"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, മേയ് 16, ശനിയാഴ്‌ച

ബുദ്ധിസം: പെരിയാര്‍. പരിഭാഷ: കൈനകരി വിക്രമന്‍

1957 മെയ് 15 ആം തിയതി ചെന്നൈയില്‍, എഗ്മൂറിലെ മഹാബോധി സംഘത്തില്‍ ബുദ്ധന്റെ 2501 ആമത് ജന്മ വാര്‍ഷികം ആഘോഷി ക്കുന്നതിനായി ചേര്‍ന്ന സമ്മേളനത്തില്‍ പങ്കെടുത്തു കൊണ്ട് പെരിയാര്‍ ചെയ്ത പ്രഭാഷണ ത്തിലെ നിരീക്ഷണങ്ങളെ ഇങ്ങനെ സംഗ്രഹിക്കാം. 

നാം എന്തു കൊണ്ടാണ് ബുദ്ധന്റെ ജന്മദിനം ആഘോഷി ക്കുന്നത്? ബുദ്ധ ജയന്തി എന്നാല്‍ ബുദ്ധന്റെ ഒരു ചിത്രമോ വിഗ്രഹമോ വെച്ചുകൊണ്ട് കര്‍പ്പൂരവും നാളികേരവും മറ്റ് മധുര പദാര്‍ത്ഥങ്ങളും അര്‍പ്പിച്ചു കൊണ്ട് പൂജ നടത്തലല്ല. അത് പൂജയേ അല്ല. ബുദ്ധ ജയന്തി ആഘോഷി ക്കുന്നതു കൊണ്ട് നാം അര്‍ഥമാക്കുന്നത് ബുദ്ധന്റെ ജീവിതത്തിലും ഉദ്‌ബോധ നങ്ങളില്‍ നിന്നും നാം പാഠങ്ങള്‍ ഉള്‍ക്കൊ ള്ളുവാനും അവ നമ്മുടെ ജീവിതത്തില്‍ പ്രാവര്‍ത്തി കമാക്കാനും തീരുമാനിക്കുന്നു എന്നാണ്. ഞാന്‍ ഒരു നാസ്തികന്‍ എന്ന നിലക്ക് അറിയപ്പെടുന്നു. നാസ്തികന്‍ എന്നാല്‍ വേദ ശാസ്ത്ര പുരാണാദികളെ തിരസ്‌കരി ക്കുന്നവന്‍ എന്നാണ് അര്‍ത്ഥമെങ്കില്‍, ഒട്ടും സംശയം വേണ്ട, ഞാന്‍ അതു തന്നെയാണ്. ഈ നിര്‍വചനത്തില്‍ പെടുന്ന ഒരാള്‍ ബുദ്ധനെ സംബന്ധിച്ച് സംസാരിക്കുന്നത് തികച്ചും ശരിയും അനുയോ ജ്യവുമാണ്. വേദങ്ങളിലും ശാസ്ത്ര പുരാണങ്ങളിലും വിശ്വാസ മര്‍പ്പിച്ച ഒരാളാണ് ഇതു പോലെയുള്ള ഒരു അവസരത്തില്‍ പ്രസംഗിക്കാന്‍ ഒരുങ്ങുന്ന തെങ്കില്‍ അയാള്‍ ഒരു സൂത്രശാലി ആയിരിക്കണം. ഒരു കപട നാട്യക്കാരനേ അത്തരം വിശ്വാസം നിലനിര്‍ത്തി ക്കൊണ്ട് ബുദ്ധനെ കുറിച്ച് സംസാരിക്കാന്‍ കഴിയൂ. ജനങ്ങളെ വഞ്ചിക്കു ന്നതില്‍ അയാള്‍ക്ക് പ്രതേയകമായി പരിശീലനം സിന്ധിച്ചി ട്ടുണ്ടാവണം. അയാള്‍ ആരാധി ക്കുന്ന ഒരു മഹര്‍ഷി യോടോ മഹാത്മാവി നോടോ ബുദ്ധനെ തുലനപ്പെടു ത്തിക്കൊണ്ട് സംസാരി ക്കുന്നതില്‍ അയാളം സംബന്ധി ച്ചിടത്തോളം അസാധാ രണമായി ഒന്നും കാണുകയില്ല.

മഹര്‍ഷിയല്ല, മഹാത്മാവുമല്ല

ബുദ്ധന്‍ ഒരു മഹര്‍ഷിയോ, മഹാത്മാവോ അല്ല. നേരേമറിച്ച് അദ്ദേഹം പഴയകാലത്തെ മഹര്‍ഷിമാരെ യഥാര്‍ത്ഥമായും എതിര്‍ത്ത ആളാണ്. അതുകൊണ്ടാണല്ലോ അദ്ദേഹ ത്തിന്റെ ജയന്തി ആഘോഷിക്കാനായി നാം ഇവിടെ ഒത്തു കൂടിയിട്ടുള്ളത്. ബുദ്ധന്‍ ഋഷിയോ മഹോപുരുഷനോ അല്ലാതിരിക്കുന്നതു പോലെ തന്നെ മതത്തെ സംബംന്ധിച്ച് ലോകം പുലര്‍ത്തിവരുന്ന ധാരണകളനുസരിച്ച് ബുദ്ധമതം (ബുദ്ധിസം) ഒരു മതമേയല്ല. ബുദ്ധമതത്തിലെ 'മതം' ബുദ്ധന്റെ അഭിപ്രായങ്ങളും അനുശാസനങ്ങളുമാണ്. അവയാകട്ടെ, ഒന്നിനേയും ചോദ്യം ചെയ്യാതെ കണ്ണടച്ച് വിശ്വസിക്കരുതെന്നും അന്ധമായി അനുകരിക്കരുതെന്നുമാണ് നിഷ്‌കര്‍ഷിക്കുന്നത്. ലോകമതങ്ങള്‍ അങ്ങനെയല്ലല്ലോ. പലരും ബുദ്ധമതത്തെ ഒരു മതമായി തെറ്റിദ്ധരിക്കുന്നുണ്ട്. മതങ്ങളുടെ കേന്ദ്രബിന്ദുവില്‍ ഓരോ ദൈവം ഉണ്ടായിരിക്കും. മോക്ഷം, നരകം, ആത്മാവ്, പരമാത്മാവ്, പാപം, പുണ്യം തുടങ്ങിയ പദങ്ങളും ഉണ്ടാകും. മതം വലുതും ശക്തവുമാകണമെങ്കില്‍ ഒറ്റ ദൈവം പോരാതെ വരും. അപ്പോള്‍ മുപ്പത്തുമുക്കോടി ദേവതകളുണ്ടാകും. അവര്‍ക്കൊക്കെ ഭാര്യമാരും വെപ്പാട്ടിമാരും മനുഷ്യസഹജമായ മറ്റെല്ലാ ബന്ധങ്ങളും ഉണ്ടാകും. ഇന്ത്യക്കാര്‍ പരിഗണിച്ചിട്ടുള്ളത് അത്തരം മതങ്ങളെ മാത്രമാണല്ലോ...

ബുദ്ധനെക്കുറിച്ചുള്ള രാമായണ പരാമര്‍ശം.

രാമായണത്തില്‍ ബുദ്ധനെക്കുറിച്ച് മ്ലേച്ഛമായി പരാമര്‍ശിക്കുന്നു. ബുദ്ധന്റെ ഉദ്‌ബോധനങ്ങളോടുള്ള എതിര്‍വാദങ്ങള്‍ക്കായി രാമായണത്തില്‍ പലതവണ തിരുത്തിയെഴുതല്‍ നടത്തിയിട്ടുണ്ട്. അങ്ങനെയാണ് രാമായണം ഇന്നുകാണുന്ന വലിയ രൂപത്തിലായത്. ബുദ്ധനും മുമ്പ് ഉണ്ടായിരുന്ന രാമായണം തീരെ ചെറിയ ഒരു കഥയായിരുന്നു. വൈഷ്ണവരുടെ നാലായിരപ്രബന്ധം, ശൈവരുടെ തേവരം തുടങ്ങിയ കൃതികള്‍ ബുദ്ധനെ അപഹസിക്കാനും കൊച്ചാക്കാനും പാടുപെടുന്നു. ബുദ്ധന്മാരേയും ജൈനന്മാരേയും ആക്ഷേപിക്കാനായി യുക്തിവാദികള്‍, കൊലയാളികള്‍, കൊള്ളക്കാര്‍, വൈദികബലികളുടെ ശത്രുക്കള്‍ എന്നെല്ലാം വിളിക്കുന്നു. ബുദ്ധമതക്കാരുടെ ഭാര്യയെ ബലാത്സംഗം ചെയ്യാന്‍ ഞങ്ങള്‍ക്ക് ശക്തിതരണേ എന്നാണ് ശൈവഭക്തര്‍ ഭഗവാന്‍ ശിവനോട് പ്രാര്‍ത്ഥിക്കുന്നത്.

നാട് പ്രാകൃതമാക്കിയ ആര്യമതം.

കാലം ചെല്ലുന്തോറും മനുഷ്യന്‍ ആര്‍ജിച്ച അറിവിന് പുരോഗതി യുണ്ടാകും. പുരോഗതികളോട് ബന്ധപ്പെടുത്തി നമ്മുടെ ആശയങ്ങളെ ക്രമീകരിക്കേണ്ടിവരും. ബുദ്ധമതത്തിന്റെ ശരിയായ വിലയിരുത്തല്‍ അങ്ങനെയാണ്. പഴഞ്ചന്‍ ആശയഗതികളെ അവസാനവാക്കായി ഉറപ്പിക്കുന്നത്, ബുദ്ധിപരമായ പിന്നോക്കാവസ്ഥയുടെ ലക്ഷണമാണ്. അത് എല്ലാ മുന്നേറ്റങ്ങള്‍ക്കും തടയിടുന്നു.

ആര്യമതം ഇന്ത്യയെ ഒരു ആദിമ പ്രാകൃത ഭൂമിയാക്കിയ കാലത്താണ് ബുദ്ധമതം ഉയര്‍ന്നു വന്നത്. അവരുടെ സാമ്രാജ്യവികസന - കോളനി വത്കരണ മോഹങ്ങള്‍ക്ക് ഇണങ്ങുന്ന വിധത്തിലാണ് ശാസ്ത്രങ്ങളുടേയും പുരാണങ്ങളുടേയും രചയിതാക്കള്‍ തങ്ങളുടെ കൗശലബുദ്ധി പ്രയോഗിച്ചത്. ബഹുഭൂരിപക്ഷത്തിന്റെ നന്മ അവര്‍ പരിഗണിച്ചതേയില്ല. ഈ വസ്തുത സംശയരഹിതമായി തെളിയിക്കാന്‍ ശാസ്ത്രങ്ങളും പുരാണങ്ങളുംതന്നെ പരിശോധിച്ചാല്‍ മതി.

ബുദ്ധനു ശേഷമുള്ള പുരാണങ്ങള്‍

ബ്രിട്ടീഷുകാര്‍ എഴുതിയ ചരിത്രം വിശ്വസിക്കാന്‍ പാടില്ല എന്ന് പ്രഖ്യാപിച്ച ശേഷം, ഭാരതീയ വിദ്യാഭവന്‍ നിസാരമായ പുരാണങ്ങളേയും ജനാധിപത്യവിരുദ്ധമായ ശാസ്ത്രങ്ങളേയും പറ്റി തുടര്‍ന്ന് എഴുതിക്കൊണ്ടിരിക്കുന്നു. മി. മുന്‍ഷിയാണ് അതിന്റെ തലപ്പത്ത്. ഡോ. എസ് രാധാകൃഷ്ണന്‍, കോടീശ്വരനായ മി. ബിര്‍ളാ തുടങ്ങിയവര്‍ അതിലെ പ്രമുഖ അംഗങ്ങളാണ്. അവര്‍ പ്രസിദ്ധീകരിച്ച 'വേദകാലം' എന്ന ഗ്രന്ഥത്തിന്റെ രചനയില്‍ മി. മുന്‍ഷിക്ക് വലിയ പങ്കുണ്ട്. അതിന്റെ ആമുഖത്തില്‍ പോലും ഇങ്ങനെ പറഞ്ഞിരിക്കുന്നു. 'പുരാതനകാലത്തെ മനുഷ്യജീവിതം പ്രാകൃതമായിരുന്നു. പുരാണങ്ങളോ ഇതിഹാസങ്ങളോ ചരിത്രകൃതികളല്ല. അതൊന്നും ആ കാലഘട്ടത്തിലെ സംഭവങ്ങളെ രേഖപ്പെടുത്തുന്നില്ല. അതെല്ലാം തികച്ചും സാങ്കല്പിക ങ്ങളാണ്. 'വ്യാസന്‍' എന്ന വാക്കിന്റെ അര്‍ത്ഥം 'കഥാകൃത്ത്' എന്നാണ്'. പുരാണങ്ങള്‍ ആദ്യം ജനങ്ങളുടെ തലയില്‍ കയറി. പിന്നീട് അവരെ ഭരിക്കാന്‍ തുടങ്ങി. അതാണ് നമ്മുടെ കഷ്ടതകള്‍ക്ക് കാരണമായത്.

പുരാണങ്ങളില്ട 75% ല്‍ ഏറെയും എഴുതപ്പെട്ടിട്ടുള്ളത് ബുദ്ധന് ശേഷമാണ്. പുരാണങ്ങള്‍ എഴുതിയ ഋഷിമാരുടെ പ്രധാന ചുമതല ബുദ്ധന്റെ യുക്തിപൂര്‍വമായ ഉദ്‌ബോധനങ്ങളെ ഖണ്ഡിക്കുക എന്നതായിരുന്നു. അതിനാണവര്‍ അവതാരങ്ങളുടെ കഥകളെഴുതിയത്. അതില്‍ പ്രധാനമാണല്ലോ കൃഷ്ണന്റേത്. ജനങ്ങളെ ബുദ്ധ ധമ്മത്തില്‍ നിന്നും അടര്‍ത്തിമാറ്റി, ബ്രാഹ്മണമത ബോധനത്തില്‍ ആകൃഷ്ടരാക്കുക യായിരുന്നു കൃഷ്ണാവതാരകഥയുടെ ലക്ഷ്യം. ദിവ്യാത്ഭുതങ്ങളും മദിരാക്ഷിമാരും ജനങ്ങളില്‍ മനശാസ്ത്രപരമായ താത്പര്യമു ണര്‍ത്തിയിരുന്നു. കൃഷ്ണചരിതമാകെ ലൈംഗികതയും അശ്ലീലങ്ങളും നിറഞ്ഞു നില്ക്കുന്നു. ഇതെല്ലാം എഴുതിവെച്ചിട്ടാണ് അതിലേക്ക് ദിവ്യത്വം തിരുകിക്കയറ്റിയത്. അതുപെല തന്നെയാണ് ഭഗവത്ഗീത എഴുതിയു ണ്ടാക്കി പില്ക്കാലത്ത് മഹാഭാരതത്തോട് കൂട്ടിച്ചേര്‍ത്തത്.

ബുദ്ധനെ വിഷ്ണുവിന്റെ അവതാരമാക്കിയ ബ്രാഹ്മണ സൂത്രം

ഒടുവില്‍ ബ്രാഹ്മണര്‍ വഴങ്ങി. ബുദ്ധനെ അംഗീകരിച്ചു. മഹാ വിഷ്ണുവിന്റെ അവതാരമാക്കി. തള്ളാന്‍ കഴിയാതായപ്പോള്‍ കൊള്ളാന്‍ തയാറായി. മറ്റൊരു മതമായി അംഗീകരിക്കുന്നത് കുറച്ചിലാണ്. അതുകൊണ്ട് ശൈവ - വൈഷ്ണവ മതങ്ങളെ പോലെ ഹിന്ദുമതത്തിന്റെ ഒരു അവാന്തര വിഭാഗമായി ബുദ്ധമതവും അംഗീകരിക്കപ്പെട്ടു. പണ്ട് അവര്‍ ചെയ്ത കാര്യങ്ങള്‍ ശരിയോ തെറ്റോ എന്തായിരുന്നാലും. പക്ഷെ, ഇന്ത്യന്‍ മണ്ണില്‍ നിന്ന് പൂര്‍ണമായി തിരോഭവിക്കാതെ ബുദ്ധമതം നിലകൊണ്ടു. സ്വതന്ത്ര ഇന്ത്യയിലെ ഗവണ്‍മെന്റിനും ബുദ്ധനെ മറന്നു കളയുന്നത് ബുദ്ധിമുട്ടുള്ള കാര്യമായി. ബ്രാഹ്മണ ഹിന്ദുമതത്തിന്റെ ഇടം - വലം കൈകളായ വൈഷ്ണവ ശൈവ മതദര്‍ശനങ്ങളെ ഒഴിവാക്കി ക്കൊണ്ട് ബുദ്ധന്റെ പ്രബോധനങ്ങള്‍ക്ക് ഒദ്യോഗികമായ അംഗീകാരം ലഭിച്ചു.

ആയുധമേന്തിയ ദൈവങ്ങള്‍ 

ഇന്നത്തെ ഹിന്ദുക്ഷേത്രങ്ങള്‍ പലതും മുമ്പ് ബുദ്ധവിഹാരങ്ങളാ യിരുന്നുവെന്ന് പുരാവസ്തു ഗവേഷകര്‍ തെളിയിച്ചിട്ടുണ്ട്. ശ്രീരംഗം, കാഞ്ചീപുരം, പളനി, തിരുപ്പതി തുടങ്ങിയ ക്ഷേത്രങ്ങള്‍ പണ്ട് യഥാര്‍ത്ഥത്തില്‍ ബുദ്ധ വിഹാരങ്ങളായിരുന്നു എന്ന് ഉറപ്പുള്ളതാണ്. ഒരിക്കല്‍ കാരുണ്യത്തിന്റേയും സ്‌നേഹത്തിന്റേയും സഹാനുഭൂതി യുടേയും പ്രതീകമായ, കമനീയമായ ബുദ്ധ വിഗ്രഹങ്ങളുടെ സങ്കേതമായിരുന്ന ക്ഷേത്രങ്ങള്‍, മാരകായുധങ്ങള്‍ ധരിച്ച പടയാളി ദൈവങ്ങളുടെ കൂടാരമായി പരിണമിച്ചു. മാരകമായ ആയുധങ്ങളേന്തി ക്കൊണ്ടല്ലാതെയുള്ള ഹിന്ദു ദൈവങ്ങള്‍ വിരളമാണ്. കുറഞ്ഞത് ഒരു കൊലപാതകമെങ്കിലും ഓരോ ദൈവത്തിന്റേയും ബഹുമതിയാണ്. ശൈവരും വൈഷ്ണവരും ദൈവം സ്‌നേഹമാണെന്നു പറയുമ്പോള്‍ അവര്‍ക്ക് ആയിരം നാവാണ്. ഇതെല്ലാം വെറും കാപട്യമാണ്. ഈ മേനിപറച്ചിലിന്റെ പൂച്ച് പുറത്താക്കാന്‍, അവരുടെ ദൈവങ്ങളുടെ കൊലയാളി വേഷം നോക്കിയാല്‍ മതി. സ്‌നേഹവും അക്രമവും തമ്മില്‍ എങ്ങനെയാണ് ബന്ധപ്പെടുത്താന്‍ കഴിയുന്നത്? പോരാളികളായ ദൈവങ്ങളെ പൂജിച്ചിട്ടും, ഏറ്റവും ഭീരുക്കളുടേതായ ഒരു രാജ്യമാണ് ഹിന്ദുക്കളുടേത്.
---------------------------------------------------------------
കടപ്പാട്: മൈത്രി ബുക്‌സ് തിരുവനന്തപുരം 2003 ല്‍ പ്രസിദ്ധീകരിച്ച പെരിയാര്‍ ഇവി രാമസ്വാമിയുടെ 'ബുദ്ധിസം' എന്ന പുസ്തകത്തില്‍ നിന്നുള്ള പ്രസക്തഭാഗമാണ് ഇത്. പരിഭാഷ: കൈനകരി വിക്രമന്‍. വില: 25 രൂപ.