"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, മേയ് 5, ചൊവ്വാഴ്ച

ബീഫ് ഫെസ്റ്റിവെലുകള്‍ ഉണ്ടാവണം - രാജേഷ് ചിറപ്പാട് / രാജേഷ് കെ എരുമേലി

മാംസാഹാരം അധമവും സസ്യാഹാരം ശ്രഷ്ഠവുമാണെന്ന് പൊതുബോധത്തെ നിര്‍മ്മിച്ചെടുക്കുവാന്‍ നൂറ്റാണ്ടുകള്‍ക്ക് മുമ്പേ സവര്‍ണ ഹിന്ദുത്വത്തിന് കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ ഈ ചരിത്രത്തിനും പിന്നിലേക്ക് സഞ്ചരിക്കുമ്പോള്‍ ഒരു ചോദ്യം പ്രധാനമാണ് - ബ്രാഹ്മണര്‍ ഗോമാംസം ഭക്ഷിച്ചി ട്ടില്ലേ? ഡോ. ബി ആര്‍ അംബേഡ്കറാണ് ചരിത്രത്തില്‍ നിന്നും വര്‍ത്തമാനത്തിലേക്ക് ഇരമ്പിക്കയറുന്ന ഈ ചോദ്യം ചോദിച്ചത്. അദ്ദേഹം എഴുതുന്നു:

ഹിന്ദുക്കള്‍ എന്നെങ്കിലും ഗോമാംസം ഭക്ഷിച്ചിട്ടുണ്ടോ? എന്ന ചോദ്യത്തിന് അസ്പൃശ്യനായ ഓരോ ഹിന്ദുവും 'ഇല്ല, ഒരിക്കലുമില്ല' (അയാള്‍ ബ്രാഹ്മണനായാലും) എന്ന് മറുപടി പറയും. ഒരു പ്രത്യേക അര്‍ത്ഥത്തില്‍ അത് ശരിയാണ്. ചരിത്രത്തിലെ ഒരു പ്രത്യേക ഘട്ടം മുതല്‍ ഒരു ഹിന്ദുവും ഗോമാംസം ഭക്ഷിച്ചിട്ടില്ല. പക്ഷെ ഹിന്ദുക്കള്‍ ഒരിക്കലും ഗോമാംസം ഭക്ഷിച്ചിട്ടില്ലെന്നു മാത്രമല്ല, പശുവിനെ വിശുദ്ധരായി കരുതുകയും എല്ലായ്‌പ്പോഴും ഗോവധത്തെ എതിര്‍ക്കുകയും ചെയ്തിരുന്നുവെന്നും പണ്ഡിതനായ ഒരു ബ്രാഹ്മണന്‍ വാദിക്കുമ്പോള്‍ അവരുടെ അഭിപ്രായം അംഗീകരിക്കാന്‍ സാധ്യമല്ല.... 'അവര്‍ എനിക്കായി ഇരുപതോളം ഋഷഭങ്ങളെ വേവിച്ചുവെന്ന് ഋഗ്വേദം 10-86.14 പറയുന്നു...

ഈ തെളിവുകള്‍ വെച്ചു നോക്കുമ്പോള്‍ ബ്രാഹ്മണരും അബ്രാഹ്മണരുമായ ഹിന്ദുക്കള്‍ മാംസം മാത്രമല്ല ഗോമാംസംകൂടി ഭക്ഷിച്ച ഒരു കാലമുണ്ടായിരുന്നു എന്നതില്‍ തര്‍ക്കമില്ല'.

അതിഥികള്‍ക്കു വേണ്ടി പശുവിനെ കൊല്ലുന്ന സമ്പ്രദായം നിലനിന്നിരുന്ന തായും അംബേഡ്കര്‍ സൂചിപ്പിക്കുന്നുണ്ട്. അതിഥിയെ 'ഗോഘ്‌നന്‍' പശുവിന്റെ ഘാതകന്‍ എന്നു വിളിച്ചിരുന്ന പതിവുണ്ടായിരുന്നു. അങ്ങനെയെങ്കില്‍ എന്നു മുതലാണ് ബ്രാഹ്മണര്‍ സസ്യഭുക്കുകളായത് എന്ന ചോദ്യവും പ്രധാനമാണ്.

ബ്രഹ്മണ മേധാവിത്വത്തിന്‍ കീഴില്‍ അഥവാ ജാതിവ്യവസ്ഥക്കുള്ളില്‍ ഒതുങ്ങിക്കഴിഞ്ഞിരുന്ന ഭൂരിഭാഗം വരുന്ന അടിസ്ഥാന മനുഷ്യര്‍ക്കു മുമ്പിലേക്കാണ് വലിയൊരു പ്രകാശവുമായി ബുദ്ധനും അദ്ദേഹത്തിന്റെ ദര്‍ശനങ്ങളും എത്തുന്നത്. ഹിംസയിലധിഷ്ഠിതമായ ഹിന്ദു 'ധര്‍മ്മ'ത്തി നെതിരേ അഹിംസയുടെതായ പുതിയ പാഠങ്ങള്‍ സാധാരണക്കാരുടെ ഭാഷയിലൂടെ ബുദ്ധനും ശിഷ്യന്മാരും പകര്‍ന്നു നല്കി. ഇന്ത്യയില്‍ അത് വലിയ സാംസ്‌കാരിക വിപ്ലവത്തിന് വഴി തെളിച്ചു. ബ്രാഹ്മണ മേധാവിത്വവും യാഗപൂജാദികളും തകര്‍ച്ചയുടെ വക്കിലായി. ബ്രാഹ്മണരുടെ അധികാരവും അന്തസും നഷ്ടമായിക്കൊണ്ടിരുന്നു. അംബേഡ്കര്‍ എഴുതുന്നു:

'ബുദ്ധമതത്തിന്റെ കൈകളില്‍ നിന്ന് ഏറ്റുവാങ്ങിയ പരാജയത്തിന്‍ കീഴില്‍ അവര്‍ (ബ്രാഹ്മണര്‍) തീവ്രവേദന അനുഭവിച്ചുകൊണ്ടിരുന്നു. അതേസമയം നഷ്ടപ്പെട്ട അധികാരവും അന്തസും വീണ്ടെടുക്കാന്‍ അവര്‍ സാധ്യമായ സര്‍വ യത്‌നങ്ങളും നടത്തുന്നുണ്ടായിരുന്നു. ബുദ്ധമതം ബഹുജന മനസില്‍ അഗാധമായ സ്വാധീനം ചെലുത്തുകയും അവരെ വളരെയധികം വശംവദരാ ക്കുകയും ചെയ്ത തിന്റെ ഫലമായി ബുദ്ധമതാനുയായികളുടെ സമ്പ്രദായ ങ്ങളും ശൈലികളും സ്വീകരിക്കാതെ അവരോട് പോരാടാന്‍ കഴിയില്ലാ യിരുന്നു.'

മൃഗബലിയുടെ രക്തം പുരണ്ട ബ്രാഹ്മണ പൗരോഹിത്യത്തിന്റെ നുകത്തിന് കീഴില്‍ നിന്ന് ജനങ്ങള്‍ അകലുവാന്‍ നുടങ്ങി. നഷ്ടപ്പെട്ട തങ്ങളുടെ സാംസ്‌കാരി കവും സാമൂഹികവുമായ ആധിപത്യം വീണ്ടെടുക്കുവാന്‍ ഒരു സഹന വിപ്ലവം തന്നെയാണ് അവര്‍ നടത്തിയത്. ബുദ്ധഭിക്ഷുക്കളെ കടത്തിവെട്ടുവാന്‍ അവര്‍ മാംസഭക്ഷണം ഉപേക്ഷിച്ച് സസ്യഭുക്കുകളായി തീരുക മാത്രമല്ല ചെയ്തത്. തങ്ങളുടെ നേതൃത്വത്തില്‍ നടത്തപ്പെട്ട ഗോഹത്യ അഥവാ മൃഗബലി യെ നിരോധിക്കുകയും പശുവിനെ വിശുദ്ധ മൃഗമായി അവരോധിക്കുകയും ചെയ്തു. അങ്ങനെ ഗോവധം മതനിന്ദയായി മാറി. മാത്രമല്ല, പിന്നീട് അതൊരു കുറ്റകൃത്യം കൂടിയായി തീര്‍ന്നു. എ ഡി നാലാം ശതകത്തിലോ മറ്റോ ഗുപ്ത രാജാക്കന്മാരാണ് ഗോവധം വധശിക്ഷക്ക് അര്‍ഹമായ കുറ്റകൃത്യമാക്കിയത്.

ഇന്ത്യന്‍ ചരിത്രങ്ങളില്‍ പറയുന്നത് ഗുപ്ത കാലഘട്ടം ഇന്ത്യയുടെ സുവര്‍ണ കാലഘട്ടമെന്നാണ്. അതായത് ഇന്ത്യന്‍ ബ്രാഹ്മണിസത്തിന്റെ സുവര്‍ണ കാലഘട്ടം എന്നു തന്നെയാണ് ഇത് രചിച്ച സവര്‍ണ ചരിത്രകാരന്മാര്‍ അര്‍ത്ഥമാക്കുന്നത്. ഈ രീതിയിലുള്ള 'സുവര്‍ണ കാലഘട്ട'ത്തിലേക്ക് (സവര്‍ണ കാലഘട്ടം) തിരിച്ചു കൊണ്ടു പോകാനാണ് മോദി ശ്രമിക്കുന്നത്. ലോകം കണ്ട ധിഷണാ ശാലികളില്‍ ഒരാളും മേല്പറഞ്ഞ രീതിയില്‍ ഇന്ത്യന്‍ ജാതിവ്യവസ്ഥ യെ ക്കുറിച്ചും ഗോവധത്തെക്കുറിച്ചും മറ്റും ആഴത്തില്‍ പഠിച്ചിട്ടുള്ള അംബേഡ്കറുടെ നാട്ടില്‍ത്തന്നെയാണ് ഇത്തരമൊരു അനീതി പ്രത്യക്ഷമാ കുന്നത്. നിലവില്‍ മോദിയുടെ ഗുജറാത്തില്‍ ഗോവധ നിരോധനം നിലവിലുണ്ട്. പശുവിനേക്കാള്‍ കൂടുതല്‍ ഇന്ത്യയില്‍ പാല്‍ തരുന്നത് എരുമയാണ്. പക്ഷെ, എന്തുകൊണ്ടാണ് എരുമയെ ഒരു വിശുദ്ധ മൃഗമായി പരിഗണിക്കപ്പെടാത്തത്. എരുമയെ കൊന്നതിന് ആരെയും ശിക്ഷിച്ചതായി അറിവില്ല. എന്നാല്‍ പശുവിന്റെ തോലുരിച്ചതിനോ കൊന്നതിനോ ദലിതരെ ക്രൂരമായി കൊല ചെയ്തതിന്റെ ചരിത്രം നിലനില്ക്കുന്നുണ്ട്. എരുമക്ക് വിശുദ്ധ പദവി കിട്ടാത്തതിന്റെ കാരണം കാഞ്ച ഐലയ്യ നിരീക്ഷിക്കുന്നുണ്ട്. അതിന്റെ ഈ കറുപ്പ് പ്രതിനിധാനം ചെയ്യുന്നത് ഇന്ത്യയിലെ അസ്പൃശ്യ ജനതയെ തന്നെയാണ്.

സസ്യഭുക്കുകള്‍ ശാന്തരും സത്സ്വഭാവികളുമാണെന്നും മാംസാഹാരികള്‍ ക്രൂരന്മാരും അക്രമണകാരികളുമാണെന്നും പ്രചരിപ്പിക്കുന്നത് ഹിന്ദുത്വ വാദികളാണ്. അവരുടെ പ്രചരണത്തെ നമ്മുടെ ചില 'സാംസ്‌കാരിക ശ്രേഷ്ഠ'ന്മാര്‍ ഏറ്റെടുക്കുകയും ചെയ്യുന്നു. ലോകം കണ്ട ഏറ്റവും വലിയ നരഹത്യക്ക് നേതൃത്വം കൊടുത്ത ഹിറ്റ്‌ലര്‍ ഒരു സസ്യഭുക്കായിരുന്നു എന്ന ചരിത്രസത്യം നാം പെട്ടെന്ന് മറന്നു പോകുന്നു! ഗാന്ധിഘാതകനായ ഗോഡ്‌സെയും ഒരു സസ്യഭുക്കായിരുന്നല്ലോ? ഗുജറാത്തില്‍ വംശഹത്യക്ക് നേതൃത്വം കൊടുത്തവരും സസ്യാഹാരത്തിന്റെ വക്താക്കളായിരുന്നല്ലോ. കടമ്മനിട്ടയുടെ 'ക്യാ' എന്ന കവിതയില്‍ കുരച്ചു ചാടിയവനും സസ്യഭു ക്കായിരുന്നല്ലോ? പച്ചക്കറി മൗലിക വാദത്തില്‍ വിശ്വസിക്കുന്ന ഏതൊരു വനും അസഹിഷ്ണുക്കളും ജനാധിപത്യ ബോധമില്ലാത്തവരുമാണെന്ന് മനസിലാക്കാന്‍ കഴിയും. 'അഗ്രസീവ് വെജിറ്റേറിയനിസം' ഇന്ത്യന്‍ പൊതുബോധത്തില്‍ ആഴത്തില്‍ വേരോടിയിട്ടുള്ള ഒരു വികാരമാണ്. അതിന്റെ പ്രച്ഛന്ന രൂപങ്ങളായി പ്രകൃതി, ധ്യാനം, യോഗ തുടങ്ങിയവയെ അവതരിപ്പിക്കാനുള്ള ശ്രമവും പ്രബലമാണ്. മനുഷ്യന്‍ അടിസ്ഥാനപരമായി സസ്യഭുക്കാണ് എന്ന വാദമാണ് ഇവര്‍ ഉയര്‍ത്തുന്നത്. എംഗത്സ് പറയുന്നത്, കാട്ടില്‍ അലഞ്ഞു തിരിഞ്ഞു നടന്ന മനുഷ്യന്‍ പ്രതിസന്ധികളെ അതിജീവിക്കു വാനുള്ള ധൈഷണികവും കായികവുമായ ബലം നേടുന്നത് മാംസം കഴിക്കുന്നതിലൂടെയാണ് എന്നാണ്. ഉത്പാദകര്‍ എന്ന നിലയിലേക്കുള്ള മനുഷ്യന്റെ ഉയര്‍ച്ചയില്‍ മാംസാഹാരത്തിന് ചരിത്രപരമായ പ്രാധാന്യമു ണ്ടെന്നാണ് ഇത് തെളിയിക്കുന്നത്. ബഹുഭൂരിപക്ഷം വരുന്ന നമ്മുടെ സമൂഹത്തിലെ ഉത്പാദകരായ / അധ്വാനവര്‍ഗമായ അടിസ്ഥാനവര്‍ഗമായ മനുഷ്യര്‍ക്ക് മാംസാഹാരം കൂടിയേ തീരൂ. പൂജ ചെയ്യുന്നവനോ കായികാധ്വാ നമില്ലാത്തവനോ മാംസത്തിന്റെ ആവശ്യമില്ലായിരിക്കാം. പക്ഷെ, പണിയെടുക്കുന്നവന് അവന്റെ ജീവന്‍ നിലനിര്‍ത്താനും മാംസം കൂടിയേ തീരൂ. അതുകൊണ്ടെ് തെരുവില്‍ മാത്രമല്ല അധ്വാനിക്കുന്ന എല്ലാ മനുഷ്യരു ടേയും വീടുകളില്‍ 'ബീഫ് ഫെസ്റ്റിവെലു'കള്‍ ഉണ്ടാവണം

 ------------------------------------
കടപ്പാട്: ഓറ മാസിക 2015 ഏപ്രില്‍ ലക്കം.