"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, മേയ് 19, ചൊവ്വാഴ്ച

ഗോവധനിരോധനം: വിപണി, വിശ്വാസം, രാഷ്ട്രീയം - അരുണ്‍ ടി വിജയന്‍

 അരുണ്‍ ടി വിജയന്‍
മഹാരാഷ്ട്രയില്‍ ഗോവധം നിരോധിച്ചതാണ് മാര്‍ച്ച് മാസത്തില്‍ ആദ്യം നാം കേട്ട വാര്‍ത്ത. തുടര്‍ന്ന് ഇന്ത്യന്‍ സമൂഹത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഇതേക്കുറിച്ച് വ്യത്യസ്ത അഭിപ്രായങ്ങളും പുറത്തു വന്നു. പുതിയ നിയമപ്രകാരം പശു, കാള, പശുക്കിടാവ്, കാളക്കിടാവ് എന്നിവയെ കൊല്ലാനോ അവയുടെ മാംസം കൈവശം വെക്കാനോ വില്ക്കാനോ പാടില്ല. ഇത് കണ്ടെത്തിയാല്‍ 5 വര്‍ഷം വരെ തടവും 10000 രൂപ പിഴയുമാണ് ശിക്ഷ. ഈ നിരോധനം ദേശവ്യാപകമാക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ഇപ്പോള്‍ ആലോചിക്കുന്നത്. 

മഹാരാഷ്ട്രയില്‍ 1976 മുതല്‍ പശുക്കളെ കൊല്ലുന്നതിന് വിലക്കുണ്ട്. എന്നാല്‍ മാംസം കൈവശം വെക്കുന്നതിന് ഇതുവരെ നിരോധനമു ണ്ടായിരുന്നില്ല. 1976 ലെ മൃഗ സംരക്ഷണ നിയമ പ്രകാരമായിരുന്നു ഈ വിലക്ക്. പശുക്കളെ കൊന്നാല്‍ 6 മാസം തടവായിരുന്നു അന്നത്തെ ശിക്ഷ. 1995 ലെ ഭേദഗതി ബില്ലില്‍ കാളകളേയും കാളക്കിടാങ്ങളേയും കൊല്ലുന്നതും വിലക്കി. ഈ ഭേദഗതി ബില്ലിനാണ് 2015 ല്‍ രാഷ്ടപതി അനുമതി നല്കിയത്. നിരോധനത്തെ ഇവിടത്തെ ഹിന്ദു സംഘടനകള്‍ കൈയടിയോടെയാണ് സ്വീകരിച്ചിരിക്കുന്നത്. മഹാത്മാ ഗാന്ധിയുടെ സ്വപ്‌നമെന്ന് ഇപ്പോള്‍ വിശേഷിപ്പിക്കപ്പെടുന്ന ഈ നിരോധനം വര്‍ഷങ്ങളായി ബി ജെ പിയും ശിവസേനയും ആര്‍ എസ് എസ് ഉം ആവശ്യപ്പെട്ടതു കൂടിയാണ്. പുതിയ നിയമം കാര്‍ഷിക വൃത്തിക്ക് ഗുണം ചെയ്യുമെന്നാണ് ചിലര്‍ പറയുന്നത്. നല്ല ആരോഗ്യമുള്ള മൃഗങ്ങളെ പോലും പണത്തിനായി കൊല്ലുമായിരുന്നെന്നും ഇനിയത് നടക്കില്ലെന്നും ഇവര്‍ വാദിക്കുന്നു. അതോടെ കാര്‍ഷികോത്പാദനം വര്‍ധിക്കുമെന്നാണ് അവരുടെ കണ്ടെത്തല്‍. ബീഫ് നിരോധനം പൊതുജനാ രോഗ്യത്തിനും ഗുണം ചെയ്യുമെന്നാണ് മറ്റൊരു വിഭാഗം വാദിക്കുന്നത്. ബീഫ് കഴിക്കുന്നത് കുറയുന്നതോടെ ജീവിത ശൈലീ രോഗങ്ങള്‍ ഏറെക്കുറേ മാറി നില്ക്കുമെന്നാണ് അവരുടെ വിലയിരുത്തല്‍.

പശുവിന് ഇന്ത്യന്‍ സംസ്‌കാരത്തില്‍ അമ്മയുടെ സ്ഥാനമാണെന്നും പശുവിനെ കൊല്ലുന്നത് അമ്മയെ കൊല്ലുന്നതു പോലെ യാണെന്നുമാണ് ഇവിടത്തെ ഹിന്ദുത്വ വാദികളുടെ വിശദീകരണം. ഹിന്ദു ധര്‍മ ശാസ്ത്രങ്ങളില്‍ ഏറ്റവും നന്നായി രചിക്കപ്പെട്ടു വെന്നും ഏറ്റവും മനുഷ്യത്വ പരമെന്നും കരുതപ്പെടുന്ന യാജ്ഞവല്ക്യ സ്മൃതി രചിച്ച യാജ്ഞവല്ക്യന്‍ തിനിക്ക് ഏറെ ഇഷ്ടം കിളുന്ത് കാളയുടെ ഇറച്ചിയാണെന്ന് പറഞ്ഞിട്ടുള്ളതായി വായിച്ചിട്ടുണ്ട്. സാര്‍വത്രികമായി അംഗീകാരം ലഭിച്ചതും ആധുനിക ഇന്ത്യന്‍ നിയമത്തില്‍ ഏറ്റവുമധികം പരാമര്‍ശിച്ചി രിക്കുന്നതുമായ ഹിന്ദു ധര്‍മശാസ്ത്രം മനുസ്മൃതി യാണെങ്കിലും കാര്‍ക്കശ്യം കുറഞ്ഞതും മാനുഷിക പരിഗണന അധികം നല്കുന്നതും യാജ്ഞവല്ക്യ സ്മൃതിയാണ്. അശോക ചക്രവര്‍ത്തിക്ക് ശേഷം മൗര്യ സാമ്രാജ്യം തകര്‍ന്നതോടെ ബ്രാഹ്മണര്‍ക്ക് ആധിപത്യമുള്ള ശൃംഗരാജ പരമ്പരയാണ് ഇന്ത്യ ഭരിച്ചത്. ഇക്കാലഘട്ടത്തിലാണ് ബ്രാഹ്മണന്റെ അധികാരം ഉറപ്പിക്കുന്ന മനുസ്മൃതി എഴുതപ്പെട്ടതെന്ന് കരുതുന്നു. 

ശൃംഗവംശത്തിന്റെ ആധിപത്യം ഉറപ്പിക്കുകയായിരുന്നു മനുസ്മൃതിയുടെ ലക്ഷ്യം. അതിന് മുമ്പുണ്ടായിരുന്ന ബുദ്ധ ഭരണ സംവിധാനം വളരെ നീതിപൂര്‍വമുള്ള ഒന്നായിരുന്നു. അതിനെ മൊത്തത്തില്‍ ഉപേക്ഷിച്ച് ബ്രാഹ്മണന്റെ അധികാരം ഉറപ്പിക്കുകയാണ് മനുസമൃതി ചെയ്തത്. വളരെ കര്‍ക്കശമായ ഈ സംവിധാനത്തില്‍ ബ്രാഹ്മണന്‍ ഒരു കുറ്റത്തിനും ശിക്ഷിക്കപ്പെടുന്നില്ല. മനുസ്മൃതി എഴുതപ്പെട്ട് രണ്ടു നൂറ്റാണ്ടിനു ശേഷം എഴുതിയ യാജ്ഞവല്ക്യ സ്മൃതി മനുധര്‍മത്തിലെ കര്‍ക്കശ സ്വഭാവ ങ്ങളെ മയപ്പെടുത്തുകയാണ് ചെയ്തത്. ഒപ്പം തന്നെ ബുദ്ധ നീതിന്യായ വ്യവസ്ഥയിലെ ചില നല്ല കാര്യങ്ങള്‍ ഇതില്‍ സ്വീകരിക്കുകയും ചെയ്തു. ഇതേ യാജ്ഞവല്ക്യനാണ് തനിക്ക് കാളയിറച്ചി ഇഷ്ടമാണെന്ന് പറയുന്നത്. അങ്ങനെ ചിന്തിച്ചാല്‍ കാളയിറച്ചി തിന്നുന്നതു കൊണ്ട് ഹിന്ദുമതമല്ല, പകരം ബ്രാഹ്മണത്വമാണ് മുറിവേല്ക്കപ്പെടുന്നത്.

പുരാണങ്ങളില്‍ മുതല്‍ വരേണ്യരായ ബ്രാഹ്മണ വിഭാഗമാണ് സസ്യാഹാരം മാത്രം കഴിക്കുന്നത്. ക്ഷത്രിയരുള്‍ പ്പെടെയുള്ളവര്‍ മാംസാഹാര പ്രിയരുമാണ്. ആദ്യകാലത്ത് പച്ചയിറച്ചിയും പിന്നീട് ഏതോ കാട്ടു തീയില്‍ വെന്ത മൃഗത്തിന്റെ ഇറച്ചി കഴിച്ചതോടെ വേവിച്ച ഇറച്ചിയും ക്രമേണ ഉപ്പും മുളകും മറ്റു മസാലകളും ചേര്‍ത്ത് കൂടുതല്‍ രുചികരമാക്കിയ ഇറച്ചിയുമാണ് നാം മനുഷ്യര്‍ ഭക്ഷിച്ചിട്ടുള്ളത്. 'വസുധൈവ കുടുംബകം' എന്ന ഇന്ത്യന്‍ ആത്മീയ ആശയത്തെ ഒരു വിസ്‌ഫോടനത്തില്‍ ഭൂമിയുണ്ടായെന്നും അനുകൂല സാഹചര്യങ്ങളില്‍ ഇവിടെ ജീവന്‍ ഉടലെടുത്തെന്നും ശസ്ത്രീയമായി വ്യാഖ്യാനിച്ചാല്‍, എല്ലാ മനുഷ്യരും അടിസ്ഥാനപരമായി ഒരു ധര്‍മത്തിന്റെ ബീജത്തില്‍ നിന്നുണ്ടായവരാണ്. എന്നാല്‍ ചിന്തിക്കുന്ന മനുഷ്യന്‍ തങ്ങളുടെ നിലനില്പിനായി കൂട്ടം ചേരുകയും ആ കൂട്ടങ്ങള്‍ക്ക് വിശ്വാസത്തിലധി ഷ്ഠിതമായ നിയമങ്ങ ളുണ്ടാക്കുകയും ചെയ്തതോടെ മതങ്ങളുണ്ടായി. പ്രാകൃതമായി ജീവിച്ച മനുഷ്യനെ പരിഷ്‌കൃതനാക്കുക എന്നതായിരുന്നു ഇവിടത്തെ ഓരോ മതത്തിന്റേയും ധര്‍മം. ജീവിത നിലാവാരത്തില്‍ മനുഷ്യനെ പരിഷ്‌കൃതരാക്കിയ മതങ്ങള്‍ പക്ഷെ, ചിന്താഗതിയുടേയും ഹൃദയ വിശാലതയുടെയും കാര്യത്തില്‍ അവനെ അപരിഷ്‌കൃതനാക്കി തീര്‍ക്കുകയാണ് ചെയ്തത്. അപരിഷ്‌കൃതനെ പരിഷ്‌കൃതനാക്കേണ്ടത്, അധികാരമുണ്ടായിരുന്ന ഒരു വിഭാഗത്തിന്റെ ഭക്ഷണ രീതിയെ അനുകരിച്ചല്ല.

പുരാണങ്ങള്‍ കൃഷ്ണനെ പശുക്കളെ മേച്ചു നടന്നവനായാണ് പറയുന്നത്. കൃഷ്ണനോടുള്ള ആദരവാണ് പശുക്കളെ കഴിക്കാത്തതിന് പിന്നിലെ പ്രധാന കാരണം. ഋഗ്വേദത്തില്‍ പശുക്കളെ ഹിന്ദുക്കള്‍ ആരാധിക്കു ന്നതായി പറയുന്നുണ്ട്. വേദവ്യാസനെഴുതിയ മഹാഭാരതത്തില്‍ പശുക്കള്‍ ഭൂമിദേവിയെ പ്രിതിനിധീകരിക്കുന്നതായി പറയുന്നു. ഗോമാതാവ് എന്ന സങ്കല്പത്തിന്റെ അടിസ്ഥാനം അതാണ്. ഹിന്ദു ദേവന്മാര്‍ക്കുള്ള പ്രധാന പൂജാവസ്തുക്കളാണ് പാല്‍, നെയ്യ് തുടങ്ങിയവ. ഇവ നല്കുന്നത് വശുവാണെന്ന കാരണവും അവയെ ദേവതുല്യമായി കാണുന്നതിന് പിന്നിലുണ്ട്.

പശുവിനെ ഭൗതിക ജീവിതത്തിന്റെയും സമൃദ്ധിയുടേയും സമ്പത്തിന്റെയും നിസ്വാര്‍ത്ഥതയുടെയും ശക്തിയുടേയും വിശുദ്ധ അടയാളമായാണ് കണക്കാക്കുന്നത്. ഹിന്ദുക്കള്‍ സൊരാഷ്ട്രിയര്‍ക്കും ജൈനമതക്കാര്‍ക്കും പശു ആദരണീയമാണ്. പൗരാണിക ഈജിപ്തിലും ഗ്രീസിലും റോമിലും ഇതേ വിശ്വാസമുണ്ടായിരുന്നു. എന്നാല്‍ ഹിന്ദുമതത്തെ പോലെ പ്രാചീന മതങ്ങള്‍ പശുവിനെ ദൈവതുല്യമായി ആരാധിച്ചിരുന്നില്ല. പശുവിനെ മാതാവായി അംഗീകരിക്കുമ്പോള്‍ തന്നെ ഹിന്ദുമത വിശ്വാസികള്‍ വര്‍ഷങ്ങളായി തുടര്‍ന്നു പോരുന്ന ഒരു രീതി കൗതുകകരമാണ്. സ്വന്തം അമ്മ മരിച്ചാല്‍ മരണാനന്തര ചടങ്ങുകള്‍ക്ക് ചെലവുകളുണ്ട്. എന്നാല്‍ പശു ചത്താല്‍ അതിന്റെ കൊമ്പും തോലും എല്ലുമെല്ലാം മനുഷ്യര്‍ക്ക് ഉപയോഗപ്രദമാണ് എന്ന ചിന്തയും പശുഭക്തര്‍ക്കുണ്ട്. മരിക്കുന്നതു വരെ അമ്മയായി കണ്ടിട്ട് മരിച്ചു കഴിഞ്ഞപ്പോള്‍ ലാഭം കാണുന്നതിലെ ഭക്തിയെന്താണെന്ന് മനസിലാകുന്നില്ല.

ആരോഗ്യം നശിച്ച്, ഇനി പ്രസവിക്കില്ലെന്നും പാല്‍ ചുരത്തില്ലെന്നും ഉറപ്പുള്ള പശു സാധാരണ കര്‍ഷകനെ സംബന്ധിച്ച് ബാധ്യതയാണ്. ഈ പശുക്കളെയാണ് കര്‍ഷകര്‍ മാംസമായി വിറ്റിരുന്നത്. എന്നാല്‍ പുതിയ നിയമത്തിന്റെ വരവോടെ അത് അസാധ്യമായിരിക്കുന്നു. കോര്‍പ്പറേഷനു കളിലായാലും മുനിസിപ്പാലിറ്റി കളിലായാലും പഞ്ചായത്തുകളി ലായാലും എല്ലാ കാലത്തും ഉയര്‍ന്നു കേള്‍ക്കുന്ന പരാതിയാണ് അലഞ്ഞു തിരിഞ്ഞു നടക്കുന്ന മൃഗങ്ങളെ കുറിച്ചുള്ളത്. കേരളത്തില്‍ ഈ പരാതി ഏറ്റവുമ ധികം ഉയരുന്നത് നായ്ക്കളുടെ കാര്യത്തിലാണ്. എന്നാല്‍ വടക്കേ ഇന്ത്യയിലും ദക്ഷിണേന്ത്യയിലെ തന്നെ ചില സംസ്ഥാനങ്ങലിലും എത്തുമ്പോള്‍ അലഞ്ഞു തിരിഞ്ഞു നടക്കുന്ന കന്നുകാലികള്‍ സ്ഥിരം കാഴ്ചയാകും.

ദേശവ്യാപകമായി ഗോവധ നിരോധനം നടപ്പിലാക്കാനുള്ള ഇപ്പോഴത്തെ നീക്കത്തെ ഈ സാഹചര്യത്തില്‍ പരിശോധിക്കേണ്ടതുണ്ട്. ഉപയോഗ മില്ലാത്ത പശുക്കളേയും കാളകളേയും തെരുവിലലയാന്‍ വിടാനാകുമോ? അവ ജനങ്ങളുടെ ജീവിതത്തിലുണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ക്ക് എങ്ങനെ അധികൃതര്‍ പരിഹാരം കാണും, എന്നെല്ലാമുള്ള ചോദ്യങ്ങളും ഇവിടെ ഉയരുന്നു. പ്രായമായ മാതാ പിതാക്കളെ ഉപേക്ഷിക്കുന്നതാണ് ഇന്നത്തെ സമൂഹത്തിന്റെ സ്വഭാവം. അങ്ങനെ നോക്കിയാല്‍ ലാഭം നല്കാത്ത ഗോമാതാക്കളും തെരുവിലേക്കു തന്നെ തള്ളപ്പെടുമെന്ന് ഉറപ്പിക്കാം.

കാര്‍ഷികോത്പാദനം വര്‍ധിക്കുമോ?

ഗോവധ നിരോധനത്തിലൂടെ കാര്‍ഷികോത്പാദനം വര്‍ധിക്കുമെന്നാണ് പറയുന്നത്. എന്നാല്‍ അതില്‍ എത്രമാത്രം വസ്തുതയുണ്ടെന്ന് പരിശോധിക്കേണ്ടിയിരിക്കുന്നു. വന്‍കിട ഫാം ഉടമകളേക്കാള്‍ ചെറികിടക്കാരായ പശുക്കര്‍ഷകരിലേക്ക് നമുക്ക് ചിന്തിക്കാം. അവരാണല്ലോ ഈ കൃഷിയുടെ നട്ടെല്ലും സാമ്പത്തിക സന്തുലനത്തിലെ ആണിക്കല്ലും. പശുവിനെ വാങ്ങുമ്പോള്‍ അതില്‍ നിന്ന് പ്രതിദിനം ലഭിക്കുന്ന പാലിന്റെ അളവിന് അനുസരിച്ചാണ് വിലയിടുന്നത്. പത്ത് ലിറ്റര്‍ പാല്‍ കറക്കുന്ന പശുവിനെ വാങ്ങാന്‍ കര്‍ഷകര്‍ 50000 മുതല്‍ 60000 വരെ വില കൊടുക്കേണ്ടി വരും. കറവ കഴിഞ്ഞു നില്ക്കുന്ന പശുവാണെങ്കില്‍ ഇതിന്റെ പകുതി മാത്രമാകും വില. 

പ്രസവം നിര്‍ത്തുന്ന പശുക്കളെയാണ് അവര്‍ കശാപ്പുകാര്‍ക്ക് നല്കുന്നത്. അപ്പോഴേക്കും ഇതിന്റെ വില വെറും 15000 ആകും. എങ്കിലും കര്‍ഷകര്‍ പശുവിനെ വിറ്റൊഴിക്കുകയാണ് പതിവ്. കാരണം കറവയും പ്രസവവും നിലച്ച് വരുമാനം നല്കാത്ത പശുവിനെ പോറ്റാന്‍ വരുന്ന ചെലവ് അവര്‍ക്ക് പിന്നീട് താങ്ങാനാകില്ല. പശുവിനെയായാലും കാളയെ ആയാലും പോറ്റാന്‍ പ്രതിമാസം 5000 ഓളം രൂപയാണ് കര്‍ഷകന് ചെലവാകുന്നത്. വരുമാനമില്ലാതെ എങ്ങനെ അവര്‍ക്ക് ഈ ചെലവ് നേരിടാന്‍ സാധിക്കും? അകിടുകളില്‍ നിന്ന് പാല്‍ പുറത്തേക്ക് വരാതിരിക്കുന്നതും പ്രസവത്തിനിടെ മൂത്രാശയത്തിന് പ്രശ്‌നമുണ്ടാകു ന്നതുമായ പശുക്കളേയും ഇത്തരത്തില്‍ വില്ക്കും. പശുവിന്റെ പാല്‍ വിറ്റുമാത്രം ഉപജീവനം നടത്തുന്ന അവര്‍ക്ക് വേറെ വഴിയില്ല എന്നതാണ് ഇതിന് കാരണം. ഇങ്ങനെ കശാപ്പുകാര്‍ക്ക് വിറ്റുകിട്ടുന്ന പണത്തോട് അല്പംകൂടി പണം ചേര്‍ത്ത് പുതിയ കിടാവിനെ വാങ്ങിയാണ് അവര്‍ തങ്ങളുടെ കൃഷി മുന്നോട്ടു കൊണ്ടു പോകുന്നത്.

കിടാവുകളുടെ വില അതിന്റെ ഇനത്തിനനുസരിച്ച് വ്യത്യാസപ്പെട്ടി രിക്കുന്നു. സുനന്ദിനി പോലെയുള്ള നല്ലയിനം പശുക്കിടാവിന് 5 മാസം പ്രായമാകുമ്പോള്‍ 7500 രൂപയോളം വില വരും. 9 മാസം പ്രായമാകുമ്പോഴേക്കും ഈ വില 15000 ഓളമാകും. ഇതിനെ വാങ്ങി വളര്‍ത്തി, പ്രത്യുത്പാദന ശേഷിയും പലുത്പാദന ശേഷിയും വര്‍ധിക്കുമ്പോഴാണ് കര്‍ഷകന്‍ വീണ്ടും വിജയം കാണുന്നത്. അല്ലാത്ത സാഹചര്യത്തില്‍ കൃഷി നഷ്ടത്തിലേക്കെത്തുകയും ജീവിതം ദുരിതത്തി ലാകുകയും ചെയ്യും. ഗോവധ നിരോധനം നടപ്പിലാകുന്നതോടെ പ്രായമായ പശുക്കളെ വില്ക്കാന്‍ സാധിക്കാതെ വരും. ഒരു സാധാരണ കര്‍ഷകനെ സംബന്ധിച്ച് അതോടെ അയാളുടെ കാര്‍ഷിക സൈക്കിളും നിലക്കും.

അതേസമയം വന്‍കിട ഫാം കര്‍ഷകരെ സംബന്ധിച്ച് ഇത് ബാധിക്കുന്നില്ല. വിവിധ ഇനങ്ങളില്‍ പെട്ട നിരവധി പശുക്കളും കാളകളും നിരന്നു നില്ക്കുന്ന അവരുടെ തൊഴുത്തുകളില്‍ നിന്ന് വൃദ്ധയായ ഒരു പശുവിനെ മാറ്റി നിര്‍ത്തേണ്ടി വന്നാലും പാലുത്പാദനത്തെ അത് കാര്യമായി ബാധിക്കുന്നില്ല.

പൊതുജനാരോഗ്യത്തെ സഹായിക്കുമോ?

ഗോവധ നിരോധനത്തോടെ ജനങ്ങള്‍ സസ്യാഹാര പ്രിയരാകുമെന്നും അതോടെ ഇവിടത്തെ പോഷകാഹാര പ്രശ്‌നം പരിഹരിക്കപ്പടു മെന്നുമാണ് അവകാശപ്പെടുന്നത്. അതേസമയം, നിലവിലുള്ള പോഷകാഹാര പ്രശ്‌നം ഒരു പരിധിവരെയെങ്കിലും പരിഹരിക്കപ്പെടുന്നത് മാട്ടിറച്ചിയുടെ സഹായത്തോടെയാണെന്ന് ഓര്‍ക്കണം. ദരിദ്രരുടെ പോഷകാഹാരം എന്നാണ് ബീഫ് അറിയപ്പെടുന്നതു തന്നെ.

പ്രോട്ടീന്‍ പ്രദാനം ചെയ്യുന്ന വില കുറഞ്ഞ ഭക്ഷണ സാധനമാണ് മാട്ടിറച്ചി. രാജ്യത്തെ മൊത്തം ജനസംഖ്യയില്‍ 60% ഉം മാംസാഹാരം കഴിക്കുന്നവരാണ്. 31% മാത്രമേ സസ്യാഹാരം കഴിക്കുന്നുള്ളൂ. ശേഷിക്കുന്ന 9% പേരും സസ്യാഹാരത്തോടൊപ്പം മുട്ടയും കഴിക്കുന്നവരാണ്.

പോഷകാഹാര കമ്മിയില്‍ ലോകത്ത് 2 ആം സ്ഥാനമാണ് ഇന്ത്യക്ക്. രാജ്യത്തെ 47% കുട്ടികളും പോഷകാഹാരക്കുറവ് അനുഭവിക്കുന്നവരാണ്. പട്ടിണിയുടെ കാര്യത്തിലും ഇന്ത്യ മുന്നിലാണ്. പട്ടിണിയും പോഷകാ ഹാര കമ്മിയും പരിഹരിക്കുന്നതില്‍ മാംസാഹാരത്തിന്റെ പങ്ക് നിര്‍മായകമാണ്. സസ്യാഹാരം കൊണ്ടു മാത്രം ഇവ പരിഹരിക്കാ വുന്നതല്ല. കന്നുകാലികളുടെ എണ്ണത്തിന്റെ കാര്യത്തിലും രാജ്യം ഒന്നാമതാണ്. ഇതില്‍ ചെറിയൊരു വിഭാഗം മാത്രമാണ് യഥാര്‍ത്ഥത്തില്‍ കശാപ്പു ചെയ്യപ്പെടുന്നത്. പ്രോട്ടീന്‍ ധാരാളമടങ്ങിയ മാട്ടിറച്ചി പോഷകാഹാര ക്കുറവ് പരിഹരിക്കുന്ന സാഹചര്യത്തില്‍ അവയുടെ ലഭ്യത വര്‍ധിപ്പിക്കാനാണ് യഥാര്‍ത്ഥത്തില്‍ പൊതുജനാരോഗ്യത്തെ പരിഗണിക്കുന്ന സര്‍ക്കാര്‍ ചെയ്യേണ്ടത്.

കര്‍ഷകര്‍ പ്രതിസന്ധിയി ലാകുന്നതോടെ നാട്ടിന്‍പുറങ്ങളിലുൂം കന്നുകാലി വളര്‍ത്തലിന് സൗകര്യമുള്ള മറ്റ് മേഖലകളിലും പാലിന്റേയും പാല്‍ ഉത്പന്നങ്ങളുടേയും ലഭ്യത കുറയും. അതോടെ ഇവിടത്തെ വന്‍കിട കമ്പനികള്‍ക്ക് ഈ മേഖലയിലേക്ക് കടന്നാക്രമണം നടത്താനാകും. സാധാരണക്കാരുടെ നട്ടെല്ലൊടിയുമ്പോഴും വന്‍കിട കമ്പനികളെ ഈ സൈക്ലിങ് ബാധിക്കില്ലല്ലോ. മുമ്പും പല മേഖലകളിലും വന്‍കിട കുത്തകകള്‍ക്ക് മാത്രം സഹായം ചെയ്തിരുന്ന സര്‍ക്കാരിന്റെ ഇവിടത്തേയും ഗൂഢലക്ഷ്യം ഇതാണെന്ന് സംശയിക്കേണ്ടി യിരിക്കുന്നു. അവരുടെ കണ്ണില്‍ ഫാം ഹൗസ് ഉടമകള്‍ മാത്രമാണ് കര്‍ഷകന്‍ എന്ന സൂചനയാണല്ലോ കൃഷി പുരോഗമിക്കും എന്ന കണ്ടെത്തലില്‍ തെളിയുന്നത്. പാലുത്പാദന മേഖലയിലേക്ക് വന്‍കിട കുത്തകകള്‍ കടന്നു വരുന്നതോടെ, ഇവിടെ ശുദ്ധമായ പാലും പാലുത്പന്നങ്ങളും എന്നത് കേവലം സങ്കല്പം മാത്രം. പാലിന് പകരം പലതരം രാസവസ്തു ക്കളാകും പിന്നീട് ഇന്ത്യന്‍ ജനതയുടെ തീന്‍മേശകളിലെത്തുക. ഇത് നമ്മുടെ ആരോഗ്യത്തെ ഗുരുതരമായി ബാധിക്കുമെന്ന് ഉറപ്പ്.

ഇനി കര്‍ഷകരെ കൂടാതെ ഈ നിരോധനം ബാധിക്കുന്ന മറ്റ് ചില വിഭാഗങ്ങളെ കൂടി പരിശോധിക്കാം. മാട്, മാട്ടിറച്ചി ക്കടക്കാര്‍, കശാപ്പുകാര്‍, ബ്രോക്കര്‍മാര്‍, ലെതര്‍ നിര്‍മാണത്തിലും ലെതര്‍ ഉത്പന്നങ്ങള്‍ ഉണ്ടാക്കുന്നതിലും ഏര്‍പ്പെട്ടിരിക്കുന്ന തൊഴിലാളികള്‍, അവശിഷ്ടങ്ങള്‍ സംസ്‌കരിച്ചെടുക്കുന്ന തൊഴിലാളികള്‍ തുടങ്ങി ലക്ഷക്കണക്കിന് ആളുകളെ നേരിട്ടും അല്ലാതെയും മാട്ടിറച്ചി നിരോധനം ബാധിക്കും. ഇപ്പോള്‍ നിരോധനം ഏര്‍പ്പെടുത്തിയ മഹാരാഷ്ട്രയുടെ കാര്യമെടുക്കാം. ഇവിടത്തെ നിരോധനം ജീവിതത്തെ പാടെ ഇരുട്ടിലാക്കി യത് ഖുറൈശി വിഭാഗത്തെയാണ്. പ്രാചീന ഇന്ത്യമുതല്‍ തലമുറകളായി മാട്ടിറച്ചി കച്ചവടവും അറവും മാത്രം തൊഴിലായി സ്വീകരിക്കുന്നവരാണ് ഇവര്‍. ഖൂറൈശി എന്നത് മാട്ടിറച്ചി വ്യാപാരത്തിലെ ഒരു ബ്രാന്‍ഡ് നെയിം ആണ്.

ഉത്തര്‍ പ്രദേശിലാണ് ഇവരില്‍ പലരുടേയും കുടുംബ വേരുകള്‍. ബോംബെയിലെ അറവുശാലകളിലെ മടുപ്പിക്കുന്ന രക്തത്തിന്റേയും മാംസത്തിന്റേയും അഴുകിയ ഗന്ധത്തില്‍ ജീവിക്കുമ്പോഴും ദൂരെ നാട്ടില്‍ തങ്ങളയക്കുന്ന പണം പ്രതീക്ഷിച്ച് ജീവിക്കുന്ന കുടുംബമാണ് ഇവരില്‍ പലരുടേയും മനസില്‍. ഇവരിലാരും തന്നെ തങ്ങളുടെ മക്കളെ അറവുശാലകളിലേക്ക് കൂട്ടിക്കൊണ്ടു വരാന്‍ ആഗ്രഹിക്കുന്നില്ല. എങ്കിലും ജീവിതകാലം മുഴുവന്‍ ജോലിയെടുത്തിട്ടും ദാരിദ്ര്യം മാത്രം ബാക്കിയാകു മ്പോള്‍ ഇവരുടെ മക്കളില്‍ പലരും ഇവിടേക്കു തന്നെ വരുന്നു. കുട്ടികളില്‍ 5 ആം തരത്തിന് അപ്പുറത്തേക്ക് വിദ്യാഭ്യാസം നേടുന്നവര്‍ അപൂര്‍വമാണ്. ചുരുക്കത്തില്‍ അറവുശാലകളില്‍ ജനിച്ച്, അവിടെ ജീവിച്ച് അവിടെത്തന്നെ മരിക്കുന്നവരാണ് ഇവരിലേറെയും.

ദേശീയ തലത്തിലെ നിരോധനത്തെ കുറിച്ച് കേന്ദ്ര സര്‍ക്കാര്‍ സൂചന നല്കുന്നുണ്ടെങ്കിലും അത് അത്രയെളുപ്പം സാധ്യമല്ല. കാരണം ഇക്കാര്യത്തില്‍ അന്തിമ തീരുമാന മെടുക്കാനുള്ള അധികാരം സംസ്ഥാന സര്‍ക്കാരുകള്‍ക്കാണ്. കേന്ദ്രത്തിന് സംസ്ഥാനങ്ങളെ ഇക്കാര്യത്തില്‍ മാതൃകാ ബില്‍ വെച്ച് ഉപദേശിക്കാന്‍ മാത്രമാണ് സാധിക്കുക. ബി ജെ പി ക്ക് മുമ്പ് കോണ്‍ഗ്രസ് സര്‍ക്കാരും ഇതിനുള്ള ശ്രമങ്ങള്‍ നടത്തിയിരു ന്നെങ്കിലും സംസ്ഥാന നിയമസഭകളാണ് ഇതിലെ അന്തിമ വാക്കെന്നതി നാല്‍ സാധിക്കാതെ വരികയായിരുന്നു. ബിജെപി ഭരിക്കുന്ന സംസഥാന ങ്ങളില്‍ മാത്രമാകും ഇത് സാധ്യമാകുക.

ബിജെപി, സംസ്ഥാനങ്ങളിലെ ഭരണം ഉപയോഗിച്ചാണ് ദശലക്ഷക്കണക്കിന് വരുന്ന ജനങ്ങളുടെ ഭക്ഷണ ശീലത്തെ തൃണവത്ഗണിച്ച് പുതിയ ഭക്ഷണക്രമം അടിച്ചേല്പിക്കുന്നത്. അതിനാല്‍ മാട്ടിറച്ചി നിരോധനത്തെ പൗരന്മാരുടെ അവകാശങ്ങള്‍ക്കു മേലുള്ള കടന്നാക്രമണ മായിത്തന്നെ കാണണം. ബ്രാഹ്മണ മേധാവിത്വത്തില്‍ അധിഷ്ഠിത 'ഹിന്ദുത്വ മൂല്യങ്ങള്‍' അനുസരിച്ചുള്ള സമൂഹത്തെ കെട്ടിപ്പടുക്കുന്നതിനു വേണ്ടിയാണ് ഈ ഭക്ഷണ ക്രമം അടിച്ചേല്പിക്കുന്നത്. ഭക്ഷണ ക്രമത്തിന്റെ കാര്യത്തില്‍ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ ലംഘിക്കുക വഴി ഭൂരിപക്ഷ വര്‍ഗീയതയുടെ അസഹിഷ്ണുതയാണ് അവര്‍ പ്രകടിപ്പിക്കുന്നത്.

ഒരാള്‍ എന്ത് ഭക്ഷണം കഴിക്കണമെന്ന് തീരുമാനിക്കുന്നതില്‍ ഭരണകൂടത്തിന് എന്ത് അവകാശം എന്നതായിരുന്നു ബീഫ് നിരോധിച്ച് മഹാരാഷ്ട്ര നിയമസഭ പാസാക്കിയ ബില്ലിന് രാഷ്ട്രപതി അംഗീകാരം നല്കിയപ്പോള്‍ ഉയര്‍ന്നുവന്ന ഒരു പ്രധാന ചോദ്യം. ഇന്ത്യയിലാകെ ഗോമാംസം നിരോധിക്കാനുള്ള നീക്കം നടത്തുന്ന സമയത്ത് ഈ ചോദ്യത്തിന് ഏറെ പ്രസക്തിയുണ്ടാകുന്നു. എന്തു കഴിക്കുന്നു, കഴിക്കരുത് എന്നതിലുപരി നിരോധനത്തിന്റെ രാഷ്ട്രീയമാണ് കാതലായ പ്രശ്‌നം. ഗോവധ നിരോധനം എന്ന ചിരകാല ആവശ്യത്തിനു പരിയായി എല്ലാ മാട്ടിറച്ചിയുടേയും നിരോധനം എന്ന സംഘപരിവാര്‍ സംഘടനഗകളുടെ സമീപകാല ആവശ്യത്തിന്റെ പശ്ചാത്തലത്തില്‍ മേലുദ്ധരിച്ച ചോദ്യത്തിന് കൂടുതല്‍ രാഷ്ട്രീയ മാനമുണ്ട്.

കേവല വിശ്വാസ ധാരക്കപ്പുറത്ത് രാജ്യത്തെ സാധാരണ പൗരന്റെ സാമൂഹിക സാമ്പത്തിക ഘടനക്കു മേലുള്ള സമഗ്രാധി പത്യത്തിന്റെ സ്വഭാവം കൂടി അതില്‍ ഉള്‍ച്ചേര്‍ന്നു കിടക്കുന്നു.

---------------------------------------
കടപ്പാട്: 'ടാര്‍ഗറ്റ്' മാസിക 2015 ഏപ്രില്‍ ലക്കം.