"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, മേയ് 30, ശനിയാഴ്‌ച

രക്തസാക്ഷി സ: വെണ്മണി ചാത്തന്‍ - വി സി വെണ്മണി

വി സി വെണ്മണി
1960 ലെ തെരഞ്ഞെടുപ്പില്‍ ചെങ്ങന്നൂര്‍ നിയോഗജക മണ്ഡലത്തില്‍ നിന്നും കമ്മ്യൂണിസ്റ്റ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി അരിവാള്‍ നെല്‍ക്കതിര്‍ ചിഹ്നത്തില്‍ അഡ്വ. മലക്കര ഗോപാലകൃഷ്ണന്‍ നായരായിരുന്നു മത്സരരംഗത്ത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാനദിവസം രാത്രി കോണ്‍ഗ്രസുകാരും സാമൂഹ്യ വിരുദ്ധരും ചേര്‍ന്ന് വെണ്മണി പഞ്ചായത്തിന്റെ എല്ലാ വാര്‍ഡുകളിലും പാവപ്പെട്ട കര്‍ഷക ത്തൊഴിലാളികളുടെ വീടുകളില്‍ കയറി ഭീഷണിപ്പെടുത്തുകയും, വോട്ടു ചെയ്യാന്‍ പോകരുതെന്ന് വിലക്കുകയും ചെയ്തു.

തെരഞ്ഞെടുപ്പു ദിവസം രാവിലെ പാര്‍ട്ടി തീരുമാനമനുസരിച്ച് എല്ലാ വാര്‍ഡുകളില്‍ നിന്നും ആളുകള്‍ കൂട്ടംകൂട്ടമായി ബൂത്തുകളി ലെത്തി യെങ്കിലും കല്യാത്രയിലെ ബൂത്തൊഴിച്ച് മറ്റൊരു ബൂത്തിലും വോട്ടു രേഖപ്പെടുത്താന്‍ എതിരാളികള്‍ സമ്മതിച്ചില്ല. എന്നു മാത്രമല്ല, ജനങ്ങളെ അടിച്ചോടിക്കുകയും ചെയ്തു. വിവരമറിഞ്ഞ് ചെങ്ങന്നൂരില്‍ നിന്നെത്തി യ രാജശേഖരന്‍ തമ്പി ഉള്‍പ്പെടെയുള്ള പാര്‍ട്ടി നേതാക്കന്മാരെ കാറില്‍ നിന്നുമിറങ്ങാന്‍ പോലും അനുവദിച്ചില്ല. കാറ് തല്ലിപ്പൊളി ക്കാനും തീയിടാനുമൊരുങ്ങി. കല്യാത്രയില്‍ നിന്നും ഒരുകണക്കിന് നേതാക്കന്മാര്‍ രക്ഷപ്പെട്ടെന്നു പറഞ്ഞാല്‍ മതി.

വോട്ടു രേഖപ്പെടുത്തി ബൂത്തില്‍ നിന്നും പുറത്തു വന്ന കര്‍ഷക ത്തൊഴിലാളി സഖാക്കളെ കല്യാത്രയില്‍ വളഞ്ഞുവെച്ച് ആക്രമിക്കാന്‍ ഗുണ്ടകള്‍ തയാറായി. ആ സമയത്ത് പുന്തലമാടത്ത് കൃഷ്ണക്കുറുപ്പ് ഓടിയെത്തി തന്ത്രപരമായി ഞങ്ങളെ കല്യാത്രയില്‍ നിന്നും രക്ഷപ്പെടുത്തി വീടുകളിലേക്കു പറഞ്ഞുവിട്ടു.

തെരഞ്ഞെടുപ്പ് കഴിഞ്ഞ് 5 മണിക്കു ശേഷം വെണ്മണിയുടെ ചിത്രമാകെ മാറി. എവിടെ നോക്കിയാലും ഭയാനകമായ അന്തരീക്ഷം. കൂട്ടംകൂട്ടമായി ആര്‍ത്തു വിളിച്ചുകൊണ്ട് പഞ്ചായത്തിന്റെ പല ഭാഗത്തുനിന്നും പ്രകടനങ്ങള്‍. റോഡില്‍ കണ്ടവരെയെല്ലാം പ്രകടനക്കാര്‍ പേപ്പട്ടിയെ അടിച്ചടിക്കുന്നതു പോലെ അടിച്ചു.

വൈകിട്ട് പ്രകടനക്കാര്‍ കല്യാത്രയില്‍ ഒത്തുകൂടി. ആ വിവരമറിഞ്ഞ് പാര്‍ട്ടിക്കാരും തൊഴിലാളികളും കുട്ടികളുമായി വീടുവിടാന്‍ തുടങ്ങി. അന്നുതന്നെ തിരുവല്ല താലൂക്കില്‍ വോട്ടുചെയ്യാന്‍ ചെന്ന കോട്ടൂര്‍ കുഞ്ഞൂഞ്ഞിനെ പട്ടാപ്പകല്‍ നടുറോഡിലിട്ടു വെട്ടിക്കൊന്നു. വൈകിട്ട് ഏഴരയോടുകൂടി പ്രകടനക്കാര്‍ കോണ്‍ഗ്രസ് ഗുണ്ടകളുടെ നേതൃത്വത്തില്‍ പാവപ്പെട്ട കര്‍ഷക ത്തൊഴിലാളികളുടെ വീടുകയറി ആക്രമിക്കാന്‍ തീരുമാനിച്ചു. ആദ്യം കരീലത്തറ ഭാഗത്തുള്ള കര്‍ഷകത്തൊഴിലാളി വീടുകളില്‍ കയറി മര്‍ദ്ദിക്കുയും, ഉടുതുണിയൊഴിച്ച് മറ്റെല്ലാ സാധനങ്ങ ളും കൊള്ളയടിക്കുകയും ചെയ്തു.

പിന്നീട് അക്രമിസംഘം പോയത് പുലിക്കൂട്ടില്‍ ചാത്തന്റെ കുടിലി ലേക്കാണ്. അവിടെ കൂട്ടനിലവിളി ഉയര്‍ന്നു. ചുറ്റുപാടുമുള്ള താമസക്കാര്‍ പേടിച്ചു വിറച്ച് കതകടച്ച് കാതോര്‍ത്തിരുന്നു. അപ്പോഴേക്കും അവര്‍ ചാത്തനെ കുത്തിക്കൊല പ്പെടുത്തിയിരുന്നു. കൊലവിളി നടത്തിയ സമരക്കാര്‍ ചാത്തന്റെ അനുജനേയും മക്കളേയും വെറുതേ വിട്ടില്ല.

ആ രാത്രി വെണ്മണിയില്‍ രാഷ്ട്രീയ കോമരങ്ങളുടേയും മതഭ്രാന്ത ന്മാരുടേയും വിളയാട്ടമായിരുന്നു.

സമരക്കാര്‍ പിരിഞ്ഞു പോയതിനു ശേഷം, രാത്രിയുടെ അന്ത്യ യാമത്തില്‍ ഒളിവിലിരുന്ന സ്ഥലത്തു നിന്നും ഞാന്‍ രണ്ട് സഖാക്കളുമായി തിരിച്ചു വന്ന് ഓരോ വീടുകളിലും കയറിയിറങ്ങി. അവിടെ കണ്ട കാഴ്ച ഹൃദയ ഭേദകമായിരുന്നു; വീടുകളില്‍ തിളച്ചു തൂകുന്ന കഞ്ഞിക്കലങ്ങള്‍, വാര്‍ത്തിട്ടിരിക്കുന്ന കഞ്ഞി. വിളമ്പിവെച്ച അത്താഴം.... വീട്ടുകാര്‍ ഓടിപ്പോയ കൂട്ടത്തില്‍ കാലുതട്ടി ചിന്നിച്ചിതറി കിടക്കുന്നു. പട്ടികള്‍ കഞ്ഞി നക്കിക്കുടിക്കുന്നു.

ഒടുവില്‍ പടിഞ്ഞാറേ തുരുത്തിയില്‍ ചെന്നപ്പോള്‍, തുരുത്തിത്തെക്കേതില്‍ തിരുവന്റെ അച്ഛന്‍ മരിക്കാറായി കിടക്കുന്നതാണ് കണ്ടത്. അവിടെ ആരുമുണ്ടായിരുന്നില്ല.

ഈ സംഭവത്തിനു ശേഷം പാര്‍ട്ടിക്കാരും തൊഴിലാളികളും അനുഭാവി കളുമെല്ലാം നാടുവിട്ടുപോയി.

അന്ന് കെ ജി ശങ്കരപ്പിള്ള ചെങ്ങന്നൂരി ലായിരുന്നു താമസം. ചാത്തന്റെ ശവം രണ്ടു ദിവസം കിടന്ന് പഴകിയതിന് ശേഷമാണ് ചെങ്ങന്നൂരിലുള്ള സഖാക്കളറിഞ്ഞത്. അറിഞ്ഞ നിമിഷം തന്നെ ആര്‍ രാജശേഖരന്‍തമ്പി, കെ ജി ശങ്കരപ്പിള്ള, ഈപ്പന്‍ കെ തോമസ്, ചന്ദ്രശേഖരന്‍പിള്ള വൈദ്യര്‍, എ പി ഗോപാലന്‍ നായര്‍, തകിടിയില്‍ കുഞ്ഞച്ചന്‍ എന്നിവര്‍ സ്ഥലത്തു വരികയും പൊലീസിന്റെ സഹായത്തോടു കൂടി ശവം അടക്കം ചെയ്യു കയും ചെയ്തു. വിവരമറിഞ്ഞെത്തിയ ഇന്ത്യയുടെ അന്നത്തെ പ്രതിപക്ഷ നേതാവ് എ കെ ജി സംഭവസ്ഥലം സന്ദര്‍ശിച്ചു. പിന്നീട് പാര്‍ലമെന്റില്‍ സ. ചാത്തന്റെ കൊലപാതകത്തെപ്പറ്റി പ്രമേയം അവതരിപ്പിക്കുകയും പാര്‍ലമെന്റ് സ്തംഭിപ്പിക്കുകയും ചെയ്തു. സഖാവ് എ കെ ജി നല്‍കിയ തുകകൊണ്ട് ചാത്തന്റെ മകള്‍ ചെല്ലമ്മക്ക് ബുധനൂര്‍ പഞ്ചായ ത്തില്‍ പെരിങ്ങലിപ്പുറത്ത് 10 സെന്റ് സ്ഥലം പാര്‍ട്ടി വാങ്ങി നല്കി.

സഖാവ് മെണ്മണി ചാത്തന്റെ ഒന്നാം രക്തസാക്ഷി ദിനം 1961 ല്‍ വെണ്മണിയില്‍ വെച്ച് ആചരിക്കാനുള്ള സാഹചര്യ മില്ലായിരുന്നു. മുളക്കുഴ പഞ്ചായത്തിലെ പാര്‍ട്ടിയുടെ സഹായത്തോടുകൂടി അറന്തക്കാട്ടു വെച്ചാണ് ആചരണം നടത്തിയത്.

രണ്ടാമത് വാര്‍ഷികം വന്‍ പൊലീസ് സന്നാഹത്തോടു കൂടി വെണ്മണി ശാര്‍ങ്ങക്കാവില്‍ വെച്ചു നടത്തി. ചുരുക്കം ചില സഖാക്കള്‍ മാത്രമേ അതില്‍ പങ്കെടുത്തുള്ളൂ.
----------------
വി സി വെണ്മണി രചിച്ച 'വെണ്മണിയുടെ സമരഗാഥ' എന്ന പുസ്തക ത്തില്‍ നിന്നുമാണ് ഇത്രയും കുറിച്ചത്. അതില്‍ വെണ്മണി ചാത്തനെ കുറിച്ച് ഇതില്‍ കൂടുതലൊന്നും കുറിച്ചിട്ടില്ല. പുസ്തകം പ്രസിദ്ധീകരിച്ചത് ഉണ്മ പബ്ലിക്കേഷന്‍സ് നൂറനാട് ആണ്. വില: 70 രൂപ. 

പ്രസാധകരുടെ ഫോണ്‍: 9349490317, 9496881449
വി സി വെണ്മണിയുടെ ഫോണ്‍: 0479 2352079, 9496331303