"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, മേയ് 16, ശനിയാഴ്‌ച

ആര്യന്മാരുടെ ആഗമനം - എന്‍ ഇ ബാലറാം

എന്‍ ഇ ബാലറാം
ഇന്ദ്രനെ പ്രധാന ദൈവമായി കണക്കാക്കുകയും സംസ്‌കൃതം സംസാരിക്കുകയും വേദങ്ങള്‍ പാടുകയും ചെയ്തു ഇന്ത്യയില്‍ പാര്‍ത്ത ഒരു പുരാതന ജന വിഭാഗത്തെയാണ് ചരിത്രകാരന്മാര്‍ ആര്യന്മാര്‍ എന്ന് വിളിക്കുന്നത്. ഹരപ്പാ സംസ്‌കാര ത്തിനു ശേഷം ഇവരെപ്പറ്റിയാണ് പുരാതന ചരിത്രത്തില്‍ ചിലത് നമുക്ക് അറിയാന്‍ കഴിഞ്ഞത്. ഇവരുടെ ആദിമ സഥാനത്തെ പ്പറ്റി ചരിത്രകാരന്മാര്‍ തമ്മില്‍ ഇപ്പോഴും വാദ പ്രതിവാദങ്ങള്‍ നടക്കുന്നുണ്ട്. ഏതാണ്ട് ബി സി 6000 നും 4000 നും മധ്യേ തെക്കന്‍ റഷ്യയില്‍ നിന്നാണ് ഇവര്‍ പുറപ്പെട്ടതെന്ന വാദത്തിനാണ് ഇന്ന് പ്രാബല്യം കാണുന്നത്.

കൂട്ടംകൂട്ടമായിട്ടാണിവര്‍ തെക്കന്‍ റഷ്യയില്‍ നിന്ന് പുറപ്പെട്ടത്. പുതിയപുതിയ പാര്‍പ്പിടങ്ങള്‍ കണ്ടെത്തുക യാണവരുടെ ഉദ്ദേശ്യം. കുറേ ദൂരം ഒരുമിച്ച് സഞ്ചരിച്ച ശേഷം ഒരു വിഭാഗം പടിഞ്ഞാറോട്ടേക്കും മറ്റൊരു വിഭാഗം തെക്കോട്ടേക്കും വേര്‍തിരിഞ്ഞു പോയി. തെക്കോട്ടേക്കു വന്നവര്‍ ഹിന്ദുക്കുഷ് പര്‍വതത്തിന്റെ മലയിടുക്കിലൂടെ പഞ്ചാബില്‍ പ്രവേശിച്ച് താമസം തുടങ്ങി. പടിഞ്ഞാറോട്ട് പോയവര്‍ ഇറാന്‍, ഇറാക്ക് എന്നിവിടങ്ങളിലും ചെന്നെത്തി. ഭാഷയിലും ആശയങ്ങളിലും മറ്റും ധാരാളം സാദൃശ്യങ്ങള്‍ കാണുന്നതു കൊണ്ടാണ് പ്രത്യേകം പ്രത്യേകമായി വേര്‍തിരിഞ്ഞു താമസിക്കുന്നവരെ ഇവര്‍ ഒപ്പം ജീവിച്ചിരിക്കണമെന്ന് ചരിത്രകാരന്മാര്‍ ഊഹിക്കുന്നത്. ഇറാനിലെ ആര്യന്മാരുടെ ഭാഷയായ സെങ്ങും പഞ്ചാബിലെ ആര്യന്മാരുടെ ഭാഷയായ സംസ്‌കൃതവും തമ്മില്‍ വളരെയേറെ സാദൃശ്യമുണ്ട്. അതുപോലെതന്നെ ഇറാന്‍കാരുടെ പൗരാണിക പുണ്യഗ്രന്ഥമായ 'അവസ്ത'യിലും പഞ്ചാബില്‍ പാര്‍ത്ത വരുടെ കീര്‍ത്തനങ്ങളായ വേദങ്ങളിലും ഒരേ ദേവന്മാരെ കുറിച്ച് പ്രസ്താവിക്കുന്നുണ്ട്. ഇന്ദ്രന്‍, വരുണന്‍, ആര്യമാവ്, നാസത്യര്‍ എന്നിവരെപ്പറ്റി മേല്‍പ്രഞ്ഞ രണ്ടു ഗ്രന്ഥങ്ങളിലും ഏതാണ്ട് ഒരേ അര്‍ത്ഥത്തിലാണ് പ്രതിപാദിച്ചിട്ടുള്ളത്. മറ്റ് ചില ഉദാഹരണങ്ങള്‍ കൂടി ചൂണ്ടിക്കാണിക്കാം. ഏഷ്യാ മൈനറിനടുത്ത് ആവാസം ഉറപ്പിച്ച ഹീറ്റൈറ്റ് ജനവിഭാഗത്തിന്റെ (ഇവരും ആര്യന്മാരാണ്) ഒരു രാജാവായ ഷുബ്ബീലുലിയുമായും യൂഫ്രട്ടീസ് നദിയുടെ മേല്ഭാഗത്ത് പാര്‍ത്തിരുന്ന മിട്ടാനി വംശ (ഇവരും ആര്യന്മാരാണ്) ത്തില്‍ പെട്ട മറ്റി ഉവാസ എന്ന രാജാവും തമ്മിലുണ്ടായ ഒരു കരാര്‍ ഇതിനിടെ കണ്ടു കിട്ടിയിട്ടുണ്ട്. മിട്ടാനിക്കാരുടെ തലസ്ഥാനമായ ബോഗസ്‌കോയില്‍ നിന്ന് കിട്ടിയതിനാല്‍ ഈ രേഖക്ക് ബോഗസ്‌കോയ് രേഖകള്‍ എന്നാണ് ചരിത്രകാരന്മാര്‍ പേരിട്ടത്. കളിമണ്‍ പലകകളിലാണ് ഈ കരാര്‍ എഴുതി തയാറാക്കിയത്. ഈ കരാറില്‍ ഇന്ദ്രനേയും വരുണനേയും അശ്വിനീ ദേവകളേയും സാക്ഷ്യപ്പെടുത്തിക്കൊണ്ടാണ് മിട്ടാനി രാജാവ് ഒപ്പിട്ടിട്ടുള്ളത്. ഇങ്ങനെ യുള്ള പല രേഖകളും പരിഗണിച്ചു കൊണ്ടാണ് ഇന്ത്യയിലേയും ഇന്ത്യക്ക് തൊട്ടടുത്ത് കിടക്കുന്ന മറ്റു രാജ്യത്തിലേയും ആര്യന്മാര്‍ ആദ്യ കാലങ്ങളില്‍ ഒരുമിച്ച് ജീവിച്ചിട്ടു ണ്ടാകണമെന്ന് ചരിത്രകാരന്മാര്‍ അഭിപ്രായപ്പെടുന്നത്. ഹിറ്റൈറ്റുകാരും ഇന്തോ ഇറാനിയക്കാരും (ഇന്ത്യയിലും ഇറാനിലും എത്തിയ ആര്യന്മാര്‍) ആദ്യ കാലങ്ങളില്‍ ഒരൊറ്റ ഗണത്തില്‍ പെട്ടവരായിരുന്നു. കുറേദൂരം ഒരുമിച്ച് സഞ്ചരിച്ച ശേഷമാണ് ഇവര്‍ വിട്ടുപിരിഞ്ഞത്. അങ്ങനെ ആദ്യമായി പിരിഞ്ഞ ഹിറ്റൈറ്റുകാര്‍ 1950 ബി സിയോടു കൂടി ഏഷ്യാമൈനര്‍ കൈവശമാക്കി തമാസം തുടങ്ങി. ഇതിനുവേണ്ട തെളിവ് ഉദ്ഘനനം വഴി ഇതിനിടെ കണ്ടുകിട്ടിയിട്ടുണ്ട്. ഇന്തോ ഇറാനിയക്കാരാകട്ടെ വീണ്ടും യാത്ര തുടങ്ങി. കുറേദൂരം പോയശേഷം ഇരുവരും രണ്ടായി പിരിഞ്ഞു. കുറേ പേര്‍ ഇറാനിലും മറ്റുള്ളവര്‍ ഇന്ത്യയിലും എത്തി. ഹിറ്റൈറ്റുകള്‍ ക്രിസ്തുവിന് മുമ്പ് 1950 ആം വര്‍ഷത്തിലാണ് ഏഷ്യാമൈനറില്‍ എത്തിയതെങ്കില്‍ ഏതാണ്ട് അതേകാലത്തു തന്നെയാവണം ആര്യന്മാര്‍ ഇന്ത്യയിലും എത്തിയതെന്നും അനുമാനിക്കാം. ഏതായാലും ആര്യന്മാരുടെ ആഗമനകാലം 2000 ബി സിക്ക് അപ്പുറമാണെന്ന് ഒരിക്കലും പറഞ്ഞുകൂടാ.

കന്നുകാലികളെ മേച്ചുകൊണ്ടാണിവര്‍ ഇവിടെ വന്നത്. മേച്ചില്‍ സ്ഥാനമന്വേഷിച്ചു കൊണ്ടു സദാ സഞ്ചാരികളായി ക്കഴിഞ്ഞതിനാല്‍ ഏതെങ്കിലുമൊരു സ്ഥലത്തു സ്ഥിരം പാര്‍പ്പുകാരായി ജീവിച്ച് സ്വന്തമായി ഒരു സംസ്‌കാരം കെട്ടിപ്പടുക്കാനിവര്‍ക്കു കഴിഞ്ഞില്ല. തന്മൂലം പ്രത്യേകമൊരു മണ്‍പാത്ര നിര്‍മാണ രീതിയോ ഇത്പാദന ഉപകരണ ങ്ങേളാ ഒന്നും തന്നെ അവര്‍ക്കു ണ്ടായിരുന്നില്ല. മറ്റ് ഗോത്ര വര്‍ഗക്കാരു മായി ഇടപെടാനും മിശ്രവിവാഹം കഴിക്കാനും വൈമനസ്യം കാണിക്കാത്തതു കൊണ്ടായിരിക്കാം ഇവര്‍ക്ക് ഏകരൂപമായൊരു ശരീരഘടന ഉണ്ടാകാതിരിക്കാന്‍ കാരണം. ഇവരെപ്പറ്റി ഇന്നുവരെ ഉത്ഖനനം വഴി യാതൊന്നും ചരിത്രകാരന്മാര്‍ക്ക് സമ്പാദിക്കാന്‍ കഴിഞ്ഞിട്ടില്ല.

വേദങ്ങളില്‍ നിന്നാണ് ഇവരുടെ ചരിത്രം മനസിലാകുന്നത്. വേദങ്ങള്‍ നാലെണ്ണമാണ്. ഋഗ്വേദം, യജുര്‍വേദം, സാമവേദം, അഥര്‍വവേദം. ഇതില്‍ ഏറ്റവും പഴക്കമുള്ളത് ഋഗ്വേദത്തിനാണ്. ഏറ്റവും പഴക്കം കുറഞ്ഞത് അഥര്‍വ വേദവും. ഋഗ്വേദത്തില്‍ ആകെ 1028 സൂത്രങ്ങള്‍ ഉണ്ട്. യജുര്‍വേദത്തിന് 6 സംഹിതകളാണ് ഉള്ളത്. ഇതില്‍ 4 എണ്ണം കൃഷ്ണ യജുര്‍വേദവും 2 എണ്ണം ശുക്ല യജുര്‍വേദവും എന്ന പേരിലറിയപ്പെടുന്നു. യഥാര്‍ത്ഥത്തില്‍ ഋഗ്വേദത്തിലെ 1549 പദ്യ ശകലങ്ങള്‍ മാത്രമേ സാമ വേദത്തിലുള്ളൂ. ആഥര്‍വ വേദത്തില്‍ ആകെയുള്ള 731 സൂക്തങ്ങളില്‍ 7 ല്‍ ഒരു ഭാഗം ഋഗ്വേദത്തിലുള്ള സൂക്തങ്ങള്‍ തന്നെയാണ്. വേദങ്ങള്‍ പണ്ടുകാലത്ത് എഴുതി പഠിക്കാറില്ല. 10-12 കൊല്ലം കൊണ്ട് ശിഷ്യന്മാര്‍ ഗുരുമുഖത്തു നിന്ന് കേട്ടു പഠിക്കുകയാണ് പതിവ്. വേദമന്ത്രങ്ങള്‍ തെറ്റി ഉച്ചരിച്ചാല്‍ നരകത്തില്‍ പോകുമെന്നാണ് വിശ്വാസം. അതിനാല്‍ അധ്യാപകന്മാരും അധ്യേതാക്കളും വേദോച്ചാരണ വിഷയത്തില്‍ അത്യധികം ശ്രദ്ധ പതിപ്പിച്ചു. വേദോച്ചാരണത്തെ വിവരിക്കുന്നതിന് പ്രത്യേക ഗ്രന്ഥങ്ങള്‍ തന്നെ നിര്‍മിക്കപ്പെട്ടിട്ടുണ്ട്. ഇവര്‍ക്ക് പ്രാതിശാ ഖ്യങ്ങള്‍ എന്നാണ് പേര്. ഇങ്ങനെ പരമ്പരയാ വളരെ നിഷ്‌കര്‍ഷ യോടുകൂടി പഠിപ്പിച്ചു വന്നതുകൊണ്ട് വലിയകലര്‍പ്പും കൂട്ടും ഇല്ലാതെ ആ മഹല്‍കാവ്യം നമുക്കു സിദ്ധിച്ചു. വേദങ്ങള്‍ സംസ്‌കൃത ത്തിലാണ് രചിച്ചിട്ടുള്ളത്. പക്ഷെ, വേദ സംസ്‌കൃതം ഒന്നു വേറെ തന്നെയാണ്. വൈദിക സംസ്‌കൃതത്തിന് വ്യാകരണ കര്‍ത്താവായ പാണിനി പ്രത്യേകം നിയമങ്ങള്‍ എഴുതി ച്ചേര്‍ത്തിരിക്കയാണ്. അതുപോലെ തന്നെ വേദശബ്ദങ്ങളുടെ അര്‍ത്ഥം വിവരിക്കുന്നതിന് ഒരു പ്രത്യേക നിഘണ്ടു തയാറാക്കപ്പെട്ടിട്ടുണ്ട്. വി സ് 700 ന് മുമ്പാണ് ഈ ഗ്രന്ഥം ചരിച്ചതെന്നാണ് സാഹിത്യ ചരിത്ര കാരന്മാരുടെ അഭിപ്രായം. ഈ നിഘണ്ടു നോക്കിയാല്‍ ഇന്ന് കാണുന്ന അര്‍ത്ഥത്തില്‍ അല്ല വേദങ്ങളിലെ പല ശബ്ദങ്ങളും ഉപയോഗിച്ചതെന്ന് നിസ്തര്‍ക്കം പറയാം. വേദമന്ത്രങ്ങള്‍ രചിച്ചവരില്‍ പ്രധാനികള്‍ വസിഷ്ഠന്‍, വിശ്വാമിത്രന്‍, വാമദേവന്‍, അത്രി, ഭരദ്വാജന്‍, ഗ്രീത്സമദന്‍ എന്നീ 6 ഋഷിമാരാണ്. ആകെ 10 മണ്ഡലങ്ങളില്‍ 6 എണ്ണത്തിന്റേയും 2 മുതല്‍ 7 വരെ അടിസ്ഥാന സൂക്തങ്ങള്‍ ഈ 6 പേരാണ് രചിച്ചത്. ഒരു ദിവസം കൊണ്ട് ഒരു മഹാകവി രചിച്ചതാണ് വേദമെന്ന് ധരിക്കേണ്ടതില്ല. നൂറ്റാണ്ടുകളുടെ പ്രവര്‍ത്തന ഫലമാവാം അത്. വൈദിക കാലത്തേയും അതിന് തൊട്ടുമുമ്പുള്ള കാലത്തേയും ജനങ്ങളുടെ ജീവിത കഥകളും അഭിലാഷ ങ്ങളും പ്രതിജ്ഞകളും ഭാവനകളുമാണ് ഇതില്‍ പ്രതിഫലിച്ചു കാണുന്നത്. ഉരല്‍, ഉലക്ക, ഭൂമി, ഭക്ഷണം, ഉഷസ്, മഴ, വരുണന്‍, ഇന്ദ്രന്‍ തുടങ്ങിയവയെ സ്തുതിക്കുന്ന മന്ത്രങ്ങള്‍, പ്രേമസല്ലാപം നടത്തുന്ന മന്ത്രങ്ങള്‍, ഘോരയുദ്ധ ത്തെക്കുറിച്ച് പ്രതിപാദിക്കുന്ന സൂക്തങ്ങള്‍, ഭാര്യാഭര്‍ത്താക്കന്മാര്‍ പോലും നടത്തിയിരുന്ന വായിക്കാന്‍ മടിക്കുന്ന അശ്ലീല ഗാനങ്ങള്‍ തുടങ്ങിയ പലതും വേദങ്ങളില്‍ കാണുന്നുണ്ട്. ഇതെങ്ങനെ വന്നു, എന്തുകൊണ്ടു വന്നു എന്നു പരിശോധിക്കു മ്പോഴാണ് വേദങ്ങളുടെ ചരിത്രപരമായ പ്രാധാന്യം മനസിലാകുന്നത്.

ചരിത്ര വിദ്യാര്‍ത്ഥികള്‍ക്ക് ഋഗ്വേദത്തില്‍ നിന്നും യജുര്‍വേദത്തില്‍ നിന്നുമാണ് ധാരാളം പഠിക്കാനുള്ളത്. ശ്രദ്ധിച്ചു നോക്കിയാല്‍ ഋഗ്വേദ സൂക്തങ്ങള്‍ 3 പ്രധാന കാലഘട്ടങ്ങളെ പ്രതിനിധാനം ചെയ്യുന്ന വയാണെന്ന് പറയാം. യജുര്‍വേദമാകട്ടെ മറ്റൊരു കാലഘട്ടത്തെയാണ് സൂചിപ്പിക്കുന്നത്. ഈ കാലഘട്ട നിര്‍ണയം വളരെ സാമാന്യമായ രീതിയില്‍ തയാറാക്കി യതാണെന്ന് പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.

ഒന്നാമത്തെ ഘട്ടം സഞ്ചാര കാലമാണ്; അതായത് ഇന്ത്യയില്‍ എത്തി പാര്‍പ്പുറപ്പിക്കുന്നതു വരെയുള്ള ഘട്ടം. ഇന്ത്യയില്‍ താമസിച്ചുകൊണ്ട് പുതിയ ഒരു സംസ്‌കാരം കെട്ടിപ്പടുക്കുന്ന ഭാഗമാണ് രണ്ടാം കാലഘട്ടം. ഈ കാലത്തും കന്നുകാലികളെ പോറ്റിക്കൊണ്ടാണവര്‍ കാലക്ഷേപം ചെയ്തിരുന്നത്. അല്പാല്പം കൃഷിയും ഉണ്ടായിരുന്നു. മൂന്നാമത്തെ ഘട്ടമാകു മ്പോഴേക്കും കൂടുതല്‍ സ്ഥലങ്ങള്‍ വെട്ടിത്തെളിയിച്ചും, കാളകളെ പൂട്ടി ഉഴുതും, കൃഷി പ്രധാനമായ തൊഴിലായി അംഗീകരിച്ചും കൊണ്ടുള്ള ഒരു ഉയര്‍ന്ന സമുദായമായി അവര്‍ അഭിവൃദ്ധി പ്രാപിച്ചു. യമുനയുടേയും ഗംഗയുടേയും തടങ്ങളിലേക്ക് വ്യാപിച്ചത് ഈ ദശയിലാണ്. ഈ 3 ഘട്ടങ്ങളിലുള്ള ചരിത്രം ആര്യന്മാരുടെ ചരിത്രം മാത്രമാണെന്ന് ധരിക്കരുത്. ആര്യന്മാര്‍ ഇവിടെ എത്തുമ്പോഴേക്കും അനാര്യരായ മറ്റൊരു വിഭാഗം ജനങ്ങള്‍ ഇവിടെ ഉണ്ടായിരുന്നു വെന്ന് പറഞ്ഞുവല്ലോ. അവരും ആര്യന്മാരും തമ്മില്‍ സംഘട്ടനങ്ങളും സംയോജനങ്ങളും ധാരാളം നടന്നിട്ടുണ്ട്. അങ്ങനെയാണ് ഗംഗാതലത്തില്‍ ഉയര്‍ന്ന പല സംസ്‌കാരങ്ങളും ഉടലെടുത്തത്.

ഇനി നമുക്ക് ഓരോ കാലഘട്ട ത്തെക്കുറിച്ചും വിസ്തരിച്ചൊന്ന് പരിശോധിക്കാം. ഏറ്റവും പഴക്കമുണ്ടെന്ന് കരുതുന്ന ഋഗ്വേദ മന്ത്രങ്ങളില്‍ നിന്നാണ് ആദ്യഘട്ടത്തെക്കുറിച്ച് നമുക്ക് ചില വിവരങ്ങള്‍ കിട്ടുന്നത്. ഇന്ത്യയില്‍ കുടിപാര്‍പ്പ് തുടങ്ങിയ ശേഷം ആര്യന്മാര്‍ ചെമ്മരിയാടിനെ വളര്‍ത്തുന്നതായി കാണുന്നില്ല. പശുക്കളെയാണ് അവര്‍ പോറ്റിയിരുന്നത്. എന്നാല്‍ ഋഗ്വേദത്തില്‍ 4 സ്ഥലങ്ങളിലെങ്കിലും ചെമ്മരിയാടിനെപ്പറ്റി പറയുന്നുണ്ട്. ഇന്ത്യക്ക് വെളിയിലുള്ളപ്പോള്‍ അവര്‍ ചെമ്മരിയാടിനെ പോറ്റിയിട്ടു ണ്ടായിരിക്കും. അല്ലെങ്കില്‍ ഋഗ്വേദത്തില്‍ ചെമ്മരിയാടി നെപ്പറ്റി പറയേണ്ട കാര്യമില്ല. ദേവതക്ക് അസുരപദം ഉപയോഗിച്ചതാണ് രണ്ടാമത്തെ തെളിവ്. ഇന്ദ്രനേയും വരുണനേയും മരുത്തുക്കളേയും അഗ്നിയേയും ഋഗ്വേദത്തില്‍ ചില സ്ഥലങ്ങളില്‍ അസുരന്‍ എന്ന് സംബോധന ചെയ്തിട്ടുണ്ട്. ഉദാഹരണം കാണിക്കാം;

'അല്ലയോ അഗ്നി, അല്ലയോ അസുരാ, ഞങ്ങളുടെ ഈ യജ്ഞത്തില്‍ നിറയെ പശുക്കള്‍ ഉണ്ട്. ചെമ്മരിയാടുകള്‍ ഉണ്ട്, കുതിരകള്‍ ഉണ്ട്, ഭക്ഷണമുണ്ട്. അങ്ങ് ഞങ്ങളുടെ സഭയില്‍ എപ്പോഴും കോപമില്ലാതെ പങ്കെടുക്കുവാനപേക്ഷ. ധാരാളം ജലവും, ധനവുമുള്ള ഒരു മനുഷ്യ സ്‌നേഹിതനായി (നൃപത് സഖാ എന്നാണ് സംസ്‌കൃതം) വര്‍ത്തിക്കുക' (ഋഗ്വേദം 7-2-5) ഇതില്‍ അഗ്നിയെ അസുരനായിട്ടാണ് പറയുന്നത്. വേദത്തിന് ഒന്നാംതരം ഒരു വ്യാഖ്യാനം നല്കിയ സായണന്‍ (ഇദ്ദേഹം 14 ആം നൂറ്റാണ്ടിലാണ് ജീവിച്ചത്) അഗ്നിയെ അസുരന്‍ എന്ന് വിളിച്ച ഈ സൂക്തം വ്യാഖ്യാനിക്കാന്‍ വളരെ വിഷമിക്കുക യുണ്ടായി. വാസ്തവത്തില്‍ അത്ര വിഷമിക്കേണ്ട ഒരു കാര്യമല്ല ഇത്. ആര്യന്മാര്‍ ഇന്തോ - ഇറാനിയന്‍കാരായി ഇന്ത്യക്ക് വെളിയില്‍ കുറേക്കാലം സഞ്ചരിച്ച ശേഷമാണ് ഇവിടെ എത്തിയതെന്ന് മുമ്പ് പറഞ്ഞുവല്ലോ. അക്കാലത്ത് അവര്‍ ദേവതക്ക് ഉപയോഗിച്ച പദം അസുരന്‍ എന്നാണ്. പിന്നീട് ഇന്ത്യയില്‍ എത്തി കുറേ കഴിഞ്ഞ ശേഷമാണ് അസുരപദത്തിന് ദുഷ്ടദൈവം എന്ന് അര്‍ത്ഥമുണ്ടായത്. അതുകൊണ്ട് ഇന്ദ്രനേയും അഗ്നിയേയും മറ്റും അസുരന്‍ എന്ന് വിളിച്ചത് ഇന്ത്യക്ക് വെളിയിലുള്ള ആര്യന്മാരുടെ സഞ്ചാരകാലത്തെ കഥയായിരിക്കണം. ഇങ്ങെ ഊഹിക്കാന്‍ വേണ്ട കാരണം ഉണ്ട്. ഒരു വിഭാഗം ആര്യന്മാര്‍ ഇറാനില്‍ പാര്‍ത്തുവെന്ന് മുമ്പു പറഞ്ഞുവല്ലോ. അവരുടെ ദേവതയെ അവര്‍ അസുരന്‍ (അഹുരന്‍) എന്നാണ് വിളിച്ചിരുന്നത്. ഇന്ദ്രനും വരുണനും അഗ്നിയും മറ്റും അവരുടേയും ദൈവങ്ങളായിരുന്നു. ഇറാനിയക്കാരുടെ വേദപുസ്തകമായ അവസ്തയിലെ വെന്‍ഡിദാദ് എന്ന ആദിമാധ്യാ യത്തില്‍ സപ്തഹിന്ദു (ഇന്ത്യയിലെ ആര്യന്മാര്‍ ആദ്യം കുടിയേറിപ്പാര്‍ത്ത രാജ്യം) എന്ന രാജ്യം 'ആഹുര മസ്ദ' സൃഷ്ടിച്ചു വെന്നാണ് പറയുന്നത്. ഇവിടെ അഹുരന്‍ എന്ന പദം ദൈവം എന്ന അര്‍ത്ഥത്തില്‍ തന്നെയാണ് ഉപയോഗിച്ചത്. ഈ കാരണത്താലാണ് ഇന്ത്യയില്‍ എത്തുന്നതിനു മുമ്പുള്ള ഘട്ടത്തില്‍ അസുരന്‍ എന്ന പദം ദൈവം എന്ന അര്‍ത്ഥത്തില്‍ ഇന്ത്യയി ലെത്തിയ ആര്യന്മാരും ഉപയോഗിച്ചിരിക്കണമെന്ന് ഊഹിക്കുന്നത്. ആ പഴയ കാലത്തെ ഓര്‍ത്തുകൊണ്ടുള്ള ഋഗ്വേദസൂക്തങ്ങളിലും ഇന്ദ്രനേയും അഗ്നിയേയും മറ്റും അസുരന്മാരായിത്തന്നെയാണ് പറഞ്ഞത്.

ആര്യന്മാര്‍ ഇന്ത്യയില്‍ പ്രവേശിച്ചത് ഒറ്റയടിക്കല്ല. ഗണങ്ങളായി കുറേ നൂറ്റാണ്ടുകളോളം അവരുടെ വരവ് തുടര്‍ന്നുകൊണ്ടിരുന്നു. 'പുരാതന ഇന്ത്യയിലെ ശൂദ്രര്‍' എന്ന ഗ്രന്ഥത്തില്‍ മി. ആര്‍ എസ് ശര്‍മ ഇപ്രകാരമാണ് പറയുന്നത്. 'ബി സി 2000 മുതല്‍ 1000 കൊല്ലം അനുസ്യൂതമായി ധാരാളം ജനസമൂഹങ്ങള്‍ ഇന്ത്യയില്‍ കടന്നു വന്നതിനുള്ള സാധ്യതകള്‍ ഉത്ഖനന ശാസ്ത്രത്തിന്റെ തെളിവില്‍ നിന്ന് കാണുന്നുണ്ട്. ഭാഷാപരമായ തെളിവുകളും ഈ അഭ്യൂഹത്തെ ബലപ്പെടുത്തുന്നു.' (ഭാഗം 35) ആദ്യമാദ്യം വന്നവര്‍ നദീതടങ്ങള്‍ നോക്കി താഴോട്ടു പോന്നു. ഗംഗാതടത്തില്‍ അവര്‍ എത്തുന്നത് എത്രയോ നൂറ്റാണ്ടുകള്‍ക്ക് ശേഷമാണ്. അതുവരെ അവര്‍ സിന്ധു നദിയുടെ 5 കൈവഴികളുടെയും പാര്‍ശ്വങ്ങളിലാണ് പാര്‍ത്തത്. വിതസ്താ (ഝലം), അസിക്‌നി (ചിനാബ്), പരുഷ്ണി (രാവി), വിപാശ (ബിയാസ്), ശദദ്രി (സട്‌ലജ്) എന്നിങ്ങനെയുള്ള സിന്ധുവിന്റെ 5 കൈവഴികളെക്കുറിച്ച് കഴിഞ്ഞ അധ്യായത്തില്‍ സൂചിപ്പിച്ചുവല്ലോ. തങ്ങളുടേതിനേക്കാളും ഉയര്‍ന്ന ഒരു സംസ്‌കാര വുമായിട്ടാണ് അവര്‍ കൂട്ടിമുട്ടിയത്. അതിനാല്‍ ആദ്യകാലങ്ങളില്‍ നിര്‍ഭയമായി ഒരിടത്ത് താമസിച്ച് സ്വന്തമായൊരു ജീവിതം കെട്ടിപ്പടുക്കുവാന്‍ അവര്‍ക്ക് സാധിച്ചില്ല.

അനാര്യന്മാരെ ആര്യന്മാര്‍ അക്കാലത്ത് ദസ്യൂക്കള്‍ എന്നാണ് വിളിച്ചിരു ന്നത്. ആദ്യകാലങ്ങളില്‍ അവര്‍ നേരിടേണ്ടിവന്ന ദസ്യൂക്കള്‍ ഇലിബീശ, ധുനി, ചമരി, പിപ്രു, ശബരന്‍, കിരാടര്‍, പണികള്‍, ചണ്ഡാളര്‍, പരണാകര്‍ എന്നിവരായിരുന്നു. ഇവര്‍ക്ക് ധാരാളം കന്നുകാലികളും കൃഷിസ്ഥലങ്ങളു മുണ്ടായിരുന്നു. ഇവര്‍ ലിംഗാരാധന ക്കാരായിരുന്നു. ആര്യന്മാര്‍ക്ക് മനസിലാകാത്ത ഒരു ഭാഷയിലാണവര്‍ സംസാരിച്ചത്. മണ്‍കോട്ട കൊണ്ടു (ഇഷ്ടികകള്‍ ആയിരിക്കണം) വളഞ്ഞ പുരങ്ങളിലാണ് ഈ ദസ്യൂക്കള്‍ പാര്‍ത്തിരുന്നത്. ആര്യന്മാരാകട്ടെ മുളകൊണ്ടുള്ള കുടിലുകളിലും.

അങ്ങനെ എന്തുകൊണ്ടും വ്യത്യസ്തപ്പെട്ട ഈ 2 വിഭാഗം ജനങ്ങളും തമ്മില്‍ നീണ്ട സംഘട്ടനങ്ങള്‍ അക്കാലത്ത് നടക്കുകയുണ്ടായി. ഇതില്‍ പരാജയപ്പെട്ടത് അനാര്യന്മാരായിരുന്നു. അവരില്‍ കുറേ ഭാഗം കാടുകളില്‍ ഒളിച്ചോടി. മറ്റൊരു വിഭാഗം ആര്യന്മാര്‍ക്ക് കീഴടങ്ങി ജീവിച്ചു. വേറൊരു വിഭാഗം തെക്കോട്ടും പടിഞ്ഞാറോട്ടും മാറി താമസിച്ചു. ഈ സംഭവങ്ങള്‍ക്കു ശേഷം ആര്യന്മാര്‍ തമ്മില്‍ തമ്മില്‍ കലഹിക്കുകയും യുദ്ധം ചെയ്യുകയും പരസ്പരം നശിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന കഥയാണ് നാം കാണുന്നത്.
---------------------------------
കടപ്പാട്; എന്‍ ഇ ബാലറാം രചിച്ച 'ഇന്ത്യയുടെ പിറവി' എന്ന ഗ്രന്ഥത്തില്‍ നിന്നും. ചിത്രം ഇന്റര്‍നെറ്റില്‍ നിന്നും

പുസ്തകം: ഇന്ത്യയുടെ പിറവി
രചയിതാവ്: എന്‍ ഇ ബാലറാം.
പ്രസാധനം: പ്രഭാത് ബുക് ഹൗസ്, തിരുവനന്തപുരം
വില: 110 രൂപ