"Until the lions have their own historians the history of the hunt will always glorify the hunter...."
- Chinua Achebe

2015, മേയ് 6, ബുധനാഴ്‌ച

എന്താണ് യാഗങ്ങള്‍ ? - കെ രാജഗോപാലന്‍

കെ രാജഗോപാലന്‍
കേരള സാഹിത്യ അക്കാദമി പ്രസിദ്ധീകരിച്ച, കെ രാജഗോപാലന്‍ രചിച്ച 'ബുദ്ധമതം ഇന്ത്യയില്‍' എന്ന ഗ്രന്ഥത്തില്‍ യാഗങ്ങള്‍ എന്താണ് എന്നുള്ളതിനെ കുറിച്ച് വിവരണമുണ്ട്. ബുദ്ധമതം വേണ്ടിവരുന്ന സാഹര്യം സൂചിപ്പിക്കുന്നിടത്താണ് ഈ പഠനം ചേര്‍ത്തിട്ടുള്ളത്. പുസ്തകത്തിന്റെ വില 175 രൂപയാണ്.

യാഗങ്ങള്‍
വേദസംഹിതകളും ബ്രാഹ്മണങ്ങളും ദാര്‍ശനിക ചിന്താപ്രധാനങ്ങളായ ഉപനിഷത്തുകളുമെല്ലാം ചേര്‍ന്നതാണ് വൈദിക സാഹിത്യം. എന്നാല്‍ വേദപ്രാമാണ്യം എന്ന പ്രയോഗത്തിലെ വേദം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് വൈദിക യാഥാസ്ഥിതികത്വത്തെ അഥവാ വൈദിക മതത്തെയാണ് എന്ന് ഡോ. എന്‍ വി പി ഉണിത്തിരി നിരീക്ഷിക്കുന്നു. 'പില്ക്കാലത്ത് ചാതുര്‍വര്‍ണ്യ വ്യവസ്ഥ ശക്തിപ്പെട്ടതോടെ, യജ്ഞ സംസ്‌കാരത്തിന് പ്രാമുഖ്യം ലഭിച്ചപ്പോള്‍, യജ്ഞ കര്‍മങ്ങള്‍ നടത്തുന്ന ബ്രാഹ്മണ പുരോഹിതന്മാര്‍ക്ക് അധീശത്വം ലഭിക്കുകയും യജ്ഞത്തില്‍ പ്രയോഗിക്കേണ്ടുന്ന വേദ മന്ത്രങ്ങള്‍ അവരുടെ കുത്തകയാകുകയും ചെയ്തു. അങ്ങനെ, സ്ഥാപനവത്കരിക്കപ്പെട്ട വേദത്തെയാണ് വൈദിക മതം എന്നതുകൊണ്ട് വിവക്ഷിക്കുന്നത്'

അന്ന് ക്ഷേത്രങ്ങളോ വിഗ്രഹങ്ങളോ ഉണ്ടായിരുന്നില്ല. യാഗത്തിനാവശ്യമായ സംവിധാനങ്ങള്‍ അത് ചെയ്യിക്കുന്ന ആളുടെ സ്ഥലത്തോ നോട്ടത്തിലോ ഏര്‍പ്പെടുത്തുന്നു. യാഗത്തിന്റെ ഫലം തീര്‍ത്തും അയാള്‍ക്ക് മാത്രം അവകാശപ്പെട്ടതാണ്. ചെലവുകളെല്ലാം അയാള്‍തന്നെ വഹിക്കേണ്ടിയിരുന്നു. ബലിമൃഗങ്ങളെ വാങ്ങിക്കാനും യാഗത്തിന്റെ മറ്റ് ഒരുക്കങ്ങള്‍ക്കാ യും പുരോഹിതന് പ്രതിഫലം നല്കാനുള്ള ചെലവും എല്ലാം ചേര്‍ന്നാല്‍ സമാന്യമാവും വിധം വലിയൊരു തുക തന്നെ വേണ്ടി വരും.

പ്രതിഫലത്തിന്റെ കാര്യം വളരെ കൃത്യമായിരുന്നു. യാഗം ചെയ്യാന്‍ പുരോഹിതന്‍ തയാറാകുന്നതു തന്നെ പ്രതിഫലത്തിനു വേണ്ടി മാത്രമായി രുന്നു. പ്രതിഫലമാകട്ടെ, മികച്ച വസ്ത്രങ്ങള്‍, കുതിരകള്‍, സ്വര്‍ണം, ഭൂമി എന്നിവയെല്ലാമായിരുന്നു. ഏറ്റവും സ്വീകാര്യത സ്വര്‍ണത്തിനു തന്നെ. യാഗത്തിന്റെ ലക്ഷ്യം പ്രധാനമായും ഭൗതിക നേട്ടങ്ങളായിരുന്നു. ഭൗതിക സമ്പത്തിനും പുത്രന്മാരുണ്ടാകുന്നതിനും രാജ്യത്തിന്റെ വിസ്തൃതി വര്‍ധിപ്പിക്കു ന്നതിനും ശത്രുനാശത്തിനും കന്നുകാലികളുടെ എണ്ണം പെരുകുന്നതിനും പിന്നെ സ്വര്‍ഗം കിട്ടാനുമായിരുന്നു യാഗങ്ങള്‍.

ഓരോ വേദത്തിന്റേയും യാഗങ്ങള്‍ പ്രത്യേകം പ്രത്യേകമായിരുന്നു. അവക്കെല്ലാം പുരോഹിതന്മാരും വേറെ വേറെയായിരുന്നു. ഋഗ്വേദത്തെ അവലംബിച്ച് നടത്തപ്പെട്ടിരുന്ന യാഗത്തിന്റെ പുരോഹിതന്‍ 'ഹോതാവാ' യിരുന്നെങ്കില്‍ യജുസിന്റേത് 'അധ്വര്യു'വും സാമത്തിന്റേത് 'ഉദ്ഗാതാവു' മായിരുന്നു.

ഇന്ന രീതിയിലുള്ള വിറക്, ഇന്ന രീതിയിലുള്ള നെയ്യ്, ഇന്നയിന്ന വിധത്തിലുള്ള എണ്ണകള്‍, ഇന്നയിന്ന ജന്തുക്കളുടെ രക്തം, എന്നിവ യാഗത്തില്‍ ഹോമിച്ചാല്‍ ഇന്നയിന്ന കാര്യസിദ്ധിക ളുണ്ടാകും എന്ന് പ്രചരിപ്പിച്ചു കൊണ്ട് യാഗങ്ങള്‍ നടത്താന്‍ രാജാക്കന്മാരേയും പ്രഭുക്കളേയും ബ്രാഹ്മണര്‍ പ്രേരിപ്പിച്ചു പോന്നു. ഭക്തിയുടെ ഒരു അംശം പോലും യാഗത്തില്‍ അന്തര്‍ഭവിച്ചിരുന്നില്ല. കാര്യ ലാഭം മാത്രമായിരുന്നു, ലക്ഷ്യം - യാഗത്തിന്റെ നടത്തിപ്പുകാര (യജമാനന്‍) നുമതെ, യാഗ പുരോഹിതനുമതെ.

യാഗങ്ങളില്‍ വെച്ച് ശ്രേഷ്ഠത കല്പിക്കപ്പെട്ടിരുന്നത് അശ്വമേധ യാഗത്തിനാ യിരുന്നു. സാമ്രാജ്യ വിസ്തൃതിക്കും രാജ്യാഭിവൃദ്ധിക്കും വേണ്ടിയാണ് ഈ യാഗം. ഋഗ്വേദത്തിലെ അശ്വമേധ യാഗ സൂത്രങ്ങള്‍ ശ്രദ്ധിച്ചാല്‍ അതില്‍ വിവരിക്കുന്ന അശ്വം ഒരു പ്രതീകം മാത്രമാണെന്ന് മനസിലാകും. എന്നാല്‍ ഈ യാഗം നടത്തുമ്പോള്‍ ജീവനുള്ള കുതിരയെ മാത്രമല്ല, നിരവധി പശുക്കളേയും കാളകളേയും കൊന്നിരുന്നു. കൃഷിക്ക് അത്യന്താപേക്ഷി തമായിരുന്ന ഈ മൃഗങ്ങളെ സാധാരണ ജനങ്ങളുടെ താമസസ്ഥലങ്ങളില്‍ നിന്നു പോലും ബലമായി പിടിച്ചുകൊണ്ടു പോയി ബലി നല്കുകയായിരുന്നു. ഇതിനുള്ള ന്യായം, രാജാക്കന്മാര്‍ നടത്തുന്ന യാഗങ്ങള്‍ രാജ്യത്തിന്റേയും ജനങ്ങളുടേയും യശസിന് വേണ്ടിയാണ് എന്നത്രേ.

ശുക്ല യജുര്‍വേദ കണ്വസംഹിതയുടെ സായണ ഭാഷ്യത്തില്‍ നിന്ന്, ശ്രീ ടി കെ ഡി മുഴുപ്പില ങ്ങാട് അദ്ദേഹത്തിന്റെ 'ദേവദാസികള്‍' എന്ന ഗ്രന്ഥത്തില്‍ അശ്വമേധ യാഗത്തിന്റെ ഹീനവും ജൂഗുപ്‌സാവഹവുമായ ചടങ്ങുകളുടെ ഒരു വിവരണം തരുന്നുണ്ട്. (അധ്യായം 25, അനുവാകം 5, മന്ത്രം 22 മുതല്‍ 24 വരെ)

'രാജാവിന്റെ 4 പത്‌നിമാര്‍ - മഹിഷി, വാവാത, പരിമുക്ത, പാലഗി - പങ്കെടുക്കുന്നു. അന്തപ്പുരത്തിന്റെ ചുമതലയുള്ള മഹാറാണിയാണ് മഹിഷി. വാവാത രാജാവിന്റെ ഇഷ്ടപത്‌നിയാണ്. പരിമുക്ത എന്നാല്‍, ഇതുവരെ ഗര്‍ഭം ധരിക്കാത്തവളും, പാലഗി കൊട്ടാരം ജീവനക്കാരന്റെ മകളായ രാജപത്‌നിയുമാകുന്നു. ഈ നാല് പത്‌നിമാരും അശ്വമേധ വേദിയില്‍ സന്നിഹിത രായിരിക്കണം. രാജവേദിയില്‍ നിര്‍ത്തിയിരിക്കുന്ന കുതിരയെ രാജപത്‌നിമാര്‍ മൂന്നു തവണ ചുറ്റുന്നു. എന്നിട്ട് അവര്‍ കുതിരയെ അഭിസംബോധന ചെയ്ത് പറയുന്നു: നിന്നെ ഞങ്ങള്‍ സംഭോഗത്തിന് ക്ഷണിക്കുന്നു. നീ ഞങ്ങളോട് ചേര്‍ന്ന് രമിക്കാന്‍ വരിക. എന്നിട്ട് മഹിഷി കുതിരയുടെ അടുത്ത് ചെന്ന് പറയും: ഞാന്‍ ഗര്‍ഭം ധരിക്കുന്ന എന്റെ....... അല്ലയോ കുതിരേ നീയും നിന്റെ ഗര്‍ഭധാരണ കാരണമായ........... പിന്നെ, ഒരു കമ്പളം കൊണ്ട് കുതിരയേയും മഹിഷിയേയും പുതപ്പിക്കുന്നു. മഹിഷി കുതിരയുടെ........... '

ഈ ചടങ്ങു നടക്കുമ്പോള്‍ ഋത്വിക്കുകള്‍ കാമോദ്ദീപകങ്ങളായ അശ്ലീല സംഭാഷണങ്ങള്‍ കൊണ്ട്, രാജപത്‌നിമാരെ ഉത്തേജിപ്പിക്കുന്നു. മുന്തിയ യാഗമായി കല്പിക്കപ്പെടുന്ന അശ്വമേധയാഗത്തിലെ കര്‍മ്മങ്ങള്‍ ഇത്രക്ക് ഹീനവും നിന്ദ്യവുമാണെന്നാണ് ഈ വിശ്വാസം വ്യക്തമാക്കുന്നത്.

ബഹുദൈവങ്ങള്‍, പൂജകള്‍, ബലികര്‍മങ്ങള്‍, യാഗശാലകള്‍, അവയില്‍ നിന്നുയരുന്ന ബലിമൃഗങ്ങളുടെ ആര്‍ത്ത നാദങ്ങള്‍, മന്ത്രോച്ചാരണങ്ങള്‍, ചോരപ്പുഴകള്‍ ഇവയെല്ലാം ചേര്‍ന്ന്, ഭീതിദവും കലുഷിതവുമായിരുന്നു അക്കാലത്തെ ഭാരതത്തിലെ അന്തരീക്ഷം - ഇത്ര ക്രൂരമാം വിധം ചോരപ്പുഴ ഒഴുക്കിയാണ് സ്വര്‍ഗം പ്രാപിക്കുന്നതെങ്കില്‍, നരകം പ്രാപിക്കുന്നത് എങ്ങനെയാണെന്ന ചോദ്യം, മനസ്സാക്ഷി മരവിച്ചിട്ടില്ലാത്ത മനുഷ്യര്‍ പരസ്പരം ചോദിക്കുന്ന സഥിതിവിശേഷം ഉണ്ടായി.

ഈ പശ്ചാത്തലത്തില്‍ അന്ന് നിലനിന്നിരുന്ന വര്‍ണവ്യവസ്ഥ കൂടി പരിശോധിക്കുന്നത് ഉചിതമായിരിക്കുമെന്ന് തോന്നുന്നു. 'കേരളത്തിന്റെ സാംസ്‌കാരിക ചരിത്രം' എന്ന ഗ്രന്ഥത്തില്‍ ശ്രീ പി കെ ഗോപാലകൃഷ്ണന്‍ നിരീക്ഷിക്കുന്നു: 'നിശ്ചലമായ ഗ്രാമ സമൂദായ വ്യവസ്ഥ, വര്‍ണ ധര്‍മങ്ങളേയും കര്‍മ വ്യവസ്ഥയേയും സമന്വയിച്ചു കൊണ്ടുള്ള ബ്രാഹ്മണ മതം, ബ്രാഹ്മണര്‍ക്ക് സമൂഹത്തില്‍ സിദ്ധിച്ച രാഷ്ട്രീയ സാമ്പത്തിക ഔന്നത്യം, ജാതിയില്‍ അന്തര്‍ലീന മായ ട്രൈബല്‍ സ്വഭാവം എന്നീ നാല് ഘടകങ്ങളുടെ പ്രവര്‍ത്തനഫലമായ ചാതുര്‍വര്‍ണ്യം ജാതിയായി പരിണമിക്കുകയും അതിന് ഭാരതീയ ജീവിത ത്തില്‍ സ്ഥിരപ്രതിഷ്ഠ നേടാന്‍ കഴിയുകയും ചെയ്തു. ഇവയില്‍ നിര്‍ണായ കമായി പ്രവര്‍ത്തിച്ചത്, ബ്രാഹ്മണന് സമൂഹത്തില്‍ നേടാന്‍ കഴിഞ്ഞ രാഷ്ട്രീയ സാമ്പത്തിക ഔന്നത്യമാണ്. (ബ്രാഹ്മണര്‍ നേരിട്ട് ഭരണാധികാരിക ളായില്ലെങ്കി ലും രാജാക്കന്മാര്‍ അവരുടെ ഹിതാനുവര്‍ത്തി കളായിരുന്നു.) ഈ പ്രധാന ഘടകത്തോടൊപ്പം മറ്റ് മൂന്ന് ഘടകങ്ങളും കൂടി ചേര്‍ന്നപ്പോള്‍ ഭാരതീയ സമൂഹം ജാതിവ്യവസ്ഥയുടെ അടിമയായിത്തീര്‍ന്നു. ജാതിവ്യവസ്ഥയുടെ മൗലിക ലക്ഷ്യം സാമൂഹ്യ സാമ്പത്തിക രാഷ്ട്രീയ മണ്ഡലങ്ങളില്‍ ഉയര്‍ന്ന ജാതിക്കാരുടെ മേധാവിത്ത മുറപ്പിക്കുകയും താണ ജാതിക്കെ കൊണ്ട് അത് അംഗീകരിപ്പിക്കുകയും ചെയ്യുക എന്നതാണ്. ചുരുക്കത്തില്‍ ചൂഷണത്തിന്റെ യും മര്‍ദ്ദനത്തിന്റെയും ആയുധമാണ് ജാതി വ്യവസ്ഥ.' (പേജ് 280)

ബ്രാഹ്മണ മതം മേധാവിത്വമുറപ്പിച്ചത് 'ധര്‍മനീതി'കളെ ചൂണ്ടിക്കാട്ടിയാണ്. 'ധര്‍മശാസ്ത്ര' ങ്ങള്‍ എന്നു പറയപ്പെടുന്ന സ്മൃതികളും മറ്റും മുന്നോട്ടു വെച്ച 'ധര്‍മനീതി' കള്‍ക്കനുസരിച്ചും ആചാരങ്ങള്‍ അനുഷ്ഠിച്ചും ജീവിച്ചില്ലെങ്കില്‍ അത് കൊടും പാപമായി രിക്കും എന്ന ബ്രാഹ്മണ മതം പ്രചരിപ്പിച്ചു. ഈ പാപത്തിന്റെ ഫലം വരും ജന്മങ്ങളില്‍ അനുഭവിക്കേണ്ടി വരും എന്ന് കീഴ്ജാതിക്കാരെ പറഞ്ഞ് പേടിപ്പിച്ചു. അങ്ങനെ ബ്രാഹ്മണര്‍ക്കും ക്ഷത്രിയര്‍ ക്കും വേണ്ടി ശൂദ്രര്‍ എന്ന് വിളിക്കപ്പെട്ടവര്‍ ചെയ്ത അടിമപ്പണി പോലും അവരുടെ ധര്‍മമായി അവരെക്കൊണ്ട് അംഗീകരിപ്പിക്കാന്‍ ബ്രാഹ്മണ മതത്തിന് സാധിച്ചു.

ബ്രാഹ്മണര്‍ക്ക് പൂര്‍ണമായ ആദരവും അധികാരവും ഉറപ്പിക്കാനുദ്ദേശിച്ചുള്ള കപട രചനകളും അക്കാലത്ത് ധാരാളമായി സൃഷ്ടിക്കപ്പെട്ടിരുന്നു. അത്തരമൊരു സൃഷ്ടി നോക്കുക:

'മുഴുവന്‍ ലോകവും ദൈവങ്ങളുടെ അധികാരത്തിലാണ്.
ദൈവങ്ങള്‍ മന്ത്രങ്ങളുടെ അധികാരത്തിന്‍ കീഴിലാണ്.
മന്ത്രങ്ങള്‍ ബ്രാഹ്മണരുടെ അധികാരത്തിന്‍ കീഴിലാണ്.
അതിനാല്‍ ബ്രാഹ്മണനാണ് നമുക്ക് ദൈവം.'

പ്രധാന ഉപനിഷത്തുകള്‍ ദൈവങ്ങളിലെ ജ്ഞാനാംശം സ്വീകരിച്ചുകൊണ്ട് ഒരു ഭാഗത്ത് താത്വികാചാരങ്ങള്‍ നടത്തിക്കൊണ്ടിരിക്കുമ്പോള്‍ മറുഭാഗത്ത് ബ്രാഹ്മണ മതം അതിന്റെ ചോദ്യം ചെയ്യപ്പെടാത്ത മേധാവിത്വവും ജ്ഞാന ത്തിന്റെ കുത്തകാവകാശവും തുടരുകയും മിണ്ടാപ്രാണികളുടെ ദീനരോദ നങ്ങള്‍ക്കിടയിലും അവയുടെ ചോരപ്പുഴയുടെ നടുവിലും എണ്ണമറ്റ യാഗങ്ങള്‍ നടത്തിക്കൊണ്ട് കണക്കറ്റ സമ്പത്ത് കൈക്കലാക്കുകയും ചെയ്തു.