"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, മേയ് 20, ബുധനാഴ്‌ച

നവാബ് രാജേന്ദ്രന്‍: ഓര്‍മ്മിക്കപ്പെടാതെ പോയ ഒരു പോരാളി - പ്രതിഭാ രാജന്‍

നവാബ് രാജേന്ദ്രന്‍
നിയമത്തിന്റെ മുന കൂര്‍പ്പിച്ച് അഴിമതിക്കാരെ കുത്തിപ്പരി ക്കേല്പിച്ച ഒരു ഏകാംഗ പോരാളി കേരളത്തില്‍ ജനിച്ചു മരിച്ചിരുന്നു. അയാളെന്നു മാത്രം അഭിസംബോധന ചെയ്യാറുള്ള നവാബ് രാജേന്ദ്രനാ യിരുന്നു ആ വലിയ, ചെറിയ മനുഷ്യന്‍. കഴിഞ്ഞ മാസത്തില്‍ ആരുമറിയാതെ കൊഴിഞ്ഞു പോയതു നവാബിന്റെ 9 ആം ചരമ വാര്‍ഷിക ദിനമാണ്. 1950 ഒക്ടോബര്‍ 10 നാണ് അദ്ദേഹം പയ്യന്നൂരില്‍ ജനിച്ചത്. 

അഴിമതിയെ മൂശേട്ടയെ പോലെ ഓടിച്ചു വിടാന്‍ പേനയെടു ത്തതിന്റെ ഫലമായി സ്വന്തം തൂലികയായ നവാബ് എന്ന പത്രം പോലും തീയിട്ട് നശിപ്പിച്ച ഭരണവര്‍ഗത്തിന് എന്നും അസ്വസ്ഥത സൃഷ്ടിച്ചു കൊണ്ടായിരുന്നു രാജേന്ദ്രന്‍ ജീവിച്ചു തീര്‍ത്തത്.

വക്കീല്‍ ഭാഗം പഠിക്കാതെ തന്നെ നിര്‍ണായക കേസുകള്‍ വാദിച്ചു രാഷ്ട്രീയ - പൊതു പ്രവര്‍ത്തകരുടെ അഴിമതികള്‍ പുറത്തുകൊണ്ടു വരുവാന്‍ അദ്ദേഹം തന്റെ ജീവിതം ചെലവാക്കി. പലപ്പോഴും തടവും ജയില്‍ ശിക്ഷയും ക്രൂരമര്‍ദ്ദനങ്ങളും ഏല്‍ക്കേണ്ടി വന്നു. കെ കരുണാക രന്റെ പ്രീതിക്കു വേണ്ടി മനസാക്ഷിക്കുത്തില്ലാതെ നവാബിനെ തിരേ പല മര്‍ദ്ദന മുറകളും പ്രയോഗിച്ചിട്ടുണ്ടെന്നും അതില്‍ ഇപ്പോള്‍ പശ്ചാത്തപി ക്കുന്നു എന്നും അടിയന്തിരാവസ്ഥയെ ഭീകരമാക്കിയ ജയറാം പടിക്കല്‍ പിന്നീട് ഏറ്റു പറഞ്ഞിട്ടുണ്ട്.

കെ കരുണാകരന്റെ രാജന്‍ കേസ് സജീവമാക്കിയതും കരുണാകരന്‍ മന്ത്രിസഭയിലെ എം പി ഗംഗാധരന്റെ മകളുടെ ശൈശവവിവാഹം പൊക്കിക്കൊണ്ടു വന്ന് മന്ത്രിപ്പണി വരെ തെറിപ്പിച്ചതും നവാബാണ്.

ജയറാം പടിക്കലിന്റെ ബൂട്ടിന്റെ പ്രഹരമേറ്റു പലപ്പോഴും മരണ തുല്യനായി കിടക്കേണ്ടി വന്നിട്ടുള്ളതു കൂടാതെ ഒളിവിലും ജയിലിലും കിടന്ന് അടിയന്ത്രിരാ വസ്ഥയുടെ ക്രൂരതക്കെതിരേ ഒറ്റക്കു പോരാടി. തന്റെ എല്ലാമായ നവാബ് പത്ര സ്ഥാപനം ഭരണാധികാരികള്‍ തീയിട്ട് നശിപ്പിച്ചിട്ടു പോലും ആ ധീരനെ കീഴ്‌പെടുത്താന്‍ ആര്‍ക്കും കഴിഞ്ഞില്ല.

കരുണാകരന്റെ രാഷ്ട്രീയ ജീവിതത്തിലെ ചെയ്തികള്‍ സംബന്ധിച്ച ചില സുപ്രധാന രേഖകള്‍ നവാബിന്റെ കൈവശമുണ്ടായിരുന്നു. മദ്യം കൊടുത്തു മയക്കിക്കിടത്തിയാണ് അത് കൈക്കലാക്കിയതെന്ന് ജയറാം പടിക്കല്‍ പിന്നീട് എറ്റു പറഞ്ഞു.

നീതി എവിടെ കണ്ടാലും പച്ചയായി എതിര്‍ക്കുന്ന നവാബിനെ ശല്യക്കാരനായ വ്യവഹാരിയായി പ്രഖ്യാപിക്കണമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചെങ്കിലും കോടതി അത് ഫയലില്‍ പോലും സ്വീകരിക്കാതെ തള്ളിക്കള യുകയായിരുന്നു. ആ ചെറിയ മനുഷ്യനുള്ള വലിയ അംഗീകാരമായിരുന്നു അത്.

സമൂഹത്തില്‍ പടര്‍ന്നു കയറുന്ന അനീതിക്ക് തടയിടാന്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളെ പ്രകീര്‍ത്തിച്ചു കൊണ്ട് നവാബിന് ലഭിച്ച മാനവ സേവാ അവാര്‍ഡ് തുക രണ്ടു ലക്ഷം രൂപ എറണാകുളം ജനറല്‍ ആശുപത്രിയുടെ മോര്‍ച്ചറി നന്നാക്കാന്‍ ഏല്‍പിക്കുക യായിരുന്നു അദ്ദേഹം. വഴിയിലും ബസ്സ്റ്റാന്റിലും അന്തിയുറങ്ങുകയും ഉടുതുണിക്ക് മറുതുണിയില്ലാതെ അലയുകയും ചെയ്യുന്ന അവസ്ഥയിലും, ഒരു സോപ്പു വാങ്ങാന്‍ പോലും ഗതിയില്ലാത്തപ്പോഴുമാണ് കിട്ടിയ രണ്ടു ലക്ഷം മോര്‍ച്ചറി നന്നാക്കാന്‍ ചെലവഴിച്ചതെന്നോര്‍ക്കണം.

മരിച്ച ശേഷം തന്റെ ശരീരം മെഡിക്കല്‍ കോളേജ് കുട്ടികള്‍ക്കു പഠിക്കാന്‍ ഏല്പിക്കണമെന്ന് നവാബ് പറഞ്ഞിരുന്നെങ്കിലും, സമയോചിത പരിചരണമില്ലാതെ മൃതശരീരം മോര്‍ച്ചറിയില്‍ നിന്നു ജീര്‍ണിച്ചു പോയതിനാല്‍ ആ ഉദ്യമം ഉപേക്ഷിച്ച് ആരുമറിയാതെ സംസ്‌കരിക്കുകയായിരുന്നു.

അഴിമതിക്കെതിരെ ഒരു പ്രസ്ഥാനമായി മാറിയ നവാബിനെ നമുക്ക് ഇപ്പോഴെങ്കിലും സ്മരിക്കാം.

---------------------------------

കടപ്പാട്: 2012 നവംബര്‍ 1-15 ലക്കം 'തേജസ്' വാരികയില്‍ കൊടുത്തി രുന്ന ലേഖനത്തില്‍ നിന്ന്. പയ്യന്നൂരിലുള്ള കുഞ്ഞിരാമ പൊതുവാളി ന്റേയും ഭാര്‍ഗവിയമ്മയുടേയും മകനായി 1950 ഒക്ടോബറിലാണ് നവാബ് രാജേന്ദ്രന്‍ എന്ന ടി എ രാജേന്ദ്രന്‍ ജനിച്ചത്. 2003 ഒക്ടോബറില്‍ തന്നെ അന്തരിച്ചു എന്നാണ് അറിയുന്നത്.