തു. മരണാനന്തര ചടങ്ങുകള്‍ക്ക് ശേഷം നടവരമ്പ് പൗരാവലി നേതൃത്വത്തില്‍ വലിയ അനുശോചന സമ്മേളനം ചേരുകയും ഉണ്ടായി. മരിക്കുന്നതിന് മുമ്പ് തൃശ്ശൂര്‍ കേരളവര്‍മ്മ കോളേജിലെ ഹിസ്റ്ററി അസോസിയേഷന്‍ പി.സി.കുറുമ്പയുടെ വീട്ടില്‍ വരികയും അവരെ ഗംഭീരമായി അനുമോദിക്കുകയും, ചെയ്ത സേവനങ്ങളെ പ്രകീര്‍ത്തിച്ചുകൊണ്ട് പ്രശസ്തി പത്രം സമര്‍പ്പിക്കുകയും ചെയ്തിരുന്നു. കുറുമ്പയില്ലാത്ത അവരുടെ വീടിന്റെ ഭിത്തിയില്‍ അവര്‍ക്ക് ചരിത്ര വിദ്യാര്‍ത്ഥികള്‍ സമ്മാനിച്ച അംഗീകാരത്തിന്റെ സാക്ഷ്യപത്രം ഇന്നും അവിടെ തൂങ്ങികിടപ്പുണ്ട്. 

കെ.സി.കാളി 

പാലിയം സമര നായിക. സമസ്ത കൊച്ചി പുലയമഹാസഭയുടെ മുകുന്ദപുരം താലൂക്ക് ജോയിന്റ് സെക്രട്ടറി. പാലിയം സത്യാഗ്രഹം നടക്കുമ്പോള്‍ ആ പന്തലില്‍ കയറി പറയില്‍ കുത്തിനിര്‍ത്തിയിരുന്ന തെങ്ങിന്‍പൂക്കുല ഊരിയെടുത്ത് ഇന്‍ക്വലാബ് സിന്ദാബാന്ദ് വിളിച്ച പുലക്കളി. രണ്ടാമത് മുദ്രാവാക്യം വിളിക്കാന്‍ തയ്യാറായ പ്പോഴേക്കും സവര്‍ണ്ണ ഗുണ്ടകള്‍ ചാടിവീണ് മര്‍ദ്ദിച്ചു. പോലീസും കൂടി മര്‍ദ്ദിച്ചു. വീണുകിടന്ന കാളി കുടിക്കാന്‍ ദാഹജലം ആവശ്യപ്പെട്ടപ്പോള്‍ ഒരു തുള്ളിവെള്ളം പോലും കൊടുത്തില്ല. അവശയായ കാളിയെ അടുത്തുള്ള പോലീസ് ക്യാമ്പില്‍ കൊണ്ടുപോയി കിടത്തി. ദാഹജലത്തിന് പകരം സമര പന്തലില്‍ ചോരവാര്‍ന്നു കിടന്ന ഏ.ജി.വേലായുധന്റെ രക്തം ദാഹജലമാണെന്ന് പറഞ്ഞ് ബലമായി രക്തം കുടിപ്പിച്ചു. ഇത്ര നീചമായ വിധത്തില്‍ പോലീസ് മര്‍ദ്ദനത്തിന് കാളി വിധേയയായി. അവസാനം ഏ.ജി.വേലായുധനെയും കാളിയെയും എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വേലായുധന്‍ മരിച്ചവിവരം കാളിയില്‍ നിന്നാണ് പുറംലോകം അറിയുന്നത്. പാലിയം സമരത്തില്‍ കൊടുങ്ങല്ലൂര്‍ കോവിലത്തെ തമ്പുരാട്ടിമാരും അന്തര്‍ജനങ്ങളും പങ്കെടുത്ത് പോലീസ് മര്‍ദ്ദനം ഏല്‍ക്കുകയുണ്ടായി. പാലിയം ക്ഷേത്രത്തിന്റെ മുന്നിലിട്ടാണ് കാളിയെ അടിച്ചു വീഴ്ത്തിയത്. മൃതപ്രായയായി കിടന്നിട്ടും പോലീസ് മര്‍ദ്ദിച്ചു.

സഖാവ് കുഞ്ഞിപ്പെണ്ണ്

പുന്നപ്ര വയലാര്‍ സമരത്തില്‍ 3500 ലധികം പുലയര്‍ കൊലക്കും അതിലധികംപേര്‍ പോലീസ് മര്‍ദ്ദനങ്ങള്‍ക്ക് ഇരയായിട്ടുണ്ടെന്നാണ് പ്രമുഖ ദലിത് ചരിത്രകാരനായ ദലിത് ബന്ധു എന്‍.കെ.ജോസ് 'വയലാര്‍ ലഹള' എന്ന പുസ്തകത്തില്‍ (പേജ് 66) രേഖപ്പെടുത്തി യിട്ടുള്ളത്. പുന്നപ്ര വയലാര്‍ തൊഴിലാളി ക്യാമ്പുകളില്‍ 7800 പേര്‍ ഉണ്ടായിരുന്നു. സമരത്തില്‍ പ്രതികളായി സെന്‍ട്രല്‍ ജയിലില്‍ ഉണ്ടായിരുന്നവര്‍ 317 പേരായിരുന്നു. കേസ്സില്‍ നിന്നും കുട്ടികളും സ്ത്രീകളുമടക്കം 750 പേരെ ഒഴിവാക്കി യതില്‍ കുട്ടികളിലും സ്ത്രീകളിലും ഭൂരിപക്ഷവും പുലയ രായിരുന്നു. പട്ടാളം കൊല ചെയ്യപ്പെട്ടവരെ വെടിക്കുന്നായി മാറിയ സ്ഥലത്തുള്ള കുളത്തിലാണ് ഇട്ട് മണ്ണെണ്ണയും പെട്രോളും തെങ്ങിന്റെ കൊതുമ്പും പട്ടയും കൊണ്ട് ചുട്ടെരിച്ചത്. കുളം ശവങ്ങള്‍കൊണ്ട് നിറഞ്ഞ് കുന്നായി തീരുകയായിരുന്നു. അതാണ് വെടിക്കുന്നായി മാറിയത്.


ഒര്‍ണ കൃഷ്ണന്‍കുട്ടി
പുന്നപ്ര വയലാര്‍ സമരത്തില്‍ പട്ടാളത്തോട് നേര്‍ക്കുനേര്‍ നിന്ന് പടപൊരുതിയ രക്തസാക്ഷിയായ പുലയ സ്ത്രീകളില്‍ ഒരാളാണ് മേനാശ്ശേരി തോപ്പില്‍ വീട്ടില്‍ കുഞ്ഞുപെണ്ണ്. പട്ടാളക്കാരുടെ നേരെ കൊയ്ത്തരിവാളുമായി ചെന്നുനിന്ന് വെല്ലുവിളിച്ചു. പട്ടാളത്തിന്റെ വെടിയുണ്ടയാല്‍ പിടഞ്ഞുവീണ ആ സഖാവിനെ പോലെ എത്രയെത്ര ധീരരക്തസാക്ഷികള്‍ ഈ സമുദായത്തിലുണ്ടാകും. കുഞ്ഞിപ്പെണ്ണായിരുന്നു പുന്നപ്ര സമരത്തിലെ ഏറ്റവും പ്രായം കൂടിയ സ്ത്രീ പോരാളി. പട്ടാളം മേനാശ്ശേരയില്‍ എത്തിയ തറിഞ്ഞ് ക്യാമ്പില്‍ നിന്നും ആളുകള്‍ ജാഥയായി പുറത്തേക്കിറങ്ങി. ജാഥയുടെ മുമ്പില്‍ കൊയ്ത്തരിവാളുമായി കുഞ്ഞിപെണ്ണ് നീങ്ങി. പട്ടാളക്കാരന്‍ തടഞ്ഞിട്ടു നില്‍ക്കാതിരുന്ന അവരുടെ വലത് കൈക്ക് വെടിയേറ്റു. എന്നിട്ടും ആ അമ്മ രക്തം വാര്‍ന്ന് അവിടെ കൂരാപ്പിള്ളി വീടിന്റെ കിഴക്കേ മുറ്റത്ത് ഒരു അമ്പഴമരത്തിന്റെ ചുവട്ടില്‍ കുത്തിയിരുന്നു. വെടിവയ്പ് തുടങ്ങിയപ്പോള്‍ ഒട്ടേറെ സഖാക്കള്‍ ഓടി ഒളിച്ചു എന്നാല്‍ കുഞ്ഞിപ്പെണ്ണും ചോര വാര്‍ന്നൊഴുകിയ അമ്മയെ ശുശ്രൂഷിച്ചുകൊണ്ട് മകന്‍ കണ്ടനും അവിടെ തന്നെയിരുന്നു. വെടിവയ്പ്പ് കഴിഞ്ഞ് അമ്മയെ മക്കള്‍ ചേര്‍ത്തല സര്‍ക്കാര്‍ ആശുപത്രി യില്‍ കൊണ്ടുപോയി. ഒരുമാസത്തോളം ചികിത്സയില്‍ കിടന്നതായി 'ഇന്നലെയുടെ സുവിശേഷങ്ങള്‍' എന്ന കൃതിയില്‍ റോയി മാത്യു വിശദീകരിക്കുന്നു (പേജ് 37) ആശുപത്രിയില്‍ തന്നെ കിടന്നു മരിച്ച അമ്മയെ മതിലകത്തിനടുത്തുള്ള ആനത്തറപൊള്ള എന്നറിയപ്പെടുന്ന ഒരു പൊതുശ്മശാനത്തില്‍, ആശുപത്രിയില്‍ മരിക്കുന്നവരെ പായില്‍ പൊതിഞ്ഞുകൊണ്ടു പോയി മറവ് ചെയ്യുന്ന ശവംതീനി കുട്ടപ്പന്‍ എന്നൊരാള്‍ കൊണ്ടുപോയി അടക്കം ചെയ്തുവെന്ന് കുഞ്ഞിപ്പെണ്ണിന്റെ പേരക്കുട്ടികള്‍ ഓര്‍ക്കുന്നു.

*ലേഖകന്‍ എഴുതുന്ന പുസ്തകത്തില്‍ നിന്നും.