"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, മേയ് 12, ചൊവ്വാഴ്ച

പ്രാചീന ഭാരത ബീഫ് ചരിതം - ഡോ. അരുണ്‍ എന്‍ എം


ഒരാള്‍ എന്ത് ഭക്ഷിക്കണമെന്ന് തീരുമാനിക്കുന്നത് അപരന്റെ മതവികാരമാകുന്നത് ശരിയാണോ? മതവികാരം മുന്‍നിര്‍ത്തി സര്‍ക്കാരുകള്‍ നിയമങ്ങള്‍ ഉണ്ടാക്കാമോ? ഒരിക്കലും ശരിയല്ല.

മതത്തിന്റെ പേരും പറഞ്ഞുള്ള ഇത്തരം ഫാസിസ്റ്റ് ചങ്ങലകള്‍ സമൂഹത്തിന്റെ നാനാ തുറകളില്‍ നമ്മുടെ സ്വാതന്ത്ര്യത്തെ വരിഞ്ഞു മുറിക്കിക്കൊ ണ്ടിരിക്കുന്ന ഒരു കാലഘട്ടത്തില്‍ കൂടിയാണ് നാം കടന്നു പൊയ്‌ക്കൊ ണ്ടിരിക്കുന്നത്. അധികാരം ഉറപ്പിക്കാനുള്ള എളുപ്പവഴി എന്ന നിലയില്‍ മനുഷ്യരുടെ ഇടയില്‍ വിദ്വേഷവും വെറുപ്പും വളര്‍ത്താന്‍ മത രാഷ്ട്രീയം കഠാരയൂരി ഉറഞ്ഞു തുള്ളുമ്പോള്‍ വികലമാക്ക പ്പെടുന്നത് ചില ചരിത്ര സത്യങ്ങളാണ്.

ഇന്നത്തെ ഒരു ഭാരതീയന്റെ ശരാശരി ചരിത്ര ബോധപ്രകാരം 'പ്രാചീന ഭാരതത്തില്‍ പശുക്കളെ ആരും ഭക്ഷിച്ചിരുന്നില്ല. അന്യമതസ്ഥര്‍ ഇവിടെ വന്നതിന് ശേഷമാണ് ഗോമാംസം തീന്‍മേശയില്‍ പ്രത്യക്ഷപ്പെട്ടത്' എന്നാണ് ഭൂരിഭാഗം പേരും കരുതുന്നത്. നമ്മുടെ രാഷ്ട്ര പിതാവ് മാഹാത്മാ ഗാന്ധി പറയുന്നത് നോക്കുക:

'ഹിന്ദുമതത്തിന്റെ കേന്ദ്ര തത്വം ഗോമാംസ ഭക്ഷണമാണ്. അത് നാം ലോകത്തിന് കൊടുക്കുന്ന സമ്മാനമാണ്' (യങ് ഇന്ത്യ 6-10-1921, പേജ് 36)

ഇതേ കാര്യം നമ്മുടെ നാട്ടിലെ സംഘപരിവാര്‍ സംഘടനകള്‍ അവരുടെ എല്ലാ വേദികളിലും പറഞ്ഞ് പറഞ്ഞ് ഒരു അനിഷേധ്യ 'സത്യ'മായിരി ക്കുകയാണ്.

ഇന്ന് വിജ്ഞാനത്തിന്റെ ഒരു പ്രധാന ഉറവിടമായ വിക്കിപീഡി യയില്‍ തിരഞ്ഞാലും പ്രാചീന ഭാരതത്തില്‍ ഗോവധം നടന്നിരു ന്നുവെന്ന് കണ്ടെത്താനാവില്ല. എന്നാല്‍ സത്യമെന്താണ്?

പുരാവസ്തു ഗവേഷകരുടെ കണ്ടെത്തല്‍ പ്രകാരം, വേദോപനിഷത്തു കളിലേയും പുരാണേതിഹാസ ങ്ങളിലേയും വരികള്‍ പ്രകാരവും നാം കാണുന്ന സ്ത്യം മറ്റൊന്നാണ്.

പുരാവസ്തു ഗവേഷകരുടെ കണ്ടെത്തലുകള്‍:

പ്രാചീന മനുഷ്യര്‍ ഭക്ഷിച്ചതിന്റെ അവശിഷ്ടമായ പശുവി ന്റേയും കാളയുടേയും എല്ലുകള്‍ ഭാരതത്തില്‍ പലയിടത്തു നിന്നുമായി ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്. 1200 ബി സി മുതല്‍ 300 എ ഡി വരെയുള്ള കാലത്തുള്ളവയാണ് അവ കൂടുതലും എന്ന് ശാസ്ത്രീയമായി നിര്‍ണയിച്ചിട്ടുണ്ട്. കുരുക്ഷേത്ര, ഗോര ഖ്പൂര്‍, ഹരിദ്വാര്‍, പൂന മുതലായ പ്രദേശങ്ങളിലാണ് ഇവ കണ്ടെത്തി യിരിക്കുന്നത്. വേദകാലങ്ങളില്‍ ഗോമാംസം ഭാരതീ യര്‍ ഭക്ഷിച്ചിരുന്നു എന്ന് അങ്ങിനെ തെളിയിക്കപ്പെട്ടു. (ഇന്ത്യന്‍ ആര്‍ക്കിയോളജി റിവ്യൂ, 1975-76, 1984-85)

വേദോപനിഷത്തുകളില്‍ നിന്നുള്ള തെളിവുകള്‍:

അന്ന് അറവ് ശാലകളില്‍ പശുക്കള്‍ വധിക്കപ്പെട്ടിരുന്നു എന്ന് തെളിയിക്കുന്ന ഋഗ്വേദത്തിലെ ഈ സൂക്തം നോക്കുക:

'യാതൊരായുധത്താല്‍ പാപിയും യുദ്ധത്തിനു വരുന്നവനുമായ രക്ഷസിനെ പിളര്‍ന്നുവോ, യാതൊന്നിനാല്‍ മിത്രന്മാരോട് ക്രൂരത ചെയ്യുന്നവര്‍, ഭൂമിയിലെ അറവ് ശാലകളില്‍ പശുക്കളെ എന്ന പോലെ വെട്ടിനുറുക്കപ്പെട്ട് മണ്ണോടടിഞ്ഞ് കിടക്കുന്നുവോ, അവിടുത്തെ ആയുധം എപ്പോഴാണ് ശത്രുക്കളില്‍ എറിയപ്പെട്ട തായി ഭവിക്കുക?' (ഋഗ്വേദം ഭാഷാഭാഷ്യം 10-89-14)

പാല് തരുന്ന കാലത്ത് പശുക്കളെ പ്രിയപ്പെട്ട സ്വത്തായി ആര്യന്മാര്‍ കണ്ടിരുന്നുവെങ്കിലും മറ്റ് പശുക്കളേയും കാളകളേയും അന്ന് യഥേഷ്ടം ഭക്ഷിച്ചിരുന്നു എന്നാണ് അന്നത്തെ കൃതികളില്‍ നിന്ന് കിട്ടുന്ന അറിവ്. യാഗങ്ങളില്‍ ഹവിസ്സായി ദേവന്മാര്‍ക്ക് കൊടുക്കുന്നതിലും ബീഫ് ഒരു പ്രധാന ഇനമായിരുന്നു എന്ന് നമുക്ക് ഇവിടെ കാണാം. (ഇന്ദ്രന്‍ പറയുന്നു) എനിക്കു വേണ്ടി 35 കാളകളെ ഇന്ദ്രാണിയാല്‍ പ്രേരിപ്പിക്കപ്പെട്ട യഷ്ടാക്കള്‍ വേവിക്കുന്നു. പിന്നെ ഞാനത് ഭക്ഷിക്കുന്നു.... (ഋഗ്വേദം ഭാഷാഭാഷ്യം 10-86-14)

ഈ ഹവിസ് യാഗം നടത്തുന്നവര്‍ തന്നെ ഭക്ഷിച്ചിരുന്നതായി തെളിവുകള്‍ കാണാം.

വേദകാല ബ്രാഹ്മണരുടെ ഒരു ഭക്ഷണ വിഭവമായിരുന്നു ബീഫ് എന്ന ശതപഥ ബ്രാഹ്മണത്തില്‍ കാണാം. അതില്‍ യാജ്ഞവല്‍ക്യന്‍ പറയുന്നത് മൃദുവായ ബീഫാണ് എനിക്ക് ഇഷ്ടം എന്നാണ് (3:1,2,21)

ബൃഹദാരണ്യക ഉപനിഷത്തില്‍ വേദപണ്ഡിതനും വാഗ്മിയും ദീര്‍ഘായുസ്സുമുള്ള പുത്രനുണ്ടാവാന്‍ അരിയും യുവത്വമുള്ള കാളയുടെ ഇറച്ചിയും ചേര്‍ത്ത് വേവിച്ചത് (ബീഫ് ബിരിയാണി) മാതാപിതാക്കള്‍ കഴിക്കണമെന്ന് പ്രത്യേക ഉപദേശം കാണാം (6-4-18)

രാമായണം:

വാല്മീകി രാമായണത്തില്‍ യമുനാ നദി കടക്കുമ്പോള്‍ തങ്ങള്‍ സുരക്ഷിതമായി തിരിച്ചെത്തിയാല്‍ 10000 പശുക്കളെ (ബലിയാ യി?) നല്കാമെന്ന് സീത നദിക്ക് വാഗ്ദാനം നല്കുന്നു ണ്ട്. (2-55-19/20).

മഹാഭാരതം:

രന്തിദേവന്റെ രാജധാനിയില്‍ ദിവസേന 2000 പശുക്കളെ കൊന്ന് മാംസം എല്ലാവര്‍ക്കും വിതരണം ചെയ്തിരുന്നു എന്ന വലിയ പ്രശംസ പറയുന്നതായി മഹാഭാരതത്തില്‍ കാണാം (വനപര്‍വം 207)

ശ്രാദ്ധം ചെയ്യുമ്പോള്‍ പിതൃക്കള്‍ക്ക് തൃപ്തിയാവാന്‍ എന്ത് ബലിയര്‍പ്പിക്കണം എന്ന യുധിഷ്ഠിരന്റെ ചോദ്യത്തിന് ഭീഷ്മരുടെ മറുപടിയില്‍ ഗോമാംസത്തിന് അന്നുണ്ടായിരുന്ന ഉയര്‍ന്ന സ്ഥാനം വ്യക്തമാകുന്നുണ്ട്. മത്സ്യത്തെ ബലിയര്‍പ്പിച്ചാല്‍ 2 മാസത്തേക്കും ആട്ടിറച്ചിയാണെങ്കില്‍ 3 മാസത്തേക്കും മാത്രമേ പിതൃക്കള്‍ക്ക് തൃപ്തി യാകുകയുള്ളൂ. എന്നാല്‍ പോത്തിറച്ചി യാണെങ്കില്‍ 11 മാസവും ഗോമാംസ മാണെങ്കില്‍ 1 വര്‍ഷത്തേ ക്കും പിതൃക്കള്‍ തൃപ്തരാകും (അനുശാസനപര്‍വം 88)

മനുസ്മൃതി:

മനുസ്മൃതിയില്‍ ബ്രാഹ്മണന്മാര്‍ കഴിക്കാന്‍ പാടില്ലാത്ത ആഹാര സാധനങ്ങളു്‌ടെ കൂട്ടത്തില്‍ ഉള്ളിയും ഒട്ടക മാംസവും മറ്റും പറയുന്നുണ്ടെങ്കിലും ഗോമാംസം പരാമര്‍ശിക്ക പ്പെടുന്നില്ല എന്നത് ശ്രദ്ധേയമാണ് (മനുസ്മൃതി 5-19)

മാത്രവുമല്ല, യാഗങ്ങളില്‍ ബലികൊടുത്ത മൃഗമാംസം യാഗത്തിന്റെ ചുമതലയുള്ള ബ്രാഹ്മണന്‍ ഭക്ഷിച്ചില്ലെങ്കില്‍ ശിക്ഷയായി അടുന്ന 21 ജന്മങ്ങള്‍ ആ മൃഗമായി ജനിക്കുമെന്ന പേടിപ്പെടുത്തലും നമുക്കു കാണാം (മനുസ്മൃതി 5-35)

ആയുര്‍വേദം:

ശ്വാസവുമായി ബന്ധപ്പെട്ട രോഗങ്ങള്‍, വായ് നാറ്റം, വരണ്ട ചുമ, തീ പൊള്ളല്‍ മുതലായവക്ക് ഗോമാംസം ഔഷധമായി ചരക സംഹിത പറയുന്നു. (സൂത്രസ്ഥാനം 27-79/80)

പ്രസവിച്ചു കിടക്കുന്ന സ്ത്രീകള്‍ക്കും ഗോമാംസം നല്ലതാണ് എന്ന് നമുക്ക് ഈ ഗ്രന്ഥത്തില്‍ കാണാം. മറ്റ് പല ഭാഗങ്ങളിലും മാംസങ്ങളുടെ ഔഷധ ഗുണങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. (ചികിത്സാസ്ഥാനം 8-163, 165, 156).

ചുരുക്കത്തില്‍ വേദകാല ഭാരതത്തില്‍ ജാതിഭേദമന്യേ ഒരുവിധം എല്ലാവരും ഗോമാംസം അടക്കമുള്ള ബീഫ് ഭക്ഷിച്ചിരുന്നു എന്ന് നമുക്ക് കാണാന്‍ കഴിയും.

ഹിന്ദുത്വ രാഷ്ട്രീയക്കാരുടെ ആധ്യാത്മിക നേതാവായി കൊണ്ടാട പ്പെടുന്ന സ്വാമി വിവേകാനന്ദന്‍ പറഞ്ഞതു പോലെ ഒരുകാലത്ത് ബീഫ് കഴിക്കാത്ത ഒരാള്‍ക്ക് ബ്രാഹ്മണ നായിരിക്കാന്‍ കഴിഞ്ഞിരുന്നില്ല.

ബുദ്ധന്റെ കാലഘട്ടം:

അഹിംസക്ക് പ്രാധാന്യം കൂടുതല്‍ വന്നിരുന്നുവെങ്കിലും ഗോമാംസം ഉള്‍പ്പെടെയുള്ള ഇറച്ചികള്‍ ആ കലയളവിലും ഭാരതീയര്‍ ധാരാളമായി ഭക്ഷിച്ചിരുന്നു എന്നാണ് ചരിത്രകാര ന്മാരുടെ അഭിപ്രായം. യാഗങ്ങളിലെ മൃഗബലിയെയാണ് ബുദ്ധന്‍ രൂക്ഷമായി വിമര്‍ശിച്ചത്. ബുദ്ധനും അനുയായികള്‍ക്കും വേണ്ടി മാത്രം മൃഗങ്ങളെ അറക്കുന്നതിന് ബുദ്ധന്‍ എതിരായിരുന്നു വെങ്കിലും, സമൂഹത്തിലെ എല്ലാവരും കഴിക്കുന്ന ഭക്ഷണം എന്ന നിലയില്‍ മാംസാഹാരം അദ്ദേഹം സ്വീകരിച്ചു. മഹായാന വിഭാഗത്തിന്റെ ആവിര്‍ഭാവത്തോടു കൂടി മാംസാഹാരത്തിന് കൂടുതല്‍ വിലക്കുകള്‍ വന്നതായി കരുതപ്പെടുന്നു.

ജൈനമതം:

ഹിംസയെ ഏറ്റവും വെറുത്തിരുന്ന വിഭാഗമായിരുന്നു ജൈനന്മാര്‍. അവര്‍ എല്ലാ ജീവജാലങ്ങളേയും ഹിംസിക്കുന്നതിനു എതിരായിരുന്നു. പശുവിന് പ്രത്യേക പദവിയൊന്നും കൊടുത്തിരുന്നില്ല.

കൗടില്യന്റെ അര്‍ഥശാസ്ത്രം:

രാജാവിന്റെ സംരക്ഷണത്തില്‍ കഴിയുന്ന മൃഗങ്ങളെ കൊല്ലരുത് എന്ന് അനുശാസിക്കുന്നതിന് ഒപ്പം തന്നെ അറവുശാല നടത്തിപ്പുകാര്‍ക്കുള്ള നിയമങ്ങളും ഈ ഗ്രന്ഥത്തില്‍ നമുക്ക് കാണാം. സാധാരണ കാരണങ്ങളാല്‍ മരണപ്പെടുന്ന പശുക്ക ളുടേയും പാല് ലഭിക്കാത്ത പശുക്കളുടേയും ഇറച്ചി വില്ക്കാന്‍ അനുവദിക്കുമ്പോള്‍, മറ്റുള്ളവയെ അറക്കുന്നത് കുറ്റകരമാ ക്കുകയും പിഴ അടക്കാന്‍ നിര്‍ദ്ദേശം നല്കുകയും ചെയ്യുന്നുണ്ട്.

എന്നു മുതലാണ് സവര്‍ണര്‍ക്ക് ഗോമാംസം വര്‍ജിക്കപ്പെടേണ്ടതായത്?

കേദേശം 500 സി ഇ കാലം മുതലായിരിക്കണം ഉയര്‍ന്ന ജാതിക്കാരായ ഹിന്ദുക്കള്‍ ഗോമാംസം വര്‍ജിക്കണമെന്നുള്ള നിലപാട് സ്വീകരിക്കാന്‍ തുടങ്ങിയത് എന്നു കരുതാം. ആദ്യം ബ്രാഹ്മണ രായിരിക്കാം ആ നിലപാടില്‍ എത്തിയത്. മൃഗബലി ഇല്ലാതായതോടു കൂടി ബ്രാഹ്മണര്‍ക്ക് മാംസം ലഭിക്കാനുശള്ള സാധ്യതകള്‍ വളരെ കുറഞ്ഞു. കാര്‍ഷികവൃത്തി ശക്തി പ്രാപിച്ചപ്പോള്‍ കന്നുകാലികളുടെ കൃഷിക്കായുള്ള ഉപയോഗം വര്‍ധിച്ചു. മാംസ ലഭ്യത അതുമൂലവും കുറഞ്ഞു. വേദങ്ങളില്‍ പശുവിനെ പ്രധാന ധനമായി വാഴ്ത്തപ്പെടുന്ന സൂക്തങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം വന്നു. അത് ചൊല്ലി യാഗം നടത്തുന്ന ബ്രാഹ്മണര്‍ ഗോഹത്യ പാപമായി വിവരിക്കാന്‍ തുടങ്ങി. ബ്രാഹ്മണരെ അനുകരിച്ച് മറ്റ് സവര്‍ണരും ഗോമാംസം വര്‍ജിക്കാന്‍ തുടങ്ങി.

ചരിത്രം പഠിക്കുമ്പോള്‍, ബീഫ് ബ്രാഹ്മണരടക്കമുള്ള ഭാരതീയരുടെ നിത്യ ഭക്ഷമ വിഭവമായി ഏറെക്കാലം നിലനിന്നിരുന്നു എന്ന് നമുക്ക് കാണാം. ഹൈന്ദവ സംസ്‌കൃതിയുടെ സുവര്‍ണ കാലമായി ഇന്നത്തെ ഹിന്ദുത്വ രാഷ്ട്രീയക്കാര്‍ കണക്കാക്കുന്ന വേദങ്ങളുടേയും ഇതിഹാസങ്ങളുടേയും കാലത്ത് ബീഫ് എല്ലാവരാലും ഇഷ്ടപ്പെട്ട ഭോജ്യ വസ്തുവായിരുന്നു. പിന്നീട് ബുദ്ധ ജൈന മതങ്ങളുടെ സ്വാധീനം കൊണ്ടും, മറ്റ് സാമൂഹ്യ സാമ്പത്തിക കാരണങ്ങളാലും അത് വലിയ വിഭാഗം ഭാരതീയര്‍ വര്‍ജിക്കുന്ന തായിത്തീര്‍ന്നു.

ഒരാള്‍ ബീഫ് കഴിക്കണോ വേണ്ടയോ എന്ന് അയാള്‍ തീരുമാനിക്കട്ടെ. എന്നാല്‍ ഹൈന്ദവ പാരമ്പര്യ നിഷേധവും മതത്തെ വൃണപ്പെടുത്തു ന്നതുമായ ഒന്നും ഗോമാംസം കഴിക്കുന്നതില്‍ ഇല്ല എന്ന് ചരിത്രം നമുക്ക് കാണിച്ചു തരുന്നു. അതുകൊണ്ടു തന്നെ രാജ്യത്തെ മുഴുവനും സാംസ്‌കാരിക ഫാസിസത്തിന്റെ ഭാഗമായി ബീഫ് നിരോധനം കൊണ്ടുവരുന്നത് മതപാരമ്പര്യം ഉയര്‍ത്തിപ്പിടിക്കാനല്ല, മറിച്ച് മതങ്ങള്‍ തമ്മില്‍ വിദ്വേഷമുണ്ടാക്കി ഭൂരിപക്ഷ വോട്ടു ബാങ്ക് ശക്തിപ്പെടുത്താന്‍ വേണ്ടി മാത്രമാണ് എന്ന് ഏവരും തിരിച്ചറിയേണ്ടതുണ്ട്.

Ref. 

1. The myth of Holy Cow - D N Jha: Navayana Publishing
2. http://beef.sabhlokcity.com/
3. The Untouchables: Who Were they and Why They Became Untouchables? in Dr. Babasaheb Ambedkar Writings and Speeches
4. The Complete Works of Vivekananda/Vol.3/ Lectures from Colombo to Almora/Reply to the Address of Welcome at Madura

കടപ്പാട്: 'യുക്തിയുഗം' മാസിക 2015 ഏപ്രില്‍ ലക്കം.
Courtesy: image