"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, മേയ് 1, വെള്ളിയാഴ്‌ച

തകരപ്പറമ്പില്‍ കൊച്ചുകുട്ടന്‍ ഓമന എന്ന ഒറ്റയാള്‍ പെണ്‍പോരാളി


പത്തനംതിട്ട ജില്ലയിലെ, തരക്കേടില്ലാത്ത സാമ്പത്തിക ചുറ്റുപാടുള്ള കര്‍ഷക കുടുംബമായ തകരപ്പറമ്പിലെ എട്ടു മക്കളില്‍ ഏറ്റവും ഇളയവളായാണ് ഓമന (1959) ജനിച്ചത്. തന്റെ വീട്ടില്‍ പണിക്കെത്തുന്ന കര്‍ഷകത്തൊഴിലാളി സ്ത്രീകളുടെ ദയ നീയാ വസ്ഥകള്‍ ചെറുപ്രായത്തില്‍ തന്നെ നേരിട്ട് കണ്ടറിയാന്‍ കഴിഞ്ഞ ഓമനയുടെ മനസ് ആ പ്രായത്തില്‍ത്തന്നെ ഇത്തരം ആളുകളുടെ കഷ്ടപ്പാടില്‍ നിന്ന് അകറ്റാന്‍ വേണ്ടി തന്നാലുന്നത് ചെയ്യുവാന്‍ വേണ്ടി തയാറെടുപ്പ് നടത്തിയിരുന്നു. കുടുംബത്തിലെ യാഥാസ്ഥിതികരായ ആളുകള്‍ ഓമനയില്‍ ഇത്തരം ചിന്തകള്‍ ഉടലെടുക്കുന്നതിനെ അങ്ങേയറ്റം എതിര്‍ത്തു. അതുകൊണ്ടൊന്നും ഓമനയില്‍ ഒരു മനംമാറ്റവും വരുത്താന്‍ അവര്‍ക്കായില്ല. 18 വയസുള്ളപ്പോള്‍ ഓമന, പ്രീഡിഗ്രി വിദ്യാഭ്യാസം പൂര്‍ത്തിയാ ക്കാതെ, രാജസ്ഥാനിലെ തിലോനയിലേക്ക് വണ്ടി കയറി. അവിടെയെത്തി അരുണാ റോയിയോടും ബങ്കര്‍ റോയിയോടുമൊപ്പം സോഷ്യല്‍ വെല്‍ഫെയര്‍ ആന്റ് റിസര്‍ച്ച് സെന്ററില്‍ ചേര്‍ന്ന് ദലിതരുടേയും ആദിവാസികളുടേയും വിമോചന ത്തിനുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടു. സാമൂഹ്യ സേവനത്തില്‍ ഓമനക്കുള്ള താത്പര്യം മനസിലാക്കിയ, ഡെല്‍ഹിയില്‍ നേഴ്‌സായി സേവനമുഷ്ഠിക്കുന്ന ഒരു സഹോദരിയാണ് SWRC നെപ്പറ്റി ഓമനക്ക് അറിവ് കൊടുത്തത്.

എട്ട് വര്‍ഷക്കാലം SWRC യില്‍ സേവനം ചെയ്തശേഷം 1989 ല്‍ ഓമനയും ഇലക്ട്രിക്കല്‍ എഞ്ചിനീയറായ ഭര്‍ത്താവ് ദാനേഷ് കുമാറും കൂടി കേരളത്തിലേക്ക് തിരിച്ചു. നാട്ടില്‍ വന്ന് തന്റെ പേരിലുള്ള സ്വത്തുക്കള്‍ മുഴുവന്‍ വിറ്റുപെറുക്കി, 90% വരുന്ന പിന്നോക്കക്കാ രുള്ളതില്‍ ഏറ്റവും കൂടുതല്‍ ആദിവാസി ജനസംഖ്യയുള്ളതുമായ വയനാട് ജില്ലയില്‍ സാമൂഹ്യക്ഷേമ പ്രവര്‍ത്തനത്തിനായി എത്തി. പച്ചപ്പുനിറഞ്ഞ പ്രദേശമാ യിരുന്ന വയനാട് അപ്പോള്‍ കുടിയേറ്റക്കാര്‍ വന്നതോടെ, അതിന്റെ ജൈവിക നാശം ഏതാണ്ട് പൂര്‍ണമായി ക്കഴിഞ്ഞിരുന്നു. അവിടെ വെച്ച് ഒമന, RASTA (ഏജന്‍സി ഫോര്‍ സോഷ്യല്‍ ആന്റ് ടെക്‌നോളജിക്കല്‍ അഡ്വാന്‍സ്‌മെന്റ്) എന്ന സന്നദ്ധ സംഘടനക്ക് രൂപം കൊടുത്തു. ആദ്യമാദ്യം നാട്ടിന്‍പുറത്തുകാര്‍ ഓമനയുടെ ഈ സംരഭത്തോട് വിമുഖരായിരുന്നു. ഓമനയുടെ സംരംഭത്തെ അവര്‍ സംശയത്തോടെ വീക്ഷിച്ചു.

എന്നാല്‍ നാട്ടിന്‍പുറത്തുകാരായ പെണ്ണാളുകളെ കാര്യങ്ങള്‍ പറഞ്ഞു മനസിലാക്കുന്നതില്‍ ഓമന വിജയം കണ്ടു. അടുക്കളയില്‍ തളഞ്ഞുകൂടിയ അവരെ ഓമന പുറത്തുചാടിച്ചു. ആദ്യം 15 വനിതകള്‍ ചേര്‍ന്ന ഒരു സെല്‍ഫ് ഹെല്‍പ് ഗ്രൂപ്പ് ഉണ്ടാക്കി. പരസ്പരം സഹായിക്കുന്ന തിലൂടെ സ്വയം സഹായിക്കുക എന്നതാണ് SHGs ലക്ഷ്യം വെച്ചത്. ഇന്ന് വയനാടിന്റെ നാട്ടിന്‍ പുറങ്ങളിലാകെ നൂറുകണക്കിന് SHGs പ്രവര്‍ത്തിക്കുന്നു.

ചിലവുകുറഞ്ഞ രീതിയില്‍ പ്രകൃതിവിഭവ സ്രോതസുകള്‍ സംരക്ഷിച്ചുകൊണ്ട് സഹകരണ അടിസ്ഥാനത്തില്‍ പരമ്പരാഗത തൊഴിലുകള്‍ പുഷ്ടിപ്പെടുത്തി ക്കൊണ്ടും സാങ്കേതികമായ തൊഴിലറിവുകള്‍ പങ്കുവെച്ചുകൊണ്ടും മാനവവിഭവമേഖലയില്‍ നാട്ടിന്‍ പുറത്തുകാരുടെ വികാസമാണ് SHGsലൂടെ സാക്ഷാത്കരിക്കപ്പെട്ടത്. ഗ്രാമീണരായ ഓരോ തൊഴിലാളിസ്ത്രീ കളില്‍ നിന്നും തുഛമായ ഒരു തുക ആഴ്ചതോറും പിരിച്ച് ബാങ്കില്‍ നിക്ഷേപിച്ചാണ് പ്രവര്‍ത്തനത്തിനു വേണ്ട മൂലധനം സ്വരൂപിച്ചത്. 20,000 കുടുംബങ്ങള്‍ ചേര്‍ന്ന് സമാഹരിച്ച ആ തുക ഇപ്പോള്‍ 40 മില്യനോളമായിരിക്കുന്നു. (2005 ലെ കണക്കാണ് ഇത്), എന്നൊലോ ഒരു വ്യക്തിക്ക് ഒരു ദിവസം നിക്ഷേപ ഇനത്തില്‍ മുടക്കുവന്നത് 1 രൂപ മാത്രം! പ്രകൃതി ദുരന്തങ്ങള്‍ നേരിട്ടാല്‍ ജീവസന്ധാരണത്തിനോ വിവാഹം പോലെയുള്ള അത്യാവശ്യങ്ങള്‍ക്കു വേണ്ടുന്ന ചെലവിനോ ഇന്ന് SHGsലെ അംഗങ്ങള്‍ പണം കണ്ടെത്താനുള്ള ബുദ്ധിമുട്ട് അറിയുന്നില്ല.

ഒരിക്കലും SHGs നെ പണം സമാഹരിക്കുന്നതിനുള്ള ഒരു ഇടപാട് സ്ഥാപനാമായി വിലയിരുത്തരുത്. ചെറിയ തുകകള്‍ നഷ്ടപ്പെടാതെ കാത്ത് സ്ത്രീശാക്തീകരണത്തിനു വേണ്ടി ഗുണകരമായി വിനിയോഗിക്കുകയാണ് ഈ സംരഭത്തിലൂടെ നാളിതുവരെ ചെയ്യുന്നത്. ദാരിദ്ര്യത്തിനും സ്ത്രീകളോടുള്ള ലിംഗവിവേചനത്തിനുമെതിരേ പോരാടാന്‍ ഇന്ന് SHGs ലെ അംഗങ്ങള്‍ പ്രാപ്തരായത് ഈ കാഴ്ചപ്പാടിലെ മികവുകൊണ്ടാണ്. സ്ര്തീധനം ശിശുവിവാഹം തുടങ്ങിയ അനാചാരങ്ങളും മദ്യാപാനം പോലുള്ള വിപത്തുക്കളും SHGs ലെ സ്ത്രീകള്‍ പാടെ ഒഴിവാക്കി. ഇതിലൂടെ നഷ്ടമാകുമായിരുന്ന ചെറു തുകകളാണ് അവര്‍ക്ക് വന്‍ സമാഹാരമായത്. 1999 ല്‍ ഒറീസയില്‍ വെള്ളപ്പൊക്കമുണ്ടായപ്പോള്‍ SHGs അവര്‍ക്ക് 25,000 രൂപ അയച്ചുകൊടുത്ത് സഹായിച്ചു! അന്താരാഷ്ട വനിതാ ദിനമായ മാച്ച് 8 ന് ഓരോ വര്‍ഷവും SHGsലെ വനിതകള്‍ ഒത്തുചേര്‍ന്ന് അവരുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുകയും പൊതുജന റാലി സംഘടിപ്പിക്കുകയും ചെയ്യുന്നു.

മണ്ണു സംരക്ഷണത്തിനും മഴവെള്ള സംഭരണത്തിനുമായി ഓമന ആവിഷ്‌കരിച്ച പദ്ധതികള്‍ ഇന്ന് വയനാടിനെ എക്കാലവും നനവുള്ള കൃഷിഭൂമിയാക്കി നിലനിര്‍ത്തുന്നു. ഇതിനുവേണ്ട പൊതുജന ബോധവത്കരണത്തിനായി മഴവെള്ള സംഭരണ - വിനിയോഗത്തിനായി തെരഞ്ഞെടുത്ത 50 വില്ലേജുകളില്‍ 30 എണ്ണത്തിലും തെരുവുനാടകങ്ങളും പാവനാടകങ്ങളും ഓമനയുടെ നേതൃത്വത്തില്‍ അവതരിപ്പിക്കുക യുണ്ടായി. ഇന്ന് ഓമനയുടെ നേതൃത്വത്തില്‍ വയനാട് സ്ഥാപിച്ചിട്ടുള്ള 60,000 മഴക്കിണറുകളുടെ ഗുണഫലം അതിന്റെ പരിപാലകരായ 50,000 പേര്‍ അനുഭവിക്കുന്നു. ഇതിനു പുറമേയാണ് 50 സാമൂഹ്യ മഴവെള്ള സംഭരണികള്‍ സ്ഥാപിച്ചിട്ടുള്ളത്. ഇത് സംരക്ഷിക്കുകയും വിനിയോഗിക്കുകയും ചെയ്യുന്നത് ജല ജാഗ്രതാ സമിതിയാണ്. ഈ ജലസംഭരണികള്‍ 6,000 ഏക്കര്‍ സ്ഥലത്തെ 4,890 കുടുംബങ്ങള്‍ക്ക് കൃഷികാര്യങ്ങള്‍ക്കുള്ള വെള്ളം നല്കുന്നു. നെല്ല് ഉത്പാദന പദ്ധതികള്‍ക്കായി ഓമന ആവിഷ്‌കരിച്ച പദ്ധതിയിലൂടെ ഏക്കര്‍ ഒന്നിന് സ്ത്രീകള്‍ക്ക് 30 തൊഴില്‍ ദിനങ്ങള്‍ നല്കുന്നു. ഈ പദ്ധതിയാകട്ടെ 10 പഞ്ചായത്തുകളിലായി 100 ഹെക്ടര്‍ കവിഞ്ഞ് വ്യാപിക്കുന്നു. ഗ്രാമതലത്തില്‍ ഒരു നെല്‍വിത്ത് കൈമാറ്റ പദ്ധതിയും വിജയകരമായി മുന്നേറുന്നു!

ഓമന നടപ്പാക്കിയ ജലസംഭരണ പദ്ധതിയിലെ ശാസ്ത്രീയമായ കാഴ്ചപ്പാടുകള്‍ മനുഷ്യരെ എന്ന പോലെ മണ്ണിനേയും സംരക്ഷിച്ചു. വേനല്‍ക്കാലമാകുമ്പോള്‍ ദൂരെ നിന്നു വെള്ളം കൊണ്ടുവരേണ്ട ഗതികേട് ഇപ്പോള്‍ അവിടത്തെ സ്ത്രീകള്‍ക്കില്ല. മഴവെള്ളം കൃഷിക്കു പയോഗിക്കു ന്നതുകൊണ്ട് സ്വാഭാവികമായി മണ്ണില്‍ വിഴുന്ന ജലം ഭൗമിക ജലത്തെ ഒരേപോലെ എക്കാലവും നിലനിര്‍ത്തുന്നു. ഇത് കൃഷിക്ക് പ്രകൃതി ദത്തമായ ഗുണം പ്രദാനം ചെയ്യുകയും വീട്ടാവശ്യത്തിനുള്ള ജലം കിണറുകളില്‍ നിന്നുതന്നെ ലഭ്യമാക്കുകയും ചെയ്യുന്നു.

ഓമനയുടെ വിപ്ലവ പ്രവര്‍ത്തനങ്ങളുടെ ഫലമായി ഇന്ന് ആദിവാസികളും പിന്നോക്കക്കാരും മുസ്ലീങ്ങളുമടങ്ങുന്ന 20,000 കുടുംബങ്ങള്‍ സ്വയം പര്യാപ്തത നേടിക്കഴിഞ്ഞു. പിന്നോക്കം പോകാതിരിക്കുന്നതിനായി സാമൂഹ്യ സന്നദ്ധ സംഘടനയുടെ 50 യൂണിറ്റുകളും ഇതിനായി പ്രവര്‍ത്തിക്കുന്നു. സ്വന്തമായി വാഹനങ്ങള്‍ വാങ്ങാന്‍ ഈ ജനങ്ങള്‍ പ്രാപ്തരായി എന്നത് ഓമന നടത്തിയ വിപ്ലവ വിജയത്തിന്റെ തെളിവാണ്. 5,000 സ്ത്രീകളെ തൊഴില്‍ പരിശീലനം കൊടുത്ത് ശാക്തീകരിച്ച് സ്വന്തം കാലില്‍ നില്ക്കാന്‍ പ്രാപ്തരാക്കി. ഇത്തരം സ്ത്രീ തൊഴിലാളികള്‍ കുടുംബ നേതൃത്വത്തിലുള്ള 300 വീടുകള്‍ സ്ഥാപിക്ക പ്പെട്ടു. മെച്ചപ്പെട്ട സൗകര്യങ്ങളുള്ള 3,500 കക്കൂസുകള്‍ മറ്റുവീടുകള്‍ക്കും സ്ഥാപിച്ചു. അവിടത്തെ ജനങ്ങളുടെ ജീവിത രീതിയും ആരോഗ്യ നിലവാരവും മെച്ചപ്പെട്ടതായി. മഴവെള്ള സംഭരണിക്കു പുറമേ വേള്‍ഡ് ബാങ്ക് പദ്ധതിയില്‍ നിന്നും 9,500 കുടുംബങ്ങള്‍ക്ക് കുടിവെള്ളവും ലഭ്യമാക്കി ക്കൊടുത്തു. സമൂഹത്തിന്‍ തന്റേടത്തോടെ ജീവിക്കാന്‍ ഓമനയാല്‍ പ്രാപ്തരാക്കപ്പെ ആ നാട്ടിന്‍പുറത്തെ 15 സ്ത്രീകളാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളി ലേക്ക് മത്സരിച്ച് ജയിച്ചത്! ഇത് ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ വിജയമല്ല എന്ന്ത് പ്രത്യേകം ശ്രദ്ധയര്‍ഹിക്കുന്നു.

ഓമന വിജയിച്ചു മുന്നേറിയ ഒരു പെണ്‍മാതൃക മാത്രമാണെന്ന് കരുതരുത്. ഓമനയുടെ ഈ ഒറ്റയാള്‍ പോരാട്ടം വിപ്ലവത്തിന്റെ കുത്തകക്കാരായ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സുഖിക്കുന്നു ണ്ടായിരുന്നില്ല. തിലോണയില്‍ വെച്ചു നടന്ന നാഷനല്‍ വുമണ്‍ കോണ്‍ഫ്രന്‍സിന് ഓമന SHGsലെ സ്ത്രീകളെ പങ്കെടുപ്പിക്കാന്‍ തയാറായപ്പോള്‍, രാഷ്ട്രീയ പാര്‍ട്ടികള്‍ ഓമനക്കു നേരേ, തങ്ങളില്‍ വര്‍ധിച്ചി രുന്ന ശത്രുത പുറത്തെടുത്തു. ഓമന പാവപ്പെട്ട ആദിവാസികളെ കിഡ്‌നാപ്പ് ചെയ്യുന്നു എന്നു പറഞ്ഞ് അവര്‍ പോലീസ് സ്‌റ്റേഷനില്‍ കേസുകൊടുത്തു. ഓമന അറസ്റ്റ് ചെയ്യപ്പെട്ടു. ഗ്രാമീണ സ്ത്രീകള്‍ ഒറ്റക്കെട്ടായി നിന്ന് ഈ അനീതിയെ എതിര്‍ത്തു. പത്രസമ്മേളനവും വിശദീകരണ യോഗങ്ങളും വിളിച്ചു ചേര്‍ക്കപ്പെട്ടു. ഓമന പോലീസ് സ്‌റ്റേഷനില്‍ നിന്നും പുറത്തുവന്നു. അങ്ങിനെ ചരിത്രത്തിലാദ്യമായി ഓമനയുടെ പ്രവര്‍ത്തനഫലമായി വയനാട്ടിലെ ആദിവാസി സ്ത്രീകള്‍ തങ്ങളുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി ഒരു നാഷനല്‍ കോണ്‍ഫ്രന്‍സില്‍ പങ്കെടുക്കാന്‍ പുറം ലോകത്തെത്തി. ദീര്‍ഘനാളത്തെ പ്രവര്‍ത്തന പാരമ്പര്യം അവകാശപ്പെടുന്ന വയനാട്ടിലെ പിപ്ലവ പാര്‍ട്ടിക്കാരും രാഷ്ട്രീയ പാര്‍ട്ടിക്കാരും ചെയ്യാന്‍ മടിച്ചിരുന്ന ഈ മഹാകാര്യം ഓമന എന്ന ഒറ്റയാള്‍ പെണ്‍പോരാളി ഒറ്റക്ക് ചെയ്തു.

രാഷ്ട്രീയ പാര്‍ട്ടികള്‍ ഓമനക്കു നേരെയുള്ള നിരോധനം തുടര്‍ന്നുകൊണ്ടിരുന്നു. ഗ്രാമീണ സ്ത്രീകള്‍ SHGsല്‍ ചേരുന്നതിന് അവര്‍ വിലക്കുകള്‍ ഏര്‍പ്പെടുത്തി. മുസ്ലീം സമുദായ നേതാക്കളെ കണ്ട് അവരെ പറഞ്ഞു തിരിപ്പിച്ച് മുസ്ലീം സ്ത്രീകളെ SHGsല്‍ നിന്നും പിന്‍തിരിപ്പിച്ചു. ഇതൊന്നും വകവെക്കാതെ ഓമന മുമ്പോട്ടുതന്നെ തന്റെ വിപ്ലവ പ്രവര്‍ത്തനങ്ങളെ കൊണ്ടുപോയി.

ഓമനക്ക് രണ്ട് പെണ്‍കുട്ടികളാണ് മക്കളായി ഉള്ളത്. ഭര്‍ത്താവ് ദാനേഷ് കുമാര്‍ അവരോടൊപ്പം തന്നെ സേവനം നയിക്കുന്നു. 2001 ദേശീയോദ്ഗ്രഥനത്തിനുള്ള വിജയ് രത്തന്‍ അവാര്‍ഡ് ഓമനയെ തേടിയെത്തി. 2005 ല്‍ സമാധാനത്തിനുള്ള നോബേല്‍ സമ്മാനത്തിന് ഓമന നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടു. ആ വര്‍ഷം ലോക രാജ്യങ്ങളില്‍ നിന്ന് 1000 സ്ത്രീകളാണ് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടിരുന്നത്. അതില്‍ 92 പേര്‍ ഇന്ത്യയില്‍ നിന്നുമായിരുന്നു.

അവലംബം: ഇന്റര്‍നെറ്റില്‍ നിന്നും...
Courtesy: Photo from Internet.