"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, ഏപ്രിൽ 29, ബുധനാഴ്‌ച

മാധവന്‍ മാസ്റ്റര്‍ - ആലംബഹീനര്‍ക്കു വേണ്ടി ഒരു പോരാളി - കെ എം കര്‍മചന്ദ്രന്‍


മാധവന്‍ മാസ്റ്റര്‍
ഇരുപതാം നൂറ്റാണ്ടിലെ കേരളത്തിലെ അധഃസ്ഥിതരുടെ ജീവിതത്തേയും പുരോഗതിയേയും പറ്റി അന്വേഷിക്കുന്ന ആര്‍ക്കും അവഗണിക്കാന്‍ പറ്റാത്തതാണ് യശഃശരീരനായ കെ കെ മാധവന്‍ മാസ്റ്ററുടെ സാമൂഹ്യ രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍. സ്വന്തം ആരോഗ്യം പോലും അവഗണിച്ചു കൊണ്ടു ള്ളതായിരുന്നു കര്‍മനിരതമായ ആ ജിവിതം. ഒരു രാഷ്ട്രീയ നേതാവിന്റേത് മാത്രമായിരുന്നില്ല ആ ജീവിതം. സമുദായ പ്രവര്‍ത്തകന്‍, സാമൂഹ്യ വിപ്ലവകാരി, സ്വാതന്ത്ര്യ സമര ഭടന്‍, ട്രേഡ് യൂണിയന്‍ നേതാവ്, അധ്യാപകന്‍, അഭിഭാഷകന്‍, പത്രപ്രവര്‍ത്തകന്‍, യുക്തിവാദി, സഹകാരി, പാരലമെന്റേറിയന്‍ എന്നീ നിലകളിലും അര നൂറ്റാണ്ടിലേറെ തിളങ്ങിയ അദ്ദേഹത്തിന്റെ പ്രവര്‍ത്തന മേഖലകള്‍ വിവരിക്കുമ്പോള്‍ ഒരു ചെറു ലേഖനത്തിന് അതിന്റേതായ പരിമിതികള്‍ ഉണ്ട്. എങ്കിലും അധഃസ്ഥിതരേയും ആലംബഹീനരേയും സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനുള്ള അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ പരാമര്‍ശിക്കപ്പെടേണ്ടവ തന്നെ.

മേല്പറഞ്ഞ ഏത് രംഗത്തായാലും ഋജുവും ആലോചിച്ചുറച്ചതുമായ സമീപനമായിരുന്നു അദ്ദേഹത്തിന്റേതെന്നു ഏറ്റവും അടുത്തു പഴകിയ എനിക്ക് പറയുവാന്‍ കഴിയും. കുടുംബത്തില്‍ സമ്പത്തു നിറയുന്നതും അത് പല വിധത്തില്‍ നഷ്ടപ്പെടുന്നതും നന്നേ ചെറുപ്പത്തില്‍ തന്നെ അനുഭവിച്ചറിഞ്ഞ അദ്ദേഹം ധനം സമ്പാദിക്കുന്നത് ശാശ്വതമായ സമ്പത്തല്ല എന്ന് മനസിലാക്കി. വിദ്യ സമ്പാദിക്കുന്നതിലൂടെയാണ് യഥാര്‍ഥ നവോത്ഥാനം എന്ന് വളരെ ചെറുപ്പത്തില്‍ത്തന്നെ വിലയിരുത്താന്‍ കഴിഞ്ഞു എന്നതാണ് അദ്ദേഹത്തിന്റെ യഥാര്‍ഥ നേട്ടം. പഠനവും മനനവും പല രംഗങ്ങളിലും അദ്ദേഹത്തിന് അംഗീകാരം നേടിക്കൊടുത്തു. സംഗീതവും സാഹിത്യവും അദ്ദേഹത്തിന് അന്യമായിരുന്നില്ല. എന്നാല്‍ ജീവിതത്തിന്റെ സമസ്ത മേഖലകളേയും സ്പര്‍ശിക്കുന്ന രാഷ്ട്രീയ സാമൂഹ്യ പ്രവര്‍ത്തനങ്ങളില്‍ വലിയ ശ്രദ്ധ കൊടുത്തിരുന്നു. താന്‍കൂടി പ്രതിനിധാനം ചെയ്യുന്ന ഒരു വലിയ ജനവിഭാഗം അവശതയില്‍പ്പെട്ട് ഉഴറുമ്പോള്‍ അദ്ദേഹത്തിന് ഈദൃശ പ്രവര്‍ത്തനങ്ങളില്‍ നിന്നും ഒഴിഞ്ഞു നില്ക്കാനാവുമായിരുന്നില്ല.

ഇങ്ങനെയുള്ള തിരക്കേറിയ ജീവിതത്തിനിടയിലും കുടുംബജീവിതത്തില്‍ വളരെ ശാന്തനായി കാണപ്പെട്ടിരുന്നു. ദിനചര്യകള്‍ കഴിഞ്ഞാല്‍ വായന, സന്ദര്‍ശകര്‍ വന്നാല്‍ അവരുമായുള്ള ചര്‍ച്ച ഇതായിരുന്നു രീതി. ഇതിനിടയില്‍ ചെറിയ കുസൃതികളൊക്കെ ഒപ്പിച്ചിരുന്ന മക്കളായ ഞങ്ങളെ ശാസിച്ചോ മര്‍ദ്ദിച്ചോ നിയന്ത്രിക്കാനോ ശ്രമിച്ചിരുന്നില്ല. സ്വാതന്ത്ര്യത്തിന്റെ ശുദ്ധവായു ഞ്ഞളും ധാരാളം ശ്വസിച്ചിരുന്നു എന്ന് സാരം. ഉപദേശങ്ങളും വളരെ കുറവായിരുന്നു. പൊതുവേദികളില്‍ മുഖം നോക്കാതെ സ്വാഭിപ്രായം പറയുന്ന ആളാണ് ഞങ്ങളുടെ അച്ഛന്‍ എന്ന് പിന്നീട് അത്ഭുതത്തോടെയാണ് ഞാന്‍ മനസിലാക്കിയത്.

അധ്യാപകനായും ഗുമസ്തനായും അഭിഭാഷകനായും ജോലിചെയ്‌തെങ്കിലും തന്റെ ഉള്ളിലുള്ള സ്വാതന്ത്ര്യാഭിവാഞ്ഛയെ തൃപ്തിപ്പെടുത്താന്‍ സാധിക്കാതെ അദ്ദേഹം സമൂഹ്യ പ്രവര്‍ത്തനങ്ങളില്‍ വ്യാപരിക്കുക യായിരുന്നു. കൂടാതെ അന്നത്തെ അധഃസ്ഥിത നേതാവ് കെ പി വള്ളോന്‍ എം എല്‍ സി മരണപ്പെടുന്നതിന് മുമ്പ് നല്കിയ ഉപദേശപ്രകാരം മാധവന്‍ മാസ്റ്റര്‍ നേതൃരംഗത്ത് വരേണ്ടതായും വന്നു ചേര്‍ന്നു.

അധഃസ്ഥതിരുടെ കാതലായ പ്രശനങ്ങളെ ശാസ്ത്രീയമായി വിശകലനം ചെയ്തുകൊണ്ടുള്ള സമീപനമായിരുന്നു മാധവന്‍ മാസ്റ്റര്‍ക്ക്. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍, തലമുറകളായി പോഷകാഹാര ദാരിദ്ര്യം അനുഭവിക്കുന്ന വര്‍ക്ക് സമ്പത്തും ജോലിയും മാത്രം നല്കുന്നതു കൊണ്ട് ഉപരിതല സ്പര്‍ശിയായ പരിഹാരം മാത്രമേ ഉണ്ടാകുന്നുള്ളൂ. ശാരീരികവും മാനസിക വുമായ കഴിവുകള്‍ വികസിക്കുന്നതിന് കുറേക്കൂടി പ്രായോഗികമായ പരിപാടികള്‍ ആവശ്യമാണ്. ഇക്കൂട്ടര്‍ക്ക് നെയ്യും പ്രോട്ടീനും നിത്യാഹാര മാക്കിയവരുടെ മക്കള്‍ക്കും ഒരേരീതിയിലുള്ള സാമൂഹ്യ പിന്തുണയല്ല ആവശ്യം. ബുദ്ധിശക്തിയും കായിക ശക്തിയും പാരമ്പര്യക്കുത്തക യാണെന്നുള്ള അവകാശവാദങ്ങളെ അദ്ദേഹം പിച്ചിച്ചീന്തിയെറിഞ്ഞു.

കമ്മ്യൂണിസ്റ്റ് ഇന്റര്‍ നാഷണല്‍ നേതാവായിരുന്ന എം എന്‍ റോയിയുടെ രാഷ്ട്രീയ ദര്‍ശനങ്ങളോടായിരുന്നു എന്നും അദ്ദേഹത്തിന് അടുപ്പം. പിരിച്ചുവിടപ്പെട്ട റോയിസ്റ്റ് ഗ്രൂപ്പിലെ അംഗങ്ങള്‍ക്ക് ഇഷ്ടമുള്ള പ്രസ്ഥാനങ്ങളില്‍ പങ്കെടുക്കാന്‍ അനുമതിയുണ്ടായിരുന്നു. അധികാര രാഷട്രീയത്തോടുള്ള വിരക്തി അന്നേ മാധവനില്‍ വേരൂന്നിയിരുന്നു. എന്നാല്‍ അഭിഭാഷകനായിരുന്ന അദ്ദേഹത്തെ സബ്മജിസ്‌ട്രേറ്റാക്കാം എന്ന ഓഫര്‍ നിരസിക്കാന്‍ കാരണം അധികാരത്തോടുള്ള വിരക്തി എന്നതിലുപരി പ്രവര്‍ത്തന മേഖല ചുരുങ്ങിപ്പോകും എന്ന അസൗകര്യമായിരുന്നു. അക്കാലത്ത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ നിരോധിച്ച തിരു-കൊച്ചി സര്‍ക്കാരിന്റെ നടപടിക്കെതിരേ, തടവില്‍ കഴിഞ്ഞ പാര്‍ട്ടി നേതാവ് ജോര്‍ജ് ചടയംമുറിക്കു വേണ്ടി കോടതിയില്‍ അഭിഭാഷകനെന്ന നിലയില്‍ ഹാജരായി. പ്രശസ്തനായ തൈക്കാട്ട് സുബ്രഹ്മണ്യ അയ്യരായിരുന്നു അന്നത്തെ അഡ്വക്കേറ്റ് ജനറല്‍. അഡ്വക്കേറ്റ് ജനറലിന്റെ വാദത്തില്‍ വാദിഭാഗം വക്കീല്‍ മറുപടി പറയേണ്ട ഘട്ടത്തില്‍ മാധവന്‍ കോടതിയുടെ മുമ്പില്‍ ചെയ്ത മറുപടി പ്രസംഗത്തെ അന്നത്തെ ചീഫ് ജസ്റ്റിസ് കെ ടി കോശി അഭിനന്ദിക്കുക യുണ്ടായി. കേസില്‍ ചടയംമുറിയും അദ്ദേഹത്തിന്റെ പാര്‍ട്ടിയും ജയിച്ചു. കമ്മ്യൂണിസ്റ്റ്കാര്‍ക്ക് പരസ്യമായി പാര്‍ട്ടിപ്രവര്‍ത്തനം നടത്താമെന്നായി. മജിസ്‌ട്രേറ്റ് സ്ഥാനം പോലെതന്നെ, തിരു-കൊച്ചിയിലും കേരളത്തിലും കേന്ദ്ര ഗവണ്‍മെന്റില്‍ തന്നെയും മന്ത്രിയാകുവാന്‍ ഉണ്ടായിരുന്ന അവസരങ്ങള്‍ എല്ലാം തള്ളിക്കളഞ്ഞ മാധവന്‍ താന്‍ ശരിയെന്നുറച്ച കാര്യങ്ങളില്‍ വിട്ടുവീഴ്ച ചെയ്തിരുന്നു വെങ്കില്‍ പല ഉന്നതസ്ഥാനങ്ങളും കൈക്കലാക്കാമായിരുന്നു. നാല് മഹദ്വ്യക്തികളുടെ വമ്പിച്ച സ്വാധീനം അദ്ദേഹം അവകാശപ്പെട്ടിരുന്നു. മഹാത്മാഗാന്ധി, സഹോദരന്‍ അയ്യപ്പന്‍, ഡോ. അംബേഡ്കര്‍, എം എന്‍ റോയി, എന്നിവര്‍. കൗമാരത്തിലേക്ക് കാലുകുത്തുമ്പോള്‍ ഗാന്ധിജിയായിരുന്നു മാധവന്റെ വഴികാട്ടി. സാമൂഹ്യ പ്രവര്‍ത്തനങ്ങളില്‍, പ്രത്യേകിച്ച് യുക്തിവാദി സംഘം പോലെയുള്ള പ്രസ്ഥാനങ്ങളില്‍ സഹോദരന്‍ അയ്യപ്പനാ യിരുന്നു  മാര്‍ഗദര്‍ശി. ഇന്ത്യന്‍ സമൂഹത്തെക്കുറിച്ചുള്ള ഡോ. അംബേഡ്കറുടെ അപഗ്രഥനങ്ങളും, അധഃസ്ഥിത വര്‍ഗങ്ങളുടെ ഉദ്ധാരണ ത്തിനു വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളും മാധവനെ വളരെയധികം സ്വാധീനിക്കുകയുണ്ടായി. എന്നാല്‍ അംബേഡ്കറുടെ എല്ലാ പ്രവര്‍ത്തനങ്ങളും കണ്ണടച്ച് അംഗീകരിച്ചിരുന്നില്ല. അംബേഡ്കറും അനുയായികളും ബുദ്ധമതം സ്വീകരിച്ചത് തെറ്റാണെന്ന അഭിപ്രായമാണ് മാസ്റ്റര്‍ക്ക് ഉണ്ടായിരുന്നത്.

സമുദായപ്രവര്‍ത്തനം

നന്നേ ചെറുപ്പത്തിലേ സ്വന്തം സമുദായത്തിന്റെ മോചനത്തിനായി സ്വപ്‌നം കണ്ടിരുന്ന ഒരു സമുദായ സ്‌നേഹിയായിരുന്നു മാധവന്‍ മാസ്റ്റര്‍. ആ സ്വപ്‌നസാക്ഷാത്കാരത്തിനായി അദ്ദേഹം നിരന്തരം യത്‌നിച്ചു. ഒടുവില്‍ സ്വസമുദായത്തിലെ ഉച്ചനീചത്വങ്ങളും അധഃസ്ഥിതര്‍ക്കു സവര്‍ണരില്‍ നിന്നുള്ള മര്‍ദ്ദനങ്ങളും കേരളത്തിലെങ്കിലും ഒട്ടുമുക്കാലും പരിഹരിക്ക പ്പെട്ടതായി അദ്ദേഹം കാണുകയും അതിലഭിമാനം കൊള്ളുകയും ചെയ്തു. കേരളത്തിലെ പട്ടികജാതിക്കാരില്‍ മൂന്നാമത്തെ ബിരുദധാരിയും ഒന്നാമത്തെ നിയമ ബിരുദ ധാരിയുമായിരുന്ന മാധവന്‍ കോളേജില്‍ പഠിക്കുന്ന കാലത്തു തന്നെ രാഷ്ട്രീയ പ്രവര്‍ത്തനത്തിലും സാമുദായിക പ്രവര്‍ത്തന ത്തിലും താത്പര്യം പുലര്‍ത്തിയിരുന്നു. 1936 ല്‍ തിരുവിതാംകൂറിലെ ക്ഷേത്രപ്രവേശന പ്രക്ഷോഭണവുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിച്ചു. അതുപോലെതന്നെ 1938 ല്‍ തിരുവിതാംകൂര്‍ സ്‌റ്റേറ്റ് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ഉത്തരവാദഭരണം നേടുന്നതിനു വേണ്ടി നടത്തിയ പ്രക്ഷോഭണത്തിന്റെ ഭാഗമായി കൊച്ചിയില്‍ നടത്തിയ വിദ്യാര്‍ത്ഥി പ്രക്ഷോഭണങ്ങളില്‍ അദ്ദേഹവുമുണ്ടായിരുന്നു.

ഇന്റര്‍മീഡിയറ്റ് വിദ്യാര്‍ത്ഥി ആയിരിക്കുമ്പോള്‍ത്തന്നെ അദ്ദേഹം സീനിയര്‍ വിദ്യാര്‍ത്ഥിയായ പി കെ കൃഷ്ണന്റെ സഹകരണത്തോടു കൂടി അധഃകൃത വിദ്യാര്‍ത്ഥികളുടെ ഒരു സംഘടനയുണ്ടാക്കി, അതിന്റെ ആദ്യയോഗം ഞാറക്കല്‍ ഹൈസ്‌കൂളില്‍ വിളിച്ചുകൂട്ടി. അധഃകൃത വിദ്യാര്‍ത്ഥികളും അധഃകൃത ജാതിക്കാരും അനുഭവിച്ചു കൊണ്ടിരുന്ന പ്രശ്‌നങ്ങള്‍ യോഗം ചര്‍ച്ചചെയ്യുകയും അവ പരിഹരിക്കുന്നതിന് ഗവണ്‍മെന്റിനെ സമീപിക്കുക യും ചെയ്തു. ജന്തുശാസ്ത്രത്തില്‍ ബിരുദം നേടിയ മാധവന്‍ അധികം താമസിയാതെ അധ്യാപകനായി നിയമിതനായി.

കൊച്ചി പുലയ മഹാസഭ 1939 ല്‍ പുനഃസംഘടിപ്പിച്ചു കൊണ്ട് സമസ്തകൊച്ചി പുലയ മഹാസഭ എന്ന പേര് മാറ്റിയപ്പോള്‍ മാധവന്‍ മാസ്റ്ററെ വൈസ് പ്രസിഡന്റായി തെരഞ്ഞെടുത്തു. കെ പി വള്ളോന്റെ നിര്യാണത്തെ തുടര്‍ന്ന് (1940 ഏപ്രില്‍) സഭയുടെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. നിയമ പഠനാര്‍ത്ഥം 1944 ല്‍ ജൂണില്‍ ബനാറീസ് സര്‍വകലാശാലയിലേക്ക് പോകുന്ന തുവരെ ഈ പദവിയില്‍ തുടര്‍ന്നു.

മാധവന്‍ സഭയുടെ പ്രസിഡന്റായതോടുകൂടി കൊച്ചിയിലെ പുലയര്‍ക്കിട യിലുള്ള സമുദായ പ്രവര്‍ത്തനങ്ങളുടെ നേതൃത്വം വിദ്യാസമ്പന്നരായ ചെറുപ്പക്കാരുടെ പക്കല്‍ വന്നുചേര്‍ന്നു. സംഘടനാ പ്രവര്‍ത്തനത്തോടൊപ്പം സാംസ്‌കാരിക രംഗത്തും ശക്തിയായ പ്രചരണം നടത്തിത്തുടങ്ങി.

കുട്ടികളുടെ വിദ്യാഭ്യാസത്തിനു വേണ്ടിയുള്ള മാര്‍ഗ നിര്‍ദ്ദേശം ഒരു പ്രധാന ഇനമായി. സമുദായത്തില്‍ നടമാടിയിരുന്ന മദ്യപാന ശീലത്തിനെതിരായും ബഹുഭാര്യാത്വം, മന്ത്രവാദം തുടങ്ങിയ അനാചാര ങ്ങള്‍ക്കെതിരായും ശക്തവും സംഘടിതവുമായ മുന്നേറ്റം നടത്തി. ഓരോ പ്രദേശത്തും ചെറുതും വലുതുമായ യോഗങ്ങള്‍ വിളിച്ചുകൂട്ടി. കാര്യങ്ങള്‍ മനസിലാക്കി ക്കൊടുക്കുക യായിരുന്നു പ്രവര്‍ത്തന രീതി. നിരവധി സ്ഥലങ്ങളില്‍ സഭയുടെ ശാഖകള്‍ സംഘടിപ്പിച്ച് ചിട്ടയായ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു.

സമുദായാംഗങ്ങളെ വിളിച്ചു കൂട്ടുമ്പോഴും കാര്യങ്ങള്‍ വിശദീകരിക്കുമ്പോഴും സമുദായാംഗങ്ങളില്‍ നിന്നും മാധവന്‍ മാസ്റ്റര്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും കടുത്ത എതിര്‍പ്പുകള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. പ്രായം ചെന്ന ചിലര്‍ പറഞ്ഞതിങ്ങനെയാണ് 'നിങ്ങടെ തങ്കോം മേണ്ട, തമാശോ മേണ്ട, തവേം മേണ്ട' ( നിങ്ങളുടെ സംഘവും വേണ്ട, സമാജവും വേണ്ട, സഭയും വേണ്ട) വളരെ ചെറിയ ന്യൂനപക്ഷം മാത്രമായിരുന്നു ഈ കൂട്ടര്‍. 1946 ല്‍ പി കെ ചാത്തന്‍, കെ കെ കണ്ണന്‍ എന്നിവര്‍ക്കൊപ്പം അധ്യാപക ജോലി രാജിവെച്ചുകൊണ്ടാണ് മാധവന്‍ മാസ്റ്റര്‍ കൊച്ചി പുലയമഹാസഭയുടെ മുഴുവന്‍സമയ പ്രവര്‍ത്തകനായി മാറിയത്.

പത്രപ്രവര്‍ത്തകനും വാഗ്മിയും

ഇങ്ങനെ മൂന്ന് അധ്യാപകരുടേയും നേതൃത്വത്തില്‍ പ്രവര്‍ത്തിച്ച കൊച്ചി പുലയ മഹാസഭ ചിട്ടയായ പ്രവര്‍ത്തനത്തിലൂടെ സുശക്തമായ ഒരു സംഘടനയായി മാറി. അഭ്യസ്തവിദ്യരായ നിരവധി യുവാക്കള്‍ സഭാപ്രവര്‍ത്തന ങ്ങള്‍ക്കായി മുന്നോട്ടു വന്നു. സഭയുടെ പേരില്‍ 'കാഹളം' എന്നൊരു വാരികയും പ്രസിദ്ധീകരണം ആരംഭിച്ചു. എഡിറ്റര്‍ മാധവന്‍ മാസ്റ്ററും സബ് എഡിറ്റര്‍ ടി എ പരമനുമായിരുന്നു. ആറുമാസത്തെ ആയുസേ വാരികക്കു ണ്ടായിരുന്നുള്ളൂ!

കര്‍മചന്ദ്രന്‍, ഭാര്യ 
പില്കക്കാലത്ത് രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ ഭാഗമായി 1961 മുതല്‍ നാല് വര്‍ഷക്കാലം കെപിസിസി പ്രസിദ്ധീകരണങ്ങളുടെ എഡിറ്റര്‍ എന്ന നിലയില്‍ മാധവന്‍മാസ്റ്റര്‍ പ്രവര്‍ത്തിച്ചു. എ കെ ആന്റണി കെപിസിസി അധ്യക്ഷനായിരുന്നപ്പോള്‍ പാര്‍ട്ടിയുടെ മുഖപത്രമായ 'വീക്ഷണം' വാരിക എറണാകുളത്തു നിന്നും പ്രസിദ്ധീകരിച്ചു തുടങ്ങി. വീക്ഷണം വാരികയുടെ തുടക്കം മുതല്‍ എക്‌സിക്യൂട്ടീവ് എഡിറ്ററായി അദ്ദേഹം. പാര്‍ട്ടി പത്രങ്ങളിലല്ലാതെ ശ്രദ്ധേയങ്ങളായ നിരവധി ലേഖനങ്ങള്‍ ഇംഗ്ലീഷിലും മലയാളത്തിലും എഴുതിയിട്ടുള്ള അദ്ദേഹത്തിന്റെ ശൈലി പ്രസന്നവും ലളിതവും എന്നാല്‍ ശക്തവുമാണ്.

ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ വിശ്വപ്രസിദ്ധമായ 'ബേസിക് അപ്രോച്ച്' എന്ന ശീര്‍ഷകത്തിലുള്ള ഇംഗ്ലീഷ്‌ലേഖനം അതിന്റെ പ്രൗഢിയും സൗന്ദര്യവും നിലനിര്‍ത്തിക്കൊണ്ട് മാധവന്‍ മാസ്റ്റര്‍ മലയാളത്തിലേക്ക് തര്‍ജിമ ചെയ്തിട്ടുള്ളതായി സര്‍വശ്രീ കെ സി പുരുഷോത്തമന്‍, എ കെ സത്യവാന്‍, കെ കെ സുകുമാരന്‍, എന്നിവര്‍ (കേന്ദ്ര ഗവണ്‍മെന്റ് പട്ടികജാതി പട്ടികവര്‍ഗ എംപ്ലോയീസ് ഫെഡറേഷന്‍) അനുസ്മരിച്ചിട്ടുണ്ട്. ഈ തര്‍ജിമ 'അടിസ്ഥാന സമീപനം' എന്ന പേരില്‍ കെപിസിസി പ്രസിദ്ധീകരിച്ചിട്ടുണ്ട്.

സംഘടനാ കോണ്‍ഗ്രസിന്റെ രൂപീകരണ വേളയില്‍ അശോക് മേത്ത എറണാകുളത്ത് നടത്തിയ പ്രസംഗം തത്സമയം തര്‍ജിമ ചെയ്തത് മാധവന്‍ മാസ്റ്ററാണ്. ഏതെങ്കിലും വിഷയത്തെ ചൊല്ലിയുള്ള പൊതുപരിപാടികളില്‍ ആദ്യം തന്നെ മാധവന്‍ മാസ്റ്റര്‍ സമഗ്രമായ പ്രസംഗം നടത്തിക്കഴിഞ്ഞാല്‍ പിന്നീടു വരുന്ന പ്രസംഗകര്‍ക്ക് അതില്‍ നിന്ന് വേറിട്ട് പുതിയതൊന്നും കൂട്ടിച്ചേര്‍ക്കാന്‍ വയ്യാതെ വന്നേക്കാം, എന്ന മനപ്രയാസത്താല്‍ വേണ്ടത്ര ഗൃഹപാഠം ചെയ്യാതെ പ്രസംഗകര്‍ ആദ്യമേ സ്വന്തം പ്രസംഗം നടത്തിത്തീര്‍ക്കാന്‍ ചില ഉപയാങ്ങള്‍ നടത്തിയിരുന്നതായി ഞാന്‍ കേട്ടിട്ടുണ്ട്. അദ്ദേഹത്തിന്റെ ഓര്‍മ്മശക്തിയെ 'ഫോട്ടോഗ്രാഫിക്' എന്ന് വിശേഷിപ്പിക്കും എന്നു തോന്നിയിരുന്നു. ഇംഗ്ലീഷ് ഭാഷയിലെ ആക്‌സന്റ് ഉച്ചാരണം ഇവയെപ്പറ്റി ഞങ്ങളെ ബോധവത്കരിക്കാനും അദ്ദേഹം സമയം കണ്ടെത്തിയിരുന്നു.രാഷ്ട്രീയ നേതാവും പാര്‍ലമെന്റേറിയനും

മാധവന്‍ എറണാകുളം സെ. ആല്‍ബര്‍ട്ട്‌സ് സ്‌കൂളില്‍ പഠിക്കുന്ന കാലം. സ്വദേശമായ മുളവുകാട്ടുനിന്ന് വഞ്ചിയില്‍ കയറിയാണ് സ്‌കൂളില്‍ ദിവസവും എത്തിയിരുന്നത്. അക്കാലത്ത് സ്വാതന്ത്ര്യ സമര ജാഥക്കാരില്‍ നിന്നും കിട്ടിയ ഗാന്ധിത്തൊപ്പി യണിഞ്ഞു ക്ലാസിലിരുന്നതിന് ഹെഡ്മാസ്റ്റര്‍ മാധവനെ സ്‌കൂളില്‍ നിന്ന് പുറത്താക്കി. എന്നാല്‍ മെറിറ്റു സ്‌കോളര്‍ഷിപ്പുള്ള കുട്ടിയാണെന്ന് കോണ്‍ഗ്രസുകാരനായ ഒരു അധ്യാപകന്‍ ഹെഡ്മാസ്റ്ററെ ധരിപ്പിച്ചതിനാല്‍ സ്‌കൂളില്‍ തിരിച്ചെടുക്കുക യാണുണ്ടായത്.

തനിക്ക് ശരിയെന്നു തോന്നിയ പന്ഥാവ് തെരഞ്ഞെടുത്ത് മുന്നേറാനായിരുന്നു അദ്ദേഹത്തിന് താത്പര്യം. ഒറ്റപ്പെട്ടുള്ള പ്രവര്‍ത്തനം ഫലം കാണിക്കില്ല എന്നുള്ളതിനാല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്ന് പ്രവര്‍ത്തിച്ചു. 1965 ല്‍ അദ്ദേഹം നിയമസഭാ തെരഞ്ഞെടുപ്പ് ജയിച്ചെങ്കിലും ഒരു പാര്‍ട്ടിക്കും ഭൂരിപക്ഷമില്ലാ ത്തതിനാല്‍ അസംബ്ലി ചേര്‍ന്നില്ല. 1969 ല്‍ കോണ്‍ഗ്രസ് അഖിലേന്ത്യാ തലത്തില്‍ പിളര്‍ന്നപ്പോള്‍ അദ്ദേഹം സംഘടനാ കോണ്‍ഗ്രസിന്റെ പക്ഷത്ത് ഉറച്ചു നിന്നു. പിന്നീടുള്ള സംഘടനാ കോണ്‍ഗ്രസ് ജനസംഘവുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുവാന്‍ തീരുമാനിച്ചപ്പോള്‍ അതില്‍ പ്രതിഷേധിച്ച് പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചു. യാതൊരു രാഷ്ട്രീയ പാര്‍ട്ടിയിലും പ്രവര്‍ത്തിക്കാതെ ഏതാനും മാസങ്ങള്‍ കഴിച്ചുകൂട്ടി. ദേവസ്വം ബോര്‍ഡ് പ്രസിഡന്റാകാനുള്ള ക്ഷണം തള്ളിക്കളഞ്ഞ് ക്ഷേത്ര വിശ്വാസിയായ ഒരാളാണ് ആ സ്ഥാനത്തിരിക്കാന്‍ കൂടുതല്‍ അനുയോജ്യന്‍ എന്നു പറഞ്ഞു. ആ സ്ഥാനത്ത് പിന്നീട് രാമന്‍കുട്ടി അച്ഛന്‍ കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റായി. രാമന്‍കുട്ടി അച്ഛനും കെപിസിസി പ്രസിഡന്റായ കെ കെ വിശ്വനാഥനുംകൂടി നിര്‍ബന്ധിച്ചപ്പോഴാണ് പിന്നീട് മാധവന്‍ മാസ്റ്റര്‍ ഇന്ദിരാ കോണ്‍ഗ്രസില്‍ ചേര്‍ന്നത്. 20 ഇന പരിപാടി ബാങ്ക് ദേശസാത്കരണം തുടങ്ങിയ സോഷ്യലിസ്റ്റ് പരിപാടികള്‍ ഇന്ദിരാ ഗാന്ധി ആവിഷ്‌കരിച്ചത് അദ്ദേഹത്തെ സ്വാധീനിച്ചു. വീണ്ടും നേതൃമണ്ഡലത്തില്‍ തന്നെയായിരുന്നു അദ്ദേഹത്തിന്റെ സ്ഥാനം.

വീക്ഷണം വാരികയുടെ പ്രവര്‍ത്തനം തുടര്‍ന്നു വരുന്ന സന്ദര്‍ഭത്തില്‍ 1976 മാര്‍ച്ച് മാസത്തില്‍ അദ്ദേഹം കോണ്‍ഗ്രസ് പാര്‍ട്ടി ടിക്കറ്റില്‍ പാര്‍ലമെന്റിലേക്ക് (രാജ്യസഭ) തെരഞ്ഞെടുക്കപ്പെട്ടു. പാര്‍ലമെന്റ് അംഗം എന്ന നിലയില്‍ വിദ്യാഭ്യാസം, ആഭ്യന്തരം, സഹകരണം, പട്ടികജാതി - പട്ടികവര്‍ഗ ക്ഷേമം എന്നിവക്കുള്ള സമിതികളില്‍ അംഗമായി പ്രവര്‍ത്തിച്ചു. ഇന്ദിരാഗാന്ധിയുടെ ഏകാധിപ്ത്യ പ്രവണത പ്രകടമാകാന്‍ തുടങ്ങിയതോടെ അവരുമായുള്ള അഭിപ്രായ വ്യത്യാസം മാധവനില്‍ വളര്‍ന്നു വന്നു. പിന്നീട് ഇന്ദിരാഗാന്ധി സ്വന്തം പേരില്‍ പുതിയ പാര്‍ട്ടി ഉണ്ടാക്കിയപ്പോള്‍ മാധവന്‍ മാസ്റ്റര്‍ മാതൃസംഘടന യില്‍ത്തന്നെ ഉറച്ചു നിന്നു. ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ് (എസ്) ന്റെ വൈസ് പ്രസിഡന്റായും പ്രവര്‍ത്തിച്ചു. 1987 ല്‍ ഞാറക്കല്‍ നിന്നും ഇടതുമുന്നണിയുടെ ബാനറില്‍ (കോണ്‍ഗ്രസ്) എം എല്‍ എ ആയി 4000 ല്‍ പരം വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ തെരഞ്ഞെടുക്ക പ്പെടുമ്പോള്‍ എതിരാളികളുടെ ബഹുവര്‍ണ പോസ്റ്ററുകള്‍ക്ക് ബദലായി മാധവന്‍ മാസ്റ്റര്‍ക്കു ണ്ടായിരുന്നത് കറുപ്പും വെളുപ്പും പോസ്റ്ററുകള്‍ മാത്രം. തെരഞ്ഞടുപ്പു കള്‍ക്കായി വാരിക്കോരി ചെലവഴിക്കാന്‍ അദ്ദേഹത്തിന്റെ പക്കല്‍ പണമില്ലായിരുന്നു എന്നതാണ് സത്യം. ഭാര്യ ദേവി സ്‌കൂള്‍ ടീച്ചറായിരുന്നതുകൊണ്ട് കുടുംബ പ്രാരാബ്ദങ്ങള്‍ ഗുരുതരമായില്ല എന്നു മാത്രം. രാഷ്ട്രീയം ധന സമ്പാദന ത്തിനുള്ള മാര്‍ഗമായി അദ്ദേഹം കണ്ടിരുന്നില്ല. ആലംബ ഹീനരെ സഹായിക്കുന്ന കാര്യത്തില്‍ ജാതിയും മതവും അദ്ദേഹം നോക്കിയിരുന്നില്ല എന്ന് എനിക്ക് നിസംശയം പറയാന്‍ കഴിയും. അവരെ സഹായിക്കാനായി താന്‍ പഠിച്ച നിയമത്തിന്റെ സാധ്യതകള്‍ മുഴുവന്‍ പരമാവധി പ്രയോജന പ്പെടുത്താനായി ശ്രമിച്ചു.

ഇംഗ്ലീഷിലും മലയാളത്തിലും നന്നായി പ്രസംഗിക്കുവാനും എഴുതുവാനും അറിവുള്ള മാധവന്‍ മാസ്റ്റര്‍ക്ക് പാര്‍ലമെന്റ് വേദിയില്‍ ഫലപ്രദമായി ചര്‍ച്ചയില്‍ പങ്കെടുക്കുവാന്‍ കഴിഞ്ഞിട്ടുണ്ട്. സംസാരിക്കാന്‍ നിയോഗിക്കപ്പെടുന്ന വിഷയങ്ങളില്‍ സൂക്ഷ്മമായും വിദഗ്ധമായും പഠനം നടത്തി തയാറായിട്ടേ പ്രസംഗിക്കാവൂ എന്നും അദ്ദേഹത്തിന് നിര്‍ബന്ധ മുണ്ടായിരുന്നു. ജനാധിപത്യ ത്തിനെതിരായി ഭീഷണി ഉയര്‍ന്നുവരുന്ന ഏതു സന്ദര്‍ങ്ങളിലും ഭീഷണിക്കെതിരായി സന്ധിയില്ലാതെ പോരാടി. സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള പോരാട്ടവും ചെറുത്തു നില്പും അദ്ദേഹത്തില്‍ ലയിച്ചു കിടന്ന സ്വാതന്ത്ര്യ ബോധത്തിന്റെ ബഹിസ്ഫുരണമല്ലാതെ മറ്റൊന്നുമല്ല. രാഷ്ട്രീയത്തില്‍ ഏതെല്ലാം ചേരിതിരിവുകള്‍ ഉണ്ടായാലും തന്റെ മുന്‍കാലത്തെ സഹപ്രവര്‍ത്തക രുമായുള്ള സ്‌നേഹബന്ധത്തിന് യാതൊരു ഉലച്ചിലും തട്ടരുത് എന്ന ആത്മാര്‍ത്ഥമായ ആഗ്രഹവും അദ്ദേഹത്തിന് ഉണ്ടായിരുന്നു.

സാഹിത്യ പരിഷത് നിര്‍വാഹക സമിതിയിലും കേരള ഹിസ്റ്ററി അസോസിയേഷന്‍ കമ്മിറ്റിയിലും ഒന്നിച്ചു പ്രവര്‍ത്തിച്ചിട്ടുള്ള ടാറ്റാപുരം സുകുമാരന്‍ അനുസ്മരിച്ചിട്ടുള്ളത് ഇപ്രകാരമാണ്;

'മാധവന്‍ മാസ്റ്ററെ ഒരു രാഷ്ട്രീയ പ്രവര്‍ത്തകന്‍ എന്നു വിളിക്കുന്നത് ശരിയായിരിക്കില്ല. രാഷ്ട്രീയത്തെ രാഷ്ട്രമീമാംസ യായാണ് അദ്ദേഹം കണ്ടിരുന്നത്. അതിന്റെ ശാസ്ത്രീയതയിലും മൂല്യത്തിലുമാണ് അദ്ദേഹം വിശ്വസിച്ചിരുന്നത്. അദ്ദേഹത്തെ സംബന്ധിച്ചു രാഷ്ട്രീയ പ്രവര്‍ത്തനം എന്നുള്ളത് സത്യാന്വേഷണമാണ്. എന്തുകൊണ്ടെന്നാല്‍ സത്യത്തിലും സമത്വത്തിലും സ്‌നേഹത്തിലും അദ്ദേഹം വിശ്വസിച്ചു. സദ് ധര്‍മത്തിലൂടെ മാത്രമേ താന്‍ മുന്നോട്ടു പോവുകയുള്ളൂ എന്ന് അദ്ദേഹത്തിന് നിര്‍ബന്ധമായിരുന്നു. ഇക്കാര്യത്തില്‍ മഹാകവി കുമാരനാശാന്റെ ഹ്യൂമനിസത്തോടാണ് അദ്ദേഹത്തിന് അടുപ്പമെന്നു തോന്നുന്നു.'

ജനിച്ചു ആറാം മാസം തന്റെ പിതാവ് മരിച്ചു പോയതുകൊണ്ട് മാധവന്‍ മാസ്റ്റര്‍ക്ക് തന്റെ പിതാവ് കല്ലച്ചംമുറി കുഞ്ഞനെ കണ്ട ഓര്‍മ്മയില്ലായിരുന്നു. അമ്മ മാണിയും ജ്യേഷ്ഠന്മാരും എന്നിട്ടും അല്ലലറിയാതെ വളര്‍ത്തി. സ്വന്തം ജീവിതം അദ്ദേഹം സ്വയം മെനഞ്ഞെടുക്കുക യായിരുന്നു. മരണാസന്നനായി കട്ടിലില്‍ കിടക്കുമ്പോള്‍ പോലും തനിക്ക് ഇഷ്ടമല്ലാത്ത കാര്യങ്ങളെ വീറോടെയും വാശിയോടെയും അദ്ദേഹം എതിര്‍ത്തിരുന്നു. തളരാത്ത ഒരു പോരാളിയായി അദ്ദേഹം മനസില്‍ നിറഞ്ഞു നില്ക്കുന്നു.

(കെ കെ മാധവന്‍ മാസ്റ്ററുടെ മകനാണ് ലേഖകന്‍. കൃഷിവകുപ്പ് ജോയിന്റ് ഡയറക്ടറായി ജോലി നോക്കുന്നു.)