"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, മേയ് 1, വെള്ളിയാഴ്‌ച

തൊഴിലാളി വര്‍ഗ വിമോചകന്‍ ഡോക്ടര്‍ ബി ആര്‍ അംബേഡ്കര്‍: വെട്ടിയാര്‍ എം പ്രേംനാഥ്


വെട്ടിയാര്‍ പ്രേംനാഥ് 
ഭാരതത്തിലെ തൊഴിലാളി വര്‍ഗത്തിന്റെ അടിമച്ചങ്ങല വെട്ടിമുറിച്ച് തൊഴിലാളി വര്‍ഗ ആധിപത്യം സ്ഥാപിച്ച ധീരനായ നേതാജി.

തലമുറ തലമുറകളായി ഭാരതത്തില്‍ ഭീകരഭരണം നടത്തുന്ന 'അമ്പലമതവും - ബ്രാഹ്മണ പൗരോഹിത്യവും - സവര്‍ണ മേധാവിത്വവും' കുഴിച്ചുമൂടി..... മനുഷ്യരായി ജീവിക്കാനുള്ള മൗലികാ വകാശത്തില്‍ നിന്നും ആട്ടിയോട ിക്കപ്പെട്ട് അവര്‍ണനായി, പൈതൃകമായി നരകയാതന യനുഭവിക്കുന്ന തൊഴിലാളി വര്‍ഗത്തിന്റെ ആധിപത്യ ത്തിനു വേണ്ടി ഏകനായി സമരം ചെയ്ത് ബാലറ്റ് പേപ്പറില്‍ക്കൂടി തൊഴിലാളി വര്‍ഗത്തിന്റെ ആധിപത്യം സ്ഥാപിച്ച് കാറല്‍ മാര്‍ക്‌സിനെ പോലും പിന്നിലാക്കിയ ബുദ്ധിജീവികളില്‍ വെച്ച് ... അഗ്രഗണ്യന്‍

ലോകത്തില്‍ ഇതുവരെ യുണ്ടായിട്ടുള്ള നേതാക്കന്മാരില്‍ പ്രഥമസ്ഥാനം നേടിയ.... ലോകനേതാവ് !

1893 ല്‍ ജനിച്ചു. അയിത്ത ജാതിക്കാര നായതുകൊണ്ട് ഇന്ത്യയിലെ ഒരൊറ്റ വിദ്യാലയങ്ങലില്‍ പോലും പ്രവേശനം ലഭിച്ചില്ല. വെള്ളക്കാരന്റെ സഹായം കൊണ്ട് ലണ്ടനിലും ജര്‍മനിയിലും കൊളംബിയയില്‍ നിന്നും വിദ്യാഭ്യാസ ത്തിന്റെ ഉയര്‍ന്ന ബിരുദങ്ങള്‍ നേടി.

ഇംഗ്ലണ്ടില്‍ നിന്നും തിരികെ വന്ന് പ്രാക്ടീസിനൊ രുങ്ങിയപ്പോള്‍ സ്വന്തനാട്ടില്‍ താമസിക്കുവാന്‍ പോലും ഒരു കെട്ടിടം വാടകക്കെടു ക്കുവാന്‍ സന്മനസില്ലാത്ത സവണരുണ്ടോ അദ്ദേഹത്തിന് കേസുകള്‍ കൊടുക്കുന്നു. സവര്‍ണ മേധാവിത്വ വും ആഭിജാത്യ കോമരങ്ങളും പടുത്തുയര്‍ത്തിയ എല്ലാ പ്രതിബന്ധങ്ങളും അടിച്ചു പൊളിച്ചിട്ടാണ് അദ്ദേഹം ഒന്നാം തരം അഭിഭാഷകനായി ഉയര്‍ന്നു വന്നത്. നാലുപാടും നോക്കിയപ്പോള്‍ ജാതി.... ജാതിക്കോട്ടകളെ സമരം ചെയ്ത് ഇടിച്ചു പൊളിക്കാതെ ഇന്ത്യയിലെ കോടിക്കണക്കിനുള്ള തൊഴിലാളികളെ ഉയര്‍ത്തുവാന്‍ കഴിയുകയില്ല എന്ന് അദ്ദേഹം മനസിലാക്കി. ജാതി ക്കോട്ടക ളുടെ നേരേ അദ്ദേഹം ഉന്നയിച്ചിട്ടുള്ള ആറ്റം ബോംബുകള്‍ കുറച്ചൊന്നുമല്ല. അവയില്‍ ഒട്ടുമുക്കാലും ഇന്ത്യന്‍ ദേശീയ പ്രസ്ഥാനമെന്ന് വീമ്പിളക്കിയ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ മര്‍മ സ്ഥാനങ്ങളില്‍ ചെന്നു വീണു.

സ്വന്തനാടായ ഭാരതത്തില്‍ അദ്ദേഹത്തിന് താമസിക്കുന്നതിന് വാടകക്കൊരു കെട്ടിടം പോലും നല്കാന്‍ സവര്‍ണ മേധാവിത്വം അനുവദിച്ചില്ല. എന്തിനേറെ പറയുന്നു, കേരളത്തില്‍ ഇന്നു പോലും ഹരിജന ഉദ്യോഗസ്ഥന്മാര്‍ക്ക് താമസിക്കുവാന്‍ വാടക കെട്ടിടങ്ങള്‍ ജാതിയുടെ പേരില്‍ കിട്ടുന്നില്ല എന്നുള്ള യാഥാര്‍ത്ഥ്യം. ഓര്‍ക്കുമ്പോള്‍ അന്നത്തെ ഭാരതത്തിന്റെ സ്ഥിതി എത്രകണ്ട് പരിതാപകരമായിരിക്കണം?

പട്ടികജാതിക്കാരെ സംഘടിപ്പിച്ച് ഹിമാലയം മുതല്‍ കന്യാകുമാരിവരെ പ്രക്ഷോഭങ്ങള്‍ നയിച്ചു ഡിപ്രസ്ഡ് ക്ലാസ് (അയിത്ത ജാതിക്കാരുടെ) ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിച്ചു. ഏറ്റവും ഉപരിയായി ധനതത്വശാസ്ത്രം, ചരിത്രം, ഇന്ത്യയിലെ സാമ്പത്തിക സാമൂഹ്യ ശാസ്ത്രം.... തൊട്ടുകൂടായ്മ..... അയിത്തം.... ജാതിയുടെ ഉത്ഭവം... ഇന്ത്യയിലെ ജാതികള്‍.... ലോക രാഷ്ട്രീയ സ്ഥിതിഗതികളെ പറ്റിയുള്ള സുപ്രധാനങ്ങളര്‍ഹിക്കുന്ന ലേഖനങ്ങളും പുസ്തകങ്ങളും എഴുതി.

വെള്ളക്കാരന്‍ അദ്ദേഹത്തിന്റെ കഴിവിനേയും നേതൃത്വത്തേയും ആദരിച്ച് 1918 ല്‍ സൗത്ത്‌ബെറോ (വോട്ടവകാശ ക്കമ്മിറ്റി) യുടേയും 1926 ല്‍ ഇന്ത്യന്‍ കറന്‍സി (നാണയം) യെ കുറിച്ച് അന്വേഷണം നടത്തിയ റോയല്‍ കമ്മീഷന്റെ മുമ്പാകെയും ക്ഷണിക്കപ്പെട്ടു. വൈസ്രോയിയുടെ എക്‌സിക്യുട്ടീവ് കമ്മിറ്റി യില്‍ തെരഞ്ഞെടുക്കപ്പെട്ടു. ബ്രിട്ടീഷ് ചക്രവര്‍ത്തിയുടെ ഏതൊരു സുപ്രധാന ചര്‍ച്ചകളിലും അദ്ദേഹത്തെ അവര്‍ ആദരിച്ച് ക്ഷണിക്കപ്പെട്ടു. എല്ലാം രംഗത്തും അയിത്ത ജാതികളായ ഭാരതത്തിലെ തൊഴിലാളികളെ പറ്റിയേ അദ്ദേഹത്തിന് സംസാരിക്കാനു ണ്ടായിരുന്നുള്ളൂ.

സര്‍ക്കാരും, എം കെ ഗാന്ധിയുമായി അധഃകൃതരെ (തൊഴിലാളികളെ) ചൊല്ലി ഡോ. അംബേഡ്കര്‍ നടത്തിയ സമരങ്ങള്‍ ലോക ജനതയെ ത്തന്നെ അമ്പരപ്പിച്ചു. റൗണ്ട് ടേബിള്‍ കോണ്‍ഫ്രന്‍സില്‍ ഡോക്ടര്‍ അധഃകൃതര്‍ക്കു വേണ്ടി സ്വീകരിച്ച നിലപാടിന്റെ പേരില്‍ അദ്ദേഹത്തിന്റെ ജീവന്‍ തന്നെ അപായപ്പെട്ടേക്കുമോ എന്ന് പലര്‍ക്കും തോന്നി. അത്യാപല്‍ക്കര ങ്ങളായ നിരവധി സമരങ്ങള്‍ക്കും അധ്‌ധേഹം നേതൃത്വം നല്കി.

റൗണ്ട് ടേബിള്‍ കോണ്‍ഫ്രന്‍സില്‍ ഡോക്ടര്‍ സ്വീകരിച്ച നിലപാടിന്റെ ഫലമായിട്ടാണ് എം കെ ഗാന്ധിക്ക് ബോധോദയം ഉണ്ടായി ഹരിജനമെന്ന ലേബലൊട്ടിച്ച് ബങ്കി കോളനിയില്‍ താമസമാക്കിയത്. ഹരിജനങ്ങള്‍ക്ക് ക്ഷേത്രം തുറക്കുന്നതുവരെ നിരാഹാര സത്യാഗ്രഹം തുടങ്ങി! സര്‍ക്കാരിന്റെ നിലനില്പിന് എം കെ ഗാന്ധിയുടെ ജീവന്‍ അന്ന് അത്യന്താ പേക്ഷിതമായി രുന്നു. ഹരിജനങ്ങള്‍ക്ക് ക്ഷേത്രം തുറക്കാതെ തന്റെ സത്യാഗ്രഹം അവസാനിപ്പിക്ക യില്ലെന്ന് നിശ്ചയിച്ച് എം കെ ഗാന്ധി സമരം തുടര്‍ന്നു.

അഖിലേന്ത്യാ കോണ്‍ഗ്രസ് നേതാക്കന്മാര്‍ക്ക് ഭീതിയുണ്ടായി. അവര്‍ പഠിച്ച വിദ്യകളെല്ലാം നോക്കി. ഫലമുണ്ടായില്ല. ഒടുവുല്‍ ഗത്യന്തരമില്ലാ യ്കയാല്‍ മാളവ്യ തന്റെ സ്വന്തം ക്ഷേത്രത്തിന്റെ ശ്രീകോവില്‍ ഹരിജനങ്ങള്‍ക്കു വേണ്ടി തുറന്നു. അങ്ങനെ ഹരിജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്കു വേണ്ടി സമരം ചെയ്തപ്പോള്‍ എം കെ ഗാന്ധി 'മഹാത്മാ' സ്ഥാനപ്പേരോടു കൂടി ഭാരതത്തില ങ്ങോളമിങ്ങോളം സത്യാഗ്രഹ സമരങ്ങള്‍ നടത്തി. കോടിക്കണക്കിന് ഏറ ജാതികള്‍ അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ സംഘടിച്ചു. കോണ്‍ഗ്രസ് പ്രബലമായി.

കോണ്‍ഗ്രസുമായി വിട്ടുവീഴ്ചയില്ലാത്ത സമരം ചെയ്ത ധീര സേനാനി യായിട്ടും, ഡോക്ടര്‍ അംബേഡ്കര്‍, അധികാര പ്രാപ്തിക്കു ശേഷം കോണ്‍ഗ്രസുകാര്‍ക്ക് ആദരണീയനായി.

കോണ്‍സംബ്ലിയില്‍ നിയമത്തിന്റെ അത്യുന്നത ആചാര്യനായി നിന്ന്.... ഭാരതത്തിന്റെ ഭരണഘടന അംബേഡ്കര്‍ വാര്‍ത്തെടുത്തു. ഇന്ത്യയിലെ പ്രമുഖ സവര്‍ണരായ നിയമജ്ഞരെല്ലാം അംഗങ്ങളായിരുന്ന കോണ്‍സംബ്ലിയിലാണ് ഡോക്ടര്‍ അംബേഡ്കര്‍ അവരുടെയെല്ലാം നേതൃത്വം വഹിച്ചതെന്ന് ഓര്‍ക്കുമ്പോള്‍ ആര്‍ക്കാണ് രോമാഞ്ചം കൊള്ളാത്തത്. ഇന്ത്യന്‍ ഭരണഘടനയെ എല്ലാ രാഷ്ട്രങ്ങളും ആദരിക്കുന്നുണ്ട്. പക്ഷെ അദ്ദേഹം വിഭാവന ചെയ്തതു പോലെ ഒരു ഭരണഘടന പാസായി കിട്ടിയിരുന്നെങ്കില്‍ അത് ലോക തൊഴിലാളി വര്‍ഗത്തിന്റെ മഹത്തായ നേട്ടമായിരുന്നു. അദ്ദേഹം പരിഷ്‌കരിച്ച ഹിന്ദു കോഡ് ബില്‍ പാര്‍ലമെന്റില്‍ പാസാക്കുന്നതിന് ബ്രാഹ്മണ സവര്‍ണ മേധാവിത്വം അനുവദിക്കാത്തതു കൊണ്ടാണ് ഉന്നതമായ സ്ഥാനം പോലും അദ്ദേഹം തൃണ സമാനം വലിച്ചറിഞ്ഞത്! മനുഷ്യസ്‌നേഹിയായ ഡോക്ടര്‍ അംബേഡ്കര്‍ വിചാരിച്ചതു പോലെ ഭരണഘടന പാസാക്കി എടുക്കുവാന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ല എന്നുള്ളതും പരസ്യമായ പരമാര്‍ത്ഥമാണ്.

______________________

നാടന്‍ പാട്ടുകളുടെ സമ്പാദകനായി അറിയപ്പെടുന്ന വെട്ടിയാര്‍ എം പ്രേംനാഥ് നിരവധി ഗ്രന്ഥങ്ങളുടേയും കര്‍ത്താവാണ്. 1957 ല്‍ അദ്ദേഹം എഴുതി പ്രസിദ്ധീകരിച്ച 'കേരളത്തിലെ അടിമകള്‍' എന്ന പുസ്തകത്തില്‍ നിന്നും ഡോ. അംബേഡ്കറെ കുറിച്ചുള്ള ലേഖനത്തില്‍ നിന്നുള്ള പ്രസക്ത ഭാഗമാണ് ഇത്. വെട്ടിയാര്‍ എം പ്രംനാഥ് ദലിതുകളെ തൊഴിലാളികളായാണ് നിരീക്ഷിക്കുന്നത്, അംബേഡ്കറെ തൊഴിലാളികളായ ദലിതുകളുടെ വിമോചകനായും. അംബേഡ്കര്‍ പരിനിര്‍വാണം പ്രാപിച്ച ഉടനെ എഴുതിയ ഈ ലേഖനത്തില്‍ പാകപ്പിഴകള്‍ കണ്ടേക്കാം. ഇന്നത്തെ പോലെ ഉറവിടങ്ങള്‍ ലഭ്യമല്ലാത്ത അക്കാലത്ത് ഇത്രയും എഴുതാന്‍ ധീരത കാണിച്ച വെട്ടിയാര്‍ എം പ്രേം നാഥിന് (1973 സെപ്തം. 8 ന് അന്തരിച്ചു) ആദരവ് അര്‍പിച്ചുകൊണ്ട് ഈ തൊഴിലാളി ദിനത്തില്‍ ഈ ലേഖനം പുനഃപ്രസിദ്ധീകരിക്കുന്നു. ഈ പുസ്തകം ലഭ്യമാക്കിയ കുന്നുകുഴി എസ് മണിക്ക് നന്ദിയും രേഖപ്പെടുത്തുന്നു.