"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, മേയ് 29, വെള്ളിയാഴ്‌ച

കവിതയുടെ ഊടുവഴികള്‍: കണിമോള്‍ കവിതകളെ കുറിച്ച് - ആറ്റൂര്‍ രവിവര്‍മ

നെടുംപാതയിലൂടെ, ആള്‍ക്കൂട്ടത്തിലൂടെ, ഒച്ചകളിലൂടെ പോകുന്നതല്ല കണിമോളുടെ കവിത. കോടമഞ്ഞു പോല, നിലാവു പോലെ, വെയില്‍ പോലെയും ഒരനുഭവം ഈ കവിതകള്‍. കൂട്ട വാദ്യങ്ങളുടെ പെരുക്കം പോലല്ലാതെ ഒറ്റവാദ്യത്തിന്റെ സൗകര്യം പോലെ ഇതിന്റെ രചന. ഏവര്‍ക്കും ചില വേളകളില്‍ ആഴത്തില്‍ അനുഭവപ്പെടുന്ന ലോകവും താനുമായുള്ള ലയമോ കലഹമോ ആണ് ഇതിലെ പല കവിതകളുടേയും വായനാനുഭവം. ഒഴുക്കില്‍ തോണി പോലെ ഉത്സാഹമായി പോകുന്ന വാണിയാണ് കണിമോളുടേത്. നാട്ടു മൊഴിയും വഴിയുമാണ് ഇതില്‍. അതിന്റെ നിറവും ഭംഗിയും തനിമയും ചൊടിയുമുണ്ട് വാക്കുകള്‍ക്ക്. ഇത് നമ്മുടെ സമകാലീന പരിചയങ്ങളില്‍ നിന്ന് ഒരു വ്യത്യസ്തത അനുഭവപ്പെടുത്തുന്നു. നമ്മുടെ ഓര്‍മ പുതുക്കുന്നു. ഈ കവിയുടേത് പഴമൊഴിയും പുതുമൊഴിയും ചേര്‍ന്നൊരു മറുമൊഴിയാണ്; പൊതുമൊഴിയല്ല. ഓരോ ആളുടേയും നിറം പോലെ, ചലനം പോലെ, ആംഗ്യങ്ങള്‍ പോലെ വ്യസ്ത്യമാവും ഓരോ കവിയുടേയും മൊഴി. പുറം കാഴ്ചകളല്ല; കാണാത്ത അകത്തെയാണ് കണിമോള്‍ അടയാളം കാട്ടുന്നത്. മണ്ണിന്റേയും വേരിന്റേയും മലരിന്റേയും രഹസ്യമൊഴി രേഖപ്പെടുത്തുന്നു. ഒച്ചപ്പെരുക്കത്തിന്റെ കാലത്ത് ഈ മന്ദ്ര സ്വരങ്ങള്‍ വ്യത്യസ്തത തന്നെ. കൃത്യമായ വസ്തുതയോ ആശയമോ സംഭവമോ കൊണ്ടല്ല ഈ അനുഭവ മുണ്ടാകുന്നത്. ഉള്ളിന്റെ നൂലാമാലയായ ഘടനയാണ് ഇതിന്. മയമുള്ളതും ചൊറിയുന്നതും നുള്ളുന്നതുമായ വാക്കുകളിലൂടെ തിരയുന്നു. സൗമ്യമായ ഭാവങ്ങള്‍ മാത്രമല്ല, പേടിക്കിനാവു പോലെ നടുക്കങ്ങള്‍ ഉളവാക്കുന്ന ഇടങ്ങളും ഈ കവിതകളില്‍ ഉണ്ട്. 'അജീര്‍ണം' എന്ന കവിതയില്‍ നമ്മുടെ സാമൂഹ്യ കാലാവസ്ഥയുടെ പൊറുതികേടാണ്. 'തെരുക്കുത്തു'കളില്‍ നിന്നെത്തിയപ്പോള്‍ താന്‍ ഒരു കിണ്ണം ചോരയുടെ മുന്നിലിരുന്ന പോലെയായി എന്നു രൂക്ഷമാകാനും - അതേ സൗമ്യമില്ലെങ്കിലും - കണിമോള്‍ക്കു കഴിയുന്നുണ്ട്. 'എനിക്കിവിടെ സുഖമാണ്' എന്ന കവിതയില്‍ പാട്ടെഴുത്തില്ല. ഗദ്യത്തോടടുത്ത മൊഴി. പല നിര്‍ത്തലുകളും തുടരലുകളുമുള്ള ഇതിന്റെ ഘടനയില്‍ ഈമമില്ല, താളമുണ്ട്. കാട്ടുചോല പിടച്ചിലിന്‍ താളം. നോക്കി നില്ക്കുമ്പോള്‍ ആഴം വെക്കുന്ന നീര്‍ച്ചാലു പോലെ ഈ കവിത. 'വാസ്തുബലി'യും ഇതേ വിധത്തിലാണ്. 'ഹേ, സര്‍വമേ' പ്രസാദവും കരുത്തും വിശ്വാസവും കൊണ്ട കവിത. അനേകം കാലുകളും വിരലുകളും കൊണ്ടു തുള്ളുന്നതു പോലെ ഇതിലെ രൂപകങ്ങള്‍. 'ക്രൂശിതന്റെ കവിതകള്‍' ബൈബിള്‍ കഥകളെ പുതുക്കി വായിക്കുന്നു. പല ഇടങ്ങളിലേക്കു വിസ നേടുന്ന കവിതക്ക് വ്യാപ്തിയും വൈചിത്ര്യവും ഉണ്ടാകുന്നു. പല ദിക്കിലും മുളക്കുന്ന നല്‍വിത്തുകള്‍ പോലെ തികച്ചും ഉള്‍മൊഴിയായി ഒഴുകുന്ന കവിത 'ഫുട്പാത്തില്‍ ഒരുറുമ്പ്' കണിമോള്‍ തന്റെ കവിതയെ കണ്ടെത്തുന്നതു പോലെ ഇത്. അനുഭൂതിയും ബിംബവും വാക്കും ഒന്നിക്കുന്ന കാവ്യ ലയങ്ങള്‍ പലയിടങ്ങളിലുമുണ്ട്. 'മറുകുറി ശാലിനിക്ക്' പോലെ. പകല്‍ മനസിന്റെ ക്രമമല്ല പാതിര മനത്തിന് ; കവിതക്കും. പുതുരൂപകങ്ങള്‍ പുഴയുരുട്ടുന്ന കല്ലുകള്‍ പോലെ ഈ കവിതകളില്‍ സംഭവിക്കുന്നു.

'മണ്ണുമാന്തിപ്പൂതം...'
(ആറാട്ട്)

'നമ്മള്‍ നട്ടതാം നാട്ടുമാമ്പഴം മുളച്ചല്ലോ...
തളിരില്‍ തവിട്ടുതൊങ്ങലുമായതിന്നാദ്യം
നിറയെ പൂവിട്ടല്ലോ പൂക്കള്‍ വാക്കുകളല്ലോ...'

'പ്രണയിക്കുമ്പോള്‍ നമ്മള്‍ കേവലമുറുമ്പുകള്‍
തലയാനകള്‍ ചിന്നം വിളിക്കും നിലങ്ങളില്‍
ആവതും വേഗം വഴികടക്കാനൊരുമ്പെട്ടും,
ഏറിയ ഭാരം ശിരസേറ്റിയുമിരിക്കുന്നോര്‍.'
(ഫുട്പാത്തില്‍ ഒരുറുമ്പ്)

തുടങ്ങിയവ വാക്കിന്റെ ആഴത്തില്‍ വിളയുന്നവയാണ്. സ്ത്രീ ഭാവുകത്വത്തിന്റെ - എന്നാല്‍ തനിമയുള്ള - ഭാഷയാണ് കണിമോളുടേത്. സ്വാഭാവികത കണിമോള്‍വാണിയുടെ ഗുണം, ശീലം, വ്യക്തിത്വം. ഓളങ്ങള്‍ പോലെ തുടരും വാക്കുകള്‍. സംശയം, സംഭ്രമം, സംഘര്‍ഷം.... അവയിലെ മിടിപ്പുകള്‍. സ്വാഭാവികത അഴകുതന്നെ ; കവിതയിലും.

ഒരമ്മെ പെറ്റതെല്ലാം വിറച്ചു വിറച്ചായതു പോലെ, ഒരേ കണക്കുള്ള കവിതകള്‍ പിറക്കുന്ന ഈ കാലത്ത് കണിമോള്‍ക്കവിതകള്‍ വേറിട്ടു വായിക്കാം. ഏതു കവിക്കും കവിതക്കും ഇത് പ്രധാനമാണ്. പണ്ട് വാക്കിന്റെ വിസ്താരവും സമൃദ്ധിയും കാവ്യഗുണങ്ങളായിരുന്നു. കൊഴുപ്പു കുറക്കുകയാണ് ഇന്ന് കവിതയില്‍ ചെയ്യുന്നത്. ചുരുക്കാവുന്ന വേളകള്‍ ചിലതില്ലാതില്ല ഈ കവിതാ സമാഹാരത്തിലും.

തൃശൂര്‍
7-6-2009
പുസ്തകം: ഫുട്പാത്തില്‍ ഒരുറുമ്പ്
(കവിതകള്‍)
കണിമോള്‍
പ്രസാധനം: ഉണ്‍മ പബ്ലിക്കേഷന്‍സ്, നൂറനാട്
വില: 65രൂപ
ഫോണ്‍: 9349490317, 9496881449