"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, ഏപ്രിൽ 22, ബുധനാഴ്‌ച

കേരളത്തിലെ സ്ത്രീ ശാക്തീകരണവും ലണ്ടന്‍ മിഷനറി പ്രസ്ഥാനവും - റവ. ഡോ. ടി ബി പ്രേംജിത് കുമാര്‍


പ്രേംജിത് കുമാര്‍
1906 ല്‍ തെക്കന്‍ തിരുവിതാംകൂറില്‍ പ്രവര്‍ത്തന മാരംഭിച്ച ലണ്ടന്‍ മിഷനറി സൊസൈറ്റി 1908 ല്‍ ദക്ഷിണ ഇന്ത്യ ഐക്യ സഭയില്‍ (സൗത്ത് ഇന്ത്യ യുണൈറ്റഡ് ചര്‍ച്ചസ്) ലയിക്കുന്നതു വരെയുള്ള ഒരു നൂറ്റാണ്ടുകാലത്തെ പ്രവര്‍ത്തനത്തിലൂടെ അത് സമൂഹത്തിന് നല്‍കിയ സംഭാവനകളും പുനരുജ്ജീ വന പ്രവര്‍ത്തനങ്ങളുമാണ് മുന്‍ അധ്യായങ്ങളില്‍ ചര്‍ച്ച ചെയ്തത്. വ്യതിരിക്തമായ ആ പ്രവര്‍ത്തന ങ്ങള്‍ തിരുവിതാംകൂര്‍ ചരിത്രത്തില്‍ നാഴികക്കല്ലു കളായിത്തീര്‍ന്നു. ഇവിടത്തെ അധസ്ഥിതര്‍ക്കും സ്ത്രീകള്‍ക്കും സാമ്പത്തിക, വിദ്യാഭ്യാസ, തൊഴില്‍ മേഖലകളില്‍ ഉന്നത സ്ഥാനവും അവരുടെ ശാക്തീകരണവും യഥാര്‍ത്ഥ്യ മായത് ലണ്ടന്‍ മിഷനറി സൊസൈറ്റിയുടെ ഇടപെടലുക ളിലൂടെയാണ് എന്ന കാര്യം അവിതര്‍ക്കിതമാണ്.

സംഘകാലഘട്ടത്തില്‍ ജാതീയവും സാമുദായികവുമായ വിവേചനങ്ങള്‍ക്ക് കാര്‍ക്കശ്യ മില്ലായിരുന്നു. സ്ത്രീകള്‍ സമൂഹത്തില്‍ അടിച്ചമര്‍ത്ത പ്പെട്ടിരുന്നില്ല. സ്വാതന്ത്ര്യവും സാമൂഹിക വ്യവഹാരങ്ങളില്‍ മാന്യസ്ഥാ നവും അവര്‍ക്ക് ലഭിച്ചിരുന്നു. കല, വിദ്യ, സാഹിത്യം എന്നിവ അവര്‍ക്ക് നിഷേധിക്ക പ്പെട്ടിരുന്നില്ല. ശൈശവ വിവാഹം, പാര്‍ശ്വ വത്കരണം എന്നിവയില്‍ നിന്ന് അവര്‍ മോചിതരായിരുന്നു. വിവാഹം സ്ത്രീയുടെ താത്പര്യപ്രകാരം സ്വയംവര രീതിയിലായിരുന്നു നടത്തിയി രുന്നത്. സ്ത്രീയെ സമൂഹത്തിന്റെ വിളക്കായി കരുതിയ സാമൂഹിക സംസ്‌കാര മായിരുന്നു അന്ന് നിലനിന്നിരുന്നത്. ആര്യന്മാരുടെ അധിനിവേശ ത്തോടെയാണ് സ്ത്രീകളുടെ സാമൂഹിക അവസ്ഥക്ക് സ്ഥാനചലനം നേരിട്ടത്. മനുസ്മൃതിയും ഐതിഹ്യങ്ങളും സ്ത്രീകളെ നിയന്ത്രിക്കാനുള്ള ആയുധങ്ങളായി അവര്‍ പ്രയോഗിച്ചു; പുരുഷാധിപത്യ സംസ്‌കാരം പ്രചരിപ്പിക്ക പ്പെടുകയും സ്ഥാപിക്ക പ്പെടുകയും ചെയ്തു.

കേരളത്തിലെ ഭൂമിയുടേയും അസംസ്‌കൃത വസ്തുക്കളുടേയും ഉടയവരെ ക്ഷേത്രങ്ങളും അതിനോടനുബന്ധിച്ച ജാതിശ്രേണീ ബന്ധങ്ങളും സ്ഥാപിച്ച് നിഷ്‌കാസിതരാക്കി. സമൂഹത്തെ രണ്ടുതട്ടുകളായി വിഭജിച്ചു. എതിരാളികളെ ശുദ്ധി / അശുദ്ധി, കീഴ് / മേല്‍, കറുപ്പ് / വെളുപ്പ് എന്നീ വിവേചനങ്ങള്‍ കൊണ്ട് അടിച്ചമര്‍ത്തി. സവര്‍ണ സംസ്‌കാരം അങ്ങിനെ പ്രബലമായി. സ്ത്രീകളുടെ സ്വത്വം നിഷേധിച്ചു. നെല്‍കൃഷിയും നാണ്യവിളകളും മറ്റ് ഉത്പാദന ഉറവിടങ്ങളും സവര്‍ണര്‍ സ്വന്തമാക്കി. ഭൂമി സ്വന്തമാക്കുക മാത്രമല്ല, പുതിയ ജാതിശ്രേണികള്‍ രൂപപ്പെടുത്തു കയും ചെയ്തു. നാടാര്‍, ഈഴവര്‍, പറയര്‍, പുലയര്‍, കുറവര്‍ എന്നീ വര്‍ഗങ്ങള്‍ കൊടിയ ചൂഷണത്തിന് വിധേയരായി. അവരിലെ സ്ത്രീകളെ പോലും അടിമകളാക്കി. സ്വന്തം നഗ്നത മറയ്ക്കണമെന്ന സാംസ്‌കാരിക അവബോധത്തെ വിലക്കി. നഗ്നമാറിടം കാട്ടിയാണ് ഉന്നതരെ ബഹുമാനിക്കേണ്ട തെന്ന അപരിഷ്‌കൃത രീതി പുതിയ സാംസ്‌കാരിക സ്വത്വമായി അവതരിപ്പിക്കപ്പെട്ടു. പുത്തന്‍ സമ്പര്‍ക്കത്തിലൂടെ മനസിലാക്കിയ സാംസ്‌കാരിക മുറകള്‍ സ്വീകരിക്കുന്നതില്‍ നിന്നും അവരെ തടഞ്ഞു. തൊഴില്‍പരമായി സംഘടിക്കാനോ വേതനം അവകാശപ്പെടാനോ അവര്‍ക്ക് സ്വാതന്ത്ര്യം നല്കിയില്ല. ഭൗതികമായ പൊതു സ്ഥാപനങ്ങള്‍ ഉപയോഗിക്കുന്നതില്‍ നിന്ന് അവരെ അകറ്റി നിര്‍ത്തി. ഭാഷകൊണ്ടും വേഷം കൊണ്ടും സംസാര ശൈലികൊണ്ടും അവര്‍ക്ക് അടയാളങ്ങള്‍ കല്പിച്ചു.

നാടുവാഴികളും ദേശവാഴികളും അടിച്ചമര്‍ത്തി തിരുവിതാംകൂറില്‍ പുതിയ ഭരണവ്യവസ്ഥ ശ്താപിച്ചപ്പോഴും ഭരണകാര്യങ്ങളില്‍ നായര്‍ പടയാളികളും പരദേശി ബ്രാഹ്മണരുമായ ഉദ്യോഗസ്ഥരുമാണ് എല്ലാം നിയന്ത്രിച്ചത്. അവരുടെ സ്വാധീനം ഭരണത്തിലും സമൂഹത്തിന്റെ എല്ലാ അടരുകളിലും പ്രകടമായിരുന്നു. ജാതിവ്യവസ്ഥ യുടെ ക്രൂരതകള്‍ക്കും സാമൂഹിക അനീതികള്‍ക്കും വിധേയരായവര്‍ക്ക് ഭരണ കര്‍ത്താക്കളില്‍ നിന്നും യാതൊരു പരിഗണനയും ലഭിച്ചില്ല. നാടാകെ ബ്രാഹ്മണര്‍ക്ക് സൗജന്യ ഭക്ഷണം നല്കുന്ന ഊട്ടുപുരകള്‍ നിര്‍മിച്ചു. സ്വര്‍ണം കൊണ്ട് തുലാഭാരം നടത്തുക, ബ്രഹ്മണര്‍ക്ക് സ്വര്‍ണവും സമ്പത്തും ലഭിച്ചിരുന്ന ഹിരണ്യഗര്‍ഭം പോലെയുള്ള ആചാരങ്ങള്‍ നിലനിര്‍ത്തുക എന്നതൊക്കെ യായിരുന്നു പല രാജാക്ക ന്മാരും പ്രധാനമായി കണ്ടത്. സ്ത്രീകള്‍ മാറുമറയ്ക്കാന്‍ ഭരണാധികാരികളായ സ്ത്രീകള്‍ക്കു പോലും തയാറായില്ല.

സവര്‍ണ - അവര്‍ണ ജാതികളിലെ സ്ത്രീകള്‍ക്ക് നേരിടേണ്ടി വന്ന സാമൂഹിക അനീതിക്ക് വലിയ വ്യത്യാസമില്ലായിരുന്നു. സവര്‍ണ സ്ത്രീ ഹൃത്തിലെ അടിമ യായിരുന്നു വെങ്കില്‍ അവര്‍ണ സ്ത്രീ സമൂഹ ത്തിന്റെ മുഴുവന്‍ അടിമ യായിരുന്നു. പുരുഷ മേധാവിത്വം, ജന്മിത്വം എന്നിവ സമൂഹത്തിന്റെ എല്ലാ തലങ്ങളിലും ശക്തമായി നിലനിന്നു. പുലപ്പേടി, പറപ്പേടി, മണ്ണാപ്പേടി, എന്നീ സാമൂഹികാ നാചാരങ്ങള്‍ പ്രത്യക്ഷത്തില്‍ സവര്‍ണ സ്ത്രീ സമൂഹത്തെ തകര്‍ക്കുന്ന നഗ്നമായ ആക്രമണങ്ങളാ യിരുന്നെങ്കിലും ഇത്തരം സാമൂഹിക തിന്മകളെ നിരോധി ച്ചപ്പോള്‍ എതിര്‍പ്പ് രേഖപ്പെടുത്തിയത് സവര്‍ണര്‍ തന്നെയായിരുന്നു എന്നത് ചരിത്രത്തിലെ കൗതുകമുണര്‍ത്തുന്ന വൈരുധ്യമാണ്.

സുവിശേഷ പ്രചാരണവും മതപരിവര്‍ത്തനവും ലക്ഷ്യമാക്കി 1806 ല്‍ തെക്കന്‍ തിരുവിതാംകൂറില്‍ എത്തിച്ചേര്‍ന്ന ലണ്ടന്‍ മിഷനറി സൊസൈറ്റിക്ക് അതിന്റെ നിലനില്പിനെ ത്തന്നെ ചോദ്യംചെയ്യുന്ന നിരവധി സംഭവ ബഹുലമായ സാഹചര്യങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. 'വെല്ലൂര്‍ ലഹള'യുടെ കാലഘട്ടമാണ് 1806. ക്രിസ്തുമത പ്രചാരണമാണ് ഈ ലഹളക്ക് കാരണമെന്ന് ബ്രിട്ടീഷുകാര്‍ വിശ്വസിച്ചിരുന്നു. അതിനാല്‍ ബ്രിട്ടീഷ് സര്‍ക്കാരിന് മിഷനറി മാരോടുള്ള സമീപനം അത്ര സൗഹാര്‍ദ പരമായിരുന്നില്ല. എന്നാല്‍ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ചില ഉദ്യോഗസ്ഥരുമായുള്ള അടുപ്പവും അവര്‍ക്ക് ക്രിസ്തുമതത്തോടു ണ്ടായിരുന്ന പ്രതിബദ്ധതയും വിധേയത്വവും ആദ്യകാലത്ത് മിഷനറിമാര്‍ക്ക് ഏറെ പ്രയോജനം ചെയ്തു

1979ല്‍ തിരുവിതാംകൂറും ഈസ്റ്റ് ഇന്ത്യാ കമ്പനിയും ഏര്‍പ്പെട്ട കരാറിന്റെ അടിസ്ഥാനത്തില്‍ തിരുവിതാംകൂറിനുമേല്‍ കമ്പനിക്ക് കൂടുതല്‍ അധികാരം ലഭിച്ചിരുന്നു. കമ്പനി പ്രതിനിധിയായി റസിഡന്റു മാരെ നാട്ടുരാജ്യങ്ങളില്‍ നിയമിച്ചതും മിഷനറി പ്രവര്‍ത്തനങ്ങള്‍ക്ക് സഹായകമായ നടപടിയായിരുന്നു. തിരുവിതാംകൂറിലെ മിഷനറിമാരുടെ മത പ്രചാരണത്തെ ഏറ്റവുമധികം എതിര്‍ത്തിരുന്നത് ദിവാന്‍ വേലുത്തമ്പി യായിരുന്നു. മിഷനറിമാര്‍ക്ക് അവര്‍ ഇഷ്ടപ്പെടുന്ന സഥലങ്ങളില്‍ താമസിക്കാനോ യഥേഷ്ടം സഞ്ചരിക്കാനോ അദ്ദേഹം അനുവാദം നല്കിയില്ല. ക്രൈസ്തവരെ കൈകാലുകള്‍ കൂട്ടിക്കെട്ടി കായലുകളില്‍ താഴ്ത്തിയിരുന്നു അദ്ദേഹം. വേലുത്തമ്പിയുടെ പരാജയം ബ്രിട്ടീഷുകാരുടെ വിജയമായിരുന്നു. മിഷനറിമാര്‍ക്ക് പരോക്ഷക്ഷമായി സഹായകരമായിരുന്നു ആ സാഹചര്യം. 1857 ലെ വിപ്ലവത്തിനു ശേഷം ഇന്ത്യയുടെ ഭരണത്തിന്റെ മേല്‍നോട്ടം ബ്രിട്ടീഷ് സര്‍ക്കാര്‍ നേരിട്ട് വഹിക്കാന്‍ തുടങ്ങിയതും സര്‍ക്കാരിന്റെ പ്രതിനിധിയായി വൈസ്രോ യിമാരെ നിയമിച്ചതും മിഷനറിമാരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ആദ്യം പ്രതികൂലമാണെന്ന് തോന്നിയെങ്കിലും, വാസ്തവത്തില്‍ അത് ഒരു അനുകൂല അന്തരീക്ഷമാണ് സൃഷ്ടിച്ചത്. മിഷനറിമാരോട് അനുകൂല നിലപാടുള്ള റസിഡന്റുമാര്‍ വന്നപ്പോഴൊക്കെ തിരുവിതാംകൂര്‍ സര്‍ക്കാര്‍ മിഷനറി പ്രവര്‍ത്തനത്തിന് ആവശ്യമായ സാഹചര്യം സൃഷ്ടിക്കുന്നതിന് പ്രത്യേകം ശ്രദ്ധിച്ചു.

തെക്കന്‍ തിരുവിതാംകൂറില്‍ 1906 ല്‍ ആരംഭിച്ച ലണ്ടന്‍ മിഷനറി സൊസൈറ്റിയുടെ മിഷനറി പ്രവര്‍ത്തനത്തിന് പിന്നില്‍ നിരവധി വിദേശ മിഷനറിമാര്‍ അണിനിരന്നു. സമത്വം, സാഹോദര്യം, സ്വാതന്ത്ര്യം എന്നിവ ഒരേ സമയത്ത് രാഷ്ട്രീയ സമവാക്യമായും ആത്മീയ ഉന്നതിക്കുള്ള ഉപാധിയായും ഉപയോഗിക്കാമെന്ന് തിരുവിതാംകൂറില്‍ അവര്‍ തെളിയി ച്ചു. സ്ത്രീശാക്തീകരണം, കീഴാള മോചനം, തൊഴില്‍ സ്വാതന്ത്ര്യം, പൗരാവ കാശം എന്നിവ ഉറപ്പുവരുത്താന്‍ മിഷനറി പ്രവര്‍ത്തകര്‍ നേരിട്ട വെല്ലുവിളി കള്‍ നിരവധിയാണ്. 1811 ല്‍ കേണല്‍ മെക്കാളെ തിരുവിതാം കൂറില്‍ ദിവാനായി എത്തിയത് മിഷനറിമാരുടെ പ്രവര്‍ത്തനത്തിന് ആവേശം പകര്‍ന്നു. 'ഊഴിയം' നിര്‍ത്തലാക്കിയതും മാറുമറയ്ക്കാനുള്ള അവകാശം സ്ത്രീകള്‍ നേടിയെടു ത്തതും ഈ കാലയളവിലാണ്.

1855 ല്‍ അടിമത്ത നിരോധന നിയമം പാസാക്കിയത് മിഷന്റെ 12 വര്‍ഷത്തെ സജീവ സമരത്തിന്റെ ഫലമായിട്ടായിരുന്നു. 1850 ല്‍ ജാതി അവശത നിവാരണ നിയമം പാസാക്കിയെങ്കിലും തിരുവിതാംകൂര്‍ സര്‍ക്കാര്‍ നിയമം നടപ്പിലാക്കാന്‍ വിമുഖത കാട്ടുകയാണുണ്ടായത്. ലണ്ടന്‍ മിഷന്റെ ആത്മാര്‍ത്ഥമായ സഹായവും പിന്തുണയും കൊണ്ട് മാത്രമാണ് 1869 ല്‍ സര്‍ക്കാര്‍ ജാതി അസമത്വം അവസാനിപ്പിക്കുകയും എല്ലാ ജാതിയിലുമുള്ള ജനവിഭാഗങ്ങള്‍ക്കും വിദ്യാഭ്യാസ സ്വാതന്ത്ര്യം ഉറപ്പാക്കുന്നതിനുള്ള നിയമം പാസാക്കിയത്. സ്ത്രീകളുടെ സാമ്പത്തിക ശാക്തീകരണം യാഥാര്‍ഥ്യ മാക്കാനുതകുന്ന ഒരു തൊഴില്‍ സംരംഭത്തിന് ആരംഭം കുറിച്ചതും മിഷനറിമാരാ യിരുന്നു. വിദ്യാഭ്യാസത്തിലൂടെയും തൊഴിലിലൂടെയും അധസ്ഥിതരായ സ്ത്രീകള്‍ക്ക് ലഭിച്ച സാമൂഹിക സ്വാതന്ത്ര്യം മറ്റുള്ളവര്‍ക്ക് അസൂയയുളവാക്കും വിധം അത്ഭുതകരമായ നേട്ടം തന്നെയായിരുന്നു. മിഷനറിമാര്‍ നടപ്പിലാക്കിയ സാമ്പത്തിക ശാക്തീകരണ പദ്ധതികള്‍ കമ്പോള സംസ്‌കാരത്തിന്റെ ഭാഗമായിരുന്നില്ല. മറിച്ച്, സ്വാതന്ത്ര്യത്തിന്റെ ബിംബങ്ങളും അടയാളങ്ങളും ആയിരുന്നു.

മറയ്ക്കാത്ത സ്തനങ്ങള്‍ മാന്യതയുടെ ബിംബങ്ങളായിക്കണ്ട അപരിഷ്‌കൃത സംസ്‌കൃതി പൊളിച്ച് മൗലികമായ ധാര്‍മിക പരിസരം സൃഷ്ടിക്കുന്നതില്‍ മിഷനറിമാര്‍ വഹിച്ച പങ്ക് വളരെ വലുതാണ്. 40 വര്‍ഷം നീണ്ട നാടാര്‍ വിപ്ലവം സാമ്രാജ്യത്വത്തിനെതിരെ നടന്ന, ഒരു സമൂഹത്തിന്റെ സുസംഘടിതമായ, സ്ത്രീ വിമോചനത്തിനായുള്ള ആദ്യ സമരമായി പരിഗണിക്കേണ്ടതുണ്ട്. ഇംഗ്ലണ്ടില്‍ വോട്ടവകാശത്തിനും പൗരാവകാശ സംരക്ഷണത്തിനുമായി വനിതകള്‍ സമരങ്ങള്‍ നയിച്ചിട്ടുണ്ട്. എന്തായാലും ആത്മാഭിമാന ത്തിനും വസ്ത്രധാരണ സ്വാതന്ത്ര്യത്തിനുമായി സമരം ചെയ്യേണ്ടി വരിക എന്നത് ഒരു പരിഷ്‌കൃത ലോകത്തിനും ഭൂഷണമല്ലതന്നെ. മാറുമറയ്ക്കാനുള്ള സ്വാതന്ത്ര്യം നേടാന്‍ സ്ത്രീകള്‍ക്ക് 1812 മുതല്‍ 1865 വരെ പല വിളംബരങ്ങളിലൂടെ മുന്നേറേണ്ടി വന്നു. 1857 ല്‍ നടന്ന മഹത്തായ വിപ്ലവത്തിനു മമ്പ് ആരംഭിച്ച് 1865 ല്‍ വിജയം കണ്ട ഈ സമരം ചരിത്രകാരന്മാര്‍ പലരും ബോധപൂര്‍വം തമസ്‌കരിക്കുക യാണുണ്ടായത്.

കീഴ്ജാതിയിലെ സ്ത്രീകള്‍ക്ക് കുടുംബസ്വത്തിന്റെ ഓഹരി ലഭിക്കാത്ത അവസ്ഥ തിരുവിതാംകൂറില്‍ നിലനിന്നിരുന്നു. ഇതിന് കാരണമായ അന്നത്തെ സാമൂഹ്യ ഘടന നീതിനിഷേധത്തിന് ആക്കു കൂട്ടുന്നതാണെന്ന് ആദ്യമായി ചൂണ്ടിക്കാട്ടിയതും മിഷനറിമാരാണ്. നീണ്ട 50 വര്‍ഷത്തെ പരിശ്രമത്തിന്റെ ഫലമായി 1867 ലാണ് സ്ത്രീകള്‍ക്ക് കുടുംബ വസ്തുവിന്റെ ഓഹരി നല്കണമെന്ന നിയമം നിലവില്‍ വന്നത്. 

1870 കോടതികളും അങ്ങാടികളും പൊതു റോഡുകളും ജാതിമത വിവേചനം കൂടാതെ എല്ലാ പേര്‍ക്കും ഉപയോഗിക്കാനുള്ള നിയമം പ്രാബല്യത്തില്‍ വന്നുവെങ്കിലും അത് പ്രയോഗത്തില്‍ വന്നില്ല. മിഷനറിമാരുടെ നീണ്ട നിയമ യുദ്ധത്തിനൊടുവില്‍ 1884 ജൂലൈ 21 ന് പൊതു സ്ഥലങ്ങള്‍ എല്ലാ ജാതിയിലുള്ളവര്‍ക്കും ഉപയോഗിക്കാന്‍ അനുവാദം കൊടുത്തുകൊണ്ട് വിശാഖം തിരുനാള്‍ രാജാവ് പുറപ്പെടു വിച്ച വിളംബരം തിരുവിതാംകൂറിന്റെ ചരിത്രത്തിലെ നിര്‍ണായക വഴിത്തിരിവായിരുന്നു. നൂറ്റാണ്ടു കളായി നിലനിന്നിരുന്ന വിവേചന ത്തിന്റെ മതിലുകളിലൊന്നാണ് അന്ന് തകര്‍ന്നു വീണത്.

സ്ത്രീകള്‍ക്ക് വിദ്യാഭ്യാസം വിലക്കപ്പെട്ട കനിയായിരുന്നു. കീഴ് വഴക്കങ്ങളെ ലംഘിക്കാന്‍ മടിച്ചുനിന്ന സര്‍ക്കാര്‍ പ്രകടിപ്പിക്കാത്ത ധൈര്യമാണ് മിഷനറിമാര്‍ തിരുവിതാംകൂറില്‍ കാട്ടിയത്. അഥസ്ഥിതരായ പെണ്‍കുട്ടികളെ സ്‌കൂളില്‍ താമസിപ്പിച്ച് വിദ്യാഭ്യാസം നല്കിയത് സാമൂഹിക വിപ്ലവമായിരുന്നു. അക്ഷരം അധസ്ഥിതര്‍ക്കും അവകാശപ്പെട്ട താണെന്ന അവബോധം സാംസ്‌കാരിക നൈതികതയിലേക്കുള്ള തിരിച്ചറിവിന് കളമൊരുക്കി. വിദ്യാഭ്യാസത്തിലൂടെ അവര്‍ക്ക് ലഭിച്ച ആത്മബോധവും അംഗീകാരവും കണ്ടില്ലെന്നു നടിക്കാന്‍ കഴിയാത്ത അവസ്ഥ വന്നുചേര്‍ന്നു. പില്ക്കാലത്ത് സ്‌കൂളുകള്‍ ആരംഭിക്കാന്‍ സര്‍ക്കാര്‍ തന്നെ മിഷനറിമാരെ ക്ഷണിച്ചത് അവര്‍ക്ക് ലഭിച്ച അംഗീകാരത്തിന് തെളിവാണ്. അങ്ങനെ ആദ്യമായി കേരളത്തില്‍ സ്ത്രീ വിമോചനത്തിന്റെ ജിഹ്വയായി രംഗത്തു വന്നതും ശക്തമായ ഇടപെടലുകള്‍ നടത്തി സമൂഹത്തില്‍ സമൂലമായ മാറ്റത്തിന് നാന്ദി കുറിച്ചതും ലണ്ടന്‍ മിഷനറി മാരാണ്.

പാശ്ചാത്യ സാങ്കേതിക വിദ്യയും ആരോഗ്യ പരിപാലന രീതിയും തിരുവിതാംകൂര്‍ ജനതക്ക് പകര്‍ന്നു നല്കിയത് മിഷനറിമാരായിരുന്നു. സുവിശേഷ പ്രവര്‍ത്തനത്തിന്റെ ഭാഗമായിട്ടായിരുന്നു വെങ്കിലും, അച്ചടി യന്ത്രം ആദ്യമായി ഇവിടെ എത്തിയതും മിഷനറിമാരിലൂടെയാണ്. അച്ചടി മാധ്യമത്തിലൂടെ സമൂഹത്തെ തകര്‍ത്തിരുന്ന മദ്യപാനം പോലെയുള്ള വിപത്തുകളെ പ്രതിരോധിക്കാനും ജനങ്ങലില്‍ സാമൂഹ്യാവബോധം സൃഷ്ടിക്കാനും കഴിഞ്ഞു. നൂല്‍ നിര്‍മാണവും ചിത്രത്തയ്യലും വൃത്തിയും വെടിപ്പുമുള്ള ഗൃഹാന്തരീക്ഷം സൃഷ്ടിക്കാന്‍ വനിതകളെ നിര്‍ബന്ധിച്ചു. മാത്രമല്ല, ഒന്നിച്ച് ജോലിക്കെത്തുന്നവര്‍ക്ക് നാടിന്റെ ദുസ്ഥിതികള്‍ ചര്‍ച്ച ചെയ്യാനും അവരില്‍ അവകാശങ്ങളെ കുറിച്ചുള്ള അവബോധമുണരാനും അത് ഇട നല്‍കി. അടിമകളായിരുന്നവര്‍ക്ക്, ഈ മേഖലയില്‍ അധ്വാനിച്ചു നേടിയ പണത്തില്‍ നിന്നും ഉടമക്ക് തങ്ങളുടെ വില നല്കിക്കൊണ്ട് സ്വയം വീണ്ടെടുക്കാനും അങ്ങനെ സ്വതന്ത്രരാകാനും കഴിഞ്ഞു. വൃത്തിയുള്ള വസ്ത്രം ധരിച്ചും മാറു മറച്ചും പൂര്‍വകാല സ്വത്വം വീണ്ടെടുക്കാനുള്ള ആത്മധൈര്യം തൊഴിലിലൂടെ അവര്‍ നേടി. വിദ്യാഭ്യാസവും തൊഴിലും അധസ്ഥിതര്‍ക്ക് ലഭിച്ചപ്പോള്‍ ഉടഞ്ഞു വീണത് ഒരു സഹസ്രാബ്ദത്തി ലേറെയായി അനീതിയിലൂടെയും ആക്രമണത്തി ലൂടെയും പടുത്തുയര്‍ത്തിയ ജാതിയധിഷ്ഠിത തൊഴില്‍ വിഭജനത്തി ന്റേയും അയിത്തത്തിന്റേയും വന്‍കോട്ടകളായിരുന്നു. അടിമത്തം, മരുമക്കത്തായം, സംബന്ധം, ശൈശവ വിവാഹം, സീമന്തം, ദേവദാസി സമ്പ്രദായം എന്നിങ്ങനെയുള്ള വിലങ്ങുകളാണ് തകര്‍ന്നു വീണത്. കുടുംബ ജീവിതത്തിന്റെ പവിത്രതയും മാന്യജീവിതത്തിന്റെ മുഖരൂപവും മാഞ്ഞുപോയ തിരുവിതാംകൂറിന്റെ മനസാക്ഷിച്ചുമരില്‍ അവ വീണ്ടും വരച്ചു ചേര്‍ക്കാന്‍ വിദ്യാഭ്യാസത്തിനും തൊഴില്‍ സംരംഭങ്ങള്‍ക്കും കഴിഞ്ഞു എന്നത് സിനാര കാര്യമല്ല. 

അന്ധവിശ്വാസത്തിലൂടെയും അനാചാരങ്ങളിലൂടെയും മാരക രോഗങ്ങളെ സമീപിച്ചിരുന്നവരെ മോചിപ്പിക്കാന്‍ മിഷനറിമാര്‍ക്ക് കഴിഞ്ഞു. ഈ നവീന സാംസ്‌കാരിക അന്തരീക്ഷം ജനങ്ങളും ഭരണവര്‍ഗവും നിശബ്ദമായി സ്വീകരിക്കുകയായിരുന്നു. വര്‍ണ വിവേചനം ഇല്ലാതാക്കു ന്നതില്‍ മുഖ്യപങ്കു വഹിച്ചതും മെഡിക്കല്‍ മിഷന്റെ പ്രവര്‍ത്തന ങ്ങളായിരുന്നു. കേരളത്തിന്റെ സാംസ്‌കാരിക ലോകത്തിന് ഒരു ദിശാബോധം നല്കാന്‍ ലണ്ടന്‍ മിഷനറി പ്രസ്ഥാനത്തിന് കഴിഞ്ഞു. ആധുനിക കേരളത്തിലെ സ്ത്രീ മുന്നേറ്റങ്ങളെ കുറിച്ചുള്ള പഠനങ്ങളില്‍ മിഷനറിമാരുടെ പ്രവര്‍ത്തനങ്ങളെ ഒഴിവാക്കിക്കൊണ്ടുള്ള ഒരു സമീപനം അസാധ്യമാണെന്ന് വ്യക്തം. മിഷനറിമാരില്‍ നിന്നും ലഭിച്ച അനുകൂല സാഹചര്യവും പിന്തുണയും പരമാവധി പ്രയോജനപ്പെടുത്തി ക്കൊണ്ട് നിലനിന്നിരുന്ന ഉച്ചനീചത്വങ്ങള്‍ക്കെതിരെ പട നയിച്ച സ്ത്രീകള്‍, സാമ്പ്രദായിക ഭൂമികയില്‍ നിന്ന് ഏറെക്കുറെ നിഷ്‌കാസിതരായിരിക്കുന്നു എന്നത് അത്യന്തം ഖേദകരമായ വസ്തുതയാണ്.

*പുസ്തകത്തിന് ഗ്രന്ഥകാരന്‍ കൊടുത്തിട്ടുള്ള ഉപസംഹാരമാണിത്.കേരളത്തിലെ സ്ത്രീ ശാക്തീകരണവും ലണ്ടന്‍ മിഷനറി പ്രസ്ഥാനവും - 
പുസ്തകം: റവ. ഡോ. ടി നി പ്രേംജിത് കുമാര്‍ 
പ്രസാധനം: റെയ് വന്‍ പബ്ലിക്കേഷന്‍സ് തിരുവനന്തപുരം. 
വില: 100 രൂപ
Ph.9387462555, 9995488329
e-mail; raven.publication@gmail.com
www.keralabookmark.com