"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, മേയ് 2, ശനിയാഴ്‌ച

കൊടുങ്ങല്ലൂരിലെ ബുദ്ധ സ്തൂപം - കേസരി ബാലകൃഷ്ണപിള്ള

ബാലകൃഷ്ണപിള്ള
ഹിയുന്‍ സാങ്ങിന്റെ സഞ്ചാര കൃതിയില്‍ കൊടുങ്ങല്ലൂരിലെ ബൗദ്ധ സ്തൂപത്തേയും ചുരുളി മലയിലെ അവലോകിതേശ്വര ഗുഹാ ക്ഷേത്രത്തേയും വര്‍ണിച്ചിട്ടുണ്ട്. എ ഡി 643 ല്‍ ഇദ്ദേഹം, പല്ലവ രാജധാനി കാഞ്ചീപുരത്തു വന്നു കുറേ നാള്‍ പാര്‍ക്കുകയുണ്ടായി. ഇവിടെ നിന്നു കപ്പല്‍ വഴി സിലേണിലേക്കു പോകുവാന്‍ വിചാരിച്ചിരുന്നു. പക്ഷെ, ഇതിനു സാധിച്ചില്ല. ഇക്കാലത്തു സിലോണിലെ സിംഗാളി നൃപന്‍ ബുനമുഗളന്‍ മരിക്കുകയും, അവിടെ ഒരു ക്ഷാമം തുടങ്ങുകയും ചെയ്തതു കൊണ്ടാണ് ഈ സഞ്ചാരിക്കു സിലോണ്‍ യാത്ര ഉപേക്ഷിക്കേണ്ടി വന്നത്.

കാഞ്ചീവരത്തു പാര്‍ക്കുമ്പോള്‍, ഹിയുന്‍ സാങ്ങ് പല്ലവ രാജ്യത്തിനു കുറേ തെക്കുള്ള മോലോക്യുച എന്ന രാഷ്ട്രത്തെപ്പറ്റി ചില വിവരങ്ങള്‍ കാഞ്ചീവരത്തു കാരില്‍ നിന്ന് അറിയുകയുണ്ടായി. ഇത് തന്റെ സഞ്ചാര കൃതിയില്‍ അദ്ദേഹം ചേര്‍ക്കുകയും ചെയ്തു. മല - കുട എന്നാണ് ഹിയുന്‍ സാങ്ങിന്റെ ഈ രാജ്യ നാമത്തിന്റെ ശരിയായ ഉച്ചാരണമെന്ന് സഞ്ചാര കൃതിയുടെ ആധുനിക ഇംഗ്ലീഷ് പ്രസാധകന്‍ ബില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

മല - കുട എന്നത് മലയ - കോലം എന്ന നാടന്‍ പേരിന്റെ രൂപ ഭേദമാകുന്നു. ഇത് കേരള പുത്ര അഥവാ ചേരരാജ്യമത്രേ. 643 എ ഡി യില്‍ ഇതിന്റെ രാജധാനി തൃക്കണാ മതിലകത്താണ് സ്ഥിതി ചെയ്തിരുന്നത്. ചേന്ദമംഗലത്തു നിന്നിരുന്ന കോല പട്ടണത്തിന്റെ പേരും, ഈ ശതകാരംഭത്തില്‍ രാജധാനി മാറ്റിയപ്പോള്‍ തൃക്കാണാ മതിലകത്തിനും കിട്ടുകയുണ്ടായി. ചേരത്തിന് മലനാടെന്നും പേരുണ്ടായിരുന്നു. പ്രാചീന ശാസനങ്ങള്‍ ഇതിന് സാക്ഷ്യം വഹിക്കുന്നുണ്ട്. ഈ രാജ്യ നാമവും തലസ്ഥാന നാമവും കൂട്ടിച്ചേര്‍ത്തത്രേ ഹിയുന്‍ സാങ്ങ് മല - കുട എന്ന പേര് സൃഷ്ടിച്ചത്.

താന്‍ സഞ്ചരിച്ച സ്ഥലങ്ങളെ പറ്റി ഹിയുന്‍ സാങ്ങ് നല്‍കിയിട്ടുള്ള വിവരങ്ങള്‍ ഏറെക്കുറേ സൂക്ഷ്മമാണെങ്കിലും കേട്ടു കേള്‍വിയെ ആസ്പദിച്ച് അദ്ദേഹം വിവരിച്ചിട്ടുള്ളവ സൂക്ഷ്മങ്ങളല്ലെന്ന് സഞ്ചാര കൃതിയുടെ ആധുനികരായ പ്രസാധകര്‍ ചൂണ്ടിക്കാട്ടിയിരുന്നു. മല കുട രാജ്യത്തിന്റെ വിവരണത്തില്‍ നിന്നു തന്നെ ഇതിന് ഉദാഹരണം എടുത്തു കാട്ടാം. ഈ രാജ്യം കാഞ്ചീവരത്തിനു ഉദ്ദേശം 3000 'ലീ' (500 മൈല്‍) തെക്ക് സ്ഥിതിചെയ്യുന്നു എന്ന് സഞ്ചാര കൃതിയില്‍ പറഞ്ഞിട്ടുണ്ട്. എന്നാല്‍ വാസ്തവത്തില്‍ കാഞ്ചീവരത്തിനും തൃക്കണാ മതിലകത്തിനും തമ്മില്‍ ഉദ്ദേശം 2000 'ലീ' (300 മൈല്‍) ദൂരം മാത്രമേയുള്ളൂ. ഇപ്പകാരം ചില തെറ്റുകളും അതിശയോക്തികളും ഉണ്ടെങ്കിലും ഇത് ആകപ്പാടെ വിശ്വാസ യോഗ്യമാണെന്ന് അന്നത്തെ സ്ഥിതി പഠിച്ചിട്ടുള്ളവര്‍ സമ്മതിക്കുക തന്നെ ചെയ്യും. ഈ ആമുഖത്തിനു ശേഷം സഞ്ചാരിയുടെ വിവരണത്തിലേക്കു കടക്കുകയാണ്.

മലകുട രാജ്യത്തിന് ഉദ്ദേശം 5000 ലീയുടെ (800 ല്‍ പരം മൈലിന്റെ) വിസ്താരവും രാജധാനിക്ക് 50 ലീ (7 മൈല്‍) വിസ്താരവുമുണ്ട്. പില്ക്കാല തമിഴ് ഐതിഹ്യ പ്രകാരമുള്ള ചേരത്തിന്റെ വിസ്താരവും അതിര്‍ത്തികളും ചുവടേ ചേര്‍ക്കുന്ന പാട്ടില്‍ കാണാം.

'വടക്കുത്തിചൈ പഴനി വാന്‍കീഴ്‌ത്തെന്‍ കാചി
കുടക്കുത്തിചൈ കോഴിക്കോടാം കടര്‍ക്കരൈയില്‍
ഓരമോ തെര്‍ക്കാകുമുള്ളെണ്‍പതിന്‍ കാതം
ചേരനാട്ടെല്ലൈ യെന ച്ചെപ്പു'

പഴനി വടക്ക്; തെങ്കാശി കിഴക്ക്, കോഴിക്കോട്ടു പടിഞ്ഞാറ്, കടലോരം തെക്ക്, എന്നും ചേരത്തിന് 80 കാതം വിസ്തരമുണ്ടെന്നുേത്ര ഇതിന്റെ അര്‍ത്ഥം. ഇതിലെ കോഴിക്കോട് വേളാപുരമെന്നും ലക്ഷ്മീപുരമെന്നും അപര നാമങ്ങള്‍ ഉണ്ടായിരുന്ന മംഗലാപുരമാകുന്നു. മംഗലാ, വേലപ്പെണ്ണ് എന്നിവ ലക്ഷ്മീ ദേവിയുടെ പര്യായങ്ങളാണ്. പണ്ട് കോഴിക്കോട് ഒരു വേളാപുരംക്കോട്ട സാമൂതിരി കെട്ടിച്ചിരുന്നത് കേരളോത്പത്തിയില്‍ പ്രസ്താവിച്ചിട്ടുണ്ട്. 80 കാതം 320 മൈല്‍ വരും. ഈ ദൂരം മംഗലാപുരത്തിനും വിഴിഞ്ഞത്തിനും ഇടക്കുണ്ട്. ഹിയുന്‍ സാങ്ങിന്റെ മറ്റൊരു തെറ്റിന്റെ ഉദാഹരണമത്രേ, പ്രസ്തുത 5000 ലീയുടെ വിസ്താരം.

തൃക്കണാ മതിലകം നില്ക്കുന്ന മണപ്പുറം ദേശത്തേയും കൊടുങ്ങല്ലൂരിനേയും ഹിയുന്‍ സാങ്ങ് വര്‍ണിച്ചിട്ടുണ്ട്. ആ ഭാഗം ചുവടേ ചേര്‍ക്കുന്നു.

ഇവിടത്തെ ഭൂമിയും കണ്ടങ്ങളും ഉപ്പ് കലര്‍ന്നവയാകുന്നു; വിളവും അധികമില്ല തന്നെ. സമീപമുള്ള ചെറുദ്വീപുകളില്‍ നിന്ന് ശേഖരിച്ച വിലയേറിയ ചരക്കുകളെ ഇവിടെ കൊണ്ടുവന്നു പരിശോധിപ്പിക്കുന്നു. ശീതോഷ്ണ സ്ഥിതി ചൂടുകൂടിയതത്രേ. ഈ ദേശനിവാസികള്‍ ഇരുണ്ട നിറമുള്ളവരാകുന്നു. ധൈര്യവും, മുന്‍വിചാര ശൂന്യനായ എടുത്തു ചാട്ടവും ഇവരില്‍ കാണാം. ഇവരില്‍ ചിലര്‍ ബുദ്ധമതക്കാരാകുന്നു: ശേഷിച്ചവര്‍ പാഷണ്ഡരും. വിജ്ഞാനത്തെ ഇവര്‍ അധികം ബഹുമാനിച്ചു വരുന്നില്ല. വാണിജ്യം മുഖേന ലാഭമുണ്ടാക്കുന്ന തിലാണ് ഇവര്‍ അധികം ശ്രദ്ധിക്കുന്നത്. പ്രാചീനങ്ങളായ പല ബൗദ്ധ ഭിക്ഷുമാങ്ങളുടെ അവശിഷ്ടങ്ങള്‍ ഇവിടെ കാണാം. പക്ഷെ, മതിലുകള്‍ മാത്രമേ അവശേഷിച്ചിട്ടുള്ളൂ. ഭിക്ഷുക്കള്‍ അധികമില്ല. അനേകം ഹിന്ദു ദേവാലയങ്ങളും അനവധി പാഷണ്ഡന്മാരും - പ്രത്യേകിച്ചും ജയിനരും ഇവിടെയുണ്ട്.

'തലസ്ഥാനത്തിനു കുറേ കിഴക്കായി ഒരു പുരാതന സംഘാരാമം നില്ക്കുന്നതു കാണാം. ഇതിന്റെ മുന്‍വശം കാടുപിടിച്ചു കിടക്കുന്നു. ഇതിന്റെ അടിക്കെട്ടു മതില്‍ നില്ക്കുന്നുണ്ട്. അശോക രാജാവിന്റെ അനുജന്‍ മഹേന്ദ്രന്‍ പണികഴിപ്പിച്ചതത്രേ ഇത്. ഉന്നതങ്ങളായ മതിലുകള്‍ തറയില്‍ താണുപോയ ഒരു സ്ഥൂപം ഇതിന് കിഴക്കു വശത്തുണ്ട്. ഇതിന്റെ ശൃംഗം മാത്രം നിലത്തുനിന്നു പൊന്തി നില്ക്കുന്നു. ഇത് അശോക രാജാവ് പണിയിച്ചതാണ്. ഇവിടെ പണ്ട് തഥാഗതന്‍ ധമ്മ പ്രസംഗം ചെയ്യുകയും തന്റെ അത്ഭുതകരമായ ദിവ്യശക്തി പ്രദര്‍ശിപ്പിച്ച് അസംഖ്യം ജനങ്ങളെ തന്റെ മതത്തിലേക്ക് കൊണ്ടുവരികയും ചെയ്തിട്ടുണ്ട്. ഈ സംഭവത്തിന്റെ സ്മാരകമായിട്ടത്രേ, ഈ ഗോപുരം പണിയിച്ചിട്ടുള്ളതും. വളരെയധികം കാലത്തിന് മുമ്പ് മുതല്ക്ക് ഇതൊരു ആധ്യാത്മിക ചൈതന്യം പൊഴിച്ചു വരുന്നു. ഇവിടെ വന്ന് പ്രാര്‍ത്ഥിക്കുന്ന വരുടെ അഭീഷ്ടം ചിലപ്പോള്‍ സാധിക്കുകയും ചെയ്യും.'

ഹിയുന്‍ സാങ്ങ്
ഹിയുന്‍ സാങ്ങ് ഇതില്‍ ഉപയോഗിച്ചിട്ടുള്ള അനുജന്‍ എന്ന പദത്തിന് സഹോദര്‍, പുത്രന്‍ (പിന്നീട് ജനിക്കുന്നവന്‍) എന്ന് രണ്ട് അര്‍ത്ഥങ്ങളുണ്ട്. രണ്ടാം അര്‍ത്ഥത്തിലത്രേ പ്രകൃത പദം ഇവിടെ പ്രയോഗിച്ചിട്ടുള്ളത്. മഹേന്ദ്രന്‍, അശോക മൗര്യന്റെ പുത്രനാകുന്നു.

തൃക്കണാ മതിലകത്തിന്റെ തെക്കു കിഴക്കുള്ള ഇന്നത്തെ മേത്തല ഗ്രാമത്തിലാണ് മഹേന്ദ്ര ഭിക്ഷു, പിതാവിന്റെ നിര്‍ദ്ദേശ പ്രകാരം ഹിയുന്‍ സാങ്ങ് പറഞ്ഞിട്ടുള്ള സംഘാരാമവും സ്തൂപവും പണിയിച്ചത്. മേത്തലക്ക് വടക്കുള്ള പരിസര ഗ്രാമമായ ലോക മല്ലേശ്വരത്തിന് ഈ പേര് കിട്ടിയത് ബൗദ്ധ ദേവന്‍ അവലോകിതേശ്വരന്റെ ലോകനാഥന്‍ എന്ന അപര നാമത്തില്‍ നിന്നാണ്. തന്റെ കാലത്തെ ചോഴ രാജധാനികളില്‍ ഒന്നായിരുന്ന നാഗപട്ടണത്തിലും ഒരു ബൗദ്ധ വിഹാരവും മറ്റും, മഹേന്ദ്രന്‍ പണിയിച്ചി രുന്നു. നാഗപട്ടണത്തിന്റെ പദരതിര്‍ത്ഥ അഥവാ ഭദ്രതീര്‍ത്ഥം എന്ന ഒരു പ്രാചീന ബൗദ്ധ ദേവാലയം നിന്നിരുന്നു എന്ന് ഡോ. എസ് കൃഷ്ണസ്വാമി അയ്യങ്കാര്‍ സ്മാരകവാര്യുമില്‍ ഡോ. ബിമലചരണ ലാ എഴുതിയിരുന്ന 'പാലിബുദ്ധമതത്തിന്റെ ദക്ഷിണേന്ത്യയിലെ കേന്ദ്രങ്ങള്‍' എന്ന ലേഖനത്തില്‍ നിന്ന് മനസിലാക്കാം.ബി സി ലായുടെ പ്രസ്തുത ലേഖനത്തില്‍ അദ്ദേഹത്തിന് ഒരു തെറ്റു പറ്റിപ്പോയിട്ടുണ്ട്. എ ഡി ആറാം ശതകാന്ത്യത്തില്‍ ജീവിച്ചിരുന്ന സുപ്രസിദ്ധനായ ഥേരവാദ ബുദ്ധമതാ ചാര്യന്‍ ധര്‍മ്മപാലന്‍ പദരതീര്‍ത്ഥമുള്ള നഗരത്തില്‍ ജനിച്ചു എന്ന് 'സാസനവംശ'ത്തിലും വിവരിച്ചിട്ടുണ്ട്. തംബരട്ഠം എന്ന പേരില്‍ നിന്ന് ഡോ. ലാ പദരതീര്‍ത്ഥ അഥവാ ബദരതീര്‍ത്ഥമുള്ള നഗരം തിരുനല്‍വേലിയിലെ താമ്രപര്‍ണി നദീതീരത്തുള്ള ഒന്നായിരുന്നു എന്ന് ഊഹിച്ചിരിക്കുന്നു. ഇത് ശരിയല്ല. തംബമെന്നത് ആനയുടെ ഒരു പാലി പര്യായമാണെന്ന വസ്തുത ഡോ. ലാ വിസ്മരിച്ചു പോയി. നാഗവും ആനയുടെ ഒരു പ്രയായമാണ്. രാജേന്ദ്ര ചോഴന്‍ ഒന്നാമന്റെ വലിയ ലെയ്ഡന്‍ ചെപ്പേടില്‍ നാഗപട്ടണ പരിസര ഗ്രാമമായ ആനൈ മംഗലത്തേയും നാഗപട്ടണത്തുള്ള ചൂഡാമണി പത്മവിഹാരത്തേയും പ്രസ്താവിച്ചിരിക്കുകയും ചെയ്യുന്നു. തഞ്ചാവൂര്‍ ജില്ലയിലാണല്ലോ നാഗപട്ടണം സ്ഥിതിചെയ്യുന്നത്. മഹേന്ദ്രഭിക്ഷു കേരളമുള്‍പ്പെട്ട അന്നത്തെ തമിഴ് നാട്ടില്‍ ബി സി 246 ല്‍ സിലോണിലേക്ക് പോകുന്നതിന് മുമ്പ് ഒരു 4 വര്‍ഷത്തോളം പാര്‍ത്തിരുന്നു എന്ന് വിചാരിക്കുവാന്‍ കാരണമുണ്ട്.

ബുദ്ധമതം ഒരു പ്രബല മതമായിരുന്ന പ്രാചീന ഭാരതത്തിന്റെ ചരിത്രം ശരിയായി ഗ്രഹിക്കുന്നതിനു സ്തൂപം, ചൈത്യം, വിഹാരം എന്നീ ബുദ്ധമത സ്മാരകങ്ങളുടെ സ്വഭാവങ്ങള്‍ സാമാന്യമായി അറിഞ്ഞിരി ക്കേണ്ടതാണ്. ഒരു ബുദ്ധന്റേയോ ബൗദ്ധാ ചാര്യന്റേയോ ശരീരാവശിഷ്ടങ്ങള്‍ സ്ഥാപിച്ചിട്ടുള്ള സ്ഥലത്തിനു മീതെ പണിയിക്കുന്ന ഒരു ചെറുകുന്നിന്റെ രൂപത്തോടു കൂടിയ എടുപ്പത്രേ സ്തൂപം. ആദ്യമുണ്ടായിരുന്ന 7 സ്തൂപങ്ങളില്‍ അടക്കിയിരുന്ന ബുദ്ധ ശരീരാ വശിഷ്ടങ്ങളെ രാജ്യത്തിന്റെ നാനാ ഭാഗങ്ങളിലും അശോകന്‍ പണിയിച്ച 84000 സ്തൂപങ്ങള്‍ക്കു വീതിച്ചു കൊടുത്തു എന്നൊരു ഐതിഹ്യമുണ്ട്. ഇങ്ങനെ ചെയ്തത് വാസ്തവത്തില്‍ അശോകമൗര്യനല്ല. പിന്നെയോ, പഞ്ചാബിലെ പ്രമഗധയിലെ ധര്‍മാശോകന്‍ (414-392 ബി സി) എന്ന ചക്രവര്‍ത്തി യാണെന്ന് ബുദ്ധമത ചരിത്രകാരനായ തിബത്തിലെ താരാനാഥന്റെ കൃതിയില്‍ നിന്നു മനസിലാക്കാം.

ദക്ഷിണേന്ത്യയിലെ സുപ്രസിദ്ധങ്ങളായ രണ്ട് ബുദ്ധമത കേന്ദ്രങ്ങള്‍ മൈസൂരിലെ സത്യപുത്ര രാജധാനിയായ മാഹിഷ്മതിയും പല്ലവ രാജധാനി കാഞ്ചീവരവുമായിരുന്നു. പശ്ചിമോത്തര മൈസൂരിലെ ഇന്നത്തെ ബെള്‍ഗാമേന നഗരത്തിലാണ് മാഹിഷ്മതി നിന്നിരുന്നത്. ചോഴ രാജധാനി കളിലൊന്നായ കാവേരി പൂമ്പട്ടണത്തിലും പാണ്ഡ്യ രാജധാനി മധുരയിലും തമിഴ് സംഘകാലത്ത് ബൗദ്ധ ദേവാലയങ്ങളു ണ്ടായിരുന്നു. കഞ്ചീവരത്തുനിന്ന് ഹിയുന്‍ സാങ്ങ് മാഹിഷ്മതി യിലേക്കാണ് പോയത് ഇതിന് കൊംഗണപുര മെന്നത്രേ ഈ സഞ്ചാരി നാമകരണം ചെയ്തിട്ടുള്ളത്. ഇതിലേക്കുള്ള ദൂരവും മറ്റ് വര്‍ണനകളും സൂക്ഷ്മമായി പഠിച്ചാല്‍ ഈ കൊംഗണപുരം മാഹിഷ്മതി യാണെന്ന് നിര്‍ണയിക്കുവാന്‍ സാധിക്കും. ബനവാസിയെന്നും ഇതിന് മറ്റൊരു അപര നാമമുണ്ടായിരുന്നതു നിമിത്തം ഇന്നുള്ള പല ഗവേഷകരും ഇത് ഉത്തര കാനറയിലെ കാദംബ രാജധാനി ബനവാസിയാണെന്ന് തെറ്റിദ്ധരിച്ചു വരുന്നുമുണ്ട്. ഒന്നാം ചേരമാന്‍ പെരുമാള്‍ രാമഘടമൂഷികന്റെ പിതാവായ സത്യപുത്ര രാജാവിന്റെ രാജധാനി യായിരുന്നു മാഹിഷ്മതി. ഈ വസ്തുതയും പ്രാചീന കേരളീയര്‍ക്കു ബുദ്ധമതത്തോടു ണ്ടായിരുന്ന ബന്ധം സൂചിപ്പിക്കുകയാണ് ചെയ്യുന്നത്.

---------------------------------------

പുസ്തകം: ചരിത്രത്തിന്റെ അടിവേരുകള്‍ (പഠനം)
കേസരി ബാലകൃഷ്ണപിള്ള
പ്രസാധനം: കേരള സാഹിത്യ അക്കാദമി, തൃശൂര്‍
വില: 160 രൂപ.

*മാറ്റര്‍ പുസ്തകത്തില്‍ നിന്നും , ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്നും.