"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, ഏപ്രിൽ 21, ചൊവ്വാഴ്ച

എന്റെ ജീവിതം - കല്ലേന്‍ പൊക്കുടന്‍

പുസ്തകം: എന്റെ ജീവിതം
കല്ലേന്‍ പൊക്കുടന്‍ 
(ജീവചരിത്രം)
തയ്യാറാക്കിയത്: ശ്രീജിത്ത് പൈതലേന്‍
പ്രസാധനം: ഡി സി ബുക്‌സ്
വില: 100 രൂപ
www.dcbooks.com

കല്ലേനും പൈതലേനും

കണ്ണൂര്‍ ജില്ലയിലെ പുലയര്‍ക്കിടയില്‍ രക്തബന്ധങ്ങള്‍ 'ഇല്ല'ങ്ങളായിട്ടാണ് പറയുക. കല്ലേന്‍ എന്നത് എന്റെ ഇല്ലപ്പേരാണ്. പൈതലേന്‍ എന്നത് എന്റെ ഭാര്യ മീനാക്ഷിയുടെ ഇല്ലപ്പേരും. അമ്മയുടെ ഇല്ലമാണ് മക്കളുടെ ഇല്ലം.

പുലയ സമുദായത്തിനിടയിലും മറ്റ് ജാതിക്കാരുടെ ഇടയിലും ഇങ്ങനെ വ്യത്യസ്ത രക്തബന്ധവ്യവസ്ഥകളുണ്ടായിരുന്നു. കണ്ണൂരിലെ പുലയരുടെ രക്തബന്ധവ്യവസ്ഥയ്ക്ക് ചരിത്രപരമായ ഒരു പശ്ചാത്തലം കൂടിയുണ്ടെന്ന് കാരിഗുരുക്കളുടെ (പുലിമറിഞ്ഞ തൊണ്ടച്ചന്‍ തെയ്യം1) കഥ കേള്‍ക്കു മ്പോള്‍ എനിക്ക് തോന്നിയിട്ടുണ്ട്. ജാതീയ അടിമത്തത്തിന്റെ പഴയ കാലത്തേക്കാണ് അത് എത്തിച്ചേരുക. അന്ന് ഇവിടെ അടിമച്ചന്ത നടന്നുകൊണ്ടിരുന്നത് മാടായിപ്പാറയില്‍ വെച്ചാണെന്നാണ് കാരിഗുരുക്ക ളുടെ കഥയിലെ ദൃഷ്ടാന്തം. ജാതി മേല്‍ക്കോയ്മക്കെതിരെ എന്റെ സമുദായത്തില്‍ നിന്ന് ചെറുത്തുനിന്നവരെയെല്ലാം എതിരാളികള്‍ നേരട്ടോ, സമുദായംഗങ്ങളെ ഉപയോഗിച്ച് ചതിയിലൂടെയോ നേരിട്ടും കൊന്നുകള യുകയോ മര്‍ദ്ദിച്ചൊതുക്കുകയോ ചെയ്തിട്ടുണ്ട്. എന്റെ അനുഭവത്തിലും അറിവിലും എന്നെ രാഷ്ട്രീയമായി സ്വാധീനിച്ച വ്യക്തികളെയും സംഭവങ്ങളെയും കുറിച്ചാണ് ഈ ആത്മകഥ. 

ഏഴോം ഗ്രാമ പഞ്ചായത്തിലെ2 എടക്കീല്‍ത്തറയില്‍ മൂന്നാമനായാണ് കല്ലേന്‍ പൊക്കുടന്‍ എന്ന ഞാന്‍ ജനിച്ചത്. ഏച്ചി (രാധ), ഏട്ടന്‍ (ഗോവിന്ദന്‍ കാഞ്ഞന്‍), അനിയന്‍ (ബാലന്‍) എന്നിവരാണ് കൂടപ്പിറ പ്പുകള്‍. കല്ലേന്‍ പൊക്കുടന്‍ കണ്ടല്‍ പൊക്കുടനായ മാറ്റമാണ് ചുരുക്കത്തില്‍ എന്റെ ജീവിതം. ഈ മാറ്റം പറയും മുമ്പ് കണ്ണൂരിലെ പുലയരുടെ ഇല്ലങ്ങളെക്കുറിച്ച് എനിക്കറിയാവുന്ന കുറച്ച് കാര്യങ്ങള്‍ പറയുന്നത് ഉപകാരപ്രദമായിരിക്കുമെന്ന് കരുതുന്നു.

ഒരില്ലം, രണ്ടില്ലം, മൂന്നില്ലം, .....പത്തില്ലം ഇങ്ങനെ സംഖ്യാനാമത്തിലാണ് കൂട്ടില്ലങ്ങള്‍3 അറിയപ്പെടുന്നത്. ഏതു സംഖ്യയാണോ ഒരുകൂട്ടില്ലത്തെ സൂചിപ്പിക്കുന്നത്; അത്രയും എണ്ണം ചെറിയ വ്യത്യസ്ത ഇല്ലങ്ങള്‍ ഒരു കൂട്ടില്ലത്തില്‍ പെടുന്നു.

ഉദാഹരണത്തിന് കല്ലേന്‍ എന്നത് നാലില്ലം ആണ്. അതായത് കല്ലേന്‍ എന്നത് നാല് വ്യത്യസ്ത 'കല്ലേന്‍ ഇല്ലങ്ങള്‍' ചേര്‍ന്ന ഒരു കൂട്ടില്ലത്തിന്റെ പേരാണ് എന്നര്‍ത്ഥം. 

നിരിച്ചന്‍, ബെലക്കുറിയന്‍, ചാലേന്‍, മാപ്പിടിച്ചേരി, അരിങ്ങളേയന്‍, പുന്നത്തിരിയന്‍, വെമ്പിരിഞ്ഞന്‍, കൊടക്കല്‍, പള്ളിക്കുടിയന്‍, ചെല്ലിരിയന്‍, പടുവത്തിരിയന്‍, മാങ്ങാടന്‍/മാങ്കാടന്‍, അരിങ്ങാടന്‍, ചേലായന്‍, ചേരന്‍, കിളര്‍ക്കുടിയന്‍, മണിയന്‍, മര്‍ന്നാടിയന്‍, പുന്നക്കുടിയന്‍, എരമംഗംലം, കല്ലക്കുടിയന്‍, മാതലാടിയന്‍, നൂലമ്പന്‍, നെല്ലിയാടന്‍, ഇടമന, തളിയില്‍, എരയമ്പത്ത്, പനക്കാച്ചേരി, കുന്നത്ത് എന്നിവയാണ് കണ്ണൂരിലെ മറ്റ് പ്രധാന പുലയ ഇല്ലങ്ങള്‍. ഈ പട്ടിക അപൂര്‍ണ്ണമാണ്. ഒരു കൂട്ടില്ലത്തില്‍പ്പെടുന്ന ഇല്ലക്കാര്‍ തമ്മില്‍ വിവാഹബന്ധം പാടില്ല. എന്നാല്‍ ഒരു കുടുംബത്തിന്റെ സ്വകാര്യ സ്വത്തില്‍ ഇല്ലക്കാര്‍ക്ക് അവകാശമില്ല. നിയമപരമായ മാറ്റങ്ങള്‍ ഇതിനെയും മാറ്റിത്തീര്‍ത്തു. എന്റെ അച്ഛന്‍ അരിങ്ങളേയന്‍ ഇല്ലക്കാരനാണ്. നാലു തലമുറമാത്രം പ്രായം വരുന്ന ഒരു പുലയ ഇല്ലമാണ് ഇത്. 

അച്ഛനും അമ്മയും അച്ഛന്റെ നാടായ കല്ല്യാശ്ശേരിയില്‍ നിന്നും അമ്മയുടെ നാടായ ഏഴോത്ത് എത്തുമ്പോള്‍ ഞാന്‍ ജനിച്ചിരുന്നില്ല. അച്ഛന്‍ വാരത്തിന് കൃഷി ഏറ്റെടുത്ത് നടത്താറുണ്ടായിരുന്ന ചെറുകിട കര്‍ഷകനായിരുന്നു. ആരുടെയെങ്കിലും കൂലിപ്പണിക്ക് പോകുന്നത് അച്ഛന് ഇഷ്ടമല്ലായിരുന്നു. എങ്കിലും ജന്മിയുടെ 'പണിക്കാരന്‍' എന്ന പേര് നിലനിര്‍ത്താന്‍ വേണ്ടി വല്ലപ്പോഴും പണിക്കുപോകും. ഏച്ചിയും ഏട്ടനും വളര്‍ന്നപ്പോള്‍ അവരും പണിക്ക്‌പോയിത്തുടങ്ങി. എനിക്ക് സ്‌കൂളില്‍ ചേരേണ്ട പ്രായമായി. ഏഴോം മൂലയിലെ ഹരിജന്‍ വെല്‍ഫേര്‍ സ്‌കൂളിലാണ് എന്നെ ചേര്‍ത്തത്. രണ്ടാം ക്ലാസ്സില്‍ അഞ്ച് കൊല്ലം ഇരിക്കേണ്ടി വന്നപ്പോള്‍ സ്‌കൂളുമായി പിരിഞ്ഞു. എടക്കീല്‍ത്തറയില്‍ നിന്ന് അരക്കിലോമീറ്റര്‍ ദൂരെയാണ് സ്‌കൂള്‍. മറ്റുകുട്ടികള്‍ക്ക് സ്‌കൂള്‍ ഒന്നരക്കിലോമീറ്റര്‍ ദൂരത്തായിരുന്നു. കോട്ടുമണല്‍ എന്ന മണല്‍ത്തോട് കടന്ന് വേണം എടക്കീല്‍ത്തറയില്‍ നിന്നും സ്‌കൂളിലെത്താന്‍. സ്‌കൂളിന് നേരെ മുന്നിലെ ഒരു കണ്ടി (കലുങ്ക്) കടന്നാല്‍ സ്‌കൂള്‍ മുറ്റമായി. അതിന് പാലവും കൈതാങ്ങിയും ഉണ്ട്. സ്‌കൂളിനെക്കുറിച്ച് കൂടുതല്‍ പിന്നീട് പറയാം. നേരത്തെ പറഞ്ഞ പുലയ ഇല്ലങ്ങളില്‍ പള്ളിക്കുടിയന്‍ ഇല്ലത്തില്‍പ്പെട്ട വിരുന്തിയുടെ മകനാണ് കാരിഗുരുക്കള്‍ എന്ന 'പുലിമറിഞ്ഞ തൊണ്ടച്ചന്‍ തെയ്യം'.

1. വടക്കന്‍ കേരളത്തിലെ പുലയസമുദായക്കാര്‍ കെട്ടിയാടുന്ന തെയ്യം.
2 ഇന്ത്യയിലെ ആദ്യത്തെ സമ്പൂര്‍ണ്ണ സാക്ഷരതാ ഗ്രാമം.
3. ഇല്ലങ്ങളുടെ വ്യത്യസ്ത കൂട്ടം. ഒരു കൂട്ടില്ലം = ഒരു കൂട്ടം ഇല്ലം