"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, മേയ് 25, തിങ്കളാഴ്‌ച

പൂമ്പാറ്റകളുടെ ദേശം

ഇന്ത്യന്‍ ഭരണഘടനയെ പ്രതിരോധിച്ചുകൊണ്ട് മുന്‍രാഷ്ട്രപതി കെ.ആര്‍. നാരായണന്‍ പറഞ്ഞിട്ടുണ്ട്. '' ഈ രാജ്യത്തെ ഒരു പൂമ്പാറ്റയുടെ പോലും അവകാശം സംരക്ഷിക്കാനുള്ള വകുപ്പ് ഭരണഘടനയിലുണ്ട്. അത് നടപ്പാക്കുന്നിടത്താണ് പരാജയം.''

'പാപ്പിലിയോ ബുദ്ധ' എന്ന വംശനാശഭീഷണി നേരിട്ടുകൊണ്ടിരിക്കുന്ന പൂമ്പാറ്റയുടെ പേരില്‍ ഒരു സിനിമ നിര്‍മ്മിക്കപ്പെടുമ്പോള്‍, അതിന്റെ പ്രതിപാദ്യം ഭൂമിയുടെ മേലുള്ള അവകാശം നഷ്ടപ്പെട്ട ജനതകളാവുമ്പോള്‍, ചിത്രത്തിലെ ദളിതരെ സംബന്ധിച്ച് ഭരണഘടനഅടിസ്ഥാന പ്രമാണമാവുമ്പോള്‍, നമ്മുടെ രാഷ്ട്രസങ്കത്തിന്റെ, ചരിത്രരചനയുടെ, സാമൂഹ്യയാഥാര്‍ത്ഥ്യങ്ങളുടെ, വികസനബോധത്തിന്റെ, സൗന്ദര്യബോധത്തിന്റെ പുനര്‍വായനയ്ക്കും പുനരവത്രണത്തിനും നാം തയാറാകേണ്ടി വരുന്നു.

മേപ്പാറ എന്ന സാങ്കല്പികദേശത്ത് ഭൂമിയുടെ അവകാസം കിട്ടാന്‍ വേണ്ടിസമരം ചെയ്യുന്ന ഒരു കൂട്ടം ദളിതരുടെ/ ആദിവാസികളുടെ ജീവിതത്തിലെ സംഭവവികാസങ്ങളാണ് ചിത്രത്തിന്റെ പ്രമേയം. ഗവേഷണത്തിന് പൂമ്പാറ്റകളെത്തേടിയെത്തുന്ന സായിപ്പിന് സഹായിയായി പോകുകയും പിന്നീട് മാവോയിസ്റ്റ് ബന്ധമാരോപിക്കപ്പെട്ട് അറസ്റ്റിലാവുകയുംചെയ്യുന്ന ശങ്കരന്‍, ഓട്ടോ ഡ്രൈവറായി ജോലി നോക്കി കോളനിയിലെ കുട്ടികളെ പഠിപ്പിക്കുന്ന - പിന്നീട് ഒരു കൂട്ടബലാത്സംഗത്തിനു ഇരയാവുന്ന മജ്ഞുശ്രീ, ഒരു ഭാഗത്ത് ഭരണഘടനയിലും അംബേദ്കറിലും വിശ്വാസര്‍പ്പിക്കുമ്പോഴും പ്രദേശിക ജീവനസാങ്കതിക മുറുകെപ്പിടിക്കുന്ന കരയന്‍ തുടങ്ങിയവരാണ്. ചിത്രത്തിലെ മുഖ്യകഥാപാത്രങ്ങള്‍ വികസന പദ്ധതികളില്‍ ഭരണവിഭാഗങ്ങളും ഉദ്യോഗസ്ഥ പ്രഭുക്കളുമായുള്ള കൂട്ടുകെട്ടില്‍ ഒരു തദ്ദേശ അവകാശ സംരക്ഷണപദ്ധതിക്ക് എന്തു പറ്റുന്നു എന്നതാണ് ചിത്രം പഠിക്കാന്‍ ശ്രമിക്കുന്നത്.

കേരളത്തിലെ ദളിത് ചരിത്രത്തിലെ ചില സംഭവങ്ങള്‍ ഇവിടെ സംഭവകഥാഖ്യാന(.........) രീതിയില്‍ അവതരിപ്പിച്ചിരിക്കുന്നു. ചിത്രലേഖാ സംഭവം, മുത്തങ്ങ, ചെങ്ങറ, ഡി.എച്ച്.ആര്‍.എം. പൊക്കുടന്റെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി വിട്ടുള്ള ദളിത് - പരിസ്ഥിതി പ്രവര്‍ത്തനം, സുജ എന്ന പെണ്‍കുട്ടിയുടെ ഗര്‍ഭം പൊലീസുകാര്‍ ചവിട്ടിക്കലക്കിയത്, ഉദയകുമാറിന്‍രെ പൊലീസ് പീഡനം. ആ അര്‍ത്ഥത്തില്‍ കേരളത്തിലെ പൊതുസമൂഹം രാഷ്ട്രീയ അധോലോകത്തിന്റെ പ്രശ്‌നങ്ങളായി എഴുതിത്തള്ളിയ സംഭവങ്ങളെ സിനിമയിലൂടെ ഉപരിതലത്തിലേയ്ക്ക് കൊണ്ടുവരാനുള്ള ശ്രമമാണിത്. എന്നാല്‍ ഈ സിനിമയെ പിരിയഡ് ഫിലിം( കാലഘട്ടത്തിന്റെ കഥ റിയലിസ്റ്റ് മാതൃകയില്‍ പറയുന്നസിനിമ) ആയി കാണാനാവില്ല. ദളിത്/ ആദിവാസി എന്ന രാഷ്ട്രീയ- സാമൂഹ്യ സംജ്ഞയെ ഒരു സാങ്കല്പിക ദേശത്ത് പുനര്‍നിര്‍മ്മിക്കുകയാണ് സിനിമ. അവിടെ കടന്നു വരുന്ന ചരിത്ര സംഭവങ്ങള്‍ ദളിത് എന്നോ ആദിവാസി എന്നോ നാം മനസ്സിലാക്കുന്ന, എന്നാല്‍ നമ്മുടെ രാഷ്ടരീയ വ്യവഹാരങ്ങള്‍ ഒരിക്കലും ശ്രദ്ധിക്കാത്ത ഒരു മഹാവിഭാഗം ജനങ്ങളിലേയ്ക്ക് വെളിച്ചം വീശുന്നതാകുന്നു.

ദളിതരും ആദിവാസികളും തുല്യരാവുന്നത് എങ്ങനെയാണ്? ഭൂമിയുടെ പ്രശ്‌നമാണ് ചെങ്ങറയെയും മുത്തങ്ങയെയും സമ്മാനമായി ആലോചിക്കാന്‍ കളമൊരുക്കുന്നത്. സണ്ണികപിക്കാട് പൂണ്ടിക്കാട്ടിയതുപോലെ കേരളത്തിലെ ഭൂരിപഷ്‌ക്കരണം ജന്മി - കുടിയാന്‍ വ്യവസഥിതിയെ അവസാനിപ്പിച്ചെങ്കിലും കുടയാന്റെ കീഴില്‍ ജോലി ചെയ്തിരുന്ന അടിയാന്മാര്‍ക്ക് ഭൂമി കൊടുത്തില്ല. ദളിത് വിഭാഗക്കാരായിരുന്ന ഇവര്‍ക്ക് ലക്ഷം വീട് കോളനികള്‍ എന്ന പേരില്‍ ദളിത് ചേരികള്‍ ഉണ്ടാക്കിക്കൊടുത്താണ് ഭരണരാഷ്ട്രീയ നേതൃത്വം ഈ പ്രതിസന്ധി പരിഹരിക്കാന്‍ ശ്രമിച്ചത്. മാത്രവുമല്ല, പ്ലാന്റേഷന്‍ ഭൂമി ഭൂപരിഷ്‌ക്കരണത്തില്‍ നിന്ന് മാറ്റി നിര്‍ത്തുകയും ചെയ്തു. അതോടെ ദളിതര്‍ക്കു മാത്രം സ്വന്തം കൃഷി ഭൂമി ഇല്ലാത്ത അവസ്ഥയുണ്ടായി. ഭൂപരിഷ്‌ക്കരണം നടന്നു കഴിഞ്ഞു എന്ന് അഭിമാനിക്കുന്ന മലയാളി ഭൂപരിഷ്‌ക്കരണത്തിലെ ഈ ദളിത് അവകാശ നിഷേധം ശ്രദ്ധിച്ചതു പോലുമില്ല.

പീഡിതനായ ആദിവാസി

ബ്രിട്ടീഷ് ഗവണ്‍മെന്റാണ് ഇന്ത്യയിലെ കാടുകള്‍ ദേശസാല്‍ക്കരിച്ചത്. ഇങ്ങനെ ദേശസാല്‍ക്കരിച്ചപ്പോഴുള്ള പ്രശ്‌നം കാടുകള്‍ ഒരു കാലത്തും ഒരു മനുഷ്യസാന്നിധ്യമില്ലാത്തതാരുന്നില്ല. എന്നതാണ്. കാട്ടില്‍ ജനിച്ചു ജീവിച്ചു വന്നിരുന്ന ഗിരിവര്‍ഗക്കാര്‍ ഇതോടെ കാട്ടില്‍ ജീവിക്കുന്നു എന്നതിനാല്‍ സര്‍ക്കാര്‍ ഭൂമി കൈയേറിയ കുറ്റവാളികളായി ഭരണവര്‍ഗവുമായുള്ള അവിശുദ്ധ ഭരണവര്‍ഗവുമായുള്ള അവിശുദ്ധ ബന്ധങ്ങളിലൂടെ കാടുകള്‍ കൈയേറാന്‍ ചെന്നവരൊക്കെ നിയമം ഉപയോഗിച്ച് ആദിവാസികളെ പേടിപ്പിച്ച് ആദിവാസികളെ പേടിപ്പിച്ചും പീഡിപ്പിച്ചുംകൊണ്ടിരുന്നു. ഈ സാമൂഹ്യ യാഥാര്‍ത്ഥ്യമാണ് ദളിത്- ആദിവാസി ഗ്രൂപ്പുകളെ കേരളീയ ജാതി- മത-സാമുദായികതകള്‍ക്കെതിരായി അവതരിപ്പിക്കുന്നതിനെ സാധൂകരിക്കുന്നത്.

നമ്മുടെ അക്കാദമിക്-മാദ്ധ്യമ രംഗങ്ങള്‍ സൗകര്യപൂര്‍വ്വം വിസ്മരിക്കുന്ന ഈ യാഥാര്‍ത്ഥ്യങ്ങളെ സിനിമ തീര്‍ത്തും അപരിചിതവല്‍ക്കരിച്ചുകൊണ്ടാണ് അവതരിപ്പിക്കുന്നത്. ഇവരിലാരെയും ഒരു പ്രത്യേക സംഭവത്തോടോ, കാലത്തോടെ തുല്യപ്പെടുത്താന്‍ സാധിക്കില്ല. വേഷവിധാനത്തിലും ഭാഷയിലും അവര്‍ പലമാതിരിക്കാര്‍. ആദിവാസികള്‍/ദളിതര്‍ എന്ന നിലയ്ക്ക് നാം മനസ്സില്‍ സൂക്ഷിക്കുന്ന രൂപങ്ങളോട് കഥാപാത്രങ്ങളെ താദാത്മ്യപ്പെടുത്താനാവില്ല. നടന്ന സംഭവങ്ങളെ സൂചിപ്പിക്കുകയും എന്നാല്‍, അതേ സമയം കഥാലോകത്തിന്റെ യുക്തിയില്‍ നിന്നു പുറത്തു കടക്കാതിരിക്കുകയും ചെയ്തുകൊണ്ട് ഒരു ദളിത് ദേശകാലം നിര്‍മ്മിക്കുകയാണ് ചിത്രം ചെയ്യുന്നത്. ഈ ദേശകാലം ഒരു രാഷ്ട്രീയ റെജിസ്റ്ററാണ്, സിനിമയോടുള്ള വാകാരിക സമീപനത്തെ തള്ളിക്കളയാനും ചരിത്ര- സാമൂഹ്യബന്ധങ്ങളുടെ വിശകലനത്തിനുള്ള മാദ്ധ്യമമായിക്കാണാനും ഇത് ചിത്രത്തെ പ്രപ്തമാക്കുന്നു. ആ അര്‍ത്ഥത്തില്‍ സിനിമയെ സംബന്ധിച്ച നമ്മുടെ വാര്‍പ്പു മാതൃകകളുപയോഗിച്ച് ഈ ചിത്രത്തെ വിലയിരുത്താനാവില്ല. പുതിയ രാഷ്ട്രീയ യാഥാര്‍ത്ഥ്യങ്ങള്‍, ചരിത്രഘട്ടങ്ങള്‍, ചര്‍ച്ചാ പരിസരങ്ങള്‍ എന്നിവ പുതിയതരം കലയെ ഉണ്ടായിരുക്കും. അതിനെ മാദ്ധ്യമപരമായും സൗന്ദര്യാത്മകമയും രാഷ്ട്രീയമായും മനസ്സിലാക്കാന്‍ പറ്റുന്ന തരത്തില്‍ അളവുകോലുകളെ മാറ്റിപ്പണിയുകയാണ് വേണ്ടത്.

ഇന്ത്യന്‍ ദേശീയതയുടെ പ്രശ്‌നങ്ങള്‍
ഇപ്പറഞ്ഞ രീതിയിലുള്ള ദളിത് കാലദേശ സൃഷ്ടിയില്‍ ബിംബങ്ങളും ചിഹ്നങ്ങളും പ്രധാനമാണ്. കാരണം അംബേദ്കറുടെയോ ബുദ്ധന്റെയോ അയ്യന്‍കാളിയുടെയോ പ്രതിമയോ ചിത്രമോ ദളിത് എന്ന വിഭാഗത്തെ ദേശീതയില്‍ ഉള്‍പ്പെടുത്താനുള്ള ആഗ്രഹമല്ല, അയിത്തോച്ചാടനത്തിന്റെയും വര്‍ഗസമത്വത്തിന്റെയും ഗാന്ധിയന്‍-കേരളീയ കമ്മ്യൂണിസ്റ്റ് ആശയങ്ങളില്‍ അലിഞ്ഞില്ലാതാക്കപ്പെടുന്ന ദളിത് അനിഭവങ്ങളുടെ വിമോചനമാണ് സാദ്ധ്യമാക്കാന്‍ വെമ്പുന്നത്.ഗാന്ധിയെയോഇ.എം.എസ്സിനെയോ പോലുള്ള, ചില സന്ദര്‍ഭങ്ങളില്‍ തികച്ചും ഗുണകരമായ, നേതൃസ്വരൂപങ്ങള്‍ തന്നെ മറ്റു ചില ജനവിഭാഗങ്ങളുടെ മോചനത്തിന് തടസ്സം നില്‍ക്കുന്നത് മാത്രമല്ല ഇവിടുത്തെ പ്രശ്‌നം. ഇവരുടെ ചിത്രങ്ങളും ഇമേജുകളും ഉപയോഗിച്ച് സാമൂഹ്യസമത്വം, അവകാശബോധം, നീതി എന്നിവ നേടിക്കഴിഞ്ഞതാണെന്നും ആ സങ്കല്പങ്ങള്‍ പൂരിതമാണെന്നുമുള്ള ധാരണവരുത്താന്‍ ഇവരുടെ പിന്മുറക്കാര്‍ ശ്രമിക്കും. ഒരു ചിഹ്നവും അതിന്റെ ചരിത്രപശ്ചാത്തലത്തിലല്ലാതെ മനസ്സിലാക്കാനാവില്ല. അതുകൊണ്ടാണ് ചിത്രത്തിന്റെ അവസാനഘട്ടം ഒരു 'വിഗ്രഹയുദ്ധദ്ധമായി മാറുന്നത്. 

ഏതു ചരിത്രസന്ദര്‍ഭത്തെയും വ്യക്തിയെയും അവരുടെ രാഷ്ട്രീയ- ചരിത്രസ്വഭാവം ഇല്ലാതാക്കി മ്യൂസിയവല്‍ക്കരിച്ചിരിക്കുന്നു എന്നുമാത്രമല്ല, ആ മ്യൂസിയം തികച്ചും ജാതി-ലിംഗ പ്രത്യയശാസ്ത്രങ്ങളിലധിഷ്ഠിതമായ തെരെഞ്ഞെടുപ്പിലൂടെയാണ് നിര്‍മ്മിച്ചിരിക്കുന്നത് എന്നു പറയണം. ഏതു സാമൂഹ്യ പ്രസ്ഥാനത്തിനും ഇത്തരം രേഖകള്‍ - പ്രസ്ഥാനത്തെ മുഖ്യധാരയാക്കി അവതരിപ്പിക്കുന്ന, മുഖ്യധാരയെ പുറത്തുനിന്നവതരിപ്പിക്കുന്ന ഇത്തരം കലാസൃഷ്ടികള്‍- ആവശ്യയമാണ്. ഉരവം കൊണ്ടുവരുന്ന ഒരു ഭാവുകത്വത്തിന്റെ ഭൂതാവേശിതമാ. വളര്‍ച്ചകള്‍ക്ക് അവ രൂപം കൊടുക്കും.(കേരള മോഡല്‍ ദളിതരെയെന്നപോലെ, കേരള ഫിലിം ഫെസ്റ്റിവല്‍ ഈ സിനിമയെയും നിഷേധിക്കുമ്പോള്‍ കലയും കലയും കാലവും തമ്മിലുള്ള സമാന്തരാവസ്ഥയാണ് വെളിവാക്കപ്പെടുന്നത്.) പ്രതിദേശീയത ഉന്നയിക്കാനാണോ ദേശീതയുടെ വാഗ്ദാനങ്ങളെ നിറവേറ്റാനുള്ള ശ്രമം മാത്രമാണോ ഈ ചിത്രത്തിലെ ദളിതര്‍ നടത്തുന്നത് എന്നു തോന്നാം. കേരളത്തിന്റെ കാര്യത്തില്‍ അധീശ സാമുദായികതകളായ നായര്‍ -മുസ്ലിം-ക്രിസ്ത്യന്‍-ഈഴവ നിര്‍മ്മിത ഉപദേശീയതയ്‌ക്കെതിരെ ഒരു ദളിത് ദേശീയത ഉയര്‍ത്തിക്കൊണ്ടു വരുന്നു എന്നതിനാല്‍ അതിനെ പ്രതിദേശീയത എന്നു വിളിക്കാവുന്നതാണ്. രാജ്യത്തിലെ വരേണ്യ ദേശീയതെയും അതിന്റ ജാതി താല്പര്യങ്ങളെയും നിശിതമായി വിമര്‍ശിക്കുമ്പോള്‍ തന്നെ ഇന്ത്യയെന്ന രാജ്യത്തിന്റെ ഭരണഘടനയെ ഉയര്‍ത്തിപ്പിടിക്കുന്നു. എന്നതുകൊണ്ട് ചിത്രത്തിലെ ദളിത് ആക്ടിവിസ്റ്റുകള്‍ ഈ രാജ്യമെന്ന മഹാവാഗ്ദാനത്തെ ജീവിതത്തിലേക്ക് പരിഭാഷപ്പെടുത്താനാണ് ശ്രമിക്കുന്നത്.

ഇന്ത്യയ്ക്കുള്ളത് ഭരണഘടനാപരമായ ദേശീയതയാണ്. അടിസ്ഥാന അവകാശങ്ങളും ഉത്തരവാദിത്തങ്ങളും നല്‍കുന്ന ആ ഒരു രേഖയല്ലാതെ മറ്റൊന്നും പഞ്ചാബിയെയും കാശ്മീരിയെയും തമിഴനെയും മറാത്തിയെയും യോജിപ്പിക്കുന്നില്ല. നമുക്ക് സാംസ്‌ക്കാരികമോ, മതപരമോ, ജാതീയമോ, ഭഷാപരമോ ആയ യാതൊരു ദേശീയതയുമില്ല. ഭരണഘടനയെ തളളിപ്പറയുന്ന, ഭരണഘടനാവിരുദ്ധമായും സ്തരീവിരുദ്ധമായും ജാതീയമായും സാമുദായിക സ്പര്‍ദ്ധയുണ്ടാക്കുന്ന വിധത്തിലും സംസാരിക്കുന്ന സിനിമകളോട് താതൊരു പ്രശ്‌നവുമില്ലാത്ത നമ്മള്‍ക്ക് ഈ സിനിമ അസഹ്യമാകുന്നുണ്ടെന്നുണ്ടെങ്കില്‍ അത് നമ്മുടെ ദേശീയതയോടുള്ള സത്യസന്ധതയില്ലായ്മകൊണ്ട് മാത്രമാണ്.

പേടിപ്പിക്കുന്ന പ്രതീകം

ദളിരെപ്പോലെ കേരളീയ ജീവിതം തള്ളിക്കളഞ്ഞ ഒരു വിഭാഗമാണ് സ്ത്രീകള്‍ (ഇന്ത്യയിലെ ഏറ്റവും സ്ത്രീ വിരുദ്ധമായ സംസ്ഥാനം എന്നു സ്ഥിതി വിവരണക്കുകളില്‍ കേരളം വരുന്നത് വെറുതെയല്ല). കേരളീയ പൊതുമണ്ഡലത്തിന്റെ സ്ത്രീ വിരുദ്ധത ഓട്ടോറിക്ഷാസ്റ്റാന്റില്‍ മാത്രമല്ല, കൈയേറ്റഭൂമിയില്‍ നിന്ന് ഒഴിഞ്ഞുപോവാന്‍ വിളിച്ചുപറയുന്ന വനിതാ കളക്ടറിലും വ്യക്തമാണ്. ബാലത്സംഗം ചെയ്യപ്പെട്ട പെണ്ണിന്റെ പ്രതികാരമോ, ആത്മനാശമോ മാത്രം കണ്ടു പരിചയമുള്ള മലയാളി പ്രേക്ഷകന് (രണ്ടായാലും സ്ത്രീയെന്നാല്‍ അവളുടെ ചാരിത്ര്യമോ പാതിവ്രത്യമോ ആണെന്ന പുരുഷാധിപത്യ വിചാരത്തെയാണെല്ലോ അത് ഉയര്‍ത്തിപ്പിടിക്കുന്നത്) ബലാംത്സംഗം ചെയ്യപ്പെട്ട ശേഷം മുടി വടിച്ചുകളഞ്ഞു തന്റെ രാഷ്ട്രീയ സമരവുമായി മുന്‍പോട്ട് പോകുന്ന മഞ്ജുശ്രീ(സരിത) പേടിപ്പിക്കുന്ന ഒരു ഇമേജാണ്. ശാരീരകമായ അവളുടെ വേദനകള്‍ മുഴുവനും ചിത്രം അവതരിപ്പിക്കുന്നുവെണ്ടെങ്കിലും തന്നെ ഒരു ശരീരമായ ചുരുക്കാനുള്ള കായികബലത്തിന്റെ ധാര്‍ഷ്ട്യത്തെ രാഷ്ട്രീമായി മനസ്സിലാക്കാനും അത് സ്വന്തം ശരീരത്തിലൂടെ നടപ്പിലാക്കാനുമുള്ള മഞ്ജുശ്രീയുടെ തീരുമാനമാണ് പ്രധാനം. ബലാത്സംഗം എന്നകുറ്റത്തിന് ആണ്‍ശക്തിയുമായുള്ള അപകടകരമായ ബന്ധത്തിലേയ്ക്ക് ഇത് പ്രേക്ഷകനെ എത്തിക്കുന്നു.

ജയന്‍ ചെറിയാന്‍ എന്ന സര്‍വജ്ഞാനിയായ ഒരു അന്തര്‍ദ്ദേശീയ ചലച്ചിത്രകാരന്‍ കേരളത്തിലെ ദളിത്- സ്ത്രീ- പ്രശ്‌നങ്ങളെല്ലാം അവതരിപ്പിച്ചു പരിഹരിച്ചു കളഞ്ഞു എന്നല്ല പറയാന്‍ ശ്രമിക്കുന്നത്. പകരം, സ്വന്തം ശരീരത്തെയും ആലോചനകളെയും ജീവിതത്തെയും പ്രത്യയ ശാസ്ത്രഭാരങ്ങളുള്ള മലയാള സിനിമയുടെ ചട്ടക്കൂടുകള്‍ക്ക് പുറത്തുനിന്ന് അവതരിപ്പിക്കാനുള്ള ഒരു വേദി ഒരുക്കുന്നു എന്നു മാത്രമാണ്. പൊതുക്കൂടന്റെയോ മറ്റ് ദളിത് ആക്ടിവിസ്റ്റുകളുടെയോ ജീവിതത്തെ അവതരപ്പിക്കാവുന്ന ഒരു കഥാതന്തു,അതിന്റെ വിവിധകോണുകളെ അനാവരണം ചെയ്യാവുന്ന ഒരു ഘടന, ആ ഘടനയെ സമ്പുഷ്ടമാക്കാവുന്ന ഒരു പ്രക്രിയ നടീനടന്മാരെ ജീവിതാഭിനയത്തിന്റെ തലത്തില്‍ പ്രതിഷ്ഠിക്കുന്നു. 

സിനിമയുടെ സാധ്യതകള്‍ക്ക് കാരണം അതിന്റെ സംഭവാഖ്യാന രീതിയാണ്. തന്റെ വിഷയവുമായി സ്വല്പം അകലത്തില്‍ അത് രചയിതാവിനെ പ്രതിഷ്ഠിക്കുന്നു. രേഖപ്പെടുത്തുന്ന ആള്‍ സംഭവങ്ങളെയോ കഥാപാത്രങ്ങളെയോ ഉള്‍ക്കൊള്ളുകയോ ഉടമാവസ്ഥാവകാശം ഏറ്റെടുക്കുകയോ ചെയ്യുന്നില്ല. കഥാപാത്രങ്ങളെയോ ഉള്‍ക്കൊള്ളുകയോ ഉടമസ്ഥാവകാശം ഏറ്റെടുക്കുകയോ ചെയ്യുന്നില്ല. കഥാപാത്രങ്ങളിലൂടെ വൈകാരിക- രാഷ്ട്രീയ സമസ്യകളെ അവതരിപ്പിക്കുക മാത്രം ചെയ്യുന്നു. ഒരു സിനിമയ്ക്ക് അതിലെ ഘടകങ്ങളുടെ വ്യത്യസ്തതകൊണ്ട് ഇത്തരം ഒരു വേദി ആവാന്‍ കഴിയും. ഇതേ സങ്കേതം നോവലില്‍ ഉപയോഗിച്ചിട്ടുളിള സാറാ ജോസഫിന്റെ 'ആതി'(2011)യും രചയിതാവിനെ കഥാപാത്രങ്ങള്‍ക്ക് വേദിയൊരുക്കുന്ന ഘടകമായി ചുരുക്കി നിര്‍വചിക്കുന്നു. ദളിതകള്‍ സംസാരിക്കപ്പെടേണ്ടവര്‍ മാത്രമല്ല, സ്വയം സംസാരിക്കേണ്ട വരുമാനമണെന്ന രാഷ്ട്രീയ ദര്‍ശനവും ഈ സിനിമ മുന്നോട്ടു വയ്ക്കുന്നു.

ഈ സിനിമയുടെ മറ്റൊരു പ്രത്യേക ആത്മീയതയെപ്പറ്റിയുള്ള ശ്രദ്ധയാണ്. 'പാപ്പിലിയോ ബുദ്ധ'യിലെ ബുദ്ധന്‍ രാഷ്ട്രീയ ബുദ്ധനാണ്.കേരളീയ ചരിത്രത്തില്‍ തികച്ചും അവഗണിക്കപ്പെട്ട ബൗദ്ധസാന്നിധ്യം ദളിതരിലൂടെ തിരിച്ചുവരികയാണ് എന്നുള്ള സന്ദേശം ഈ ചിത്രം നല്‍കുന്നുണ്ട്. ബുദ്ധ-ബ്രഹ്മണ തര്‍ക്കങ്ങളുടെ പശ്ചാത്തലം സിനിമയുടെ ശരീിീഴൃമുവ്യ യില്‍ ത്തന്നെയുണ്ട്. ഒരു സാമുദായിക മനസ്സിന്റെ രൂപീകരണത്തില്‍ ആത്മീയതയ്ക്കുള്ള സ്ഥാനത്തെയാണ് ഇത് കാണിക്കുന്നത്. 

പരിസ്ഥിതി നാശവും നാടന്‍ ജീവിത രീതികളും ദളിതര്‍ക്കും ആദിവാസികള്‍ക്കും ഏറ്റവും വലിയ പ്രശ്‌നമാവുന്നത് കേരളം അവര്‍ക്ക് നമ്മില്‍ പലരെയും പോലെ രക്ഷപ്പെടാനുള്ള ഒരു നല്ല സ്ഥലമല്ലാത്തതു കൊണ്ടാണ്. മുന്‍പ് കൃഷിഭവനില്‍ നിന്നു കൊടുത്ത രാസവളം ചെടിക്കിടാന്‍ വേണ്ടി എടുത്ത വയനാട്ടിലെ ആദിവാസിയുടെ കൈനീറിയത്രേ ''ന്റെ കൈനീറുണിണ്ടെങ്കില്‍ ഇതിട്ടാല്‍ മണ്ണിനും നീറില്ലേ'' എന്നവര്‍ ചോദിച്ചുപോലും, അങ്ങനെ ജീവിച്ചിരുന്നവര്‍ എന്നുമണ്ടായിരുന്നു കേരളത്തില്‍ എന്നാല്‍, അവരുടെ ജീവിതം നമ്മുടെ സാമൂഹ്യ- പാരിസ്‌റിതിക പരാജയങ്ങളിലേയ്ക്ക് വിരല്‍ ചൂണ്ടുന്നു. ദളിത് ബുദ്ധിജീവികള്‍ ഈ പ്രശ്‌നം ഉന്നയിച്ചിട്ടുതുടങ്ങിയിട്ട് പതിറ്റാണ്ടുകളായെങ്കിലും ഒരു സാഹിത്യവിഷയമായി ദളിത് അനുഭവങ്ങള്‍ അംഗീകരിക്കപ്പെട്ടു കഴിഞ്ഞുവെങ്കിലും ദളിത്- ആദിവാസികളുടെ രാഷ്ട്രീയ സൗന്ദര്യബോധത്തെയും ചരിത്രസങ്കല്പത്തെയും രചനാ സാങ്കേതങ്ങളെയും പുനര്‍ നിര്‍മ്മിക്കുന്നതിന്റെ സമാരംഭത്തിനാണ് സാക്ഷ്യം വഹിക്കുന്നത് അവരെ കേള്‍ക്കാന്‍, അറിയാന്‍, അവരില്‍ നിന്നു പിടിച്ചു വാങ്ങിയത് തിരിച്ചുകൊടുക്കാന്‍ കേരളം ബാദ്ധ്യസ്ഥരാണ്. കാരണം ഇത് പൂമ്പാറ്റകളുടെ കൂടി രാജ്യമാണ്. നമുക്കിഷ്ടപ്പെട്ടാലും ഇല്ലെങ്കിലും.

-------------

ഈ മാറ്റര്‍ 'പപ്പിലിയോ ബുദ്ധ' എന്ന സിനിമയിലെ കഥാപാത്രത്തെ അവതരിപ്പിക്കുന്ന കല്ലേന്‍ പൊക്കുടന്‍ എല്‍പ്പിച്ചതാണ്. എഴുതിയ ആളിന്റെ പേരും പ്രസിദ്ധീകരണമേതാണെന്നും അതില്‍ ചേര്‍ത്തിട്ടുണ്ടായിരുന്നില്ല. അത് ലഭ്യമാകുമ്പോള്‍ ചേര്‍ക്കുന്നതാണ്. എഴുത്തുകാരനോടും പ്രസിദ്ധീകരണത്തോടുമുള്ള കടപ്പാട് ഇവിടെ രേഖപ്പെടുത്തുന്നു - ബ്ലോഗര്‍