"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, മേയ് 5, ചൊവ്വാഴ്ച

പുലയമകം - ഒര്‍ണ കൃഷ്ണന്‍കുട്ടി

ആലപ്പുഴ ജില്ലയിലെ കുട്ടനാട്ടില്‍ നെല്‍കൃഷിയുമായി ബന്ധപ്പെട്ട ഒരു ചടങ്ങാണ് 'പുലയമകം' എന്നപേരില്‍ അറിയപ്പെടുന്നത്. കുട്ടനാടന്‍ പുലയര്‍ കന്നിമാസ ത്തിലെ മകം നാളില്‍ ഈ ആഘോഷം കൊണ്ടാടുന്നു. നെല്ലിനെ ആരാധിക്കുകയാണ് മുഖ്യചടങ്ങ്. നറുക്കിലയില്‍ നെന്മണിയെടുത്ത് വിളക്കിന് മുന്നില്‍വച്ച് സ്ത്രീകള്‍ തുള്ളികളിക്കും. അതിനോ ടനുബന്ധിച്ച് വള്ളംകളിയും ഉണ്ടാകും. വളളംകളി പുരുഷന്മാരാണ് നടത്തുന്നത്.

പുലയര്‍ 40 ഇല്ലക്കാരാണ്. ഇല്ലപ്പേരുകള്‍ താഴെ ചേര്‍ക്കുന്നു. ഡോക്ടര്‍ വിഷ്ണു നാരായണന്‍ നമ്പൂതിരി 'പുലയരുടെ പാട്ടുകള്‍' എന്ന കൃതിയില്‍ പറയുന്നത് പുലയര്‍ പത്ത് ഇല്ലക്കാരാണെന്നാണ്. പറയര്‍ 12 ഇല്ലക്കാരും ഈഴവര്‍ 4 ഇല്ലക്കാരുമാണ്. പുലയരുടെ ഇല്ലപ്പേരുകള്‍ (1) ആദിയില്ലം (2) വെള്ളായില്ലം, (3) നെല്ലി (4) തിങ്കളില്ലം, (5) തച്ചില്ലം (6) തിടിലി, (7) പാലയ്ക്കല്‍ (8) തേവര്‍ (9) കിഴക്കന്‍ (10) തെങ്കര (11) കണ്ണായി (12) കുഞ്ചി (13) ഇളവനാട്ടില്ലം (14) കരുപ്പടി (15) തെച്ചില്ലം (16) കൂരിയില്ലം (17) പുളിയില്ലം (18) വനയില്ലം (19) കാടയില്ലം (20) പരുത്തിയില്ലം (21) തെയ്യില്ലം (22) ഇളങ്കോ (23) മാലി (24) പട്ടമന (25) കുഞ്ചിയില്ലം (26) നന്മായില്ലം (27) മാങ്ങാത്തില്ലം (28) മുട്ടപ്ര ഇല്ലം (29) കുറിഞ്ഞി (30) പടകന്‍ (31) പടിത്താറില്ലം (33) കോഴിപ്പിള്ളി (34) ഉമ്മാരയില്ലം (35) പെരുമ്പഴ (36) വാഴക്കാത്തില്ലം (37) പൊക്കടേന്‍ (38) പള്ളിക്കില്ലം (39) കരപ്പിടിയില്ലം (40) മറവില്ലം. ഇതു കൂടാതെ കൂട്ടങ്ങളായും അറിയപ്പെടുന്നുണ്ട്. അത് കൂടുതലും മദ്ധ്യതിരുവിതാംകൂറിലാണ്. ഓരോ കൂട്ടം പുലയരെ തിരിച്ചറിയുന്നത് ആദ്യം കൂട്ടം ചോദിച്ചുകൊണ്ടാണ്. രക്തബന്ധങ്ങള്‍ക്ക് പുലയര്‍ നല്‍കുന്ന വില വളരെ വലുതാണ്. ഒരില്ലത്തില്‍പ്പെട്ടവര്‍ അതേ ഇല്ലത്ത് നിന്ന് വിവാഹം കഴിക്കില്ല. കാരണം അടിമത്ത കാലത്ത് വില്‍ക്കാനും വിലവാങ്ങാനും അധികാരമുണ്ടായിരുന്നപ്പോള്‍ അടിമ ചന്തകളില്‍ കൊണ്ടുപോയി അമ്മയെ തെക്കോട്ടും അച്ഛനെ വടക്കോട്ടും പെങ്ങളെ കിഴക്കോട്ടും ആങ്ങളയെ പടിഞ്ഞാറേക്കും വിറ്റു വിലവാങ്ങിയിരുന്നു. അതുകൊണ്ടാണ് പരസ്പരം തിരിച്ചറിയാന്‍ കഴിയാത്തതുകൊണ്ട് നിങ്ങള്‍ ഏത് കൂട്ടമാണെന്ന് (ഇല്ലം) ചോദിക്കും. അപ്പോള്‍ ഞങ്ങള്‍ ഇന്ന കൂട്ടക്കാരാണെന്ന് പറയും. അങ്ങനെ ഇല്ലക്കാരെ പരസ്പരം അറിയാന്‍ കഴിയും. കൂട്ടങ്ങള്‍ക്ക് ഓരോ വര്‍ഗ്ഗത്തലവനുണ്ടാകും. സമുദായം അംഗീകരിച്ച വര്‍ഗ്ഗത്തലവനെ ചെമ്മാരിയെന്നാണ് സാധാരണ വടക്കേ മലബാറില്‍ പറഞ്ഞു വരുന്നത്. അനുഷ്ഠാനങ്ങള്‍, സംസ്‌ക്കാര കര്‍മ്മങ്ങള്‍, ജനനം, മരണം ഇവക്കെല്ലാം ഓരോ അധികാരികള്‍ ഉണ്ടായിരിക്കും. എല്ലാ കാര്യങ്ങളും ചെമ്മാരിയുടെ അനുമതിയോടെയാണ് നടത്തേണ്ടത്. അനുഷ്ഠാനികവും സാമൂഹ്യവുമായ കര്‍മ്മങ്ങള്‍ നടത്തുവാന്‍ അധികാരപ്പെട്ട പുലയനെ വേലന്‍ എന്നും മരണാനന്തരമുള്ള പിതൃകര്‍മ്മങ്ങള്‍ക്കും പെണ്‍കുട്ടികളുടെ തിരണ്ടു കല്ല്യാണത്തിനും പൗരോഹിത്യം വഹിക്കുന്ന പുലയനെ വാത്തി എന്നുപറയും. നാടുവാഴികള്‍ പുലയര്‍ക്ക് ആചാരപേരുകള്‍ നല്‍കി വരാറുണ്ട്. ആചാരപ്പെട്ട പുലയത്തലവനെ 'പൊള്ള' യെന്നാണ് ഉത്തരകേരളത്തില്‍ അറിയപ്പെടുന്നത്. മദ്ധ്യ കേരളത്തിലെ മരണാനന്തര ക്രിയകള്‍ ചെയ്യുന്ന പുലയത്തലവനെ 'ഇണങ്ങന്‍' എന്നും 'കര്‍മ്മി' എന്നും 'വള്ളോന്‍' എന്നും പറഞ്ഞുവരുന്നുണ്ടായിരുന്നു. ചെമ്മാരിയെപോലെ പൊള്ളക്കും സമുദായത്തില്‍ മാന്യമായ സ്ഥാനമുണ്ട്. കഴകത്തിന്റെ അധികാരിയായി സ്ഥാനങ്ങളിലും കോട്ടകളിലും പൂജ കഴിക്കുന്ന പുലയനെ 'കായതന്ത്രി' എന്നോ, കുടിയാന്‍ എന്നോ പറഞ്ഞുവരുന്നു. ദീപം വക്കുകയും മറ്റും ചെയ്യുന്ന പരികര്‍മ്മിയെ 'മൂന്നാന്‍' എന്നും വെളിച്ചപ്പാടിനെ 'മുത്താരത്തന്‍' എന്നും വിളിക്കുന്നു. തുടിയോ പറയോ കൊട്ടുന്നവനെ 'കൊട്ടുമുത്താരത്തന്‍' എന്നാണ് വിശേഷിപ്പിക്കാറ്. മൂത്താരത്തന്മാരില്‍ പ്രധാനിയാണ് 'കുരിക്കള്‍ തെയ്യം'. അരങ്ങാറ്റ് പൂജ, മാന്ത്രിക കര്‍മ്മങ്ങള്‍ തുടങ്ങിയ നടത്തുവാന്‍ കുരിക്കള്‍ക്കാണ് അവകാശം. തെയ്യത്തിനും മറ്റും മുന്‍പിന്‍ ചൂട്ട് പിടിക്കുന്നവനെ മൂച്ചൂട്ടക്കാരന്‍ എന്നുപറഞ്ഞു വരുന്നു.

  സാമൂഹ്യഘടനയെ കുറിച്ച് മനസ്സിലാക്കുവാന്‍ ഇതുപോലെ തന്നെ പ്രാധാന്യമുള്ളവയാണ് ബന്ധസൂചക പദങ്ങള്‍, സ്വപിതാവിനെയും ഭാര്യയുടേയോ ഭര്‍ത്താവിന്റെയോ പിതാവിനെ യോ ഉത്തര കേരളത്തിലെ പുലയര്‍ 'അയ്യെന്‍' എന്നു വിളിക്കുന്നു. അച്ഛന്റെ അനുജനെ കുഞ്ഞയ്യെന്‍ എന്നും അച്ഛന്റെ ജ്യേഷ്ഠനെ വില്ലയ്യെന്‍ എന്നും അച്ഛന്റെ അച്ഛനെ തൊണ്ടയ്യെന്‍ എന്നും പിറാക്കത്തച്ഛനെ മനയയ്യെന്‍ എന്നും പറയും. അമ്മയെ 'ഒമ്മി' എന്നാണ് അവര്‍ വിളിക്കുക. ഭര്‍ത്താവിന്റെ അമ്മയും 'ഒമ്മി' തന്നെ. അമ്മയുടെ അമ്മയെ 'ഒമ്മിരൊമ്മി' എന്നും അച്ഛന്റെ അമ്മയെ അച്ചൊമ്മി എന്നും പിറക്കാത്ത അമ്മയെ മനയൊമ്മി എന്നും അച്ഛന്റെ ജ്യേഷ്ഠത്തിയെ വലിയൊമ്മി എന്നും അമ്മയുടെ മൂത്ത സഹോദരിയെ മൂത്തൊമ്മി എന്നും അമ്മയുടെ ഇളയസഹോദരിയെ എളയൊമ്മി എന്നും അച്ഛന്റെ അനുജത്തിയെ കുഞ്ഞൊമ്മി എന്നും പറഞ്ഞുവരുന്നു. പുലയര്‍ അച്ചന്‍ എന്നുവിളിക്കുന്നത് ജ്യേഷ്ഠത്തിയുടെ ഭര്‍ത്താവിനെയും വില്ലച്ഛന്‍ എന്നും, ഭര്‍ത്താവിന്റെ അനുജനെ കുഞ്ഞച്ഛന്‍ എന്നും വിളിക്കും.

ഒര്‍ണകൃഷ്ണന്‍കുട്ടി
മറ്റു സമുദായക്കാരെ വിളിക്കാവാനും പുലയര്‍ക്ക് പ്രത്യേക പദങ്ങളുണ്ട്. ബ്രാഹ്മണര്‍ തുടങ്ങിയ ഉന്നതകുല ജാതരെ അവര്‍ 'ചൊവ്വര്‍' എന്നാണ് വിളിക്കുന്നത്. നമ്പ്യാന്മാരെ 'എളങ്ങേല്' എന്നും മണിയാണികളെ 'മാച്ചറ്' എന്നും മണിയാണി സ്ത്രീകളെ 'കാനത്തടിച്ചി' എന്നും വിളിക്കുന്നു. മലയന്‍, മണ്ണാന്‍ എന്നീ സമുദായത്തില്‍പ്പെട്ട പുരുഷന്മാരെ 'മരത്തിനാര്' എന്നും സ്ത്രീകളെ 'മരത്തിച്ചാറ' എന്നുമാണ് പുലയര്‍ വിളിക്കുന്നത്. 'മാടേന്‍' എന്നാണ് ആശാരിമാരെ വിളിക്കുന്നത്. മാപ്പിളമാരെ കൊയില് എന്ന പദവും സ്ത്രീകളെ പെങ്ങില എന്ന പദവും ഉപയോഗിക്കുന്നു. പുലയര്‍ക്ക് പ്രാദേശികമായി പല പേരുകളുമുണ്ട്. ശ്രീകണ്ഠാപുരത്തിന് കിഴക്കുള്ള കുന്നത്തൂര് എന്ന പ്രദേശത്ത് വസിക്കുന്ന പുലയരെ കുന്നത്തൂര് അടിയാന്മാര്‍ എന്നുവിളിക്കുന്നു. മലയപ്പുലയനായ പുലയരെ മാതപ്പുലയര്‍ എന്നും വിളിക്കുന്നു. പുലച്ചികളെ വടക്കേ മലബാറില്‍ പ്രദേശികമായി അടിയാറ് എന്നുപറയാറുണ്ട്. മതം മാറിയതിന് ശേഷം ഈ വിളിയില്‍ മാറ്റം വന്നിട്ടുണ്ട്. പുലയര്‍ പണ്ടുകാലത്ത് ഇടപ്രഭുക്കന്മാരുടേയും തമ്പുരാക്കന്മാരുടേയും അടിമകളായിരുന്നുവെന്നു പറയുന്നു. കുന്നത്തൂര് അടിയാന്മാരുടെ രക്ഷാധികാരി കരക്കാട്ടിടത്തില്‍ സാമന്തനായിരുന്നു. മാടായി കാവിന്റെ പരിസര പ്രദേശത്ത് കോലത്തിരി രാജാവിന്റെ കീഴില്‍ അനേകായിരം അടിയാന്മാരുണ്ടായിരുന്നു. മാതപ്പുലയര്‍ കല്പറ്റ ഇടത്തില്‍ മൂപ്പന്‍ നായരുടെ പരിരക്ഷണത്തില്‍ കഴിഞ്ഞവരത്രെ. പുലയര്‍ മദ്യഷാപ്പിന് മന്നം എന്നാണ് പറയുന്നത്.

------------------------------------------

*ലേഖകന്‍ തയാറാക്കുന്ന പുസ്തകത്തില്‍ നിന്നും....Ph.8281456773
*ഫോട്ടോകള്‍ക്ക് കടപ്പാട്: മാതൃഭൂമി വാരികയുടെ