"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, മേയ് 30, ശനിയാഴ്‌ച

മലബാറിലെ മാപ്പിളത്തെയ്യങ്ങള്‍ - ഡോ. ആര്‍ സി കരിപ്പത്ത്

ഡോ. ആര്‍ സി കരിപ്പത്ത്
അമ്മ ദൈവങ്ങള്‍, മൃഗരൂപികളായ ദേവതകള്‍, നാഗം, മുതല തുടങ്ങിയ ജന്തുരൂപങ്ങളില്‍ പ്രത്യക്ഷപ്പെട്ടവര്‍, മണ്മറഞ്ഞ പിതാമഹന്മാര്‍, ശൗര്യ വീര്യ പരാക്രമം പ്രകടിപ്പിച്ച് ജീവന്‍ വെടിഞ്ഞവര്‍, സത്യദീക്ഷ ജീവിതാന്ത്യം വരെ മുറുകെ പിടിച്ചവര്‍ തുടങ്ങി ഒട്ടനേകം വിഭാഗങ്ങളില്‍ പെടുന്ന ദേവത മാരുടെ ഒരു മഹാ പ്രപഞ്ചമാണ് തെയ്യത്തിന്റേത്. ഇതിന്റെ മണ്‍മറഞ്ഞ ധര്‍മവ്രതന്മാരുടേയും ദുഷ്‌കര്‍മം പ്രവര്‍ത്തിച്ച് ദൈവത്തിന്റെ കൈകളില്‍ മരണം വരിക്കേണ്ടി വന്നവരുടേയും വിഭാഗത്തില്‍ പെടുന്നവരാണ് മിക്ക മാപ്പിള തെയ്യങ്ങളും. ഏതെങ്കിലും ഹിന്ദുത്തറവാടുമായോ തെയ്യക്കാവുമായോ അടുത്തു ബന്ധപ്പെട്ടവരുടെ ജീവിതകഥയാണ് ഓരോ മാപ്പിള ത്തെയ്യവും വിളിച്ചോതുന്നത്.

15 ഉം 16 ഉം നൂറ്റാണ്ടുകളോടെ വടക്കന്‍ കേരളത്തിലെ മാപ്പിളമാര്‍ ഹൈന്ദവ സമൂഹവുമായി പുലര്‍ത്തിവന്ന സാഹോദര്യ ബന്ധത്തിന്റെ പ്രത്യക്ഷോ ദാഹരണങ്ങളായി മാപ്പിളക്കോലങ്ങളെ കCക്കാക്കാം. അവര്‍ അന്നു പുലര്‍ത്തിയ ആത്മാര്‍ത്ഥമായ സ്‌നേഹത്തിന്റെ ദിവ്യ വൈഖരി യാണ് മാപ്പിളത്തെയ്യം. ഹിന്ദു സഹോദരനെ വിളിക്കുന്ന 'ഒടപ്പെറപ്പേ' (കൂടെപ്പിറപ്പ്) എന്ന വിളി. ഹിന്ദുവിന്റെ ആരാധനാലയമായ തെയ്യക്കാവില്‍ ഒരു ഹൈന്ദവന്‍ മാപ്പിള വേഷത്തിലുള്ള തെയ്യക്കോലം (ദൈവം) ധരിച്ച് നിസ്‌കാരാദി കര്‍മങ്ങള്‍ ചെയ്ത് ഉറഞ്ഞാടുമ്പോള്‍ ഹിന്ദു ഭക്തന്മാരോടൊപ്പം മുസ്ലീം വിശ്വാസികളും തൊഴുകയ്യുമായാണ് കണ്ടു നില്ക്കുന്നത്. മുസ്ലീമിനെ തെയ്യം നെഞ്ചുതൊട്ട് ഓടപ്പെറപ്പേ എന്ന് അടുത്തേക്ക് വിളിക്കുകയും 'അഞ്ചു നിസ്‌കാരത്തിനും നിത്യവൃത്തിക്കും ഊനം കൂടാതെ കാത്തുകൊള്ളാം' എന്ന് ആശിര്‍വദിക്കുകയും ചെയ്യുമ്പോള്‍ പൂര്‍വിക മനസുകള്‍ നെയ്തുവെച്ച മതാതീതമായ മനോഹര മനുഷ്യസ്‌നേഹ ലോകമാണ് ഇതള്‍ വിരിയുന്നത്. മറ്റു തയ്യങ്ങള്‍ മാപ്പിളമാരെ അരികിലേക്ക് വിളിച്ചത് 'മാടായി നഗരേ വാ കയ്യെടുക്ക്' എന്നാണ്. വടക്കന്‍ കേരളത്തിലെ ആദ്യ മുസ്ലീം പള്ളി മാടായി നാട്ടിലായിരുന്നുവെന്നും മാടായി കേന്ദ്രീകരിച്ചാണ് മാപ്പിളമാര്‍ അന്ന് കച്ചവടത്തിന് ഇറങ്ങിയിരുന്നതെന്നും ഈ സംബോധന സൂചന നല്കുന്നു. നഗരം എന്ന വാക്ക് പ്രാചീന കേരളത്തില്‍ വാണിജ്യത്തെ യാണ് സൂചിപ്പിക്കുന്നത്. തെയ്യമെന്ന അനുഷ്ഠാന കര്‍മം വികാസം പ്രാപിച്ചിരുന്ന കാലത്തായിരിക്കണം മാപ്പിളക്കോലങ്ങള്‍ക്കും ഇടം കിട്ടിയത്. അഞ്ചാറു നൂറ്റാണ്ടിനപ്പുറത്ത് കാവുകളില്‍ വെളിച്ചപ്പാടോ കോമരമോ അനുഷ്ഠാന വേഷം ധരിച്ച് വാദ്യമേളങ്ങളോടെ തിരുനൃ ത്തമാടുന്ന പതിവായിരിക്കാ മെന്നും പിന്നീടാണ് തെയ്യക്കോലങ്ങളുടെ കടന്നുവരവുണ്ടായതെന്നും പണ്ഡിതന്മാര്‍ അഭിപ്രായപ്പെടുന്നു.

ഒന്നു കുറേ നാല്പത് (ഒന്നൂറെ നാല്പത്) എന്ന ഒരു കണക്ക് ആണ് തെയ്യങ്ങള്‍ക്ക് അതിനു മുമ്പ് ''മുപ്പക്കൈവര് കുറ്റിപ്പരദേവതമാരെ (35) ഉണ്ടായിരുന്നുള്ളൂ. ഈ വിപുലീകരണ കാലഘട്ടത്തിലാവണം മാപ്പിള ത്തെയ്യങ്ങള്‍ കടന്നു വന്നത്' ആദ്യകാലത്ത് കടല്‍ കടന്നുവന്ന ദേവത മാരുടെ കപ്പിത്താനായും അകമ്പടി സേവിച്ചും കൂടെ വന്നുവെന്നു സങ്കല്പിക്കപ്പെടുന്ന ബപ്പിരിയന്‍ എന്ന കോലത്തിന് മാപ്പിളക്കോലം എന്നു പേരുണ്ടായിരുന്നു. തുടര്‍ന്ന് മണ്‍മറഞ്ഞുപോയ പിതാമഹന്മാരുടെ സങ്കല്പത്തിലും വീരപുരുഷ - വീരാംഗനാ സങ്കല്പത്തിലും തെയ്യക്കോ ലങ്ങള്‍ ഏറെയുണ്ടായി. കാരിഗുരുക്കളും കൂടന്‍ ഗുരുക്കളും മാക്കവും തോട്ടിന്‍കര ഭഗവതിയും വൈദ്യരച്ഛനും മാണിയറ ഉണ്ണങ്ങയും അടക്കമുള്ള മണ്‍മറഞ്ഞ ദിവ്യജന്മങ്ങളെ തെയ്യക്കോലം നല്കി നാട്ടുകൂട്ടം ആരാധിക്കാന്‍ തുടങ്ങിയ കാലത്താണ് മാപ്പിളത്തെയ്യങ്ങളും തെയ്യപ്രപഞ്ച ത്തില്‍ ഇടം നേടിയത്. നാട്ടുകൂട്ടത്തിന് ഓര്‍ക്കാനും ഓമനിക്കാനും അനന്തര തലമുറക്ക് സദാചാര സമ്പന്നമായ വിശ്വാസ ദീപ്ത ജീവിത ത്തിന് വഴികാട്ടുവാനും വേണ്ടിയാണ് പൂര്‍വിക സ്മരണ പൂക്കുന്ന ദൈവങ്ങളെ രൂപകല്പന ചെയ്തത്. അതേ സന്ദേശങ്ങള്‍ നല്കുന്നവ യാണ് മാപ്പിളത്തെയ്യങ്ങളും. ഗ്രാമത്തിന്റെ സാമൂഹ്യ ജീവിത മുഹൂര്‍ത്ത ങ്ങളെ തെയ്യപുരാവൃത്ത ങ്ങളിലേക്ക് സന്നിവേശിപ്പിച്ച് പുതിയ തെയ്യങ്ങളെ കല്പിച്ചപ്പോള്‍ ആ ജീവിത പരിസരവുമായി ദൃഡബന്ധം പുലര്‍ത്തിയ മാപ്പിളമാരും അതില്‍ കഥാപാത്രങ്ങളായി മാറി. അത്തരം പത്തിലേറെ മാപ്പിളത്തെയ്യങ്ങളെ ഈ ലേഖകന് കണ്ടെടുക്കാന്‍ കഴിഞ്ഞിട്ടുണ്ട്. 

സാമാന്യമായ ഒരു വിശകലനത്തില്‍ നിഗ്രഹാനുഗ്രഹ ശക്തിയുള്ള തെയ്യങ്ങളുടെ മായവലയത്തില്‍ അകപ്പെട്ടു തെയ്യക്കോലങ്ങളായി മാറിയവരാണ് മാപ്പിളത്തെയ്യ ങ്ങളെല്ലാം. കാവുകളില്‍ മുഖ്യാരാധനാ മൂര്‍ത്തിയായി കുടിയിരുത്തപ്പെട്ട വരല്ല ഇവര്‍; മറിച്ച് ഏതെങ്കിലും പ്രധാന തെയ്യത്തിന്റെ ഉപദേവത യായോ പരിവാര ദേവതയായോ മാത്രമാണ് മാപ്പിളത്തെയ്യങ്ങള്‍ അരങ്ങിലെത്തുന്നത്. ഇവക്ക് മറ്റ് തെയ്യക്കോലങ്ങളെ പോലെ ദൃശ്യചാരുതയുള്ള ചമയങ്ങളോ തിരുമുടി കളോ തോറ്റി ഉണര്‍ത്തി വരുത്താനുള്ള ദീര്‍ഘങ്ങളായ തോറ്റം പാട്ടുകളോ പതിവില്ല. അനാകര്‍ഷകമായ മാപ്പിളപ്പതിവു വേഷവും താടിച്ചമയവും ഈ കോലങ്ങള്‍ക്കുമുണ്ടാകും. ചിലേടങ്ങളില്‍ തെയ്യമെന്ന പദത്തിനു പകരം മാപ്പിള പൊറാട്ട് എന്നാണ് പറയുന്നത്. അനുഷ്ഠാനപരമായ വിനോദമെന്നാണ് ഈ വാക്കുകൊണ്ട് വിവക്ഷിക്കുന്നത്. എന്നാല്‍ മറ്റു തെയ്യങ്ങളെ പോലെതന്നെ ഭക്തജനങ്ങള്‍ മാപ്പിളത്തെയ്യങ്ങ ളേയും തുണ വിളിച്ച് കാണിക്കയര്‍പ്പിച്ച് തൊഴുതു നില്ക്കുന്നു. ഇത്തരം തെയ്യങ്ങളെ കാണുവാനും സങ്കടങ്ങള്‍ ചൊല്ലി സാന്ത്വനം നേടുവാനും മാപ്പിളമാരും മാപ്പിള സ്ത്രീകളും ഊഴം കാത്തു നില്ക്കുന്നതു കാണാം. 

തെയ്യപ്രപഞ്ചത്തില്‍ ആരാധ്യപദവി നേടിയ മാപ്പിളത്തെയ്യങ്ങള്‍ കെട്ടിയാടു ന്നത് മിക്കവാറും മാവില സമുദായവും കോപ്പാള വിഭാഗവുമാണ്. പരമ്പരാഗതമായി ഈ തെയ്യങ്ങളെ അവതരിപ്പിക്കാനുള്ള ആട്ടക്രമങ്ങളും അനുഷ്ഠന സവിശേഷതകളും ഇവര്‍ക്കാണ് സിദ്ധിച്ചിട്ടുള്ളത്. ഓരോ തെയ്യത്തിന്റേയും പറഞ്ഞുവരുന്ന പുരാവൃത്തത്തിന് അനുയോജ്യമായ ഭാവഹാവാദികള്‍ ഇവര്‍ക്ക് ഹൃദിസ്ഥമാണ്. കോലം ധരിച്ച് ചെണ്ടമേള ത്തിനൊപ്പം കാവിമുറ്റത്തെത്തിയാല്‍ ഇരു കൈകളും മേലോട്ടുയര്‍ത്തി 'ഈ സ്ഥലത്തിങ്കലേക്ക് ചൊല്ലപ്പെട്ടിരിക്കുന്നതാം കഥയുരച്ച് കാര്യം വീര്യം സാധിച്ച് കളിച്ചു വിളയാടി സുഖം വരുത്താന്‍ വരിക വരിക വേണം ആലിച്ചാമുണ്ടി ദൈവേ' എന്ന വിധത്തിലാണ് വരവിളി ചൊല്ലുക. അവസാന പദമായ ആലിച്ചാമുണ്ടി ദൈവേ എന്ന പദത്തിനു മാത്രം അവതരിപ്പിക്കുന്ന മാപ്പിളക്കോല ത്തിന്റെ നിര്‍ദ്ദിഷ്ട പേര് പകരം പാടിയാണ് ഓരോ മാപ്പിളത്തെയ്യ ത്തിന്റെയും അവതരണം. കയലി വരയന്‍ മുണ്ടും തലേല്‍ കെട്ടും താടിയുമായി മറ്റു തെയ്യത്തിനൊപ്പം കലാശം ചവിട്ടുകയും നിസ്‌കാരം നടത്തുകയും ചെയ്യുന്ന മാപ്പിളത്തെയ്യം കേവലം ഒരു മാപ്പിളയായല്ല ദൈവനിയോഗം കൊണ്ട ദിവ്യനായാണ് കാവുകളില്‍ ആരാധിക്കപ്പെടുന്നത്. ആ ദിവ്യത്വം തലമുറകളിലൂടെ പറഞ്ഞുവന്ന പുരാവൃത്തത്തിലൂടെ വിശ്വാസദാര്‍ഢ്യം കൈവരുന്നതു മാണ്. മാപ്പിള സ്ത്രീകളും മാപ്പിളത്തെയ്യങ്ങളില്‍ ഉള്‍പ്പെടുന്നു. തലയില്‍ തട്ടമിട്ടു കൈവളകളും മാര്‍ച്ചമയങ്ങളുമണിഞ്ഞ് കാവിനു മുമ്പിലെത്തുന്ന ഉമ്മച്ചി (മാപ്പിള സ്ത്രീ) ത്തെയ്യവും മറ്റും ഭക്തന്മാര്‍ക്ക് വരദായിനികളായ ദേവിമാര്‍ തന്നെ. മരണാനന്തരം ദൈവപദവി നേടിയതാണെങ്കിലും അവരിലും ഏതെങ്കിലുമൊരു മുഖ്യദേവന്റെ സാന്നിധ്യമുണ്ടാകു മെന്നാണ് വിശ്വാസം.

--------------------------------------------

പുസ്തകം: മലബാറിലെ മാപ്പിളത്തെയ്യങ്ങള്‍
ഡോ. ആര്‍ സി കരിപ്പത്ത്
പ്രസാധനം: ന്യൂ ബുക്‌സ് കണ്ണൂര്‍
വില: 70 രൂപ
ഫോണ്‍: 0497 2769192
e-mail;bookskannur@gmail.com
www.vayanaamuri.blogspot.com