"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, മേയ് 20, ബുധനാഴ്‌ച

പുലയര്‍ ഉത്പത്തി കാരണമായ കേരളത്തിലെ ക്ഷേത്രങ്ങള്‍ - ഒര്‍ണ കൃഷ്ണന്‍കുട്ടി

ഒര്‍ണ കൃഷ്ണന്‍കുട്ടി
തിരുവനന്തപുരത്ത് തന്നെയുള്ള മറ്റൊരു പ്രശസ്ത ക്ഷേത്രമാണ് ചിറയിന്‍കീഴ് ശാര്‍ക്കര കാളിയുടെ ദേവിക്ഷേത്രം. അവിടത്തെ ഉത്സവത്തിന്റെ 7 ാം നാള്‍ 'പുലയന്‍ പുറപ്പാട്' എന്നൊരു ചടങ്ങ് നടത്തി വരുന്നുണ്ട്. പ്രസ്തുത ക്ഷേത്രത്തിന് പുലയരുമായുള്ള ബന്ധമാണ് ഈ ചടങ്ങ് സൂചിപ്പിക്കുന്നത്. കോട്ടയം ജില്ലയിലെ ആര്‍പ്പുകരയിലെ ചെമ്പശശ്ശേരി രാജാ വിന്റെ ഭരണകാലത്ത് ചാത്തന്‍ എന്നൊരു പുലയന്‍ ഗുഹാക്ഷേത്രം സ്ഥാപിച്ചു. തമിഴ്‌നാട്ടിലെ പ്രസിദ്ധ ക്ഷേത്രമായ ശുചീന്ദ്ര ക്ഷേത്രം നിര്‍മ്മിച്ചതും ഒരു പുലയരാജാവായിരുന്നു. അദ്ദേഹത്തെ ചതിയില്‍ കൊലപ്പെടുത്തി, ക്ഷേത്രത്തില്‍ ആ രാജാവിന്റെ പ്രതിഷ്ഠയുമുണ്ട്. 

കേരളത്തിലെ മറ്റൊരു മഹാക്ഷേത്രമായ ഇരിങ്ങാലക്കുട കൂടല്‍ മാണിക്യ ക്ഷേത്രത്തിന്റെ ഉത്ഭവവും പുലയരുമായി ബന്ധപ്പെട്ടു കിടക്കുന്നു. ഈ ക്ഷേത്രം പുലയരുടെതായിരുന്നു. അയ്യന്‍ തിരുകണ്ടന്‍ എന്നു പേരായ ഒരു പുലയ രാജാവിനെയും അദ്ദേഹത്തിന്റെ കുടുംബത്തിലെ കുഞ്ഞികുട്ടി പരാധീനങ്ങളെയും വധിച്ചതിന് ശേഷം മുരിയേടത്ത് നമ്പ്യാര്‍ ആ ക്ഷേത്ര വും ദേശങ്ങളും കൈക്കലാക്കി എന്നാണ് ചരിത്രകാരന്മാര്‍ പറയുന്നത്. 1200 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇന്നത്തെ വേളൂക്കര പഞ്ചായത്തിലെ പട്ടേപ്പാടത്തിനടുത്ത് പന്തലിപ്പാടം എന്നൊരു നാട്ടുരാജ്യം ഉണ്ടായിരുന്നു. പന്തലിപ്പാടം വാണിരുന്നത് ഈ പുലയരാജാവായ അയ്യന്‍ തിരു കണ്ടനായിരുന്നു. ഇരിങ്ങാലക്കുട പട്ടണവും സമീപ പ്രദേശങ്ങളും പന്തലിപ്പാടം രാജ്യത്തിന്റെ വ്യാപകാതിര്‍ത്തിയില്‍ ഉള്‍പ്പെട്ടിരിക്കുവാന്‍ സാദ്ധ്യതയുണ്ട്. ഇരിങ്ങാലക്കുടയിലെ പ്രശസ്തമായ അയ്യങ്കാവ് മൈതാനത്തിന് ആ പേരു വീണത് ഈ രാജവംശത്തില്‍ നിന്നായിരിക്കാം. കൂടല്‍ മാണിക്യം ക്ഷേത്രം ആദ്യ പുലയരുടേയും അവരുടെ കൈവശ ത്തില്‍ നിന്നും നഷ്ടപ്പെട്ട് പിന്നീട് ജൈനമതക്കാരുടേയും കൈവശമാ കുകയും ചെയ്തു

തിരുകണ്ടന്‍ രാജാവ് തന്റെ മകളുടെ വിവാഹത്തിന് കൊച്ചി രാജാ വിനെ ക്ഷണിച്ചു. രാജാവാണെങ്കിലും അയിത്തജാതിക്കാരനായ തിരുകണ്ടന്‍ രാജാവ് തന്നെ വിവാഹത്തിന് ക്ഷണിച്ചത് മന:പൂര്‍വ്വം അധിക്ഷേപിക്കാനാണെന്ന് മഹാരാജാവിന് തോന്നി.. എങ്കിലും കീഴ്‌വഴക്കം അനുസരിച്ച് മഹാരാജാവ് വിവാഹദിവസം കല്യാണ പന്തലിലേക്ക് എഴുന്നള്ളി. പഴയ്ക്കടക്ക മരം കൊണ്ട് തൂണിട്ട്, പുകയിലയും തളിര്‍ വെറ്റിലയും ഉപയോഗിച്ച് മേഞ്ഞതായിരുന്നു പന്തല്‍. മനോഹരമായ ആ കല്ല്യാണ പന്തലിലേക്ക് പ്രവേശിച്ച മഹാരാജാവിനെ കാല്‍തൊട്ട് വന്ദിക്കാനായി കുനിയവെ തിരുകണ്ടന്‍ രാജാവിനെ മഹാരാജാവ് തന്റെ ഉടവാളൂരി ഗളഛേദം ചെയ്തു. വസ്ത്രത്തിലും ദേഹത്തും രക്തം തെറിച്ചു വീണതിനാല്‍ മഹാരാജാവ് അശുദ്ധനാവുകയും കൊട്ടാര പ്രവേശനം നിഷിദ്ധമാവുകയും ചെയ്തു. മഹാരാജാവ് പട്ടേപാടത്തിനടു ത്തുള്ള വെളയനാടിനു തൊട്ടുവടക്കുവശം വാസമുറപ്പിച്ച് അവിടെ പ്രായശ്ചിത്തത്തിനും പരിഹാരത്തിനുംമുകുന്ദനെ ആരാധനാ മൂര്‍ത്തി യായി വരിച്ചു. മഹാരാജാവിന്റെ പേരു തന്നെ മുകുന്ദന്‍ എന്നായി രുന്നു. തിരുകണ്ടന്റെ ഗളഛേദം നടത്തിയ വാള്‍ ഇന്നും മുന്‍മന്ത്രിയും ലോകസഭാ മെമ്പറുമായിരുന്ന അന്തരിച്ച ശ്രീ.ലോനപ്പന്‍ നമ്പാടന്റെ വീട്ടില്‍ സുരക്ഷിതമായി സംരക്ഷിച്ചു പോരുന്നതായി മാസ്റ്ററുടെ ജീവചരിത്രത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഈ പ്രദേശത്ത് വസിക്കുന്ന വരില്‍ ഭൂരിപക്ഷവും പുലയ സമുദായക്കാരാണെന്നതും ഈ കാര്യത്തി ലുള്ള ആധികാരികത വിളിച്ചറിയിക്കുന്നു. 

ചരിത്ര പ്രസിദ്ധമായ ചെങ്ങന്നൂര്‍ മഹാദേവ ക്ഷേത്രവും പുലയരുടെ ചരിത്രവുമായി ബന്ധപ്പെട്ടു കിടക്കുന്നു. ഈ ക്ഷേത്രത്തിലെ ഭരണ സമിതിയിലെ പൊതുവാളായ ചാത്തന്‍ ചടയന്‍ ഉമയമ്മയില്‍ നിന്നും അയിരൂര്‍ ക്ഷേത്രവും അതിനോടു കൂടിയ വസ്തുവകകളും സ്വീകരി ച്ചതായി ശാസനങ്ങളില്‍ കാണുന്നു. ചാത്തന്‍ ചടയന്‍ ഊരാള സമിതി യിലെ പൊതുവായ ആള്‍ (ഇതൊരു ജാതിയാണെന്ന് കരുതുവാന്‍ ന്യായം കാണുന്നില്ല. പുലയരില്‍ നിന്നും പൊതുവായി ഒരാളെ ഉള്‍പ്പെടുത്തി എന്ന അര്‍ത്ഥമാണ് കരുതേണ്ടത്) ഇത് ത്രൈവര്‍ണ്ണികരില്‍പ്പെട്ട ഒരാളായി രുന്നതായി കാണുന്നില്ല. ബ്രാഹ്മണര്‍ മാത്രമല്ല താഴ്ന്ന ജാതിക്കാരും ഇക്കാലത്ത് ഭരണസമിതികളില്‍ അംഗങ്ങളായിരുന്നല്ലോ. തിരുവല്ല ക്ഷേത്രത്തിലെ ഒരു ചെപ്പേടില്‍ ബ്രാഹ്മണര്‍ക്കും അല്ലാത്തവര്‍ക്കും ഊട്ടാന്‍ വേണ്ടി ഒരു ലക്ഷത്തി മൂവ്വായിരത്തി നാല്പതുപറ വിത്ത് വിതക്കാനു ള്ള വയലും തോട്ടവും ഉണ്ടായിരുന്നതായി 'കേരള ചരിത്രത്തില്‍' രാജന്‍ ഗുരുക്കളും, രാഘവ വാര്യരും രേഖപ്പെടുത്തിയിരിക്കുന്നു. ഈ വേലകള്‍ ചെയ്തിരുന്നത് പുലയരല്ലാതെ വേറെ ഏതു ജാതിക്കാണ്? 

പത്തനംതിട്ട ജില്ലയിലെ മണ്ണടി ഭദ്രകാളി ക്ഷേത്രത്തിന്റെ ഉല്പത്തിയും പുലയരുമായി ബന്ധപ്പെട്ടുള്ളതാണ്. ചരിത്ര പ്രസിദ്ധമായ ഈ ക്ഷേത്രം 'മണ്ണടി പഴയകാവ'് എന്നാണ് അറിയപ്പെടുന്നത്. വാക്കുവഞ്ഞിപ്പുഴ പണ്ടാരത്തിലെ വകയായിരുന്നു. പണ്ടാരത്തില്‍ ദേശാധിപതിയും പണിക്കര്‍ സേനാനായകനുമായിരുന്നു. അക്കാലത്ത് ഒരു ദിവസം കൃഷിയിറക്കുന്നതിനായി കാടുവെട്ടി തെളിക്കവെ ഒരു പുലയ സ്ത്രീ അവിടെ കണ്ട കല്ലില്‍ അരിവാള്‍ തേച്ചു. ഉടന്‍ ആ ശിലയില്‍ നിന്നും രക്തപ്രവാഹമുണ്ടായി. ഇതറിഞ്ഞ പണ്ടാരത്തിലും പണിക്കരും കൂട്ടരും സ്ഥലത്തെത്തി. സ്വയംഭൂവായ വിഗ്രഹത്തിന് നിവേദ്യമൊരുക്കുമ്പോഴാണ് പെട്ടെന്ന് ഒരു ഊരാളി അവിടെ എത്തിയത്. ഊരാളി ഈ വിഗ്രഹം സ്വയംഭൂവായ ഭദ്രകാളിയുടേതാണെന്ന് വെളിപ്പെടുത്തുകയും അവലും മലരും പഴവും കൊണ്ടുവന്ന് വയ്ക്കാനും നിര്‍ദ്ദേശിച്ചു. പിന്നീടുണ്ടായ ദേവപ്രശ്‌നത്തിലൂടെ പണ്ടാരത്തിലും പണിക്കരും ദേശക്കാരും ചേര്‍ന്ന് ക്ഷേത്രം പണിയിക്കുകയും ചെയ്തു. മണ്ണടി ക്ഷേത്രത്തിന് കിഴക്കുമാറി ചേരുമംഗലത്ത് മഠത്തില്‍ വച്ചാണ് വേലുതമ്പി ദളവ ആത്മഹത്യ ചെയ്തത്. (മലയാള കരയിലെ മഹാക്ഷേത്രങ്ങള്‍ പെരിനാട് സദാനന്ദന്‍ പിള്ള പുറം 352, 353) ചേര്‍ത്തല, ചാത്തന്നൂര്‍, ശാസ്തമംഗലം, മണ്ടയ്ക്കാട് തുടങ്ങിയ സ്ഥലങ്ങളിലെ ക്ഷേത്രങ്ങളുടെയെല്ലാം ഉല്പത്തി പുലയരുമായി ബന്ധപ്പെട്ടു കിടക്കുന്നു. ഇതിന്റെയെല്ലാം അവകാശികളും നിര്‍മ്മാണത്തിന്റെ കാരണക്കാരും പുലയരാണ്. ചാത്ത എന്ന പുലയ സ്ത്രീ ഒരു കൂരയില്ലാ ക്ഷേത്രം നിര്‍മ്മിച്ചതില്‍ നിന്നാണ് ചാത്തമംഗലം എന്ന സ്ഥലനാമം പോലും ഉണ്ടായതും, പിന്നീട് ശാസ്തമംഗലം ക്ഷേത്ര മുണ്ടായതും. ശിവന്‍ ആദിപിതാവും ആദിമ ജനതയുടെ ദേവനുമാണല്ലോ. കട്ടയടി എന്ന ഒരുതരം പന്തുകളിയുമായി ബന്ധപ്പെട്ടു കിടക്കുന്ന മണ്ടയ്ക്കാട് ക്ഷേത്രത്തിന്റെ ഉല്പത്തി. ഒരിക്കല്‍ ബാലിക ബാലന്മാര്‍ പനംതേങ്ങ കൊണ്ട് കട്ടയടി കളിക്കുമ്പോള്‍ അതിനടുത്തുള്ള ഒരു മണ്‍പുറ്റില്‍ പന്ത് ചെന്നുകൊള്ളുകയും മണ്‍കൂന തകര്‍ന്ന് അതില്‍നിന്നും നിലക്കാത്ത രക്തപ്രവാഹം ഉണ്ടാകുകയും ചെയ്തു. പിന്നീട് അവിടെ കൂടിയ പുലയര്‍ നിര്‍മ്മിച്ചതാണ് മണ്ടയ്ക്കാട് ഭഗവതി ക്ഷേത്രം.
-------------------------------------
@കേരളത്തിലെ പുലയരെ കുറിച്ച് ലേഖകന്‍ തയാറാക്കുന്ന പുസ്തകത്തില്‍ നിന്നും 

ഒര്‍ണ കൃഷ്ണന്‍കുട്ടി. 8281456773