"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, മേയ് 27, ബുധനാഴ്‌ച

സ്വാതന്ത്ര്യം സെന്‍സര്‍ ചെയ്യുമ്പോള്‍

കൃത്രിമത്വങ്ങളോ മറച്ചുവെക്കലുകളോ ഇല്ലാത്ത തികച്ചും യഥാര്‍തമായ ചിത്രീകരണ-ആവിഷ്‌കാര രീതികളാണ് 'പപ്പിലിയോ ബുദ്ധ' എന്ന തന്റെ ആദ്യ ഫീച്ചര്‍ സിനിമ യില്‍ ജയന്‍ ചെറിയാന്‍ പിന്‍തുടരുന്നത്. മലബാറില്‍ കാണപ്പെടുന്നതും വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്നതുമായ ഒരു ചിത്രശലഭത്തിന്റെ പേരാണ് പപ്പിലിയോ ബുദ്ധ. വംശനാശം, ചിത്രശലഭം, ബുദ്ധ എന്നിങ്ങനെ ഈ ശീര്‍ഷകത്തിന്റെ പ്രത്യക്ഷ വ്യാഖ്യാനങ്ങളിലും മുഴക്കങ്ങളിലും തന്നെ ചലചിത്രകാരന്റെ ഉദ്ദേശ്യങ്ങള്‍ വ്യക്തമാണ്. ആദിമനിവാസികളും ദലിതരുമടക്കമുള്ള മനുഷ്യര്‍ക്കും ജന്തുജാലങ്ങള്‍ക്കും സസ്യപ്രകൃതിക്കും വംശനാശം സംഭവിച്ചാലും തരക്കേടില്ല; തങ്ങള്‍ നിശ്ചയിച്ചിട്ടുള്ള അജണ്ട പ്രകാരം ലാഭം കുന്നുകൂട്ടുന്നതിന് പ്രകൃതിയെ കീറിമുറിച്ചും തല്ലിയൊതു ക്കിയും മനുഷ്യരെ കൊന്നൊടുക്കിയും കുഴിമാന്തിയും കുന്നിടിച്ചും കുളവും പാടവും നികത്തിയും പുഴ ഊറ്റിയെടുത്തും രാഷ്രത്തെ വിറ്റുതുലക്കുന്ന മതലാളിത്ത വികസന രീതികള്‍ നിര്‍ബാധം പിന്‍തുടരുക തന്നെ ചെയ്യുമെന്ന അധികാര ബലതന്ത്രമാണ് ഇന്നത്തെ ഭൂമിയും ലോകവും നേരിടുന്ന ഏറ്റവും വലിയ ഭീക്ഷണി. ആ ഭീക്ഷണിയെയാണ് 'പപ്പിലിയോ ബുദ്ധ' അഭിമുഖീകരിക്കുന്നത്. ചിത്രശലഭം എന്നത് മനോഹാരിതയുടെയും ജൈവപ്രകൃതിയുടെയും ആദിമമായ ലക്ഷണമെന്ന നിലക്കാണ് പ്രതിനിധാ നപ്പെടുന്നത്. ബുദ്ധനാകട്ടെ, നൂറ്റാണ്ടുകളുടെ അടിച്ചമര്‍ത്തലില്‍ നിന്നും അടിമത്തിത്തില്‍ നിന്നുമുള്ള വിമോചനത്തിനായി അംബേദ്കര്‍ തെരഞ്ഞെടുത്ത വഴിയും ശരണവുമാണ്.

കൊളോണിയന്‍ വാഴ്ചയില്‍ നിന്ന് സ്വാതന്ത്ര്യം ലഭിച്ചിട്ട് പല പതിറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും ഇന്ത്യയിലെ ദലിതരും ആദിവാസികളും കിരാതമായ അടിച്ചമര്‍ത്തലുകള്‍ നേരിട്ടു കൊണ്ടേയിരിക്കുകയാണ്. തങ്ങളുടെ പരാതികള്‍ കേര്‍ക്കാനോ പരിഹരി ക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ക്കായി നേതൃത്വം നല്‍കാനോ രാഷ്രീയ പ്രസ്ഥാനങ്ങള്‍ വേണ്ടരീതിയില്‍ മുന്നോട്ടു വരുന്നില്ലെന്നും അവര്‍ക്ക് ബോധ്യമാവുന്നു. ഈ നിരാശയില്‍നിന്നും ദിശാബോധ രാഹിത്യത്തില്‍ നിന്നുമാണ് തീവ്രവാദമടക്കമുള്ള പുതിയ ലക്ഷ്യങ്ങളിലേക്ക് ആദിവാസികളും ദലിതരും വഴിമാറുന്നത്. അംബേദ്കറും അയ്യങ്കാളിയും അടക്കമുള്ളവര്‍ കാണിച്ചുകൊടുത്ത പൂര്‍വമതൃകകളാണ് അവരുടെ ആവേശമാവുന്നത്. ഭൂമിക്കും തൊഴിലിനും തുല്യാവകാശങ്ങള്‍ക്കും സര്‍വോപരി സമൂഹമധ്യത്തില്‍ അഭിമാനകരമായ പൊതുസ്ഥാനത്തിനും വേണ്ടി പടപൊരുതാനാ നാരംഭിക്കുമ്പോള്‍, എന്തെങ്കിലും ചില്ലറ നിയമ അപഭ്രംശങ്ങള്‍ സംഭവിച്ചാല്‍ ഉടനെ അതാ ദലിത് തീവ്രവാദം എന്ന് ആരോപിച്ച് ചാടിവീഴുകയും അടിച്ചമര്‍ത്തല്‍ രൂക്ഷമാക്കുകയാണ് മുഖ്യധാര മാധ്യമങ്ങളുടെ സഹായത്തോടെ മര്‍ദക ഭരണകൂടം ചെയ്യുന്നത്.

തോട്ടിലും പുഴയിലും തടാകങ്ങളിലും കണ്ടല്‍ച്ചെടികള്‍ നടുകയും 
അവയെ വളര്‍ച്ച യിലേക്ക് പിടിച്ചുയര്‍ത്തുകയും ചെയ്യുന്ന കല്ലേന്‍ പൊക്കുടനാണ് 'പപ്പിലിയോ ബുദ്ധ' യിലെ ഒരു പ്രധാന വേഷമവതരി പ്പിക്കുന്നത്. കരിയേട്ടന്‍ എന്നാണ് ഈ കഥാപാത്രത്തിന്റെ പേര്‍ ഒരു നീര്‍ത്തടത്തില്‍ കണ്ടല്‍ച്ചെടികള്‍ നട്ടുകൊണ്ടാണദ്ദേഹത്തെ നാം ആദ്യം കാണുന്നത് അപ്പോഴവിടെയെത്തുന്ന സായിപ്പും അദ്ദേഹത്തിന്റെ സഹായിയായി പ്രവര്‍ത്തിക്കുന്ന കരിയന്റെ മകന്‍ ശങ്കരനും ചേര്‍ന്ന് കുശലം അന്വേഷിച്ചതിനുശേഷം കാട്ടിലേയും നാട്ടിലേയും നടവഴികളിലൂടെ ഒന്നിച്ച് നടന്നുനീങ്ങുന്നു. അവരാദ്യം കാണുന്ന കാഴ്ച ആദിവാസിക ളില്‍പെട്ട ഏതോ ഒരാളെ പോലീസ് പിടിച്ചു കൊണ്ടുപോകുന്നതാണ്. ആരെയാണിന്ന് പിടികൂടിയിരിക്കുന്ന തെന്നറിയില്ല എന്ന് വേദനയോടെ അവര്‍ പറയുകയും ചെയ്യുന്നു. പിന്നീട് അവര്‍ നടന്നു നീങ്ങുന്ന ഭൂഭാഗം മണ്ണിടിച്ചും പാറയിടിച്ചും ഭൂതലത്തിന്റെ മാറുപിളര്‍ന്ന ഒരു പ്രതലത്തി ലൂടെയാണ്. പരിസ്ഥിതി- ദലിത് അവബോധങ്ങള്‍ ഒന്നായി വിലയിക്കുന്ന ഈ വിമോചനത്വര തന്നെയാണ് 'പപ്പിലിയോ ബുദ്ധ'യുടെ ആത്മാവ്.

മുത്തങ്ങയിലും ചെങ്ങറയിലും വയനാട്ടിലെയും കേരളത്തിലെ മറ്റു ജില്ലകളിലെ നിരവധി കേന്ദ്രങ്ങളിലും ആദിവാസികള്‍ ഭൂമിക്കു വേണ്ടിയുള്ള നിരന്തര സമരത്തിലേര്‍പ്പെട്ടു പോരുന്നു. മിക്ക സമരങ്ങളും പോലീസ് അടിച്ചമര്‍ത്തലുക ളിലൂടെയും ചര്‍ച്ചാ പ്രഹസനങ്ങളിലൂടെയും പരാജയപ്പെട്ടു കഴിഞ്ഞു. മുഖ്യധാരയിലുള്ള രാഷ്ട്രീയ കക്ഷികളും മാധ്യമങ്ങളും സവര്‍ണ- വരേണ്യരായ പ്രകൃതി മൗലികവാദികളും ഈ സമരങ്ങള്‍ക്കെതിരാണ്.മുത്തങ്ങയില്‍ വെടിവെപ്പ് നടന്നതിനെ തുടര്‍ന്ന് ഒളിവില്‍ പോയ സി.കെ. ജാനുവിനെ നാട്ടുകാര്‍ മര്‍ദിച്ചു എന്നായിരുന്നു പത്രങ്ങളിലെ തലക്കെട്ട്. ആ മര്‍ദ്ദനത്തേക്കാള്‍ ക്രൂരമായിരുന്നു 'നാട്ടുകാര്‍' എന്ന പ്രയോഗം. അപ്പോള്‍, സി.കെ.ജാനുവും അവര്‍ നേതൃത്വം കൊടുത്ത സമരക്കാരായ ആദിവാസികളും നാട്ടുകാരല്ലേ? അവര്‍ കാട്ടുകാരോ വരത്തരോ വിദേശികളോ എന്താണ്? പൊതുബോധം ഈ ചോദ്യങ്ങളൊ ന്നും നേരിട്ടതേ ഇല്ല.'പപ്പിലിയോ ബുദ്ധ' യില്‍ ആദിവാസികളുടെ ഭൂസമരത്തിന്റെ നേര്‍കാഴ്ചകള്‍ കാണാം. മേപ്പാറയില്‍ നടക്കുന്നതായി കാണിക്കുന്ന ആ സമരത്തിന് നേതൃത്വം കൊടുക്കുന്ന കരിയന്‍, ആയുധമെടുത്ത് പോരാടാനുള്ള തീവ്രവാദാഹ്വാനങ്ങളെ തുടക്കത്തില്‍ തന്നെ ചെറുക്കുന്നുണ്ട്. ഡോ.അംബേദ്കര്‍ എഴുതിയ ഭരണഘടന നമ്മെ തുണക്കും എന്നും അതിനാല്‍ സമാധാനമാര്‍ഗ്ഗത്തിലൂടെയായിരിക്കണം തങ്ങളുടെ സമരം എന്നും അദ്ദേഹം ചരിത്രപരമായ തിരിച്ചറിവോടെ മാര്‍ഗനിര്‍ദേശം നല്‍കുന്നു. അദ്ദേഹത്തിന്റെ മകനായ ശങ്കരനാകട്ടെ ഉയര്‍ന്ന വിദ്യാഭ്യാസം സിദ്ധിച്ച യുവാവാണ്. അയാള്‍, സായിപ്പ് അമേരിക്കയ്ക്ക് കൊണ്ടുപോകുമെന്ന പ്രതീക്ഷയോടെ സായിപ്പിന് പിറകെ നടക്കുകയാണ്. ഭൂസമരത്തിലൊന്നും തുടക്കത്തില്‍ അയാള്‍ താല്‍പര്യം കാണിക്കുന്നില്ല. ഇതിന്റെ പേരില്‍ അച്ഛനും മകനും തമ്മില്‍ വഴക്കു കൂടുന്നുണ്ട്. മാത്രമല്ല, സമരക്യാമ്പിനകത്തെ താല്‍ക്കാലിക വിദ്യാലയം, ക്ലാസ് പ്രോജക്ട് എന്ന പേരില്‍ ഷൂട്ട് ചെയ്യുന്ന ചെറുപ്പക്കാരിയും അധ്യാപികയും തമ്മിലുള്ള പോരില്‍, സമരക്കാരിയായ അധ്യാപിക ക്കെതിരെ രോഷത്തോടെ പെരുമാറുന്ന ഔട്ട്‌സൈഡര്‍/ ഇന്‍സൈഡര്‍ പ്രത്യക്ഷമാണ് തുടക്കത്തില്‍ ശങ്കരനുള്ളത്. സൊസൈറ്റി ഫോര്‍ എജുക്കേഷന്‍ ആന്‍ഡ് എംപര്‍മെന്റ് ഫോര്‍ ദ മാര്‍ജിനലൈസ്ഡ് എന്ന പേരില്‍ ആദിവാസിമേഖലകളിലെ വിദേശ ഫണ്ടിങ് ഏജന്‍സികളുടെ പ്രവര്‍ത്തനത്തേയും 'പപ്പീലിയോ ബുദ്ധ' തുറന്നു കാണിക്കുന്നുണ്ട്. ഈ എന്‍.ജി.ഒ പ്രവര്‍ത്തകര്‍ നടത്തുന്ന മദ്യപാനാഘോഷത്തിനിടെ ഭൂരിഭാഗം പേരും അവരുടെ മേല്‍ജാതിയില്‍ അഭിമാനംകൊള്ളുകയും ശങ്കരനെ അയാളുടെ ജാതിപ്പേര്‍ പറഞ്ഞ് ആക്ഷേപിക്കുകയും ചെയ്യുന്നു. ഈ ആക്ഷേപം അവനേയും തിരിച്ചറിവിലേക്ക് നയിക്കുന്നു. മഞ്ജുശ്രീയുടെ വീട്ടിലെത്തി കാഞ്ച ഇളയ്യയുടെ 'ഞാനെന്തുകൊണ്ട് ഒരു ഹിന്ദുവല്ല' എന്ന പുസ്തകമെടുത്ത് വായിക്കാനാരംഭിക്കുന്ന അയാള്‍ സായിപ്പിനോടും വിട പറയുന്നു. 

പയ്യന്നൂരിനടുത്ത് ചിത്രലേഖ എന്ന ദലിത് ഓട്ടോറിക്ഷാ ഡ്രൈവര്‍ക്കെ തിരായി മററ് ആണ്‍ ഡ്രൈവര്‍മാര്‍ നടത്തിയ ഹീനമായ ആക്രമണത്തെ ഓര്‍മ്മിപ്പിക്കുന്ന രീതിയിലുള്ള സംഭവവും 'പപ്പീലിയോ ബുദ്ധ' യില്‍ ചേര്‍ത്തിട്ടുണ്ട്. മഞ്ജുശ്രീ(സരിത) എന്ന ഈ കഥാപാത്രത്തെ മറ്റ് ഡ്രൈവര്‍മാര്‍ ചേര്‍ന്ന് കൂട്ട ബലാത്സംഗം ചെയ്യുന്നതിന്റെ വിശദീകരണം, എത്ര അപമാനകരമായ സാമുദായിക സന്തുലനാവസ്ഥയിലൂടെയും അതിനുമേല്‍ കെട്ടിയേല്‍പ്പിക്കപ്പെട്ട നിശ്ശബ്ദതയിലൂടെയുമാണ് കേരള സമൂഹം കടന്നു പോകുന്നതെന്നതിന്റെ ദൃഷ്ടാന്തമാണ്. പെണ്‍മുലകളെ വെറും ലൈംഗിക അവയവമായി നിരന്തരം അവതരിപ്പിക്കുന്ന സിനിമകളിലേയും പരസ്യങ്ങളിലേയും പ്രതിനിധാനവത്ക്ക രണത്തെ ധീരമായും രാഷ്ട്രീയമായും നേരിടുന്ന ചിത്രത്തിലെ ദൃശ്യം എടുത്തു പറയേണ്ടതാണ്. നിന്റെ മുല കണ്ടാ ആര്‍ക്കാടീ പൊറുതി കിട്ടുക എന്ന ശങ്കരന്റെ (എസ്.പി.ശ്രീകുമാര്‍) പരിഹാസത്തിനു മുന്നിലേക്ക് മാറിടം പ്രദര്‍ശിപ്പിച്ചുകൊണ്ടവള്‍ അലറുന്നു: ഇതൊക്കെ എന്റെ വേദനകള്‍ കല്ലിച്ചതാടാ, അത് നിനക്ക് കുടിച്ചു തീര്‍ക്കാനാവുമോ? കുടിക്കെടാ. ജാതിധീശത്വവും ആണധികാരവും സംയോജിക്കുന്ന മുഖ്യധാരയാണ് കേരളം എന്ന ദൈവത്തിന്റെ സ്വന്തം നാടെന്നത് ഉച്ചത്തില്‍ വിളിച്ചു പറയുകയാണ് 'പപ്പീലിയോ ബുദ്ധ.'

പോലീസ് നിരപരാധികളേയും സമരക്കാരെയും അതിക്രൂരമായും നിഷ്ഠൂരമായും പീഢിപ്പിച്ച് കേസുകള്‍ തങ്ങളുടെ നിര്‍മിത ഭാഷ്യങ്ങള്‍ക്ക നുസരിച്ച് വളച്ചൊടിക്കുന്നതിന്റെ വിശദാംശങ്ങളും സിനിമയിലുണ്ട്. ദലിത് തീവ്രവാദവും മാവോയിസവും എല്ലാം ഇത്തരം നിര്‍മാണ കല്‍പനകളില്‍ നിരന്തരമായി വിലസുന്ന വിളിപ്പേരുകളായി മുഴങ്ങുന്നു. ഞങ്ങളാരുടെയും ഹരിജനങ്ങല്ല; ഞങ്ങളീ ഭൂമിയുടെ അവകാശികളായ ആദിമഗ്രോതജനതയാണ്. ഇന്ത്യന്‍ സവര്‍ണ രാഷ്ട്രീയ നേതാക്കള്‍, ഗാന്ധിയടക്കമുള്ളവര്‍ ദലിതരെ വഞ്ചിക്കുകയായിരുന്നു. മര്‍ദകരുടെ മതമായ ഹിന്ദുമതവും സനാതന ധര്‍മവും ഗാന്ധി ദലിതര്‍ക്കെതിരെ ഉപയോഗിച്ച മൂര്‍ച്ചയേറിയ ആയുധങ്ങളായിരുന്നു എന്ന് നാം തിരിച്ചറി യണം. ഞങ്ങളിതാ ഹിന്ദുമതം ഉപേക്ഷിക്കുന്നതായി പ്രഖ്യാപിക്കുന്നു എന്ന് പ്രതിജ്ഞയെടുത്തു കൊണ്ട് അംബേദ്ക്കറുടെ മാതൃക സ്വീകരിച്ചു കൊണ്ട് ദലിത് സമരഭടന്മാര്‍ ബുദ്ധമതം സ്വീകരിക്കുന്ന രംഗം അതീവം വികാരതീവ്രവും ചരിത്രപരവുമായിട്ടുണ്ട്. ഇതിനെതുടര്‍ന്നാണ് അഭിനവ ഗാന്ധിയനായ രാംദാസിന്റെ (തമ്പി ആന്റണി) സത്യാഗ്രഹശ്രമത്തെ സമരഭടന്മാര്‍ എതിര്‍ക്കുന്നതും ഗാന്ധിയുടെ കോലത്തില്‍ ചെരിപ്പുമാല യണിയിക്കുന്നതും കത്തിക്കുന്നതും. ഈ സമരത്തെ പോലീസ് ജില്ലാ കലക്ടറുടെ നിര്‍ദ്ദേശപ്രകാരം തല്ലിയൊതുക്കുകയും സമരഭൂമി കൈയ്യേറി ഒഴിപ്പിക്കുകയും ചെയ്യുന്നു. സത്യത്തില്‍ സമരക്കാരെ ഒഴിപ്പിക്കുന്നതിനുള്ള മര്‍ദനതന്ത്രമായിട്ടാണ് ഗാന്ധിയനായ രാംദാസ് പ്രവര്‍ത്തിക്കുന്നതെന്ന് വ്യക്തമാണ്. 

ഗാന്ധിയെ അവഹേളിച്ചു എന്നതിന്റെ പേരില്‍ 'പപ്പീലിയോ ബുദ്ധ' ക്ക് പ്രദര്‍ശനാനുമതി നിഷേധിച്ചിരിക്കുകയാണ് സെന്‍സര്‍ ബോര്‍ഡ്. കേരള ത്തിന്റെ അന്താരാഷ്ട്ര ചലചിത്രമേളയില്‍ (ഐ.എഫ്.എഫ്.കെ) നിന്ന് ചിത്രം ഒഴിവാക്കുകയും ചെയ്തിരിക്കുന്നു. ചിത്രത്തിലെ പ്രതിനിധാന ങ്ങളും പ്രത്യക്ഷങ്ങളും കേരളീയ പൊതുബോധത്തിന്റെ സന്തുലനത്തെ തകര്‍ത്തിരിക്കുന്നു എന്നതു തന്നെ 'പപ്പീലിയോ ബുദ്ധ'ഉദ്ദേശിച്ച വിധത്തില്‍ തന്നെ അതിന്റെ ആശയ വിനിമയം നടത്തി എന്നതിന്റെ തെളിവായി കണക്കാക്കണം. ദലിതര്‍ ഗാന്ധിയേയും ഗാന്ധിയുടെ ഹരിജന്‍ എന്ന വിളിപ്പേരടക്കമുള്ള ഗാന്ധിയന്‍ ആദര്‍ശങ്ങളേയും തുറന്നെതിര്‍ക്കുന്ന തായി വിശദീകരിക്കുന്ന സിനിമ, മുഖ്യ കഥാപാത്രമായ കരിയന്‍ തന്റെ ആരാധനാപാത്രമായിരുന്ന ഇ.എം.എസിന്റെ പടം മാറ്റി അവിടെ ബുദ്ധന്റെ ചിത്രം പ്രതിഷ്ഠിക്കുന്ന ദൃശ്യവും ചിത്രീകരിക്കുന്നുണ്ട്. അയ്യങ്കാളിയും അംബേദ്കറുമാണ് മറ്റ് രണ്ടു ആരാധനാ പുരുഷന്മാര്‍. ഇ.എം.എസിന്റെ 'ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ചരിത്രം' എന്ന പുസ്തകം യൂത്ത് കോണ്‍ഗ്രസുകാര്‍ ചുട്ടുകരിച്ചതിനെ പരാമര്‍ശിച്ചു കൊണ്ട് ഇ.എം.എസ് എഴുതുന്നതിപ്രകാരമാണ്. മഹാത്മാ ഗാന്ധിയുടെ വ്യക്തിത്വ ത്തിലെ ക്രിയാത്മക വശത്തോടൊപ്പം നിഷേധാത്മക വശവും ചൂണ്ടിക്കാ ണിച്ച എന്നെ കുരിശിലേറ്റാന്‍ യൂത്തും അല്ലാത്തതുമായ കോണ്‍ഗ്രസുകാര്‍ തയാറായി. (ഇ.എം.എസിന്റെ ഡയറി, ദേശാഭിമാനി വാരിക, 1994 നവംബര്‍ 20-26 ലക്കം 23) അദ്ദേഹം തന്റെ പംക്തി അവസാനിപ്പിച്ചത് ഇപ്രകാരമായിരുന്നു. ഈ ലേഖകനടക്കം എല്ലാ രാഷ്ട്രീയ നേതാക്കള്‍ക്കു മെതിരെ പ്രസംഗിക്കാനും ലേഖനമെഴുതാനുമെന്നതുപോലെ നാടകം പോലുള്ള കലാമാധ്യമങ്ങളില്‍ കൂടി വിമര്‍ശനം ഉന്നയിക്കാനും ജനങ്ങള്‍ക്കവകാശമുണ്ടെന്നതാണ് സത്യം.

ദലിതരെ ഹരിജന്‍ എന്ന് പേരിട്ട് വിളിച്ച ഗാന്ധിജിയുടെ നടപടിയെ അതിരൂക്ഷമായിട്ടാണ് അംബേദ്ക്കര്‍ വിമര്‍ശിച്ചത്. 24.9.1932 ലെ പൂണെ ഉടമ്പടിക്കു ശേഷം 30.9.1932 ന് ഗാന്ധി ഓള്‍ ഇന്ത്യ ആന്റി അണ്‍ ടച്ചബിലിററി ലീഗ് (അഖിലേന്ത്യാ അയിത്ത വിരുദ്ധ ലീഗ്) ആരംഭിച്ചു. ഇതിന്റെ പേര്‍ പിന്നീട് സര്‍വന്റ്‌സ് ഓഫ് ദി അണ്‍ടച്ചബിള്‍സ് സൊസൈറ്റി( തൊട്ടുകൂടാത്തവരുടെ സമൂഹത്തിന്റെ സേവകര്‍) എന്നും പിന്നീട് ഹരിജന്‍ സേവക് സംഘ് എന്നും മാറ്റുകയുണ്ടായി. തുടര്‍ന്ന് ഹരിജന്‍ എന്ന പേരില്‍ ഒരു വാരിക 11.02.1933 ന് ഗാന്ധി ആരംഭിച്ചു. അതായത്, 1932 മുതല്‍ തൊട്ടുകൂടാത്തവരെ ഗാന്ധി ഹരിജന്‍ എന്നു വിളിക്കാനാരംഭിച്ചു. 18.01.1938 ന് ബോംബെ ലജിസ്‌ലേറ്റീവ് അസംബ്ലി യില്‍ പട്ടികജാതിക്കാരെ ഹരിജന്‍ അഥവാ ദൈവത്തിന്റെ മക്കള്‍ എന്നു വിളിക്കുന്ന ഒരു ബില്‍അവതരിപ്പിക്കപ്പെടുകയുണ്ടായി. അംബേദ്ക്കറുടെ അടുത്ത അനുയായിയായിരുന്ന ഭാവ്‌റാവ് ഗെയ്ക്‌വാദ് ഒരു ഭേദഗതി നിര്‍ദ്ദേശിക്കുകയും ഹരിജന്‍ എന്ന വാക്കിന് ഏതെങ്കിലും തരത്തില്‍ ഔദ്യോഗിക അംഗീകാരം കൊടുക്കരുതെന്ന് ആവശ്യപ്പെടുകയുമുണ്ടായി. അയിത്തക്കാര്‍ ദൈവത്തിന്റെ മക്കളാണെങ്കില്‍, ഉയര്‍ന്ന ജാതിക്കാര്‍ പിശാചിന്റെ മക്കളാണോ എന്ന് അദ്ദേഹം പരിഹസിച്ചു കൊണ്ട് ചോദിച്ചു.സഭാധ്യക്ഷനായ ഖേര്‍, വാദകോലാഹലങ്ങള്‍ തണുപ്പിക്കാന്‍ വേണ്ടി പറഞ്ഞത്, ഹരിജന്‍ എന്ന വിളിപ്പേര്‍ മര്യാദ ദ്യോതിപ്പിക്കാന്‍ വേണ്ടി ഉദ്ദേശിച്ചിട്ടുള്ളതാണെന്നും, ഗുജറാത്തി കവയിത്രി നര്‍സി മേത്തയാണീ പദം ആദ്യം രൂപപ്പെടുത്തിയതെന്നുമാണ്. ബ്രാഹ്മണജാതി ക്കാരിയായ നര്‍സി മേത്തയുടെ നാട്ടില്‍ ദേവദാസി സ്ത്രീകള്‍ക്ക് ധാരാളം കുട്ടികള്‍ പിറക്കുകയുണ്ടായി. ബ്രാഹ്മണരായ പുരോഹിതരാണ് ഇവരെ ഉല്‍പാദിപ്പിക്കാനാവശ്യമായ വിധത്തില്‍ ദേവദാസി സ്ത്രീകളുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടത്. എന്നാലീ കുട്ടികളുടെ തന്തമാരായി ബ്രാഹ്മണരെ കണക്കുകൂട്ടാനാവുമായിരുന്നില്ല. ഹിന്ദുപാരമ്പര്യം അന്ന് രൂപവത്ക്കരിക്കപ്പെട്ടത് ആ വിധത്തിലായിരുന്നു. അതുകൊണ്ട് കവയിത്രി അവരെ ഹരിജന്‍ എന്നു വിളിച്ചു(ഓമനത്തവും രക്ഷാകര്‍തൃത്വ മനോഭാവവുമാണ് ആ കാവ്യപദത്തെ നിര്‍ണയിച്ചതെന്നു കാണാം.) ഗാന്ധി ഈ വാക്ക് കടമെടുക്കുകയും ദലിതരെ അഭിസംബോധന ചെയ്യുന്നതിന് ഉപയോഗിക്കുകയും ചെയ്തു. നര്‍സിമേത്ത, ദേവദാസി കള്‍ക്ക് പിറന്നതും തന്തയാരെന്നത് നിശ്ചയമില്ലാത്തവരും എന്നാല്‍ ബ്രാഹ്മണര്‍ ഉല്‍പാദിപ്പിച്ചവരുമായ കുട്ടികളെയാണ് ഹരിജന്‍ എന്ന് വിളിച്ചതെങ്കില്‍, ഗാന്ധി മുഴുവന്‍ ദലിതര്‍ക്കുമായി ആ പദം വ്യാപിപ്പി ച്ചു. ഗാന്ധിക്ക് അക്കാലത്ത് ഇന്ത്യക്കകത്തും പുറത്തുമു ണ്ടായിരുന്ന ജനപ്രീതിയും അംഗീകാരവും കൂടി കണക്കിലെടുക്കുമ്പോള്‍ ആ പദത്തിന് ലഭിച്ച സ്വീകാര്യത മനസ്സിലാക്കാവുന്നതേയുള്ളൂ. അതായത്, അച്ഛനും അച്ഛച്ഛനും പിതാമഹന്മാരും മഹാപിതാമഹന്മാരും അങ്ങനെ അങ്ങനെ എല്ലാവരും ഉള്ള ബ്രാഹ്മണരെയും ജാതിഹിന്ദുക്കളേയും വിളിക്കാന്‍ ഹരിജന്‍ എന്ന പദം ഗാന്ധി ഉപയോഗിച്ചില്ല എന്നതാണ് അംബേദ്ക റിസ്റ്റുകളുടെ വിമര്‍ശം. മാത്രമോ, അദ്ദേഹത്തിന്റെ സ്വന്തം ഹിന്ദു ജനസംഖ്യയുടെ മൂന്നിലൊന്നു വരുന്ന ദലിത് സമൂഹത്തെ ആകെ ആ പദം കൊണ്ടടയാളപ്പെടുത്തി അദ്ദേഹം അധിക്ഷേപിക്കുകയും ചെയ്തു. പതിനേഴു കോടി ദലിത് മക്കളുടേയും അമ്മമാര്‍ ഇതിനാല്‍ അപമാനിക്ക പ്പെട്ടിരിക്കുന്നു. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രീയ ത്തിലെ പതിനേഴ് കോടി ദലിതരുടേയും അപമാനം ആരു താങ്ങും? ഇതു മനസ്സിലാക്കിയാണ്, ഹരിജന്‍ എന്ന പദം ദലിതരെ വിളിക്കാനായി ഉപയോഗിക്കരുതെന്ന് സ്വതന്ത്ര ഇന്ത്യയിലെ പാര്‍ലമെന്റും കോടതിയും സുവ്യക്തമായി ആജ്ഞ പുറപ്പെടുവിച്ചത്. ഹരിജന്‍ എന്ന പദപ്രയോഗം ഇപ്പോഴും ഇന്ത്യയില്‍ വ്യാപകമായി ഉപയോഗിക്കുന്നുവെന്നത് അത്യന്തം അപമാനകരമാണെന്ന് പാര്‍ലമെന്ററി കമ്മിറ്റി ലോക്‌സഭയില്‍ വെച്ച റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുകയുണ്ടായി.(2010 ആഗസ്ത് പത്തിന്റെ പി.ടി.ഐ ഏജന്‍സി വാര്‍ത്ത). സാമൂഹിക നീതിക്കും ശാക്തീകരണ ത്തിനുമുള്ള പാര്‍ലമെന്ററി കമ്മിറ്റിയുടെ ഒമ്പതാമത് റിപ്പോര്‍ട്ടിലാണ് ഈ നിരീക്ഷണമുള്ളത്. 1982 ഫെബ്രുവരി പത്തിന് ഇതു സംബന്ധമായി കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവ് പരക്കെ ലംഘിക്കപ്പെടുന്നു വെന്നതും കമ്മിറ്റി നിരീക്ഷിച്ചു. ഇത് കാണിക്കുന്നത്, ഗാന്ധിയുടെ പല ആദര്‍ശങ്ങളും ആശയങ്ങളും രൂക്ഷമായി വിമര്‍ശിക്കപ്പെട്ടിട്ടുണ്ടെന്നും നീരോധിക്കപ്പെടുക പോലും ചെയ്തിട്ടുണ്ടെന്നുമാണ്. അത്തരത്തിലൊരു വിശാല ജനാധിപത്യ സംസ്‌കാരത്തിന്റെ രാഷ്ട്രപിതാവായിത്തുടരുന്നതാണ് ഗാന്ധിയുടേയും മഹത്ത്വം എന്നാണ് സഹിഷ്ണുതവാദികള്‍ കരുതുന്നത്. അതപ്രകാരമല്ലാതാക്കാന്‍ കഷ്ടപ്പെടുന്ന സെന്‍സര്‍ കത്രികകളുടെ മുനകളും മൂര്‍ച്ചകളും മടക്കിയൊടിക്കുക തന്നെ വേണം. 

അനുവന്ധം: ഗാന്ധിയെ അപമാനിച്ചു എന്നു പറഞ്ഞ് ചാടി വീഴുന്ന ബുദ്ധിജീവി-മാധ്യമ- പോലീസ് - ബ്യൂറോക്രാറ്റ് സമൂഹം, ഗാന്ധിയെ ആവശ്യത്തിലും കൂടുതല്‍ സവര്‍ണവത്കരിക്കുകയാണ് ചെയ്യുന്നത്. ഗാന്ധിയെ വധിച്ചതിന്റെ പേരില്‍ നിരോധിക്കപ്പെട്ട സംഘടനയായ ആര്‍.എസ്.എസിനെ സാംസ്‌കാരിക സംഘടന മാത്രമായി കാണണം എന്നാവശ്യപ്പെട്ട സുഗതകുമാരി, ഗാന്ധിനിന്ദ കവിതയായെഴുതി എന്നാരോപിച്ച് മീന കന്ദസ്വാമിയുടെ കവിതയെ ഈയടുത്ത ദിവസം അവഹേളിക്കുകയുണ്ടായി.


കടപ്പാട്: ബ്ലോഗില്‍ നിന്നും