"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, മേയ് 30, ശനിയാഴ്‌ച

വി.സി.ചാഞ്ചന്‍: ഒര്‍ണ കൃഷ്ണന്‍കുട്ടി

വി.സി.ചാഞ്ചന്‍
ഇടപ്പള്ളി പോലീസ് സ്റ്റേഷന്‍ ആക്രമണ കേസില്‍ ഏറ്റവും അധികം മര്‍ദ്ദനമേറ്റ കമ്മ്യൂണിസ്റ്റ്കാരന്‍. എറണാകുളം ടൗണിന്റെ വടക്കേ അറ്റമായ വടുതലക്കും പടിഞ്ഞാറ് മുളവ്കാടിനും ഇടയില്‍ സ്ഥിതിചെയ്യുന്നു. 300 ഏക്കര്‍ മാത്രം വിസ്തീര്‍ണ്ണ മുള്ള കുറുങ്കോട്ട എന്ന ചെറിയ ദ്വീപില്‍ വെങ്ങാട്ടുതറ ചോതിയുടേയും വടക്കന്‍ പറവൂര്‍ പെരുമ്പടന്നയില്‍ പൈക്കയുടേയും മകന്‍. വെറും നാലാംക്ലാസ്സ് വരെ പ്രഥമിക വിദ്യാഭ്യാസം. ചെമ്മീന്‍ കെട്ടും നെല്ലും സമൃദ്ധിയായി കൃഷി ചെയ്തു പോരുന്നു. കുറുങ്കോട്ട തുരുത്തില്‍ ജന്മിത്വത്തിനെ തിരെ വിമോചനത്തിന്റെ തീപന്തം ജ്വലിപ്പിച്ച ഉഗ്രവിപ്ലവകാരി. പുലയരുടെ ആവാസകേന്ദ്രം പോലീസ് ഭാഷയില്‍ കമ്മ്യൂണിസ്റ്റ് കോട്ട. ദ്വീപു നിവാസികള്‍ എല്ലാം കമ്മ്യൂണിസ്റ്റ് അനുഭാവികളായിരുന്നു. എം.എന്‍ ഗോവിന്ദന്‍ നായരടക്കം മിക്ക കമ്മ്യൂണിസ്റ്റ് നേതാക്കള്‍ക്കും ഒളിത്താവളം ഒരുക്കി കൊടുത്ത ചാഞ്ചനാണ്. 

പുലയനായതുകൊണ്ട് അയിത്തം ആചരിക്കുന്ന സവര്‍ണരാരും അങ്ങോട്ട് ഓടി ചെല്ലുകയില്ല. ഊര്‍ജ്ജസ്വലരായ കര്‍ഷക തൊഴിലാളികളായ പുലയരുടെ സംരക്ഷണത്തില്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് വളരാനുള്ള വളക്കൂറുള്ള മണ്ണും വിണ്ണും മനുഷ്യരും. വടുതലക്കാരനായ പോലീസ് ഇന്‍സ്‌പെക്ടര്‍ ബര്‍ണാഡ്‌സ് എന്ന മറ്റൊരു ബര്‍ണാഡ്‌സ് ആയ മുന്‍മന്ത്രി കെ.വി.തോമസിന്റെ ഭാര്യ പിതാവിനെ ഒരിക്കല്‍ കണ്ണു വെട്ടിച്ച് ഇടപ്പള്ളി സ്റ്റേഷന്‍ ആക്രമിച്ച കേസ്സില്‍ പ്രമുഖപ്രതിയായ ചാഞ്ചനെ പിടികൂടാന്‍ കുറുങ്കോട്ട തുരുത്ത് വളഞ്ഞു. സാധാരണ പോലീസ് തുരുത്തില്‍ പ്രവേശിക്കുന്നത് മുന്‍കൂട്ടി അറിഞ്ഞുകൊണ്ടിരുന്ന ബര്‍ണാഡ്‌സ് മുതലാളി ഇപ്രാവശ്യം വിവരം അറിഞ്ഞില്ല. അതുകൊണ്ട് ചാഞ്ചന് രക്ഷപ്പെടാന്‍ കഴിഞ്ഞില്ല. പോലീസ് ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തില്‍ ഒരു സംഘം പോലീസുകാര്‍ കുറുങ്കോട്ട തുരുത്തും പുലയരുടെ മാടങ്ങളും വളഞ്ഞു. മടങ്ങുന്നതിന് മുമ്പ് ബോധപൂര്‍വ്വം ചാഞ്ചന്റെ വീടും വളഞ്ഞു. വീടിന്റെ അകത്ത് നെല്ല് സൂക്ഷിക്കുന്ന പത്തായത്തിന്റെ മൂന്നുമൂലയിലും തോക്കിന്റെ ബയണറ്റ് കൊണ്ട് കുത്തിനോക്കി. ഒന്നും കാണുന്നില്ല. നാലാമത്തെ മൂലയില്‍ ആഞ്ഞ് കുത്തി. തോക്കിന്റെ ബയണറ്റില്‍ എന്തോ തടഞ്ഞു. ചാഞ്ചന്‍ തോക്കില്‍ കയറി ബലമായി പിടിച്ചു. അതോടുകൂടി പത്തായത്തിലിട്ട് ക്രൂരമായി മര്‍ദ്ദിച്ചു .ചോതി പോലീസി നോട് കേണപേക്ഷിച്ചു. ഫലമുണ്ടായില്ല. രണ്ടുകയ്യും കൂട്ടികെട്ടി വള്ളത്തിലിട്ടു എറണാകുളം ചിറ്റൂര്‍ റോഡിലുള്ള കസബ പോലീസ് സ്റ്റേഷനില്‍ കിടന്ന ബെഞ്ചില്‍ മലര്‍ത്തി കിടത്തി കയ്യുംകാലും കെട്ടി ലാത്തികൊണ്ട് ക്രൂരമായി മര്‍ദ്ദിച്ചു. ആ ബഞ്ചിന് പിന്നീട് ചാഞ്ചന്‍ ബഞ്ച് എന്ന പേരും വീണു. 

പോലീസ് പിടിച്ച ചാഞ്ചനെ അടക്കുന്നതിന് പറ്റിയ സ്റ്റേഷനായ ടൗണ്‍ സ്റ്റേഷനിലേക്കും തുടര്‍ന്ന് ഇടപ്പള്ളിയിലുംകൊണ്ടുപോയി മാറിമാറി മര്‍ദ്ദിച്ചു. പിന്നീട് നേരെ ആലുവ സബ് ജയിലിലടച്ചു. ലോക്കപ്പ് മര്‍ദ്ദനം അവിടെയും തുടര്‍ന്നു. അദ്ധ്വാനശീലനായ ആ കര്‍ഷകതൊഴിലാളിയെ പോലീസിന്റെ ക്രൂരമര്‍ദ്ദനങ്ങള്‍കൊണ്ട് ആകെ തളര്‍ന്ന് തരിപ്പണമായി. വാസുപിള്ള എന്ന തെക്കന്‍ തിരുവിതാംകൂറിലെ സവര്‍ണ്ണമാടമ്പിയായ ഒരു പോലീസുകാരന്‍ ലോക്കപ്പില്‍ കിടന്ന ചാഞ്ചനെ തന്ത്രത്തില്‍ കൂടി സെല്ലിന്റെ അഴികളില്‍കൂടി കൈകടത്തി പിടികൂടി,, പിടിച്ചപാടെ ചാഞ്ചന്റെ ജനനേന്ദ്രിയത്തിലും വൃഷ്ണത്തിലും കൂടി പിടിച്ചു പിരടി. അയാള്‍ ചാഞ്ചന്റെ ലിംഗവും വൃക്ഷണങ്ങളും ഇരുമ്പഴികളില്‍ വച്ച് ഉരച്ചു. അമര്‍ത്തി ഞെരടി അവയില്‍ അയാള്‍ക്കു ചെയ്യാവുന്ന ഹേമദണ്ഡങ്ങളെല്ലാം ഏല്പിച്ചു. വൃക്ഷണങ്ങള്‍ കശക്കി ഉടച്ചു കളഞ്ഞാല്‍ മരിക്കുമെന്ന് അയാള്‍ ധരിച്ചിരുന്നു. ഒരു മനുഷ്യന്റെ ഏറ്റവും വലിയ മര്‍മ്മത്തില്‍ പിടിച്ചു ഇത്രയും വലിയ ക്രൂരമായി പീഡനം സഹിച്ച പുലയന്‍ കേരള തൊഴിലാളിവര്‍ഗ്ഗ ചരിത്രത്തില്‍ ഉണ്ടാകുകയില്ല. ചാഞ്ചനെ തുടര്‍ന്ന് ചാഞ്ചന്റെ സഹോദരങ്ങളായ ഹോമിയോ ഡോക്ടര്‍ അയ്യപ്പന്‍, ഫാക്ട് ജീവനക്കാരനായ കണ്ണന്‍, മറ്റൊരു പുലയനായ ടി.ടി.മാധവന്‍ ഇവരെല്ലാം ഈ സമുദായത്തില്‍ നിന്നും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം കെട്ടിപടുക്കാന്‍ വേണ്ടി ചോരയും നീരും നല്‍കിയ ധീരപുരുഷന്മാരാണ്. കുറുങ്കോട്ട തുരുത്തിലെ ധീരന്മാരായ പുലയ യുവാക്കളൊക്കെ ഇങ്ങനെ പോലീസിന്റ ക്രൂരമര്‍ദ്ദനങ്ങള്‍ക്ക് വിധേയരായവരാണ്. 


ഇടപ്പള്ളി പോലീസ് സ്റ്റേഷന്‍ ആക്രമണം ഉണ്ടാകുന്നത് എന്‍.കെ.മാധവനെ ലോക്കപ്പില്‍ നിന്നും മോചിപ്പിക്കു ന്നതിന് വേണ്ടിയായിരുന്നു. പോലീസിന്റെ കൊടിയമര്‍ദ്ദനം ഏല്‍ക്കേണ്ടി വന്നപ്പോള്‍ കേസ്സിലെ പ്രതികളായ പുലയ രായ ഡോ.അയ്യപ്പന്റെയും കണ്ണന്റെയും പേരുപറഞ്ഞു. ഈ കാര്യം പാര്‍ട്ടി കമ്മിറ്റിയില്‍ ചര്‍ച്ച ചെയ്തപ്പോള്‍ മാധവന്‍ നല്‍കിയ ന്യായം അയ്യപ്പനേയും, കണ്ണനെയും പാര്‍ട്ടിയില്‍ ഉറപ്പിച്ച് നിറുത്താന്‍ വേണ്ടിയായിരുന്നു വെന്നാണ് (മാധ്യമം ആഴ്ചപ്പതിപ്പ് 2010 ഫെ.20) യഥാര്‍ത്ഥത്തില്‍ സ്റ്റേഷന്‍ ആക്രമിച്ച് മാധവനെ പുറത്തിറക്കി കൊണ്ടുവരുന്നതിന് മുഖ്യപങ്ക് വഹിച്ചത് ചാഞ്ചനാണ്. എന്‍.കെ.മാധവനും മറ്റു സഖാക്കളുമാണ് സ്റ്റേഷന്‍ ആക്രമണത്തിന്റെ സൂത്രധാരന്‍ എന്നാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും നേതാക്കളും പ്രചരിപ്പിച്ചു കൊണ്ടിരുന്നത്. പുന്നപ്ര വയലാര്‍ സമരം പോലെ ഇടപ്പള്ളി സംഭവത്തിനും ഇരു കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളും പിതൃത്വം അവകാശപ്പെടുന്നുണ്ടെങ്കിലും ഇതിന്റെയെല്ലാം യാഥാര്‍ത്ഥ്യങ്ങളിലേക്ക് ആരു ഇറങ്ങിചെന്നിട്ടില്ല. കാരണം രണ്ടു സംഭവങ്ങളുടേയും മുഖ്യ പങ്കാളികള്‍ പുലയരാണ്. കുറുങ്കോട്ട തുരുത്തില്‍ ഇന്ന് വി.സി.ചാഞ്ചന്റെ പ്രതിമ സ്ഥപിച്ചിട്ടുണ്ട്. കേരള പുലയര്‍ മഹാസഭയും, കുറുങ്കോട്ട പുലയസമാജവും ഈ പ്രദേശത്തെ പുലയരെ ഉത്ബുദ്ധരാക്കി ക്കൊണ്ടിരുന്നു. 8 ആണ്‍മക്കളാണ് ചാഞ്ചനുള്ളത് . കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ ഇത്രമാത്രം നെഞ്ചിലേറ്റിയ ആ ധീരസഖാവിന് പാര്‍ട്ടിയില്‍ അനുസ്മരണങ്ങളോ, വേണ്ടത്ര അംഗീകാരമോ നല്‍കിയിട്ടില്ല. രാഷ്ട്രീയ വിദ്യാര്‍ത്ഥികള്‍ അന്വേഷിച്ചുകണ്ടെത്തേണ്ട വിഷയങ്ങളാണത്. കമ്മ്യൂണിസ്റ്റ് നേതാവ് എന്‍.ശിവന്‍പിള്ളയുടെ തെരഞ്ഞെടുപ്പ് പ്രചരണം കഴിഞ്ഞ് വീട്ടില്‍ തിരിച്ചെത്തിയ ആ ധീരപോരാളി 1984 ആഗസ്റ്റ് 2 ന് ഹൃദയാഘാതം മൂലം അന്തരിക്കുകയായിരുന്നുവെന്ന് ചാഞ്ചന്റെ ഇളയ മകനും മുന്‍ ചേരാനല്ലൂര്‍ പഞ്ചായത്ത് മെമ്പറുമായിരുന്ന മോട്ടിലാല്‍ ഗ്രന്ഥകര്‍ത്താവിനോട് (25/05/214) പറയുകയുണ്ടായി.

-----------------------------------------------

ഒര്‍ണ കൃഷ്ണന്‍കുട്ടി എഴുതുന്ന പുസ്തകത്തില്‍ നിന്നും 
ഫോണ്‍ 8281456773