"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, മേയ് 21, വ്യാഴാഴ്‌ച

പുലയരുടെ ആചാരങ്ങള്‍ ; ചാവുതുള്ളലും പൂതംപിടിക്കലും - ഒര്‍ണ കൃഷ്ണന്‍കുട്ടി


ചാവുതുള്ളല്‍

പരേതന്മാവിനെയാണ് ചാവുകള്‍ എന്നുപറയുന്നത്. പ്രേതങ്ങളെ ഇന്നും ആരാധിക്കുന്നവരില്‍ മുമ്പന്മാര്‍ പുലയരും പറയരുമാണ്. മരണപ്പെട്ട കാരണങ്ങളുടെ അടിസ്ഥാനത്തിലാണ് ചാവുകളെ തരംതിരിക്കുന്നത്. ആത്മഹത്യ, കൊലപാതകം, അപകട മരണം എന്നിങ്ങനെയുള്ള പ്രേതങ്ങളെ അറുകല (അറുകൊല) യെന്നാണ് വിളിക്കാറ്. അവര്‍ക്ക് നല്ല പ്രേതങ്ങളുടെ ഒപ്പം സ്ഥാനമില്ല. കോഴിവെട്ടും ഗുരുതിയും കര്‍മ്മവും എല്ലാം നടത്തുമ്പോള്‍ ഇത്തരം പ്രേതങ്ങള്‍ക്ക് കളത്തിന് പുറത്താണ് സ്ഥാനം. നല്ല പ്രേതങ്ങളെ പതിനാറ് അടിയന്തിരത്തിന്റെ സദ്യയെല്ലാം കഴിഞ്ഞ് ക്ഷണിക്കപ്പെട്ടവരെല്ലാം പിരിഞ്ഞ് പോയതിന് ശേഷം ഉച്ചകഴിഞ്ഞ് പ്രത്യേക ബലിത്തറകള്‍ ഉണ്ടാക്കി അടിയന്തിര പാട്ട് പാടി ചാവുതുള്ളല്‍ നടത്തി മന്ത്രവാദികള്‍ കളത്തില്‍ കൊണ്ടുവരും. പരേതത്മാവിന്റെ ഉറ്റവരുടെ ശരീരത്തിലാണ് പ്രേതത്തെ ആവാഹിച്ചു കയറ്റുന്നത്. 

കോട്ടയം, ആലപ്പുഴ, എറണാകുളം, പത്തനംതിട്ട തുടങ്ങിയ മധ്യ ദക്ഷിണ ജില്ലകളിലാണ് ഈവിധ പ്രേതാരാധന. ദുര്‍മരണം സംഭവിച്ച ആത്മാക്കളെയാണ് മുഖ്യമായും ചാവുകള്‍ എന്നുപറയാറ്. പ്രേതം തുള്ളിവന്ന് മരണ കാരണങ്ങള്‍, കുടുംബത്തിലെ അനര്‍ത്ഥങ്ങള്‍, രോഗവിമുക്തി, ഐശ്വര്യം എന്നിവ പ്രവചിക്കും. മടവതിമാര്‍ തുള്ളി വരുന്നവരോട് വിവരങ്ങള്‍ ആരായും. പറഞ്ഞില്ലെങ്കില്‍ കയ്യില്‍ കരുതിയിട്ടുള്ള പിച്ചാന്‍കത്തിയും രണ്ടുതലയും വെള്ളി കൊണ്ട് കെട്ടിച്ചിട്ടുള്ള ചൂരല്‍വടികൊണ്ട് പ്രഹരിക്കും. ഈ സമയം ചിലര്‍ തുള്ളിവരും. അതിനോടൊപ്പം തുടികൊട്ടുകാര്‍ കൂട്ടവും, ജന്മവും ചൊല്ലി അടിയന്തിരപാട്ട് പാടും (കിണ്ണംകൊട്ടിപാട്ട്). ഈ പാട്ടില്‍ മരിച്ചുപോയ ആളുടെ ചരിത്രം ഉണ്ടാകും. ചടങ്ങ് ചിലപ്പോള്‍ അര്‍ദ്ധരാത്രി വരെ തുടരും. പുലയരുടെ വിശ്വാസമനുസരിച്ച് മരിച്ച പരേതത്മാവിനുള്ള കര്‍മ്മങ്ങളില്‍ ആണ്ടുകഴിയാതെ കോഴിവെട്ടി കലഹം നടത്താറില്ല. 

കലിയന്‍ എന്നൊരു ഉര്‍വര ദേവത പുലയരുടെ ഈതിബാധയകറ്റാന്‍ വേണ്ടി നടത്തുന്നു. കലിയന് ശനിയെന്നും അര്‍ത്ഥമുണ്ട്. ബാധയകറ്റാന്‍ ശനിപ്പാട്ട് എന്നൊരു ഗാനവും പുലയര്‍ നടത്തിവരുന്നു. പുലയരുടെ വിശ്വാസം അനുസരിച്ച് നാശം വിതക്കുന്ന ഒരു ദേവതയാണ് ഇത്. ഇതൊരു സമൃദ്ധിയുടെ സങ്കല്പവും കൂടിയാണ്. കണ്ണൂര്‍, തളിപ്പറമ്പ് താലൂക്കുകളിലുള്ള പുലയര്‍ കര്‍ക്കിടമാസങ്ങളില്‍ ഇതിനോടനുബന്ധിച്ച് കലിയനാമം എന്ന പേരിലൊരു അനുഷ്ഠാന കലയും നടത്തുന്നു. കലിയന്‍, കലിച്ചി എന്നീ പേരുകളില്‍ തെയ്യം കെട്ടിയാടാറുണ്ട്. കലിയാന്‍ പാട്ടില്‍ ഈതി ബാധകളുടെ ദേവതകളായിട്ടാണ് ഇവയെ സങ്കല്പിച്ചി ട്ടുള്ളത്. ഈ ദേവതകള്‍ കീഴ്‌ലോകത്തേക്കിറങ്ങിയതിന് ശേഷവും വിളനാശവും, കന്നുകാലി നാശവും കിടാങ്ങള്‍ക്ക് വിറയല്‍, പനി തുടങ്ങിയ രോഗങ്ങളും സംഭവിച്ചുവെന്ന് അവര്‍ വിശ്വസിക്കുന്നു. ഈ ദേവതകള്‍ക്ക് കരിനീരും, ശുരുതിയും പച്ചതേങ്ങയും കരിക്കട്ടയും മഞ്ഞകൊമ്പും ഉഴിഞ്ഞ് കൊടുത്താല്‍ ഗുണം വരുമെന്നും വിശ്വസിക്കുന്നു. കന്നുകിടാങ്ങള്‍ക്കും, കുട്ടികള്‍ക്കും, കൃഷി വിളകള്‍ക്കുമെല്ലാം വര്‍ദ്ധനവുണ്ടാകാന്‍ കലിയനെയും കലിച്ചിയെയും ആടിക്കുന്നത് നല്ലതാണെന്ന് വിശ്വസിക്കുന്നു. 

പുലയര്‍, തിയ്യരുടെ ഭവനങ്ങളില്‍ കലിയനാട്ടം നടത്തുമ്പോള്‍ 'ദിവ്യ'ന്റെ കഥയും കൂടി പാടും. കലിച്ചിയെ 'ചിപോതി' യെന്നും കൂടി പറയാറുണ്ട്. കലിയന്‍ ഉര്‍വര ദേവതയാണ്. തേനും, കനികളും, പാലും, ഇളനീരും കഴിച്ച് കനാലില്‍ കുളിച്ചോടി നടക്കുന്ന കാനക്കരിവേടന്‍. മുതുവേടന്‍, ഇളവേടന്‍ തുടങ്ങിയ ഇരുപത്തൊന്നു വേടരെ വിളിച്ച് പുനം വെട്ടി കൃഷി ചെയ്യണമെന്ന് കലിയന്‍ ആവശ്യപ്പെടുന്നതും കാളയെ വാങ്ങി കൃഷി പണികള്‍ ചെയ്യുന്നതും കലിയന്‍ പാട്ടില്‍ വര്‍ണ്ണിക്കുന്നു. കര്‍ക്കിടക സംക്രമം മുതല്‍ കലിയന്‍ പാട്ടും ചിങ്ങ സംക്രമണത്തിന് കലിച്ചിലാട്ടവും ആരംഭിക്കും.

പരേതക്രിയ (മരണാനന്തരചടങ്ങ്) 

കേരളത്തിലാകെ, പുലയര്‍ മരിച്ചാല്‍ മൃതദേഹങ്ങള്‍ കുഴിച്ചിടുകയാണ് പതിവ്. ഇപ്പോള്‍ ചില സ്ഥലങ്ങളില്‍ സ്ഥലദൗര്‍ലഭ്യം മൂലം ദഹിപ്പിക്കുകയും ചെയ്യുന്നുണ്ട്. മണ്ണില്‍ മറവു ചെയ്യുകയാണെങ്കില്‍ നൊച്ചില്‍ കൊള്ളി വയ്ക്കുന്നൊരു പതിവ് കാണാം. മണ്ണിട്ട് മൂടുന്തോറും കൊള്ളി മേല്‍പ്പോട്ടു വലിക്കും. മണ്ണു മുഴുവന്‍ മൂടി കഴിഞ്ഞാല്‍ കൊള്ളിയുടെ അറ്റം പുറത്തുകാണണം. മരിച്ച് രണ്ടാം ദിവസം രാത്രി നൊച്ചില്‍ കൊള്ളി പൂര്‍ണ്ണമായി വലിച്ചെടുക്കും. വലിച്ചെടുക്കുന്ന തനുസരിച്ച് കര്‍മ്മി ഇളനീര്‍ വെള്ളം ആ ദ്വാരത്തില്‍ ഒഴിക്കുന്നു. വെള്ളം തീര്‍ന്നാല്‍ കൊള്ളി വലിച്ചെടുക്കും. ഇളനീര്‍ തൊണ്ടും കറുകയും കോടി വസ്ത്രത്തില്‍ പൊതിഞ്ഞ് അനന്തിരവന്‍ വശം ഏല്പിക്കും. ഇതിന് വീര്‍പ്പുബലി എന്നാണ് പറയുക. ജീവ വാഹനയാണ് ഇതിന്റെ സങ്കല്പം. ചില ഇടങ്ങളില്‍ ഇളനീര്‍ കരിക്കിന്റെ മുഖം വെട്ടികളഞ്ഞ് പ്രേതത്തെ അതില്‍ ആവാഹിച്ച് വീട്ടില്‍ കൊണ്ടുവന്ന് ബലി തറയില്‍ വക്കുകയും വീടിന്റെ കോടിമൂലയില്‍ ഒരു കെടാവിളക്ക് കത്തിച്ചു പതിനഞ്ചു ദിവസം വയ്ക്കുകയും ചെയ്യുന്ന പതിവുണ്ട്. ശവം ദഹിപ്പിക്കുകയാണെങ്കില്‍ കുഴി മൂടിയതിന് ശേഷം ആ സ്ഥാനത്ത് ഒരു മനുഷ്യരൂപം പച്ചപൊടി കൊണ്ട് വരക്കാറുണ്ട്. ശവസംസ്‌ക്കാരത്തിന് ശേഷം അടുത്ത ബന്ധുക്കള്‍ അന്ന് പട്ടിണി കിടക്കും. പിറ്റേന്ന് രാവിലെ എല്ലാവരും കുളിച്ച് വന്ന് വീടിന്റെ തെക്കേമുറ്റത്ത് ബലിതറയുണ്ടാക്കി അവിടെ അരിയും പൂവും ഇട്ട് ബലി നടത്തും. ഇങ്ങനെ പതിനഞ്ച് ദിവസം ബലിയിട്ടതിന് ശേഷം പതിനാറിന്റെ അന്ന് ബലികര്‍മ്മം നടത്തി പുലവീടുന്നു. ബലിക്ക് അര്‍പ്പിക്കുന്ന ബലിചോറ് ബലിക്കാക്ക വന്ന് തിന്നണം എന്നാണ് കണക്ക്. പുലയെല്ലാം വീട്ടികഴിഞ്ഞാലെ മറ്റുള്ളവര്‍ മരിച്ച വീട്ടില്‍ നിന്നും ഭക്ഷണം കഴിക്കുകയുള്ളൂ. ചടങ്ങുകള്‍ക്ക് ശേഷം സദ്യയും കഴിഞ്ഞ് ഉച്ചതിരിഞ്ഞ് മരിച്ച ആളുടെ പ്രേതം അടുത്തബന്ധുവിന്റെ ശരീരത്തില്‍ കയറ്റി മരണകാരണങ്ങളും ഇനിവരുന്ന ആപത്തുകളും പ്രവചിക്കും. ഈ സമയം മന്ത്രവാദപാട്ടും കിണ്ണംകൊട്ടിപാട്ടും ഉണ്ടാകും. മന്ത്രവാദികളാണ് പ്രേതത്തെ തുള്ളിവരുത്തിക്കുന്നത്. ഇതിനായി പ്രത്യേക മന്ത്രവാദപ്പാട്ടുമുണ്ട്. 

കെഴക്കുതിക്കും മാനം തെളിയട്ടേ
പടിഞ്ഞാറത്തമനം തെളിയട്ടേ

വടക്ക് മാവേലി തെളിയട്ടെ 
തെക്ക് തേനാതി തെളിയട്ടേ

മേലാകായം തെളിയട്ടേ
ചവിട്ടും പൂമീ തെളിയട്ടേ

ഈരേഴ് പതിനാലു ലോകോം തെളിയട്ടേ
പതിനെട്ട് ചാത്തന്മാര് തെളിയട്ടേ-

ഇന്നിപ്പോള്‍ ഈ ചടങ്ങുകളെല്ലാം അന്യംനിന്നു പോയിക്കൊണ്ടിരി ക്കുകയാണ്. ജനനവും മരണവും (പേറും ചാവും) പുലയരെ സംബന്ധിച്ച് വലിയൊരു പുലയുടെ നാളുകളാണ്. അതുപോലെ മരിച്ചാല്‍ അടക്കുന്നതിന് പണ്ട് കാലങ്ങളില്‍ മരക്കൊമ്പുകള്‍ കൊണ്ട് തട്ടുണ്ടാക്കി അതില്‍ കിടത്തി കൊണ്ടായിരുന്നു ശ്മശാനങ്ങളിലേക്ക് ശവം കൊണ്ടുപോയി കൊണ്ടിരുന്നത്. തമിഴ് നാട്ടില്‍ ഇന്നും ഇതേ രീതിയാണ് അവര്‍ പിന്‍തുടരുന്നത്. സംഘകാലങ്ങളിലുണ്ടായിരുന്ന ശവമടക്ക് സമ്പ്രദായം ഇന്നും അടിസ്ഥാന ജനതയില്‍ നിന്നും വിട്ടുമാറിയിട്ടില്ല. കേരളത്തില്‍ ശ്മശാനങ്ങള്‍ ഉള്ളത് പുലയര്‍ക്ക് മാത്രമാണ്. ക്രിസ്ത്യാനികളും മുസ്‌ലീംങ്ങളും പള്ളി ശ്മശാനങ്ങളിലാണ് മറവ് ചെയ്യുന്നത്. പുലയര്‍ക്കുളള ശ്മശാനങ്ങളില്‍ അതാത് കൂട്ടങ്ങളില്‍ പ്പെട്ടവരെ മാത്രമേ അടക്കുകയുള്ളൂ. പുലയരാണെന്നു വച്ച് ആരെയും മറവ് ചെയ്യാം എന്നുവച്ചാന്‍ നടക്കില്ല. ഇന്നിപ്പോള്‍ അവര്‍ പ്രത്യേക കമ്മിറ്റികളും രജിസ്റ്ററുകളും അതിനുവേണ്ടി തയ്യാറാക്കി വച്ചിട്ടുണ്ട്. എവിടെ പുലയര്‍ താമസിക്കുന്നുണ്ടോ അവിടെയെല്ലാം പുലയര്‍ക്ക് ശ്മശാനങ്ങളുമുണ്ട്. 

കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ പുലയര്‍ മരിച്ചാല്‍ അടക്കുന്ന സമ്പ്രദായത്തിന് കൂളികെട്ട്, പെനകെട്ടല്‍ എന്നൊക്കെയാണ് പറഞ്ഞുവരുന്നത്. 

മരിച്ചആളുടെ മൃതശരീരം അടക്കം ചെയ്യാന്‍ ശ്മശാനത്തിലേക്ക് എടുക്കുമ്പോള്‍ ചാപ്ര കൊട്ടുന്ന ഏര്‍പ്പാട് പണ്ട് കാലങ്ങളില്‍ ഉണ്ടായിരുന്നു. പടക്കം പോലുള്ള കരിമരുന്ന് പ്രയോഗങ്ങളുമുണ്ട്. സാധാരണ ഇത് കരയിലെ ഇണങ്ങന്‍ (കര്‍മ്മി) മരിച്ചാലാണ് ഉണ്ടാകാറുള്ളത്. ഏതായാലും സംഘകാല ജീവിത ശൈലിയുള്ള ആചാരങ്ങളും ചടങ്ങുകളുമാണ് ഇത്. 

ഭൂതം പിടിക്കല്‍
 
കൊടുങ്ങല്ലൂരിലും പരിസരങ്ങളിലും പുലയര്‍ക്കിടയില്‍ നടത്തിയിരുന്ന ഒരു ചടങ്ങ്. ഗര്‍ഭിണികളുടെ ബാധ ഒഴിപ്പിക്കലാണ് വിഷയം. ഗര്‍ഭിണിയെ പന്തലില്‍ കൊണ്ടുവന്നിരുത്തി തലക്കും, വയറിനും ചുറ്റും പൂവുകൊണ്ട് ഉഴിഞ്ഞു പ്രേതബാധകളെ ഒഴിപ്പിച്ച് ഒരു മണ്‍കുടത്തി ലാക്കി കുടത്തിന്റെ വായ് മൂടികെട്ടി ഒരു കോഴിയോടുകൂടി കുടം പുഴയില്‍ ഒഴുക്കുന്നു. ഇതോടെ ചടങ്ങ് തീരുന്നു. 

പോത്തോട്ടം 

ഒന്നാം വിളകൊയ്ത്തു കഴിഞ്ഞ് 2 ാം വിളയിറക്കും മുമ്പ് വയലുകളില്‍ നടത്തുന്ന ഒരു വിനേദമാണിത്. പോത്തുകളെ വയലിലിറക്കി ഓടിക്കു ന്നതാണ് ചടങ്ങ്. പുലയരാണ് ഇത് നടത്തുന്നത്. പോത്തുകളെ കുളിപ്പിച്ച് അലങ്കരിക്കും. പോത്തോട്ടം കാണാന്‍ ഒട്ടേറെപേര്‍ ഒത്തുകൂടും. 

മങ്ങലകളി
 
കല്ല്യാണകളി എന്നുംകൂടി പേരുള്ള ഒരു കലാപ്രകടനം. പുലയരാണ് ഇത് നടത്തുന്നത്. പറകൊട്ടി ചാടി തുള്ളി നൃത്തം ചെയ്യുകയാണ് ഇതിന്റെ രീതി. ഇതു കൂടാതെ മങ്ങലം, ഭൂതം തുള്ളല്‍, മുടിയാട്ടം തുടങ്ങി ഒട്ടേറെ വിചിത്രമായ ആചാരങ്ങള്‍ പുലയരുടെ ഇടയില്‍ നിലവിലുണ്ടായിരുന്നു.