"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, മേയ് 13, ബുധനാഴ്‌ച

ഗോവധം.... - ദലിത് ബന്ധു എന്‍ കെ ജോസ്

ദലിത് ബന്ധു
കേരളത്തില്‍ മനുഷ്യര്‍ ഗോത്രങ്ങളായി ജീവിച്ചിരുന്ന പുരാതന കാലത്ത് കൃഷിയും കാലി വളര്‍ത്തലും പ്രധാന തൊഴിലും കാലികള്‍ക്കു വേണ്ടിയുള്ള ഏറ്റുമുട്ടല്‍ പ്രധാന സമരവുമായിരുന്നു. അന്ന് പശുക്കളെ പാലിനു വേണ്ടി മാത്രമായിരുന്നുവോ വളര്‍ത്തിയിരുന്നത്? ആ പശുക്കള്‍ പ്രായമായി ക്കഴിഞ്ഞാല്‍ ചത്തു ചീയുകയായിരുന്നുവോ? കാലികള്‍ക്കു വേണ്ടി ഗോത്രങ്ങള്‍ നടത്തിയിരുന്ന ഏറ്റുമുട്ടലിന്റെ പ്രധാന ലക്ഷ്യം പാല്‍ മാത്രമായി രുന്നുവോ? പാല്‍ പ്രധാന ആഹാരമായി സംഘ കൃതിയിലെങ്ങും കാണുന്നില്ല.

കാലികള്‍ക്കു വേണ്ടി അനേകം കുളങ്ങള്‍ ഇവിടെ കുഴിപ്പിച്ചതായി അശോകന്റെ രണ്ടാം നമ്പര്‍ ശിലാ സ്തംഭങ്ങളില്‍ പറയുന്നുണ്ട്. മനുഷ്യര്‍ക്കും മൃഗങ്ങള്‍ക്കും വേണ്ടിയുള്ള ചികിത്സാലയങ്ങളും അന്നുണ്ടായിരു ന്നതായി പറയുന്നു. നാട്ടില്‍ ഇല്ലാത്ത മരുന്നു ചെടികള്‍ പ്രത്യേകം കൊണ്ടു വന്നു നട്ടു പിടിപ്പിക്കാന്‍ വേണ്ട ഏര്‍പ്പാടുകള്‍ ചെയ്തിരുന്നു. അതെല്ലാം കാണിക്കുന്നത് അന്ന് ഇവിടെ കാണികള്‍ ഏറെ ഉണ്ടായിരുന്നു എന്നാണ്. 

അന്നിവിടെ ഏറെ പ്രചരിച്ചിരുന്നത് ബുദ്ധ ധമ്മമായിരുന്നു എന്നതിന് തെളിവുകളുണ്ട് അത് ബി സി മൂന്നാം നൂറ്റാണ്ടു മുതലെങ്കിലും ഇവിടെ ഉണ്ടായിരുന്നു എന്ന് പാടലീപുത്രത്തില്‍ വെച്ചു ചേര്‍ന്ന രണ്ടാം ബുദ്ധമത സമ്മേളനത്തിന്റെ നടപടികളില്‍ നിന്നും വ്യക്തമാകും. ബുദ്ധ ധമ്മം പശുക്കളെ വധിക്കുന്നതിന് എതിരായിരുന്നുവോ? ഗൗതമബുദ്ധന്റെ അന്ത്യം തന്നെ പന്നിമാംസം കഴിച്ചാണ് എന്ന് പറയപ്പെടുന്നു. പന്നിമാം സം കഴിക്കുന്നവര്‍ക്കു പശുമാംസം കഴിക്കുന്നത് പാതകമാണോ? ഭിക്ഷ യാചിക്കുമ്പോള്‍ ലഭിക്കുന്നത് എന്തും ഭക്ഷിക്കാം! അത് മാംസം എന്നോ മത്സ്യം എന്നോ നോക്കേണ്ടതില്ല എന്നാണ് ഗൗതമബുദ്ധന്‍െ തന്റെ അനുയായികളായ ഭിക്ഷുക്കള്‍ക്ക് നല്കിയ ഉപദേശം. എന്നാല്‍ നിങ്ങള്‍ ഒന്നിനേയും ഹിംസിക്കരുത്, നിങ്ങള്‍ക്കു വേണ്ടി ആരെങ്കിലും മൃഗങ്ങളെ കൊല്ലുന്നതിനു നിങ്ങള്‍ പ്രേരണയും പ്രോത്സാഹനവും നല്കരുത് എന്നു കൂടി അദ്ദേഹം ഉപദേശിക്കുന്നുണ്ട്.

അദ്ദേഹത്തിന്റെ കാലത്ത് ബ്രാഹ്മണര്‍ യാഗങ്ങളും യജ്ഞങ്ങളും ബലികളും നടത്തിയിരുന്നതിന് കണക്കില്ല. രാജാക്കന്മാര്‍ അതിനുവേണ്ടി നൂറുകണക്കിനും ആയിരക്കണക്കിനും ഗോക്കളെയാണ് ബ്രാഹ്മണര്‍ക്ക് നല്കിയിരുന്നത്. അന്ന് ഗംഗാ നദീതടം യാഗത്തിനു വേണ്ടി വധിക്ക പ്പെടുന്ന പശുക്കളുടെ ദീന രോദനം കൊണ്ട് മുഖരിതമായിരുന്നു. അവയെക്കൊണ്ടു നടത്തുന്ന യജ്ഞങ്ങളുടെ ശാലകളില്‍ നിന്നും പുറപ്പെടുന്ന പുക കൊണ്ട് അന്തരീക്ഷം മൂടപ്പെട്ടിരുന്നു എന്നതെല്ലാം, അന്തരിച്ച സുകുമാര്‍ അഴീക്കോട് തന്റെ ഗ്രന്ഥത്തില്‍ പറയുന്നു. 

അഹിംസ പൂര്‍ണമായി നടപ്പിലാക്കിയത് ജൈമമതക്കാ രായിരുന്നു. അവര്‍ പച്ചവെള്ളം പോലും അരിച്ചാണ് കുടിച്ചിരുന്നത്. വെള്ളം കുടിക്കുമ്പോള്‍ അതിലൂടെ ഒരു പ്രാണി പോലും ഹിംസിക്കപ്പെടരുത്. അന്ന് ഹിംസ പൂര്‍ണമായും നടപ്പിലാക്കിയത് സനാതന ധര്‍മ്മക്കാരാ യിരുന്നു. അന്ന് അവരുടെ ദേവന്മാര്‍ യാഗങ്ങളിലൂടെയും യജ്ഞങ്ങളി ലൂടെ യുമായിരുന്നു പ്രസാദിച്ചിരുന്നത്. ഗൗതമബുദ്ധന്‍ ഒരു മധ്യമാര്‍ഗ മാണ് സ്വീകരിച്ചിരുന്നത്.

കൊന്നാല്‍ പാപം തിന്നാല്‍ തീരും അഥവാ തിന്നാനുള്ളതിനെ മാത്രം കൊല്ലുക. 
അതാണ് പ്രകൃതിയില്‍ കാണുന്ന പ്രതിഭാസം. ഏത് ക്രൂര മൃഗമായാലും വയര്‍ നിറഞ്ഞിരിക്കുമ്പോള്‍ ഒരു ഇരയേയും കൊല്ലുകയില്ല. കടുവാ ആയാലും സിംഹമായാലും അതിന് മാറ്റമില്ല. ജലത്തില്‍ വലിയ മത്സ്യങ്ങള്‍ ചെറിയ മൃഗങ്ങളെ തിന്ന് ജീവിക്കുന്നു. അതിനും ജീവനുണ്ട്. അതും ഹിംസയാണ്. അതെല്ലാം പ്രകൃതി നിയമമാണ്. അതിന് വിരുദ്ധമാണ് ഗോവധ നിരോധനം.

പശു ഒരു മൃഗമാണ്. ഒരു സസ്തന ജീവി. അത് സസ്യങ്ങള്‍ ഭക്ഷിച്ച് ജീവിക്കുന്നു. അതിനെ ഫശുവമ്മ, ഗോമാതാവ് എന്നെല്ലാം പറയുന്നത് വെറും ആലങ്കാരിക ഭാഷ മാത്രമാണ്. പശു പ്രസവിച്ച് ഒരു മനുഷ്യ ശിശുവും ഇന്നുവരെ ഉണ്ടായിട്ടില്ല. പിന്നെ എങ്ങനെ അത് നമുക്ക് അമ്മയാകും? ഗാന്ധി പറഞ്ഞാലും മോഹന്‍ ഭഗത് പറഞ്ഞാലും മറ്റാരു പറഞ്ഞാലും പശു മനുഷ്യന് അമ്മയാകില്ല. അമ്മയെന്ന് ഇന്ന് നാം ധരിച്ചിരിക്കുന്ന സങ്കല്പത്തില്‍ പശു ഒരിക്കലും അമ്മയാകുകയില്ല. പണ്ട് ദലിതരെ ഹരിയുടെ / വിഷ്ണുവിന്റെ മക്കള്‍ എന്നു വിളിച്ചതിന്റെ മറ്റൊരു പകര്‍പ്പു മാത്രം. പിന്നെ ദലിതര്‍ക്കു തന്നെ അതിനെ പ്രതിഷേധിക്കേണ്ടി വന്നനു. നാളെ ഗോമാതാവ് എന്ന പ്രയോഗത്തി നെതിരേയും പ്രതിഷേധിക്കാന്‍ ആളുണ്ടാകും.

പാല്‍ തരുന്നതെല്ലാം അമ്മയാണെങ്കില്‍ പശു മാത്രമല്ല ആടും ഒട്ടകവും എരുമയും കഴുതയും, അങ്ങനെ അനേകം ജീവികള്‍ വേറേയുമുണ്ട് പാല്‍ തരുന്നതായി. അവയെല്ലാം അമ്മയാകണമല്ലോ. കുടിക്കാന്‍ കൊള്ളില്ലെ ങ്കിലും റബറും തരുന്നത് പാല്‍ ആണല്ലോ.

പണ്ട് ജന്മിമാരുടെ പശുക്കള്‍ ചത്താല്‍ ഗോത്ര വര്‍ഗക്കാരാണ് അവയെ കൊണ്ടുപോയി ഭക്ഷിച്ചിരുന്നത്. ഇന്ന് പശുക്കളെ പ്രായം അധികമാകു മ്പോള്‍ അന്നത്തെ ഗോത്ര വര്‍ഗക്കാരുടെ ഇന്നത്തെ പിന്‍ഗാമികള്‍ ചാകുന്നതിനു മുമ്പേ വാങ്ങിക്കൊണ്ടു പോയി കൊന്നു ഭക്ഷിക്കുന്നു എന്നു മാത്രം. അതിലൂടെ പശു വളര്‍ത്തുകാരുടെ ഏറ്റവും വലിയ ബുദ്ധിമുട്ടും അവസാനിക്കും. പ്രസവവും പാലും നിലച്ച ഒരു വയസി പശുവിനെ സംരക്ഷിക്കുക എന്ന സാമ്പത്തിക ഭാരത്തില്‍ നിന്നും പശുക്കളുടെ ഉടമ രക്ഷപ്പെടുന്നു. ഗോഹത്യ നിരോധിച്ച നാടുകളില്‍ വയസിപ്പശുക്കളെ ആര് സംരക്ഷിക്കും? അതോ അതിനെ അലഞ്ഞു തിരിഞ്ഞ് ചാകാന്‍ വിടുമോ? അതൊണോ പശുവമ്മയോടുള്ള സ്‌നേഹവും ബഹുമാനവും? സര്‍ക്കാര്‍ ആ ചുമതല ഏറ്റെടുക്കുമോ? ബഡ്ജറ്റുകളില്‍ അതിനുള്ള വക കൊള്ളി ച്ചിട്ടുണ്ടോ? മഹാരാഷ്ട്രാ ബജറ്റുകളില്‍ ഏതായാലും ഇക്കൊല്ലം അതില്ല. അടുത്ത കൊല്ലം മുതല്‍ മതിയായിരിക്കും.