"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, ഏപ്രിൽ 5, ഞായറാഴ്‌ച

പുലയരും ആചാരാനു ഷ്ഠാനങ്ങളും: പുലയ ശനിയാഴ്ചയും കണ്ണാക്ക് പാട്ടും - ഒര്‍ണ കൃഷ്ണന്‍കുട്ടി


പുലയശനിയാഴ്ച
കോട്ടേ ചാര്‍ത്താവ് വേഷം മാറി നടന്ന കാലത്തൊരിക്കല്‍, കുട്ടനാടന്‍ പാടത്തുകൂടി നടക്കാനിടയായി, തന്നെപ്പറ്റി പാട്ടുംപാടി പെണ്ണുങ്ങള്‍ ഞാറുനടന്നത് കണ്ടു. പാട്ടിന്റെ ഈണത്തില്‍ മുഴുകി അല്പനേരം അവിടെ നിന്നു. പാട്ടുക്കാരിക്ക് ചാര്‍ത്താവ് പൊലിവ് കൊടുത്തു പൊലിവ് വാങ്ങിയ ഇട്ട്യാളപ്പെണ്ണിന്റെ കയ്യില്‍ പിടിച്ചു കരയ്ക്കു കയറ്റി. കൂട്ടത്തിലുള്ളവര്‍ അലമുറയിട്ടു. കൂവുകയും കരയുകയും ഒന്നുംവേണ്ട ഇട്ട്യാളപ്പെണ്ണിനെ കാണണമെന്നുണ്ടെങ്കില്‍ ധനുമാസത്തിലെ ഒടുക്കം ശനിയാഴ്ച കോട്ടേ കിഴക്കുവശത്തു വരണം. കോട്ടേ ചാര്‍ത്താവാണ് ഞാന്‍.

ചാര്‍ത്താവ് കൊണ്ടുവന്ന പുലയിപ്പെണ്ണിനെ കോട്ടയുടെ അകത്തേക്ക് കയറ്റിയില്ല. നടയ്ക്ക് കിഴക്ക്‌വശത്ത് ഇട്ട്യയള ഒരു കല്ലായി നിന്നു. ആണ്ടിലൊരിക്കല്‍ ധനുമാസത്തിലെ ഒടുക്കം ശനിയാഴ്ച പുലയരായ പുലയരെല്ലാം ഒരു പിടിക്കതിരുമായി ശാസ്താംകോട്ടയിലേക്ക് പോകും. അന്ന് തീണ്ടലും തൊടീലും ഒന്നുമില്ല. ആളടിയാര്‍ ക്കെല്ലാം അന്ന് പൊതുനിരത്തിലൂടെ യാത്ര ചെയ്യാം. പിറ്റേ ദിവസം രീതിമാറും. പൊതുനിരത്തിലൂടെ വന്ന ആളടിയാര്‍ വെട്ടുവഴിയിലൂടെ ഒളിച്ചും പതുങ്ങിയും തിരിച്ചുപോകും കോട്ടേലേക്ക് വരുന്ന വരവില്‍ തൊട്ടുതീണ്ടാവുന്ന തമ്പുരാട്ടിമാരെയെല്ലാം അവര്‍ തങ്ങളുടെ കൂടെകൊണ്ടു പോകുമായിരുന്നു. അതിനാല്‍ ഉയര്‍ന്ന ജാതിയിലെ സ്ത്രീകള്‍ അന്ന് പുറത്തിറങ്ങുമായിരുന്നില്ല. 

'ഏളും എളുപതും അമ്മനും അമ്മിം
പോരിം പോരിം കോട്ടേലേക്ക്'

ഇങ്ങനെ വിളിച്ചുപറഞ്ഞാണ് വരവ്. ആളടിയാര്‍ ഇട്ട്യയളക്കായി കൊണ്ടുവരുന്ന കതിരിടാന്‍ കോട്ടേ വള്ളോന്‍ പന്തിപ്പായും കോട്ടേപറേന്‍ പന്തിപ്പനമ്പും നിവര്‍ത്തി യിടും. ഈ കതിര് മെതിച്ചാല്‍ ലക്ഷംപറ നെല്ലാണ് നടവരുമാനം. ക്ഷേത്രം തൊട്ടുതീണ്ടരുതെന്ന് വ്യവസ്ഥയുണ്ടായി രുന്നതിനാല്‍ കതിരുമായി വരുന്ന പുലയര്‍ ഇട്ട്യയളക്കരികില്‍ കൂട്ടം കൂടിയിരുന്നു. ആളടിയാര്‍ക്ക് ആണ്ടിലൊരിക്കല്‍ ഇട്ട്യയളയെ കാണാന്‍ ശാസ്താംകോട്ടയില്‍ വരുന്നതിനായി കോട്ടേചാര്‍ത്താവ് കല്‍പ്പിച്ച് നല്‍കിയതാണ് പുലയ ശനിയാഴ്ച. 

കൊല്ലം ജില്ലയിലെ ശാസ്താംകോട്ട കായല്‍ വെട്ടിച്ചതും പുലയരെകൊണ്ട് അടിമ പണി ചെയ്യിച്ചതിനെ പറ്റിയും വെട്ടിയാര്‍ പ്രേംനാഥ് 'മണ്ണും മനുഷ്യരും' എന്ന കൃതിയില്‍ പറയുന്നുണ്ട് (പുറം 162, 163) അഷ്ടമുടികായലിനോട് അടുത്ത പ്രദേശമാണ് ഈ ശുദ്ധജലതടാകം. ഉപ്പുരസമില്ലാത്ത ഏകതടാകവും കേരളത്തില്‍ ഇതാണ്. പാറശാല, ഓച്ചിറ, കുമാരനെല്ലൂര്‍ എന്നീ ചന്തകളില്‍ പുലയര്‍ക്ക് പ്രവേശിക്കുന്നതിന് സ്വാതന്ത്ര്യം നല്‍കിയിരുന്നു. ശാസ്താംകോട്ടയിലേക്ക് ഒരു പ്രത്യേക ശനിയാഴ്ച ദിവസം നിശ്ചയിച്ചു നല്‍കിയതാണ് കൂടുതല്‍ പ്രചാരത്തില്‍ വന്നതും പുലയ ശനിയാഴ്ച എന്നറിയപ്പെട്ടതും. 

കണ്ണാക്ക് പാട്ട് 
തമ്പുരാന്‍ മരിച്ചാല്‍ പുലയരായ ആളടിയാര്‍ അലമുറയിട്ടു കരയും. അവരാണ് തമ്പുരാന്‍ മരിച്ച വിവരം നാട്ടാരെ നിലവിളിച്ച് അറിയിക്കുന്നത്. മരിച്ച ആളിന്റെ ഗുണവും ദോഷവും പറഞ്ഞ് മാറത്തടിച്ച് ഉറക്കെ കരയും. ഇതിനെയാണ് കണ്ണാക്ക് എന്നുപറയുന്നത്. തിരുവനന്തപുരം ജില്ലയില്‍ കണ്ണാക്ക് നടത്തുന്നതിന് കൂലിയുമുണ്ട്.

മാലവെച്ചവന്‍ രണ്ട് കുട്ടികളായപ്പോള്‍ മറ്റൊരുത്തിയോടൊപ്പം പൊറുതിക്കുപോയി. അയാള്‍ക്ക് തോന്നിയപോലെ ജീവിച്ചു. കുട്ടികളേയും ഭാര്യയേയും തിരിഞ്ഞു നോക്കിയില്ല. ചത്ത് തോട്ടുവക്കില്‍ കിടന്നു. ശവം നാറി. ആരും തിരിഞ്ഞുനോക്കിയില്ല. കെട്ടിയ പെണ്ണ് വിവരം അറിഞ്ഞമാത്രയില്‍ ഓടിയെത്തി. പതംപെറുക്കി അലമുറയിട്ടു. കണ്ണാക്കിന് പുലയര്‍ കരഞ്ഞുപാടുന്ന ഒരു പാട്ട് വെട്ടിയാര്‍ പ്രേംനാഥിന്റെ 'മണ്ണും മനുഷ്യരും' എന്ന കൃതിയില്‍ (പേജ് 367) ചേര്‍ത്തിട്ടുണ്ട്. 
അത് ഇതാണ് 

മാറകാമ്പും മളര്‍ തണ്ടള കൊത്ത
കരീം ചേമ്പീംനെറമൊത്തവനേ
ലച്ചംകൂള കൂളലച്ചം കൂള കൂള
ലായിരം ചേറ് പെണ്ണാളച്ചനങ്ങൊണ്ടാരുന്നേ
ലവരെന്തിയേ ലവരെന്തിയേ ലച്ചോ 
ലായിരപ്പെറച്ചാമ വെതച്ചിട്ടേലെന്റച്ചം
എണ്ണികൊണ്ടൊരു ചാമ തന്നവനല്ലച്ചം 
കൂള കൂളലച്ചം കൂള കൂള
ചണ്ടു പുളളങ്ങളും ലേനുമങ്ങാട്ടാ
വന്ന് നിന്നേലച്ചം കൂള കൂള
കായലികൊയിത്തിനങ്ങാളെ മിളിച്ചപ്പം
ഏനങ്ങാ മന്നപ്പം തല്ലിയോടിച്ചേ
പത്തിരുനൂറ് പറപ്പതംലച്ചനും കൊണ്ടമന്നേ
ലച്ചന്റെ പുള്ളങ്ങള് കഞ്ഞാളംമോന്താം
ലതാലൊരുപിടി മങ്കച്ചം തന്നതില്ലേ
ലെപ്പളും പെണ്ണാള് ചുറ്റിനങ്ങൊണ്ടേ
പുത്തുങ്ങാ ചണ്ടിനെ തന്നേച്ചാപോയേ
നുള്ളികൊടുക്കാത്ത തന്തയങ്ങാണേ
ഉറുമ്പരിക്ക്‌ണേ കൂളയങ്ങാല്‌ണേ
പെണ്ണാളൊട്ടില്ലേ പെടക്കാളിയില്ലേ
നാറിപ്പുളുത്താ കെടക്കണേ പാടത്ത്
എണങ്ങരും ചേടാളീം കൂട്ടാളീമില്ലേ
കുഞ്ഞാളിപ്പെണ്ണിന്റെ കൂമ്പാളപ്പരുവത്തി 
ലേനങ്ങെടുത്താ മളുത്തിയതാണേ
കുഞ്ഞാളിപ്പെണ്ണിനെ പെണ്ണയച്ചപ്പം 
പുള്ളങ്ങളേം കൊണ്ടേംതറയിലാമന്നേ
തത്തിയയിലെണങ്ങരങ്ങുണ്ടോണ്ടിരുന്നപ്പം
ഒരെലച്ചോറച്ചംയെങ്ങക്കാതന്നതില്ലേ
പുളളുങ്ങളൊന്നിനേം നോക്കിയതൊട്ടില്ലേ
വെറുചാതിക്കാരുപോലും ചെയ്യാത്തതച്ചം 
ലെങ്ങളേ ചെയിതേകൂള കൂള
കാക്കേം പരന്തുമങ്ങാലണേ തെയ്‌വേ
ചാത്തം കുട്ടിയേലെന്റെ പൊന്നാളമോനേ
തേവനെ കൂടങ്ങ കൂട്ടെട മോനേ
ചെനിപ്പിച്ച തന്തേടെ ചെടമങ്ങാടക്കോ
കൂള കൂളലച്ചം കൂള കൂള
കാരിക്കപ്ലാത്തിയേലങ്ങാമിളിയോ
ലമ്മന്റളിയനെ കൂടാമിളിയോ 
ലമ്മനെ പൂമിതാനമങ്ങാ ചെയ്യട മോനേ
ലാരുമേണേലും പൊറുത്തോട്ടേ മോനേ

തിരുവനന്തപുരം ജില്ലയില്‍ തമ്പ്രാക്കള്‍ മരിച്ചാല്‍ കണ്ണാക്ക് പാടുന്നവര്‍ ഇന്നും ഉണ്ട്. മദ്ധ്യകേരളത്തില്‍ സവര്‍ണര്‍ മാത്രമല്ല ചില പിന്നോക്ക ജാതികാര്‍ മരിച്ചാലും പണിയാളുകളായ പുലയനെയും പുലയിയെയും മരണമറിയിപ്പുമായി വിടുന്ന ഏര്‍പ്പാട് സമീപകാലംവരെ നിലനിന്നിരു ന്നു. മരണം അറിയിച്ചു ചെല്ലുന്നവര്‍ക്ക് വണ്ടികൂലിയും വഴിചെലവും കൊടുത്തുവിടും. മരണം സംഭവിച്ചാല്‍ ഇന്നും അധികം നെഞ്ചത്തടിച്ച് അലറി നിലവിളിക്കുന്ന ഏകജാതികള്‍ പുലയരും പറയരുമാണ്. തങ്ങളില്‍ നിന്നും ഒരാള്‍ നഷ്ടപ്പെടുമ്പോഴുണ്ടാകുന്ന വേദന ഈ വര്‍ഗ്ഗത്തിന്റെതത്ര മറ്റാര്‍ക്കും ഇല്ല എന്നകാര്യം വളരെ സത്യമാണ്. തമിഴ്‌നാട് പോലുള്ള ദ്രാവിഡ ദേശങ്ങളില്‍ ആരെങ്കിലും മരിച്ചാല്‍ നെഞ്ചത്തടിച്ചു കരയുന്നതിന് കൂലിയ്ക്ക് ആളെ കൂട്ടുന്ന ഏര്‍പ്പാട് ഇന്നും നിലവിലുണ്ട്. പുലയര്‍ വിദ്യാഭ്യാസപുരോഗതിയിലും സാംസ്‌കാരിക രംഗത്തും ഉണര്‍ന്നു പ്രവര്‍ത്തിച്ചതോടുകൂടി ഇത്തരം തൊഴിലുകള്‍ ഉപേക്ഷിച്ചുവെന്നു വേണം അനുമാനിക്കാന്‍.


ഒര്‍ണ കൃഷ്ണന്‍കുട്ടി 
കളിത്തരം വീട് 
പണ്ട് കാലങ്ങളില്‍ പുലയ സമുദായത്തിലെ പുരുഷന്മാര്‍ നാടുവിട്ട് വേറൊരു നാട്ടിലേക്ക് വേലക്ക് പോകുമ്പോള്‍ രാത്രി ആയാല്‍ അവര്‍ക്ക് അഭയം നല്‍കുന്ന വീടുകള്‍ക്ക് കളിത്തരം വീടുകള്‍ എന്നാണ് പറയുന്നത്. ഈ വീട്ടിലെ സ്ത്രീകളുടെ മേല്‍ ഇവര്‍ക്ക് പ്രത്യേക അധികാരങ്ങള്‍ ഉണ്ട്. അതിനു 'കുഞ്ഞികുടി മങ്ങലം' എന്ന പേരിലാണ് അറിയപ്പെടുന്നത്. ചിലയിടങ്ങളില്‍ 'വെറ്റില പരിശ്' എന്ന പേരിലും ഈ ആചാരംഅറിയപ്പെടുന്നു. വടക്കന്‍ വീരഗീതങ്ങളില്‍ ഇങ്ങനെയുള്ള ഒട്ടേറെ ചരിത്ര സംഭവങ്ങളും കളിത്തരം വീടുകളെപ്പറ്റിയും കുഞ്ഞികുടി മങ്ങലത്തെപ്പറ്റിയും പരാമര്‍ശിക്കുന്നു മുണ്ട്. കാരിഗുരുക്കളുടെ ചരിത്രത്തില്‍ വെള്ളച്ചിയുമായി കാരിഗുരു ക്കള്‍ക്കുണ്ടായിരുന്ന കുഞ്ഞിമങ്ങല ത്തെപറ്റി സൂചന നല്‍കുന്നുണ്ട്. 

മഹാനായ അയ്യകാളിയുടെ നേതൃത്വത്തില്‍ സാധുജനപരിപാലന സംഘം പുലയര്‍ക്കിട യില്‍ നടത്തിയ കല്ലയും മാലയും ബഹിഷ്‌ക്കരണ സമരം പുലയ സ്ത്രീകള്‍ പിന്‍തുടര്‍ന്നുവന്ന വിലകുറഞ്ഞ മുത്തുമാലകള്‍ കൊണ്ട് മാറുമറയ്ക്കുന്ന പ്രാകൃത രീതി ഉപേക്ഷിച്ച് വസ്ത്രം കൊണ്ട് മാറുമറയ്ക്കുന്നതിനുള്ള അവകാശത്തിനായിട്ടാണ് നടന്നത്. 1915 ല്‍ ഈ ബഹിഷ്‌ക്കരണവും യാഥാര്‍ത്ഥമായി. (ഡോ.ടിഎന്‍.സസീമ, ജനപഥം, നവംബര്‍ 2006, പേജ് 26). ഇതുപോലൊരു പ്രാകൃത ചടങ്ങ് മലബാര്‍ മേഖലകളില്‍ നിന്നിരുന്നു. 'ഏറ്റ് മാറ്റ്' എന്ന നിരര്‍ത്ഥകാചാരം. വാക്ഭടാനന്ദ ഗുരുദേവനെ പോലുള്ളവര്‍ നടത്തിയ പോരാട്ടങ്ങളിലൂടെ യാണ് നിറുത്തല്‍ ചെയ്യാന്‍ ഇടയായത്.

*ലേഖകന്‍ തയാറാക്കുന്ന പുസ്തകത്തില്‍ നിന്നും