"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, മേയ് 27, ബുധനാഴ്‌ച

പുലയര്‍ ഉത്പത്തികാരണമായ ഇരിങ്ങോള്‍, ചോറ്റാനിക്കര ക്ഷേത്രങ്ങള്‍ - ഒര്‍ണ കൃഷ്ണന്‍കുട്ടി

 ഇരിങ്ങോള്‍
കേരളത്തില്‍ വനമുളള ഏക നഗരസഭ പെരുമ്പാവൂരാണ്. ഈ വനം ഉള്‍പ്പെട്ട പ്രദേശമാണ് ഇരിങ്ങോള്‍. ക്ഷേത്രോത്പത്തി യുടെ കഥയും പുലയര്‍ തന്നെയാണ്. ഒരു കാലത്ത് ബ്രാഹ്മണര്‍ കുടിയേറി പാര്‍ത്ത പ്രദേശമാണിത്. അന്ന് അവിടെ അവര്‍ക്ക് പ്രാര്‍ത്ഥന നടത്തുന്നതിന് 'മുല്ലക്കല്‍ ഭഗവതി' ക്ഷേത്രമേ ഉണ്ടായിരുന്നുള്ളു. ഇത് മനസ്സിലാ ക്കിയ ദേവി ഒരു നിമിത്തം വഴി സ്വയംഭൂവാ കുകയാണ് ചെയ്തത്. ഈ ബ്രാഹ്മണര്‍ക്ക് അനേകം കുടി പുലയരു ണ്ടായിരുന്നു. ഒരു ദിവസം വനസങ്കേതത്തിന് നടുവിലായി സ്ഥിതി ചെയ്യുന്ന അരുവിയില്‍ പുലയസ്ത്രീ കുളിച്ച് ശുദ്ധിയായി കരക്കുമാറി അല്പം തെക്കോട്ടുമാറി തന്റെ ആയുധമായ അരിവാള്‍ ഉപയോഗിച്ച് ചവറ് മുറിക്കാന്‍ തുനിഞ്ഞു. കുറെ കഴിഞ്ഞ് അരിവാളിന് മൂര്‍ച്ച കൂട്ടുന്നതിന് തൊപ്പിക്കുട കൊണ്ട് മറച്ച് വച്ചിരുന്ന ശിലയില്‍ അരിവാള്‍ തേച്ചുമിനുക്കി. അത്ഭുതമെന്നു പറയട്ടെ അരിവാള്‍ തേച്ച ശിലയില്‍ നിന്നും രക്തം ചീറ്റി. ഉടനെ അടുത്ത് താമസിക്കുന്ന നാഗഞ്ചേരി മനയ്ക്കലെ തമ്പുരാട്ടിയെ വിവരം അറിയിച്ചു. (നാഗഞ്ചേരി മനയും പുരയിടവും ഇന്ന് നഗരസഭയുടെ കൈവശത്തിലാണ്) വിവരം അറിഞ്ഞ തമ്പുരാട്ടി പെട്ടെന്ന് അരിയും നെല്ലും പൂജാദ്രവ്യങ്ങളും ഒരു ഉണ്ട ശര്‍ക്കരയുമായി ചെന്ന് ദേവിയെ പ്രാര്‍ത്ഥിച്ചു കൊണ്ട് നമസ്‌ക്കരിക്കു കയും പൂജനടത്തി ശര്‍ക്കര നിവേദ്യം നടത്തുകയും ചെയ്തു. ഉടന്‍ രക്തം നിലച്ചു. വിവരം 32 ഇല്ലക്കാരെ അറിയിക്കുകയും പൂജാവിധികള്‍ നിശ്ചയിക്കുകയും ചെയ്തു. ദേവിയുടെ സ്വയംഭൂവായ വിഗ്രഹം ആദ്യമായി ദര്‍ശിച്ച പുലയിയുടെ കുടുംബത്തിന് ഊരായ്മയുടെ കാലം മുതല്‍ പ്രത്യേക അവകാശങ്ങള്‍ കൊടുത്തു വരുന്നുണ്ട്. അതിന്റെ സ്മരണക്കായി ഇന്നും ആ പുലയകുടുംബത്തില്‍ നിന്നും ദേവിക്കുള്ള ഒരു കുട എല്ലാവര്‍ഷവും ക്ഷേത്രനടക്കല്‍ വക്കാറുണ്ട്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ക്ഷേത്രം ഏറ്റെടുത്ത ശേഷവും ഈ ഏര്‍പ്പാട് തുടരുന്നു. ആദ്യമായി ദേവിയെ ശിലാരൂപത്തില്‍ ദര്‍ശിച്ച പുലയിക്ക് പിന്നീട് ആരാധനാ സ്വാതന്ത്ര്യത്തിന് അന്നത്തെ ആചാരാനുഷ്ഠനങ്ങ ളനുസരിച്ച് ദേവി കളമൊരുക്കി. ഞാളൂര്‍ കര്‍ത്താവിന് ഭക്തവാത്സല്യം മൂലം ദര്‍ശനമരുളിയ ശ്രീ അയ്യപ്പന്‍ ഇരിങ്ങോള്‍ ഗ്രാമത്തിന്റെ കിഴക്ക് ഭാഗത്തുള്ള ഞാളൂര്‍ കോട്ടക്കളരി സന്ദര്‍ശിച്ചശേഷം ദേവിയുടെ പൂജാവനത്തില്‍ കൂടി വന്നപ്പോള്‍ മോഹിനി രൂപത്തില്‍ ദേവി ദര്‍ശനം നല്‍കി അനുഗ്രഹിച്ചു. ഇരിങ്ങോള്‍ കാവിലെ പൂരമഹോത്സവ ചടങ്ങു തുടങ്ങുന്നത് പുലയരുടെ തുടികൊട്ടുംപാട്ടും കുടകളിയും പുലയ സ്ത്രീകളുടെ മുടിയാട്ടത്തോടും കൂടിയാണ്. കുറുപ്പംപടി - മുടക്കുഴകര യിലെ ചെറുവിളാകത്ത് കാളുകുറുമ്പനും വെള്ളുകിളിയും സംഘവുമാ യിരുന്നു ആദ്യകാലങ്ങളില്‍ ഈ പരിപാടികള്‍ നടത്തി പോന്നിരുന്നത്. 

തൃപ്പൂണിത്തൂറ, ഏരൂരില്‍ ശ്രീമൂലം രാജാവ് 2 ഏക്കര്‍ സ്ഥലം പുലയര്‍ക്ക് സൗജന്യമായി നല്‍കി, അവിടെ പുലയ കോളനി സ്ഥാപിക്കു കയും ആരാധിക്കുന്ന തിനായി ഒരു ക്ഷേത്രവും ക്ഷേത്ര കുളവും നിര്‍മ്മി ക്കാന്‍ അനുവാദവും നല്‍കി. എന്നാല്‍ ക്ഷേത്ര പ്രതിഷ്ഠ നടത്താന്‍ സവര്‍ണ്ണര്‍ തയ്യാറായില്ല. വിവരമറിഞ്ഞ ശ്രീനാരായണഗുരു, ക്ഷേത്ര പ്രതിഷ്ഠ നടത്തുന്നതിന് ഗുരുവിന്റെ ശിഷ്യനായ നരസിംഹ സ്വാമിയെ പറഞ്ഞയക്കുകയും സ്വാമികള്‍ ക്ഷേത്രപ്രതിഷ്ഠ നടത്തുകയും ചെയ്തു. ഈ ക്ഷേത്രത്തിന്റെ ഉത്സവങ്ങളിലേക്കായി വര്‍ഷംതോറും 22 രൂപ ശ്രീനാരായണഗുരു അനുവദിക്കുകയും ചെയ്ത സംഭവമുണ്ടായിട്ടുണ്ട്. 

എറണാകുളം ജില്ലയില്‍ തന്നെ ഇടപ്പള്ളി - പറവൂര്‍ റൂട്ടില്‍ കൂനമ്മാവിന് സമീപം പുലയരുടേതായ ഒരു ദേവിക്ഷേത്രം ഉണ്ട്. കോട്ടുവള്ളിക്കാവ് ഭഗവതിക്ഷേത്രം. ഈ ക്ഷേത്രത്തിന്റെ ചരിത്രവും പുലയരുമായി ബന്ധപ്പെട്ടു കിടക്കുന്നു. നൂറ്റാണ്ടുകള്‍ക്ക് മുമ്പ് പാടത്ത് പണിയെടുത്തു കൊണ്ടിരുന്ന ഒരു പുലയസ്ത്രീക്ക് കിട്ടിയ വിഗ്രഹം ഇലഞ്ഞി മരത്തി ന്റെ ചുവട്ടില്‍ വച്ചു പൂജിച്ചു. വിവരം അറിഞ്ഞെത്തിയ ആഴ്‌വാഞ്ചേരി തമ്പ്രാക്കള്‍ ആചാരവിധി പ്രകാരം ചടങ്ങുകള്‍ നടത്തി അവിടെ ക്ഷേത്ര പ്രതിഷ്ഠ നടത്തി. ക്ഷേത്രോത്സവത്തിന്റെ പ്രധാന ചടങ്ങ് ഭരണിനാളിലെ താലപ്പൊലി യാണ്. ഉത്സവ ദിവസം കീഴ്ക്കാവില്‍ നിന്നും വള്ളുവള്ളി പുലയ സഭയുടെ നേതൃത്വത്തില്‍ താലം വരവാണ് പ്രധാനം. മറ്റൊരു ചടങ്ങ് തൂക്കമാണ്. ഇന്ന് ക്ഷേത്രഭരണം നടത്തുന്ന ഊരായ്മ ദേവസ്വം ബോര്‍ഡ് പ്രാചീന ചടങ്ങുകള്‍ക്കൊന്നും യാതൊരു മാറ്റവും വരുത്താതെ തുടര്‍ന്നു പോരുന്നു. ഈ പ്രദേശത്ത് തേവര്‍കാട് എന്ന ഒരു സ്ഥലമുണ്ട്. തേവന്‍ താമസിച്ച കാടല്ലേ അത്? 


ചോറ്റാനിക്കര 
കേരളത്തിലെ ചോറ്റാനിക്കര ക്ഷേത്രം വേരുനാട്ടു ഗ്രാമക്കാര്‍ ഒന്നടങ്കം പ്രാര്‍ത്ഥിച്ച് ഭജിച്ചതിന്റെ ഫലമായി ഉണ്ടായതാണ്. അതിന് പുലയ സ്ത്രീയുടെ സാമീപ്യമുണ്ട്. ഇന്ന് ക്ഷേത്രം ഇരിക്കുന്ന അന്ന് കുന്നായ ഈ പ്രദേശത്ത് ഭയങ്കരമായ കൊടുംകാടായിരുന്നു. ഈ കൊടുങ്കാട്ടില്‍ മലയരയന്മാര്‍ കൂട്ടമായും ഒറ്റക്കായും താമസിച്ചുകൊ ണ്ടിരുന്നു. ചിഞ്ചാരണ്യം (വാളന്‍പുളി) എന്നും ഈ പ്രദേശത്തിന് പേരുണ്ട്. അവിടെ താമസിച്ചിരുന്ന ഒരു ഗൃഹനാഥന്‍ ഭാര്യ മരിച്ചതിന് ശേഷം തന്റെ മകള്‍ക്കുവേണ്ടി ഒരു പശുവിനെ കഴുത്തറുത്ത് ബലി നടത്തുന്ന പതിവുണ്ടായിരുന്നു. പശുവിനെ പലപ്പോഴും മോഷ്ടിച്ചു കൊണ്ടു വന്നാണ് ഇദ്ദേഹം ബലി നടത്തികൊണ്ടിരുന്നത്. ഒരു ദിവസം തന്റെ തൊഴുത്തില്‍ സുന്ദരിയായ ഒരു പശുക്കുട്ടിയെ കണ്ടു. അത് മകള്‍ക്ക് സന്തോഷമായി. അവള്‍ അതിനെ പരിലാളിച്ചു വളര്‍ത്തി. പശുക്കുട്ടി ഒരിക്കല്‍ തൊഴുത്തില്‍ നിന്നും ഓടിപ്പോയി. കുട്ടി കരഞ്ഞപ്പോള്‍ പശുക്കുട്ടി തിരികെ വന്നു. ഒരുനാള്‍ ബലി നടത്തുന്നതിന് കണ്ണപ്പന് പശുവിനെ ലഭിക്കാതെ വന്നു. ഈ പശുക്കുട്ടിയെ ബലി നടത്താന്‍ കണ്ണപ്പന്‍ പിടിച്ചു. 'അതിനെ കൊല്ലരുത്' എന്ന് മകള്‍ കരഞ്ഞ് കേണപേക്ഷിച്ചു. മകളെ, ഇന്ന് ബലി നടത്തുന്നതിന് വേറെ മാര്‍ഗ്ഗമില്ലാ യെന്നു പറഞ്ഞ കണ്ണപ്പനോട് മകള്‍ നന്ദിനി, അങ്ങനെയെങ്കില്‍ എന്റെ കഴുത്തറുത്ത് ബലി നടത്തികൊള്ളൂ എന്നു പറഞ്ഞു. ഉടന്‍ കൈയ്യിലിരുന്ന വാള്‍ താഴെ വീഴുകയും അന്നുമുതല്‍ ബലി നടത്തേണ്ടതില്ല എന്ന് തീരുമാനിക്കുകയും ചെയ്തു. പിന്നീട് പശുവിന് പുല്ലരിയുവാനും വെള്ളം ശേഖരിക്കുവാനും മകനും കണ്ണപ്പനും തീരുമാനിച്ചു. ഇതിനിട യില്‍ മകള്‍ അകാലമൃത്യു വരിച്ചു. പിന്നീട് കണ്ണപ്പന് ആ പശുക്കിടാവി നോടായി സ്‌നേഹം. ഒരു ദിവസം രാത്രി പശുവിനെ അഴിച്ചുകെട്ടുന്നതിന് ചെന്ന കണ്ണപ്പന്‍ കണ്ട കാഴ്ച, ആ പശുക്കുട്ടി തൊഴുത്തില്‍ ശിലയായി കിടക്കുന്നതാണ്. ദുഖിതനായ കണ്ണപ്പനെ അവിടെ കൂടി നിന്നവര്‍ ആശ്വസിപ്പിച്ചു. ചോറ്റാനിക്കര ദേവിയുടെ മൂലസ്ഥാനത്താണ് കണ്ണപ്പന്റെ പശു തൊഴുത്തെന്നും, കണ്ണപ്പന്റെ കുടില്‍ നിന്ന ഭാഗത്താണ് പശുവിനെ ബലി നടത്തിയിരുന്ന ഇടവും. അവിടെയാണ് ഇന്നുകാണുന്ന ഗുരുതി തര്‍പ്പണം കീഴ്ക്കാവ് കാണപ്പെടുന്നത്. ഒരിടത്തും ഒതുങ്ങി കഴിയാത്ത മലവേടര്‍ ആ നാടുംവീടും വിട്ട് അവിടെ നിന്നും പോയി. സംവത്സര ങ്ങള്‍ കഴിഞ്ഞ് ആ പ്രദേശം കാടുംമേടും മലയുമായി ഉയര്‍ന്നു. കുന്നിന്റെ താഴ്‌വാര ത്തില്‍ അക്കാലത്ത് താമസിച്ചു കൊണ്ടിരുന്ന പുലയരില്‍പ്പെട്ട ഒരു സ്ത്രീ വിറക് ശേഖരിക്കാന്‍ ചെന്നപ്പോള്‍ വളര്‍ന്നു നില്‍ക്കുന്ന പുല്ല് വകഞ്ഞ് മാറ്റി നടന്നപ്പോള്‍ ഒരു ഉയര്‍ന്ന ശില കാണുകയും അതില്‍ അവള്‍ തന്റെ അരിവാളിന്റെ മൂര്‍ച്ച കൂട്ടാന്‍ തുടങ്ങുകയും ചെയ്തു. ഇരുമ്പും കല്ലും കൂടി ഉരഞ്ഞപ്പോള്‍ തല്‍സ്ഥാനത്ത് നിന്നും ചോരപൊടി യുന്നത് കണ്ട പുലയി അമ്പരന്ന് പോകുകയും കൈയ്യിലിരുന്ന അരിവാള്‍ താഴെ വീഴുകയും ചെയ്തു. ഉടന്‍ പുലയി ആര്‍ത്തട്ടഹസിച്ച് തുള്ളുകയും ചെയ്തു. ശബ്ദം കേട്ട് ഓടിക്കൂടിയ നാട്ടുകാര്‍ ഈ കാഴ്ച കണ്ട് അമ്പരന്ന് പോയി. കൂടി നിന്നവരില്‍ ഒരാള്‍ ഓടിച്ചെന്ന് എടാട്ടു നമ്പൂതിരിയെ വിവരം അറിയിക്കുകയും സംഭവം നേരില്‍കണ്ട നമ്പൂതിരി കാളികുളത്ത് കണിയാരെ വിളിച്ചു വരുത്തി പ്രശ്‌നം വയ്പ്പിച്ച് നോക്കിയതില്‍ ആ ശിലയില്‍ ദേവി ചൈതന്യം കണ്ടെത്തുകയും ചെയ്തു. (ചോറ്റാനി ക്കര ദേവിക്ഷേത്ര മാഹാത്മ്യം - സി.എ.എസ്.മേനോന്‍) ഇതാണ് ഇന്നു കാണുന്ന ചോറ്റാനിക്കര ദേവിക്ഷേത്രത്തിന്റെ ചരിത്രം. അന്ന് പുലയ സ്ത്രീ അരിവാള്‍ തേച്ചതിന്റെ തേയ്മാനം കല ഇന്ന് വിഗ്രഹ ത്തിന്റെ ശിരോഭാഗത്ത് കാണാമെന്ന് വിഗ്രഹം നേരില്‍ കണ്ടിട്ടുളള പഴമക്കാര്‍ പറയുന്നു.

-------------------------
@കേരളത്തിലെ പുലയരെ കുറിച്ച് ലേഖകന്‍ തയാറാക്കുന്ന പുസ്തകത്തില്‍ നിന്നും 

ഒര്‍ണ കൃഷ്ണന്‍കുട്ടി. 8281456773

ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്നും.