"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, ഏപ്രിൽ 9, വ്യാഴാഴ്‌ച

വിവാഹവും സദാചാരവും പ്രാചീന ഭാരതത്തില്‍ - രാഹുല്‍ സാംസ്‌കൃത്യായന്‍


പുസ്തകം: സാമൂഹ്യരേഖ - രാഹുല്‍ സാംസ്‌കൃത്യായന്‍
പരിഭാഷ: കെ വി മണലിക്കര 
വില: 225 രൂപ.
പ്രസാധനം: ചിന്തപബ്ലിഷേര്‍സ്, തിരുവനന്തപുരം

വിവാഹം സ്ത്രീപുരുഷ ബന്ധം മുതലായ വിഷയങ്ങളില്‍ നിലവിലുള്ള ആചാരമ്പ്രദായങ്ങളെ ആസ്പദിച്ച് അനേകം ഭാരതീയ വിദ്വാന്മാര്‍ ഇവ 'അനാദി'കാലം മുതല്‍ നടപ്പായ ഒന്നാണെന്ന തെറ്റിദ്ധാരണയില്‍ അകപ്പെട്ടിട്ടുണ്ട്. എന്നാല്‍ ആ ധാരണ തികച്ചും തെറ്റാണെന്ന് നമ്മുടെ പുരാതന ഗ്രന്ഥങ്ങള്‍ പരിശോധിച്ചാല്‍ പകല്‍ വെളിച്ചം പോലെ സ്പഷ്ടമാകും. കാലത്തിനൊത്ത് ധര്‍മത്തിലും പരിവര്‍ത്തനമുണ്ടാകുമെന്ന് മഹാഭാരതം പ്രഖ്യാപിക്കുന്നു. സത്യയുഗത്തില്‍ ധര്‍മം നാലുകാലുകളോടെ പൂര്‍ണമായിരുന്നു. ത്രേതായുഗത്തില്‍ യജ്ഞമാരംഭിച്ചു. ദ്വാപര യുഗത്തില്‍ തപസും ദാനവും, കാലിയില്‍ ഭക്തിയും വിവാഹ സംബന്ധമായും പല പരിവര്‍ത്തനങ്ങളും ഏര്‍പ്പെട്ടിട്ടുണ്ടെന്നുള്ളതിന് നമ്മുടെ പുരാതന ഗ്രന്ഥങ്ങളില്‍ നിറയെ പ്രമാണങ്ങളുണ്ട്. 

1. മൈധുന സ്വാതന്ത്ര്യം

ഒരുകാലത്തുണ്ടായിരുന്നു: അന്ന് മനുഷ്യന്റെ മൈഥുനവും ആഹാര നീഹാരാദി നിദ്രകള്‍ പോലെ മൃഗീയമായിരുന്നു. ഇന്നും പിന്നണിയില്‍ കിടക്കുന്ന (ജന - യുഗത്തിലെ) എത്രയോ ജാതികളില്‍ നിസങ്കോച മൈധുന സ്വഭാവം കാണപ്പെടുന്നുണ്ട്! കാലിഫോര്‍ണിയായിലെ ആദിവാസികള്‍ (ഇന്ത്യന്‍സ്) കഴിഞ്ഞ നൂറ്റാണ്ടുവരെ ഇതേ അവസ്ഥയില്‍ കിടന്നിരുന്നു. അമേരിക്കയിലെ മറ്റ് ആദിമ നിവാസികളായ ചിപ് വെ മൈഥുനത്തില്‍ സഹോദരിമാരെന്നും മകളെന്നും അമ്മയെന്നുമുള്ള വ്യത്യാസം പോലും കരുതിയിരുന്നില്ല. കാഡിയക്കുകള്‍, യാസീദികള്‍ മുതലായ ആധുനികവും ഐറിഷും പാരിസികവും പോലത്തെ പുരാതന ജാതികളില്‍ മേല്പറഞ്ഞ മൈഥുന സ്വാതന്ത്ര്യമുണ്ട്. എത്രയോ രാജ്യങ്ങളില്‍ കമ്മി (കുടിയാന്മാര്‍) യുടെ നവവധുവിനെ ഒക്കേലും മുമ്പ് അവന്റെ നാടുവാഴിക്ക് 'വാഴാന്‍' കൊടുക്കുന്ന സമ്പ്രദായം ഇന്നും നിലവിലിരിക്കുന്നു. ക്രി. 1507 ല്‍ എഴുതിയ ഒരു പ്രമാണത്തില്‍ ഫ്രാന്‍സിലെ ഒരു കൗണ്ടിന് തന്റെ ജമീന്ദാരിയില്‍ ഈ അധികാരം കിട്ടിയതായി വിവരിച്ചിട്ടുണ്ട്. ഇത്തരം അധികാരം മറ്റുപല നാടുവാഴികള്‍ക്കും മധ്യകാല യൂറോപ്പില്‍ ലഭിച്ചിരുന്നു. സാമന്തനാണെന്ന കാരണത്താല്‍ അനേകം ക്രിസ്ത്യന്‍ മഠാധിപതികളും ഈ അധികാരം ഉപയോഗപ്പെടുത്തി വന്നു.

സ്വതന്ത്രമായ ഈ യൗനബന്ധത്തില്‍ നാം ആശ്ചര്യപ്പെടേണ്ടതില്ല. നമ്മുടെ നാട്ടില്‍ അത്തരം ഉദാഹരണങ്ങള്‍ അധികമൊന്നും ആശിക്കാറില്ലെങ്കിലും അതേ സംഗതികള്‍ നടന്നിട്ടുണ്ട്. എന്നാല്‍ പില്‍ക്കാലത്ത് ഹിന്ദുക്കള്‍ ആ വക കാര്യങ്ങള്‍ വെളിച്ചത്തു കൊണ്ടുവരാന്‍ ഇഷ്ടപ്പെട്ടില്ല. പുഴ കടക്കുമ്പോഴുണ്ടായ സത്യവതി (മുക്കുവത്തി) പരാശര സമാഗമം പ്രസിദ്ധമാണ്. (മഹാഭാരതം ആദിപര്‍വം 63) ഇവിടെ ഗ്രന്ഥകാരന്‍ പരാശരന്റെ ദിവ്യശക്തി വഴി മൂടല്‍ മഞ്ഞുണ്ടാക്കി നാണം പൊത്താന്‍ ഒരു പരിശ്രമം നടത്തിയെങ്കിലും ഉഥത്യപുത്ര (മഹാഭാരതം ആദിപര്‍വം 10) ദീര്‍ഘതമസ് - ഋഗ്വേദത്തിലെ നിരവധി സൂത്രങ്ങളുടെ കര്‍ത്താവും പിന്നീട് ഗൗതമനെന്ന പേരില്‍ പ്രസിദ്ധനും ഗൗതമ ഗോത്രികളുടെ ഒന്നാമത്തെ പൂര്‍വികനും - ജനങ്ങളുടെ മുമ്പില്‍ വെച്ച് സ്ത്രീ സമാഗമം നടത്തി.

ആ പുരാതന കാലത്ത് തീണ്ടായിരുന്നു കുളിച്ചാല്‍ സ്ത്രീകള്‍ക്ക് ഏതു പുരുഷനോടും സുരതഭിക്ഷ യാചിക്കാമായിരുന്നു. ശര്‍മിഷ്ഠ യയാതിയോട് രതിഭിക്ഷ യാചിച്ചു (മഹാഭാരതം ആദിപര്‍വം 82) അതുമല്ല, ഭിക്ഷ കൊടുക്കല്‍ നിഷേധിക്കപ്പെട്ടാല്‍ ഗര്‍ഭ പാത്രത്തിന് തുല്യമായ പാപമുണ്ടാകുമെന്നും അവിടെ തന്നെ (മഹാഭാരതം ആദിപര്‍വം 3) പ്രതിപാദിച്ചിട്ടുണ്ട്. - ഒരു പക്ഷെ ജനപ്പെരുപ്പം അന്ന് ഏറ്റവും ആവശ്യകരമായ ഒന്നായി കരുതപ്പെട്ടിരിക്കാം. ഉലൂപിയും അര്‍ജുനനോട് ഇപ്രകാരം യാചിച്ചുകൊണ്ട് പറയുന്നു. -'ഒരു സ്ത്രീ പ്രാര്‍ഥിക്കുമ്പോള്‍ ഒരു രാത്രിയുള്ള സമാഗമം അധര്‍മമല്ല' (മഹാഭാരതം ആദിപര്‍വം 214) ഗുരുഭാര്യാ ഗമനവും മാതൃഗമനവും പുരാതന കാലത്ത് തുല്യ മഹാപാപങ്ങളാണെന്ന് വിധിക്കപ്പെട്ടിരുന്നു; പക്ഷെ ഉത്തങ്കന്‍ ഋതുശമനത്തിന് ഗുരുപത്‌നീ സമാഗമം നടത്തുകയും അത് ഒരു മോശപ്പെട്ട പ്രവൃത്തിയായി കരുതിയിരിക്കുകയും ചെയ്തു. (മഹാഭാരതം ആദിപര്‍വം 3) ചന്ദ്രന്‍ ഗുരുഭാര്യ - താര - യെ സ്വീകരിച്ചു. ബുധന്‍ അങ്ങനെ പിറന്ന പുത്രനാണ്. അച്ഛനാകുന്നതിനു വേണ്ടി ഗുരുശിഷ്യന്മാര്‍ തമ്മില്‍ നടന്ന മത്സരം സമാധാനപരമായ ഒത്തുതീര്‍പ്പിലെത്തിച്ചത് താരയുടെ സാക്ഷിപുത്രനാണ്. ഗൗതമഭാര്യയായ അഹല്യയും ഇന്ദ്രനും പരസ്പര ബന്ധത്തിലേര്‍പ്പെട്ടതും സുപ്രസിദ്ധമത്രെ. എന്നാല്‍ ഗൗതമന്‍ അവളെ എന്നെന്നേക്കുമായി (വിമാഹമോചനയോഗ്യ) ഉപേക്ഷിക്കണമെന്ന് തീരുമാനിച്ചു.


സാംസ്‌കൃത്യായന്‍
വിവാഹപ്രസ്ഥാനം സനാതനമല്ല

ഇന്ന് വിവാഹ സമ്പ്രദായത്തിന് ഇന്ത്യയില്‍മത്രമല്ല, മറുനാടുകളിലലും പരിശുദ്ധമായ ഒരു ധാര്‍മിക പ്രസ്ഥാനത്തിന്റെ പദവി കൊടുത്തിട്ടുണ്ട്. എന്നാല്‍ ഭാരതീയ പുരാണ ഗ്രന്ഥങ്ങള്‍ വിളിച്ചു പറയുന്നു അനാദികാലം മുതല്‍ നടപ്പിലിരുന്ന ഒന്നല്ല ഇതെന്ന്. പഞ്ചശിഖനെന്ന ഒരു ഗന്ധര്‍വന്‍ ഒരു ദേവകുമാരിയെ ഒരു താത്കാലിക വിവാഹമെന്ന നിലയില്‍ സ്വീകരിച്ചിട്ടുണ്ട്. അപ്‌സരസുകളും ദേവകന്യകമാരും ഒരുവനെ എന്നെന്നേക്കുമായി പതിയാക്കുന്ന സമ്പ്രദായം കാണിക്കുന്നില്ല. പുരാണങ്ങള്‍ ഇതിന് സാക്ഷ്യം വഹിക്കുന്നു, മഹാഭാരതം ( ആദിപര്‍വം 122) വിളിച്ചു പറയുന്നു ഉത്തരകുരുവില്‍ വിവാഹമെന്ന ഒരേര്‍പ്പാട് ഉണ്ടായിരുന്നില്ലെന്ന്. പുരാതന ഗ്രന്ഥങ്ങളില്‍ കാണുന്ന ഉത്തരകുരു എന്നത് ഒരു കല്പിത ദേശമാണെന്നാണ് തോന്നുക; പക്ഷെ അതിന്റെ മഹത്വവും ഭാരതത്തില്‍ ഒരു നാട്ടിന് അത്തരമൊരു പേര് വന്നുകൂടലും നോക്കുമ്പോള്‍ ഊഹിക്കേണ്ടത് ആര്യന്മാര്‍ ഇന്ത്യയില്‍ പ്രവേശിക്കും മുമ്പ് പാര്‍ത്തിരുന്ന ദേശത്തിന്റെ പേരായിരിക്കണം അതെന്നാണ് - അത് മിക്കവാറും പാമീറിലുള്‍പ്പെട്ട സപ്തസിന്ധു വായിരുന്നു; അതാത് കമ്മയൂണ്‍ വ്യവസ്ഥയില്‍ അവിടെയാണ് അവര്‍ പാര്‍ത്തിരുന്നത്. ഉത്തരകുരുവില്‍ സ്ത്രീകള്‍ സ്വതന്ത്രകളായിരുന്നു; അവിടെ വിവാഹത്തിന്റെ ബന്ധനമുണ്ടായിരുന്നില്ല; (മഹാഭാരതം അനുശാസനപര്‍വം 102) മഹാഭാരതത്തില്‍ത്തന്നെ മുന്‍കാലത്ത് വിവാഹപ്രസ്ഥാനത്തിന്റെ അഭാവത്തെപ്പറ്റി വിവരിച്ചിട്ടുണ്ട്. ഒരുവന്റെ ഭാര്യയെ മറ്റൊരുവന് സന്ദര്‍ഭാനുസാരം ഭാര്യയാക്കാമായിരുന്നു. ഋഷി ഉദ്ദാലകന്റെ ഭാര്യയെ അദ്ദേഹത്തിന്റെ മുമ്പില്‍വെച്ച് മറ്റൊരു മഹഷി കൊണ്ടുപോകാന്‍ തുടങ്ങി. അപ്പോള്‍ ഉദ്ദാലകന്റെ പുത്രന്‍ ശ്വേതകേതു എതിര്‍ത്തു. അച്ഛന്‍ അത് ധാര്‍മികമാണെന്ന് പുത്രനെ ധരിപ്പിച്ചു. ശ്വേതകേതു അതേസമയം ഈ നടപടി നിര്‍ത്തലാക്കുമെന്ന് ശപഥം ചെയ്തതായും ശ്വേതകേതു തന്നെ സഥിരവിവാഹം നടപ്പാക്കിയതായും മഹാഭാരതകഥയില്‍ പറഞ്ഞിട്ടുണ്ട്. ഉദ്ദാലകനും ശ്വേതകേതുവും ഉപനിഷത്തിലെ ഋഷികളാണ്. അവര്‍ ജീവിച്ചിരുന്നത് ക്രി മു 7 ആം നൂറ്റാണ്ടിലാണ്. (ദര്‍ശന രേഖ). മേല്‍ക്കൊടുത്തിരിക്കുന്ന ഉദാഹരണ ങ്ങളില്‍ നിന്ന് സ്പഷ്ടമാകുന്നത്, അന്നുവരെ വിവാഹ ബന്ധത്തില്‍ ഒരു അയവുണ്ടായിരുന്നു എന്നാണ്.

വിവാഹബന്ധത്തിന്റെ ശൈഥില്യം

മഹാഭാരതകാലത്ത് വിവാഹ ബന്ധത്തിന്റെ അയവിനെപ്പറ്റി നിര്‍ണയിക്കാന്‍ കന്യകാജാതന്മാരായ പൂജ്യപുത്രന്മാരെ ദൃഷ്ടാന്തപ്പെടു ത്താം. പാണ്ഡവ ജനനി കുന്തിയായിരുന്ന കാലത്തുതന്നെ കര്‍ണന്‍ എന്നൊരു പുത്രനെ പ്രസവിച്ചു. കന്യകയായ ഗംഗയില്‍ നിന്ന് ശന്തനുവിന് ഭീഷ്മര്‍ ജനിച്ചു. പരാശരന് സത്യവതിയില്‍ (മുക്കുവത്തി) ഉണ്ടായ പുത്രനായിരുന്നു വ്യാസന്‍. പിന്നീട് അതേ സത്യവതി ശന്തനുവിന്റെ റാണിയായി. (മഹാഭാരതം ആദിപര്‍വം 63) മാദ്രിയുടെ മാതൃഭൂമിയായ മദ്രദേശത്തിലെ - ഇന്നത്തെ സ്യാല്‍യോട്ടിനോട് തൊട്ടടുത്തുള്ള പ്രദേശം - സ്ത്രീപുരുഷ ബന്ധത്തെപ്പറ്റി കര്‍ണന്‍ നിശിതമയി വിമര്‍ശിച്ചിരിക്കുന്നു (വനപര്‍വം 306) ഗാന്ധാരത്തിലെ (മദ്രദേശത്തിന്റെ പടിഞ്ഞാറുഭാഗത്തുള്ള ഒരു അയല്‍ രാജ്യം) രാജാവായ ശല്യന്‍ കര്‍ണനെ പരിഹസിച്ചപ്പോള്‍ ശുണ്ഠിപിടിച്ച കര്‍ണന്‍ മദ്ര ഗാന്ധാരത്തിലെ സ്ത്രീലമ്പടത്വം മുതലായ ദുര്‍നടപ്പുകളെ ചൂണ്ടിക്കാണിച്ചു കൊണ്ട് ശകാരിച്ചു. അന്ന് അതെല്ലാം വളരെ മുമ്പുതന്നെ ഗംഗയുടെ ഉന്നത തടത്തോട് യാത്രപറഞ്ഞ് ബഹുദൂരം പോയിക്കഴിഞ്ഞിരുന്നു. കര്‍ണശല്യന്മാരുടെ സംഭാഷണത്തില്‍ നിന്ന് മനസിലാക്കാവുന്നത് മദ്രദേശത്തില്‍ പിതാവ്, പുത്രന്‍, മാതാവ്, ശ്വശ്രു, ശ്വശുരന്‍, മാതുലന്‍, ജാമാതാവ്, മകള്‍, സഹോദരന്‍, അതിഥി, ദാസന്‍, ദാസി എന്നിവരുടെ സങ്കര- യൗന - ബന്ധം ക്രമാതീതമായിരുന്നു എന്നാണ്. അന്ന് അവിടത്തെ സ്ത്രീകള്‍ യഥേച്ഛം പുരുഷസമ്പര്‍ക്കം പുലര്‍ത്തിപ്പോന്നു. അപരിചിതന്മാ രോടൊത്തു ചേര്‍ന്ന് പ്രേമഗീതങ്ങള്‍ പാടാറുണ്ടായിരുന്നു. ഗാന്ധാര കുമാരികളെ പോലെ മദ്രകുമാരികളും മദ്യപാനത്തിലും നൃത്തഗീതാദി കളിലും പങ്കെടുക്കാറുണ്ടായിരുന്നു. അവിടത്തെ വിവാഹബന്ധം അത്ര കടുത്ത ഒരു വസ്തുവായിരുന്നില്ല. സ്ത്രീകള്‍ സ്വതന്ത്രമായി പതികളെ സ്വീകരിച്ചിരുന്നു. മദ്രാകുമാരികള്‍ ലജ്ജാവിഹീനകളും അനാചാരപ്രസക്ത കളുമായിരുന്നു. 

ഒരുവള്‍ക്ക് ബഹുഭര്‍തൃത്വം ആകാമായിരുന്നു എന്നതിന് പ്രാതഃസമരണീയ പഞ്ചകന്യകമാരില്‍ ഒരുവളായ പാഞ്ചാലി ഉദാഹരണമായി നമ്മുടെ മുമ്പില്‍ ഉണ്ട്.

സഹോദരി, പുത്രി, പൗത്രി എന്നിവരെ വിവാഹം ചെയ്യാറുണ്ടായിരുന്നു. എന്നതിന് ഉദാഹരണങ്ങള്‍ എത്രവേണമെങ്കിലും പുരാണ ഗ്രന്ഥങ്ങളിലുണ്ട്. ഇക്ഷ്വാകുവിനാല്‍ നാടുകടത്തപ്പെട്ട കുമാരന്മാര്‍ സ്വസഹോദരികളെ വിവാഹം ചെയ്ത് ശാക്യവംശത്തിന്റെ അടിത്തറ കെട്ടിപ്പടുത്തു. (അനുശാസനപര്‍വം 102) ഇത്തരം വിവാഹം സയാം രാജവംശത്തില്‍ ഇന്നും നിലവിലുണ്ട് ('ജാതകം' നോക്കുക) എന്ന് ദശരഥജാതകം എന്ന ഗ്രന്ഥത്തില്‍ പറയുന്നു, സീത രാമന്റെ സഹോദരിയും ഭാര്യയുമായിരുന്നു എന്ന്. ബ്രഹ്മപുത്രനായ ദക്ഷന്റെ മകള്‍ മുത്തച്ഛനെ (ബ്രഹ്മാവ്) വിവാഹം ചെയ്തു. ബ്ര്ഹ്മാവ് തന്റെ മകള്‍ സരസ്വതിയില്‍ ആസക്തനായെന്ന് പുരാണപ്രസിദ്ധമത്രെ. വിവാഹബന്ധത്തില്‍ പെടാതെതന്നെ സ്ത്രീപുരുഷന്മാര്‍ പരസ്പരബദ്ധരാകുന്ന പതിവിനും അന്ന് ഒട്ടും കുറവുണ്ടായിരുന്നില്ല.

കൂടാതെ പാണ്ഡവകാലം വരെ നടപ്പിലിരുന്ന മറ്റൊരു സമ്പ്രദായം നിയോഗവും ദേവര ധര്‍മവുമായിരുന്നു. അതിന്‍ പ്രകാരം മരിച്ചുപോയ അഥവാ ജീവിച്ചിരിക്കുന്ന ഭര്‍ത്താവിന്റെ പേരില്‍ സ്ത്രീ ഇതര സമ്പര്‍ക്കത്തിലേര്‍പ്പെട്ട് ഉത്പാദനം നടത്തുക എന്നൊരു പതിവുണ്ടാ യിരുന്നു. വ്യാസന്‍ ധൃതരാഷ്ട്രനേയും പാണ്ഡുവിനെയും ഉത്പാദിപ്പിച്ചത് മേല്‍പ്രസ്താവിച്ച നിയമപ്രകാരമാണ്. ബലി എന്ന രാജാവിന് സന്താനമില്ലാതെ വന്നപ്പോള്‍ ഭാര്യയായ സുദേഷ്ണയെ ദീര്‍ഘതമസെന്ന (ഗൗതമന്‍) ഋഷിയുടെ സമീപത്തേക്ക് നിയോഗിച്ചു. അവര്‍ക്കുണ്ടായിരുന്ന പുത്രന്മാരായിരുന്നു അംഗന്‍, വംഗന്‍, കലിംഗന്‍, സുഹ്മന്‍ എന്ന് നാല് പേര്‍. ആദിപര്‍വം 104). ശാരദണ്ഡായനരാജന്‍ വഴിപോകുന്ന ഒരു ബ്രാഹ്മണനെ വിളിച്ച് തന്റെ ഭാര്യയില്‍ പുത്രോത്പാദനം നടത്തി. സൗദാസ്‌നൃപതി സന്താനാര്‍ഥം തന്റെ ഭാര്യയായ ദമയന്തിയെ വസിഷ്ഠന്റെ അടുക്കല്‍ നിയോഗിച്ചു. (ആദിപര്‍വം 122)

'ദേവരന്‍' വളരെ പഴക്കമുള്ള ശബ്ദമാണിത്. റഷ്യന്‍ ഭാഷയിലും ഈ ശബ്ദം (ദേവ്യ) ഭര്‍ത്താവിന്റെ ഇളയ സഹോദരനെ സൂചിപ്പിക്കുന്നു. യാസ്‌കന്‍ നിരുക്തത്തില്‍ (നിരുക്തി....) ദേവരഃ കസ്മാത് ദ്വിതീയോ വര ഉച്യതേ, (ദേവന്‍ എന്നു വെച്ചാല്‍? - കാരണം അവന്‍ രാണ്ടാം വരനാണ്) എന്ന് പ്രഖ്യാപിച്ചിരിക്കുന്നു. ഇതിന്റെ സാരം ഭര്‍ത്താവിന്റെ അഭാവത്തില്‍ ജ്യേഷ്ഠത്തിയുടെ മേലധികാരം അനുജനാണെന്നാണ്. വാല്മീകിയുടെ രാമായണത്തില്‍ മാരീചന്റെ കരച്ചില്‍ കേട്ട് തെറ്റദ്ധരിച്ച സീത ലക്ഷ്മണനോട് രാമനെ സഹായിക്കാന്‍ പോകണമെന്ന് പറഞ്ഞിട്ടും ലക്ഷ്മണന്‍ അനുസരിക്കാത്തതില്‍ സീത ആക്ഷേപം പുറപ്പെടുവിച്ചതി ങ്ങനെയാണ്: 'രാമന്‍ മരിച്ചാല്‍ എന്നെ കിട്ടുമെന്ന് നീ ആഗ്രഹിക്കുന്നു, അതുകൊണ്ട് മാത്രമാണ് നീ പോകാത്തത്'. അതേ രാമായണത്തില്‍, ബാലിപത്‌നിയായ താരയെ ദേവരനായ സുഗ്രീവനും, രാവണപത്‌നിയായ മണ്ഡോദരിയെ വിഭീഷണനും സ്വീകരിച്ചതായി പറയുന്നു. താരയാകട്ടെ, ബാലി ജീവിച്ചിരിക്കവെ തന്നെ.